Monday, 29 August 2011

ആരുടെ പരമാധികാരം ?

ങ്ങൾ ,ഭാരതത്തിലെ ജനങ്ങൾ”എന്നവാക്കുകളോടെയാണു നമ്മുടെഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്.ഭാരതത്തിലെ ജനങ്ങൾ സ്വീകരിച്ച് നിയമമാക്കി ഞങ്ങൾക്ക് തന്നെ ഈ ഭരണഘടന നൽകുന്നു എന്നാണു ആമുഖവാചകം.


പരമാധികാര, സോഷ്യലിസ്റ്റ്,ജനാധിപത്യ ,മതേതര റിപ്പബ്ലിക്കിൽ ആർക്കാണു അന്തിമവും സമഗ്രവുമായ അധികാരമുള്ളത്?ജനങ്ങൾക്കോ അവർ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾക്കോ?


അണ്ണാ ഹസാരയുടെ ചരിത്രം സൃഷ്ടിച്ച ഉപവാസസമരം കഴിഞ്ഞ ഞായറാഴ്ച്ച വിജയകരമായി പിൻവലിക്കപ്പെട്ടശേഷം ജനലോക്പാൽ ബില്ലിനെക്കാൾ ഇനിചർച്ചചെയ്യപ്പെടുക ഈ പരമാധികാരപ്രശ്നമാകും.


ഒരു രാഷ്ട്രീയകക്ഷിയുടേയും പിന്തുണയില്ലാതെ നടന്ന ,അഴിമതിക്കെതിരായ ഈ ബഹുജനപ്രക്ഷോഭം നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ നിർണ്ണാകമായൊരു വഴിത്തിരിവാകുന്നത് അത് പാർലമെന്റിന്റെ നിയമനിർമ്മാണാവകാശത്തിൽ ഇടപെട്ടു എന്നതിനാലാണു.ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി പാർലമെന്റിന്റെ ഇരുസഭകളും ,പുറത്തുള്ള ഒരു പൌരൻ ഉയർത്തിയ ആവശ്യങ്ങൾ ചർച്ച ചെയ്ത് ഏകകണ്ഠമായി അംഗീകരിക്കുകയും നിയമനിർമ്മാണത്തിനായി പരിഗണിക്കാൻ അത് സ്റ്റാന്റിങ്ങ്കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയും ചെയ്തു.സഭ പ്രമേയം പാസാക്കിയ വിവരം പ്രധാനമന്ത്രി തന്നെ കത്തെഴുതി ഹസാരയെ അറിയിക്കുകയും ചെയ്തു.അങ്ങനെ സമഗ്ര ലോക്പാൽ നിയമത്തിനായി നടന്നുവന്ന ബഹുജനപ്രക്ഷോഭത്തിനു മുന്നിൽ ,ധാർഷ്ട്യത്തോടെ ഇക്കാലമത്രയും സംസാരിച്ചിരുന്നവർ മുട്ടുമടക്കി.


പാർലമെന്റിനെ തോക്കിൻകുഴലിനു മുന്നിൽ നിർത്തിക്കൊണ്ടുള്ള നിയമനിർമ്മാണം ,പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തക്ക് വിരുദ്ധവും ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും ആണെന്ന് വാദിച്ച് കക്ഷിഭേദമന്യേ അതിശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ടു.ഉദ്ദേശ്യലക്ഷ്യങ്ങളെ മാനിക്കുമ്പോഴും പാർലമെന്റിന്റെ പരമാധികാരത്തെ ഹനിക്കുന്നവിധം നിയമനിർമ്മാണം അടിച്ചേൽ‌പ്പിക്കുന്നത് അപകടകരമായ കീഴ്വഴക്കങ്ങളുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി മുതൽ ശഅദ് യാദവ് വരെ കടുത്തഭാഷയിൽ വിമർശിച്ചിട്ടുണ്ടു.ഹസാരയുടെ നടപടികളെ അരുദ്ധതി റോയി അതികഠിനമായ ഭാഷയിൽ വിമർശിച്ചത് ജനലോക്പാൽ നിയമം ഗാന്ധിജി വിഭാവനം ചെയ്ത അധികാരവികേന്ദ്രീകരണത്തിനു എതിരാണു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.


ഇവിടെ നിയമനിർമാണം നടത്തേണ്ടവർ ക്രിമിനലുകളും കോടീശ്വരന്മാരുമായി.അവർ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് നിർത്തി.ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയത്തിലേക്കാണു ഇത് നയിക്കുന്നതെന്നും അരുന്ധതി വിലയിരുത്തിയിട്ടുണ്ടു.നിലവിലുള്ള പാർലമെന്റ് അംഗങ്ങളിൽ 150 പേർ ക്രിമിനലുകളാണെന്ന ഹസാരയുടെ പ്രസ്താവനയും ഇതോട് ചേർത്ത് വായിക്കേണ്ടതാണു.പേയ്മെന്റ് സീറ്റുകളിലൂടെ കോടീശ്വരന്മാർ രാജ്യസഭയിലെത്തുന്നു.സംസ്ഥാന നിയമസഭകളിൽ ക്രിമിനലുകലുടേയും ഗുണ്ടകളുടേയും അഴിമതിക്കാരുടേയും വൻ നിരതന്നെയുണ്ടു.ഉന്നത നീതിപീഠം മുതൽ താഴെ തലത്തിലുള്ള നീതിന്യായസ്ഥാപനങ്ങൾ വരെ അഴിമതിയുടെ കരിനിഴലിലാണു.


ചരിത്രംഇന്നുവരെ ദർശിക്കാത്തത്ര ഭീകരമാണു പൊതുരംഗത്തെ അഴിമതി.അത് പക്ഷേ രാഷ്ട്രീയക്കാരിലും ഭരണാധികാരികളിലും മാത്രം ഒതുങ്ങുന്നതല്ല.മന്ത്രിമാർ ഒന്നൊന്നായി അഴിയെണ്ണുമ്പോൾ ജനങ്ങൾക്ക് രാഷ്ട്രീയക്കാരിലുള്ള അവശേഷിച്ച വിശ്വാസം കൂടി നഷ്ടപ്പെടും.അത് സ്വാഭാവികം.ത്യാഗധനരായ പൊതുപ്രവർത്തകരുടെ തലമുറ അന്യം നിന്നുപോയിരിക്കുന്നു.ഉദരംഭരികളുടേയും ഭിക്ഷാംദേഹികളുടേയും ഭോഗികളുടേയും വിഹാരരംഗമാണു രാഷ്ട്രീയം.പാർലമെന്റും അതിൽ നിന്ന് മുക്തമല്ല.അഴിമതിക്കാരായ 11 അംഗങ്ങളെ പുറത്താക്കിയ മഹദ്പാരമ്പര്യത്തെക്കുറിച്ച് കഴിഞ്ഞദിവസത്തെ ചർച്ചകളിൽ ഊറ്റം കൊണ്ടവർ മനപൂർവ്വം വിസ്മരിക്കുന്ന വസ്തുതയുണ്ടു:അഴിമതിക്കേസിൽ വിചാരണ നേരിടുന്നവരെ സ്ഥാനാർത്ഥികളാക്കുന്നതിൻ വിലക്കേർപ്പെടുത്തുന്നപക്ഷം തങ്ങളിൽ വലിയൊരുവിഭാഗത്തിനും സഭ കാണാൻ കഴിയുകയില്ല.കഴുത്തറ്റം ചെളിയിൽ മുങ്ങിനിന്നു കൊണ്ടാണു അവർ അഴിമതിക്കെതിരെ നിയമനിർമ്മാണം നടത്തുന്നതിൽ തങ്ങൾക്കുള്ള പരമാധികാരത്തെക്കുറിച്ച് പറയുന്നത് .ഇത് ക്രൂരമായ ഫലിതം മാത്രമാണു.1968മുതൽ ലോക്പാൽ നിയമം പാസാക്കിയെടുക്കാൻ ശ്രമം തുടങ്ങിയതാണു.എല്ലാ രാഷ്ട്രീയക്കാരും ചേർന്ന് അത് കാലാകാലങ്ങളിൽ പൂഴ്ത്തിവെക്കുകയായിരുന്നു.


ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചുകൊല്ലം എന്തുചെയ്താലും കസേര നഷ്ടപ്പെടില്ല എന്നതാണു ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.അഴിമതിയുടെ അഗാധഗർത്തത്തിൽ വീഴുന്നവരെ പോലും തിരിച്ചുവിളിക്കാൻ വോട്ടർക്ക് കഴിയുകയില്ല.ഒരിക്കൽ ജയിച്ചു കഴിഞ്ഞാൽ കാലാവധി തീരും വരെ അവർക്ക് എന്തു തോന്യാസവും കാണിക്കാം.അപഥസഞ്ചാരികളാകാം.അവിഹിതമായി സ്വത്ത്സമ്പാദിക്കാം.ഇടനിലക്കാരായി നിന്ന് കുത്തകകളുടെ പ്രീതിപിടിച്ചു പറ്റി കോടികൾ കമ്മീഷനോ സമ്മാനമോ ആയി വാരിക്കൂട്ടാം.അഞ്ചു വർഷവും വോട്ടർമാരോട് അക്കൌണ്ടബിലിറ്റിയില്ലാതെ സുഖലോലുപജീവിതം നയിക്കാം.


ഇത്തരക്കാർ ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടും.കക്ഷിരാഷ്ട്രീയത്തിനതീതമായി ലോകമെമ്പാടും അടുത്തിടെ ഉയർന്നു വന്ന മുല്ലപ്പൂവിപ്ലവം പോലുള്ള ബഹുജനമുന്നേറ്റങ്ങൾ അഴിമതിഭരണകൂടങ്ങളെ അധികാരഭ്രഷ്ടമാക്കിയത് അവരെ ഭയപ്പെടുത്തുന്നുണ്ടു.രാജ്യത്തി ന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇത്തരം ജനകീയ മുന്നേറ്റങ്ങൾ ഉയർന്നു വന്നതും ഇവരെ അസ്വസ്ഥരാക്കുന്നുണ്ടു.നവമാദ്ധ്യമങ്ങളുടെ സഹായത്തോടെ, ഉന്നതബിരുദധാരികളായ ചെറുപ്പക്കാരുടെ സജീവപങ്കാളിത്തത്തോടെ നടന്ന ഹസാരയുടെ ജനകീയമുന്നേറ്റം വളരെവേഗം എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ പിടിച്ചുപറ്റിയതും മറ്റു ഭാഗങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതും രാഷ്ട്രീയനേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ടു.ഇത് അരാഷ്ട്രീയവാദികളായ മാദ്ധ്യമങ്ങളുടേയും എൻ.ജി.ഒകളുടേയും നേതൃത്വത്തിൽ ,പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ നടക്കുന്ന ആസൂത്രിത ശ്രമമായി മുദ്രയടിക്കപ്പെട്ടതും ഇക്കാരണത്താലാണു.

പക്ഷേ,അതൊന്നും ജനഹിതത്തിനു മുന്നിൽ വിലപ്പോയില്ലന്നാണു ഓഗസ്റ്റ് 27നു പാർലമെന്റിന്റെ ഇരുസഭകളും ഹസാരയുടെ ആവശ്യ ങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതിലൂടെ തെളിഞ്ഞിരിക്കുന്നത്.തങ്ങളിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന കടമകൾ നിർവഹിക്കാൻ പരാജയപ്പെട്ടാൽ ഇനിയും ഇത്തരം ജനകീയ ഇടപെടലുകൾ ഉണ്ടാകും .അങ്ങനെയൊരു കീഴ്വഴക്കം ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.


ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണു.ജനവിശ്വാസം നഷ്ടപ്പെട്ടവർ ഇത് പ്രത്യേകം ഓർക്കണം.


Sunday, 21 August 2011

അജ്ഞാനികളുടെ ജല്പനങ്ങൾ

ശ്രീപത്മനാഭ സ്വാമിയുടെ മനസ് കവടി നിരത്തി ,ലക്ഷണം നോക്കി വ്യാഖ്യാനിച്ച ദൈവജ്ഞർക്ക് നമോവാകം!


ബി നിലവറ തുറന്നാൽ രാജ്യം തന്നെ മുടിയും.ഭരണകൂടം അസ്ഥിരമാകും.അറ തുറക്കുന്നവരുടെ വംശം മുടിയും.ഉഗ്രവിഷമുള്ള സർപ്പം അവരെ കൊത്തും!തന്റെ നിലവറകൾ തുറന്നു സ്വർണ്ണവും രത്നവും മറ്റും മറ്റുള്ളവർ കണ്ടതിലും അതിന്റെ കണക്കെടുക്കാനും വീഡിയോ പിടിക്കാനും പോകുന്നതിലും ശ്രീപത്മനാഭനു അതൃപ്തിയുണ്ടു.അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന നരസിംഹമൂർത്തിയാകട്ടെ കോപിഷ്ടനാണു.ഉഗ്രപ്രതാപിയാകയാൽ എന്തു ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല!ആയതിനാൽ അനിഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ഉടനടി പരിഹാരക്രിയകൾ ചെയ്യേണ്ടതാകുന്നു.സമസ്താപരാങ്ങളും ഏറ്റുപറഞ്ഞ് വിളിച്ചുചൊല്ലിപ്രാർത്ഥന.അത് കഴിഞ്ഞ ദിവസം നടത്തി.പിന്നെ,പ്രത്യേക പൂജകൾ.ക്രിയകൾ.അതിന്റെ ചാർത്ത് രാജകുടുംബത്തിനു ദൈവജ്ഞർ നൽകിയിട്ടുണ്ടു.

സ്റ്റ

പാപപരിഹാര കർമ്മങ്ങളുടെ നീണ്ട പട്ടികയിൽഅതിവിശിഷ്ടമായ ഒരിനമുണ്ടു.പത്രക്കാർക്കും മാദ്ധ്യമങ്ങൾക്കൊമൊന്നും അത് കണ്ണിൽ പെട്ടില്ല.പക്ഷേ,വരികൾക്കിടയിൽ നിന്ന് അത് ഈയുള്ളവന്റെ ദൃഷ്ടിയിൽ പെട്ടു.പാപപരിഹാരാർത്ഥം 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടണം എന്നും ദൈവജ്ഞർ നിർദ്ദേശിച്ചിട്ടുണ്ടു.ബ്രാഹ്മണശ്രേഷ്ഠരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ആ മനോഹര ദൃശ്യം ചാനലുകാർ ലൈവായി പ്രക്ഷേപണം ചെയ്യുമെന്ന് ഈയുള്ളവൻ പ്രതീക്ഷിക്കുന്നു.


ഈ അവസരത്തിൽ അത്ര പഴയതല്ലാത്ത മറ്റൊരു ദേവപ്രശ്നം ഓർമ്മ വരുന്നു.2007 നവംബറിൽ അത് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു.ചുരീദാറിട്ട സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ ഭഗവാനു അതൃപ്തിയുണ്ടെന്നായിരുന്നു അവിടെ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.അതിനു പരിഹാരമായി നിദ്ദേശിക്കപ്പെട്ടതും വിളിച്ചുചൊല്ലിപ്രാർത്ഥന, ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടൽ എന്നിവയായിരുന്നു!അങ്ങനെ 2008 ആഗസ്റ്റ് 9നു അവിടെ 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടി.ആ ബ്രാഹ്മണശ്രേഷ്ഠരെ കണ്ട് ഭക്തജനങ്ങൾ കൈകൂപ്പി നിൽക്കുന്ന സുന്ദരദൃശ്യം ഒരു പത്രത്തിന്റെ പ്രാദേശികപേജിൽ നിന്നും കണ്ടെടുത്ത് ഈ ലേഖകൻ ഈ പംക്തിയിലൂടെയും ബ്ലോഗിലൂടെയും മാലോകരെ അറിയിച്ചു.അപ്പോൾ സഖാവ് തോട്ടത്തിൽ രവീന്ദ്രനായിരുന്നു ഗുരുവായൂർ ദേവസ്വം പ്രസിഡന്റ്.ഉഗ്രമൂർത്തിയും സംഹാരരുദ്രനുമായ ജി.സുധാകരൻ സഖാവായിരുന്നു ദേവസ്വം മന്ത്രി!


ദൈവജ്ഞൻമാർ കവടി നിരത്തിക്കൊണ്ടിരിക്കേ ഗുരുവായൂരിലെ ക്ഷേത്രചൈതന്യത്തിനു ക്ഷയം സംഭവിക്കുമെന്ന് കണ്ടെത്തിയ ഉടൻ അന്നത്തെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് അരുളിചെയ്തതു കൂടി ഈ അവസരത്തിങ്കൽ പ്രത്യേകം ഓർമ്മിക്കേണ്ടതാകുന്നു:അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതാണു ഈ ശക്തിക്ഷയത്തിനു കാരണം!


തിരുവനന്തപുരത്തെ ദൈവജ്ഞർക്കും ശിങ്കിടികൾക്കും ഇതേ അഭിപ്രായം തന്നെ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും തൽക്കാലം അത് പറഞ്ഞിട്ടില്ല.ശ്രദ്ധ തിരിഞ്ഞു പോകും.നിലവറ എന്തു വിലനൽകിയും തുറപ്പിക്കരുത്.അതിന്റെ കണക്ക് എടുപ്പിക്കരുത്.ഈ സ്വത്തുക്കളൊന്നും കൈവിട്ടു പോകരുത്.അവ ഇനിയും തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാകണം.


-തിരുവിതാങ്കൂർ “മഹാരാജാവു”എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന മാർത്താണ്ഡവർമ്മക്കും ഒപ്പം നിൽക്കുന്നവർക്കും ഈ ഒരൊറ്റ ഉദ്ദേശ്യമേയുള്ളൂ.ശ്രീപത്മനാഭസ്വാമി ക്ഷേത്രംരാജകുടുംബത്തിന്റേതല്ലെന്നും ഇവർക്ക് ക്ഷേത്രഭരണത്തിൽ യാതൊരുകാര്യവുമില്ലെന്നുമുള്ള കീഴ്കോടതി വിധി കേരള ഹൈക്കോടതി ശരിവച്ചിരുന്നു.അത് സുപ്രീം കോടതിഇതുവരെ സ്റ്റേ ചെയ്തിട്ടില്ല.തിരുപ്പതി ക്ഷേത്രഭരണ മാതൃകയിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ക്ഷേത്രഭരണം അവരെ ഏൽ‌പ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചത്.ആ ട്രസ്റ്റിൽ പ്രത്യേകാവകാശങ്ങളൊന്നുമില്ലാതെ,സാധാരണ ഒരുഅംഗം മാത്രമായിരിക്കാനുള്ള വൈമുഖ്യമാകണം മാർത്താണ്ടവർമ്മയെ കൊണ്ട് ദേവപ്രശ്നമെന്ന .ആവനാഴിയിലെ അവസാനത്തെ അസ്ത്രം എടുത്ത് പ്രയോഗിക്കാൻ നിർബന്ധിതമാക്കിയത്.


വിലമതിക്കാനാകാത്ത സ്വത്തുക്കളുള്ള ക്ഷേത്രത്തിൽ ഇത്രകാലവും യഥേഷ്ടം വിഹരിക്കാൻ വെറും ഒരു മുൻ രാജകുടുംബാംഗം മാത്രമായ ഇദ്ദേഹത്തിനു കഴിഞ്ഞത് തിരുവനന്തപുരത്തുകാരുടെ അതിരുകവിഞ്ഞ രാജഭക്തി ഒന്നുകൊണ്ടു മാത്രമാണു.അവസാനത്തെ രാജാവ് ശ്രീ ചിത്തിര തിരുനാളായിരുന്നു. 1973ൽ പ്രിവിപേഴ്സ് നിർത്തലാക്കിയതോട് കൂടി മുൻ രാജാക്കന്മാർക്ക് സാധാരണ പൌരന്മാരിൽകവിഞ്ഞ യാതൊരു പരിഗണനയും നിയമപരമായി നിലവിലില്ല.


പക്ഷേ,ക്ഷേത്ര ദർശനം നടത്താൻ ചിത്തിര തിരുന്നാളിനു പ്രത്യേക സമയംനിശ്ചയിച്ചു നൽകിയതിൽ തെറ്റില്ല.എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അതേ അവകാശങ്ങൾ ഇപ്പോഴത്തെ”മഹാരാജാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാർത്താണ്ഡ വർമ്മയ്ക്കും ബന്ധുക്കൾക്കും നൽകിയത് യാതൊരു കാരണവശാലും നീതീകരിക്കത്തക്കതല്ല.അവർ ക്ഷേത്രദർശനത്തിന്റെ മറവിൽ ഈ നിലവറകൾ പലപ്രാവശ്യം തുറക്കുകയും അവയിലെ സ്വർണ്ണവും മറ്റും മറ്റാവശ്യങ്ങൾക്കായി എടുക്കുകയും ചെയ്തതായി ആക്ഷേപങ്ങൾ ഉയർന്നതാണു ഇപ്പോഴത്തെ കേസുകൾക്ക് അടിസ്ഥാനം.അത് ഇവിടെ മനപൂർവംവിസ്മരിക്കപ്പെടുകയാണു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിലവറകൾക്ക് എങ്ങനെയാണു ഗോദ് റേജ് പൂട്ടുകൾ വന്നതെന്ന് അഡ്വ. സുന്ദർരാജൻചോദിച്ചിരുന്നു.അതിൽ എല്ലാംഅടങ്ങിയിരിക്കുന്നു.ആഗസ്റ്റ് 21ലെ “ഡക്കാൻ ക്രോണിക്കിൾ” ദിനപത്രത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ സീനിയർ ക്ലർക്കായിരുന്ന പത്മനാഭദാസയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.2007ൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണു ഇവിടെ ചെയ്തിട്ടുള്ളത്.അതിന്റെ സംഗ്രഹമായിരുന്നു അച്ച്യുതാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.മാർത്താണ്ഡവർമ്മ 2007ൽ “ബി”നിലവറ തുറന്ന് കൊടിമരത്തിനുവേണ്ടി എന്ന് പറഞ്ഞ് വെള്ളിക്കട്ടികൾ എടുക്കുന്നതിനു താൻ സാക്ഷിയാണു.വാതിലുകൾ സ്വർണ്ണം പൂശാനെന്ന പേരിൽ “എ” നിലവറ സ്ഥിരമായി തുറന്ന് 500 കിലോ സ്വർണ്ണം കടത്തിക്കൊണ്ടു പോയതായും അദ്ദേഹം ആരോപിക്കുന്നു.നിലവറയിലുള്ള അമൂല്യവസ്തുക്കളുടെ രജിസ്ർ പരിശോധിച്ച കേരള ഹൈക്കോടതി,മാർത്താണ്ഡ വർമ്മ ഹാജരാക്കിയ ഇന്വെന്ററി അപൂർണ്ണമാണെന്നും വിശ്വസനീയമല്ലെന്നും കണ്ടെത്തിയതായി 22.8.2011ൽ മറ്റൊരു റിപ്പോർട്ടും ഈ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടു.

കഴിഞ്ഞ ദിവസം വി.എസ് അച്ഛ്യുതാനന്ദൻ പച്ചയായി പറഞ്ഞത് ഇക്കാര്യമാണു.ചില സത്യങ്ങൾ ഇങ്ങനെ ചിലർക്കേ വിളിച്ചുകൂവാൻ പറ്റൂ.നഗ്നസത്യങ്ങൾക്ക് ഗ്രാമറും വൃത്തവുമില്ല.അതിന്റെഭാഷ പണ്ഡിതോചിതമാകണമെന്നില്ല.രാജഭക്തർക്കും കപടഭക്തർക്കും കടുത്ത അന്ധവിശ്വാസികൾക്കും ഈ തുറന്നുപറച്ചിലുകൾ സഹിക്കാൻ പറ്റില്ല.


ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ നടക്കുന്ന പ്രാകൃതമായ കവടിനിരത്തൽ പോലുള്ള ഏർപ്പാടുകൾ എതിർക്കപ്പേടേണ്ടതാണു.കവടി വെച്ച്,ലക്ഷണം നോക്കി ഗണിച്ച് ദൈവത്തിന്റെ ഹിതം ജ്യോതിഷികൾ പ്രഖ്യാപിക്കുന്നതും പാപപരിഹാരാർത്ഥം ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുന്നതും ഭരണഘടനാവ്യവസ്ഥകൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ കാടത്തമാണു.ഇതിനു മുന്നിട്ടിറങ്ങുന്ന ഇല്ലാത്ത രാജാക്കന്മാരെ തണ്ടിലേറ്റി നടക്കുന്നവർ ജനാധിപത്യത്തിന്റെ അന്തകരാണു.


108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടാൻ കൽ‌പ്പിച്ചവരെ എന്തു വിളിക്കണം? സുപ്രീം കോടതിയെപ്പോലും ഭയപ്പെടുത്തിനിർത്താനുള്ള ഇവരുടെ നിന്ദ്യമായ ഈ ശ്രമത്തിനെതിരെ മാദ്ധ്യമങ്ങൾ കണ്ണടച്ചിരിക്കുന്നത് മഹാപരാധമാണു.വരും നാളുകളിൽ 108 ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുമ്പോഴും അതിനെ പ്രകീർത്തിക്കാൻ ഇവർ തുനിയും.കഷ്ടം!

-അനന്തപുരിയിൽ നിന്നുള്ള ഈ വാർത്തകൾ ഇരുട്ടു നിറക്കുന്നവയാണു.അവ അജ്ഞാനികളുടെ ജല്പനങ്ങളാണു.പ്രാകൃത യുഗത്തിലേക്കാണു അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.


Wednesday, 17 August 2011

ഇസ്ലാമിക ധനതത്ത്വശാസ്ത്രത്തെ ആർക്കാണു പേടി?

ഴിഞ്ഞ സർക്കാർ വളരെക്കാലത്തെ ശ്രമഫലമായി അരംഭിച്ച അൽ ബറാക്ക് ഇസ്ലാമിക ധനകാര്യ സർവീസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണു?കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്റ്റർ മുഹമ്മദ് ഹനീസിനെ ഇതിന്റെ ഡയറക്റ്ററായി നിയമിച്ചതായി വാർത്ത വന്നിരുന്നു.ഇത് എഴുതുമ്പോഴും അദ്ദേഹം ചുമതലയേറ്റിട്ടില്ല.

ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയിൽ അടുത്തിടെ പുതിയൊരു സാമ്പത്തിക സമാഹരണ പദ്ധതി പ്രഖ്യാപിച്ചു:ട്രഷറികളിലൂടെ പലിശരഹിത നിക്ഷേപം സ്വീകരിക്കും.അത് വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.-അപ്പോൾ,പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ച അൽ ബരാക്കിന്റെ ഭാവി എന്ത്?ഇസ്ലാമിക് ധനകാര്യ സംരംഭം വരുന്നെങ്കിൽ വരട്ടെ എന്നാണു അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മന്ത്രി പ്രതികരിച്ചത്.ട്രഷറികളിലൂടെ പലിശരഹിത നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അൽ ബറാക്ക് ധനകാര്യ സർവീസിന്റെ മുന്നോടിയാണെന്നു കൂടി അതേ ശ്വാസത്തിൽ മന്ത്രി പറഞ്ഞു.പക്ഷേ,ഇസ്ലാമിക ധനകാര്യ സംരംഭത്തിൽ സർക്കാരിനു താൽ‌പ്പര്യമില്ലെന്നാണു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് പറയുന്നത്.നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്കും സുബ്രഹ്മണ്യസ്വാമി കോടതിയിലെത്തിച്ച നിയമയുദ്ധത്തിനും ശേഷമായിരുന്നു ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഇസ്ലാമിക ധനതത്ത്വശാസ്ത്രത്തിലധിഷ്ഠിതമായ പുതിയ ധനകാര്യ സ്ഥാപനം രൂപവത്കൃതമായത്.

ഇസ്ലാമിക് ബാങ്ക് എന്നാണു പൊതുവെ അറിയപ്പെടുന്നതെങ്കിലും ഇത് റിസർവ്ബാങ്ക് നിയമത്തിന്റെ പരിധിക്കുള്ളിൽ വരുന്ന ബാങ്കല്ല.ബാങ്കിങ്ങ്-ഇതര പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ധനകാര്യ സ്ഥാപനമാണിത്.ഇതിന്റെ അടിസ്ഥാനം ശരിയത്താണു.പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്നു.ലഭിക്കുന്ന നിക്ഷേപങ്ങൾ ഹറാമല്ലാത്ത സംരംഭങ്ങൾക്ക് മുടക്കുന്നു.മദ്യം,മയക്കുമരുന്നു,ലൈംഗിക,സിനിമാ മേഖലകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് പണം ഇറക്കില്ല.വായ്പ്പയായല്ല,ലാഭ-നഷ്ടങ്ങൾ പരസ്പരം പങ്കു വെയ്ക്കണമെന്ന വ്യവസ്ഥയിലാണു ഇവിടെ പണം നൽകുന്നത്.അതുകൊണ്ടു തന്നെ സഹകരണപ്രസ്ഥാനങ്ങളുടെ ഘടനയുമായി ഇതിനുവിദൂര സാദൃശ്യമുണ്ടു.കേരള വ്യവസായ വികസന കോർപ്പറേഷനാണു ഇതിന്റെ 11 ശതമാനം ഓഹരിവിഹിതം.ബാക്കി കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ വിഹിതമാണു.

ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള സംരംഭമാണെങ്കിലും ഇതിനു മതപരമായ അതിർവരമ്പുകളൊന്നുമില്ല.മതേതര സർക്കാരിനു ഇത്തരം സംരംഭങ്ങളിൽ പങ്കാളിയാകുന്നതിനു യാതൊരു നിയമതടസ്സവുമില്ലെന്നും,ഇതു ഭരണഘടനാലംഘനമല്ലെന്നും കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടു.എല്ലാ മതവിഭാഗക്കാരും ഉൾക്കൊള്ളുന്നതാണു ഇതിന്റെ ഡയറക്റ്റർ ബോർഡ്.പലിശ വാങ്ങുന്നത് നിഷിദ്ധമായതിനാൽ മുസ്ലിംങ്ങളുടെ അക്കൌണ്ടുകളിലുള്ള 500 കോടിയിലേറെ രൂപ വെറുതെ കിടക്കുന്നുണ്ടെന്നാണു കണക്ക്.വിദേശ മലയാളികളുടെ അക്കൌണ്ടുകളിലും ഇങ്ങനെ അവകാശപ്പെടാത്ത പലിശപ്പണം കുന്നുകൂടിക്കിടക്കുന്നുണ്ടു.പലിശരഹിത നിക്ഷേപങ്ങൾ സ്വീകരിച്ച് പുതിയ സംരംഭം തുടങ്ങുന്നതോടെ വൻ തോതിൽ ഈ പണം ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും.

ലോകമെമ്പാടും പ്രവർത്തനമികവിലൂടെ മറ്റുള്ളവർക്ക് മാതൃക കാട്ടുന്നവയാണു ഇസ്ലാമിക ബാങ്കുകൾ.1963ൽ ആരംഭിക്കുകയും 1975ൽ ദുബൈ ഇസ്ലാമിക് ബാങ്കിന്റെ സ്ഥാപനത്തോടെ വ്യവസ്ഥാപിത രൂപം കൈക്കൊള്ളുകയും ചെയ്ത ഇസ്ലാമിക ബാങ്കിങ്ങ് സർവീസുകളിലായി ഇപ്പോൾ 1.2 ട്രില്യൻ നിക്ഷേപമാണുള്ളത്.ഇത് മൊത്തം ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഒരു ശതമാനം പോലും വരുകയില്ലെങ്കിലും കഴിഞ്ഞവർഷങ്ങളിൽ 20 ശതമാനം വളർച്ചയാണു നേടിയിട്ടുള്ളത്.മലേഷ്യയിലെ ബാങ്കിങ്ങ് മേഖലയുടെ 22 ശതമാനവും ഇസ്ലാമിക് ബാങ്കിങ്ങിലൂടെയാണു നടക്കുന്നത്.ഇന്ത്യോനേഷ്യ,കുവൈറ്റ്,ബഹ്റിൻ,സൌദി അറേബ്യ തുടങ്ങി കമ്മ്യൂണിസ്റ്റ് ചൈനയും കൊറിയയും വരെ 75 രാജ്യങ്ങളാണു ഇപ്പോൾ ഇസ്ലാമിക് ബാങ്കിങ്ങ് സ്വീകരിച്ചിട്ടുള്ളത്.എച്ച്.എസ്.ബി.സി,സ്റ്റാന്റേർഡ് ആന്റ് ചാർട്ടേറ്ഡ് ബാങ്ക് എന്നീ സ്വകാര്യബാങ്കുകൾ ഇസ്ലാമിക ബാങ്കിങ്ങ്സർവീസിനായി പ്രത്യേക വിഭാഗങ്ങൾ തുറന്നിട്ടുണ്ടു.

ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം ഒട്ടും ബാധിക്കാത്തത് ഇസ്ലാമിക് ബാങ്കുകളെയായിരുന്നു എന്ന പ്രത്യേകതയുമുണ്ടു.-ഇങ്ങനെ നല്ല ട്രാക്ക് റെക്കാർഡുള്ള അൽ ബറാക്ക് എന്ന ഇസ്ലാമിക ധനകാര്യ സംരംഭത്തെ പാതി വഴിയിൽ ഉപേക്ഷിക്കാൻ പുതിയ ധനകാര്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല.ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടായിട്ടും,ശൈശവാവസ്ഥയിൽ തന്നെ ഈ സംരംഭത്തെ ഇല്ലാതാക്കുന്നതിന്റെ പൊരുൾ പിടികിട്ടുന്നതേയില്ല.

യാതൊരു പഠനവും നടത്താതെ,ആസൂത്രിതമായ ഒരു പ്രവർത്തനപദ്ധതിയുമില്ലാതെ ട്രഷറിയിലൂടെ പലിശരഹിത നിക്ഷേപം സ്വീകരിക്കുമെന്ന പ്രഖ്യാപനം സസുദ്ദേശ്യത്തോടെയല്ല.സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മ അറിയുന്ന ഒരു വിശ്വാസിയും ചുവപ്പുനാടയിൽ കുടുങ്ങികിടക്കുന്ന ഇല്ലാപദ്ധതികൾക്ക് ഉപകരിക്കട്ടെയെന്ന് വിച്ചാരിച്ച് ട്രഷറിയിൽ പണം നിക്ഷേപിക്കുമെന്ന് തോന്നുന്നില്ല.ഇതൊട്ടു നടക്കുകയുമില്ല;ഇസ്ലാമിക ധനകാര്യ സംരംഭത്തിനു അകാലമൃത്യു സംഭവിക്കുകയും ചെയ്യും.

മുഹമ്മദ് ഹനീസിനെപ്പോളെ പ്രാഗൽഭ്യം തെളിയിച്ച ഒരു സീനിയർ ഉദ്യോഗസ്ഥനെ അൽ ബറാക്കിന്റെ മേധാവിയായി നിയമിച്ചത് സസുദ്ദേശ്യത്തോടു കൂടിയാണെന്നു വിശ്വസിക്കാൻ വയ്യ.എങ്കിൽ പിന്നെ മാണി പുതിയ പദ്ധതിയുമായി വരുന്നതെന്തിനു?എന്തിനാണു ഇവർ ഇസ്ലാമികധനതത്ത്വസ്ത്രത്തെ പേടിക്കുന്നത്?

Tuesday, 9 August 2011

അമേരിക്കയുടെ പാപം:നമ്മുടെ ശാപം

ടം വാങ്ങുന്നവർക്ക് അത് തിരിച്ചടക്കാനുള്ള ശേഷിയുണ്ടാകണം.ഇല്ലെങ്കിൽ കടം കൊടുത്തവർ കുത്തുപാളയെടുക്കും.ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ വായ്പാക്ഷമത അഥവാ ക്രെഡിറ്റ് റേറ്റിങ്ങു ഇടിഞ്ഞതായി,വായ്പായോഗ്യത നിർണ്ണയിക്കുന്ന റേറ്റിങ്ങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്റ് പൂവേഴ്സ്(എസ്.ആന്റ്.പി) പ്രഖ്യാപിച്ചതോടെ അമേരിക്കൻ സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലായി.യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തികപ്രതിസന്ധിയിലാണെന്ന് വ്യക്തമായതോടെ അതിന്റെ പ്രതിഫലനങ്ങൾ ലോകമെമ്പാടും ആശങ്ക പടർത്തിയിരിക്കുകയാണു.

ഏറ്റവും സാമ്പത്തികഭദ്രതയുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ അമേരിക്കൻ കടപ്പത്രങ്ങളിൽ കരുതൽ ശേഖരമായി നിക്ഷേപിച്ചിരിക്കുന്നത് നാലരലക്ഷം കോടി ഡോളറാണു.ഒന്നരലക്ഷം കോടി ഡോളറാണു ചൈനയുടെ നിക്ഷേപം.പിന്നാലെ ജപ്പാനുണ്ടു;912 ബില്യൻ ഡോളറാണുഅവരുടെ നിക്ഷേപം..4100 കോടി ഡോളറാണു ഇന്ത്യ കടപ്പത്രങ്ങളിൽ ഇട്ടിട്ടുള്ളത്.ഇങ്ങനെ വന്തോതിൽ അമേരിക്ക വാങ്ങിക്കൂട്ടിയ വായ്പപ്പണം കൊണ്ട് അവർ ചെയ്തുകൂട്ടുന്ന ദുഷ്കൃത്യങ്ങളുടെ പരിണിതഫലമാണു ഈ സാമ്പത്തികപ്രതിസന്ധി.
ലോകത്തെ ഏറ്റവുംവലിയകടക്കാരൻ ലോകത്തെ നയിക്കുകയും,ലോകപൊലീസ് ചമയുകയും ചെയ്യുന്ന അതിവിചിത്രമായ കാഴ്ച്ചയാണിവിടെ കാണുന്നത്.അതിന്നടിസ്ഥാനം അന്താരാഷ്ട്ര കറൻസി എന്ന നിലയിൽ ഡോളറിന്റെ സ്വീകാര്യതയാണു.അതിനു ബദലായി യൂറോ പോലുള്ള കറൻസികളെ ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞാൽ ഡോളർ നിലമ്പൊത്തും;ഒരു ചീട്ടുകൊട്ടാരം പോലെ അമേരിക്ക തകർന്നടിയും എന്നു വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ദരുണ്ടു.അങ്ങനെ സംഭവിക്കുന്ന പക്ഷം,ഇന്ത്യയുടേയും ചൈനയുടേയും മുന്നിൽ ലോകം നമിക്കുമെന്നുവരെ കിനാവു കാണുന്നവരും കുറവല്ല.അതെന്തായാലും 2002ൽ ഇന്ത്യാസന്ദർശനത്തിനു തൊട്ടുമുൻപ് ബിൽ ക്ലിന്റൻ ഇതേപോലെയൊരു പ്രവചനം നടത്തിയിരുന്നത് ഇപ്പോൾ ഓർക്കേണ്ടതുണ്ടു:2020ൽ ഇന്ത്യയും ഒരു പക്ഷേ,അമേരിക്കയെക്കാളും വലിയ വൻസാമ്പത്തിക ശക്തികളാകും.

സ്വന്തം രാജ്യത്തിന്റെ സാമ്പത്തികഅസ്തിവാരം തോണ്ടുന്നതിൽ ജോർജ്ജ് ബുഷും ഒബാമയുമടക്കമുള്ള അമേരിക്കൻ ഭരണാധികാരികൾ അവരുടേതായ പങ്കു വഹിക്കുന്നുണ്ടു.അത് ആധിപത്യത്തിന്റേയും ഹിംസയുടേയും ചൂഷണത്തിന്റേയും രാഷ്ട്രീയവും അതിന്റെ നയസമീപനങ്ങളുമാണു.ഇതുമൂലമാണു മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 74 ശതമാനവും കടബാദ്ധ്യതയായിത്തീർന്നത്.ഇത് അടുത്ത ഒരു ദശാബ്ദം കൊണ്ടു 85 ശതമാനത്തിനും മുകളിലാകും.കഴിഞ്ഞ വർഷംമാത്രംപലിശ തിരിച്ചടക്കാൻ 414 ബില്യൻ ഡോളറാണു അവർ ചെലവാക്കിയത്.എന്നിട്ടും മറ്റു രാജ്യങ്ങളെ ചൊൽ‌പ്പടിയിൽ നിർത്താൻ വേണ്ടി പണം വാരിയെറിയുകയാണു അവർ.46 രാജ്യങ്ങളിലായി അമേരിക്ക രണ്ടു ലക്ഷത്തോളം പട്ടാളക്കാരെയാണു വിന്യസിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 865 സൈനികകേന്ദ്രങ്ങൾ.ഇസ്രായേലിനു അവർ പ്രതിദിനം നൽകുന്നത് 82 ലക്ഷം ഡോളറിന്റെ സഹായമാണു.ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങൾക്കായി മൂന്നു ട്രില്യൻ ഡോളറാണു അവർ ചെലവഴിച്ചത്.ഇറാഖിൽനിന്നും എണ്ണ ഊറ്റിക്കൊണ്ടു വരാമെന്ന ഹിഡൻ അജണ്ടപൊളിഞ്ഞുപോയത് കാരണം അത് വലിയ നഷ്ടക്കച്ചവടവുമായി.1457000 കോടിഡോളറിന്റെ കടബാദ്ധ്യതയാണു ഇപ്പോൾഅമേരിക്കക്കുള്ളത്.

ഇങ്ങനെ കടമെടുത്ത പണമുപയോഗിച്ച് ദീപാളികുളിക്കുന്ന അമേരിക്കയുടെ സാമ്പത്തികഭദ്രത വളരെ ദുർബലമാണു.2008ൽ ഭവനവായ്പാപ്രതിസന്ധിയിൽ നിന്ന് ഉടലെടുത്ത സാമ്പത്തികമാന്ദ്യത്തിൽ നിന്ന് അവർ ഇതുവരെ കരകയറിയിട്ടില്ലെന്നോർക്കണം.ഈടില്ലാതെ വാരിക്കോരി വായ്പനൽകി ലേമാൻ ബ്രദേഴ്സ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ തന്നെ അമേരിക്കൻ സമ്പദ് വ്യവസ്ഥ രോഗാജാതുരമാണന്നു തെളിഞ്ഞുകഴിഞ്ഞതാണു.അതിൽ നിന്ന് കരകയറാൻ വേണ്ടി പ്രഖ്യാപിച്ച സാമ്പത്തികപാക്കേജുകൾക്ക് സമാനമായവ ഇനിയൊരവസരത്തിലും ഉണ്ടാകില്ല.കമ്മിബജറ്റുകളാൽ നിലാക്കയത്തിലേക്ക് കൂപ്പുകുത്തുകയാണു അവർ.പക്ഷേ,പ്രൊ പോൾ ക്രൂഗ്മാന്റെ അഭിപ്രായം ബജറ്റ്കമ്മി നികത്താൻ കടം വാങ്ങുന്നതിൽ അസാംഗത്യമൊന്നിമില്ലന്നാണു.ഋണഭാരത്തിനു പ്രധാനകാരണം തലനരക്കുന്ന തലമുറയാണത്രേ.അവരുടെ ആരോഗ്യസംരക്ഷണത്തിനുള്ള ചെലവ് ഭരണകൂടത്തിനു താങ്ങാനാവുന്നില്ലെന്നാണു അദ്ദേഹത്തിന്റെ വാദം.അന്താരാഷ്ട്ര നിലവാരമനുസരിച്ച് അമേരിക്കയിൽ നികുതി നിരക്ക് തുലോം കുറവാണു.ഈ നിരക്ക് ഉയർത്തുകയും ആരോഗ്യ രംഗത്തെ ചെലവ് ചുരുക്കുകയും ചെയ്താൽ ബജറ്റ് കമ്മി കുറയും.അങ്ങനെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണു ഇക്കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂയോർക്ക് ടൈംസിൽ എഴുതിയ കോളത്തിൽ വാദിക്കുന്നത്.

അമേരിക്കയെ സമീപകാലചരിത്രത്തിലെ ഏറ്റവും നാണം കെട്ട സാമ്പത്തിക അവസ്ഥയിലെത്തിച്ച റേറ്റിങ്ങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്റ് പൂവേഴ്സിന്റെ വിശ്വാസ്യതയെ തന്നെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ടു.ലേമാൻ ബ്രദേർർസ് തകർന്നടിഞ്ഞുകൊണ്ടിരുന്നപ്പോഴും അവർക്ക്എ റേറ്റിങ്ങ് നൽകിയവരാണു ഇവർ.2002ൽ ജപ്പാനെ വായ്പ്പാക്ഷമതാറേറ്റിങ്ങിൽ തരം താഴ്ത്തിയിട്ടും ഇന്നും അവിടേക്ക് പണം ഒഴുകുകയാണെന്നും അദ്ദേഹം എഴുതുന്നു.

പക്ഷേ ,ക്രൂഗ്മാൻ പറയുന്നതു പോലെ ലളിതമല്ല ഈ സാമ്പത്തിക സുനാമിയെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു.സമ്പന്നരുടെ മേൽ നികുതി കൂട്ടാനോ പ്രതിരോധചെലവുകൾ വെട്ടിക്കുറക്കാനോ ഒബാമ തയ്യാറാകുമെന്ന് ആരും കരുതുന്നില്ല.ആരോഗ്യ സംരക്ഷണം പോലുള്ള സാമൂഹിക സുരക്ഷാമേഖലകളിലെ ബജറ്റ് വിഹിതം കുറക്കാൻ തീരുമാനിക്കുന്നപക്ഷം സാധാരണ അമേരിക്കക്കാരുടെ ജീവിതം ദുസ്സഹമാകും.അവരുടെ ക്രയവിക്രയ ശേഷി കുറയും.തൊഴിലവസരങ്ങൾക്ക് ഇടിവുണ്ടാകും.അതിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങളിൽ ഒബാമയുടെ ജനപ്രീതി കുത്തനെ ഇടിയുകയും മുതലാളിത്ത സാമ്പത്തികക്രമത്തിന്റെ വിശ്വാസ്യത കൂടുതൽ തകരുകയുമാണു ചെയ്യുക.

രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഈ സുനാമിഅയർലൻഡിലും,ഗ്രീസിലും,പോർച്ചുഗലിലും ഇറ്റലിയിലും ആഞ്ഞടിക്കുന്നു.ഇന്ത്യയുടെ സ്ഥിതിയും ഒട്ടും ഭദ്രമല്ല.അമേരിക്ക മുണ്ടു മുറുക്കി ഉടുക്കാൻ തീരുമാനിക്കുന്ന പക്ഷം ഔട്ട്സോഴ്സിങ്ങ് കുറയും.ഇറക്കുമതിയിൽ ഇടിച്ചിലുണ്ടാവും.അതിന്റെ ദുഷ്ഫലം ഇന്ത്യൻ ഐ.ടി വ്യവസായം മുതൽ സമുദ്രോൽ‌പ്പന്ന മേഖലയെ വരെ കടുത്ത പ്രതിസന്ധിയിലാക്കും.ഐ.ടി പാർക്കുകൾ വൻസമ്മർദ്ദത്തിലാകും.ഇപ്പോൽ തന്നെഓഹരിവിപണിയിൽ ലക്ഷക്കണക്കിനു കോടിരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടു. അത് ഇനിയും തുടരും.

രാഷ്ട്രീയപ്രതിസന്ധികളിൽ ആടി ഉലയുന്ന ഇന്ത്യക്ക് ഈ സുനാമിയെ അതിജീവിക്കാനാകുമോ?ഇപ്പോൾ ഒരു രാജ്യത്തിനും ഒറ്റയ്ക്കൊന്നും ചെയ്യാൻ കഴിയുകയില്ല.ആഗോള ഗ്രാമം ഇങ്ങനെയുള്ള ദശാസന്ധികളാണു ലോകജനതയ്ക്ക് സമ്മാനിക്കുക.തലപ്പത്തിരിക്കുന്നവരുടെ പാപത്തിനു പ്രായശ്ചിത്തം ചെയ്യേണ്ട ഗതികേടിലാണു നമ്മളെല്ലാം.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ