Tuesday, 31 May 2011

മാദ്ധ്യമങ്ങളും ക്രിമിനലുകളും തമ്മിലെന്ത്?

വേലി തന്നെ വിളവു തിന്നുക”,“ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക”തുടങ്ങിയവ മലയാളികൾക്ക് സുപരിചിതമായ പഴംചൊല്ലുകളാണു.


അവ ഇപ്പോൾ ഓർമ്മയിൽ വരുന്നത് കൊല്ലത്തെ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ക്വൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതിനു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സന്തോഷ് നായരെ അറസ്റ്റുചെയ്ത പശ്ചാത്തലത്തിലാണു.ഒരു കോണ്ട്രാക്റ്റർ നടത്തിയ മദ്യസൽക്കാരപാർട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥരെ രസിപ്പിക്കാൻ സിനിമാനടികളെ കൊണ്ടുവന്നെന്നു വാർത്ത കൊടുത്തതിലുള്ള പകയാണത്രേ പത്രലേഖകനെ കൊലപ്പെടുത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.


ഒരു പക്ഷേ,ഒരു പ്രമുഖ പത്രത്തിന്റെ ലേഖകനെ ഒരു വാർത്തയുടെ പേരിൽ വകവരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനലുകളെ ഏർപ്പെടുത്തിയ സംഭവം കേരളത്തിൽ ഇതാദ്യത്തേതായിരിക്കും.

സാധാരണ നിലയ്ക്ക് മാനേജ്മെന്റുകളെ പാട്ടിലാക്കി ലേഖകനെ ഒതുക്കുകയാണു എളുപ്പവഴി.ഇക്കാലത്ത് നേതാക്കളേയും,ഉയർന്ന ഉദ്യോഗസ്ഥരേയും,മത,ജാതി സംഘടനക്കാരേയും ,ബിസിനസുകാരേയുമൊന്നും പിണക്കാൻ പാടില്ലെന്നും,അവർക്ക് ഹിതകരമല്ലാത്ത ഒരു വരി പോലും പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സാമാന്യബുദ്ധിയുള്ള എല്ലാ മാദ്ധ്യമപ്രവർത്തകർക്കും അറിയാം.വിലപ്പെട്ട ഈ ബാലപാഠം പഠിക്കാത്തവർക്ക് ഇന്ന് മാദ്ധ്യമലോകത്ത് സ്ഥാനമില്ല.അതുകൊണ്ടാണു സമകാലിക മാദ്ധ്യമപ്രവർത്തനം എല്ലാവരേയും പ്രീതിപ്പെടുന്നതും ,ആരേയും അലോസരപ്പെടുത്താത്തതുമായ ഒരുതരം “പബ്ലിക് റിലേഷൻസ് വർക്ക്” മാത്രമായി തീർന്നത്.

ഇതിനു വളരെ പരിമിതമായ അപവാദങ്ങൾ മാത്രമേയുള്ളൂ.ഏതെങ്കിലുമൊരു മാദ്ധ്യമം ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റേയോ,ബിസിനസുകാരന്റേയോ,മത,ജാതി നേതാക്കളുടേയോ അഴിമതിയോ സ്വജനപക്ഷപാതമോ തുറന്നുകാട്ടാൻ തുടങ്ങിയാൽ നമുക്ക് ഒന്നു ഉറപ്പിക്കാം:അവരും മാദ്ധ്യമമുതലാളിയും തമ്മിൽ ഉടക്കിയിരിക്കുന്നു.അങ്ങനെ മുതലാളിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നവരെ തുറന്നുകാണിക്കാൻ അവർ ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസത്തിന്റെ വജ്രായുധം പുറത്തെടുക്കും.ദുർബലമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പറ്റിയില്ലെങ്കിൽ എല്ലാ സീമകളേയും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യയും അപവാദപ്രചാരണങ്ങളും നടത്തും.എഴുതി അവർ ആടിനെ പട്ടിയാക്കും.പിന്നെ അതിനെ പേപ്പട്ടിയുമാക്കും!

ഇങ്ങനെ അന്നദാതാക്കൾക്ക് വേണ്ടി സത്യത്തെ കുഴിവെട്ടിമൂടാനും അസത്യത്തെ വെള്ളപൂശാനും വേണ്ടി കൂലിയെഴുത്തു നടത്താൻ വിധിക്കപ്പെട്ട വിലകുറഞ്ഞ ജന്മമാണു തങ്ങളുടേതെന്ന് അറിവുള്ള ഒരു മാദ്ധ്യമപ്രവർത്തകനും ഒരു പൊലീസുകാരനേയും പ്രകോപിപ്പിക്കില്ല.

അല്ലെങ്കിൽ തന്നെ,പൊലീസ് മനുഷ്യാവകാശങ്ങളുടെ അന്തകരാകുന്നത് ,മുഖ്യമായും പിന്നാക്ക പ്രദേശങ്ങളിലാണു. ഇടുക്കിയിലേയും പാലക്കാട്ടേയും വയനാട്ടിലേയും ഉൾപ്രദേശങ്ങളിൽ അവർ കടുത്ത കൈക്കൂലിക്കാരും,പീഡകരുമായി വിലസുന്നുണ്ടു.മറ്റു സർക്കാർ ഓഫീസുകളിലും അഴിമതി കൊടികുത്തി വാഴുന്നു.പക്ഷേ,ഏതെങ്കിലും മാദ്ധ്യമം ഇവ റിപ്പോർട്ട് ചെയ്യുമോ?

ഒരിക്കലുമില്ല.പ്രാദേശിക ലേഖകരോ ഏജന്റുമാരോ ആണു അവ റിപ്പോർട്ട് ചെയ്യേണ്ടത്.അൽ‌പ്പവരുമാനമുള്ള,സ്ഥിരം ജീവനക്കരല്ലാത്ത,പത്രലേഖകരുടെ അവകാശങ്ങളൊന്നുമില്ലാത്ത ഇക്കൂട്ടർ അതിനു ഒരിക്കലും തുനിയുകയില്ല.കഷ്ടിച്ച് ജീവിക്കാൻ മാത്രമുള്ള വരുമാനമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ഇവർക്ക് ആരേയും പിണക്കാനാവില്ല.നാടുനന്നാക്കാനുള്ള ത്വരയൊന്നുമല്ലല്ലോ അവരെക്കൊണ്ടു ഈപ്പണി ചെയ്യിക്കുന്നത്.

പ്രവീൺ വധക്കേസിലെ ഷാജിയും ,ഇപ്പോൾ പിടിയിലായ സന്തോഷ് നായരും സത്യത്തിൽ നമ്മുടെയിടയിലെ ക്രിനിനലുകളിലെ ചില ചെറിയ മീനുകൾ മാത്രം.ജന്മനാ കുറ്റവാളികളായ ഒരു വൻ നിരതന്നെ കേരളാപൊലീസിന്റെ ഉന്നതപദവികളിൽ വിഹരിക്കുന്നുണ്ടു.രാഷ്ട്രീയക്കാരുടെ മൂടുതാങ്ങികളായ ഇത്തരക്കാർ ഏതു മുന്നണി അധികാരത്തിൽ വന്നാലും കണ്ണായ സ്ഥാനങ്ങളിൽ കയറിപറ്റും.ക്രിമിനൽ ട്രാക്ക്റിക്കാർഡുള്ള ഇത്തരം ഉന്നതോദ്യോഗസ്ഥരെ മാതൃകയാക്കിക്കൊണ്ടാണു കീഴുദ്യോഗസ്ഥർ ക്വൊട്ടേഷൻ സംഘങ്ങളുമായി ചങ്ങാത്തം കൂടുന്നത്.

പൊലിസ് സേനയിൽ കയറിക്കൂടിയ ഈ മാഫിയാരജാക്കന്മാരെ തൂത്തെറിയുവാനുള്ള ചങ്കൂറ്റം പുതിയ ഭരണാധികാരികൾക്കുണ്ടോ?മുഖം നോക്കാക്കതെ ഇത്തരക്കാരെ തുറന്നുകാണിക്കാനുള്ള സ്വതന്ത്ര്യം മാദ്ധ്യമപ്രവർത്തകർക്ക് ലഭിക്കുമോ?

ഇല്ലെങ്കിൽ ഗുണ്ടകളും പൊലീസിലെ ക്രിമിനലുകളും ചേർന്ന് മാദ്ധ്യമപ്രവർത്തനം ഇവിടെ അസാദ്ധ്യമാക്കും വിധം ഒളിയാക്രമണങ്ങൾ നടത്തും.

Monday, 30 May 2011

ദുരയുടെ തമ്പുരാക്കന്മാരും തമ്പുരാട്ടികളും

ർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്റ്റർമാരുടെ സ്വകാര്യപ്രാക്റ്റീസ് പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെടുമ്പോൾ ഓർമ്മവരുന്നത് ആറു വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ഒരു സംഭവമാണു.


പാവപ്പെട്ട രോഗികളിൽ നിന്ന് കൈക്കൂലിയായി ഇറച്ചിയും മീനും വരെ ചോദിച്ചുവാങ്ങുന്നത് ശീലമാക്കിയ ഒരു വനിതാഡോക്ടറെ ക്ഷുഭിതരായ ചെറുപ്പക്കാർ തടഞ്ഞുവെച്ചു എന്ന വാർത്തയാണത്.അതിനും മുൻപ്, അഴിമതിക്കാരായ ഡോക്ടർമാരെ ചെരുപ്പുമാലയണിയിച്ച് റോഡിലൂടെ നടത്തിക്കാനും ജനങ്ങൾ തയ്യാറായി.


കനത്ത ശംബളം വാങ്ങിച്ചിട്ടും കൃത്യമായി ജോലിചെയ്യുകയോ,രോഗികകളോട് സഹാനുഭൂതിയോടെ പെരുമാറുകയോ ചെയ്യാത്ത ഇക്കൂട്ടർ സ്വകാര്യ പ്രാക്റ്റീസിലൂടെ അനധികൃതമായി ലക്ഷങ്ങളാണു സമ്പാദിച്ചത്. വീട്ടിൽ സ്വകാര്യ ക്ലിനിക്കുകൾ പോലും ചിലർ തുറന്നു.മറ്റു ചിലരാകട്ടെ സർക്കാരിന്റെ ശമ്പളവും കൈപ്പറ്റി സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു.ഭാവിയിലെ ഡോക്ടർമാരെ പരീശീലിപ്പിക്കുകയും,രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുകയും ചെയ്യാൻ ബാദ്ധ്യസ്ഥപ്പെട്ട മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും ഇങ്ങനെ പണക്കൊതിയരും ദുഷിച്ചവരുമായി മാറി.വീട്ടിൽ ചെന്നു കാണുന്നവർക്കുമാത്രമായി അവർ ആശുപത്രി സംവിധാനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്തു.വൻ തുക ഫീസായി നൽകാത്തവർക്ക് ആശുപത്രികളിൽ ശ്രദ്ധയോ പരിഹരണമോ ലഭിക്കാത്ത ദുസ്ഥിതി വന്നു ചേർന്നു.ക്യൂ നിന്ന് ഒ.പി ടിക്കറ്റെടുക്കുന്ന പാവങ്ങൾ തീർത്തും അവഗണിക്കപ്പെട്ടു.


പഠനത്തിനും ഗവേഷണത്തിനും വിനിയോഗിക്കേണ്ട സമയം മുഴുവൻ അവർ കീശ വീർപ്പിക്കാനുള്ള സ്വകാര്യ പ്രാക്റ്റീസിനു നീക്കി വെച്ചതോടെ മെഡിക്കൽ കോളേജുകളുടെ ഗുണനിലവാരം ഇടിഞ്ഞു.ഇതിന്റെ പ്രതിഫലനം മറ്റു ആശുപത്രികളിലും ഉണ്ടായി.അവരും കൈക്കൂലി വിദഗ്ദ്ധരായതോടെ ആരോഗ്യരംഗം ആകെ കുത്തഴിഞ്ഞ നിലയിലായി.ധാർമ്മികതയ്ക്കും വൈദ്യസദാചാരത്തിനും നിരക്കാത്ത ഒട്ടേറെ നടപടികൾ ഡോക്റ്റർമാരുടേയും അവരുടെ സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായി.സമ്മാനങ്ങളും പ്രലോഭനങ്ങളുമായി എത്തുന്ന മരുന്നു കമ്പനികളുടെ ഗുണനിലവാരമില്ലാത്തതും അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ മരുന്നുകളും ഫൂഡ് സപ്ലിമെന്റുകളും ഡോക്റ്റർമാർ രോഗികളുടെ മേൽ അടിച്ചേൽപ്പിച്ചു.ഡോക്റ്റർമാർക്ക് ഫ്രീഡ്ജും കാറും മക്കൾക്ക് മെഡിസിനു സീറ്റും വരെ ഈ അവിഹിതമായ വിപണനതന്ത്രത്തിനു വഴങ്ങിയതിനുള്ള പ്രതിഫലമായി നൽകപ്പെട്ടു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു ഇത് സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടു കേരളത്തിൽ ജീവിതശൈലീരോഗങ്ങളായ പ്രമേഹം,രക്താതിമർദ്ദം,ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഭയാനകമാംവിധം വർദ്ധിക്കാനും,കരൾ ,വൃക്ക രോഗങ്ങൾ ബാധിച്ച് ആയിരങ്ങൽ മരിക്കാനും ഇടയാക്കിയ കാരണങ്ങളിൽ ഒന്നിന്റെ വേരുകൾ ഇതിലാണുള്ളത്.ഒരു മാനദണ്ഡവുമില്ലാതെ ആന്റീ ബയോട്ടിക്കുകൾ കുറിച്ചുകൊടുക്കുകയും ജലദോഷത്തിനു പോലും അനാവശ്യമരുന്നുകൾ കഴിപ്പിക്കുകയും ചെയ്ത് ഫീസും കമ്മീഷനും വാങ്ങി ഡോക്ടർമാർ കൊഴിച്ചു തടിച്ചപ്പോൾ കേരളം രോഗാതുരമായി.

ലോകമെമ്പാടും പാടിപ്പുകഴ്ത്തപ്പെട്ട ആരോഗ്യരംഗത്തെ കേരള മാതൃക ദയനീയമായി തകർന്നടിയുന്നതിനു നാമിന്ന് ദൃക്‌സാക്ഷികളും ഇരകളുമാണു.പറ്റിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മാർജ്ജനം ചെയ്യപ്പെട്ട കോളറയും മലമ്പനിയുമടക്കമുള്ള എല്ലാ മാരക പകർച്ചവ്യാധികളും രോഗങ്ങളും തിരിച്ചുവന്നിരിക്കുന്നു.ഓരോ മഴക്കാലത്തും പടർന്നു പിടിക്കുന്ന ചിക്കുൻ ഗുനിയയിലും ജപ്പാൻ ജ്വരത്തിലും മറ്റും ആലപ്പുഴയടക്കം ചില ജില്ലകളിലെ ജനജീവിതം തന്നെ സ്തംഭിക്കുകയാണു.പണ്ടു പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുഖേന വളരെ വിജയകരമായി നടത്തിയിരുന്ന രോഗപ്രതിരോധപ്രവർത്തനങ്ങൾ അപ്പാടെ താറുമാറയിരിക്കുന്നു.പ്രിതിരോധ മരുന്നു കുത്തിവെപ്പുകളെടുക്കുന്നവരുടെ എണ്ണത്തിൽ പോലും കാര്യമായ ഇടിവു സംഭവിച്ചിരിക്കുന്നു.


നിർബന്ധപൂർവം മാത്രം ഗ്രാമീണസേവനത്തിനയക്കുന്ന ഡോക്ടർമാർക്ക് പൊതുജനാരോഗ്യസംരക്ഷണത്തിൽ ഒരു താൽ‌പ്പര്യവുമില്ല.ബോണ്ട് വ്യവസ്ഥകൾ പൂർത്തിയാക്കി,എക്സ്പീരിയൻസ് നേടി, മുഴുത്ത ശമ്പളം നൽകുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ചാടുന്നതിനെക്കുറിച്ച് മാത്രമാണു അവരുടെ ചിന്ത.അവർക്ക് എന്ത് മെഡിക്കൽ എത്തിക്സ്?എന്ത് സാമൂഹികപ്രതിബദ്ധത?പഠിച്ചിറങ്ങിയത് സ്വാശ്രയ കോളേജുകളിൽ നിന്നാണെങ്കിൽ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.

ഈ ഭീതിദമായ അവസ്ഥയിൽ നിന്ന് കേരളത്തിലെ ആതുരശുശ്രൂഷാരംഗത്ത കരകയറ്റുന്നതിനുള്ള ഒരു എളിയ ശ്രമമായിരുന്നു മെഡിക്കൽ കോളെജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധിക്കൽ.വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും സംവാദങ്ങൾക്കുമൊടുവിൽ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ പണക്കൊതിയരായ ഒരു പറ്റം ഡോക്ടർമാർ അന്നേ പ്രവർത്തിക്കുന്നുണ്ടായിരുന്നു.ഡോക്റ്റർമാരുടെ ശമ്പളം ഗണ്യമായി വർദ്ധിപ്പിച്ചും അനുബദ്ധ സൌകര്യങ്ങൾ ചെയ്തുകൊടുത്തും എടുത്ത ഈ തീരുമാനം മെഡിക്കൽ കോളേജുകളുടെ ഗുണനിലവരം ഉയർത്തിയെന്നാണു പഠനങ്ങൾ വ്യക്തമാക്കിയത്.താലൂക്ക് ,ജില്ലാ ‍ആശുപത്രികളിലെ സൌകര്യങ്ങൾ സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചു.റഫറൽ ആശുപത്രി എന്ന നിലയിൽ വിദഗ്ദ്ധചികിത്സ നൽകേണ്ട രോഗികളുടെ എണ്ണം മെഡിക്കൽ കോളേജ് ആശുപത്രികളിൽ വർദ്ധിക്കുകയും ചെയ്തു.ഡോക്ടർമാരുടെ സ്വകാര്യ രോഗികളുടെ പിൻ വാതിൽ അഡ്മിഷൻ ഗണ്യമായി കുറഞ്ഞതോടെ ഇടത്തരക്കാർക്കും പാവങ്ങൾക്കും മെഡിക്കൽ കോളെജുകളിലെ ചികിത്സാ സംവിധാനങ്ങൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഉപകാരപ്പെടാൻ തുടങ്ങി.അദ്ധ്യാപകർക്ക് പഠനത്തിനും ഗവേഷണത്തിനും ഇഷ്ടം പോലെ സമയം ലഭിക്കുന്നതിനാൽ മെഡിസിൻ വിദ്യാർത്ഥികളുടെ പഠന,പരിശീലന നിലവാ‍രവും കാര്യമായി ഉയർന്നു.

സ്വകാര്യ പ്രാക്റ്റീസ് ഒരിക്കലും അനുവദിക്കാത്ത തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടും,റീജ്യണൽ ക്യാൻസർ സെന്ററും ദേശീയ തലത്തിൽ തന്നെ മികവുറ്റ കേന്ദ്രങ്ങളാണു.ആ നിലവാരത്തിലേക്ക് നമ്മുടെ മെഡിക്കൽകോളേജുകളെ ഉയർത്തുന്നതിനു കഴിഞ്ഞ സർക്കാർ സ്വീകരിച്ച അർത്ഥവത്തായ ഈ നടപടി ഒരു മുൻ വിചാരവുമില്ലാതെ പിൻ വലിക്കുന്നത് കേരളത്തെ രോഗങ്ങളുടെ നരകത്തിലേക്ക് ഏടുത്തെറിയുന്നതിനു സമാനമാണു.

പണത്തോടുള്ള അത്യാർത്തി മാത്രം കൈമുതലായുള്ള,ദുരമൂത്ത,സാമൂഹ്യപ്രതിബദ്ധതയോ,ധാർമ്മികതയോ ഇല്ലാത്ത ഒരു പറ്റം ഡോക്ടർമാരുടെ വായിൽ തലവെച്ചു കൊടുക്കരുത്.അത് അപകടകരമാണു.

Wednesday, 11 May 2011

കാലിത്തൊഴുത്തിലെ വർത്തമാനങ്ങൾ...





















ഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുടയ്ക്കടുത്ത് മൂന്നുപീടികയിൽ ഒരു കർഷകനെ സന്ദർശിക്കാനിടയായി.ഇന്ത്യയിലും വിദേശങ്ങളിലും ദ്iർഘകാലം ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ,അനേകം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്ത നംബോത്ത് ചന്ദ്രൻ മാസ്റ്റൻ ഒന്നര ദശകത്തിലേറെയായി തികഞ്ഞ ഒരു കർഷകനാണു.വീട്ടിലും പരിസരത്തുമായി പത്തേക്കറോളം വരുന്ന കൃഷിത്തോട്ടം.അതിൽ വളരാത്തതായി ഒന്നുമില്ല.പൂന്തോട്ടത്തിലൊഴികെ എല്ലാറ്റിലും നാടൻ ഇനങ്ങൾ.കൃഷിയിടത്തിൽ രാസവളമോ കീടനാശിനിയോ ഉപയോഗിക്കില്ല.അവിടത്തെ കളകളും കാടും പടലുമൊന്നും പറിച്ചുകളയില്ല.അതെന്തിനു എന്നാണു ചോദ്യം.ഫുക്കുവോക്കയുടെ അതേ വഴിയിലൂടെ സഞ്ചരിച്ച്,നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രം ഉപയോഗിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന സുഭാഷ് പലേക്കറുടെ “സീറോ ബജറ്റ്”കൃഷിരീതിയിലെത്തി നിൽക്കുന്നു,ഇദ്ദേഹം.
ലക്ഷങ്ങൾ മുടക്കി കത്തിയവാറിൽ നിന്ന് ഒരു കൌതുകത്തിനു വെള്ളക്കുതിരയേയും ,മനുഷ്യനെ പോലെ സംസാരിക്കുന്ന തത്തയേയും സ്വന്തമാക്കിയ ചന്ദ്രൻ മാസ്റ്റർ,ഹൈക്കോടതിയിൽ ഹർജി നൽകിയായിരുന്നു കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഒരു വെച്ചൂർ പശുവിനെ സ്വന്തമാക്കിയത്.ഇപ്പോൾ ഇവിടെ വെച്ചൂർ പശുക്കളുടെ എണ്ണം പത്ത്.സംസ്ഥാനത്ത് ഇപ്പോൾ 200ൽ താഴെ മാത്രമാണു അത്യപൂർവമായ ഈ നാടൻ പശുവിനമുള്ളത് എന്നറിയുക.വെച്ചുരിൽ പോലും ഒന്നോ രണ്ടോ വെച്ചൂർ പശുക്കളേയുള്ളുവത്രേ.


കുറിയ ഇനം നാടൻ പശുക്കളിൽ രണ്ടാം സ്ഥാനമുള്ള കാസർകോഡ് ഡ്വാർഫ് ഇനവും ഇവിടെയുണ്ടു.ഒരു പക്ഷേ ,ലോകത്തെ തന്നെ ഏറ്റവും ചെറിയ പശുവും ഇദ്ദേഹത്തിന്റെ തൊഴുത്തിലുണ്ടു.വെറും 71 സെന്റീമീറ്റർ മാത്രം ഉയരമുള്ളതാണു ഇത്.കാടുകളിൽ മാത്രം കാണുന്നതും അന്യം നിന്നുപോയെന്ന് വിശ്വസിക്കപ്പെട്ടതുമായ മറ്റൊരു അപൂർവ്വ ഇനം പശുവും ഇവിടെയുണ്ടു.ഹൈറേഞ്ച് ഡ്വാർഫ് എന്ന് അറിയപ്പെറ്റുന്ന ഈ കുള്ളൻ പശുക്കൾ പശ്ചിമഘട്ടമലനിരകളിലും സമീപപ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നു.2004ൽ പാലക്കാട്ട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ ഒരു ഒറ്റപ്പെട്ട തുരുത്തിൽ രണ്ടു സ്ത്രീകൾ വളർത്തുന്ന പശുക്കളിൽ നിന്ന് കൃഷിശാസ്ത്രജ്ഞർ ,വംശനാശം വന്നുവെന്ന് വിശ്വസിക്കപ്പെട്ട ഈ ഇനത്തെ കണ്ടെത്തുകയായിരുന്നു.ഗുജറാത്തിലെ നാടൻ ഇനമായ ഗീർ പശുക്കളേയും ചന്ദ്രൻ മാസ്റ്റർ വളർത്തുന്നുണ്ടു.ഏറ്റവുമധികം പാൽ തരുന്നതും,മനുഷ്യനുമായി ഏറെ ഇണങ്ങുന്നതുമായ ഗീർ പശുക്കൾ കുട്ടിയാനയെപ്പോലെ വളരും.


ഇവയുടെയെല്ലാം പാലിനു ഔഷധഗുണമുണ്ടു.വിലയേറിയതാണു ഇവയുടെ പാൽ.
കേരളത്തിൽ,പക്ഷേ,കൌതുകത്തിനു വേണ്ടിയല്ലാതെ നാടൻ പശുക്കളെ വളർത്തുന്നതിനു സർക്കാരും കൃഷിശാസ്ത്രജ്ഞരും അനുകൂലമല്ല.അതിനു കട്ടായം എതിരുമാണു.ഇതിനു എതിരെ നിരത്താൻ ഒട്ടേറെ ശാസ്ത്രീയ കണക്കുകൾ അവരുടെ കൈവശം ഉണ്ടു.1970തുകളിൽ ഇൻഡോ,സ്വിസ് പ്രൊജൿറ്റിന്റെ ആരംഭത്തോടെ അത്യുൽ‌പ്പാദനശേഷിയുള്ള പശുക്കളെ കൊണ്ടുവന്നായിരുന്നു നമ്മൾ ധവളവിപ്ലവം വിജയകരമായി നടത്തിയത് എന്നാണു മുഖ്യവാദം.എന്നിട്ടും ഇപ്പോൾ സംസ്ഥാനത്ത് ആവശ്യത്തിനു പാൽ കിട്ടുന്നില്ല.അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ നിത്യവും ഇറക്കുമതി ചെയ്യുന്നു.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഞ്ചു തവണ മിൽമ പാലിനു വില കൂട്ടി.ഇനിയും വില വർദ്ധിപ്പിക്കാൻ പോകുന്നു.എന്നിട്ടും ക്ഷീരകർഷകരുടെ എണ്ണം അതിവേഗം കുറഞ്ഞു വരുകയാണു.കർഷകർക്ക് എന്നും നഷ്ടം മാത്രം.
എന്താനു ഇതിനു കാരണം?
വിദേശ ഇനം സങ്കര പശുക്കൾക്ക് രോഗപ്രതിരോധശേഷി തീരെയില്ല.അവയെ പോറ്റുന്നതിനു കൂടുതൽ ചെലവു വരും.പാൽ കൂടുതൽ കിട്ടിയാലും മൊത്തം ചെലവു താങ്ങാൻ പറ്റില്ല.സർക്കാർ, കാലിത്തീറ്റയ്ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ അടുത്ത വർഷങ്ങളിൽ കേരളത്തിലെ പശുവളർത്തൽ നാമമാത്രകർഷകരിലേക്ക് ഒതുങ്ങും.പച്ചക്കറിക്കും,അരിക്കുമൊക്കെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മൾ പാലിനും ഏതാണ്ട് പൂർണ്ണമായി മറ്റുള്ളവരെ ആശ്രയിക്കും.പശുത്തൊഴുത്തുകളിൽ നിന്നുള്ള ചാണകവും ഗോമൂത്രവുമാണു നമ്മുടെ കൃഷിയുടെ പ്രധാന വളം.മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുന്ന ഈ ജീവാണുവളം അപ്രത്യക്ഷമാകുന്നതോടെ രാസവളങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും.നമ്മുടെ മണ്ണു ഇതോടെ കൂടുതൽ ഊഷരമാകും.അവശേഷിച്ച പച്ചപ്പുകൾ കൂടി ഇല്ലാതാകും.ജൈവവൈവിധ്യം പഴംകഥ മാത്രമാകും…ഇങ്ങനെ പോകുന്നു, തൊഴുത്തിൽ നിന്ന് പശുക്കൾ അപ്രത്യക്ഷമാകുമ്പോളുണ്ടാകുന്ന ദുരന്തങ്ങൾ.
ഇപ്പോൾ വെച്ചൂർ പശുക്കളുടേയും,ഹൈറേഞ്ച്,കാസർകോഡ് ഡ്വാർഫ് ഇനങ്ങളുടേയും മഹത്വത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവർ അറിയാൻ ചന്ദ്രൻ മാസ്റ്റർ പറഞ്ഞ ധവളവിപ്ലവ കഥ വിവരിക്കാം.1970തുകളിലായിരുന്നു മൃഗസംരക്ഷണ വകുപ്പ് ഒരു ഉഗ്രശാസന പുറപ്പെടുവിച്ചത്.നാട്ടിലെങ്ങും ഇനി ഒരു വിത്തുകാളയേയും കണ്ടുപോകരുത്.അത്യുല്പാദന ശേഷിയുള്ള സുനന്ദിനി പശുക്കളെ കേരളമെങ്ങും വ്യാപിപ്പിച്ച് പാൽ വിപ്ലവം നടത്താൻ തുനിഞ്ഞിറങ്ങിയ സർക്കാരിനു നാടൻ പശുക്കളെ വളർത്തുന്നവർ ദേശവിരുദ്ധരും,പുരോഗതിയെ അട്ടിമറിക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന പിന്തിരിപ്പരുമായി.നാടൻ വിത്തുകാളയെ വളർത്തുന്നവരെ ഉദ്യോഗസ്ഥർ വേട്ടയാടി.അവയെ പിടിച്ച് വന്ധ്യംകരിച്ചു.

പക്ഷേ ഇത് പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല.കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടയ്ക്കിരുത്തിയ നാടൻ പശുക്കളുണ്ടായിരുന്നു.അവിടെ കയറി ധവളവിപ്ലവം നടത്താൻ ഒരു ഉദ്യോഗസ്ഥനും ധൈര്യം ഉണ്ടായിരുന്നില്ല.വിദൂര ഗ്രാമങ്ങളിലും ,പശ്ചിമഘട്ട മലനിരകളിലും കുറേ നാടൻ പശുക്കൾ ഉദ്യോഗസ്ഥരുടെ വംശഹത്യക്കിരയാകാതെ കാലം കഴിച്ചു.ഭാഗ്യം!ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന നമ്മുടെ മാത്രം സ്വന്തമായ അപൂർവ്വജനുസ്സിൽ പെട്ട വെച്ചൂർ പശുക്കളും, ഹൈറേഞ്ച്,കാസർകോഡ് ഡ്വാർഫ് ഇനങ്ങളും അവശേഷിക്കുമായിരുന്നില്ല.


നാൽക്കാലികൾക്കുള്ള വിവേകം പോലും ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ഇല്ലാതെ പോയി.ഇന്ന് അവശേഷിക്കുന്ന ഓരോ നാടൻ പശുവും നമ്മോട് പറയുന്നത് നാടിന്നിണങ്ങുന്ന കാർഷികപരിഷ്കാരങ്ങളുടെ ആവശ്യകതയെക്കുറിച്ചാണു.പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ ആർക്കും വെച്ചൂർ പശുവിനെ വളർത്താം.ഇവയെ വംശനാശം നടത്താൻ ശ്രമിച്ചർ ഇപ്പോഴും ഇവിടെയുണ്ടു.
ആ കന്നുകാലികളെ ആരു കൈകാര്യം ചെയ്യും?

Monday, 9 May 2011

പുതിയ മന്ത്രിമാർ സമക്ഷം...

വെള്ളിയാഴ്ച്ച ജനവിധി പുറത്തുവന്നാൽ ഇനി തത്ക്കാലം പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള പ്രതീക്ഷകളാൽ സമ്പന്നമാകും നമ്മുടെ ചർച്ചകൾ.പതിവു പോലെ, വോട്ടുചെയ്യുന്നവരെ നിരാശരാക്കുന്നതാകും പുതിയ മന്ത്രിമാരുടേയും പ്രവർത്തനം.അതാണു നട്ടുനടപ്പ്.അപൂർവ്വമായ ചില അപവാദങ്ങളുണ്ടു.

രാഷ്ട്രീയ ഇച്ഛാശക്തിiയും ജനങ്ങളോട് പ്രതിബദ്ധതയുമുള്ള ജനകീയ സർക്കാരുകൾ അടിയന്തിരമായി ചെയ്യേണ്ട ഒരു കൂട്ടം കാര്യങ്ങളുണ്ടു.അതിനു ആത്മാർത്ഥതയും ധൈര്യവുമുള്ളവർ ഇത്തവണ ഭരണത്തിലെത്തുമോ എന്നാണു ജനങ്ങൾ ഉറ്റുനോക്കുന്നത്.

ഏതെങ്കിലുമൊരു സർക്കാർ നടപടിയ്ക്ക് കേരളീയ സമൂഹത്തിന്റെ ഏതാണ്ട് പൂർണ്ണപിന്തുണ കിട്ടിയിട്ടുണ്ടെങ്കിൽ അത് മൂന്നാറിലെ കൈയേറ്റങ്ങൾ ജെ.സി.ബി കൊണ്ട് ഇടിച്ചു നിരത്തിയതായിരുന്നു. ഏതു വമ്പന്റേയും അനധികൃത സമ്പാദ്യങ്ങൾ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന വലിയ സന്ദേശം ജനങ്ങളിലെത്തിച്ച ആ നടപടി തട്ടുപൊളിപ്പൻ പൊളിറ്റിക്കൽ ത്രില്ലർ സിനിമകൾ ആസ്വദിക്കുന്നത്ര ഹരത്തോടെ ജനങ്ങൾ കണ്ടു.വെട്ടിപ്പിടിക്കുന്നവരെ വെട്ടിനിരത്തണമെന്ന് അവരെത്രയോ കാലമായി ആഗ്രഹിച്ചിരുന്നു.പക്ഷേ,വൈകാതെ അതൊരു ദുരന്ത നാടകമായി സമാപിക്കുന്നതും,അതിലെ നായകരെല്ലാം വേട്ടയാടപ്പെടുന്നതും നമ്മൾ കണ്ടു.

നിക്ഷിപ്തതാൽ‌പ്പര്യക്കാരായ രാഷ്ട്രീയക്കാർ ഒത്തുചേർന്ന് പരാജയപ്പെടുത്തിയ മൂന്നാർ ഓപ്പറേഷനു പിൻ തുടർച്ചയുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.ടാറ്റയും ഹാരിസണും അടക്കമുള്ള വൻകിട കുത്തകകൾ ലക്ഷക്കണക്കിനേക്കർ സർക്കാർ ഭൂമി അനധികൃതമായി കൈയ്യടക്കി വെച്ചിട്ടുണ്ടു.പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി മറിച്ചു വിറ്റിട്ടുമുണ്ടു.ഇതു സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് കോടിക്കണക്കിനു രൂപയുടെ അഴിമതിയിലേക്കാണു.

സമൂഹത്തിലെ ഏറ്റവും പിന്നാക്കമായ ആദിവാസികളും നല്ലൊരു ശതമാനം ദളിതരും ഭൂരഹിതരായി തുടരുമ്പോളാണു കുത്തകകൾ ലക്ഷക്കണക്കിനേക്കർ സർക്കാർഭൂമി അനധികൃതമായി കൈവശം വെച്ച് അനുഭവിക്കുന്നത് എന്ന് ഓർക്കുക.മുത്തങ്ങ,ചെങ്ങറ സമരങ്ങളെ തുടർന്ന് ഉണ്ടാക്കിയ കരാറുകൾ വൈകിയെങ്കിലും നടപ്പിലാക്കി,മണ്ണിന്റെ മക്കൾക്ക് ജീവിക്കാനാവശ്യമായി ഭൂമി നൽകാൻ പുതിയ സർക്കാർ മുൻ ഗണന നൽകണം.അല്ലെങ്കിൽ കൂടുതൽ രൂക്ഷമായ ഭൂസമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കും.

വിപ്ലവകരമെന്ന് വാഴ്ത്തപ്പെട്ട കേരള വിദ്യാഭ്യാസ നിയമത്തിലെ 11ആം വകുപ്പ് നടപ്പിലാക്കാൻ ചങ്കുറപ്പുള്ള ഭരണാധികാരി നമുക്കിനിയെങ്കിലും ഉണ്ടാകുമോ?സ്വകാര്യ, അൺ എയിഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടു,ഈ രംഗത്ത് പതിറ്റാണ്ടുകളായി നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്ക് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ശമ്പളം കൊടുക്കാൻ സർക്കാരും കിംബളം വാങ്ങാൻ മാനേജ്മെന്റുകളും എന്ന ഈ കടുത്ത അനീതി ഇനിയും തുടരാൻ അനുവദിച്ചു കൂട.യോഗ്യതയും,സംവരണം ഉൾപ്പെടെയുള്ള ഭരണഘടനാ വ്യവസ്ഥകളും,നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടു,ന്യൂനപക്ഷാവകാശങ്ങളുടെ പേരു പറഞ്ഞ് ജാതി,മത സംഘടനകളും ,ഉന്നതരും രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ നടത്തിവരുന്ന ഈ കൊള്ളയിൽ അനധികൃതമായി ഇവരുടെ കൈയ്യിൽ എത്തിച്ചേർന്നത് പരശതം കോടി രൂപയാണു.ഈ അഴിമതിപ്പണം കൊണ്ടാണു ചില ജാതി,മത സ്ഥാപനങ്ങൾ കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ വങ്ങിക്കൂട്ടിയത്:അവിടെ അവർ പടുത്തുയർത്തിയ അസംഖ്യം ഷോപ്പിങ്ങ് കോപ്ലക്സുകളും ഹോട്ടലുകളും ബാറുകളും റിസോർട്ടുകളും പാപപങ്കിലമായ ഈ കോഴപ്പണത്തിന്റെ നിത്യസ്മരകങ്ങളാണു.പിൽക്കാലത്ത് ആശുപത്രികളും സ്വാ‍ശ്രയ സ്ഥാപനങ്ങളും ആരംഭിക്കാൻ കൂടി മൂലധനമായി ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടു.വിദ്യാഭ്യാസത്തിന്റെ പേരിൽ ഇങ്ങനെ ആലുപോലെ തഴച്ചുവളരുന്ന മാഫിയയുടെ കൈയ്യിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ പുതിയ സർക്കാരിനു നട്ടെല്ലുണ്ടാകണം.

സർക്കാരുകൾ മാറി മാറി വന്നെങ്കിലും സർക്കാർ മെഷീനറി ഇന്നും പഴയ അവസ്ഥയിൽ തന്നെ.ഇ ഗവേണ്ണൻസിന്റെ ഇക്കാലത്തും ചുവപ്പുനാടയിൽ കുടുങ്ങി തളരുന്ന ജീവിതങ്ങൾക്ക് കണക്കില്ല.ഒട്ടും സേവനസന്നദ്ധതയില്ലാത്തതും,ജനങ്ങളോട് ശത്രുതയുള്ളവരുമായ ഉദ്യോഗസ്ഥരാൽ മലീമസമാണു സർക്കാർ ഓഫീസുകൾ.ജനങ്ങളുടെ നികുത്തിപ്പണം കോണ്ടു കൊഴുത്ത് തടിക്കുന്ന ഇവരെക്കൊണ്ടു കാര്യക്ഷമമായി പണിയെടുപ്പിക്കാൻ ആർക്കാണു കഴിയുക?കൈക്കൂലിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന സംസ്ഥാന സർക്കാർ സർവീസിനെ അടിമുടി മാറ്റിമറിക്കാൻ ദൃഡനിശ്ചയമുള്ള മന്ത്രിമാർക്ക് കഴിയും.


ഇന്നും ജനങ്ങൾക്കു നേരെ ചീറിയടുക്കുന്ന,അവരുടെ ശത്രുക്കളായ പൊലീസ് സേനയാണു നമുക്കുള്ളത്.ഏറ്റവും വിദ്യാസമ്പന്നരായിട്ടും മനുഷ്യാവകാശലംഘനങ്ങളിൽ ഇന്നും ഇവിടുത്തെ പൊലീസിനു ഒന്നാംസ്ഥാനമുണ്ടു.പൊലീസിനു മാനുഷികമുഖം നൽകി സേവനസേനയാക്കാൻ പുതിയ സർക്കാരിനു കഴിയുമോ?ഓരോ പൌരനും വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ“ഇന്ന് ഒരു പോലീസുകാരെന്റെയും മുന്നിൽ അകപ്പെടരുതേ;ഒരു സർക്കാർ ഓഫീസിലും പോകാനിടവരരുതേ” എന്ന് ഉള്ളുരുകി പ്രാർത്ഥിക്കേണ്ട ദുരവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

ഇതൊക്കെയും വെറും മോഹങ്ങളായി തീരാതിരിക്കട്ടെ.
ജനാധിപത്യം നിലനിൽക്കട്ടെ.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ