Monday, 29 November 2010

ദയാബായി ഒറ്റയ്ക്കാകുന്നത് എന്തുകൊണ്ട്?


മുഖം മൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണു.
എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടവരുടെ അവസാനത്തെ അത്താണികളായിരുന്നു,ജുഡീഷ്യറിയും മാദ്ധ്യമങ്ങളും.അവ പോലും പണ്ടേ സംശയത്തിന്റെ കഴിനിഴലിലായിരുന്നു.അപ്പോഴും, ആദർശനിഷ്ഠരായ ഒരു വിഭാഗം അവയുടെ അന്തസ് കെടാതെ,മൂല്യങ്ങൾ തകരാതെ, സംരക്ഷിച്ചുപോന്നു.റാഡിയാടേപ്പുകളിലൂടെ അവരിലെ ഉന്നത വ്യക്തിത്വങ്ങളും കളങ്കിതരാണെന്ന് ഞെട്ടലോടെ നമ്മളിപ്പോൾ മനസിലാക്കുന്നു.അഴിമതിക്കാരായ ജഡ്ജിമാരെക്കുറിച്ച് അതിശക്തമായ ഭാഷയിൽ ഇക്കഴിഞ്ഞ ദിവസവും സുപ്രീംകോടതി പരാമർശം നടത്തി. രാഷ്ട്രീയപ്രസ്ഥാനങ്ങൾ
എല്ലാവിധ അപഭ്രംശങ്ങൾക്കും വിധേയമാണെന്ന് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണു.അപ്പോൾ പിന്നെ സത്യസന്ധരായ പൊതുപ്രവർത്തകർ എവിടെയാണുള്ളത്?

അവരുടെ വംശം തന്നെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് പരിതപിക്കുന്നവരുണ്ടു.നിസ്വാർത്ഥമായ സന്നദ്ധസേവനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു ഒരു കൂട്ടരുണ്ടു.അവരാണു ആദിവാസികളേയും ദളിതരേയും ദുർബലവിഭാഗങ്ങളേയും മുന്നിൽ നിർത്തി വിദേശ ഏജൻസികളുടെ പണം പിടുങ്ങുന്നവർ.അത്തരം സന്നദ്ധസംഘടനകളുടെ വലിയൊരു നിര തന്നെ ഏറെ വർഷമായി നമുക്കിടയിലുണ്ടു.അവർ തട്ടിയെടുക്കുന്ന കോടികൾക്ക് സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കു പോലുമില്ല.മത ജാതി സംഘടനകളുടേയും എൻ.ജി.ഒകളുടേയും മറവിൽ വിദേശപണം കൊണ്ടു കൊഴുത്തുതടിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം കൂടിക്കൊണ്ടിരിക്കുന്നു.കൈനനയാതെ മീൻ പിടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണു ഇക്കൂട്ടർ.സന്നദ്ധസേവനം അവർക്കൊരു മറ മാത്രം.

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ദയാബായി എന്ന മേഴ്സി മാത്യു ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തയാകുന്നത്,ജീവിതത്തിൽ ഉടനീളം അവർ അനുഷ്ഠിക്കുന്ന സത്യനിഷ്ഠ കാരണമാണു.കഴിഞ്ഞ ദിവസം ആകാശവാണിക്കു വേണ്ടി അവരെ ഇന്റർവ്യൂ ചെയ്തപ്പോൾ,ഇതിഹാസസമാനമായ ആ ജീവിതത്തെ അടുത്തറിയാൻ അവസരം ലഭിച്ചു.പാലയിലെ പൂവരന്നി എന്ന കർഷകഗ്രാമത്തിൽ നിന്ന് കന്യാസ്ത്രീയാകാൻ വേണ്ടി പതിമൂന്നാം വയസിൽ ബീഹാറിലേക്ക് പോയ അവർ ഒരിക്കലും സഭയുടെ നാലതിരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ടില്ല.പതിതരെ സേവിക്കുന്നതിനു സഭയുടെ തണൽ മതിയാവില്ലെന്ന തിരിച്ചറിവിൽ നിന്നാകാം, ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ അവർ തീരുമാനിച്ചത്.
ഉന്നത ബിരുദങ്ങളും,ധനവുമുണ്ടായിട്ടും അവർ ഇന്നും നിസ്വയായി ജീവിക്കുന്നു.സഭയുടെ പരിരക്ഷണവും, കിട്ടാമായിരുന്ന സുഖപ്രദമായ ജോലിയുമെല്ലാം ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കമായ ഗോണ്ടുകൾ എന്ന ആദിവാസികൾ അധിവസിക്കുന്ന ചിഡ് വാരയിൽ അവർ അവരിലൊരളായി കൂടി.അവരുടെ പരമ്പരാഗത വസ്ത്രം ധരിച്ചു.അവരോടൊപ്പം കൂലിപ്പണിയെടുത്തു.കടത്തിണ്ണകളിൽ അന്തിയുറങ്ങി.പിന്നെ ആദിവാസിക്കുടിയിൽ അവർ ഒരുക്കിക്കൊടുത്ത കൂരയിൽ അവരോടൊപ്പം താമസിച്ചു.സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി.ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിരുന്ന ആദിവാസികളെ സഘടിപ്പിച്ച് അവകാശങ്ങൾക്കായി പൊരുതി.
വാർദ്ധക്യം അവരിൽ നേരത്തെ കുടിയേറി.പണ്ടേ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു.പല്ലുകൽ കൊഴിഞ്ഞിരിക്കുന്നു.നിറവും മങ്ങിപ്പോയിരിക്കുന്നു.
പട്ടിണി കിടന്നാലും ജരാനരകൾ ബാധിക്കാത്ത ആദിവാസികൾക്കിടയിൽ ജീവിക്കുന്ന ഇവർക്കിത് എന്തു പറ്റി ?ഒരിക്കൽ ആദിവാസികൾക്ക് വേണ്ടി പൊലിസ് സ്റ്റേഷനിൽ സംസാരിക്കാൻ ചെന്ന അവർ കടുത്ത മർദ്ദനത്തിനിരയായി.പല്ലുകൾ കൊഴിഞ്ഞത് അങ്ങനെയായിരുന്നു.എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെ ,ചെറുത്ത്നിൽ‌പ്പിന്റെ വഴികളിലൂടെ അവർ സുധീരം മുന്നോട്ട്പോയി.അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ സ്കൂളും അടിസ്ഥാനസൌകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു.അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.അവരുടെ ഭാഷയിൽ സംസാരിച്ചു.തെരുവ് നാടകങ്ങളും കവിതയും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.

ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണു അവരെ ഇന്നും പ്രചോദിപ്പിക്കുന്നത്.കുടുംബം നൽകിയ പണം കൊണ്ടു വാങ്ങിയ പാറനിറഞ്ഞ സ്ഥലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്ന അനുഭവങ്ങളും അവർ പങ്കുവെച്ചു.കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു.അങ്ങനെ അവിടെ ഉറവകളുണ്ടായി.പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്‌ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു.എല്ലാം വിളയുന്ന മണ്ണു.കൂട്ടിനു പശുക്കളും കോഴിയും താറാവുമൊക്കെയുണ്ടു..മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയ വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയുമുണ്ടു.ഒപ്പം കവിതകളും.ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല:പാത്രവും വസ്ത്രവും കഴുകാൻ ഡിറ്റർജന്റ് പോലും.ഏതാണ്ട് സ്വയം പര്യാപ്തയാണു അവർ.
കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ഒരു ജീവിതം.
ആർക്കു കഴിയും ഇങ്ങനെ അർത്ഥവത്തായി പൊരുതി ജീവിക്കാൻ?പലപ്പോഴും ഒന്ന് മേലനങ്ങാതെ,വെറുതെ അധരവ്യായാമം നടത്തി ,മറ്റുള്ളവർക്ക് മേൽ വിമർശനങ്ങളുടെ വിഷപ്പുക തുപ്പുന്നത് ശീലമാക്കിയവരാണു നമുക്ക് ചുറ്റുമുള്ള പൊതുപ്രവർത്തകരും ബുദ്ധിജീവിസമൂഹവും. അവർക്കിടയിൽ ,സ്വന്തം വിശ്വാസപ്രമാണങ്ങളിൽ മുറുകെപ്പിടിക്കുകയും അത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയുംആചെയ്യുന്നവർ അത്യപൂർവ്വം.
ദയാബായിയുടെ ജീവിതംവ്യത്യസ്തമാകുന്നത് അതുകൊണ്ടാണു.അവർ ഒറ്റയ്ക്കാകുന്നതും അതുകൊണ്ടു തന്നെ.പൊതു പ്രവർത്തനം ആഡംബരത്തിലും സുഖലോലുപതയിലും മുങ്ങിക്കുളിക്കുമ്പോൾ ദയാബായിമാർക്ക് ഒറ്റപ്പെടാതിരിക്കാനാവില്ലല്ലോ.
....................................................
ഷൈനി ജേക്കബ് ബഞ്ചമിൻ ദയാബായിയെക്കുറിച്ച് എടുത്ത ഡോക്കുമെന്ററിയുടെ പേർ “ഒറ്റയാൾ” എന്നാണു.

Tuesday, 23 November 2010

മാദ്ധ്യമ അജണ്ട നിശ്ചയിക്കുന്നത് എങ്ങനെ?

ഴിഞ്ഞ ദിവസം കേരളാപ്രസ് അക്കാദമിയിലെ പത്രപ്രവർത്തക വിദ്യാർത്ഥികളോടു റേഡിയോയുടെ കാലിക പ്രസക്തിയെപറ്റി സംസാരിക്കവേ,പ്രധാനപ്പെട്ടൊരു ചോദ്യം ഉയർന്നു:റേഡിയോയിൽ കിട്ടുന്നതെല്ലാം ഇപ്പോൾ മൊബൈൽഫോണിലും കിട്ടും.പിന്നെന്തിനു ഞങ്ങൾ ഭാവിയിൽ റേഡിയോ കേൾക്കണം?

റേഡിയോ മാത്രമല്ല,ടി.വിയും മൊബൈലിൽ കിട്ടും.ജി.പി.ആർ.എസ് കണക്ഷനുണ്ടെങ്കിൽ അതൊരു മിനി കമ്പ്യൂട്ടറായി തന്നെ ഉപകരിക്കും.അതിൽ പത്രങ്ങൾ വായിക്കാം.നെറ്റിൽ തിരഞ്ഞു എന്തും കാണാം;കേൾക്കാം.മെയിലുകൽ അയക്കാം.ചിത്രങ്ങളും വീഡിയോയും അപ് ലോഡ് ചെയ്യാം....അങ്ങനെ എന്തും സാദ്ധ്യമാകുന്ന ഒരു സമഗ്രമാദ്ധ്യമമാണിന്ന് മൊബൈൽ ഫോൺ.മുൻപ് ഈ പംക്തിയിൽ എഴുതിയത് പോലെ,ഫോൺ ചെയ്യുക എന്നത് മൊബൈലിൽ ഫോണിൽ ലഭ്യമായ അസംഖ്യം സൌകര്യങ്ങളിൽ ഒന്നു മാത്രമാണു.

മൂന്നു കോടി പതിനെട്ട് ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ രണ്ടു കോടിയോളം പേർക്കും മൊബൈലുണ്ടു.ഇനിയും ഈ സംഖ്യ കുതിച്ചുയരും.ഒരു പക്ഷേ,അടുത്ത ഒരു കൊല്ലത്തിനകം ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതലാളുകൾക്ക് മൊബൈലുള്ള പ്രദേശം കേരളമാകും.

വളരെയധികം മാദ്ധ്യമവത്കൃതമായ കേരളീയ സമൂഹത്തിൽ ഒരു സമഗ്രമാദ്ധ്യമമെന്നനിലയിൽ,സ്വതന്ത്രാസ്തിത്വവും നിലനിൽ‌പ്പുമുള്ള പുതു മാദ്ധ്യമമായി മൊബൈൽഫോൺ വളർന്നു വരുമോ?ഇപ്പോൾ തന്നെ വാർത്താവിതരണത്തിനും വിനിമയത്തിനുമുള്ള ഏറ്റവും ഫലപ്രദവും കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ മാദ്ധ്യമമായി മൊബൈലിലെ എസ്.എം.എസ്.സർവ്വീസുകൾ വളർന്നിരിക്കുന്നു.വാർത്തകളും വിവരങ്ങളും മാത്രമല്ല,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഭവങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളും ആകുലതകളും വിമർശനങ്ങളുമൊക്കെ പ്രതിഫലിക്കുന്ന ഒന്നാംതരം ഫലിതങ്ങളും കമൻറ്റുകളുമൊക്കെ എസ്.എം.എസായും,ഇ.മെയിലായും ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നു.റ്റിന്റുമോൻ ഫലിതങ്ങൾ അങ്ങനെ ആധുനിക കേരളീയജീവിതത്തിന്റെ പുതിയ ഫോക് ലോറായി മാറുന്നു.

ഇന്റർനെറ്റു കൂടി അടങ്ങിയ ഈ നവമാദ്ധ്യമങ്ങൾക്കൊപ്പം ഇനിയും ധാരാളം ടി.വി,എഫ്.എം ചാനലുകളും അടുത്ത മാസങ്ങളിൽ കേരളത്തിൽ വരുന്നു.ഇതോടെ ലോകത്തെ ഏറ്റവുമധികം മദ്ധ്യമവത്കൃതമാ‍യ സമൂഹമെന്ന കേരളത്തിന്റെ സ്ഥാനത്തിനു എതിരാളികളുണ്ടാവില്ല.
എന്നിട്ടും നമ്മുടെ ഇടയിലെ എല്ലാവിഭാഗങ്ങളുടേയും വാർത്താവിവിമയാ‍വശ്യങ്ങളെ തൃപ്തിപ്പെടുത്താൻ നമ്മുടെ മാദ്ധ്യമങ്ങൾക്ക് കഴിയുന്നുണ്ടോ?വിവിധ സാമൂഹിക ശ്രേണിയില്പെട്ടവർക്ക് ആവശ്യമായ വിവരങ്ങളും വിനോദവുംനൽക്കാൻ ഈ മാദ്ധ്യമങ്ങൾക്ക് സാധിക്കുന്നുണ്ടോ?

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനു പുതിയ ഒരു ചോദ്യത്തിലൂടെ സാധിക്കും.എന്തു കൊണ്ടാണു കേരളത്തിലെ ഒരൊറ്റ സാറ്റലൈറ്റ് ടി.വി ചാനലിന്റേയും പ്രൈംടൈമിൽ കർഷകർക്കോ ഗ്രാമീണർക്കോ വേണ്ടിയുള്ള ഒരൊറ്റ പരിപാടി പോലും പ്രക്ഷേപണം ചെയ്യാത്തത്?

‘വെള്ളം,വെള്ളം സർവത്ര.പക്ഷേ കുടിക്കാൻ ഒരിറ്റു ജലവുമില്ല’ എന്നതാണു സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മാദ്ധ്യമാനുഭവം.മാദ്ധ്യമങ്ങളൊരുക്കുന്ന വിഭവസമൃദ്ധമായ ഈ സദ്യയിൽ അവർക്ക് കഴിക്കാനുള്ള വിഭവങ്ങൾ വളരെ ദുർലഭം.ജനകീയ ടി.വി പരിപാടികളുടെ ഉള്ളടക്കം ഇത് അടിവരയിടുന്നു.സീരിയലുകളെല്ലാം കറങ്ങുന്നത് സമ്പന്നരുടേയോ,ഉയർന്ന ഇടത്തട്ടുകാരുടെയോ സ്വീകരണ മുറികളിലും ബെഡ് റൂമിലുമൊക്കെയാണു.സുഖലോലുപ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ള പരിപാടികൾക്കാണു അവർ എപ്പോഴും മുൻഗണന നൽകുന്നത്.അവരുടെ ആഭരണ,വാഹന,വസ്ത്രഭ്രമത്തേയും ആഹാരശീലങ്ങളേയും,ജീവിതശൈലിയേയുമൊക്കെ തൃപ്തിപ്പെടുത്തുന്ന,പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും വിവരങ്ങളും കൊണ്ട് സമ്പന്നമാണു അവയുടെ ഉള്ളടക്കം.ഇതൊന്നുമില്ലാത്തവരിൽ സ്വപ്നതുല്യമായ ജീവിതത്തോടാഭിമുഖ്യം വളർത്താനും അതിനനുസൃതമായ വ്യാജമൂല്യബോധം നിർമ്മിച്ചെടുക്കാനും ഇവർ നിരന്തരം യത്നിക്കുന്നു.

ഭയാനകമാണു ഇതിന്റെ അനന്തരഫലം.ഇടത്തട്ടുകാരിലെ താഴത്തെ വിഭാഗം മുതൽ അതിനും പിന്നിലുള്ള സാധാരണക്കാരുടെ,ദളിതരുടെ,ആദിവാസികളുടെ,ദരിദ്രരുടെ ഒരുവിധ ജിവിതപ്രശ്നങ്ങളിലേക്കും ഈ മാദ്ധ്യമങ്ങൾ ഒരിക്കലും കടന്നു ചെല്ലുന്നില്ല.ഇവർക്കായി ആവിഷ്കരിക്കപ്പെട്ട അസംഖ്യം വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു വിവരവും ഈ മാദ്ധ്യമങ്ങൾ അവർക്ക് എത്തിക്കുന്നില്ല.അഴിമതിയും കെടുകാര്യസ്ഥതയും കാരണം പാഴായിപ്പോകുന്ന അസംഖ്യം ക്ഷേമപദ്ധതികളെക്കുറിച്ച് ഈ മാദ്ധ്യമങ്ങൾ നിശബ്ദത പാലിക്കുന്നു.

ചെങ്ങറയിലെ സമരക്കാർക്കും ,ആദിവാസികൾക്കും ഭൂമികിട്ടിയോ എന്ന് എന്തുകൊണ്ടാണു ഈ മാദ്ധ്യമങ്ങൾ അന്വേഷിക്കാത്തത്?ആദിവാസിക്കുട്ടികൾക്ക് നഷ്ടപ്പെട്ട മെഡിക്കൽ സീറ്റുകളെക്കുറിച്ച് എന്തുകൊണ്ടാണു ഇവർ ആകുലപ്പെടാത്തത്?അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടാത്തതു കാരണം,എയിഡഡ് സ്കൂൾ,കോളേജ് നിയമനങ്ങളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും തഴയപ്പെട്ട ഉന്നതബിരുദധാരികളായ ആയിരക്കണക്കിനു പാവങ്ങൽക്ക് വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാൻ ഇവർക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണു?

....ഇങ്ങനെ നൂറു നൂറു പൊള്ളുന്ന ചോദ്യങ്ങൾ ഇവരുടെ മുഖത്തേക്കെയ്ത് വിട്ടുകൊണ്ട് അവർ പറയും;ഈ മാദ്ധ്യമങ്ങളൊന്നും ഞങ്ങളുടേതല്ല.ഇവയൊന്നും ഞങ്ങൾക്കു വേണ്ടിയുള്ളതല്ല.ഞങ്ങളുടെ നിത്യജീവിതത്തിനുപകരിക്കുന്നതൊന്നും ഇവർ ഞങ്ങൾക്ക് നൽകുന്നില്ല.ഇവർ ഞങ്ങളുടെ ജീവിതവും സംസ്കാരവും പൈതൃകവും ഭാഷയും ജീവിതപരിതസ്ഥിതികളും ഒന്നും പ്രതിഫലിപ്പിക്കുന്നില്ല.ഇവ ഞങ്ങൾക്ക് അന്യമായ മാദ്ധ്യമങ്ങളാണു.ഇവകൊണ്ട് ഞങ്ങൾക്കൊരു പ്രയോജനവുമില്ല.ഇനി ഇത്തരത്തിലുള്ള ആയിരക്കണക്കിനു മാദ്ധ്യമങ്ങൾ വന്നാലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല.

ഇവിടെയാണു പഴഞ്ചനെന്നും,ഈ കാലഘട്ടത്തിനു നിരക്കുന്ന ഉള്ളടക്കമില്ലെന്നുമൊക്കെ ആരോപിക്കപ്പെടുന്ന പൊതുജനസേവക പ്രക്ഷേപകരായ ആകാശവാണിയുടേയും ദൂരദർശന്റേയും പ്രസക്തിയും പ്രാധാന്യവും.അടിപൊളി പാട്ടുകളും തമാശകളും കൊച്ചുവർത്തമാനങ്ങളും സിനിമാവിശേഷങ്ങളുമടങ്ങിയ തട്ടുപൊളിപ്പൻ വിനോദപരിപാടികൾ നൽകുക മാത്രമല്ല മാദ്ധ്യമധർമ്മമെന്ന് അവ ഓരോ കേരളീയനേയും ഓർമ്മിപ്പിക്കുന്നു.

ക്ഷണപ്രഭാചഞ്ചലമായ വിഷയസുഖങ്ങളിലഭിരമിക്കുന്നതാണു ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് നിരന്തരം വിളിച്ചു പറയുന്ന അസംഖ്യം നവ മാദ്ധ്യമങ്ങൾക്കിടയിൽ അവ സനാതനമായ ജീവിതമൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നു.പ്രതിബദ്ധതയോടെ സമൂഹത്തിന്റെ അടിത്തട്ടിൽ വരെ വിവരങ്ങളും മൂല്യവത്തായ വിനോദവുമെത്തിക്കുന്നു.അവരിലേക്ക് വികസനത്തിന്റെ സന്ദേശമെത്തിക്കുന്നു.മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ ശബ്ദം ലോകത്തെ കേൾ‌പ്പിക്കുന്നു.

ഈ ശബ്ദം പതിയെ നിലയ്ക്കുമോ?മറ്റു മാദ്ധ്യമങ്ങളുടെ തേരോട്ടത്തിനിടയിൽ ഇവ നിലംപതിക്കുമോ?
ഇക്കാണുന്ന എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ചുകൊണ്ടു,ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാൻ കഴിയുന്ന കൽ‌പ്പാന്തകാലത്തോളം ഇവ നിലനിൽക്കുക തന്നെ ചെയ്യും.ഈ ജനങ്ങൾക്ക് വേണ്ടെങ്കിൽ ഇവ കാലയവനികയ്ക്കുള്ളിൽ മറയും.അതു തടുക്കുവാൻ ആർക്കും കഴിയില്ല.ഇവരുടെ മാദ്ധ്യമാഭിരുചികൾ ഇവർ തന്നെ തീരുമാനിച്ചു കൊള്ളും.

ഇത് നിശ്ചയിക്കേണ്ടത് ശീതീകൃത മുറികളിലിരുന്ന് അധരവ്യായാമം ചെയ്യുന്ന സുന്ദരവിഡ്ഡികളായ ഒരു പറ്റം ബുജികളല്ല.ഈ പൊട്ടക്കുളങ്ങളിലെ പുളവൻ ഫണീന്ദ്രന്മാർ നിർമ്മിക്കുന്ന വ്യാജ മാദ്ധ്യമ അജണ്ടകൾക്ക് എന്തു വില!അവർ എന്തറിയുന്നു,വിഭോ!

Tuesday, 2 November 2010

ജനവിധിയുടെ പൊരുൾ

നങ്ങൾ എന്തു നോക്കിയിട്ടാണു വോട്ട് ചെയ്യുന്നത്?
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന,ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.തൊട്ടു മുൻപ് നടന്ന,മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിഷയങ്ങൾ മിക്കപ്പോഴും ഈ വിധിയെഴുത്തിനെ സ്വാധീനിക്കും.ഇന്ത്യയിലെ തന്നെ ഏറ്റവും മാദ്ധ്യമവത്കൃതമായ സമൂഹമാണു നമ്മുടേത്.അതുകൊണ്ടു തന്നെ മാദ്ധ്യമങ്ങളുടെ ശത്രുത ഏറ്റുവാങ്ങുന്ന കക്ഷികൾക്ക് ഗോദയിൽ പിടിച്ചുനിൽക്കുക ദുഷ്ക്കരമായിരിക്കും.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ടെലിവിഷൻ സംവാദമാണു വിധി നിശ്ചയിക്കുക.അവിടെ കാലിടറുന്നവർ ഒരിക്കലും വൈറ്റ് ഹൌസിൽ എത്തില്ല.

മുൻപ് മത്സരിച്ച സർവ തെരഞ്ഞെടുപ്പിലും തോറ്റ ചരിത്രമുള്ള എം.ഐ.ഷാനവാസ് ശക്തമായ ത്രികോണമത്സരം നടന്ന വയനാടിൽ നിന്നും ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടി ജയിച്ചതിനു അദ്ദേഹം നന്ദി പറഞ്ഞത് ടി.വി ചാനലുകൾക്ക് കൂടിയായിരുന്നു.ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യം ഷാനവാസിനെ വോട്ടർമാർക്കിടയിൽ സുപരിചിതനാക്കി.

ജനങ്ങൾ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടു.രാഷ്ട്രീയക്കാരുടെ നടപ്പും ഉടുപ്പും പോലും പ്രധാനപ്പെട്ട ഘടകമാകുന്നത് ഇതിനാലാണു.ശരീര ഭാകമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ മാത്രം പഠിക്കേണ്ട ഒരു വിഷയമല്ല.പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നവർ എല്ലാം ‘ബോഡി ലാംഗ്വേജിന്റെ’ നാനാർഥങ്ങൾ മനസിലാക്കിയേ തീരൂ.അവരെല്ലാം ചില ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരെപ്പോലെ കോട്ടും സ്യൂട്ടുമിടുകയും ബ്യൂട്ടിപാർലറിൽ പോകുകയും ചെയ്യണമെന്നല്ല ഉദ്ദേശിച്ചത്.ലാലു പ്രസാദിന്റെ ശരീരഭാഷ സാധാരണക്കാരനായ ഒരു ഗ്രാമീണന്റേതാണു.ഇംഗ്ലീഷിൽ ‘ഡൌൺ ടു എർത്ത്’എന്നു വിശേഷിപ്പിക്കാം ഇതിനെ.മമതാ ബാനർജിയുടെ ശരീരഭാഷ നോക്കുക.അതൊരു ജനകീയ പ്രക്ഷോഭകാരിയുടേതാണു.ഏ.കെ.ആന്റണിയുടെ രൂപവും ഭാവവും സൌംമ്യനായ ഒരു ഗാന്ധിയന്റേതാണു.


പ്രസംഗിക്കുന്നത് അടച്ചിട്ടമുറിയിലെ രഹസ്യസമ്മേളനത്തിലായാലും ചാരക്യാമറകൾ ഒപ്പിയെടുത്ത് ജനലക്ഷങ്ങളെ കാണിക്കുന്ന ചാനൽ യുഗത്തിൽ ആരേയും വകവെക്കാത്ത,എപ്പോഴും ധാർഷ്ട്യത്തോടെ,പുച്ഛത്തോടെ മാത്രം സംസാരിക്കുന്ന ഒരുപറ്റം നേതാക്കളുണ്ട്.അവർ എന്നും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നു.അവർ ഓരോ ദിവസവും ശത്രുക്കളെ സൃഷ്ടിക്കുന്നു.അവരോട് സഹതപിക്കാനേ കഴിയൂ.ടെലിവിഷൻ ചാനലുകളിലും പത്രസമ്മേളനങ്ങളിലും വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു ശത്രുക്കൾക്കും മിത്രങ്ങൾക്കും നേരെ അലറിവിളിക്കുന്നത് ശീലമാക്കിയവർ തങ്ങളുടേയും പ്രസ്ഥാനത്തിന്റേയും ശവക്കുഴി തോണ്ടുകയാണെന്ന് അറിയുക. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയെന്ന് ആത്മവിമർശനം നടത്തുമ്പോൾ സ്വന്തം ശരീരഭാഷയ്ക്കും പുലഭ്യവർഷത്തിനും ഇതിൽ വലിയൊരു പങ്കുണ്ടെന്ന് ഇവർക്കെന്നാണു ബോധോദയം ഉണ്ടാകുക?


കടുത്ത പാർട്ടിവോട്ടർമാരെ ഇതൊന്നും സ്വാധീനിക്കില്ല.തങ്ങളുടെ പാർട്ടിക്കൂർ അവരെ പ്രശ്നങ്ങളുടെ ന്യായാന്യായങ്ങൾ വിലയിരുത്തി വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുന്നു.സർക്കാരിന്റേയും പാർട്ടിയുടേയും നയസമീപനങ്ങളോ,നടപടികളോ അവരുടെ വിധിനിർണ്ണയത്തെ നയിക്കുകയില്ല.അടിയുറച്ച ഈ വോട്ടുകൾ മാറിമറിയുന്നത് മുന്നണിബന്ധങ്ങൾ മാറുമ്പോഴോ,പാർട്ടികളിൽ പിളർപ്പുണ്ടാകുമ്പോഴോഴോ മാത്രമാണു.

മുന്നണി സമവക്യങ്ങളിൽ സംഭവിച്ച മാറ്റം കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ വിധിയെ മാറ്റിമറിച്ചത് നാം കണ്ടു.കക്ഷികളുടെ കൂടുമാറ്റം വോട്ടിങ്ങിൽ പ്രതിഫലിക്കുക സ്വാഭാവികം.അതിനു വന്മരങ്ങളെ കടപുഴക്കുന്ന തരംഗസ്വഭാവമുണ്ടാകണമെങ്കിൽ ,അതിനുമപ്പുറത്തും വ്യാപിക്കുന്ന ജനകീയരോഷം രൂപപ്പെടണം.അത് മിക്കപ്പോഴും സംഭവിക്കുന്നത് വളരെ നിശബ്ദമായാണു.സർവമാദ്ധ്യമങ്ങളും സ്തുതിഗീതങ്ങൾ ആലപിച്ചിട്ടും,രഹസ്യാന്വേഷണ ഏജൻസികൾ അവേശകരമായ റിപ്പോർട്ടുകൽ നൽകിയിട്ടും 1977ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ ജനത ഭരണാധികാരികളെ കസേരയിൽ നിന്ന് വലിച്ചെറിഞ്ഞത് ഓർക്കുക.അധികാരപ്രമത്തതയിലും ജനാധിപത്യധ്വംസനങ്ങളിലും മനസുമരവിച്ചുപോയ നിശബ്ദഭൂരിപക്ഷം നടത്തിയ ഈ വിധിയെഴുത്തിനു ജനാധിപത്യചരിത്രത്തിൽ സമാനതകളേതുമില്ല.നമ്മുടെ ജനാധിപത്യം എത്ര മഹത്തരമാണെന്ന് ആ ജനവിധി പുറം ലോകത്തിനു കാട്ടിക്കൊടുത്തു.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ മനസുവെയ്ക്കാത്ത, അധികാരം തലയ്ക്ക് പിടിച്ച ഭരണാധികാരികളെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ പിന്നേയും തരംഗങ്ങളുണ്ടായി.ആൻഡ്രയിൽ എൻ.ടി.രാമറാവുവിനെ അധികാരത്തിളേറ്റിയത് ഇത്തരമൊരു വിധിയെഴുത്തായിരുന്നു.പക്ഷേ അത് ഒരു നിശബ്ദമായ അട്ടിമറിയായിരുന്നില്ല.ജനവിധിയ്ക്ക് മുൻപു തന്നെ കക്ഷിബന്ധങ്ങൾ മറന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.എം.ജി.ആറിന്റെ മരണ ശേഷം ജയലളിതയെ അധികാരത്തിലേറ്റിയത് സഹതാപതരംഗമായിരുന്നു.
ഇന്ദിരഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വധത്തെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും ഈ തരംഗം ആഞ്ഞു വീശി.

പക്ഷേ,തരംഗരഹിത തെരഞ്ഞെടുപ്പുകളിൽ അന്തിമവിധി എഴുത്ത് നടത്തുന്നത് അഞ്ചു ശതമാനം മാത്രം വരുന്ന ഒരു ന്യൂനപക്ഷമാണു.കയ്യാലപ്പുറത്തിരിക്കുന്നവർ എന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും യഥാർത്ഥ നിഷ്പക്ഷമതികൾ അവരാണു.അവർ ഒരു രാഷ്ട്രീയകക്ഷിയുടേയും വാലല്ല.അവർ ഓരോ പ്രശ്നങ്ങളേയും അതിന്റെ ന്യായാന്യായങ്ങൾ നോക്കി സസൂക്ഷ്മം വിലയിരുത്തുന്നവരാണു.എല്ലാറ്റിനേയും വിമർശനബുദ്ധ്യാ കാണുന്നവരാണു.അവർ ആരുടേയും വരുതിയിൽ നിൽക്കുന്നവരല്ല.സത്യത്തിൽ ഇക്കാണുന്ന പ്രചാരണങ്ങളെല്ലാം അവരെ ലക്ഷ്യമാക്കിയുള്ളതാണു.അവർ ആരെന്നു തിട്ടമില്ല.അവർക്ക് മുഖമില്ല.അവരിൽ ഭൂരിപക്ഷവും നിശബ്ദമായി മാത്രം പ്രതികരിക്കുന്നവരാണു.

അവർ എങ്ങനെയാണു ഇത്തവണ വിധി എഴുതിയത്?സംസ്ഥാനത്തെവിടെയും സഞ്ചാരയോഗ്യമായ ഒരു റോഡുപോലുമില്ലെന്നും വികസനപ്രവർത്തനങ്ങളിൽ അലംഭാവം കാണിച്ചതാണു പരാജയകാരണമെന്നും തിരസ്കൃതർ കുമ്പസരിച്ചതായി മാദ്ധ്യമങ്ങളിൽ വായിച്ചു.

എങ്കിൽ പിന്നെ,വൻ വികസനപ്രവർത്തനങ്ങൾ നടത്തി രാജ്യത്തിനു തന്നെ മാതൃകയായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണകക്ഷികൾ എന്തുകൊണ്ട് തോറ്റമ്പി?ഏറ്റവും നല്ല പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റികളേയും കണ്ടെത്താൻ ദൂരദർശൻ നടത്തിയ ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയത് പാലക്കാട് ജില്ലയിലെ എലപ്പുള്ളി,അകത്തേത്തറ പഞ്ചായത്തുകളായിരുന്നു.ഏറ്റവും നല്ല മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒറ്റപ്പാലം.എല്ലാം ഇടതു മുന്നണി ഭരിക്കുന്നവ.പുതിയ ധവളവിപ്ലവം നടത്തിയാണു എലപ്പുള്ളി ഒന്നാം സമ്മാനത്തിനർഹമായത്.പ്രകാശ് കാരാട്ടിന്റെ കുടുംബവീട് ഉൾക്കൊള്ളുന്ന ഇവിടെ ജനങ്ങൾ ഭരണകക്ഷിക്കെതിരായി വിധിയെഴുതിയത് വികസനപ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ടോ,കെടുകാര്യസ്ഥതയും അഴിമതിയും കാരണമോ അല്ലല്ലോ.ഏറ്റവും നല്ല ഭരണാധികാരികളെപ്പോലും കൈ ഒഴിയാൻ ജനങ്ങൾ തീരുമാനിക്കുന്നത് അവരുടെ ഗുണദോഷം നോക്കിയല്ല.

അപ്പോൾ പിന്നെ എന്താ‍യിരുന്നു ഈ വിധിയെഴുത്തിനെ നിർണ്ണയിച്ച പ്രധാന ഘടകം?
പ്രാദേശികമോ തദ്ദേശീയമോ ആയ പ്രശ്നങ്ങൾക്ക് മീതെ ജനങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്ന നിഗമനത്തിൽ നമ്മൾ എത്തിച്ചേരുന്നു.പൂർണ്ണമായും ഒരു രാഷ്ട്രീയ വിധിയെഴുത്താണു ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
അല്ലെങ്കിൽ, ഒന്നാന്തരം ഭരണാധികാരികളേയും,തങ്ങളുടെ ഇടയിൽ നിന്ന് മത്സരിച്ച തൊട്ടയൽ വക്കത്തെ കുടുംബശ്രീ സഹോദരീമാരേയും ജനങ്ങൾ തോൽ‌പ്പിക്കുകയില്ലല്ലോ.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ