Wednesday, 16 March 2011

ആൽബർട്ടോ ഗ്രനാഡോ,പിന്നെ ‘ചെ‘യും





ൽബർട്ടോ ഗ്രനാഡോ ഇക്കഴിഞ്ഞ നാൾ ചരിത്രത്തിലേക്ക് പിൻ വാങ്ങി.88ആം വയസ്സിൽ ഹവാനയിൽ അന്തരിക്കുമ്പോൾ ഗ്രനാഡോ അവശേഷിപ്പിച്ചത് സമാനതകളില്ലാത്ത ,സംഭവബഹുലമായൊരു വിപ്ലവചിത്രം.അതിൽ ചെ ഗുവേരയുണ്ട്.ഫിദൽ കാസ്ട്രോയുണ്ടു.ലാറ്റിനമേരിക്കയുടെ സമരവീര്യത്തിന്റെ ചരിത്രമുണ്ടു.
എല്ലാം ആരംഭിച്ചത് ഒരു യാത്രയോടെയായിരുന്നു.
1952 ഡിസംബർ 29. അർജന്റീനയിലെ കോർദോബ നഗരത്തിൽ നിന്ന് രണ്ടു യുവാക്കൾ ഒരു സാഹസികയാത്രക്ക് പുറപ്പെട്ടു.ആൽബർട്ടോ ഗ്രനാഡോ എന്ന 29 വയസുള്ള ബയോകെമിസ്റ്റിന്റെ ഒരു പഴയ 500 സി.സി നോർട്ടൻ മോട്ടോർബൈക്കായിരുന്നു വാഹനം.ലക്ഷ്യം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ജീവിതത്തെ അടുത്തറിയുക. ഗ്രനാഡോയുടെ ഒപ്പമുള്ളയാൾ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു;അന്ന് പ്രായം 23.പേരു ഏണസ്റ്റോ ചെ ഗുവേര.അതേ സാക്ഷാൽ ‘ചെ’ തന്നെ.
ഏണസ്റ്റോ ഗുവേര എന്ന മെഡിക്കൽ വിദ്യാർത്ഥിയെ ആധുനിക ലോകം കണ്ട ഏറ്റവും സാഹസികനായ വിപ്ലവകാരിയായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഏഴുമാസം നീണ്ടുനിന്ന ഈ ബൈക്ക് യാത്രയായിരുന്നു.ചിലി,പെറു,വെനിസ്വേല,കൊളംബിയ എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെ അവർ നടത്തിയ ഈ യാത്രയുടെ ഡയറിക്കുറിപ്പുകൾ രണ്ടാളും വെവ്വേറെ രേഖപ്പെടുത്തി,1992ൽ ചെ ഗുവേര എഴുതിയ യാത്രാക്കുറിപ്പുകൽ “മോട്ടോർ സൈക്കിൾ ഡയറീസ്” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഗ്രനാഡോയുടെ ഡയറിക്കുറിപ്പുകൾ “ട്രാവലിങ്ങ് വിത്ത് ചെ ഗുവേര:മേക്കിങ്ങ് ഓഫ് എ റെവല്യൂഷനറി” എന്ന പേരിൽ 1978ൽ സ്പാനിഷ് ഭാഷയിലാണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.ഈ രണ്ട് ഓർമ്മക്കുറിപ്പുകളും ചേർത്താണു വാൾട്ടർ സാലസ് “ദ മോട്ടോർസൈക്കിൾ ഡയറീസ്”എന്ന പ്രസിദ്ധമായ ചലച്ചിത്രം രൂപപ്പെടുത്തിയത്.

1928 ജൂൺ 14നു അർജന്റീനയിലെ റൊസാരിയോയിൽ രാഷ്ട്രീയപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ പിറന്ന ഏണസ്റ്റോ ഗുവേര ഡീലാ സെർന അഞ്ചുമക്കളിൽ മൂത്തവനായിരുന്നു.ബാല്യം മുതൽക്കേ കടുത്ത ആസ്ത്മ കൂട്ടിനുണ്ടായിരുന്നു.കുടുംബം കൊർദോബയിലേക്ക് താമസം മാറ്റിയത് ഗുവേരയുടെ ആരോഗ്യം മെച്ചപ്പെടണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു.ശുദ്ധമായ കാറ്റു കിട്ടുന്ന പ്രദേശമായിരുന്നു,അത്.പഠനത്തിൽ മിടുക്കനായിരുന്നു ഗുവേര.കുടുംബ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ.അച്ഛനുമമ്മയും സജീവ രാഷ്ട്രീയ പ്രവർത്തകർ.
പ്രായം കൊണ്ടു ആറു വയസ്സിനു മൂത്തയാളായിരുന്നു,ഗ്രനാഡോ.അമ്മയുടെ ആരോഗ്യം മോശമായിരുന്നതിനാൽ കോർദോബയിലെ മുത്തച്ഛന്റെ ഒപ്പം നിന്നായിരുന്നു പഠിച്ചത്.രണ്ടാളും പരിചയത്തിലാകുന്നത് അപ്പോഴായിരുന്നു.ഗ്രനാഡോ അന്നു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.അർജന്റീനിയൻ ഏകാധിപതിക്കെതിരെ പ്രക്ഷോഭം നടന്നുവരുന്ന കാലമായിരുന്നു,അത്.അതിൽ പങ്കെടുത്തതിനു അദ്ദേഹം 1943ൽ തടവിലാക്കപ്പെട്ടു.
1945ൽ ബ്യൂണസ്അയേഴ്സ് സർവകലാശാലയിൽ മെഡിസിൻ വിദ്യാർത്ഥിയായി ഗുവേര ചേർന്നു.സ്കൂൾ തലം മുതൽക്കേ സ്പോർട്ട്സും സാഹസികതയും ഇഷ്ടപ്പെട്ട ഗുവേര അക്കൊല്ലത്തെ വിന്റർ അവധിക്കാലത്ത് അർജന്റീന കാണാൻ പുറപ്പെട്ടു;തന്റെ പ്രിയപ്പെട്ട സൈക്കിളിൽ നാലുമാസം കൊണ്ടു 2900 മൈലുകളായിരുന്നു അദ്ദേഹം താണ്ടിയത്.ആ യാത്രയിൽ നിന്നുള്ള പ്രചോദനമാകാം,ഗ്രനാഡോ മോട്ടോർസൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ അതിനു സമ്മതിക്കാൻ ഗുവേരയെ പ്രാപ്തനാക്കിയത്.അക്കാലത്ത് ആദ്യമായി അർജന്റീനയിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ ഉത്തര അമേരിക്കൻ എഴുത്തുകാരുടെ രചനകളും ഈ സാഹസികയാത്രക്ക് അവരെ പ്രചോദിപ്പിച്ചു.

വ്യത്യസ്ത ഭൂവിഭാഗങ്ങലിലൂടെ,മണലാരണ്യങ്ങളിലും മഴക്കാടുകളിലുമൂടെ ബൈക്കിൽ വലിയ ഭാണ്ഡക്കെട്ടും പേറി അവർ സഞ്ചരിച്ചു.ലെപ്രസി സാനറ്റോറിയത്തിലെ ഡയറക്ടറായിരുന്നു,അപ്പോൾ ഗ്രനാഡോ.പെറുവിൽ അവർ താമസിച്ചത് കുഷ്ടരോഗികളുടെ ഒരു കോളനിയിലായിരുന്നു.മറ്റൊരവസരത്തിൽ ഒഴിഞ്ഞ ഒരു പൊലീസ് ലോക്കപ്പിൽ.എങ്ങും തരപ്പെട്ടില്ലെങ്കിൽ ഭാണ്ഡക്കെട്ടഴിച്ച് വഴിവക്കിൽ കൂടാരമുണ്ടാക്കി കഴിയും.ആസ്ത്മ അധികരിച്ച് പലപ്പോഴും ഗുവേര കിടപ്പിലായി.ഇടയ്ക്കൊക്കെ ബൈക്ക് പണിമുടക്കി.കൈയിലെ പണം തികയാതെ വന്നപ്പോൾ പട്ടിണി കിടന്നു.തീരെ മെഡിക്കൽ സൌകര്യങ്ങളില്ലാതിരുന്ന പ്രദേശങ്ങളിൽ പലപോഴും രണ്ടാളും ഡോക്ടർമാരായി….

അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളനുഭവിക്കുന്ന യാതനകളും വേദനകളും അവർ നേരിട്ടറിഞ്ഞു.ഇതിനിടയിൽ മദ്യപിച്ചും നൃത്തം ചെയ്തും ,യുവതികളെ പ്രേമിച്ചും,അവർക്ക് സമ്മാനങ്ങൾ നൽകിയും പച്ചയായ യുവത്വം ആഘോഷിച്ച് മുന്നേറിയ ആ യാത്ര വെനിസ്വേലയിൽ അവസാനിച്ചപ്പോൾ ചെ ഗുവേര തന്റെ ജീവിതപ്പാത കണ്ടെത്തിക്കഴിഞ്ഞിരുന്നു;ലാറ്റിൻ അമേരിക്കയിലെ പാവങ്ങൾക്കും പതിതർക്കും വേണ്ടിയാണിനി തന്റെ ജീവിതം.നാട്ടിലേക്ക് പോകുന്ന ഒരു ചരക്ക് വിമാനത്തിൽ കയറി ഗുവേര ബ്യൂണസ്അയേഴ്സിലേക്ക് മടങ്ങി.1953ൽ അദ്ദേഹം മെഡിസിൻ പാസായി.സർക്കാർ സർവീസിലേക്ക് വിളിച്ചുവെങ്കിലും ആസ്ത്മ കാരണം ജോലി നിഷേധിക്കപ്പെട്ടു.ആ വർഷം ലാറ്റിൻ അമേരിക്കയിലൂടെ ദീർഘമായൊരു തീവണ്ടി യാത്ര നടത്തി,ഗുവേര.

ജോലി തേടി തൊട്ടടുത്ത വർഷം ഗുവേര ഗ്വാട്ടിമാലയിലെത്തി.ആസ്ത്മക്കാരനെ ഡോക്റ്ററാക്കാൻ ആരും ധൈര്യപ്പെട്ടില്ല.ചെറിയ ചെറിയ ജോലികൾ ചെയ്തും രാഷ്ട്രീയപ്രവർത്തനം നടത്തിയും കഴിഞ്ഞ ഇക്കാലത്തായിരുന്നു അദ്ദേഹം മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്.ക്യുബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരെ ഫിദൽ കാസ്ട്രോവിന്റെ നേതൃത്വത്തിൽ നടന്ന കലാപം പരാജയപ്പെട്ടു.ഫിദൽ തടവിലാക്കപ്പെട്ടു.നാടുകടത്തപ്പെട്ട വിപ്ലവകാരികളിൽ ചിലരെ ഗുവേര പരിചയപ്പെട്ടതോടെ ജീവിതത്തിന്റെ ഗതിമാറി.

1955 ജൂലൈയിൽ ചരിത്രപ്രസിദ്ധമായ ആ ഒത്തുചേരൽ നടന്നു.ഫിദൽ കാസ്ത്രോ ഗുവേരയെ കണ്ടുമുട്ടി.ക്യൂബൻ ഏകാധിപതിക്കെതിരായ ഗറില്ലാപോരാട്ടത്തിന്റെ മൂന്നാമത്തെ അംഗമായി ഗുവേര ചേർന്നു.പുതിയ അംഗങ്ങളെ ഒളിപ്പോർ പരിശീലിപ്പിക്കുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.അങ്ങനെ ഗുവേര ‘ചെ ഗുവേര’യായി.ഫിദലും കാസ്ത്രോയും ചേർന്ന് ക്യൂബൻ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചു.
1959 ജനുവരി ഒന്നിനു ബാറ്റിസ്റ്റ ക്യൂബയിൽ നിന്ന് പലായനം ചെയ്തു.അടുത്ത ദിവസം വിപ്ലവകാരികളുടെ പട നയിച്ചുകൊണ്ടു ഗുവേര ഹവാനയിലെത്തി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.വിപ്ലവം ജയിച്ചു….ബാക്കിയെല്ലാം ചരിത്രം.
1967 ഒക്റ്റോബർ 9നു ബൊളീവിയയിലെ ഹീഗ്വര ഗ്രാമത്തിൽ വെച്ച് സൈന്യം സാഹസികനായ ആ വിപ്ലവകാരിയെ വെടിവെച്ചുകൊന്നു.ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിനു ശേഷം അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആൽബർട്ടോ ഗ്രനാഡോ തന്റെ ജീവിതം സമർപ്പിച്ചു.1960 മുതൽ ക്യൂബയിൽ തമസിച്ച അദ്ദേഹം രാജ്യത്തിന്റെ ശാസ്ത്ര,സാങ്കേതിക പുരോഗതിക്കും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിനും വിലപ്പെട്ട സംഭാവനകളാണു നൽകിയത്.
ചരിത്രത്തിൽ ചെ ഗുവേരയുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും സമാനതകളില്ല.അത് ഇനി വരുന്ന അസംഖ്യം തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.ചെയെ ഓർക്കുന്നവർ ഗ്രാനാഡോയേയും ഓർക്കും.അവരുടെ സാഹസികമായ ആ മോട്ടോർസൈക്കിൾ യാത്രയും അങ്ങനെ അമരത്വത്തിലേക്ക്….

Sunday, 13 March 2011

കാലം ചുവരിൽ എഴുതുന്നത്......

നാധിപത്യത്തിലെ ഏറ്റവും വലിയ പൂരാഘോഷമാണു തെരഞ്ഞെടുപ്പുകൾ.ഈ പൂരങ്ങളുടെ പൂരം നിയമസഭാതെരഞ്ഞെടുപ്പുകളാണു.
തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണം എന്ന് നിഷ്കർഷിക്കുന്ന മാർഗ്ഗരേഖ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിട്ടുണ്ടു.ഇത് വായിച്ചാൽ ആരും സംശയിച്ചുപോകും;ഇനി എവിടെ,എങ്ങനെ പ്രചാരണം നടത്തും?ലക്ഷ്മണരേഖകളുടെ ഒരു കൂട്ടമാണു തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്ന ഉത്തരവുകളിലുള്ളത്.

സ്വകാര്യ വ്യക്തികളുടെ ചുവരുകളിൽ എഴുതുന്നതിനും പോസ്റ്റർ പതിക്കുന്നതിനും കൊടിതോരണങ്ങൾ കെട്ടുന്നതിനും അനുമതി വേണം എന്നു നിഷ്കർഷിച്ചിട്ടുണ്ടു.അന്യരുടെ ചുമരുകൾ മത്സരിച്ച് മത്സരിച്ച് ബുക്ക് ചെയ്യുകയും അതിന്റെ പേരിൽ അതിക്രമം നടത്തുകയും ചെയ്യുന്നവരെ നിലക്കുനിർത്തേണ്ടതു തന്നെ.ഭീഷണിപ്പെടുത്തിയും സമ്മർദ്ദതന്ത്രമുപയോഗിച്ചും ചുമരുകൾ കൈയ്യേറുന്ന പ്രവണതയ്ക്ക് അറുതിവരുത്താനുള്ള അതിശക്തമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുമോ?ഉടമസ്ഥരുടെ അനുമതിയില്ലാത്ത ചുവരെഴുത്തുകൾ മായ്ച്ച് കളയാനും അതിനു ചെലവാകുന്ന തുക സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കനും വ്യവസ്ഥയുണ്ടു.പക്ഷേ,മുൻ തെരഞ്ഞെടുപ്പുകളിൽ ഇതുസംബന്ധിച്ച് എത്രപരാതികൽ ഉണ്ടായി എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.വോട്ടർമാരുടെ ജനാധിപത്യാവകാശങ്ങൾക്കുമേലുള്ള നഗ്നമായ ഈ കൈയ്യേറ്റത്തിനു സർവ രാഷ്ട്രീയകഷികളുടേയും പിന്തുണയുണ്ടു.വല്ലവരുടേയും ചുമർ കൈയടക്കുന്നതു സംബന്ധിച്ചുള്ള അവകാശത്തർക്കം മാത്രമാണു അവർക്കിടയിലുള്ളത്.അത് മിക്കപ്പോഴും സംഘർഷത്തിൽ കലാശിക്കാറുണ്ടു.തെരഞ്ഞെടുപ്പുകാലത്തെ മുഖ്യ ക്രമസമാധാനപ്രശ്നങ്ങളിലൊന്നാണിത്.

പക്ഷേ,ഭയം കാരണം ചുമർകൈയ്യേറ്റക്കേസുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ എത്തുന്നത് വളരെ അപൂർവമയി മാത്രമാണു.അതുകൊണ്ടാണു രാഷ്ട്രീയകക്ഷികൾ ഈ നിയമലംഘനം അനസ്യൂതം തുടരുന്നത്.കമ്മീഷനും ഇക്കാര്യത്തിൽ ഏതാണ്ടു നിഷ്ക്രിയമാണു.ഫലത്തിൽ ജനാധിപത്യ പ്രക്രിയയിലെ പ്രാഥമികതലം തുടങ്ങുന്നതുതന്നെ ഇത്തരം നഗ്നമായ ജനാധിപത്യധ്വംസനത്തോടെയാണു.

പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതും ചുവരെഴുതുന്നതും കൂടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടു.അപ്പോൾ പിന്നെ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തും?നാലാൾ കൂടുന്നിടങ്ങളിലൊന്നും പോസ്റ്റർ ഒട്ടിക്കാൻ പറ്റില്ലെങ്കിൽ പിന്നെ എവിടെ ?അതിനു കൂടി ഉത്തരം പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാദ്ധ്യസ്ഥമാണു.സർക്കാരിന്റെ കെട്ടിടങ്ങൾ പരസ്യങ്ങൾ പതിച്ചും എഴുതിയും വികൃതമാക്കാനുള്ളതാണെന്നാനു പൊതുധാരണ.ഇത് കർക്കശമായി തടയുന്ന നിയമം നിലവിലുണ്ടെങ്കിലും എവിടെയെങ്കിലും അത് നടപ്പിലാക്കിയോ എന്ന് സംശയമുണ്ടു.

ഭുവനേശ്വറിലും ഡൽഹിയിലുമൊക്കെ പൊതുസ്ഥാപനങ്ങളുടെ മതിലുകൾ പരസ്യം പതിച്ച് വികൃതമാക്കുന്നത് ഫലപ്രദമായി തടഞ്ഞിട്ടുണ്ടു.പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ നിശ്ചിതസ്ഥലം അനുവദിച്ചിട്ടുണ്ടു.അതിനു ലൈസൻസ് ഫീയും വാങ്ങുന്നുണ്ടു.ഇതേ മാതൃകയിൽ രാഷ്ട്രീയപാർട്ടികൾക്ക് പൊതുസ്ഥലം അനുവദിക്കുന്നതിൽ തെറ്റെന്ത്?ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നിർമ്മിച്ച കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെ തങ്ങളുടെ പരസ്യബോർഡുകളാക്കുന്ന രാഷ്ട്രീയപാർട്ടികൾക്കും അവയുടെ നേതാക്കൾക്കും പ്രത്യേകാവകാശങ്ങളൊന്നും ഭരണഘടന വ്യവസ്ഥചെയ്തിട്ടില്ല.

സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും കൈവശമുള്ള പൊതുസ്ഥലങ്ങൾ ബഹുജനതാല്പര്യം നോക്കി രാഷ്ട്രീയപാർട്ടികൾക്ക് ഫീസ് ഈടാക്കി തന്നെ നൽകാവുന്നതാണു.ഏറ്റവും ലാഭകരമായ ബിസ്നസാണല്ലോ ഇന്ന് രാഷ്ട്രീയപ്രവർത്തനം.അതിനാൽ അവർക്ക് കാശിനു പഞ്ഞമുണ്ടാകില്ല.തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുകും.നാടുനീളെ നടന്ന് പിരിച്ചെടുക്കുന്ന വൻ തുക വേറെയും.ഇങ്ങനെ തെരഞ്ഞെടുപ്പുത്സവം ആർഭാടപൂർണമായ ചെലവഴിക്കൽ മേള കൂടിയാണു.അതുകൊണ്ടു തന്നെ ഇതിന്റെ ചെറിയൊരംശം സർക്കാരിന്റെ ഖജനാവിലേക്കും വരട്ടെ.

പിന്നെ,ഒരു കാര്യം കൂടി.എന്തിനാണു തെരഞ്ഞെടുപ്പിനു ചുവരെഴുത്തും ബാനറും പോസ്റ്ററുമൊക്കെ?സർവതും മദ്ധ്യമവത്കൃതമായ സമൂഹമാണു നമ്മുടേത്.സ്ഥാനാർത്തി ആരെന്നു, അത് നിശ്ചയിക്കുന്ന നിമിഷം തന്നെ ടി.വി ചാനലുകളിൽ വരും.എസ്.എം.എസ്സ് സന്ദേശങ്ങളായും ഫോൺ സംഭാഷണങ്ങളായും അത് ഓരോ ഓരോ വോട്ടറിലുമെത്തും.ജനങ്ങൾക്കെല്ലാം അറിയാം.ഇത്രകാലവും കണ്ണും കാതും കൂർപ്പിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലിരിക്കുകയും പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുകയും ചെയ്തവരോട് സംസാരിക്കാൻ ഇനി ഒരു ചുവരെഴുത്തിന്റേയും ബാനറിന്റേയുമൊന്നും ആവശ്യമില്ല.അതിനു വേണ്ടി പണവും സമയവും ചെലവഴിക്കുന്നത് വ്യർഥമാണു.അമേരിക്കയിലേത് പോലെ കേരളത്തിലെയും ജനവിധി രൂപപ്പെടുന്നത് ടി.വി സംവാദങ്ങളിലൂടെയാണെന്നതാണു പച്ചയായ യാഥാർത്ഥ്യം.വർണ്ണാഭമായ ചുവരെഴുത്തുകൾക്കോ, കവലയോഗങ്ങൾക്കോ,റാലികൾക്കോ,അനൌൺസ്മെന്റുകൾക്കോ,അവസാനദിന കൊട്ടിക്കലാശങ്ങൾക്കോ ജനവിധിയെ സ്വാധീനിക്കാൻ ഒരിക്കലും കഴിയുകയില്ല.ജനങ്ങൾ പ്രബുദ്ധരാണു.ഈ പൊറാട്ടുനാടകങ്ങളോ പണക്കൊഴുപ്പുള്ള പ്രചാരണതന്ത്രങ്ങളോ അവരുടെ തീരുമാനങ്ങളെ മാറ്റിമറിക്കുകയില്ല.അപ്പോൾ എന്തിനീ കോലാഹലങ്ങൾ?

ഈ ചുവരെഴുത്തുകൾ പോയകാലത്തിന്റെ ആചാരപരമായ തിരുശേഷിപ്പുകൾ മാത്രമാണു.അവ പുതുകാലത്തോട് ഒന്നും സംസാരിക്കുന്നില്ല.പൂരാഘോഷങ്ങൾക്ക് കൊഴുപ്പേകുന്ന ശബ്ദഘോഷങ്ങൾ മാത്രമാണു തെരഞ്ഞെടുപ്പ് കാലത്തെ ഈ പ്രചാരണങ്ങൾ.
കാലം എഴുതിയ ഈ ചുവരെഴുത്ത് എന്നാണു നമ്മുടെ രാഷ്ട്രീയക്കാർ വായിക്കുക!

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ