Monday, 30 August 2010

അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾ

ഓണത്തിനു ഏറ്റവുമധികം മദ്യം കുടിച്ചു തീർത്ത് കേരളീയർ പുതിയ ഉയരങ്ങൾ കീഴടക്കി.അടുത്ത ക്രിസ്മസിനോ പുതുവത്സരത്തിനോ ഓണത്തിനോ ഈ റെക്കാർഡും തകർത്തെറിഞ്ഞുകൊണ്ടു നമ്മൾ മുന്നേറും.മദ്യമുതലാളിമാർക്കും സർക്കാരിനും ആനന്ദത്തിലാറാടാം.അവരുടെ കീശയിൽ വന്നു നിറയുന്നത് കോടികളാണു.

ആരാണു ഈ മദ്യപർ?ജാതി,മത,രാഷ്ട്രീയ അതീവരമ്പുകൾക്കപ്പുറത്ത് സമൂഹത്തിന്റെ ഒരു പരിച്ഛേദമാണു കുടിയരുടെ ഈ സമൂഹം.അവർക്കിടയിൽ അസാധാരണവും അത്ഭുതകരവുമായ ഒരു പാരസ്പര്യമുണ്ടു:ഐകമത്യമുണ്ടു.സമത്വബോധമുണ്ടു.വ്യക്തിദുഖങ്ങൾ മദ്യത്തിൽ മുക്കി അലിയിച്ചുകളയുന്നവർക്കിടയിൽ ഉച്ചനീചത്വങ്ങളില്ല.കൊച്ചു പിറന്നാലും അപ്പൻ മരിച്ചാലും,മക്കൾക്ക് മാർക്ക് കൂടുതൽ കിട്ടിയാലും ,തോറ്റമ്പിയാലും,കല്യാണം കഴിച്ചാലും,മുടങ്ങിയാലുമൊക്കെ ആഘോഷിക്കാനോ സങ്കടപ്പെടാനോ മദ്യം കൂടിയേ തീരൂ.കുടുംബ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ചില മതപരമായ അനുഷ്ഠാനങ്ങൾക്കും മദ്യം അവശ്യവസ്തുവാണു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനകം മലയാളിയുടെ മദ്യപാനശീലത്തിൽ വന്ന പ്രധാനമാറ്റം അതിനു ചില മതവിഭാഗങ്ങളില്പെട്ടവരുടെ കുടുംബങ്ങൾക്കകത്ത് മാന്യതയും പ്രവേശനവും കിട്ടി എന്നതാണു.കുപ്പി പൊട്ടിക്കാതെ ഒരു സ്വകാര്യ മാദ്ധ്യമ,സാംസ്കാരിക കൂടിച്ചേരലുകളും നടക്കുന്നില്ല.വാറ്റു ചാരായത്തിൽ നിന്നും കള്ളിൽ നിന്നും ബുദ്ധിജീവികളും ‘മാന്യന്മാരും’ ബാറിലേക്കും വിദേശമദ്യത്തിലേക്കും ചുവടു മാറി എന്ന് മാത്രം.

വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും,കുറ്റകൃത്യങ്ങളും,ജീവിതശൈലീരോഗങ്ങളും കേരളത്തെ പിടിച്ചുലക്കുന്നത് സമൂഹം മദ്യത്തിൽ മുങ്ങിത്താഴ്ന്നതിനാലാണു.ആരാണു ഇതിനു ഉത്തരവാദികൾ?

സമൂഹത്തെ നേർവഴിക്ക് നയിക്കുന്ന ജോലി സ്വയം ഏറ്റെടുത്തവരാണു ഇവിടുത്തെ മത,ജാതിസംഘടനകളുടെ തലപ്പത്തുള്ളവർ.അനുയായികൾക്ക് സന്മാർഗ്ഗത്തിന്റേയും സത്യവിശ്വാസത്തിന്റേയും സത്വികപാത തെളിച്ചുകൊടുക്കാൻ അക്ഷീണപ്രയത്നം നടത്തുന്നവരാണു ഇക്കൂട്ടർ.രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും,അവയുടെ നേതാക്കൾ അധാർമ്മിക ആഡംബരജീവിതം നയിക്കുകയാണെന്നും ഇവർ നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു.സത്യധർമനിഷ്ഠകളിൽ വിശ്വാസമില്ലാത്തവരും അവിശ്വാസികളും നാസ്തികരുമൊക്കെ ചേർന്ന രാഷ്ട്രീയ,ഭരണനേതൃത്വം വിശ്വാസികളെ വഴിതെറ്റിക്കുകയും അങ്ങനെ സമൂഹത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവർ നിരന്തരംആരോപിക്കുന്നു.അതുകൊണ്ട് ഭൌതിക പ്രലോഭനങ്ങളിൽ ആകൃഷ്ടരായി,ചെകുത്താനും സാത്താനും അടിമപ്പെട്ട് നശിക്കാതിരിക്കാൻ അവർ മതബോധനങ്ങൾ നടത്തുന്നു.സംഘടിതമതങ്ങളിൽ പെട്ടവർ,പ്രത്യേകിച്ച് കൃസ്ത്യാനികളും മുസ്ലീങ്ങളും,പുരോഹിതരുടെ സൂക്ഷ്മനിരീക്ഷണത്തിനും ഇടപെടലുകൾക്കും വിധേയരായാണു ജീവിക്കുന്നത്.ചില ജാതി സംഘടകകളും തങ്ങളുടെ അനുയായികളുടെ ജീവിതത്തിൽ നിത്യവും ഇടപെട്ട്കൊണ്ട് അവരെ നേർവഴിക്ക് നയിക്കാൻ കണ്ണിൽ എണ്ണയുമൊഴിച്ച് ഉണർന്നിരിക്കുന്നു.

എന്നിട്ടും,എന്തേ,മദ്യപരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു?എന്തേ,മതപരവും സാമൂഹികവുമായ വിലക്കുകളേയും നിയന്ത്രണങ്ങളേയും ലംഘിച്ചുകൊണ്ടു ജനലക്ഷങ്ങൾ കുടിച്ചു മരിക്കുന്നു?മത,ജാതി സംഘടനകളുടെ സത്യനിഷ്ഠാപ്രഘോഷണങ്ങൾക്ക് എന്തുകൊണ്ട് അനുയായികൾ വിലകൽ‌പ്പിക്കുന്നില്ല?

ഈ മതനേതൃത്വങ്ങൾ മദ്യത്തിനെതിരെ ഘോരഘോരം നടത്തുന്ന പ്രഭാഷണങ്ങളിൽ ആത്മാർത്ഥതയില്ലെന്ന് തിരിച്ചറിയുന്നവരാണു അനുയായികൾ.പുറമേ അടച്ചാക്ഷേപിക്കുന്ന രാഷ്ട്രീയക്കാരുടെ പടിക്കൽ ശുപാർശയുമായി മദ്യമുതലാളികളായ വിശ്വാസികൾക്കുവേണ്ടി കാത്തുകെട്ടിക്കിടക്കുന്ന മതമേലദ്ധ്യക്ഷന്മാരേയും പുരോഹിതരേയും അവർക്കറിയാം.പള്ളി പുതുക്കിപ്പണിയാനും,മതമേലദ്ധ്യക്ഷർക്ക് സ്വീകരണം നൽകാനും മറ്റും മറ്റും യാതൊരു ഉളുപ്പുമില്ലാതെ മദ്യമുതലാളിമാരിൽ നിന്നും കള്ളക്കടത്തുകാരിൽ നിന്നും മാഫിയാരാജാക്കന്മാരിൽ നിന്നും കോടികൾ സംഭാവനയും സമ്മാനങ്ങളുമായി വാങ്ങുകയും,വ്യക്തിപരമായ ഔദാര്യങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരാണവർ.

കേരളത്തിലെ നഗരങ്ങലിലെ കണ്ണായ സ്ഥലങ്ങളിലുള്ള വ്യാപാരസമുച്ചയങ്ങളിൽ ഭൂരിപക്ഷവും ചില മത,ജാതിവിഭഗക്കാരുടേതാണു.വിദേശമദ്യവ്യാപാരരംഗത്ത് ഒരു മതവിഭാഗത്തിനും,കള്ളുവ്യവസായത്തിൽ ഒരു ജാതിവിഭാഗത്തിനും ഏതാണ്ടു കുത്തകതന്നെയുണ്ടു.കണ്ണായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബാറുകളും,ലോട്ടറി പൊലുള്ള ചൂതാട്ടങ്ങൾ നടത്തിയും ബ്ലേഡ്കമ്പനികൾ നടത്തിയും ജനങ്ങളെ പിഴിഞ്ഞെടുക്കുന്നവരുടെ സ്ഥാപനങ്ങളും നിൽക്കുന്നത് അവിശ്വാസികളുടെ ഭൂമിയിലല്ല:ബാറുകാരും കെട്ടിടഉടസ്ഥരുമെല്ലാം കടുത്തമതനിഷ്ഠരും സമുദായഭക്തരുമാണു.നിത്യവും ഇഷ്ടദൈവങ്ങളെ മനസിൽ ധ്യാനിച്ചും ,പ്രാർത്ഥിച്ചുമാണു അവർ ഈ ജനദ്രോഹത്തിനിറങ്ങി കോടികൾ കൊയ്തു കൂട്ടുന്നത്.

മദ്യത്തിനും അവിഹിതസ്വത്തുസമ്പാദനത്തിനുമെതിരെ നിരന്തരം പ്രസ്താവനകളിറക്കുകയും ,അനുയായികളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന മത,സമുദായനേതാക്കൾ എന്തേ അബ്കാരികളുടെ പണം തങ്ങൾ സ്വീകരിക്കുകയില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാത്തത്?എന്തേ,തങ്ങളുടെ കൂട്ടത്തില്പെട്ട ഒരാളുടേയും കെട്ടിടങ്ങൾ അബ്കാരി ബിസിനസിനും ബ്ലേഡ്,ചൂതാട്ടസ്ഥാപനങ്ങൾക്കും നൽകുകയില്ല എന്ന് പ്രഖ്യാപിക്കാത്തത്?ജനലക്ഷങ്ങളെ കണ്ണീരുകുടിപ്പിച്ച് അവിഹിതമാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നവരെ തെമ്മാടിക്കുഴിലിലേ അടക്കൂ എന്ന് എന്തുകൊണ്ടാണു ഒരു സഭയും പ്രഖ്യാപിക്കാത്തത്?ഇത്തരക്കാരുടെ മക്കളുടെ ആഡംബരകല്യാണങ്ങൾക്കും,വീടു കേറിത്താമസത്തിനും,ഉദ്ഘാടനങ്ങൾക്കും സൽക്കാരങ്ങൾക്കും പങ്കെടുക്കുകയില്ലെന്ന് എന്തുകൊണ്ട് ഇവർ പ്രഖ്യാപിക്കുന്നില്ല?

ആർത്തിയോടെ ഇക്കൂട്ടരുടെ പണം രണ്ടുകൈയ്യും നീട്ടി വാങ്ങിയിട്ട് ചാരിത്ര്യപ്രസംഗം നടത്തുന്നവരാണു ബഹുഭൂരിപക്ഷം മത,ജാതിസംഘടനാനേതാക്കളും.രാഷ്ട്രീയക്കാർക്കുമേൽ എല്ലാ ദുഷ്കൃത്യങ്ങളും ആരോപിച്ച് സ്വയം വിശുദ്ധരായി നടിക്കുന്നവരെക്കാൾ കടുത്ത കാപട്യക്കാരില്ല.അവരുടെ പണം ഇടപാടുകളും സ്വകാര്യജീവിതവും എപ്പോഴും പൊതുജനശ്രദ്ധയിൽ നിന്നും മനപൂർവ്വം മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.രഹസ്യങ്ങലുടെ,ദുരൂഹതകളുടെ കോട്ടകൊത്തളങ്ങൾക്കകത്താണു അവർ ജീവിക്കുന്നത്.പക്ഷേ സർവതിന്മയുടേയും പ്രതിരൂപമായി ഇവർ മുദ്രയടിക്കുന്ന രാഷ്ട്രീയക്കാർ എപ്പോഴും സമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരാനു.ഓരോ നിമിഷവും സ്കാൻ ചെയ്യപ്പെടുന്നവരാണു അവർ.സുതാര്യമാണു അവരുടെ ജീവിതം.അവർക്ക് ഭൂമിയിൽ വെച്ചുതന്നെ കണക്കു തീർക്കേണ്ടതുണ്ടു.ജനകീയ കോടതിക്കു മുന്നിൽ അന്തിമവിധിയെഴുത്തിനു നിന്നുകൊടുക്കേണ്ടതുണ്ടു.

അതുകൊണ്ടു, അവർ പറഞ്ഞാൽ കുറച്ച് അനുയായികളെങ്കിലും അനുസരിക്കും.രാഷ്ട്രീയപാർട്ടികളുടെ സംഘടനാചട്ടക്കൂടുകൾക്കുള്ളിൽ അനുസരണയോടെ നിലകൊള്ളുന്ന ജനപ്രതിനിധികളുംനേതാക്കളും അടക്കമുള്ള പൊതുപ്രവർത്തകർ സദാചാരവേലികൾ ചാടിക്കടക്കാതെ,പരസ്യമായി മദ്യപിക്കാതെ, പുറമെയെങ്കിലും സാത്വികരായി ജീവിക്കുന്നത് ഇതിനാലാണു.സത്യത്തിൽ ഈ രാഷ്ട്രീയ ഇടപെടലുകളാണു സമൂഹത്തിലെ ധാർമ്മികമൂല്യങ്ങൾ ഉറപ്പിച്ചുനിർത്തിക്കൊണ്ടിരിക്കുന്നത്. പൊതു ജീവിതത്തിൽ സ്വീകാര്യരായ , മാതൃകാപുരുഷരായി അനുകരിക്കാവുന്ന പൊതുപ്രവർത്തകരുടെ എണ്ണം ശുഷ്കമാണെങ്കിലും അത് മത,ജാതിനേതാക്കളുടെ എണ്ണത്തെക്കാൾ എത്രയോ അധികമാണു!
അതുകൊണ്ട് ചില്ലുമേടകളിലിരിക്കുന്ന അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾക്ക് ചെവികൊടുക്കാതെ വിശ്വാസികൾ ഇനിയും സുരപാനം നടത്തും.

Wednesday, 18 August 2010

സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....

സാരി ഒരു സെക്സി വേഷമാണോ?

അതേ എന്നാണു എന്റെ ഉത്തരം.സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം എന്നപേരിൽ ഞാനൊരു ഗവേഷണപ്രബന്ധം തന്നെ അഞ്ചു വർഷം മുൻപ് മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയിട്ടുണ്ടു.

അതെന്തായാലും,ഭാ‍വശുദ്ധിയുള്ള ഉത്തമഭാരതസ്ത്രീകളുടെ മാതൃകാവേഷമായാണു സാരി വിശേഷിപ്പിക്കപ്പെട്ടുപോരുന്നത്.ശരീരം നന്നായി മറയ്ക്കുന്നതും,സ്ത്രീയുടെ സ്വതന്ത്ര വിഹാരത്തെ ഒരു രീതിയിലും തടസപ്പെടുത്താത്തതും ലഭ്യമായതിൽ വെച്ച് ഏറ്റവും മാന്യവും ആകർഷകവും സൌകര്യപ്രദവുമായ ചുരീദാർ ദേവന്മാർക്കുപോലും അലർജിയാണെന്ന് കവടിനിരത്തി കണ്ടുപിടിച്ച പരട്ട മൂരാച്ചികളുടെ നാടാണിത്. അവർക്ക് സാരിയോട് പെരുത്ത ഇഷ്ടമാണത്രേ.

ബുദ്ധിമുട്ടി അലക്കിത്തേച്ച്,സമയമെടുത്ത് അതിനുള്ളിൽ കയറിപ്പറ്റി നല്ല അനുസരണയുള്ള ഭാരതസ്ത്രീരത്നങ്ങളായി പള്ളിക്കൂടങ്ങളിലെത്തുന്ന അദ്ധ്യാപികമാരോട് അടുത്തിടെ ചില സ്വകാര്യസ്കൂൾ മാനേജർമാർ കണ്ണുരുട്ടിക്കാണിച്ചുവരുന്നതായി വാർത്തയുണ്ടായിരുന്നു.വയറും കഴുത്തും,അതിനേക്കാൾ ഗ്രേഡ്കൂടിയ ഭാഗങ്ങളും കാണിച്ച് ആൺപിള്ളേരെ വശീകരിച്ച് വഴിതെറ്റിക്കുന്നതിനാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ,പാലക്കട് ജില്ലയിലെ ചില സ്കൂളുകളിൽ സാരിക്ക് വിലക്ക് ഏർപ്പെടുത്തി.സാരി ഉടുക്കാം,പക്ഷേ ളോഹ പോലത്തെ ഓവർകോട്ടിടണം.ടീച്ചർമാരുടെ സെൻസിറ്റീവ് പ്രദേശങ്ങൾ മൂടിപ്പുതപ്പിച്ച് ഭദ്രമാക്കാൻ വ്യത്യസ്ത മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളുകൾ ഏതാണ്ട് സമാന ഓവർകോട്ടുകളാണു നിർദ്ദേശിച്ചിരിക്കുന്നത്.

വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമേയില്ലാത്തവരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പൊതുവിദ്യാലയങ്ങളിൽ പൌരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഡ്രസ്കോഡ് ഏർപ്പെടുത്താൻ ഇവർക്കെങ്ങനെ ധൈര്യം വന്നു?

കുട്ടികളും അദ്ധ്യാപികമാരും പൊട്ടും വളയും മാലയും ധരിക്കുന്നത് വിലക്കിയിരിക്കുന്ന ആയിരക്കണക്കിനു വിദ്യാലയങ്ങൾ കേരളത്തിലുണ്ടെന്ന് അറിയുക.വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച “ദൈവമേ കൈതൊഴാം” എന്ന മതേതരമായ പൊതു പ്രാർത്ഥനയ്ക്കും “ജനഗണ മന”യ്ക്കും പകരം തങ്ങളുടെ മതപ്രാർത്ഥനകൾ എല്ലാവരിലും അടിച്ചേൽ‌പ്പിക്കുകയും അതിനു സാമൂഹികാംഗീകാരം കിട്ടുകയും ചെയ്ത ദുസ്ഥിതിയെക്കുറിച്ച് ഈ ബ്ലോഗിൽ എഴുതിയിരുന്നത് ഓർക്കുക.സ്വകാര്യ സ്കൂളുകളിൽ എന്തും ആവാം.ചോദിക്കാനും പറയാനും ആരുമില്ല.

പിന്നെ,മാനേജർമാർക്ക് ലക്ഷം ലക്ഷം കൈക്കൂലി കൊടുത്ത് നിയമനം വാങ്ങി ഈ സ്കൂളുകളിൽ കയറിക്കൂടിയ വാദ്ധ്യാന്മാർക്കും വാദ്ധ്യായനിമാർക്കും ഇതു തന്നെ വേണം.അത്രയ്ക്ക് യോഗ്യരാണു അവർ.അനുഭവിക്കട്ടെ ,സാരിയുടുത്ത ഈ വടയക്ഷികൾ!

എന്തു പറയുന്നു?

Monday, 9 August 2010

ഒരു സുന്ദര സ്വപ്നം

ഴയ ഒരു കാര്യം ഇപ്പോൾ ഓർമ്മ വരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.ആർ.നാരായണൻ നിയോഗിക്കപ്പെട്ടപ്പോൾ അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്ന നയതന്ത്രജ്ഞനായിരുന്നു.എന്നിട്ടും മത്സരിക്കാൻ നാം വെച്ചുനീട്ടിയത് ഒറ്റപ്പാലം സംവരണമണ്ഡലം!


എന്തുകൊണ്ട് അദ്ദേഹത്തിനു പൊതുസീറ്റ് നൽകിയില്ലെന്ന് ആരും ചോദിച്ചതായി അറിവില്ല.തിരുവനന്തപുരത്തോ എറണാകുളത്തോ പൊതുസീറ്റിൽ മത്സരിച്ചാൽ ദളിതനായ അദ്ദേഹത്തിനു ജയിക്കാൻ കഴിയില്ലെന്നു നേതൃത്വം ഭയപ്പെട്ടിരുന്നിരിക്കണം.സംവരണ മണ്ഡലത്തിനപ്പുറം ഒരു ദളിതനും മത്സരിച്ചു ജയിക്കാനാകാത്തത്ര രാഷ്ട്രീയപ്രബുദ്ധതയില്ലാത്തവരാണോ കേരളീയർ?


അതേ എന്നാണു ചരിത്രം നൽകുന്ന അസുഖകരമായ ഉത്തരം.പാ‍ർലമെന്റു തെരഞ്ഞെടുപ്പുകൾ തന്നെ ഉദാഹരണം.പൊതു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് പ്രമുഖരാഷ്ട്രീയപാർട്ടികൾ ഒരൊറ്റ ദളിതനെ മാത്രമേ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളൂ;കണ്ണൂരിൽ നിന്ന് കോൺഗ്രസ് യു നോമിനിയായി മത്സരിച്ചു ജയിച്ച കെ.കുഞ്ഞമ്പു.അതിനു മുൻപും പിന്നേയും എത്ര തെരഞ്ഞെടുപ്പുകൾ വന്നു!എന്തേ,ഒരു വിപ്ലവ മതേതരപാർട്ടിയും സംവരണസീറ്റ് എന്ന വേലിക്കെട്ടിനു പുറത്ത് ദളിതർക്ക് അവസരം നൽകിയില്ല?ഇനി സംവണമില്ലാത്ത രാജ്യഭയുടെ കാര്യമെടുക്കുക.കഴിഞ്ഞ ആറുദശാബ്ദങ്ങൾക്കുള്ളിൽ 100ൽ അധികം പേർ ഇവിടെ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു;അവരിൽ ആകെ മൂന്നേ മൂന്ന് ദളിതർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു സ്ത്രീകളും!


എന്തുകൊണ്ടാണു ദളിതർക്കും സ്ത്രീകൾക്കും പൊതുമണ്ഡലങ്ങളിൽ കേരളീയ സമൂഹം അയിത്തം ക‌ല്പിച്ചുനിർത്തിയിരിക്കുന്നത്?ഒരു സംവരണത്തിന്റേയും ആനുകൂല്യമില്ലാതെ തന്നെ രാഷ്ട്രീയ അധികാരപദവികളിൽ തിളങ്ങിനിന്ന പത്മം മേനോന്റേയും അക്കാമ്മ ചെറിയാന്റേയും കെ.ആർ.ഗൌരിയമ്മയുടേയും,ലീലാ ദാമോദരമേനോന്റെയും സുശീലാ ഗോപാലന്റേയുമൊക്കെ സമ്പന്നമായ പാരമ്പര്യമുള്ള നമ്മുടെ രാഷ്ട്രീയരംഗത്ത് എന്തുകൊണ്ടാണു സ്ത്രീകൾക്ക് ഈ ദുര്യോഗമുണ്ടായത്?

സ്ത്രീസാക്ഷരതയിലും സാമൂഹിക പുരോഗതിയിലും 1990കളിൽ കേരളത്തിൽ വൻ കുതിച്ചുചാട്ടം തന്നെയുണ്ടായി.ജനകീയാസൂത്രണവും ,സാക്ഷരതാ യജ്ഞവും നമ്മുടെ സമൂഹത്തിലെ താഴേത്തട്ടിൽ കിടന്ന വലിയൊരുവിഭാഗം ജനങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവന്നു.കുടുംബം എന്ന പരിവൃത്തത്തിൽ നിന്ന് അവർ പൊതുസമൂഹത്തിലേക്ക് വന്നു.73,74 ഭരണഘടനാ ഭേദഗതികളോടെ അവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 33 ശതമാനം സംവരണം ലഭിച്ചു.ദളിത് സ്ത്രീകൾക്കു അധികാരപദവികൾ കിട്ടാൻ തുടങ്ങി.1995 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടെ ആരംഭിച്ച ഈ പ്രക്രിയ പുരുഷകേന്ദ്രീകൃതമായ അധികാരഘടനയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടോ?അത് സ്ത്രീകളുടെ സാമൂഹിക പദവിയിലും ഭൌതിക ജീവിത സാഹചര്യങ്ങലിലും ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?


ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ അസാധാരണമായ വളർച്ചയും ഇതിനോടൊത്ത് പഠനവിഷയമാക്കേണ്ടതാണു.പഞ്ചായത്തുകൾക്ക് അനുവദിച്ച ഉയർന്ന പദ്ധതിവിഹിതം,കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ അസംഖ്യം ക്ഷേമപദ്ധതികൾ,ഉയർന്ന മാദ്ധ്യമസാക്ഷരത ..എന്നിങ്ങനെ അനുകൂലമായ അനേകം ഘടകങ്ങൾ വേറെയും ഉണ്ട്.


എന്നിട്ടും കേരളത്തിലെ സ്ത്രീകളുടെ സാമൂഹികപദവിയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നു ഇതുസംബന്ധിച്ച് നടത്തിയ ചില പഠനങ്ങൾ പറയുന്നു.സംവരണ ശതമാനത്തിനപ്പുറത്തേക്ക് കാര്യമായ സാന്നിദ്ധ്യം അറിയിക്കാൻ സ്ത്രീകൾക്കായില്ലെന്ന് സി.ഡി.എസിനു വേണ്ടി ജെ.ദേവികയും കൂട്ടരും നടത്തിയ പഠനം വ്യക്തമാക്കുന്നു.അതുകൊണ്ടു തന്നെ,ഈ വരുന്ന തെരഞ്ഞെടുപ്പിൽ സംവരണം 50 ശതമാനമായി വർദ്ധിക്കുമ്പോൾ ഈ ദുസ്ഥിതി തന്നെ തുടരും എന്ന് വാദിക്കുന്നവരുണ്ടു.പക്ഷേ,അരാഷ്ട്രീയ പശ്ചാത്തലമുള്ള വലിയൊരു ശതമാനം സ്ത്രീകൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രധാനപദവികളിൽ അവരോധിക്കപ്പെടുമ്പോൾ,ഏതെങ്കിലും മുന്നണിക്ക് നാമമാത്രമായ ഭൂരിപക്ഷമുള്ളയിടങ്ങളിൽ ഭരണവും ,മുന്നണിബന്ധങ്ങളും മാറിമറിയുക തന്നെ ചെയ്യും.അവിടങ്ങളിൽ ഇനി കടിഞ്ഞാൺ ഈ സ്ത്രീകളുടെ കൈകളിൽ തന്നെയായിരിക്കും.

അപ്പോഴും ,മർമ്മപ്രധാനമായ ചോദ്യം അവശേഷിക്കുന്നു;50 ശതമാനത്തിന്റെ സംവരണത്തിനപ്പുറത്തേക്ക് പൊതുസീറ്റുകളിൽ എത്ര സ്ത്രീകളെ ഈ മുന്നണികൾ മത്സരിപ്പിക്കും?പട്ടിക ജാതി,പട്ടിക വർഗ്ഗ സംവരണ സീറ്റുകൾക്കപ്പുറത്ത് നിന്നു എത്ര ദളിതരെ ഇക്കുറി ഇവർ മത്സരിപ്പിക്കും?മുൻ തെരഞ്ഞെടുപ്പുകളിൽ സംവരണ വാർഡുകളാകുകയും ഇത്തവണ നറുക്കെടുപ്പിലൂടെ പൊതുസീറ്റുകളാക്കപ്പെടുകയും ചെയ്തയിടങ്ങളിൽ എന്തുണ്ടാകും? സംവരണ സീറ്റുകളിൽ നിന്ന് ജയിച്ച നൂറുകണക്കിനു സ്ത്രീകളേയും ദളിതരേയും ഇത്തവണ പൊതുസീറ്റുകളിൽ നിർത്തിമത്സരിപ്പിക്കാനും,ജയിച്ചാൽ അധികാരപദവികൾ നൽകാനുമുള്ള ആർജ്ജവം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണിക്കുമോ? അതോ,മുൻപ് ചെയ്തത് പോലെ കറിവേപ്പില പോലെ ഇവരെ വലിച്ചെറിയുമോ?

ധൈര്യപൂർവം അവരെ പൊതു സീറ്റുകളിൽ മത്സരിപ്പിക്കുമോ?

അങ്ങനെ ചെയ്യുന്ന പക്ഷം,കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക അപ്പാടെ മാറും.തുടർന്നു വരുന്ന നിയമസഭാ,ലോക്സഭാ,രാജ്യ സഭാ തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും.അങ്ങനെ പൊതു സീറ്റുകളിൽ നിന്ന് ധാരാളം ദളിതർ ലോക്സഭയിലേക്കും,രാജ്യ സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടും.സ്ത്രീകൾക്കും ഇങ്ങനെ പദവികൾ കിട്ടും.അവർക്ക് വിലക്കപ്പെട്ടിരിക്കുന്ന ദേവസ്വം ബോർഡ് അദ്ധ്യക്ഷപദവികളിൽ വരെ ദളിതരും സ്ത്രീകളും ഉപവിഷ്ഠരാകും!

എന്തൊരു നടക്കാത്ത സുന്ദരസ്വപ്നം!

കഴിഞ്ഞ ആഴ്ച ഒരു റേഡിയോ പരിപാടിയിൽ ഈ ചോദ്യം പ്രമുഖ രാഷ്ട്രീയപാർട്ടി നേതാക്കളോട് ചോദിച്ചു.ആരും നേരെ ഉത്തരം പറയാതെ ഉരുണ്ടു കളിച്ചു.
പക്ഷേ,അവരുടെ ഉത്തരങ്ങൾക്കെല്ലാം അത്ഭുതകരമായ ഒരു സാദൃശ്യമുണ്ടായിരുന്നു.വിജയ ഘടകങ്ങൾ പരിഗണിച്ചാണു ഞങ്ങൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്!
അതേ.പൊതു സീറ്റുകളിൽ നിന്ന് മത്സരിച്ചു ജയിക്കാനുള്ള ഈ വിജയഘടകങ്ങൾ എന്നാണു അവർക്കുണ്ടാകുക?!

Friday, 6 August 2010

ഉഷ്ണപാതം വരവായി..

രിത്രം രചിച്ച ക്ഷേത്രപ്രവേശനവിളംബരത്തിനും കേരള ഭൂപരിഷ്കരണനിയമത്തിനും ശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വിപ്ലവകരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ സർക്കാർ നടപടിയാണു തദ്ദേശസ്വയംഭരണസ്ഥാപങ്ങളിൽ 50 ശതമാനം സ്ഥാനങ്ങൾ സ്ത്രീകൾക്ക് സംവരണം ചെയ്തത്.അത് മഹത്തായൊരു സാമൂഹികവിപ്ലവമാണു.വിസ്ഫോടനമെന്നു വിശേഷിപ്പിക്കുന്നതാണു കൂടുതൽ ഉചിതം.


അടുത്ത രണ്ടുമാസത്തിനുള്ളിൽ കേരളത്തിന്റെ സാമൂഹികഭൂമിക സമൂലപരിവർത്തനത്തിനു വിധേയമാകാൻ പോവുകയാണു.സംവരണം പകുതി സ്ഥാനത്തേക്കാണെങ്കിലും പൊതുസീറ്റിൽ നിന്ന് ജയിക്കുന്ന സ്ത്രീകളെകൂടി കൂട്ടിയാൽ നമ്മുടെ പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ സ്ഥാപനങ്ങളുടെ 55 ശതമാനത്തിനു മുകളിലുള്ള സ്ഥാനങ്ങളിൽ സ്ത്രീകളായിരിക്കും.നേരത്തെ സ്ത്രീകൾക്കും പട്ടിക വിഭാഗങ്ങൾക്കും ഭാഗിക സംവരണം ഏർപ്പെടുത്തിയപ്പോൾ തന്നെ പരമ്പരാഗതസാമൂഹികക്രമത്തിൽ പൊളിച്ചെഴുത്ത് ആരംഭിച്ചിരുന്നു.


സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം അധികാരപദവികളിൽ എത്തിയതിനോട് കടുത്ത അസഹിഷ്ണുതയോടെയാണു യാഥാസ്ഥിതികർ പ്രതികരിച്ചത്.രാഷ്ട്രീയപ്രബുദ്ധതയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നുവെന്ന് അഭിമാനിക്കുന്ന നമ്മൾ സ്വമനസ്സാലെ അവരെ സ്വാഗതം ചെയ്യാനോ അംഗീകരിക്കാനോ തയ്യാറായില്ല എന്നതിനു അസംഖ്യം ഉദാഹരണങ്ങളുണ്ടു.സംവരണസീറ്റുകളിൽ നിർത്തി അദ്ധ്യക്ഷരാക്കിയ നൂറുകണക്കിനു സ്ത്രീകളേയും പട്ടികവിഭാഗക്കാരേയും രാഷ്ട്രീയപ്പാർട്ടികൾ പിന്നീട് ആ സീറ്റുകൾ പൊതുസീറ്റുകളാക്കിയപ്പോൾ കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നു.പാർട്ടിസ്ഥാനങ്ങളിൽ നിന്ന് അവരിൽ ബഹുഭൂരിപക്ഷവും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്തു.ഇതുസംബന്ധിച്ച് അധികാരികമായ പഠനങ്ങൾ ഇതുവരെ ആരും നടത്തിയിട്ടില്ല.”കില” പോലുള്ള സർക്കാർ ഏജൻസികൾക്കോ സ്വതന്ത്രഗവേഷകർക്കോ ഇത് ചെയ്യാവുന്നതാണു.അതിന്റെ ഫലം അവരെ ഞെട്ടിക്കും:തീർച്ച.


പക്ഷേ,ഇത്തവണ ആ ചരിത്രം ആവർത്തിക്കപ്പെടില്ല.എന്തുകൊണ്ടെന്നാൽ, ഇത്രയധികം സ്ത്രീകളെ മത്സരരംഗത്തിറക്കാൻ മുഖ്യരാഷ്ട്രീയപ്പാർട്ടികൾ പോലും ബുദ്ധിമുട്ടും.അതിനാൽ മുൻപ് ഒഴിവാക്കപ്പെട്ടവരെ ആഘോഷപൂർവ്വം തിരികെകൊണ്ടു വരുകയായിരികും അവർ ആദ്യം ചെയ്യുക.കുടുംബശ്രീ,ജനശ്രീ പദ്ധതികളിലൂടെ പൊതുരംഗത്തേക്ക് വന്ന സ്ത്രീകളും ഈ തെരഞ്ഞെടുപ്പിലൂടെ അധികാരസ്ഥാനങ്ങളിലെത്തും.വിദ്യാസമ്പന്നരായ വീട്ടമ്മമാരും മുന്നണികളുടെ സ്വതന്ത്ര വേഷം കെട്ടി മത്സരരംഗത്തിറങ്ങും.ചില സാമുദായിക ജാതി സംഘടനകളുടെ വനിതാവിഭാഗങ്ങൾ വർഷങ്ങളായി ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുകയായിരുന്നു.പാർട്ടിആഭിമുഖ്യം നോക്കാതെതന്നെ ഇവരെയും മത്സരിപ്പിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ നിർബന്ധിതരാകും.


പക്ഷേ,ഇങ്ങനെ ജയിച്ചുവരുന്നവർ പാർട്ടികളുടേയും മുന്നണികളുടേയും കൈപ്പിടിയിൽ തന്നെ ഒതുങ്ങിനിൽക്കുമോ?മുൻ കാലങ്ങളിൽ വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ളവരായിരുന്നു,ജയിച്ചുകയറിയവരിൽ ഭൂരിപക്ഷം പേരും.ഇനി അതല്ല,സ്ഥിതി.അവർ ഇനി ന്യൂനപക്ഷമല്ല:ഭൂരിപക്ഷമാണു.ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മാത്രം ഭരണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൂറുകണക്കിനുണ്ടാകും.അതുകൊണ്ടു തന്നെ അവിടങ്ങളിൽ മുന്നണികൾ ഈ സ്ത്രീകളുടെ മുന്നിൽ കൈകൂപ്പിനിൽക്കുന്ന വിചിത്രമായ കാഴ്ച നമുക്ക് ചിരപരിചിതമാകാൻ പോകുകയാണു.


രാഷ്ട്രീയപാർട്ടികളുടെ ഏറാന്മൂളികളോ പാവകളോ ഭർത്താക്കന്മാരുടെ ബിനാമികളോ ഒക്കെയായി അധികാരസ്ഥാനങ്ങൾ അലംകരിച്ചിരുന്നവരുടെ കാലം കഴിയാൻപോകുന്നു.ഇനി മിക്കയിടത്തും ഈ സ്ത്രീകൾ കൽ‌പ്പിക്കും:തീരുമാനങ്ങൾ എടുക്കും.പാർട്ടികൾക്കും മുന്നണികൾക്കും അവ അനുസരിക്കുകയേ നിർവാഹമുള്ളൂ.ഇല്ലെങ്കിലോ,ഭരണം പോകും.കക്ഷിരാഷ്ട്രീയത്തിന്റെ കെട്ടുപാടുകൾക്കുള്ളിൽ നിൽക്കാത്തവർ ഒരു വിപ്പും അംഗീകരിക്കില്ല.അവർ നിർണ്ണായക സന്ദർഭങ്ങളിൽ സ്വതന്ത്രനിലപാടുകളെടുക്കാനും സാദ്ധ്യതയുണ്ടു.


കക്ഷിരാഷ്ട്രീയത്തിന്റെ ബന്ധനത്തിൽ നിന്ന് ഇവർ മോചനം നേടുന്നതിനു ഒരു മറുവശം കൂടിയുണ്ടു.അത് ജാതി,മത സംഘടനകളുടെ ഇടപെടലുകളാണു.ഇപ്പോൾ തന്നെ കത്തോലിക്കാ സഭ തങ്ങളുടെ സ്ഥാനർത്ഥികളെ കളത്തിലിറക്കാൻ തയ്യാറെടുത്ത്കഴിഞ്ഞു.ഏതെങ്കിലും മുന്നണിയുടെ കുപ്പായവുമിട്ട് ജയിച്ചുകയറുന്ന ഇവരുടെ കൂർ ആത്യന്തികമായി തങ്ങളുടെ സഭയോടും മതമേലദ്ധ്യക്ഷമ്മാരോടുമായിരിക്കും.

ചില മുസ്ലീം ജാതിസംഘടനകൾ സ്ത്രീകളെ തെരഞ്ഞെടുപ്പിൻ മത്സരിപ്പിക്കാനായി തയ്യാറെടുപ്പ് തുടങ്ങിയിട്ട് കാലമേറെയായി.തീർച്ചയായും ഇവരുടെ നല്ലൊരുശതമാനം സ്ഥാനാർത്ഥികൾ രണ്ടുമുന്നണികളുടേയും ലേബലിൽ ജയിച്ചുകയറും.എന്തെന്നാൽ, ഈ പ്രദേശങ്ങളിൽ ഇടത്പക്ഷം പോലും ജാതിയും മതവും നോക്കിയാണു സ്ഥാനാർത്ഥികളെ നിർത്തുക.അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ മറ്റു മതവിഭാഗങ്ങളിൽ പെട്ട വനിതാസ്ഥാനാർഥികളെ മത്സരിപ്പിക്കാനാകില്ല.മുസ്ലീം സ്ത്രീകളുടെ പരിമിതമായ പ്രാതിനിദ്ധ്യം മാത്രമേ ഈ സംഘടകളിലുള്ളൂ.അതുകൊണ്ടു തന്നെ അവർക്ക് സ്ഥാനാർത്ഥികളെ കടം കൊള്ളേണ്ടി വരും.അവിടെയാണു ഇതിനായി മുന്നൊരുക്കം നടത്തിയ ജാതിസംഘടനകളുടെ പ്രവർത്തകരെ മുന്നണികൾ തങ്ങളുടെ കുപ്പായമണീക്കാൻ നിർബന്ധിതരാകുന്നത്.



ഇങ്ങനെ അധികാരസ്ഥാനങ്ങളിൽ എത്തുന്നവർക്ക് ഒരിക്കലും ഈ മുന്നണികളോട് കൂറ് ഉണ്ടാവുകയില്ല.അവർ എപ്പോഴും തങ്ങളുടെ അജണ്ടകൾ മാത്രം നടപ്പിലാക്കും.അതു പൊതുസമൂഹത്തിന്റെ താൽ‌പ്പര്യങ്ങൾക്ക് അനുസൃതമാകണമെന്നില്ല.


വളരെ വിപുലമായ അധികാരങ്ങളുള്ളതിനാലാണു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകൾ എന്നു വിളിക്കുന്നത്.കൃഷിഭവൻ മുതൽ എയിഡഡ് സ്കൂളുകളുടെ വരെ നിയന്ത്രണവും മേൽനോട്ടവും ഇവയ്ക്കുണ്ടു.ഈ സ്കൂളുകളിൽ ഇവർ തങ്ങളുടെ വർഗ്ഗീയ അജണ്ടകൾ ഒളിഞ്ഞും തെളിഞ്ഞും നടപ്പിലാക്കാൻ ശ്രമിക്കുകയില്ലെന്നു ആരുകണ്ടു?സ്കൂളിലെ യൂണീഫോം,പ്രാർത്ഥന,സാഹിത്യപ്രവർത്തനങ്ങൾ,ധാർമ്മികപഠനക്ലാസുകൾ തുടങ്ങി പഠന,പരീക്ഷാസമയം വരെ ഇത്തരം ഇടപെടലുകളാൽ വിവാദത്തിനു തിരികൊളുത്താം.സ്കൂൾ കലണ്ടറിനേയും ചില ദിവസങ്ങളിലെ പരീക്ഷകളേയും സംബന്ധിച്ച് ഇപ്പോൾ തന്നെ ഒട്ടേറെ സ്കൂളുകളിൽ വൻ തർക്കങ്ങൾ നടക്കുകയാണു.ഇവിടേയ്ക്ക് ഒരു പക്ഷത്തിന്റെ താല്പര്യം സംരക്ഷിക്കാൻ നിലകൊള്ളുന്ന ഭരണാധികാരികൾ കൂടി എത്തിയാലോ?അങ്ങനെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കൂടുതൽ കലുഷിതമായേക്കും.

പക്ഷേ,മത,ജാതി സംഘടനകളുടെ ഒളിഅജണ്ടകൾ പൊതുസമൂഹമോ,അതാത് സമുദായങ്ങളിലെ ഭൂരിപക്ഷമോ അംഗീകരിക്കുകയില്ല.ഉദാഹരണത്തിനു,സ്ത്രീകൾ പൊതുരംഗത്ത് പുരുഷന്മാരോടൊത്ത് പ്രവർത്തിക്കാൻ പാടില്ലെന്ന് ഫത്വകളിറക്കിയ ആ പഴയ വിവാദങ്ങളുടെ കാര്യമെടുക്കുക.ഇന്ന് ഒരു മതയാഥാസ്ഥിതികവിഭാഗവും അതിൽ ഉറച്ചുനിൽക്കുന്നില്ല.മുസ്ലീം സ്ത്രീകളെ വീട്ടിനകത്ത് തന്നെ തളച്ചിടാനുള്ള ചില നിക്ഷിപ്തതാൽ‌പ്പര്യക്കാരുടെ കുതന്ത്രമായേ അത്തരം വിലക്കുകളെ സമുദായം ഇന്ന് കണക്കാക്കുന്നുള്ളൂ.പുരുഷന്മാരോടൊത്ത് ഏത് രംഗത്തും അന്തസോടെ പ്രവർത്തിക്കാനാണു അധുനിക വിദ്യാഭ്യാസവും കാലിക യാഥാർത്ഥ്യങ്ങളും സമുദായത്തോട് ആവശ്യപ്പെടുന്നത്.അതിനു നേറെ പുറം തിരിച്ചുനിൽക്കുന്നത് ഒരു ജനസമൂഹത്തെ ഒന്നാകെ പിന്നാക്കാവസ്ഥയിൽ തന്നെ തളച്ചിടും.

പൊതുപ്രവർത്തനരംഗത്തിറങ്ങുന്ന സ്ത്രീകൾക്കെതിരായി അപവാദപ്രചാരണങ്ങൾ അഴിച്ചു വിട്ടും,അവരുടെ ധാർമികാപഭ്രംശത്തെക്കുറിച്ച് വാചാലരായും അവരെ ഒറ്റപ്പെടുത്തുകയും,മാനസികമായി തളർത്തുകയും ചെയ്തിരുന്നവർക്കിനി അതിനു കഴിയില്ല.എന്തുകൊണ്ടെന്നാൽ,അവരുടെ കുടുംബങ്ങളിൽ നിന്നും ഇത്തവണ സ്ഥാനാർത്ഥികൾ ഉണ്ടാകും.അവർ മുഖാവരണമിടുകയോ ബുർക്ക ധരിക്കുകയോ ചെയ്യുന്നുതിൽ ആർക്കും എതിരഭിപ്രായമുണ്ടാവുകയില്ല.മതപരമായ ഏതു വസ്ത്രവും ധരിക്കാനും,നിരാകരിക്കാനും എല്ലാവർക്കുമുള്ള പൌരാവകാശം അവർ അംഗീകരിക്കുന്നടിത്തോളം കാലം അത് സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെ.

മത വിശ്വാസങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടു തന്നെ മറ്റു ജനവിഭാഗങ്ങളുമായി ഇടപഴകാനും,ഒന്നിച്ച് പ്രവർത്തിക്കാനും കഴിയുന്നത് ദൂരവ്യാപകമായ പ്രത്യാതങ്ങൾ ഉണ്ടാക്കും.ഈ പുതിയ ചക്രവാളങ്ങൾ മതപരമായ കടുംപിടുത്തത്തിനും യാഥാസ്ഥിതികതയ്ക്കും അയവു വരുത്തും.

ജനാധിപത്യത്തിന്റെ ഈ ശുദ്ധവായു, പൌരസ്വാതന്ത്ര്യം പോലും വകവെച്ചുകൊടുക്കാത്ത പുരുഷകേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥയിലും പൌരോഹിത്യത്തിലും രാഷ്ട്രീയപാർട്ടികളിലും പൊളിച്ചെഴുത്തിനു വഴിതെളിക്കും.സ്ത്രീകൾക്ക് പള്ളിയിൽ പോകാനുള്ള സ്വാതന്ത്യം ഇനിയും അംഗീകരിക്കാത്തവർക്കിടയിൽ ഇത് ഉഷ്ണപാതമായി ആഞ്ഞടിക്കുക തന്നെ ചെയ്യും.


തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പകുതിയിലേറെ സ്ഥാനങ്ങൾ വഹിക്കുന്ന സ്ത്രീകൾക്ക് പള്ളികമ്മറ്റികളിലും,അസംബ്ലിയിലും പാർലമെന്റിലും പ്രാതിനിദ്ധ്യം കൊടുക്കണമെന്ന് ആവശ്യമുയരും.ചരിത്രത്തിലിന്നുവരെ നിയമനിർമ്മാണസഭകളിലേക്ക് ഒരൊറ്റ സ്ത്രീയെപ്പോലും മത്സരിപ്പിക്കാത്ത പാരമ്പര്യമുള്ള രാഷ്ട്രീയപാർട്ടികൾ അപ്പോൾ എന്തുചെയ്യും?

ഈ സാമൂഹികവിസ്ഫോടനത്തിൽ അവരുടെ കസേരകൾ ആടിയുലയാതെ വയ്യ.അങ്ങനെയൊരു തുടർച്ചലനത്തിനാകും വരും വർഷങ്ങളിൽ കേരളരാഷ്ട്രീയം സാക്ഷ്യം വഹിക്കുക.

Tuesday, 3 August 2010

ഗ്രീൻറേഡിയോയിൽ ഒ.എൻ.വിയുടെ “സോജ” ആലാപനം

ഗ്രീൻ റേഡിയോ പോഡ്കാസ്റ്റിൽ കേൾക്കുക:

SOJA

A POETICAL TRIBUTE TO VAIKKOM MUHAMMED BASHEER

BY O N V KURUP

വൈക്കം മുഹമ്മദ് ബഷീറിനു ഒ.എൻ.വിയുടെ കാവ്യാഞ്ജലി

ആലാപനം:ആർ.വിമലസേനൻ നായർ

RECITED BY R VIMALASENAN NAIR

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ