Tuesday, 28 December 2010

അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്..

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാൻ അതിന്റെ കരട് തയ്യാറാക്കുമ്പോൾ തന്നെ ശ്രമം തുടങ്ങിയതാണു.അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങൽ അഞ്ചുവർഷം കൊണ്ടു തന്നെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ടു.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതൽ ശക്തിപ്പെടുത്താനെന്ന പേരിൽ കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.

പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങൾ മാത്രമേ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എൽ.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരിൽ സാധാരണക്കാർക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യൻ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോൾ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങൾ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉൾക്കിടിലത്തോടെ ഓർക്കും.ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലുമൊരാൾ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങൾ തുറന്നുകാട്ടുമെന്ന് അവർക്കറിയാം.ഫയലിന്മേൽ അടയിരിക്കുന്നവരുടെ ശീലങ്ങൾ മാറുകയാണിപ്പോൾ.“എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകൾ തിരക്കി നിസ്വനായ ഒരാൾ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പ്നാടക്കാരെപ്പോലും വേട്ടയാടുന്നു.അഴിമതിയിൽ ലോകത്ത് ഒന്നാം നിരയിൽ തന്നെ സ്ഥാനമുണ്ടു ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകൾ വന്നു കഴിഞ്ഞു.അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകൾ തെറുപ്പിച്ചതും,കർണ്ണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകൾ പുറത്ത് കൊണ്ടുവരുന്നതിൽ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ടു. ഇനിയും എത്രയോ തലകൾ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാർ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!

വിവരാവകാശനിയമം നിലവിൽ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീർന്നു.ഫയൽ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പോലും ഇപ്പോൾ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തിൽ നിയമം ദുർബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡൽഹിയിൽ നടത്തിയവർ ഈ വ്യവസ്ഥകൾ നിയമത്തിൽ നിന്ന് എടുത്തുകളയാൻ സമ്മർദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിപ്പിനെത്തുടർന്ന് ആ നീക്കം പരാജയപ്പെട്ടു.

പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്”എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടെന്ന തീരുമാനം,സത്യത്തിൽ വിവരാവകാശ നിയമത്തിന്റെ മുന തന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണു.ഒരു അഴിമതി നടത്തുമ്പോൾ,ഒരു നിയമം മറികടക്കുമ്പോൾ ,ഒരു ഫയൽ പൂഴ്ത്തിവെക്കുമ്പോൾ ഇപ്പോൾ ഒരാൾക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു?എന്താണു കാരണം?”എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാൻ കഴിയില്ല.ഇത് നിയമത്തെ ദുർബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു,നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാൽ പഞ്ചായഠ് ഓഫീസിലെ ഗുമസ്ഥൻ പൂഴ്ത്തി വെച്ചിരിക്കുന്നു.മുൻപ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നൽകേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പ്നാടക്കുള്ളിൽ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നൽ വേഗം കിട്ടാൻ.“എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”/“എന്തുകൊണ്ടു മറ്റെയാൾക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാൽ നിയമപ്രകാരം കാരണങ്ങൾ വ്യക്തമാക്കാൻ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇപ്പോൾ നൽകുക.ഇത് നിയമത്തെ ഭാവിയിൽ തമാ‍ശയാക്കി മാറ്റിയേക്കും.“അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാൽ “കിട്ടിയിട്ട് പത്ത് വർഷമായി” എന്നും “അതിന്മേൽ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാൽ“നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാൻ പറ്റില്ല” എന്നുമായിരിക്കും നിങ്ങൾക്ക് കിട്ടുന്ന മറുപടി.ഇതുകൊണ്ടു എന്ത് പ്രയോജനം?

അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥർ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു.ലഭ്യമായ വിവരങ്ങളും രേഖകളും നൽകിയാൽ മതി എന്നാണു വ്യവസ്ഥ.ഒരാൾ അപേക്ഷ നൽകി എന്നതുകൊണ്ടു മാത്രം വിവരങ്ങൾ ‘ജനറേറ്റ്”ചെയ്തു നൽകേണ്ട എന്ന നിർദ്ദേശത്തിന്റെ മറവിൽ “വിവരങ്ങൾ ലഭ്യമല്ല” എന്ന് ഉത്തരം നൽകി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു.വിവരങ്ങൾ നൽകുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കിൽ,അപേക്ഷകനു താല്പര്യമുണ്ടെങ്കിൽ അവ നേരിട്ട് ചെൻന്ന പരിശോധിക്കാൻ അവസരം നൽകണമെന്നാണു ചട്ടം.അതിന്റെ മറവിൽ ഏതു വിവരം ആവശ്യപ്പെട്ടാലും,“ഓഫീസിൽ വന്ന് താങ്കൾക്ക് പരിശോധിക്കാം”എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ടു.ഉത്തരം ഓഫീസിൽ വന്ന് വാങ്ങിക്കൊണ്ട്പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീൽ നൽകുകയോ.കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാർഗ്ഗം.പക്ഷേ, ഒരു ശതമാനം പേർ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലിൽ തീർപ്പ് കൽ‌പ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങൾ വൈകും.സംസ്ഥാന-കേന്ദ്ര കമ്മീഷനുകളിൽ അപ്പീലുമായി എത്തുന്നവർ അത്യപൂർവ്വം.അതിന്റെ നൂലാമാലകൾ തന്നെ കാരണം.മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീൽ നൽകിയാലോ?തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അത് വർഷങ്ങളോളം നീണ്ടു പോകാം.അതിനു ആരു തുനിയും?

വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകൽ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്.അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളിൽ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നും ,ഒരു അപേക്ഷയിൽ 250 വാക്കുകളിൽ കൂടാൻ പാടില്ല എന്നും പറയുന്നു.ഇപ്പോൾ ഒരു അപേക്ഷയിൽ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവർ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സർക്കാർ ഓഫീസുകളുടെ ദൈനംദിനപ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ടു.ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ.അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം.പക്ഷേ ഒരു അപേക്ഷയിൽ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കർഷിച്ചാൻ അത് വിവരങ്ങൾ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സർക്കാരിന്റെ പ്രവർത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകൾ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല.ഏതു വിധേനയും നിയമത്തെ ദുർബലപ്പെടുത്തുവാൻ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥർ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.

അതിനെക്കാൾ പ്രതിലോമകരമാണു,വിവരങ്ങൾ ലഭ്യമാക്കാൻ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം.വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷക്ക് ഉത്തരം നൽകാൻ ഫയലുകൾ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവർടൈം നൽകിയ വകയിലും ,അന്നേദിവസം അവർക്ക് ചായയും കാപ്പിയും ഊണും മറ്റും നൽകിയ വകയിലും,ഓഫീസ് അധികസമയം പ്രവർത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബിൽ തുക എഴുതി അത് അപേക്ഷകരിൽ നിന്ന് വസൂലാക്കാൻ ഇനി എന്തെളുപ്പം!വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും.കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാർലമെന്റിൽ നിന്നും, നമ്മുടെഎം.എൽ.എയും എം.പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ,കഴിഞ്ഞ വർഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശപ്രകാരം ഒരു അപേക്ഷ നൽകിയാൽ ഇനി എന്തുണ്ടാകും?കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങൾ.അവർക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലിൽ പറന്ന് വന്ന് വിവരങ്ങൾ തെരഞ്ഞുപിടിച്ച് നൽകേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി,ബത്ത,സ്പെഷ്യൽ പെ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ചെലവായ തുക ചിലപ്പോൾ ലക്ഷങ്ങൾ വന്നേക്കാം.അതിന്റെ ബിൽ കണക്കു കൂട്ടി മുങ്കൂർ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങൾക്ക് ലഭിക്കുക!

വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി,ഈ കരട് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ടു.അപേക്ഷകർ മരിച്ചാൽ അപേക്ഷയിന്മേൽ തുടർനടപടി വേണ്ടെന്ന നിർദ്ദേശമാണത്.ഇപ്പോൾ തന്നെ പത്തോളം വിവരാവകാശപ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടുണ്ടു.അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനു മുങ്കൈയെടുത്ത സർക്കാർ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തിൽ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങൾ തിരക്കി അപേക്ഷ നൽകുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാൻ ഇനി എന്തെളുപ്പം;ആളെ തീർത്തേക്കുക.അധോലോകത്തെ ഇതിൽ‌പ്പരം സന്തോഷിപ്പിക്കുവതെന്ത്?

അപ്പീലുകളിന്മേൽ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിർദ്ദേശം.അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും.വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യിൽ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും.ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തിൽ വക്കീലന്മാർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ തുറന്നു നൽകിയതു പോലെ വിവരാവകാശ നിയമവും അവർക്കൊരു വരുമാനമാർഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള,ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്.ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.
അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...

Monday, 20 December 2010

സദാചാര പൊലീസ് തെരുവിലിറങ്ങുമ്പോൾ....

ഴിഞ്ഞ ദിവസം ചാവക്കാട്ടെ പൊലീസ് തൃശൂരില പത്രത്താളുകളിൽ കയറിക്കൂടിയത് പുതിയൊരു കർമ്മരംഗത്തിന്റെ പേരിലായിരുന്നു.അരയ്ക്ക് താഴെ വരുന്ന(ലോ വെയ്സ്റ്റ്)പാന്റ്സ് ധരിക്കുന്ന ചെറുപ്പക്കാരെ പിടികൂടി കൈകാര്യം ചെയ്യാനായി അവിടെ പൊതുസ്ഥലങ്ങളിൽ മഫ്തിപൊലീസിനെ നിയോഗിച്ചിരിക്കുന്നു.ഇത്തരം പാന്റ്സിട്ട് ബസിൽ കയറുന്നവരുടെ കാണേണ്ടാത്ത ഭാഗങ്ങൾ കണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണു നടപടി എന്നാണു അവിടത്തെ സി.ഐ പറയുന്നത്. ആദ്യം ‘കുറ്റവാളികളെ’ പിടികൂടി ‘നന്നായി ഉപദേശിച്ചു’ വിടും.എന്നിട്ടും നന്നാകുന്നില്ലെങ്കിൽ പെറ്റി അടിച്ചുവിടും.ഇതാണു ചാവക്കാട്ടെ സദാചാര പൊലീസിന്റെ ‘മോഡസ് ഒപ്പറാണ്ടി’.


പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ സംശയമില്ല.അൽ‌പ്പവസ്ത്രധാരണവും നഗ്നതാപ്രദർശനവും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ധാർമ്മിക-സദാചാര സങ്കൽ‌പ്പങ്ങൾക്കും ജീവിതശൈലിയ്ക്കും സംസ്കാരത്തിനും എതിരായതിനാൽ നിരുത്സാഹപ്പെടുത്തേണ്ടതാണു.അതിനു,പക്ഷേ,നിയമപരമായ വ്യവസ്ഥകളില്ല.ഏതു വസ്ത്രം,എങ്ങനെ അണിയണമെന്ന് നമ്മുടെ ഭരണഘടന നിഷ്കർഷിച്ചിട്ടില്ല.ഒരു രാജ്യത്തും പൌരർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുള്ളതായി അറിയില്ല.പണ്ടു കംബോഡിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോൾ പോട്ട് അതിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.


മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ അതിപ്രാകൃവും സഭ്യതയ്ക്കും മാന്യതയ്ക്കും ഒട്ടും നിരക്കാത്തതുമായ വേഷവിധാനങ്ങൾ ഇന്ത്യയിൽ അനുവദിക്കപ്പെട്ടിരിക്കുന്നു.കുംഭമേളക്കാലത്ത് പൂർണ്ണനഗ്നരായ നാഗസന്യാസിമാർ,ചുടലഭസ്മവും വാരിപ്പൂശി,ചരസും കഞ്ചാവും പുകച്ച് സ്വൈര്യവിഹാരം നടത്തുന്നു.ജൈനമതത്തിൽ ദിഗംബരസന്യാസിമാരുടെ വലിയൊരു വിഭാഗം തന്നെയുണ്ടു.അവരെ പലപ്പോഴും ഒട്ടേറെ സംസ്ഥാനസർക്കാരുകൾ സ്റ്റേറ്റ് ഗസ്റ്റുകളായി തന്നെ സ്വീകരിക്കാറുണ്ടു.വസ്ത്രവിരോധികളോ അല്പവസ്ത്രധാരികളൊ ആയ പിന്നെയും ഒട്ടേറെ മത-അവാന്തര വിഭാഗങ്ങളിൽ പെടുന്നവർ ഇവിടെയുണ്ടു.വടകരയുൾപ്പെടെ പല സ്ഥലങ്ങളിൽ ആശ്രമങ്ങളുള്ള സിദ്ധമതത്തിലെ പുരുഷന്മാർ ഷർട്ട് ധരിക്കില്ല;മറ്റുള്ളവർ മിനിമം വസ്ത്രം മാത്രമേ അണിയൂ.


ഇന്ത്യാഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തുന്ന അമേരിക്കയിലേയും ബ്രിട്ടനിലേയും ജർമ്മനിയിലേയുമുൾപ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുടെ സ്ത്രീകളായ ഭരണാധികാരികളോടും ഉന്നത ഉദ്യോഗസ്ഥകളോടും മാറുമറക്കാത്ത ഉടുപ്പും,കാൽമുട്ടു പോലുമെത്താത്ത സ്കർട്ടും ധരിച്ചാൽ മടക്കവിമാനത്തിൽ കയറ്റി തിരിച്ചയക്കുമെന്ന് പറയാൻ പറ്റുമോ?അവർ പൊതുവേദികളിൽ കാലിന്മേൽ കാലും കയറ്റിവെച്ച്,ശരീരഭാഗങ്ങളെല്ലാം അനാവൃതമാക്കിയിരുന്നാൽ പെറ്റിക്കേസെടുക്കുമെന്നോ,അവരെ പിടികൂടി നന്നായി ഉപദേശിച്ചു വിടുമെന്നോ ഡൽഹിപൊലീസിലെ ഏതെങ്കിലും ഏമാൻ തീരുമാനിക്കുമോ?



ദിനം പ്രതി ഇന്ത്യയിലേക്കു വരുന്ന ലക്ഷക്കണക്കിനു വിദേശവിനോദസഞ്ചാരികൾ ഷോർട്ട്സോ,ബിക്കിനിയോ,ഹാഫ് പാന്റ്സോ ധരിക്കരുതെന്നു നിഷ്കർഷിക്കാൻ ആർക്കെങ്കിലും കഴിയുമോ?കോവളത്തേയും കൊച്ചിയിലേയും,വർക്കലയിലേയുമൊക്കെ പൊലീസ്, ബീച്ചുകളിൽ പരിശോധന നടത്തി അൽ‌പ്പവസ്ത്രധാരികളെ പിടിച്ചു പെറ്റിയടിക്കുമോ?കോവളത്തും ഗോവയിലുമൊക്കെ ബീച്ചുകളിൽ മാറുമറക്കാത്ത,ടോപ്പ്ലസായ,ആയിരക്കണക്കിനു വിദേശടൂറിസ്റ്റുകൾ കൂത്താടുന്നുണ്ടു.മദ്യപിച്ചു മദോന്മത്തരായി സർവ്വനിയമങ്ങളേയും കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന വിദേശികൾക്ക് പട്ടുമെത്ത വിരിച്ചുകൊടുക്കുകയാണു പൊലീസിന്റേയും ഭരണാധികാരികളുടേയും ധർമ്മം എന്നാണു അവരെ പഠിപ്പിച്ചിരിക്കുന്നത്.അവർക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണു നാട്ടുകാർക്ക് മേൽ സദാചാരപൊലീസ് ചമഞ്ഞു അധികാരദണ്ഡ് പ്രയോഗിക്കാൻ തുനിയുന്നത്.


തിരുവനന്തപുരത്ത് മ്യൂസിയത്തിലും വെള്ളയമ്പലത്തുമൊക്കെ പ്രഭാതസവാരിക്കിറങ്ങുന്നവരെ ഈ സദാചാരസംരക്ഷകർ ഒന്നു നിരീക്ഷിക്കുന്നത് നല്ലതാണു.ഉന്നത ഉദ്യോഗസ്ഥരും,വിരമിച്ചവരും രാഷ്ട്രീയനേതാക്കളും ഉൾപ്പെടെയുള്ള സമൂഹത്തിലെ ‘വെണ്ണപ്പാളി’വിഭാഗത്തിൽ പെട്ടവരാണിവരിൽ ഭൂരിപക്ഷം പേരും.അവരിൽ ചില പുരുഷന്മാർ ഷോർട്ട്സ് എന്നു വിളിക്കുന്ന കുട്ടി നിക്കറും ബനിയനും അണിഞ്ഞാണു സവാരിക്കിറങ്ങുന്നത്.അവരുടെ പരിഷ്കാരിണികളായ ഭാര്യമാരും അതേപോലത്തെ സ്പോർട്ട്സ് വസ്ത്രങ്ങളാണു അണിയുന്നത്.ഇവ കണ്ട് ജനങ്ങൾക്ക് വഴി തെറ്റുമെന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സദാചാരനിഷ്ഠനായ ഒരു ഏമാനു നാളെ ഭൂതോദയമുണ്ടായാൽ എന്തുണ്ടാകും?അങ്ങോർ ഇവരെയെല്ലാം കൂടി ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടു പോയി സ്റ്റേഷനിലെ ലോക്കപ്പിൽ തുണിയഴിച്ച് ഇടുമോ?


വനിതാടെന്നിസിനും അത് ലറ്റിക്ക്സിനുമൊക്കെ പാദം വരെ മുട്ടുന്ന വസ്ത്രം ധരിക്കണമെന്നും അല്ലെങ്കിൽ അതിൽ പങ്കെടുക്കുന്നത് സാനിയ മിർസയാണെങ്കിലും പിടികൂടി ഫൈൻ ചുമത്തുമെന്നും നാളെ മറ്റൊരു സ്റ്റേഷനിലെ വലിയേമാനു തോന്നിക്കൂടായ്കയില്ല.


കഴിഞ്ഞ കാലങ്ങളിൽ പരമ്പരാഗത മുസ്ലീംസ്ത്രീവേഷം അണിഞ്ഞും,കന്യാസ്ത്രീകളുടെ വേഷം കെട്ടിയും മോഷണംനടത്തിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.അതുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരം മതപരമായ വേഷങ്ങൾ ആരും ധരിക്കാൻ പാടില്ലെന്നോ,അവരൊക്കെയും പൊലീസിന്റെ കർശനനിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകണമെന്നോ ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശഠിച്ച്കൂടായ്കയില്ല.മുഖം മറയ്ക്കുന്ന വസ്ത്രധാരണം കുറ്റകൃത്യം നടത്തുന്നവരെ പ്രോൽസാഹിപ്പിക്കുമെന്നും അതിനാൽ ഫ്രാൻസിലും തുർക്കിയിലും ചെയ്തതു പോലെ മുസ്ലീംസ്ത്രീകൾ പർദ്ദ ധരിക്കുന്നതും,മറ്റു മതസ്ഥർ സമാന വസ്ത്രങ്ങളണിയുന്നതും നിരോധിക്കണമെന്നും ആവശ്യമുയരാനിടയുണ്ടു.



മനുഷ്യാവകാശ ലംഘനങ്ങളിൽ കുപ്രസിദ്ധി നേടിയവരാണു നമ്മുടെ പൊലീസുകാർ.അവരുടെ കൈയ്യിൽ ധാർമ്മികപരിപാലനത്തിന്റെ ദണ്ഡു കൂടി ലഭിച്ചാലോ?ഇപ്പോൾ തന്നെ കാമുകീ-കാമുകന്മാരെ സ്റ്റേഷനിൽ വച്ച് കല്യാണം കഴിപ്പിക്കുക,പാർക്കുകളും ലോഡ്ജുകളും റെയിഡ് നടത്തി കല്യാണ സർട്ടിഫിക്കേറ്റില്ലാത്ത ‘മഹാപരാധ’ത്തിനു ദമ്പതിമാരെ പിടികൂടുക,അപഥസഞ്ചാരിണികളെ പിടികൂടി തലമുണ്ഡനം ചെയ്യുക എന്നിത്യാദി സന്മാർഗ്ഗപരിപാലനകൃത്യങ്ങൾ പൊലീസുകാരിൽ ചിലർ ചെയ്തുവരുന്നുണ്ടു.നാളെ സീത്രൂ സാരി ധരിച്ചെന്നും,‘വി’കട്ട് ബ്ലൌസിട്ടെന്നും,റ്റോപ്പിടാത്ത ചുരീദാറിട്ടെന്നുമൊക്കെയുള്ള ‘കുറ്റങ്ങൾ’ ആരോപിച്ചും സദാചാരപൊലീസ് കർമ്മനിരതരായേക്കും.



ജനാധിപത്യത്തിന്റെ അകാലമൃത്യുവായിരിക്കും അനന്തരഫലം.

ജനങ്ങളെ സദാചാരവും ധാർമ്മികതയും പഠിപ്പിക്കേണ്ടത് കാക്കിധാരികളല്ല.ലാത്തിയും ബൂട്ടും ബയനറ്റും മൂലം ഒരാളും സന്മാർഗ്ഗജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.സനാതനമായ ജീവിത മൂല്യങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഇവിടെ മത-സാമൂഹിക-സാംസ്കാരിക നേതാക്കളുണ്ടു.വിശുദ്ധ ഗ്രന്ഥങ്ങളുണ്ടു.ഉദാത്തമായ സാഹിത്യകൃതികളുണ്ടു.
പൊലീസിനിതിൽ എന്തു കാര്യം?

Sunday, 12 December 2010

ജുഡീഷ്യറി:തമസല്ലോ സുഖപ്രദം!

വിടെയാണു ഒന്നും ചീഞ്ഞുനാറാത്തത്?
അലഹബാദ് ഹൈക്കോടതിയിൽ അഴിമതി കൊടികുത്തിവാഴുന്നുവെന്നു സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജുവും ഗ്യാൻ സുധ മിശ്രയുമടങ്ങിയ ഡിവിഷൻ ബഞ്ച് നടത്തിയ പരാമർശമാണു സ്വജനപക്ഷപാതത്തിന്റെ പാതാളഗർത്തിൽ ഇന്ത്യൻ ജുഡീഷ്യറിയിലെ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്ന ആരോപണം സത്യമാണെന്നു വെളിപ്പെടുത്തിയത്.
അങ്കിൾ ജഡ്ജ് സിൻഡ്രോം” എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പ്രതിഭാസം അലഹബാദ് ഹൈക്കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല.അതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടു.കേരളം മുതൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ഉന്നത ന്യായപീഠങ്ങളിലേക്ക് നീളുന്നതാണു അതിന്റെ വേരുകൾ.
രണ്ടു പതിറ്റാണ്ടിനു മുൻപ് സാക്ഷാൽ നവാബ് രാജേന്ദ്രൻ ഇത്തരം ഒരു പരാതിയുമായി ബാർ കൌൺസിലിന്റെ മുന്നിലെത്തിയിരുന്നു.ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ അതേ കോടതിയിൽ തന്നെ പ്രാക്റ്റീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാ‍ട്ടിയ ആ പരാതിയിന്മേൽ നടപടികളൊന്നും ഉണ്ടായില്ല.പക്ഷേ,ജനങ്ങൾക്ക് കാര്യങ്ങളുടെ പോക്ക് എങ്ങനെയെന്നു അന്നേ മനസിലായി.

ജഡ്ജിമാരുടെ കൈകളും ശുദ്ധമല്ലെന്നു ആവർത്തിച്ചു ബോദ്ധ്യപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ പിന്നാലെ ഉണ്ടായി.
തമിഴ്നാട്ടിലും കർണ്ണാടകത്തിലും ‘അങ്കിൾ ജുഡ്ജ് സിൻഡ്രോം’മിനെതിരെ അഭിഭാഷകരും ബാർ കൌൺസിലും ശബ്ദമുയർത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.
സുഭാഷൻ റെഡി മദ്രാസിലേയും ഏ.ആർ.ലക്ഷ്മണൻ ആൻഡ്രപ്രദേശിലേയും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായിരുന്ന കാലത്ത് അവരുടെ അടുത്തബന്ധുക്കൾക്ക് കേസുകളുടെ കൊയ്ത്കാലമായിരുന്നുവത്രേ.ലക്ഷ്മണന്റെ മകൻ മദ്രാസിലും റെഡിയുടെ അടുത്ത ബന്ധുക്കൾ ഹൈദരാബാദിലുമായിരുന്നു പ്രാക്റ്റീസ് ചെയ്തിരുന്നത്.ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.പക്ഷേ,ചീഫ് ജസ്റ്റിസുമാരുടെ ഉറ്റവർക്ക് കേസുകൾ കൂടിയതിന്റെ അർത്ഥം അവിടെ എന്തോ ചീഞ്ഞുനാറുന്നുവെന്നായിരുന്നു.അത് തെളിച്ചുപറയാൻ,പക്ഷേ,അഭിഭാഷകർക്കോ,മാദ്ധ്യമങ്ങൾക്കോ കഴിഞ്ഞില്ല.സാധാരണ വക്കീലന്മാർക്ക് അതിനു ഒരിക്കലും സാധിക്കുകയില്ല.ജഡ്ജിമാരുടെ അപ്രീതിപിടിച്ചുപറ്റിയാൽ കേസ് തോൽക്കുമെന്ന് ആർക്കാണറിയാത്തത്? (മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകൻ പ്രദീപ് ഭൂഷനും,മറ്റൊരു മുൻ ചീഫ് ജസ്റ്റിസ് അഹമദിയുടെ മകളും ഇപ്പോൾ സുപ്രീം കോടതിയിൽ തന്നെ പ്രാക്റ്റീസ് ചെയ്യുന്നുണ്ടു).

കോടതിയലക്ഷ്യത്തെ ഭയന്നിട്ടാകണം ജുഡീഷ്യറിയിലെ അഴിമതിക്ക് മാദ്ധ്യമങ്ങൾ ശ്രദ്ധകൊടുക്കുന്നതേയില്ല.സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ സബർവാൾ ഡെൽഹി സീലിങ്ങ് കേസിൽ സ്വന്തം മകനു അനുകൂലമായി വിധിയെഴുതിയെന്ന് ചൂണ്ടിക്കാണിച്ച പത്രലേഖകനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത് തന്നെ ഉദാഹരണം.അതുകൊണ്ടാകാം 2007ൽ ഇന്ത്യയിലെ ഏറ്റവുമധികം അഴിമതിയുള്ള മൂന്നാമത്തെ സ്ഥാപനം എന്ന ബഹുമതി ട്രാൻസ്പേരൻസി ഇന്റർനഷണൽ ജുഡീഷ്യറിക്ക് നൽകിയത്.

നീതിന്യായരംഗത്തെ അഴിമതി ചർച്ച ചെയ്യപ്പെടുന്നത് അത് മൂടിവെയ്ക്കാനാകാത്തത്ര മലീമസമാകുമ്പോൾ മാത്രമാണു.പക്ഷേ,അഴിമതിക്കാരെ നീക്കം ചെയ്യുക ഭരണഘടനപ്രകാരം തികച്ചും ദുർഘടമേറിയ ഒരു പ്രക്രിയയാണു.അഴിമതി നടത്തി എന്ന് ബോദ്ധ്യം വന്നിട്ടും കൽക്കത്ത ഹൈക്കോടതി ജഡ്ജി സൌമിത്ര സെന്നിനെതിരായി ഒരു നടപടിയും സ്വീകരിക്കാൻ ആർക്കുമായില്ല.അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ സെന്നിനെ നീക്കം ചെയ്യണമെന്നാ‍വശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് എഴുതി.പക്ഷേ,ഒന്നും ഉണ്ടായില്ല.ഇനി ഇമ്പീച്ച് ചെയ്യാമെന്നു വച്ചാലോ?അതിനു പ്രസിഡന്റിനോട് അപേക്ഷിക്കുന്ന നിവേദനത്തിൽ 100 ലോക്സഭാ എം.പിമാരും 50 രാജ്യസഭാ എം.പിമാരും ഒപ്പിടണം.പാർലമെന്റിന്റെ മൂന്നിൽ രണ്ടു അംഗങ്ങളുടെ പിന്തുണയും വേണം.ജസ്റ്റിസ് വി. രാമസ്വാമിയ്ക്കെതിരായ ഇമ്പീച്ച്മെന്റു നടപടി ചീറ്റിപ്പോയത് അവസാനനിമിഷം കോൺഗ്രസ് പ്രമേയത്തെ പിൻതാങ്ങാത്തതിനാലായിരുന്നുവെല്ലോ.മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതിക്കാരായ ജഡ്ജിമാരെ സംരക്ഷിക്കുന്ന ഭരണഘടനാവ്യവസ്ഥകൾ റദ്ദാക്കി,പുതിയവ എഴുതിച്ചേർക്കുക പ്രായോഗികമല്ല.അതിനുള്ള ഭൂരിപക്ഷം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും മുന്നണിക്കും ഇന്നില്ല.

ചരിത്രത്തിൽ ഇന്നുവരെ ഒരൊറ്റ ജഡ്ജിയെ മാത്രമേ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.1949ൽ കോടതി ഉത്തരവിനെ തുടർന്ന് ഗവർണ്ണർ ജനറൽ സി.രാജഗോപാലചാരി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശിവപ്രസാദ് സിൻഹയെ പുറത്താക്കിയത് മാത്രമാണു ഏക അപവാദം.അതുകൊണ്ടു തന്നെ അഴിമതിക്കാരെന്നു വിശേഷിപ്പിക്കപ്പെട്ട ജഡ്ജിമാരെ തത്സ്ഥാനങ്ങലിൽ നിന്ന് നീക്കം ചെയ്യണമെന്ന അപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ച വിവരാവകാശപ്രവർത്തക നൂതൻ താക്കൂറിന്റെ അപേക്ഷയിന്മേൽ ഫലപ്രദമായ ഒരു നടപടിയും സാദ്ധ്യമല്ല.

അഴിമതി ആരോപണത്തിന്മേൽ അന്വേഷണം നേരിടുന്ന എല്ലാ ജഡ്ജിമാരുടേയും വിവരങ്ങൾ ലഭ്യമാക്കാൻ ആർ.ടി.ഐ നിയമപ്രകാരം അവർ അപേക്ഷയും നൽകിയിട്ടുണ്ടു.
അറിഞ്ഞിട്ടു മാത്രം എന്തു കാര്യം?ജുഡിഷ്യറിയെ വിറ്റു കാശാക്കുന്ന,മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഔദ്യോഗികസംവിധാനങ്ങൾ ദുരുപയോഗംചെയ്യുന്ന ജഡ്ജിമാരെ യാതൊന്നും ചെയ്യാ‍ൻ കഴിയാത്ത അവസ്ഥയിൽ നമുക്കിങ്ങനെ ആത്മഗതം ചെയ്യാം.
അറിവ് ദുഖമാണു;തമസല്ലോ സുഖപ്രദം,മാ‍ളോരെ!
-അതുകൊണ്ടു ജുഡീഷ്യറിയിലെ അഴിമതിക്കാരും സ്വജനപക്ഷപാതികളും കൊഴുത്തു തടിക്കട്ടെ.അവർ ആഡംബര,സുഖലോലുപജീവിതം നയിക്കട്ടെ.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്നതു തന്നെ കിട്ടും;തീർച്ച.

Sunday, 5 December 2010

സ്വർണ്ണക്കടുക്കനിട്ട അംബാസിഡർമാരും വരവായി...

ഴിഞ്ഞ ദിവസമാണു ഒരു തീവണ്ടിയാത്രക്കിടയിൽ അത് ശ്രദ്ധയിൽ പെട്ടത്‌‌-ചില യുവാക്കൾ കാതിൽ സ്വർണ്ണക്കമ്മലുകൾ അണിഞ്ഞിരിക്കുന്നു!

പണ്ടു നാട്ടുപ്രമാണിമാരും തമ്പ്രാക്കളും തലയിൽ കുടുമയും കെട്ടി കാതിൽ കടുക്കനും ഇട്ട് നടന്നിരുന്നു.ജന്മിത്വത്തെ കടപുഴക്കി എറിഞ്ഞതോടെ അത് അപ്രത്യക്ഷമായി.പുതുപ്പണക്കാർ ആഡ്യത്വം പ്രകടിപ്പിക്കാൻ സ്വർണ്ണമാലയും മോതിരങ്ങളും അണിഞ്ഞു നടന്നു.

അടുത്തിടെ നമ്മുടെ സിനിമകളിലെ ചില അധോലോകനായകരും ഗുണ്ടകളും കാതിൽ ഒറ്റക്കമ്മലണിയുന്നതും ശീലമാക്കി.ഇപ്പോഴിതാ ഒരു പടി കൂടിക്കടന്നു, കാതിൽ പൊന്നിൽ തീർത്ത കമ്മൽ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അതാകാം ഇനി പുതിയ ഫാഷൻ.എന്തിനു പുരുഷന്മാർക്ക് ഒറ്റക്കമ്മലാകുന്നു?രണ്ടു കാതിലുമിരിക്കട്ടെ നായകനു സ്വർണ്ണക്കമ്മലുകൾ എന്ന് നാളെ ഒരു സംവിധായകനു തോന്നിയാൽ എന്തു സംഭവിക്കും?പുതുതായി ഇറങ്ങുന്ന തട്ടുപൊളിപ്പൻ പടത്തിൽ മോഹൻലാലോ മമ്മൂട്ടിയോ രണ്ടുകാതിലും സ്വണ്ണക്കമ്മലുകളണിഞ്ഞുകൊണ്ടു പ്രത്യക്ഷപ്പെട്ടാൽ അതാകും പുതു ഫാഷൻ.നമ്മുടെ മാദ്ധ്യമങ്ങൾ അതിനു വൻപബ്ലിസിറ്റി കൊടുക്കും.ഫാഷൻപ്രിയർ മത്സരിച്ച്-മത്സരിച്ച് സ്വർണ്ണക്കമ്മലുകളുണ്ടാക്കി അണിയും.കാമ്പസുകളിൽ അതാകും തരംഗം.വനിതാമസികകളിൽ പൊന്നണിഞ്ഞ പുരുഷന്മാരുടെ ഫാഷൻ പരേഡുകൾ തകർക്കും.സ്വർണ്ണക്കമ്മലുള്ള പുരുഷന്റെ പൌരുഷം വന്യമാണെന്നും അതാണവരുടെ ഏറ്റവും സെക്സിയായ വേഷമെന്നും സുന്ദരിമാർ മൊഴിയും.കാമ്പസ് സർവേ റിപ്പോർട്ടുകളിൽ സ്വർണ്ണക്കമ്മലുകളണിയുന്നവർ ലീഡ് ചെയ്യും.

-ഇതൊരു ഭാവനയല്ല.കഴിഞ്ഞ കുറേ മാസങ്ങളായി ഒരു വനിതാപ്രസിദ്ധീകരണം കേരളത്തിലെ സ്ത്രീകളെ പുതിയൊരു ഫാഷൻ പഠിപ്പിക്കാൻ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണു.പൊക്കിൾ കിഴിച്ച് ആഭരണം അണിയുന്നതാണത്രേ പുതിയ ട്രെൻഡ്.അത് വളരെ അപകടം പിടിച്ച ഫാഷനായതുകൊണ്ടാകാം ഇവിടെ അത് ഇതുവരെ പച്ചതൊടാത്തത്.
പക്ഷേ, കമ്മലിന്റെ കാര്യം അങ്ങനെയല്ലല്ലോ.അതിൽ റിസ്ക് ഫാക്റ്റർ ഒന്നുമില്ല.മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ സന്തോഷവുമുണ്ടാകും.ഭാഗ്യക്കുറിക്ക് മാത്രമല്ല,പ്രചാരം കൂട്ടാൻ വേണ്ടി പത്രത്തിലൂടെ ഗെയിം കളിപ്പിക്കുകയും കുറി നടത്തുകയും ചെയ്യുന്നവർക്കും പ്രിയം സ്വർണ്ണത്തോടാണു.അവർ സമ്മാനപ്പെരുമഴ പെയ്യിക്കുന്നത് സ്വർണ്ണം കൊണ്ടാണു.ജുവല്ലറിക്കാരാണു ഈ സമ്മാനപദ്ധതികളുടെ മുഖ്യ സ്പോൺസർമാർ.സംസ്ഥാനത്തെ എല്ലാ ടെലിവിഷൻ,എഫ്.എം റേഡിയോ ചാനലുകളുടേയും മുഖ്യസ്പോൺസർമാർ സ്വർണ്ണക്കടമുതലാളിമാരാണു. അതുകൊണ്ടാകാം സമ്മാനങ്ങളെല്ലാം സ്വർണ്ണമയമായിരികുന്നത്.

ആഭരണഭ്രമം കേരളീയസമൂഹത്തെ മാരകമായി കാർന്നു തിന്നുന്ന വിപത്താണെന്ന് അറിയാത്തവരില്ല.കനകം മൂലം തകർന്ന കുടുംബബന്ധങ്ങൾക്ക് കണക്കുമില്ല.സ്വർണ്ണം പവൻ കണക്കിനു കൊടുക്കാനില്ലാത്തവർക്ക് വിവാഹമാർക്കറ്റിൽ വിലയേതുമില്ല.സ്ത്രീധനവും സ്വർണ്ണവും നൽകി പാപ്പരായിത്തീർന്ന എത്രയോ മാതാപിതാക്കൾ നമ്മുടെ മുൻപിലുണ്ടു.
എന്നിട്ടും മാദ്ധ്യമങ്ങൾ സ്വർണ്ണത്തിന്റെ പ്രചാരകരാകുന്നു.കടുത്ത ഈ സാമൂഹികതിന്മയെ കൈഅയച്ച് പ്രോത്സാഹിപ്പിക്കുന്നു.ഒട്ടും ആത്മർത്ഥതയില്ലെങ്കിലും മദ്യം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവല്ലാം അതേപോലെ തന്നെയുള്ള ഈ തിന്മയെ പ്രോത്സാഹിപ്പിക്കുന്നു.ഇതൊരു കടുത്ത വൈരുദ്ധ്യമാണു.

സ്വർണ്ണം ഒരു സുരക്ഷിതനിക്ഷേപമാണെന്ന ന്യാ‍യം പറഞ്ഞാ‍കും അവർ ഇതിനെ എതിരിടുന്നത്.
പൊന്നിനു വിലയേറുന്ന സാഹചര്യത്തിൽ ഈ വാദത്തിനു സാംഗത്യമുണ്ടെന്ന് തോന്നാം.പക്ഷേ അതിനെക്കാൾ ആദായകരവും സുരക്ഷിതവുമാണു വീടോ സ്ഥലമോ വാങ്ങുന്നത്.സ്വർണ്ണത്തെപ്പോലെ അത് ഏറെക്കാലം ഡെഡ് മണിയായി ഇരിക്കുകയില്ല.കുറഞ്ഞകാലം കൊണ്ടു പലമടങ്ങ് വില വർദ്ധിക്കുകയും ചെയ്യും.ആദായവും കിട്ടും.

പക്ഷേ,ഈ മെച്ചമൊന്നുംസ്വർണ്ണത്തിനില്ല.അത് വീട്ടിൽ സൂക്ഷിക്കുകയോ ധരിച്ചുകൊണ്ടു നടക്കുകയോ ചെയ്യുന്നത് ആത്മഹത്യാപരമാണു.ഒരു തരി പൊന്നിനു വേണ്ടി ദിവസവും എത്രയോ കൊലപാതകങ്ങൾ ഇവിടെ നടക്കുന്നു.
ഇനി ഇതിന്റെ സൌന്ദര്യാത്മകവശത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ടു.ഒരാൾക്ക് സ്ത്രീയോടു പ്രണയമോ കാമമോ ബഹുമാനമോ ഉണ്ടാകുന്നത് അവൾ അണിഞ്ഞിരിക്കുന്ന സ്വർണ്ണത്തിന്റെ മാറ്റു നോക്കിയല്ല.സ്വഭാവഗുണമോ സൌന്ദര്യമോ ഇല്ലാത്തവൾ എത്രവിലപിടിപ്പുള്ള ആഭരണം അണിഞ്ഞിട്ടും എന്തു വിശേഷം?സ്വർണ്ണം ആരെയെങ്കിലും ഭ്രമിപ്പിക്കുന്നുവെങ്കിൽ അത് സൂക്ഷിക്കണം.എന്തോ അപകടം പതിയിരിപ്പുണ്ടു.

സിനിമാതാരങ്ങൾ മാത്രമല്ല രാഷ്ട്രീയനേതാക്കളും ജ്വല്ലറികളുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കണമെന്ന് സുരേഷ്ഗോപി ആഹ്വാനം ചെയ്തത് ഒരുസിനിമാക്കാരന്റെ വിടുവായത്തം എന്നുപറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തത് ഇതുകൊണ്ടാണു.ഗാർഹിക സ്വർണ്ണസംഭരണം പ്രോത്സാഹിപ്പിക്കാൻ യുവജനസംഘടനകൾ മുന്നോട്ട് വരണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിക്കുന്നുണ്ടു.

അടുത്തതവണ ഫണ്ടുപിരിക്കാൻ ചെല്ലുമ്പോൾ ആഭരക്കടക്കാർ രാഷ്ട്രീയനേതാക്കളോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാൽ ഇവർ എന്തു ചെയ്യും?ഉണ്ണുന്ന ചോറിനോടു നന്ദിയുള്ള രാഷ്ട്രീയക്കാർ അത് അനുസരിക്കുക തന്നെ ചെയ്യും.അബ്കാരി മുതലാളിയും ജ്വല്ലറി മുതലാളിയും കൽ‌പ്പിച്ചാൽ അത് ശിരസാവഹിക്കാനല്ലാതെ,നിഷേധിക്കാൻ കെല്പുള്ള എത്ര രാഷ്ട്രീയക്കാർ നമുക്കിടയിലുണ്ടു?

രണ്ടുകാതിലും സ്വർണ്ണക്കമ്മലിട്ട് ,മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും സുന്ദരിമാർക്കുമൊപ്പം ഇവർ റാമ്പിൽ ചുവടുവെയ്ക്കുകയില്ലെന്ന് ആരുകണ്ടു?ഇത് പഴയ കാലമല്ല.രാഷ്ട്രീയക്കാരുടെ സുവർണ്ണകാലമാണു!വിദ്യാഭ്യാസ,അബ്കാരി മാഫിയകൾ മുതൽ ലോട്ടറി വരെയുള്ള സർവ അധോലോകമാഫിയാസംഘങ്ങൾക്കും അറിയപ്പെടുന്ന ബ്രാന്റ് അബാസിഡർമാരുള്ള നാടാണിത്.അതിനാൽ,നാളെ കാതിൽ സ്വർണ്ണക്കടുക്കനുമിട്ട് പുതിയ ബ്രാന്റ് അംബാസിഡർമാർ വരുകതന്നെ ചെയ്യും!

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ