Monday, 31 January 2011

തടവറയിൽ നിന്നുള്ള വർത്തമാനങ്ങൾ

വിയ്യൂർ സെഷ്യൽ സബ് ജെയിലിലെ ഈ വർഷത്തെ ജയിൽ ദിനാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ വെച്ച് കണ്ട പ്രിസൺസ് എ.ഡി.ജി.പി ഡോ അലക്സാണ്ടർ ജേക്കബ് പറഞ്ഞ ചില ജയിൽ വിശേഷങ്ങൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.

ജയിലുകളിൽ നടന്നു വരുന്ന സമഗ്രമായ പരിഷ്കാരങ്ങൾ അവയെ പീഡനസ്ഥാപനങ്ങൾ എന്ന പ്രാകൃതാവസ്ഥയിൽ നിന്നും മാനസാന്തരത്തിനും മനപരിവർത്തനത്തിനുമുള്ള കേന്ദ്രങ്ങളാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.ഇപ്പോൾ അവിടെ ഗോതമ്പുണ്ടയില്ല.നല്ല ആഹാരമാണു തടവുകാർക്ക് നൽകുന്നത്.കിടക്കാൻ കട്ടിലുകളുണ്ടു.എഫ്.എം റേഡിയോയുണ്ടു.ക്രിക്കറ്റ് വേൾഡ് കപ്പ് സമയത്ത് രാ‍ത്രി രണ്ടുവരെ തടവുകാർക്ക് ടി.വി കണാൻ സൌകര്യം ചെയ്തു കൊടുത്ത കാര്യം അദ്ദേഹം എടുത്ത്പറഞ്ഞു.

കഠിനജോലികളെടുക്കുന്ന തടവുകാർക്ക് പോലും മുൻപ് നാമമാത്രമായ കൂലിയായിരുന്നു നൽകിയിരുന്നത്.ഇപ്പോൾ അതിനു കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടു.കിട്ടുന്ന കൂലിയുടെ പകുതി വീട്ടിലേക്ക് മാസാമാസം അയച്ചുകൊടുക്കുന്നുണ്ടു.കുട്ടികൾക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്കായി ധനസഹായവും ചെയ്യുന്നുണ്ടു.പരോൾ വ്യവസ്ഥകളും ഉദാരമാക്കി...

-ഇങ്ങനെ ജയിലുകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെതിരെ ഒരു പ്രമുഖമാദ്ധ്യമം രംഗത്ത് വന്നതിനെക്കുറിച്ചും ഡോ അലക്സാണ്ടർ ജേക്കബ് സൂചിപ്പിക്കുകയുണ്ടായി.ഈ നടപടികളിലൂടെ ജയിലുകൾ സുഖവാസകേന്ദ്രങ്ങളാകുന്നു എന്നാണു വിമർശനം.

അതിന്റെ ന്യായാന്യയങ്ങളിലേക്ക് കടക്കും മുൻപ് അദ്ദേഹം പറഞ്ഞ ഈ കണക്ക് കൂടി കേൾക്കേണ്ടതുണ്ടു.സംസ്ഥാനത്തെ ജയിലുകളിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടതാണിത്-തടവുകാരിൽ 45 ശതമാനം പേർ മാത്രമേ സാക്ഷരരായുള്ളൂ!

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണു ഈ കണക്ക്.പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ സമ്പൂർണ്ണസാക്ഷരത നേടിയ കേരളത്തിൽ ജയിലിലടക്കപ്പെടുന്നവരിൽ ഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയാത്തത് എന്തുകൊണ്ടാകും?എന്താണു ഇത് നൽകുന്ന സൂചന?

നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ഭീകരമായ മുഖമാണു ഇത് അനാവരണം ചെയ്യുന്നത്.നിരക്ഷരത സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലാണു സാക്ഷരത ഏറ്റവും കുറവുള്ളത്.ആദിവാസികളും ദളിതരും നാടോടികളും തെരുവിലലയുന്നവരും ഉൾപ്പെടുന്ന ജനവിഭാഗമാണിത്.കേസുകളുടെ സ്വഭാവം എന്തായാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണു എന്നർത്ഥം.ജനസംഖ്യാനുപാതികമായി നോക്കിയാൽ സംസ്ഥാനത്തെ ജയില്പുള്ളികളിൽ ഏറിയപങ്കും ഈ പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരാക്കണം.സാമൂഹികശ്രേണിയിൽ ഉയർന്ന വിഭാഗങ്ങളിൽ ഉൾക്കൊള്ളുന്നവർ നിരക്ഷരരാകില്ലല്ലോ.

അപ്പോൾ ,സ്വാഭാവികമായും ഉയരുന്ന വലിയൊരു ചോദ്യമുണ്ടു.നിരക്ഷരതയും കുറ്റകൃത്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?എന്തുകൊണ്ടാണു സാക്ഷരർക്കിടയിൽ കുറ്റവാളികൾ കുറയുന്നത്?

നമുക്കറിയാം, ഈ നിഗമനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്.എന്തുകൊണ്ടെന്നാൽ,അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാഭൂരിപക്ഷം കുറ്റകൃത്യങ്ങളും നടക്കുന്നത് സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിലാണു.അവയിലെ ഭൂരിപക്ഷം കുറ്റാരോപിതരും ഇതേ സാമൂഹികപശ്ചാത്തലത്തിൽ നിന്നുതന്നെ വരുന്നവരാണു.പക്ഷേ അവരിൽ മിക്കവരും സ്വതന്ത്രരായി വിഹരിക്കുന്നു.പണവും പദവിയും സാധ്വീവവും ഉപയോഗിച്ച് തടി സംരക്ഷിക്കുന്നു.

കേരളത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പ്രമാദമായ ഒരു കൊലക്കേസിലും പെൺ വാണിഭക്കേസുകളിലും ആരോപണവിധേയരായ ഉന്നതർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ സ്വീകരിച്ച വഴികൾ ഏതൊരു ജനാധിപത്യവിശ്വാസിയേയും അമ്പരപ്പിക്കും.പണം വാരിയെറിഞ്ഞും പദവികൾ നൽകിയും കേസുകളിൽ നിന്ന് തലയൂരാൻ ഇവർക്ക് സാധിക്കുന്നു.അഴിമതിക്കേസുകളിൽ കോടികൾ അമുക്കിയവർക്കുവേണ്ടി വാദിക്കാൻ മണിക്കൂറിനു ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർ കൊച്ചിയിൽ വിമാനമിറങ്ങുന്നു.
അപ്പോഴും പൊതുസ്ഥലത്ത് ബീഡി വലിച്ച കുറ്റത്തിനോ,രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന മഹാപരാധത്തിനോ പിടിക്കപ്പെട്ട്,ജാമ്യത്തിലെടുക്കാൻ ആളില്ലാതെ നൂറുകണക്കിനു പാവങ്ങൾ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് എത്രപേർക്കറിയാം?കരമടച്ച രസീതുണ്ടെങ്കിലേ ജാമ്യം കിട്ടൂ.കിടക്കാടം ഇല്ലാത്തതിനാൽ തെരുവിലഭയം തേടുന്നവർക്ക് ആരു ജാമ്യം നിൽക്കും?മുത്തങ്ങ സമരത്തിനു ശേഷം വേട്ടയാടി പിടിക്കപ്പെട്ട ആദിവാസികൾ ഏറെനാൾ ജയിലിൽ കിടന്നത് ഇക്കാരണത്താലായിരുന്നു എന്ന് ഓർക്കുക.നിസാരമായ കുറ്റകൃത്യങ്ങൾ ആരോപിച്ച് പൊലീസ് അകത്തിടുന്ന ഒട്ടേറെപേർ നമ്മുടെ ജയിലുകളിലും വിചാരണാത്തടവുകാരായി കഴിയുന്നുണ്ടു.അവർക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ല.
ജയിലിനുള്ളിൽ തന്നെ വേർതിരിവുണ്ടു.അവിടെ എല്ലാവരും തുല്യരാണെന്നാണു സങ്കൽ‌പ്പം.പക്ഷേ എവിടെയുമെന്നപോലെ തടവറകളിലും ‘കൂടുതൽ തുല്യർ’വിലസുന്നുണ്ട്.
ഉന്നതകോടതികളിൽ വരെ പോയിട്ടും ശിക്ഷിക്കപ്പെട്ട ചില കൊടും കുറ്റവാളികൾ ജയിലുകളിൽ സുഖജീവിതം നയിക്കുന്നത് മറ്റൊരു വൈരുദ്ധ്യം.വൈപ്പിൻ,കല്ലട മദ്യദുരന്തക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ചന്ദ്രസേനനും മണിച്ചനും മറ്റും വി.ഐ.പി പരിഗണന ലഭിച്ചതും,പ്രവീൺ വധക്കേസിൽ അകത്തായ മുൻ ഡി.വൈ.എസ്.പി ഷാജിക്ക് സെല്ലിൽ പൊലീസ് പരിഗനന തന്നെ ലഭിച്ചതും ഓർക്കുക.
ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണു.

എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും വിശ്വാസം നശിച്ച സാധാരണക്കാരുടെ അവസാനത്തെ അത്താണിയായിരുന്നു,ഇന്ത്യൻ ജുഡീഷ്യറി.അടുത്തകാലത്തുണ്ടായ വിവാദങ്ങൾ ഈ സംവിധാനവും അഴിമതിയുടെ കരാളഹസ്തങ്ങൾക്കകത്ത് അകപ്പെട്ടുപോയിരിക്കുകയാണെന്ന യാഥാർത്ഥ്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
മുൻപ് ഈ പംക്തിയിൽ എഴുതിയതിനു അടിവരയിടുന്നതാണു,വൻതോക്കുകൾ ജുഡിഷ്യറിയെ പാട്ടിലാക്കി അനുകൂലവിധികൾ സമ്പാദിക്കുന്നു എന്ന വെളിപ്പെടുത്തലുകൾ.സാധാരണക്കാരുടെ മേൽ നിയമസംവിധാനം അതിന്റെ അഴിയാക്കുരുക്കുകൾ മുറുക്കും.അതിൽ നിന്ന് ഊരിപ്പോരുക എളുപ്പമല്ല.നോക്കുക-അനുദിനം എത്രയോ രാഷ്ട്രീയക്കാർക്കെതിരായി വൻ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു;വിജിലൻസും,ലോകായുക്തയും,സി.ബി.ഐയും കേസ് ചാർജ്ജ് ചെയ്യുന്നു.പക്ഷേ,ഇവരിൽ അന്തിമമായി ശിക്ഷിക്കപ്പെട്ടവർ എത്ര?ദേശീയ തലത്തിൽ തന്നെ വിരളിലെണ്ണാവുന്ന അപവാദം മാത്രമേയുള്ളൂ.കേരളത്തെ പിടിച്ചുലച്ച ഒരൊറ്റ അഴിമതിക്കേസിലും ഇന്നേവരെ ഒരൊറ്റ രാഷ്ട്രീയനേതാവും ജയിലിൽ കിടന്നിട്ടില്ല.ഇനി അത് ഉണ്ടാകാനും പോകുന്നില്ല.പ്രഗൽഭരായ അഭിഭാഷകർ സുപ്രീം കോടതിവരെ വാദിക്കും.വേണ്ടപ്പെട്ടവരെ വേണ്ടപോലെ കാണും.അങ്ങനെ ,അവസാനം,ഒരു പോറൽ പോലുമേൽക്കാതെ അവർ പുറത്തുവന്നു തീവെട്ടിക്കൊള്ള തുടരും.


മറിച്ച്,പെറ്റി കേസുകൾക്കു പോലും വിചാരണ കൂടാതെ ജയിലഴികളിൽ അടയ്ക്കപ്പെടുന്ന നിസ്സഹായരുടെ അവസ്ഥയോ?പണമെറിഞ്ഞു അനുകൂലവിധി നേടുന്നവർ പുറത്ത് അർമാദിയ്ക്കുമ്പോൾ തടവറകളിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും?അവർക്ക് ഒരിക്കലും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടാവുകയില്ല.ജനാധിപത്യത്തേയും ,ഭരണഘടനാസ്ഥാപനങ്ങളേയും കുറിച്ച് അവർക്ക് ഒരിക്കലും മതിപ്പോ ബഹുമാനമോ ഉണ്ടാവുകയില്ല.
തങ്ങളോടു നീതി ചെയ്യാത്ത, കാരുണ്യമോ സഹതാപമോ കാട്ടാത്ത കോടതിയോടും പൊലീസിനോടും അവർക്കെങ്ങനെ അനുഭാവം ഉണ്ടാകും?
ഉള്ളവന്റെ മുന്നിൽ താണുവണങ്ങി നിൽക്കുന്ന നീതിദേവതയെ അവർക്കൊരിക്കലും വണങ്ങാൻ കഴിയില്ല.

Monday, 17 January 2011

ശബരിമല:മാദ്ധ്യമങ്ങളും വിചാരണ ചെയ്യപ്പെടട്ടെ

രാണു 102 ശബരിമലഭക്തരുടെ മരണത്തിനു ഉത്തരവാദികൾ?

-അതിനു അന്വേഷണ കമ്മീഷനോ,കുറ്റവിചാരണയോ ഗവേഷണമോ ആവശ്യമില്ല.ഈ കൂട്ടമരണങ്ങൾക്ക് സമാധാനം പറയേണ്ടത് സർക്കാരും മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളുമാണു.മകരജ്യോതി എന്ന ദിവ്യജ്യോതി കണ്ടുവണങ്ങാൻ പുൽമേട്ടിൽ തമ്പടിച്ചിരുന്നവരാണു, തിരിച്ചിറങ്ങവേ അപകടത്തിൽ പെട്ടത്.അതിൽ ഏതാനും പേരൊഴികെ എല്ലാവരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരായിരുന്നു.മുൻപ് നടന്ന സമാനമായ രണ്ടു ദുരന്തങ്ങളും മകരജ്യോതി ദർശനത്തോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലുമായിരുന്നു.ഇവയിലൊക്കെ ജീവിതം പൊലിഞ്ഞവരിൽ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരായിരുന്നു എന്നത് യാദൃച്ഛികമല്ല.

മകരസംക്രാന്തി നാൾ വൈകിട്ട് സംക്രമസമയത്ത് പൊന്നമ്പലമേട്ടിൽ കാണുന്നത് അയ്യപ്പന്റെ അത്ഭുതപ്രവർത്തനം മൂലം സ്വയംഭൂവായി ഉണ്ടാകുന്ന ദിവ്യജ്യോതിയല്ലെന്ന് ആ പാവങ്ങൾക്ക് അറിയില്ലല്ലോ.

ഗോപി എന്ന ആദിവാസി യുവാവ് മകരജ്യോതി കത്തിച്ചുകാണിക്കുന്നതിന്റെ ഫോട്ടോ സഹിതം യുക്തിവാദിസംഘടനകൾ ആയിരക്കണക്കിനു ലഘുലേഖകളടിച്ച് വിതരണം ചെയ്തിരുന്നു.197 3 ജനുവരി 11നു എം.ആർ.നാഥൻ എന്ന യുക്തിവാദി ഒരു സംഘം പ്രവർത്തകരോടൊപ്പം “മനുഷ്യന്റെ കാല്പാദങ്ങൾ പതിഞ്ഞിട്ടില്ല”എന്ന് പ്രചരിപ്പിച്ചിരുന്ന പൊന്നമ്പലമേട്ടിൽ കടന്നു ചെന്ന് ജ്യോതിതെളിയിക്കുന്നയാളെ കൈയ്യോടെ പിടികൂടുകയും പന്തങ്ങൾ കത്തിച്ചുകാട്ടി സ്വയം ജ്യോതി തെളിയിക്കുകയും ചെയ്തതിനെത്തുടർന്നായിരുന്നു ആസൂത്രിതമായ ഈ വിശ്വാസത്തട്ടിപ്പ് പുറം ലോകം ആദ്യമായി അറിയുന്നത്.തുടർന്ന് 1984 വരെ എല്ലാവർഷവും മകരവിളക്ക് ദിനത്തിൽ യുക്തിവാദികളും ഗവേഷകരും പൊതുപ്രവർത്തകരുമൊക്കെ അവിടെയെത്തി കർപ്പൂരവും പന്തവും കത്തിച്ചുകാട്ടുകയോ,ആദിവാസികളും ഉദ്യോഗസ്ഥരും ചേർന്ന് ജ്യോതികത്തിക്കുന്നത് നേരിട്ട് കാ‍ണുകയോ ചെയ്ത് ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നിട്ടുണ്ടു.ഇക്കാര്യത്തിൽ ദേവസ്വം അധികൃതരോ,സർക്കാരോ ഇന്നേവരെ പ്രതികരിച്ചിട്ടുമില്ല.കഴിഞ്ഞ 16 വർഷമായി റിസർവ് ഫോറസ്റ്റായ പൊന്നമ്പലമേട്ടിലേക്ക് ഒരാളെപ്പോലും കടത്തിവിടാതെ പൊലീസിന്റെ സായുധകാവലോടെയാണു ഈ വിശ്വാസത്തട്ടിപ്പ് അരങ്ങേറുന്നത്.

ഇത് ശബരിമലയുമായി അടുത്ത് ബന്ധമുള്ള സർവർക്കും അറിയാം.രണ്ടുവർഷം മുൻപ് തന്ത്രി കണ്ടരരു മഹേശ്വരരു തന്നെ ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നു.മകരവിളക്ക് ഭക്തർ കത്തിക്കുന്നതാണെന്നു തുറന്നു സമ്മതിക്കാനുള്ള ആർജ്ജവം അദ്ദേഹത്തിനുണ്ടായി.പക്ഷേ,മകരജ്യോതിയെ വലിയൊരു വിശ്വാസവ്യാപാരമായി കണ്ട അധികൃതരോ,മാദ്ധ്യമങ്ങളോ തന്ത്രിയുടെ വാക്കുകൾക്കു പോലും പ്രാധാന്യം കൊടുത്തില്ല.

സത്യത്തിൽ ഇത്തരമൊരു വ്യാജപ്രചാരണത്തിന്റെ ആവശ്യമില്ലാതെ തന്നെ ശബരിമലയിലേക്ക് ഇനിയും ദശലക്ഷക്കണക്കിനു ഭക്തർ ഒഴുകും.വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി പത്രത്തിൽ എഴുതിയ ഹൃദയസ്പർക്കായ ഒരു ലേഖനത്തിൽ സുഗതകുമാരി തന്നെ ഇത് പറഞ്ഞിരുന്നു.അയ്യപ്പന്റെ പരമഭക്തരായിരുന്ന വി.കെ.ബി നായർ ‘മലയാള മനോരമ’യിലെ തന്റെ പ്രതിവാര പംക്തിയിൽ ഒന്നര ദശാബ്ദം മുൻപ് തന്നെ മകരജ്യോതി തട്ടിപ്പാണെന്ന് തുറന്നെഴുതിയിരുന്നു.മുൻ ഡി.ജി.പിയും എഴുത്തുകാരനുമായിരുന്ന എൻ.കൃഷ്ണൻ നായരും ഈ വിശ്വാസത്തട്ടിപ്പു തുറന്നു കാട്ടിയ അയ്യപ്പഭക്തരിൽ ഉൾപ്പെടും.


ഏറ്റവും ഒടുവിൽ കൊച്ചിയിലെ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റസിഡന്റ് എഡിറ്ററും എന്റെ സഹപ്രവർത്തകനുമായിരുന്ന എം.കേശവൻ നമ്പൂതിരി എന്ന ഭക്തൻ അതിശക്തമായ ഭാഷയിൽ ഇക്കഴിഞ്ഞ ദിവസം പത്രത്തിൽ ഇക്കാര്യം തുറന്നടിച്ചിട്ടുണ്ടു-അയ്യപ്പന്റെ പേരിൽ നടന്നുവരുന്ന ഈ തട്ടിപ്പ് നിർത്തൂ എന്ന് അദ്ദേഹം എഴുതുന്നത് സ്വാനുഭവങ്ങളും ജ്യോതിയുടെ ചരിത്രവും വിശദീകരിച്ചുകൊണ്ടാണു.


ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കാൻ സർക്കാർ വകുപ്പുകൾ തമ്മിൽ നടത്തുന്ന മത്സരത്തിലേക്കും ,സർക്കാരിന്റെഅനാസ്ഥയിലേക്കും ശ്രദ്ധതിരിച്ചുവിടാൻ നോക്കുന്ന മറ്റെല്ലാപത്രങ്ങളും ഈ മൌലികമായ പ്രശ്നം തമസ്കരിക്കുന്നു.ഭക്തരെ പിഴിഞ്ഞെടുക്കുക എന്ന ദുഷ്ടലാക്കോടെ നടത്തുന്ന ഈ വ്യാജപ്രചാരണങ്ങൾ അവർ തുടരുമ്പോഴും മകരജ്യോതി മനുഷ്യൻ കത്തിക്കുന്നതാണെന്നും ഇതിൽ അത്ഭുതമൊന്നുമില്ലെന്നും സമീപ സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളിലൂടെ സർക്കാർതന്നെ വ്യാപകമായ പരസ്യം നൽകണമെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’17നു മുഖപ്രസംഗത്തിൽ ആവശ്യപ്പെടിരിക്കുന്നു.ഇതു സംബന്ധിച്ച കത്തുകളും പരശുരാമന്റേയും മറ്റും ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ടു.പക്ഷേ,ഉത്തരവാദിത്വബോധത്തോടെ പെരുമാറേണ്ട കേരളത്തിലെ ഒരു മാദ്ധ്യമവും ഈ കടുത്ത വിശ്വാസത്തട്ടിപ്പിനെതിരെ ശബ്ദിക്കാൻ തയ്യാറായിട്ടില്ല.മകരജ്യോതി മരണജ്യോതിയായതിനെക്കുറിച്ച് യുക്തിവാദ സംഘം പുറത്തിറക്കിയ പ്രസ്താവനയോ,ഈ അന്ധവിശ്വാസത്തിനെതിരെ സുകുമാർ അഴീക്കോട് നടത്തിയ തുറന്നടിക്കലോ മിക്ക മാദ്ധ്യമങ്ങളും തമസ്കരിച്ചിരിക്കുന്നു.

അങ്ങനെ, കേരളത്തിലെ സർവ മാദ്ധ്യമങ്ങളും സർക്കാരും കൂടി നടത്തുന്ന വലിയൊരു തട്ടിപ്പാണു മകരജ്യോതി.പരസ്യമായി നടത്തപ്പെടുന്ന ഈ വിശ്വാസത്തട്ടിപ്പിന്റെ വിജയമാണു കേരളത്തെ വിശ്വാസവ്യാപാരികളുടെ പറുദീസയാക്കിമാറ്റിയത്.ഇതൊരു പൊള്ളുന്ന ചരിത്രയാഥാർത്ഥ്യമാണു.ജനങ്ങളുടെ മതസ്വാതന്ത്ര്യത്തേയും വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും തീർച്ചയായും സംരക്ഷിക്കണം.പക്ഷേ വിശ്വാസത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഇത്തരം തട്ടിപ്പുകൾക്ക് പ്രചാരണം നൽകുന്നത് സാമൂഹികാപരാധമാണു.അതിനാൽ സർക്കാരിനൊപ്പം മാദ്ധ്യമങ്ങളും ഇത്തരം കൂട്ടമരണങ്ങൾക്ക് വിചാരണ ചെയ്യപ്പെടേണ്ടതുണ്ടു.

Sunday, 9 January 2011

അയ്യങ്കാളിയും ഈ.എം.എസും

മാലിന്യ നിർമ്മാർജ്ജനവും അയ്യങ്കാളിയും തമ്മിൽ എന്താണു ബന്ധം?
കേരള സർക്കാർ മുനിസിപ്പൽ-കോർപ്പറേഷൻ പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന പുതിയ നഗരതൊഴിൽ ദാനപദ്ധതിക്ക് അധസ്ഥിത വിമോചനനായകൻ അയ്യങ്കാളിയുടെ പേരു നൽകിയതിനെക്കുറിച്ച് ഒരു വിവാദം രൂപപ്പെട്ടുവരുകയാണു.മുഖ്യധാരാമാദ്ധ്യമങ്ങൾ തമസ്കരിക്കുന്നെങ്കിലും ഇത് അടുത്തുതന്നെ ആളിപ്പടർന്നേക്കും.അതിനു കാരണങ്ങളുണ്ടു.ഈ പേരിടൽ സദുദ്ദേശ്യപരമല്ല എന്നതുതന്നെ മുഖ്യകാരണം.

വഴിനടക്കാനോ,മാറുമറയ്ക്കാനോ സ്വാതന്ത്യമില്ലാതിരുന്ന ദളിതരുടെ അവകാശങ്ങൾക്കായി ധീരമായി പോരാടിയ ചരിത്രമാണു അയ്യങ്കാളിയുടേത്.വിദ്യാഭ്യാസാവകാശങ്ങൾക്ക് വേണ്ടിയായിരുന്നു കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി പണിമുടക്ക് അദ്ദേഹം നടത്തിയത്.കൃഷിപ്പണി നടക്കാതെ തരിശുകിടന്ന പാടങ്ങളിൽ മട്ടിപ്പുല്ല് കിളിർത്തു.മാസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നുവെങ്കിലും തങ്ങളുടെ കുട്ടികൾക്കായി വിദ്യാലയങ്ങളുടെ വാതിലുകൾ തുറപ്പിച്ചേ ആ സമരം അവസാനിച്ചുള്ളൂ.

ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി അംഗമായതിന്റെ നൂറാം വാർഷിക ആഘോഷം നടന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ.മനുഷ്യാവകാശങ്ങൾ മഹാഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ആ ഇരുണ്ടകാലഘട്ടത്തിൽ അദ്ദേഹം തന്റെ ജനസമൂഹത്തിന്റെ മൌലികാവകാശങ്ങൾക്കായി സഭയ്ക്കകത്തും വീറോടെ പോരാടി.അതുകൊണ്ടാണു കേരളചരിത്രത്തിൽ അയ്യങ്കാളിയ്ക്ക് നവോത്ഥാനനായകരുടെ മുൻ നിരയിൽ സ്ഥാനമുള്ളത്.

അധസ്ഥിതജനങ്ങൾ മഹാത്മാവായി കരുതുന്ന അയ്യങ്കാളിക്ക് ഇന്നേവരെ ഉചിതമായ ഒരൊറ്റ സ്മാരകം പോലും കേരളത്തിൽ ഉയർന്നുവന്നിട്ടില്ല.ആകെയുള്ളത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാന്നൂരിലെ ഒരു സർക്കാർ യു.പി സ്കൂളിനും,അടുത്തിടെ തലസ്ഥാനത്തെ പട്ടികജാതി-വർഗ്ഗ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടസമുച്ചയത്തിനും അദ്ദേഹത്തിന്റെ പേരു നൽകിയത് മാത്രമാണു എടുത്ത് പറയാവുന്ന സ്മാരകങ്ങൾ.

എന്തുകൊണ്ടാണു നഗരമാലിന്യനിർമ്മാർജ്ജനവും ചേരിശുചീകരണവും മുഖ്യലക്ഷ്യമായിട്ടുള്ള പുതിയ തൊഴിലുറപ്പ് പദ്ധതിക്ക് അയ്യങ്കാളിയുടെ പേർ നൽകിയത്?ആരാണു നഗരങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ?അവരിൽ ഭൂരിപക്ഷവും ദരിദ്രരാണു:ദലിതരാണു.അവർക്കായി കണ്ടുവെച്ചിരിക്കുന്ന ജോലിയോ?മാലിന്യ നിർമ്മാർജ്ജനം!ആ പദ്ധതിയ്ക്ക് സാമൂഹികപരിഷ്കർത്താവിന്റെ പേരു തന്നെ തെരഞ്ഞെടുത്തത് എന്തിനാനു?എന്താണു അയ്യങ്കാളിയും മാലിന്യനിർമ്മാർജ്ജനവുമായുള്ള ബന്ധം?

പണ്ടുകാലങ്ങളിൽ മനുഷ്യവിസർജ്യം തലയിൽ ചുമന്ന് നടന്ന തോട്ടികളുടെ പിന്തലമുറക്കാരുംകൂലിപ്പണിക്കാരുമൊക്കെ അടങ്ങുന്ന അധസ്ഥിതജനതയ്ക്കുൾപ്പെടെയുള്ള തൊഴിലുറപ്പ് പദ്ധതിയിൽ അവരെക്കൊണ്ടു, സമൂഹം അധമം എന്നു കരുതിപ്പോരുന്ന പ്രവർത്തികൾ തന്നെ തുടർന്നും ചെയ്യിക്കണമെന്നു നിശ്ചയിച്ചത് സദുദ്ദേശ്യപരമല്ല.ഇനി പുതുകാലത്തെ തോട്ടിപ്പണിചെയ്യുന്ന കുടുംബശ്രീക്കാർക്കായുള്ള പദ്ധതികൾക്കും അയ്യങ്കാളിയുടെ പേരുതന്നെ നൽകികൂടായ്കയില്ല.

മുൻപ് ഈ പംക്തിയിൽ ഒന്നിലധികം പ്രാവശ്യം എഴുതിയിരുന്നത് ആവർത്തിക്കേണ്ടിയിരിക്കുന്നു.ദലിതർ അധിവസിക്കുന്ന കോളനികൾക്കും അവിടേക്ക് പോകുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്കും ഭരണഘടനാശിൽ‌പ്പി അംബേദ്കറിന്റേയും അയ്യങ്കാളിയുടേയും പേരു നൽകുന്നവരുടെ മനോനില എന്തെന്നു വ്യക്തം.അതിനൊരു വ്യക്തമായ രാഷ്ട്രീയമുണ്ടു.അധസ്ഥിതരരായതുകൊണ്ടു മാത്രം അവരെ അവരുടെ പരിവൃത്തത്തിനുള്ളിൽ തന്നെ തളച്ചിടാനുള്ള ആസൂത്രിത നീക്കമാണിത്.എന്തുകൊണ്ടാണു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഐ.ടി പദ്ധതികൾക്കും അംബേദ്കറിന്റേയോ കെ.ആർ.നാരായണന്റെയോ അയ്യങ്കാളിയുടേയോ പേരിടാത്തത്?അതുകൊണ്ടാണു നഗരങ്ങളിലെ റസിഡൻഷ്യൽ കോളനികൾക്ക് ഇവരുടെ പേരു നൽകാത്തത്? കേരളം മാറിമാറി ഭരിക്കുന്ന മുന്നണിയുടെ നേതാക്കളെല്ലാം എന്തുകൊണ്ടാണു ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാകുന്നത്?

അവർക്ക് മുന്നിൽ മായാവതി കാട്ടിത്തരുന്ന മാതൃകയുണ്ടു.ദലിത് നവോത്ഥാനനായകരുടെ പേരിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്മാരകങ്ങളെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്.അംബേദ്കറിന്റേയും കാൻഷിറാമിന്റേയും സ്മരണ നിലനിർത്താൻ ഉത്തർപ്രദേശിൽ ആരംഭിച്ചിരിക്കുന്നത് ശാസ്ത്ര സാങ്കേതിക രംഗത്തെ വൻകിട സ്ഥാപനങ്ങളാണു.അവയിൽ സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളും നിയമവിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും ഉൾപ്പെടും.അവർ പൊതുസമൂഹത്തിന്റെ വിമോചകനായകരായിരുന്നു:വെളിച്ചവും വഴികാട്ടികളുമായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണു അവരുടെ പേരിൽ എക്കാലവും നിലനിൽക്കുന്ന ഈ അഭിമാനസ്മാരകങ്ങളുണ്ടാകുന്നത്.

കേരളത്തിലെ ഭരാണാധികാരികൾക്കും രാഷ്ട്രീയപാർട്ടി നേതാക്കൾക്കും ഇത്തരമൊരു ദർശനമോ സാമൂഹികബോധമോ ഇല്ലാതെ പോയി.അതുകൊണ്ടാണു അധസ്ഥിതജനവിഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുകയും കേരളീയസമൂഹത്തെ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴിനടത്തിക്കുകയും ചെയ്ത ശ്രീനാരായണഗുരുവിനേയും അയ്യങ്കാളിയേയും പോലുള്ള നവോത്ഥാനനായകർക്ക് ഇതുവരെയും ഉചിതമായ സ്മാരകങ്ങളുണ്ടാക്കാകാത്തത്.അതുകൊണ്ടാണു അയ്യങ്കാളിയെ ഇപ്പോഴും പഞ്ചമനായി തന്നെ കണക്കാക്കുന്നത്.അതുകൊണ്ടു മാത്രമാണു ഭവനനിർമ്മാണ പദ്ധതിയ്ക്ക് ഈ.എം.എസിന്റെ പേരു നൽകിയ സർക്കാർ,വീടുകളിൽ നിന്നുള്ള മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പദ്ധതിക്ക് അയ്യങ്കാ‍ളിയുടെ പേരു തന്നെ നൽകിയത്.

Monday, 3 January 2011

റോഡ്:ഒരു പുതുവത്സരാശുഭ ചിന്ത

റ്റവും ഒടുവിൽ കവരത്തിയിൽ പോയത് 2008ലായിരുന്നു.ആ വിശേഷങ്ങൾ ഈ പംക്തിയിൽ വിശദമായി എഴുതിയിരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

ഇപ്പോൾ ആ യാത്രയെക്കുറിച്ച് അനുസ്മരിക്കാൻ ഇടയായത് ഈ വാരം ദേശീയ റോഡ് സുരക്ഷാവാരമായി ആചരിക്കുന്നത് കൊണ്ടാണു.ഒരു സൈക്കിളിൽ ഏറിയാൽ അരമണിക്കൂർ കൊണ്ടു ചുറ്റിയടിക്കാവുന്നത്ര മാത്രം വിസ്തൃതിയുള്ള കവരത്തിയിൽ ഇപ്പോൾ അസംഖ്യം വാഹനങ്ങളുണ്ടു.എന്തിനെന്നറിയാതെ വണ്ടികൾ വാങ്ങിക്കൂട്ടുകയാണു ദ്വീപ് നിവാസികൾ.ഇടുങ്ങിയ അവിടത്തെ റോഡുകൾക്ക് ഒരിക്കലും ഉൾകൊള്ളാനാകാത്ത ഈ വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന അപകടകങ്ങൾ അനവധി.അപകടമരണങ്ങളില്ലെങ്കിലും വാഹനാപകടനഷ്ടപരിഹാരക്കേസുകൾ വാദിക്കാനായി കൊച്ചിയിൽ നിന്നു വക്കീലന്മാർ വരുന്നു.ഇൻഷുറൻസ് കമ്പനികൾ ആളെപ്പിടിക്കുന്നു.വാഹനപ്രളയം ഉണ്ടാക്കുന്ന മലിനീകരണപ്രശ്നങ്ങൾ വേറെയും.

ലക്ഷദ്വീപ് മദ്യനിരോധമ മേഖലയായത് നന്നായി.അല്ലായിരുന്നുവെങ്കിൽ വാഹനാപകട മരണനിരക്കിൽ അവർ കേരളത്തേയും കടത്തിവെട്ടി ഒന്നാം സ്ഥാനഠ് എന്നേ എത്തുമായിരുന്നു.

വാഹനാപകടക്കാര്യത്തിൽ കേരളവും ലക്ഷദ്വീപുമായി യാതൊരുവിധ താരതമ്യവും സാദ്ധ്യമല്ല.പിന്നെ എന്തിനാണു ഈ കഥ?പറയാം.കവരത്തി ദ്വീപുകാർക്ക് ഒരു മോട്ടോർ വാഹനത്തിന്റെ പോലും ആവശ്യമില്ല.എങ്കിലും അവർ വാങ്ങിക്കൂട്ടുന്നു.ഉയർന്ന സാമ്പത്തിക നിലയാകാം ഇതിനു കാരണം.
കേരളം വാഹനങ്ങളുടെ വലിയൊരു മാർക്കറ്റാണു.അതിനു പ്രധാന കാരണവും കേരളീയരുടെ ഉയരുന്ന സാമ്പത്തിക ശേഷി തന്നെ.പൊതുയാത്രാ സൌകര്യങ്ങങ്ങളുടെ അപര്യാപ്തയും സ്വകാര്യയാത്രാവാഹനങ്ങളുടെ പെരുപ്പത്തിനു കാരണമായിട്ടുണ്ടു.പക്ഷേ,ആഡംബരവാഹനങ്ങൾ വാങ്ങിക്കൂട്ടുന്നവരിൽ ബഹുഭൂരിപക്ഷവും അവയെ ‘സ്റ്റാറ്റസ് സിംബൽ’ആയി കണക്കാക്കുന്നു.ഒന്നിലധികം വാഹനങ്ങളുള്ളവരും ജീവിതത്തിൽ ഒരിക്കൽ പോലും ബസ് പോലുള്ള പൊതുയാത്രാവാഹനങ്ങളിൽ കയറാത്തവരും സമ്പന്നർക്കിടയിൽ ധാരാളമുണ്ടു.ഇവരോട് വേദമോതിയിട്ട് ഒരു കാര്യവുമില്ല.

പൊതുമുതൽ കൊണ്ടു നിർമ്മിച്ച റോഡുകളും പൊതുസ്ഥലങ്ങളും ന്യൂനപക്ഷത്തിനു മാത്രം പ്രയോജനപ്പെടുന്ന ഇത്തരം വാഹനങ്ങൾ കൈയ്യടക്കുന്നു.കൂടുതൽ യാത്രക്കാർക്കുപകരിക്കുന്ന പൊതുവാഹനങ്ങൾക്ക് ഇവർ യാത്രദുഷ്കരമാക്കുന്നു.സർക്കാരിന്റെ സംവിധാനങ്ങൾ അതിനു വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ടു.
താറുമാറായ റോഡുകൾ എങ്ങനെ വലിയ രാഷ്ട്രീയപ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന് കഴിഞ്ഞ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ നാം കണ്ടു.

സംസ്ഥാനത്തെ ഏറ്റവും അഴിമതികൂടിയ വിഭാഗങ്ങളാണു പൊതുമരാമത്തു-ഗതാഗത വകുപ്പുകൾ.അവർ നടത്തുന്ന വൻ അഴിമതിയുടെ കൂടി ദുരന്തഫലങ്ങളാണു ദിവസവും റോഡിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ.വാഹനാപകടങ്ങളിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത് ഒരു കൂട്ടം സമ്പന്നരുടെ ആഡംബരഭ്രമമോ,ദുരയോ മാത്രമല്ല.ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയും,മുച്ചൂടും മുടിക്കുന്ന അഴിമതിയും അതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ടു.അല്ലെങ്കിൽ എന്തുകൊണ്ടാണു ആർ.ടി.ഒ ഓഫീസിൽ ക്ലാർക്കുദ്യോഗത്തിനും ട്രാഫിക്ക് പൊലീസിൽ നിയമനം കിട്ടുന്നതിനുമൊക്കെ ജനം കടിപിടികൂടുന്നത്?എന്തിനാണു ആർ.ടി.ഒമാരുടെ സ്ഥലം മാറ്റത്തിനു ലക്ഷങ്ങൾ കോഴവാങ്ങുന്നത്?സ്വകാര്യ-പൊതുവാഹനങ്ങളുടെ ഉടമസ്ഥരിൽ നിന്ന് മോട്ടോർവാഹന -പൊലീസ് ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന കിമ്പളം കോടികൾ വരും.നിയമത്തിൽ അയവുവരുത്താനും കൊള്ളയ്ക്ക് കൂട്ടു നിൽക്കാനുമാണു കൈമടക്ക് വാങ്ങുന്നത്.

അമിതവേഗവും,യാത്രക്കാരെ കുത്തിനിറയ്ക്കലും,ഗതാഗതനിയമങ്ങൾ ലംഘിക്കലും ഉണ്ടാക്കുന്ന വഹനാപകടങ്ങളേക്കാൾ എത്രയോ കൂടുതലാനു മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം കേർളത്തിൽ ദിനം പ്രതി ഉണ്ടാകുന്ന അപകടങ്ങൾ.അത് തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുറച്ച് ശ്രദ്ധവെച്ചാൽ മാത്രം മതി.എല്ലാ മദ്യ ഷാപ്പുകൾക്കടുത്തും വാഹനപരിശോധനാകേന്ദ്രങ്ങൾ തുടങ്ങാൻ എന്തുകൊണ്ടു ആരും ധൈര്യപ്പെടുന്നില്ല?വാറ്റുചാരായ കേന്ദ്രം മുതൽ നഗരത്തിലെ വി.ഐ.പികളുടെ ക്ലബ്ബുകൾക്കടുത്തു വരെ ദിവസവും വാഹനപരിശോധന കർക്കശമാക്കിയാ‍ൽ കേരളത്തിലെ ട്രാഫിക്ക് അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഇടിയും.സംശയമില്ല.പക്ഷേ,അതിനു പൊലീസിനോടും എക്സൈസ്-മോട്ടോർ വാഹന വകുപ്പുകളോടും നിർദ്ദേശിക്കാൻ ത്രാണിയുള്ള ഭരണാധികാരികൾ നമുക്കുണ്ടായിട്ടില്ല.മദ്യമുതളാളിമാരും റിസോർട്ട് ഉടമസ്ഥരുമടങ്ങിയ മാഫിയയിൽ നിന്ന് അച്ചാരം പറ്റി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് ഒരിക്കലും അങ്ങനെ ആജ്ഞാപിക്കാനുള്ള ചങ്കുറപ്പ് ഉണ്ടാകുകയില്ല.അതിനാൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടാക്കുന്ന അപകടപരമ്പരകളിൽ പെട്ട് ഇനിയും വിലപ്പെട്ട മനുഷ്യജീവൻ പൊലിയും.കുടുംബങ്ങൾ തകരും.

ജനത്തിരക്കിനിടയിലൂടെ ഏതുനിമിഷവും മദ്യപനായ ഒരാൾ തന്റെ കൊലയാളിവാഹനവുമായി നമ്മുടെ ജീവനെടുക്കാൻ വന്നേക്കാം.

മദ്യമാണഖിലസാരമൂഴിയിൽ.അതില്ലാത്തതു കൊണ്ടു മാത്രമാണു കവരത്തി ഉൾപ്പെടെയുള്ള ദ്വീപുകളിലെ ജനസംഖ്യ അപകടമരണങ്ങളാൽ കുറയാത്തത്.കേരളത്തിൽ 2009ൽ 36433 റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 3733 ജീവനുകളായിരുന്നു.ഓരോ വർഷവും ഇത് കൂടിവരുകയാണു.മദ്യപരുടെ എണ്ണം കൂടുന്നതിനനുസൃതമായി അപകടമരണങ്ങളും കൂടും.വെറും 55000 മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ ഈ നിരക്കിൽ വാഹനാപകട മരണങ്ങലുണ്ടാകുന്ന ദുസ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ.ഭയാനകമാണത്.
മദ്യത്തെ ദ്വീപിൽ പ്രവേശിപ്പിക്കാത്ത ആ ദീർഘദർശിത്വത്തിനു നമോവാകം.

ഈ പുതുവത്സരദിനത്തിൽ കുടിയിൽ സർവകാലറെക്കോഡ് സ്ഥാപിച്ചു കൊണ്ടു നമ്മൾ,കേരളീയർ,സ്വന്തം മരണപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നു.വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഇവിടെ ഇനിഎന്തു സുരക്ഷ?

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ