Monday, 25 April 2011

ഫിദൽ കാസ്ത്രോ പടിയിറങ്ങുമ്പോൾ..




ക്കഴിഞ്ഞ ഏപ്രിൽ 19നു ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ നിന്ന് ഫിദൽ കാസ്ത്രോ സ്വയം പിൻവാങ്ങിയ വാർത്തയ്ക്ക് ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ വൻപ്രാധാന്യമാണു നൽകിയത്.2008 ഫെബ്രുവരി 24നു സർക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബൻ വിപ്ലവത്തിന്റെ മുന്നണിപ്പോരാ‍ളികളിലൊരാളുമായ റൌൾ കാസ്ത്രോവിനെ ഏൽ‌പ്പിച്ച ഫിദൽ,കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റത്തിനു കൂടി കാരണക്കാരനായി മറ്റൊരു അദ്ധ്യായം എഴുതിച്ചേർത്തു.

ഫിദലിന്റെ പടിയിറക്കത്തോടെ ക്യൂബയിൽ സാമ്പത്തികപരിഷ്കാരങ്ങളുടെ പുതിയ രാഷ്ട്രീയ യുഗം ആരംഭിച്ചുവെന്നും ,അവർ കമ്മ്യൂണിസത്തോട് വഴിപിരിയാൻ തയ്യാറെടുക്കുകയാണെന്നും പ്രവചിക്കുന്നവരുണ്ടു.സബ്സിഡികൾ വെട്ടിക്കുറച്ചും,റേഷൻ പരിമിതപ്പെടുത്തിയും,

നിയന്ത്രിതമായ സ്വകാര്യ സ്വത്തവകാശം അനുവദിച്ചും,

പാർട്ടി,ഭരണ നേതൃത്വത്തിനു കാലപരിധി നിശ്ചയിച്ചും തുടങ്ങിയ ഈ പരിഷ്കാരം ,പക്ഷേ,ഏകകക്ഷി ഭരണത്തിന്റെ ഇരുണ്ടുയുഗത്തിനു അന്ത്യം കുറിച്ച് ,ബഹുകക്ഷിജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിനു വഴിതുറക്കുമോ എന്ന് പറയാൻ സമയമായിട്ടില്ല.ഫിദലും റൌളും ജീവിച്ചിരിക്കുമ്പോൾ അതുണ്ടാകാനിടയില്ല.

കഴിഞ്ഞ 52 വർഷമായി ക്യൂബയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനായി അശ്രാന്തപരിശ്രമം നടത്തുന്ന അമേരിക്കയുടെ കൈകളിലേക്ക് ക്യൂബയെ എറിഞ്ഞുകൊടുക്കാൻ അവരോ ബഹുഭൂരിപക്ഷം ജനങ്ങളോ ഒരിക്കലും അനുവദിക്കുകയില്ല.400 വർഷം നീണ്ടു നിന്ന സ്പെയിനിന്റേയും അതിനുശേഷം ഒരു ശതാബ്ദത്തിലേറെ അമേരിക്കൻ അധിനിവേശത്തിന്റേയും തിക്തഫലങ്ങളനുഭവിച്ച ക്യൂബൻ ജനത അസാധാരണമായ അതിജീവനപ്പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നവരാണു.യാങ്കി അധിനിവേശത്തെക്കാൾ അവർക്ക് പഥ്യം ഏകകക്ഷി ഭരണമാണു.

ക്യൂബയിലേക്ക് സ്പെയിൻകാരും അമേരിക്കക്കാരുമെത്തിയത് ഫലഭൂയിഷ്ടമായ ഈ മണ്ണു കണ്ടു മോഹിച്ചായിരുന്നു.ഭൂമുഖത്തെ ഏറ്റവും നയനാനന്ദകരമായ ദ്വീപ് എന്ന് ക്രിസ്റ്റഫർ കൊളംബസ് വിശേഷിപ്പിച്ച ഈ കൊച്ചു ലാറ്റിൻ അമേരിക്കൻ രാജ്യം,അമേരിക്കയിലെ മയാമിയിൽ നിന്ന് വെറും 90 മൈലുകൾ മാത്രം അകലെയാണു.ലോകത്തിന്റെ ഈ പഞ്ചസ്സാര കലവറയിൽ കരിമ്പ് മാത്രമല്ല, പുകയിലച്ചെടിയും തഴച്ചു വളരുന്നു. അമേരിക്ക കഴിഞ്ഞാൽ നിക്കലിന്റെ ഏറ്റവും വലിയ നിക്ഷേപം ഈ ദ്വീപിലാണുള്ളത്.ഈ സമ്പത്ത്മോഹിച്ച് നാലുശതാബ്ദം ക്യൂബയെ കൈയ്യടക്കി വെച്ച സ്പെയിനെതിരെ 30 വർഷം നീണ്ടു നിന്ന സ്വാതന്ത്യപ്പോട്ടമാണു ജനങ്ങൾ നടത്തിയത്.ജോസ് മാർട്ടിയിരുന്നു അതിനു നേതൃത്വം നൽകിയത്.കാൾ മാർക്സിനെക്കാൾ ഫിദൽ കാസ്ത്രോ വായിച്ചതും പ്രാവർത്തികമാക്കാൻ ശ്രമിച്ചതും ജോസ് മാർട്ടിയുടെ ദർശനങ്ങളായിരുന്നു.


സ്പെയിനെതിരെ മാർട്ടി നയിച്ചത് ഒളിപ്പോരാട്ടമായിരുന്നു.ഇത് വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തിലായിരുന്നു അമേരിക്കൻ നാവികപ്പട ഹവാനയിലിറങ്ങി ഇടപെട്ടത്.114നാൾ അവരും സ്പെയിനും തമ്മിൽ ക്യൂബയുടെ നിയന്ത്രണത്തിനായി യുദ്ധം ചെയ്തു.അങ്ങനെ തങ്ങളുടെ സ്വാതന്ത്ര്യസമരത്തെ യാങ്കികൾ തട്ടിയെടുത്തതായി ഫിദൽ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ടു:“സ്പെയിൻ കാർ തോറ്റോടാൻ തുടങ്ങിയപ്പോൾ അവരെത്തി.അവർ താഴെക്കിടന്ന പഴുത്ത മാങ്ങകൾ പെറുക്കിയെടുത്തു”.



അവസാനം,പാരീസിൽ 1898ൽ സ്പെയിനും അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കിയപ്പോൾ,സ്വാതന്ത്യത്തിനായി പൊരുതിയ ഒരൊറ്റ ക്യൂബൻകാരൻ പോലും അവിടെയുണ്ടായിരുന്നില്ല.സ്പാനിഷ് ആധിപത്യത്തിൽ നിന്ന് ക്യൂ ബ അമേരിക്കനധിനിവേശത്തിലേക്ക് വന്നു.പുതിയ റിപ്പബ്ലിക്ക് പിറന്നുവെങ്കിലും,ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയ്ക്കുള്ള അധികാരം ഉപയോഗിച്ച് അവർ ആ കൊച്ചുരാജ്യത്തെ തങ്ങളുടെ സാമ്പത്തിക കോളനിയാക്കി.ക്യൂബൻ ജനതയുടെ സ്വത്തിനും പൌരസ്വാതന്ത്യത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ നടത്താനുള്ള അധികാരം ക്യൂബൻ ഭരണഘടന തന്നെ അമേരിക്കയ്ക്ക് നൽകി.അവിടെ നാവികകേന്ദ്രങ്ങളോ ഖനികളോ ആരംഭിയ്ക്കുന്നതിനു ഭൂമി അമേരിക്കയ്ക്ക് വിൽക്കാനോ ,ദീർഘകാലവാടകയ്ക്ക് നൽകാനോ ഭരണഘടനയിൽ വ്യവസ്ഥയുണ്ടാക്കി.ഇതുപയോഗിച്ചായിരുന്നു,കോൺസണ്ട്രേഷൻ ക്യാമ്പ് എന്ന നിലയിൽ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ നാവികകേന്ദ്രം അമേരിക്ക സ്ഥാപിച്ചത്.


അമേരിക്കൻ വ്യവസായികൾ വൻ തോതിൽ അവിടെ കരിമ്പിൽ തോട്ടങ്ങൾ വാങ്ങിക്കൂട്ടി.ഫാക്റ്ററികൾ തുറന്നു.ബാങ്കിങ്ങ്പ്രവർത്തനങ്ങളെ നിയന്ത്രിച്ചു.യാങ്കി അധിപത്യത്തിനും ,അമേരിക്കൻ പാവ സർക്കാരുകൾക്കുമെതിരെ ക്യൂബൻ ജനത സമരം തുടർന്നു.ഇതിനിടയിൽ ജനാധിപത്യ സർക്കാരുകളുണ്ടായി.അവരും അഴിമതിയിൽ കുളിച്ചു നിന്നു.അപ്പോൾ ജനങ്ങൾ അവർക്കെതിരേയും കലാപത്തിനിറങ്ങി.ഇങ്ങനെയുള്ള രാഷ്ട്രീയാന്തരീക്ഷത്തിലൂടെ വളർന്നുവന്ന ഫിദൽ കാസ്ത്രോ ഹവാന കാമ്പസിൽ ധിക്കാരിയും വഴക്കാളിയുമായി പൊതുപ്രവർത്തനം തുടങ്ങിയത് സ്വാഭാവികം.വിദ്യാർത്ഥികളുടെ തെമ്മാടിക്കൂട്ടങ്ങൾ ഏറ്റുമുട്ടുന്ന ആ കാമ്പസിലും പുറത്തും കൈത്തോക്കുമായി ഫിദൽ സഞ്ചരിച്ചു.രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിൽ പങ്കെടുത്തു.കരിമ്പു ഫാക്റ്ററി ഉടമയും യാഥാസ്ഥിതികനുമായ അച്ഛനോടും സഹോദരങ്ങളോടു പോലും പലപ്പോഴും എതിരിടേണ്ടി വന്നിട്ടുണ്ടു,ഫിദലിനു.സ്കൂളിൽ പഠിക്കുമ്പോഴേ ബെസ്റ്റ് അത്ല്റ്റായിരുന്ന അദ്ദേഹത്തിന്റേത് ആകർഷകമായ ആകാരവും വ്യക്തിത്വവുമായിരുന്നു.കാമ്പസിൽ നിന്ന്,ഡൊമിനിക്കിലെ ഏകാധിപതിയെ സ്ഥാനഭ്രഷ്ടനാക്കാ‍ൻ മെഷീൻ ഗണ്ണുമായി കലാപകാരികൾക്കൊപ്പം കപ്പൽ കേറിക്കൊണ്ടായിരുന്നു ഫിദൽ തന്റെ സാഹസികമായ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് എന്ന് പറയാം.മൂന്നു കപ്പലുകളിലുള്ള മുഴുവൻ കലാപകാരികളേയും സൈന്യം തുരത്തി.ആയുധവുമായി നീന്തി ഒരു നയതന്ത്രകാര്യാലയത്തിൽ എത്തിയായിരുന്നു,അദ്ദേഹം രക്ഷപെട്ടത്. തുടർന്നും രക്തവും തോക്കുകളും നിറഞ്ഞ പോരാട്ടങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു,അദ്ദേഹത്തിനു.


1946ൽ എഡ്യുറാഡോ ചിബാസ് രൂപവത്കരിച്ച ക്യൂബൻ പീപ്പിൾസ് പാർട്ടിയുടെ നേതൃനിരയിൽ ഫിദലുമുണ്ടായിരുന്നു.1951ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചിബാസ് ഒരു റേഡിയോ പ്രസംഗത്തിനിടയിൽ വയറ്റിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വന്നു,അദ്ദേഹത്തിനു.ആ പാർട്ടിയുടെ സ്ഥാനാർത്ഥിയയി കോൺഗ്രസിലേക്ക് ഫിദൽ മത്സരിച്ചു.പക്ഷേ, മുൻ പ്രസിഡന്റ് ജനറൽ ബാറ്റിസ്റ്റ തെരഞ്ഞെടുപ്പ് അസാധുവാക്കി ,ഭരണം പിടിച്ചെടുത്തു.

ഇനി ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ ഒളിപ്പോരല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഒരു സംഘം യുവാക്കൾ തീരുമാനിച്ചു.1956 ജൂലൈ 26 135 കലാപകാരികളുമായി ഫിദലും റൌളും ചേർന്ന് രാജ്യത്തെ ഏറ്റവും വലിയ ആയുധപ്പുരയായ മൊൺക്കാഡാ ബാരക്ക് ആക്രമിച്ചു.പക്ഷേ, അത് പരാജയപ്പെട്ടു. മുപ്പതിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന സർവകലാശലാവിദ്യാർത്ഥികളായിരുന്ന 60ൽ‌പ്പരം കലാപകാരികളെ സൈന്യം വെടിവെച്ചുകൊന്നു.

സാന്റിയാഗോയിലെ സൈറാ മൈസ്ട്രാ മലനിരകളിലേക്ക് രക്ഷപ്പെട്ട ഫിദലിനേയും സംഘത്തേയും ബാറ്റിസ്റ്റയുടെ സൈന്യം പിടികൂടിയെങ്കിലും നല്ലവനായൊരു ഓഫീസറുടെ ഇടപെടൽ കാരണം അവർ മരണത്തിൽ നിന്ന് രക്ഷപെട്ടു.കോടതിൽ വിചാരണയ്ക്ക് ഹാജരാക്കപ്പെട്ട ഫിദൽ കേസ് സ്വയമായാണു വാദിച്ചത്.ക്യൂബൻ വിപ്ലവത്തിന്റെ അടിസ്ഥാനപ്രമാണമായി കണക്കാക്കപ്പെടുന്ന “ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും”എന്ന വിശ്വപ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തിയത് ഈ വിചാരണയ്കിടയിലായിരുന്നു.15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫിദലിനേയും കൂട്ടരേയും രണ്ടുവർഷത്തിനു ശേഷം ബാറ്റിസ്റ്റ പൊതുമാപ്പു നൽകി വിട്ടയച്ചു.


തുടർന്ന് മെക്സിക്കോലെത്തി ചെ ഗുവെരെയോടൊപ്പം ചേർന്ന് ഗറില്ലായുദ്ധത്തിനു ഫിദൽ പ്രവാസികളെ സംഘടിപ്പിച്ചു.1956 നവംബർ 26നു ഒളിപ്പോർ പരിശീലനം ലഭിച്ച് 80 കലാപകാരികളുമായി ഗ്രാന്മാ എന്ന യാനത്തിൽ അവർ ക്യൂബയിലേക്ക് പുറപ്പെട്ടു.പ്രതികൂല കാലവസ്ഥയും പട്ടിണിയും കാരണം അവശരായി കിഴക്കൻ തീരത്തിറങ്ങിയ ഒളിപ്പോരാളികളിൽ അറുപതോളം പേരെ ബാറ്റിസ്റ്റയുടെ സൈന്യം പിടികൂടി വധിച്ചു.ഫിദലും റൌളും ,ഗുവെരെയുമടങ്ങിയ ചെറിയൊരു സംഘം രക്ഷപെട്ട് സൈറ മൈസ്ത്ര മലനിരകളിലെത്തി.അവിടം കേന്ദ്രീകരിച്ച് അവർ നടത്തിയ പോരാട്ടങ്ങൽക്ക് ജനങ്ങളുടെ പിന്തുണയേറി.ബാറ്റിസ്റ്റയ്ക്കെതിരായ ഗറില്ലാപ്പോരാട്ടങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ ഫിദലിന്റെ നേതൃത്വത്തിൽ ഒന്നിച്ചു.പിന്നെ, ബാറ്റിസ്റ്റയുടെ സൈന്യം യുദ്ധമുന്നണിയിൽ തോറ്റോടാൻ തുടങ്ങി.

അവസാനം ,താൽക്കാലിക തലസ്ഥാനമായിരുന്ന സാന്റ ക്ലാര ചെ ഗുവെരെയുടെ നേതൃത്വത്തിലുള്ള കലാപകാരികൾ പിറ്റിച്ചെടുത്തതോടെ ബാറ്റിസ്റ്റ മുട്ടുമടക്കി.1959 ജനുവരി ഒന്നിനു പുലർച്ചെ, രാജ്യം കൊള്ളയടിച്ച പണവുമായി അയാൾ ഡൊമിനിക്കിലേക്ക് വിമാനത്തിൽ പലായനം ചെയ്തു.ചെയുടെ നേതൃത്വത്തിൽ വിപ്ലകാരികൽ ഹവാനയിലെത്തി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.ജനുവരി 8നു വിജയഘോഷയാത്ര നയിച്ചുകൊണ്ടു 32കാരനായ ഫിദൽ കാസ്ത്രോ ഹവാനയിലെത്തി.പിന്നെയെല്ലാം ചരിത്രം.

ഇക്കാലമത്രയും അമേരിക്ക ,അതിന്റെ സർവ്വ ശക്തിയുമുപയോഗിച്ച് ഫിദലിനെ കൊലപ്പെടുത്താനും ക്യൂബയെ തകർക്കാനും നോക്കി.സാമ്പത്തിക രാഷ്ട്രീയ ഉപരോധത്തിലൂടെ ജനങ്ങളെ പട്ടിണിക്കിട്ടു ദുർബലപ്പെടുത്താൻ നോക്കി.അദ്ദേഹത്തിന്റെ സഹോദരിയ്ക്കും ,ഒരു മകൾക്കും രാഷ്ട്രീയാഭയം നൽകി മാനസികമയി തളർത്താൻ നോക്കി.ഒരു ശ്രമവും വിജയിച്ചില്ല.ഒന്നിനും ക്യൂബയേയും ഫിദലിനേയും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.


പക്ഷേ,എല്ലാക്കാലവും ഒന്നു പോലെയല്ല.“മാറാത്തതായി ഈ ലോകത്ത് ഒന്നേയുള്ളു;മാറ്റം എന്ന വാക്കല്ലാതെ” എന്ന് ഉദ്ഘോഷിച്ചത് കാൾ മാർക്സായിരുന്നു എന്നു നമുക്കിപ്പോൾ ഓർക്കാം.

Thursday, 21 April 2011

ഒരു വിചിത്രമായ സാംക്രമികരോഗം

ഴിഞ്ഞ ആഴ്ചകളിൽ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടേറെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു.

അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.കേരളത്തിലെ ഏറ്റവും നഗരവത്കൃതമായ പ്രദേശമാണിവിടം.സമ്പന്നർ പാർക്കുന്ന ഹൌസിങ്ങ് കോളനികൾക്ക് സമാനമായ പാർപ്പിടങ്ങളുടെ നീണ്ട നിരകളാണെങ്ങും.കുടിലുകളും സാധാരണ വീടുകളും ചേരികളുമൊക്കെ അത്യപൂർവ്വം.എല്ലാ വീട്ടിലും ടെലിവിഷൻ.അതിൽ ബഹുഭൂരിപക്ഷത്തിനും കേബിളോ ഡി.ടി.എച്ചോ ഉണ്ട്.റേഡിയോ ഒരു അപൂർവവസ്തുവാണു.എല്ലാവീട്ടിലും പത്രമാസികകൾ.മിക്കവാറും പേർക്ക് മൊബൈൽ ഫോണുകൾ.മ്യൂസിക് സിസ്റ്റം.പകുതിയിലധികം വീടുകളിൽ സ്വന്തമായി ഒന്നിലേറെ മോട്ടോർ വാഹനങ്ങൾ……ഇങ്ങനെ പോകുന്നു,ആഡംബരപൂർണ്ണമായ ജീവിതസാഹചര്യങ്ങൾ.

ഇതിനുള്ള പണം ഒഴുകുന്നത് ഗൽഫിൽ നിന്നും അമേരിക്കയിൽ നിന്നുമാണു.ബഹുഭൂരിപക്ഷം വീടുകളിലും ഇങ്ങനെ വിദേശപണം എത്തുന്നു.1980തുകളിൽ സമൂഹത്തിലെ താഴെതട്ടിലുള്ള അവിദഗ്ദ്ധതൊഴിലാളികളായിരുന്നു വിദേശങ്ങളിലേക്ക് തൊഴിൽ തേടി പോയിരുന്നതെങ്കിൽ ഇപ്പോൾ അമേരിക്കയിലേക്കും ആസ്ത്രേലിയയിലേക്കും മറ്റും കുടിയേറി പാർക്കുന്നവർ ഉന്നത ബിരുദധാരികളും പ്രൊഫഷണൽ ഡിഗ്രികളുള്ളവരുമാണു.അവർ പണികഴിപ്പിച്ച ആയിരക്കണക്കിനു രംയഹർമ്മങ്ങൾ മാവേലിക്കര,തിരുവല്ല ഭാഗങ്ങളിൽ ആൾപ്പാർപ്പില്ലാത്ത ഭാർഗ്ഗവീനിലയങ്ങളായി കിടക്കുന്നുണ്ടു.കഴിഞ്ഞ രണ്ടു ദശബ്ദം കൊണ്ടു ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ അപ്പാടെ മാറി.

ഭൌതിക ജീവിതസാഹചര്യങ്ങൾ ഉയരുമ്പോൾ ഏതൊരു സമൂഹത്തിലും സംഭവിക്കേണ്ട ചില മാറ്റങ്ങളുണ്ടു.ഫ്യൂഡൽ വ്യവസ്ഥയുടെ സംസ്കാരവും അന്തരീക്ഷവും ക്രമേണ അപ്രത്യക്ഷമാകേണ്ടതാണു.അവയുടെ ആത്മാവായ ആചാരനുഷ്ഠാനങ്ങളും ജീവിതക്രമവും പുതിയകാലത്തിനു വഴിമാറിക്കൊടുക്കേണ്ടതാണു.പഴമയുടെ പ്രേതങ്ങളെ സംസ്കരിച്ച്,അതിൻ മേൽ പുതിയ ജീവന്റെ വിത്ത് പാകി അവ മുളപൊട്ടി കിളിച്ച് തഴച്ചുവളരേണ്ടതാണു.അതാണു നാട്ടു നടപ്പ്.അതാണു ചരിത്ര പാഠം.

പക്ഷേ,സംഭവിച്ചുകൊണ്ടിരിക്കുന്നത് മറിച്ചാണു.ഹിന്ദു,ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ടവരാണു ജനസംഖ്യയുടെ 95 ശതമാനത്തിനും മേലെ.സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ സർവവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിതവീര്യത്തോടെ ഈ പ്രദേശത്ത് തിരിച്ചുവന്നിരിക്കുന്നു.അവയ്ക്ക് കാലികമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതിയ അനാചാരങ്ങളുടെ പരമ്പര തന്നെയുണ്ടു.ജാതിപ്പേരുകൾ തിരികെ വന്നിരിക്കുന്നു എന്നതാണു അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.സിവിൾ സർവീസ് നേടിയ എന്റെ ഒരു സഹപാഠിയെ അടുത്തിടെ കണ്ടു.പഠിക്കുന്ന കാലത്ത് തീവ്രവിപ്ലവകാരിയായി അറിയപ്പെട്ട അവർ ഇന്നൊരു ഭക്തശിരോമണിയാണു.പേരിനൊപ്പം വാലായി ജാതിപ്പേരു കൂട്ടിച്ചേർത്തിരിക്കുന്നു.കേന്ദ്ര സിവിൽ സർവ്വീസിൽ ഉന്നതസ്ഥാനം വഹിക്കുന്ന മറ്റൊരു അതിവിപ്ലവകാരിയായിരുന്ന സ്നേഹിതനെ തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോൾ ഭഗവദ് ഗീതയെക്കുറിച്ച് മാത്രമേ സംസാരിച്ചുള്ളൂ.പോരാത്തതിനു തന്റെ കുടുംബക്ഷേത്രത്തിലെ ദേവിയക്കുറിച്ചെഴുതിയ കവിത ഭക്തിപുരസ്സരം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.അവരുടെയൊക്കെ മൊബൈൽ ഫോണുകളിലെ കോളർട്യൂണുകളിലും ഭക്തി കരകവിഞ്ഞ് ഒഴുകുകയാണു.

ഇവിടെ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം ആയിരക്കണക്കിനു പുതിയ ദേവാലയങ്ങൾ ഉയർന്നു വന്നു;പള്ളികളും അമ്പലങ്ങളും പുതുക്കിപണിതു.കണക്കറ്റ മൂലധനം ഇതിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും ഒഴുകിയെത്തി.കാവുകളാൽ സമ്പന്നമായ മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ഇപ്പോൾ എണ്ണമറ്റ കുടുംബക്ഷേത്രങ്ങൾ ഉയർന്നുവന്നിരിക്കുന്നു.അപഥസഞ്ചാരത്തിനു പ്രമുഖക്ഷേത്രത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു തന്ത്രിയും ,പേരെടുത്ത ചില പുരോഹിതകുടുംബങ്ങളിൽ പെട്ടവരുടെ തായ്‌വഴിക്കാരുമൊക്കെ ചേർന്ന ഒരു റാക്കറ്റാണു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.ദേവപ്രശ്നമാണു ആദ്യ ഇനം.കവടി നിരത്തുമ്പോൾ കുടുംബത്തിൽ അപമൃത്യു,ധനനഷ്ടം,മാനഹാനി തുടങ്ങിയ അപശകുനങ്ങൾ തെളിയും.ഒരു ബന്ധുവിന്റെ വീട്ടിൽ പ്രശ്നവശാൽ കണ്ടെത്തിയത് “ക്രിസ്ത്യൻ പ്രേത”ത്തിന്റെ സാന്നിദ്ധ്യമായിരുന്നു.ദോഷപരിഹാരാർത്ഥം പൂജാവിധികളുടെ ഒരു പരമ്പര തന്നെ നിർദ്ദേശിക്കപ്പെടും.ഉഗ്രമൂർത്തികളെ ആവാഹിച്ച് കുടിയിരുത്തി പ്രീതിപ്പെടുത്താൻ ക്ഷേത്രനിർമ്മാണവും നിർദ്ദേശിക്കപ്പെടും.അങ്ങനെയാണു എവിടെത്തെരഞ്ഞാലും ക്ഷേത്രങ്ങളുണ്ടാകുന്നത്.പിന്നെ ഉത്സവങ്ങൾ.അവ ഓരോ ദിവസവും സ്പോൺസർ ചെയ്യപ്പെടുകയാണു.കൈയ്യിൽ കാശുണ്ടെന്ന് നാട്ടുകാരെ അറിയിക്കാനുള്ള പുത്തൻ പണക്കാരുടെ പബ്ലിസിറ്റി വർക്കാണിത്.ലക്ഷങ്ങളാണു ഇങ്ങനെ പൊടിപൊടിക്കുന്നത്.

കുത്തിയോട്ടം,വേലകളി,കാവടിയാട്ടം,തൂക്കം എന്നിങ്ങനെ അരങ്ങേറുന്ന ആചാരാനുഷ്ഠാനങ്ങൾക്കും പ്രത്യേകപൂജകൾക്കും കർമ്മങ്ങൾക്കുമായി ചെലവഴിക്കപ്പെടുന്നത് കോടികളാണു.ഉത്സവദിനങ്ങളിൽ സമൂഹസദ്യ,പിന്നെ നാട്ടുനടപ്പനുസരിച്ചുള്ള സൽക്കാരങ്ങൾ.പിന്നെ,വെറ്റില ജ്യോത്സ്യം,നാഡീ ജ്യോത്സ്യം,യജ്ഞം,യാഗം,പൊങ്കാല,ശുഭാനന്ദൻ മുതൽ മാതാ അമൃതാനന്ദമയി വരെയുള്ള അസംഖ്യം മനുഷ്യദൈവങ്ങൾ…എന്തിനു, ശ്രീനാരായണ ഗുരു പോലും ഗുരുമന്ദിരങ്ങളിൽ ദൈവമായി ഇവിടെ ആരാധിക്കപ്പെടുന്നു.മതാതീത ആത്മീയത ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ആ കർമയോഗിയും ഇന്ന് ഈഴവരുടെ മറ്റൊരു ദൈവമാക്കപ്പെട്ടിരിക്കുന്നു.

പുനർനിർമ്മിക്കപ്പെടാത്തതോ,പരിഷ്കരിക്കപ്പെടാത്തതോ ആയ ഒരു പള്ളിപോലും ഉണ്ടാകില്ല. പെരുന്നാളുകൾക്ക് ഒഴുകുന്ന പണത്തിനു കണക്കില്ല.പരമ്പരാഗത സഭകൾക്ക് പുറമേ കെ.പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് പോലുള്ള അതിസമ്പന്നമായ പുതിയ സഭകളും അവയുടെ അനുബന്ധസ്ഥാപനങ്ങളും പണക്കൊഴുപ്പിന്റെ പുതിയ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്.യഹോവാസാക്ഷികളും അവാന്തരവിഭാഗങ്ങളും,ബ്രദറൻ സഭ,രക്ഷാ സൈന്യം എന്നിങ്ങനെ നീളുന്നു,ഈ ആദ്ധ്യാത്മികകൂട്ടങ്ങൾ.എന്നിട്ടും വിശ്വാസികൾ പോട്ടയിലും മുരിങ്ങൂരിലും വചനശുശ്രൂഷയിലും അത്ഭുത രോഗശാന്തിയിലും അഭയം കണ്ടെത്തുന്നു.…

ഇങ്ങനെ ജാതി,മത ഭേദമില്ലാതെ വിശ്വാസത്തിന്റെ പേരിൽ എന്തിനും തുനിയുന്ന,എതു കോപ്രായം കാട്ടാനും തയ്യാറായ വിചിത്രസ്വഭാവമുള്ള അഭ്യസ്തവിദ്യരും ഭേദപ്പെട്ട ജീവിതനിലവാരവുമുള്ള ദശശലക്ഷക്കണക്കിനു ആധുനിക അന്ധവിശ്വാസികളുടെ നാടാണിത്.എന്താണു ഇതിനു കാരണം? കടുത്ത അരക്ഷിതത്വം അഭിമുഖീകരിക്കുന്നവരാണോ ഈ കൂട്ടർ?കണ്ണുമടച്ച് ഏത് ആദ്ധ്യാത്മികവ്യാപാരിയുടേയും പിന്നാലെ പായാൻ മാത്രം ആദ്ധ്യാത്മിക ദാരിദ്ര്യം അനുഭവിക്കുന്നവരാണോ സമ്പന്നരായ ഈ ജനത?മത നവീകരണപ്രസ്ഥാനങ്ങളും,അതിനെ പിന്തുടർന്ന് വേരോടിയ നവോത്ഥാന,പുരോഗമന പ്രസ്ഥാനങ്ങളും പകർന്നു നൽകിയ ജീവിതമൂല്യങ്ങളും,ദർശനങ്ങളും ശാസ്ത്രാവബോധവുമൊക്കെ വലിച്ചെറിഞ്ഞ് ഭക്തിയുടെ പേരിൽ ഒരുതരം ഭ്രാന്തിലേക്ക് തിരിയാൻ വലിയൊരു വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ച സാഹചര്യങ്ങളെന്താണെന്ന് രാഷ്ട്രീയ,മത നേതൃത്വങ്ങൾ ആത്മവിമർശനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇത് മാരകമായൊരു സാംക്രമിക രോഗമാണു.കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് പെട്ടെന്ന് പടർന്ന് പിടിക്കാനിടയുണ്ടു.ജാഗ്രത.

Monday, 11 April 2011

അഴിമതി:തുറന്നിരിക്കട്ടെ ഈ മൂന്നാം കണ്ണുകൾ

ന്നാ ഹസാരെയുടെ സത്യഗ്രഹം ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത് വളരെ പെട്ടെന്നായിരുന്നു. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെയോ അവരുടെ പോഷകസംഘടനകളുടേയോ പിന്തുണയോ സ്പോൻസർഷിപ്പോ ഇല്ലാതെ നടത്തിയ ഒരു ഗാന്ധിയൻ സമരത്തിനു ലഭിച്ച അസാധാരണമായ ബഹുജനപിന്തുണയുടെ കാരണമെന്താണു? പരശതം കോടി രൂപയുടെ അഴിമതി പരമ്പരകളാൽ പൊറുതിമുട്ടിയ പൊതുജനങ്ങളുടെ രോഷപ്രകടനമായിരുന്നു ജന്തർ മന്ദിറിലും ഇന്ത്യാഗേറ്റിലും അലയടിച്ചത്.അഴിമതിക്കെതിരായ ഈ കുരിശുയുദ്ധത്തിനു പിന്തുണയുമായി തടിച്ചുകൂടിയവരിൽ നല്ലൊരുപങ്കു ചെറുപ്പക്കാരും വിദ്യാർത്ഥികളുമായിരുന്നു.അതും ഐ.ടി,മാദ്ധ്യമ മേഖലകളിലൊക്കെ പ്രവർത്തിക്കുന്നവർ.അവരിൽ ചിലരൊക്കെ പരീക്ഷകൾ പോലും ഉപേക്ഷിച്ചായിരുന്നു സമരപ്പന്തലിൽ ഒത്തുകൂടിയത്.സനദ്ധസംഘടനാപ്രവർത്തകരും ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും സാധാരണക്കാരുമൊക്കെ ഒത്തുചേർന്ന് നടത്തിയ ഈ സമരത്തിനു സമാനതകളില്ല. ഒരു പക്ഷേ,ടുണിഷ്യയിൽ തുടങ്ങി,ഈജിപ്ത് വഴി,ബഹ് റിനിലേക്കും,യമനിലേക്കും ലിബിയയിലേക്കുമൊക്കെ ആഞ്ഞടിച്ച്,ഭരണകൂടങ്ങളെ കിടുകിടെ വിറപ്പിച്ച ‘മുല്ലപ്പൂ വിപ്ലവ’ത്തിന്റെ ഇന്ത്യൻ അവതാരമായി അത് കത്തിപ്പടരുമെന്നു ഭയന്നവരുണ്ടു.അസംഖ്യം പ്രതിഷേധസമരങ്ങൾക്ക് നിത്യവും വേദിയാകുന്ന ജന്തർമന്ദിർ,പക്ഷേ,പുതു ചരിത്രം എഴുതുകയായിരുന്നു. രാഷ്ട്രീയക്കാരെ അകറ്റിനിർത്തുക മാത്രമല്ല,രോഷാകുലരായ ചെറുപ്പക്കാർ ചെയ്തത്.പ്രമുഖ നേതക്കളുടെ ചിത്രങ്ങളിൽ കരി ഓയിൽ ഒഴിക്കാൻ വരെ അവർ തയ്യാറായി. പക്ഷേ,അതൊരു അരാഷ്ട്രീയ ജനക്കൂട്ടമായിരുന്നില്ല.ഇന്റർനെറ്റ് അധിഷ്ഠിതമായ നവമാദ്ധ്യമങ്ങളും മൊബൈൽ ഫോണുമൊക്കെ ഉപയോഗിച്ച് അഴിമതിവിരുദ്ധജനകീയ മുന്നേറ്റത്തിന്റെ സന്ദേശം അനുനിമിഷം ലോകമെമ്പാടും പ്രചരിപ്പിച്ച രാഷ്ട്രീയപ്രബുദ്ധതയുള്ള അഭ്യസ്തവിദ്യരുടെ ഒരു തലമുറയായിരുന്നു,ഈ മുന്നേറ്റത്തിന്റെ ജീവനാഡി.വെബ്സൈറ്റുകൾ,ഓർക്കുട്,ട്വിറ്റർ,ഫേസ്ബുക്ക്,തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെ ഇവർ നടത്തിയ പ്രചാരണങ്ങളായിരുന്നു ഈ പ്രക്ഷോഭത്തെ തീക്കാറ്റുപോലെ പടർത്തിയത്. ജനകീയ ലോക്പാൽ നിയമം രൂപപ്പെടുത്തുന്നതിനുള്ള സമിതിയുടെ വിജ്ഞാപനം സർക്കാർ ഇറക്കിയതോടെ അഞ്ചാം ദിവസം സത്യഗ്രഹം അവസാനിച്ചുവെങ്കിലും അത് കൊളുത്തിവിട്ട വെളിച്ചം കെട്ടടങ്ങുകയില്ല.രാഷ്ട്രത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഉഗ്രപ്രഹരശേഷിയുള്ള ജനകീയപ്രക്ഷോഭകൊടുങ്കാറ്റ് അഴിച്ചുവിടുന്നതിനു പരമ്പരാഗതമായ സമരമുന്നൊരുക്കങ്ങളോ,സംഘടനയോ സംഘടിതനേതൃത്വമോ അനിവാര്യമല്ലെന്നാണു ഈ സത്യഗ്രഹസമരത്തിന്റെ വിജയം നൽകുന്ന സൂചന.സാമൂഹികപ്രതിബദ്ധതയുള്ളവർക്ക്,നവമാദ്ധ്യമങ്ങളുപയോഗിച്ച് നിമിഷനേരം കൊണ്ടു ആയിരങ്ങളെ അണിനിരത്താനാകുംവിധം ആശയപ്രചാരണം നടത്താൻ കഴിയുമെന്നാണു തെളിയിക്കപ്പെട്ടിരിക്കുന്നത്.മുഖ്യധാരാമാദ്ധ്യമങ്ങൾ കൂടി ഇവിടെ അഴിമതിക്കെതിരായ ഈ ജനമുന്നേറ്റം ഏറ്റെടുക്കുകയായിരുന്നു. ഒരു പക്ഷേ,മറ്റൊരു സജീവമായ ജനകീയ പ്രശ്നത്തിനു പിന്തുണയുമായി ഈ മാദ്ധ്യമങ്ങളൊന്നും മുന്നോട്ട് വന്നില്ലെങ്കിലും മുല്ലപ്പുവിപ്ലവത്തിൽ സംഭവിച്ചതു പോലെ വ്യവസ്ഥാപിതമായ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും മാദ്ധ്യമങ്ങളേയും നിരാകരിച്ചുകൊണ്ടു പോലും ബഹുജനങ്ങൾ തെരുവിലിറങ്ങിയേക്കും.അവരെ തടുത്തു നിർത്താൻ ആർക്കാണു കഴിയുക? അഴിമതിയുടെ കോട്ടകൊത്തളങ്ങൾ തകർത്തെറിയാനുള്ള ജനകീയ മുന്നേറ്റത്തിന്റെ അലയൊലികൾ വരും നാളുകളിൽ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.സി.ബി.ഐയുടേയും വിജിലസ് കമ്മീഷന്റേയും അധികാരങ്ങളുള്ള ലോക്പാൽ സംവിധാനം അടുത്തുതന്നെ നിലവിൽ വരുന്നപക്ഷം അതിന്റെ സദ്ഫലങ്ങൾ നാം അനുഭവിക്കും.നമ്മുടെ ജയിലറകൾ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും കൊണ്ടു നിറഞ്ഞുകവിയും.കട്ടുമുടിച്ച പണം സ്വിസ്ബാങ്കിൽ നിക്ഷേപിച്ചും ബിനാമികളിലൂടെ കള്ളപ്പണമായി സമ്പാദിച്ചും ഞെളിഞ്ഞുനടക്കുന്നവർ അഴിയെണ്ണും. പക്ഷേ,ഈ നിയമനിർമ്മണത്തിലൂടെ ശവക്കുഴി തോണ്ടാൻ ഏതെങ്കിലും രാഷ്ട്രീയക്കാരൻ സ്വമനസാലെ തുനിയുമോ?പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തന്നെ പുതിയ ലോക്പാൽ ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. അതിനാൽ ജാഗരൂകമായ ഈ ദൃഷികൾ തുറന്നു തന്നെയിരിക്കട്ടെ. അടക്കരുത്,ഈ മൂന്നാം സൈബർ കണ്ണുകൾ.

Monday, 4 April 2011

സൈബർ ലോകത്തെ വോട്ടർ

ഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ വിപ്ലവം നടത്തിയത് രാഷ്ട്രീയ കക്ഷികളോ സാമുഹികപ്രസ്ഥനങ്ങളോ മാദ്ധ്യമങ്ങളോ അല്ല. അതൊരു വിവരസാങ്കേതികവിപ്ലവമാണു.അതിനു കാരണക്കാർ പി.എസ്.സി എന്ന ഭരണഘടനാസ്ഥാപനമാണു.എൽ.ഡി ക്ലർക്ക് പരീക്ഷയുൾപ്പെടെ അവർ നടത്തുന്ന മിക്ക പരീക്ഷകളുടേയും അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ എന്ന തീരുമാനം കാരണം കേരളം ഒറ്റനാൾ കൊണ്ടു കമ്പ്യൂട്ടർ സാക്ഷരതയിൽ വൻകുതിച്ചുചാട്ടം തന്നെ നടത്തി.ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മൌസ് കണ്ടിട്ടില്ലാത്തവരും അതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവരും കൂടി കമ്പ്യൂട്ടറിനെക്കുറിച്ച് ഇപ്പോൾ ഊണിലും ഉറക്കത്തിലും ചിന്തിക്കുന്നു.അക്ഷയ കേന്ദ്രങ്ങളിലേക്കും നെറ്റ്കഫേകളിലേക്കും ജനങ്ങൾ ഒഴുകുന്നു.ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ അടുത്ത ഒരു വർഷം കൊണ്ടു കേരളം റെക്കാർഡ് സ്ഥാപിക്കും. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ബൃഹത്തായ ഒരു യജ്ഞംവേണ്ടി വന്നു.പക്ഷേ, പൂർണ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് അതിവേഗം നമ്മൾ കുതിക്കുന്നത് സർക്കാർതലത്തിൽ ഇത്തരമൊരു മുൻ കൈയോ കഠിനപരിശ്രമമോ ഇല്ലാതെയാണു.അതുണ്ടായത് വളരെ പെട്ടെന്ന് നടപ്പിലാക്കിയ ഈ തീരുമാനങ്ങൾ കാരണമാണു.എസ് എം.എസിലൂടെപ്പോലും അപേക്ഷ അയക്കാനുള്ള സംവിധാനം കൂടി പി.എസ്.സി ഏർപ്പെടുന്നുണ്ട്.ഇതോടെ ഒരു പക്ഷേ കമ്പ്യൂട്ടർ,മൊബൈൽഫോൺ സാന്ദ്രതയിൽ കേരളം ഒന്നാം ലോക രാഷ്ട്രങ്ങൾക്ക് ഒപ്പം എത്തും. ഇപ്പോൾ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത നവമാദ്ധ്യമങ്ങളായ ബ്ലോഗുകളും,ട്വിറ്റർ,ഫേസ്ബുക്ക് പോലുള്ള ഇന്റർനെറ്റ് സൌഹാർദ്ദ കൂട്ടായ്മകളും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുണ്ടു.മുഖ്യമായും പ്രവാസികളായ മലയാളികളും,പ്രൊഫഷണൽ ബിരുദധാരികളും പുതുതലമുറരാഷ്ട്രീയക്കാരും വ്യാപരിക്കുന്ന ഈ ഇന്റർനെറ്റ് ലോകത്ത് ഇനി വളരെ സാധാരണക്കാരായ വലിയൊരുവിഭാഗം കൂടി കടന്നുവരുന്നുണ്ടു.നമ്മുടെ ജനാധിപത്യസംവിധനത്തിന്റെ വലിയ വിജയമാണിത്.താഴേതട്ടിലുള്ള ജനങ്ങൾ കൂടി സൈബർസ്പേസിൽ കടന്നു വരുക എന്നതിനർത്ഥം ,ജനാധിപത്യം കൂടുതൽ വിപുലവും അർത്ഥപൂർണ്ണവും ആകുന്നു എന്നതാണു. പ്ലാചിമടയിലും,ചെങ്ങറയിലും,നർമ്മദയിലുമൊക്കെ പതിതരായ ജനത നടത്തിവരുന്ന അതിജീവന സമരങ്ങൾ ലോകശ്രദ്ധതന്നെ പിടിചുപറ്റിയത് നെറ്റ് അധിഷ്ഠിത നവമാദ്ധ്യമങ്ങൾ കൂടി അവർ ഉപയോഗിച്ചതിനാലായിരുന്നു.അതിവേഗം ആശയവിനിമയം സാദ്ധ്യമാക്കുന്ന ഈ മാദ്ധ്യമങ്ങൾ വ്യവസ്ഥാപിതമാദ്ധ്യമങ്ങളെ നിഷ്പ്രഭമാക്കുകയും അവർ പൂഴ്ത്തിവെയ്ക്കുന്ന വാർത്തകളും രേഖകളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.സിറ്റിസൺ ജേർണ്ണലിസത്തിന്റെ ഉത്തമമാതൃകകളാണവ.കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രധാനരാഷ്ട്രീയ തീരുമാനങ്ങൾ മാറ്റിമറിക്കാൻ പ്രേരണയായ ഒരു ഘടകം നവമാദ്ധ്യമങ്ങളിലൂടെ ഒരുവലിയ വിഭാഗം നടത്തിയ പ്രചാരണങ്ങളായിരുന്നു.അങ്ങനെ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാൻ വരെ ഈ മാദ്ധ്യമങ്ങൾക്ക് കഴിയുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഇന്ന് ഏറ്റവും ചൂടേറിയ,അർത്ഥവത്തായ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നത് അച്ചടിമാദ്ധ്യമങ്ങളിലോ,ടെലിവിഷൻ ചാനലുകളിലോ അല്ല.ആ സ്ഥാനം ബ്ലോഗുകൾക്കാണു.അതുകൊണ്ടകാം, ജീവിതത്തിൽ ഇന്നുവരെ ഒരൊറ്റ കമ്പ്യൂട്ടർ പോലും കൈകൊണ്ട് തൊട്ടുനോക്കാത്തവർ വരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് സൈബർലോകത്ത് ചാടിക്കയറുന്നത്. ബ്ലോഗർമാരും സ്ഥാനർത്ഥികളായി രംഗത്തുണ്ടു.ഒട്ടേറെ പേർ സ്വന്തം സൈറ്റുകൾ തന്നെ തുറന്നിട്ടുണ്ടു.ഇന്റർനെറ്റ് കൂട്ടായ്മകളിൽ മുന്നണികൾക്കും സ്ഥാനാർത്ഥിൻകൾക്കും വേണ്ടി പൊരിഞ്ഞ പോരാട്ടങ്ങൾ നടക്കുന്നു.അവ അച്ചടിമാദ്ധ്യമങ്ങളിൽ വാർത്തകളായി ഇടം പിടിക്കുന്നു.ടെലിവിഷൻ ചാനലുകളിൽ ചർച്ചയാകുന്നു.സൈബർലോകത്തെ ഇടപെടലുകൾ ഇങ്ങനെ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. അടുത്തിടെ സംസ്ഥാനത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൂറുമാറ്റം സൈബർലോകത്തുള്ള മലയാളികളെ ഒട്ടും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകില്ല.അവർ ഈ ചുവടുമാറ്റം നെറ്റിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് പറയാം.ആ പരിണാമം സംഭവിച്ചത് നെറ്റിൽ എഴുതിയ കുറിപ്പുകളിലൂടെയായിരുന്നു. ഇപ്പോൾ അതിന്യൂനപക്ഷം മാത്രമേ ഈ രംഗത്തുള്ളൂ.അവർക്ക് ഇത്രമാത്രം മാറ്റങ്ങൾക്ക് തിരികൊളുത്താൻ കഴിഞ്ഞെങ്കിൽ ഭൂരിപക്ഷവും കമ്പ്യൂട്ടർ സാക്ഷരരാകുകയും സാധാരണക്കാർ പോലും നവമാദ്ധ്യമങ്ങളെ തങ്ങളുടെ ആശയപ്രകാശനത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോഴോ?വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടേയോ മുന്നണികളുടേയോ മാദ്ധ്യമങ്ങളുടേയോ വരുതിക്കുള്ളിൽ നിൽക്കുന്ന ഒരു സമൂഹമായിരിക്കില്ല ഇനി നമ്മുടേത്.ഒരു ഭീഷണിക്കും വഴങ്ങാതെ, സത്യസന്ധമായും നിഷ്പക്ഷമായും ധീരതയോടെ പ്രശ്നങ്ങളോട് പ്രതികരിക്കാൻ അവർക്ക് കഴിയും.അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പുൾപ്പെടെ വലിയ രാഷ്ട്രീയപ്രാധാന്യമുള്ള സംഭവവികാസങ്ങളിൽ ദൃശ്യമാകും. മൌസ് കൈയിലുള്ളവരെ രാഷ്ട്രീയക്കാർക്കിനി പേടിക്കുക തന്നെ വേണം.അവർ ഒരിക്കലും അരുടേയും വോട്ട് ബാങ്കായി നിശ്ചലരായി ഇരിക്കുകയില്ല.അവർ അസാധാരണമായ പ്രതികരണശേഷിയുള്ള,രാഷ്ട്രീയ പ്രബുദ്ധതയുള്ള വിഭാഗമാണു.അവർ ഒരു എലിപത്തായത്തിലും കയറുകയില്ല.സൈബർ ലോകത്തെ വോട്ടർ ഒരു പ്രവചനത്തിനും വഴങ്ങുന്നവരാകില്ല.ഒരു കള്ളിയിലും അവരെ കൊള്ളിക്കാനാവില്ല.അനുസരണയുള്ള കുഞ്ഞാടുകളുടെ കാലം അസ്തമിച്ചു. കമ്പ്യൂട്ടറിനു സ്വസ്ഥി.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ