Sunday, 25 July 2010

ജനാധിപത്യത്തിനു പകരം വെയ്ക്കാൻ...

ന്ത്യൻ ജനാധിപഹ്യത്തിന്റെ ഏറ്റവും വലിയ മഹത്വം അത് എല്ലാ രംഗത്തും ബഹുസ്വരതയെ അംഗീകരിക്കുന്നു എന്നതാണു.ഏതെങ്കിലും മതത്തിൽ വിശ്വിക്കാനോ,ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനോ അത് ഓരോ പൌരനും/പൌരയ്ക്കും അവകാശം നൽകുന്നു.പരിമിതമായ ചില നിയന്ത്രണൾക്ക് വിധേയമായി, അത് അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പു നൽകുന്നു.ബഹുകക്ഷി ജനാധിപത്യം,അതിന്റെ സർവ്വ പോരായ്മകൾക്കുമപ്പുറം,ഏറ്റവും അഭികാമ്യമായ ഭരണക്രമമാകുന്നത് അതുകൊണ്ടാണു.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ കേന്ദ്രത്തിലും ശക്തിപ്പെട്ട കൂട്ടുകക്ഷിഭരണസംവിധാനം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ പ്രബലമാക്കുകയാണു ചെയ്തത്.അത് പ്രാദേശിക,പ്രാന്തീയ കക്ഷികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന വലിയൊരു ജനവിഭാഗത്തിനും അധികാരത്തിന്റെ ഗുണഫലങ്ങൾ എത്തിച്ചുകൊടുത്തു.ഒക്സ്ഫോർഡ് ഇംഗ്ലീഷ് സംസാരിക്കാത്തവർക്കും,കോട്ടും സ്യൂട്ടും ഇടാത്തവർക്കും,ഉന്നതകുലത്തിൽ പിറക്കാത്തവർക്കും അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങൾ തന്നെ ലഭിച്ചു.അവരും രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ആരംഭിച്ചു.

അതോടെ, പ്രബല മത,ജാതിവിഭാഗങ്ങളുടെ ഉറച്ച പിന്തുണയിൽ മാത്രം കെട്ടിപ്പടുത്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഹിന്ദി ഹൃദയഭൂമിയിൽ അടിത്തറ ഇളകുന്നതും നാം കണ്ടു.മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു രാഷ്ട്രീയഭൂമികയിലെ സമഗ്രമായ ഉടച്ചുവാർക്കലിനു കാരണമായത്.‘സ്റ്റാറ്റസ് ക്വോ’ രാഷ്ട്രീയത്തെ കടപുഴക്കിയെറിഞ്ഞ ആ ഉഷ്ണപാതത്തെ ചെറുക്കാൻ ബാബറി മസ്ജിദ് വിവാദത്തിനായില്ല.ദ്വികക്ഷി ഭരണത്തിനും ഭൂരിപക്ഷ വർഗ്ഗീയരാഷ്ട്രീയത്തിന്റെ ആത്യന്തിക ശിഥിലീകരണത്തിനും പിൽക്കാലം സാക്ഷ്യം വഹിച്ചു.ഒരു രഥയാത്രയും ഇപ്പോൾ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് നയിക്കില്ല.

തങ്ങളും മതേതരവാദികളാണെന്നു സ്ഥാപിക്കാനായി പാർട്ടിയിലും ഭരണത്തിലും മനസില്ലാമനസ്സോടെ അധസ്ഥിതരേയും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കക്കാരെയും അവർക്ക് പ്രതിഷ്ഠിക്കേണ്ടി വന്നു.അതുകൊണ്ടുതന്നെ തീവ്രവർഗ്ഗീയ അജണ്ടയിലേക്ക് മടങ്ങിപ്പോകാൻ അവർക്കിപ്പോൾ ആകില്ല.

അധികാരസ്ഥാനങ്ങളിൽ ചരിത്രത്തിലെ ഏറ്റവുമധികം പ്രാ‍തിനിദ്ധ്യം അധസ്ഥിതർക്കും പിന്നാക്കക്കാർക്കും ലഭിച്ചു എന്ന് മാത്രമല്ല ഇതിന്റെ പരിണതഫലം.എല്ലാ മേഖലയിലും അതിന്റെ ഒട്ടേറെ ഗുണഫലങ്ങളും അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു.അധികാരത്തിൽ പ്രാതിനിദ്ധ്യമില്ലായിരുന്നുവെങ്കിൽ കേരളത്തിലെ മുസ്ലീങ്ങളും ഈഴവരും വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാ‍ട്ടം നടത്തുകയില്ലായിരുന്നു.അവർ ഇപ്പോഴും പിന്നാമ്പുറങ്ങളിൽ തന്നെ മാറ്റിനിർത്തപ്പെടുമായിരുന്നു.കേരളത്തിൽ മാത്രമല്ല,തമിഴ്നാട്ടിലും ഉത്തർപ്രദേശിലും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വൻപുരോഗതി ഉണ്ടായിട്ടുണ്ടു.പതിത ജനവിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിദ്ധ്യമുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ കൂട്ടർക്ക് അടുത്തിടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതി ഉണ്ടായിട്ടുണ്ടു എന്നതിൽ തർക്കമില്ല.ഇന്ത്യൻ ജനാധിപത്യത്തിനു സ്തുതി.

മറ്റു സംസ്ഥാനങ്ങലിലെ മുസ്ലീം ജനവിഭാഗങ്ങളുമായി താരതമ്യംചെയ്താൽ ആനുപാതികമായി ഏറ്റവുമധികം പുരോഗതി ഉണ്ടായിട്ടുള്ളവരാണു ഇവിടുത്തെ മുസ്ലീങ്ങൾ.തീരദേശമേഖലയിലുള്ള ചെറിയൊരു ശതമാനം പേർ ഒഴിച്ചാൽ, കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടു വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്ലീം ജനവിഭാഗം നടത്തിയ കുതിച്ചുചാട്ടത്തിനു സമാനതകളില്ല.അടുത്തകാലം വരെയും കേരളത്തിലെ ഏറ്റവും പിന്നാക്കജില്ലകളിലൊന്നായിരുന്ന മലപ്പുറത്തെ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നേടിയ തിളക്കമാർന്ന വിജയത്തെ ചൊല്ലി ഉണ്ടായ അനാ‍വശ്യ രാഷ്ട്രീയവിവദത്തെക്കുറിച്ച് ഓർക്കുക.ചോദ്യപ്പേപ്പർ ചോർത്തിയും ,കണ്ടെഴുതിയുമാണു അവർ ഈ നേട്ടങ്ങൾ കൊയ്തതെന്ന വൃത്തികെട്ട ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ചില സംശയാലുക്കൾ ഇതിനെ കുറച്ചുകാണിക്കാൻ ശ്രമിച്ചത്.പിന്നീട് ഒന്നിനുപിറകെ ഒന്നായി വന്ന പരീക്ഷാവിജയങ്ങൾ ഈ ആരോപണങ്ങളുടെ മുന ഒടിച്ചു.ഇന്ന് ഉന്നതവിദ്യാഭ്യാസമേഖലയിൽ നല്ലൊരുശതമാനം മുസ്ലീം കുട്ടികളുണ്ടു.പ്രൊഫഷണൽ കോഴ്സുകളിൽ അവർക്ക് നല്ല പ്രാതിനിദ്ധ്യമുണ്ടു.സിവിൽ സർവ്വീസ് പരീക്ഷകളടക്കമുള്ള ഉന്നതമത്സരപരീക്ഷകളിൽ അഭിമാനാർഹമായ വിജയം കൊയ്തെടുത്ത് ചരിത്രം രചിക്കുകയാണു കേരളത്തിലെ മുസ്ലീംങ്ങടക്കമുള്ള അധസ്ഥിതർ.

രാഷ്ട്രീയ വിലപേശലിലൂടെ മലപ്പുറം ജില്ലയും സ്കൂളുകളും കോളേജുകളും തട്ടിയെടുത്ത്, സ്വന്തം സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് നിരന്തരം ആരോപിക്കപ്പെട്ട ഒരു ജനവിഭാഗമാണു ഇന്ന് വിദ്യാഭ്യാസമേഖലയിൽ ക്രിസ്ത്യൻ സമുദായങ്ങളെപ്പോലും അതിശയിപ്പിക്കുന്ന വിധം മുന്നേറിക്കൊണ്ടിരിക്കുന്നത്.മാദ്ധ്യമമേഖലിൽ അവർ മറ്റു വിഭാഗങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.കമ്പ്യൂട്ടർ അധിഷ്ഠിതമായ നവ മാദ്ധ്യമ,വാർത്താവിനിമയ രംഗങ്ങളിലെ വിദഗ്ദ്ധരിൽ നല്ലൊരു ശതമാനം പേരും മറ്റെവിടെ നിന്നുമല്ല.ബാംഗ്ലൂരിലെ ഐ.ടി മേഖലയിൽ മലപ്പുറത്തുകാരുടെ എണ്ണം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണു. പണ്ടു ഗൾഫിലേക്ക് കുടിയേറിയിരുന്ന അവിദഗ്ദ്ധതൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും മലപ്പുറത്തുകാരായിരുന്നു.ഇന്ന് ഗൾഫിലേക്ക് മാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളിലേക്ക് അവർ ക്ഷണിച്ചുവരുത്തുന്ന വിദഗ്ദ്ധരായ അദ്ധ്യാപകരും ഡോക്ടർമാരും എഞ്ചിനിയർമാരും അടങ്ങുന്ന ഉന്നതശ്രേണിയിൽ ഇവിടുത്തുകാർ ധാരാളമുണ്ടു. അവരാരും തങ്ങൾ ജനിച്ചുവളർന്ന സാമൂഹികചുറ്റുപാടുകളെ മറന്ന് അധാർമ്മികമായ ജീവിതം നയിക്കുന്നവരല്ല.പുതിയ പദവികളും സൌകര്യങ്ങളും നൽകുന്ന പുതിയ ആസക്തികളിൽ അഭിരമിച്ചുകൊണ്ടു വഴിതെറ്റിപോകുന്നവരല്ല.ബഹുസ്വരതയിലധിഷ്ഠിതമായ ഭരണസംവിധാനവും അത് അരക്കിട്ടുറപ്പിക്കുന്ന മതേതരമയ വിദ്യാഭ്യാസവും നൽകിയ ശക്തമായ അടിത്തറയാണു അവർക്ക് ഇതിനുള്ള ആത്മബലം നൽകുന്നത്.

ജനാധിപത്യത്തിന്റെ ശുദ്ധവായുവാണു പെൺകുട്ടികളെ സ്കൂളിലയക്കാനും,ബാല്യത്തിലേ അവരെ നിക്കാഹ് ചെയ്യിച്ചയക്കാതെ അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകി പുതിയ ഉയരങ്ങൽ കീഴടക്കാനും പുതുലോകങ്ങൾ കണ്ടെത്താനും പ്രേരകമായത്.പതിനാലും പതിനഞ്ചും വയസ്സിൽ നിക്കാഹ് ചെയ്യിച്ചയക്കുകയും ചെറുപ്രായത്തിലേതന്നെ നാലും അഞ്ചും കുട്ടികളുടെ ഉമ്മമാരായി തീരുകയും ചെയ്യുന്നവരുടെ ജില്ല എന്ന ദുഷ്പേർ ഇപ്പോൾ മലപ്പുറത്തിനില്ല.ജനസംഖ്യാവർദ്ധനവിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും,ശൈശവവിവാഹ,ശിശുമരണ നിരക്കിൽ സാരമായ കുറവ് വന്നിട്ടുണ്ടു.സ്ത്രീ സാക്ഷരതാനിരക്ക് കുതിച്ചുയർന്നു(85.96 ശതമാനം).രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പഠിതാക്കളിൽ 55 ശതമാനവും സ്ത്രീകളായിരുന്നു.അവരുടെ തൊഴിൽ പ്രാതിനിദ്ധ്യത്തിലും വൻ വർദ്ധനവു ഉണ്ടായി.പൊതുരംഗത്ത് സ്ത്രീകൾ പ്രവർത്തിക്കുന്നത് ഹറാമായി കരുതിയ പരമ്പര്യത്തിൽ നിന്ന് ഇന്നെത്രയോ കാതങ്ങൾ മുന്നോട്ട് പോയിരിക്കുന്നു.പത്ത് വർഷം മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ മുസ്ലീം വനിതകളെത്തേടി രാഷ്ട്രീയപാർട്ടികൾ നെട്ടോട്ടമോടിയസ്ഥാനത്ത് ഇന്ന്,തെരഞ്ഞെടു പ്രഖ്യാപിക്കും മുൻപ് തന്നെ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങാൻ ഒരുങ്ങി നിൽക്കുന്നു.മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ,അതുകൊണ്ടു തന്നെ,അടുത്ത് നടക്കുന്ന തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പ് വൻ സാമൂഹികവിസ്ഫോടനമാണു.

മതാധിഷ്ടിതമായ ഭരണവ്യവസ്ഥ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിലോ,ഇറാനിലോ,ദുർബലമായ ജനാധിപത്യം നിലനിൽക്കുന്ന പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ഉള്ളവർക്കൊന്നും സ്വപ്നം കാണാനാകാത്ത സാമൂഹികപുരോഗതിയാണു കേരളത്തിലുണ്ടായിരിക്കുന്നത്.സ്ത്രീകൾക്ക് വളരെ പരിമിതമായ പൌരസ്വാതന്ത്യം മത്രമുള്ള, വളരെ പ്രാകൃതമായ ശിക്ഷാവിധികളുള്ള,ബഹുസ്വരതയില്ലാത്ത ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? എന്താണു അനുകരിക്കാനുള്ളത്?

മാനവരാശി ഇന്നേവരെ ആവിഷ്കരിച്ച ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണവ്യവസ്ഥയായ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട്,പകരം മതാധിഷ്തിതമായ ഭരണം കൊണ്ടുവരുവാൻ ശ്രമിക്കുന്ന ഏതെങ്കിലും തീവ്രവാദി സംഘടനയ്ക്ക് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ഒരിക്കലും ഉണ്ടാവുകയില്ല.എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർവ്വമേഖയിലും വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ഒരു ജനസമൂഹത്തെയാകെ അരക്ഷിതത്വത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിടാൻ മാത്രമേ,ഈ ജിഹാദുകൾ ഇടവരുത്തൂ.അത് ആത്മഹത്യാപരമാണെന്ന് അറിയുക.

ജനാധിപത്യത്തിനു പകരം വെയ്ക്കാൻ മറ്റൊന്നുമില്ല.കേരളത്തിലെ മുസ്ലീംങ്ങൾക്ക് അത് നന്നായി അറിയാം.

Sunday, 18 July 2010

അരുത്;ആ വാതിലുകൾ അവർക്കായി തുറക്കരുത്

വിദ്യാലയങ്ങൾ പൊതുസ്ഥാപനങ്ങൾ ആണു.അഥവാ അങ്ങെനെയാണു സങ്കൽ‌പ്പം.എല്ലാ മതങ്ങളേയും ബഹുമാനിക്കാനും മതതത്ത്വങ്ങളുടെ സാരാംശം മനസ്സിലാക്കാനും പഠിപ്പിക്കുമ്പോൾ പോലും തികച്ചും മതേതരമായ അന്തരീക്ഷമാണു വിദ്യാലയങ്ങൾക്കുള്ളത്.അവിടെ വ്യത്യസ്ത മതവിശ്വാസികൾക്കും മതമൊന്നുമില്ലാത്തവർക്കും നാസ്തികർക്കുമൊക്കെ സമാധാനത്തോടെ സഹവർത്തിക്കാം.അവരവരുടെ ജീവിതരീതികൾ പിന്തുടരാം.ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി തന്നെ ജീവിച്ചുകൊണ്ടു മറ്റുള്ളവയെ ഉൾക്കൊള്ളാം.വിമർശിക്കാം.ജാതീയവും മതപരവുമായ വേർതിരിവില്ലാതെ ഒരേ ബഞ്ചിൽ,ഒരേ ക്ലാസിൽ,ഒരേ സ്കൂളിൽ സമാധാനത്തോടെ പഠിച്ചുവളരാം.

ഉദാത്തമായ ഈ മതേതരജനാധിപത്യ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെയ്ക്കുന്നതരം ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.അതിന്റെ ഫലമായി ബഹുഭൂരിപക്ഷം എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങൾ നിരാകരിക്കുന്ന,ജാതീയവും മതപരവുമായി വിദ്യാർത്ഥികളെ വേർതിരിക്കുന്ന,ഇടുങ്ങിയ ,ഇരുണ്ട ഗുഹകളായി പരിണമിച്ചിരിക്കുന്നു.ദൌർഭാഗ്യകരമെന്നുപറയട്ടെ, തീർത്തും അപകടകരമായ ഈ തീക്കളിക്ക് സാമൂഹികാംഗീകാരവും ലഭിച്ചിരിക്കുന്നു.

ഞാൻ വിചിത്രമായ രണ്ട് അനുഭവങ്ങൾ പറയാം.ആദ്യത്തേത് ആ കാലഗണനയ്ക്കും അപ്പുറത്താണു.സ്ഥലം തൃശൂർ വാരിയം റോഡിലെ ഒരു വീടു.കേരളവർമ്മ കോളേജിലെ അദ്ധ്യാപകന്റെ അമ്മ തന്റെ പേരക്കുട്ടികളെ സന്ദർശിക്കാനെത്തുകയാണു.കൊച്ചുമക്കളിൽ ഒരാൾ ഒന്നിൽ.മറ്റെയാൾ അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി.സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ജപിക്കാൻ മുത്തശ്ശി പേരക്കുട്ടികളേയും കൂട്ടി.വിളക്കിനു മുന്നിൽ മുട്ടുകുത്തിനിന്ന് അവർ ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലാനാരംഭിച്ചു:ഓ ജീസസ് ക്രൈസ്റ്റ്!

ഇനി 2002ലേക്ക്.ഇടുക്കി കട്ടപ്പന ടൌണിനടുത്ത കുടിയേറ്റകർഷകഗ്രാമമായ കൊച്ചുതോവാള.അവിടുത്തെ ഒരേയൊരു യു.പി സ്കൂളിൽ കുട്ടികളുടെ പരിപാടികൾ ശബ്ദലേഖനം ചെയ്തുകൊണ്ടിരിക്കേ,സ്കൂൾ വിടാനുള്ള സമയമായി.പ്രാർത്ഥനയ്ക്കുള്ള ബല്ലടിച്ചു.റെക്കാർഡിങ്ങ് നിർത്തി എല്ലാവരും എണീറ്റ് നിന്നു.മൈക്കിൽ നിന്ന് വന്നത് ‘ഗനഗണ മന‘ ആയിരുന്നില്ല.അതൊരു പള്ളിപ്രാർത്ഥനയായിരുന്നു!

എല്ലാമതസ്ഥരും, ഒരുമതത്തിൽപെടാത്തവരും പഠിക്കുന്ന വിദ്യാലയങ്ങളിൽ എന്തിനാണു മത-ജാതി പ്രാർത്ഥനകൾ മാത്രം ചൊല്ലുന്നത്?മുൻപ് സർക്കാർ,എയിഡഡ് സ്കൂളുകളിൽ അസംബ്ലികളിൽ പന്തളം കെ.പി എഴുതിയ‌ “ദൈവമേ കൈതൊഴാം” എന്ന തികച്ചും മതേതരമായ പ്രാർത്ഥനയായിരുന്നു ചൊല്ലിയിരുന്നത്.സ്കൂൾ അവസാനിക്കുന്നത് ജനഗണ മനയോടെയും.പക്ഷേ,ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ക്രിസ്ത്യൻ സഭകളും അവരെ പിന്തുടർന്ന് മറ്റ് മത-ജാതി സംഘടനകളും തങ്ങളുടെ വിദ്യാലയങ്ങളിൽ പൊതു-മതേതര പ്രാർത്ഥനകൾക്കു പകരം തങ്ങളുടെ മത-ജാതീയവിശ്വാസപ്രമാണങ്ങളെ മഹത്വവത്കരിക്കുന്നതും,തങ്ങളുടെ മതഗ്രന്ഥങ്ങളിലെ ബിംബങ്ങളും,പദാവലികളും,പ്രതീകങ്ങളും മാത്രം കൊണ്ട് നിറയ്ക്കപ്പെട്ടതുമായ പ്രാർത്ഥനകൾ എല്ലാവരേയും കൊണ്ട് ചൊല്ലിക്കുന്നു.ചില ഹൈന്ദവസംഘടനകളുടെ വിദ്യാലയങ്ങളിൽ അവ സംസ്കൃതത്തിലാണെങ്കിൽ,ചില മുസ്ലീം വിഭാഗങ്ങളുടെ സ്കൂളുകളിൽ അവ അറബിയിലാണു.ഇനി ലാറ്റിനിലും ഉറുദുവിലുമുള്ള പ്രാർത്ഥനകൾ കൂടി വരുകയില്ലെന്ന് ആരു കണ്ടു?

വിദ്യാർത്ഥികൾക്കിടയിലേക്ക് മതവിദ്വേഷത്തിന്റെ വിഷവിത്തുക്കൾ പാകുന്നതും,മത-വിശ്വാസസ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും നഗ്നമായി നിഷേധിക്കുന്നതുമായ മറ്റു അനേകം നടപടികളുമുണ്ടു.കുട്ടികൾക്കിടയിലെ സാമൂഹിക-സാമ്പത്തിക അസമത്വം മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിനാണു യൂണീഫോം ഏർപ്പെടുത്തിയത്.പക്ഷേ, അത് പോലും മതനിന്ദയുടെ മാരകായുധമാക്കാമെന്ന് ചിലർ തെളിയിച്ചിരിക്കുന്നു.ഓരോ മത-ജാതി വിഭാഗങ്ങളുടേയും വ്യതിരിക്തത അടയാളപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ടു.അതിലൊന്നാണു നിറങ്ങൾ.കാവിയും മഞ്ഞയും പച്ചയും നീലയും,ഇങ്ങനെ മത-ജാതീയത വിഭാഗീയതകളെ വിളംബരം ചെയ്യുന്ന നിറങ്ങളായി പരിണമിച്ച ഒരു സമൂഹത്തിൽ അതിനെ അരക്കിട്ടുറപ്പിക്കുന്ന വേഷവിധാനങ്ങൾ തന്നെ ഇവർ യൂണീഫോമിന്റെ പേരിൽ നിർബന്ധിതമാക്കിയിരിക്കുന്നു.ഒപ്പം, മതപരമായ ജീവിതചര്യയുടെ ഭാഗമായുള്ള മുഖാവരണം,ശിരോവസ്ത്രം,പൊട്ട് തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മതവൈരവും സ്പർദ്ധയും സൃഷ്ടിക്കുന്നു.കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും മതപരമായ ഉടയാടകൾക്ക് വിലക്കേർപ്പെടുത്താത്തവർ എന്തിനാണു ശിരോവസ്ത്രത്തിനു അയിത്തം കൽ‌പ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

മതബോധന ധാർമ്മിക പഠനക്ലാസുകളുടെ പേരിലാണു മറ്റൊരു അതിക്രമം അരങ്ങേറുന്നത്.ഓരോ മതജാതി വിഭാഗവും അവരുടെ മാത്രം പാഠങ്ങളാണു പഠിപ്പിക്കുക.അവ സങ്കുചിതവും വിഭാഗീയവും ആത്യന്തികമായി മതവൈരം വളർത്തുന്നതുമാണെന്നു പറയേണ്ടതില്ല.കുരുന്നു മനസ്സുകളിൽ ഇത് സൃഷ്ടിക്കുന്ന വേർതിരിവുകൾക്ക് ഭയാനകമായ പ്രത്യാഘാതങ്ങളാണുള്ളത്.തങ്ങളുടെ മത/ജാതി വിഭാഗത്തിനു പുറത്തുള്ളവരെ ശത്രുതയോടെയും അവജ്ഞയോടെയും കാണാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.വിദ്യാർത്ഥിരാഷ്ട്രീയം വഴിമാറിയ പ്രൊഫണൽ കോളേജുകളിൽ ജാതിസംഘടനകൾ പ്രതിലോമകരമായ അജണ്ടകളുമായി രംഗപ്രവേശം ചെയ്യുന്നതിൽ നിന്നും ഇതിന്റെ അപകടം മനസിലാക്കാം.തീരെ സാമൂഹികബോധമില്ലാത്ത,തങ്ങൾ വിശ്വസിക്കുന്നപ്രസ്ഥാനങ്ങൾക്കായി എന്തും ചെയ്യാൻ മടികാത്ത,എതിരാളികളായി മുദ്രയടിക്കുന്നവരുടെ കൈയ്യും തലയും വെട്ടുന്ന അഭ്യസ്തവിദ്യരും ഉന്നതബിരുദധാരികളുമായ ഹൈടെക്ക്തീവ്രവാദികൾ ഇങ്ങനെ പിറവിയെടുക്കുന്നതിനും നമ്മൾ ഇന്ന് സാക്ഷികളാണു.

യോഗയും ധ്യാനവും പോലെ ശരീരത്തിനും മനസ്സിനും ഉണർവ്വേകുന്ന ആരോഗ്യ ആ‍ത്മീയ പ്രവർത്തനങ്ങൾ പോലും തങ്ങളുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാക്കി മാറ്റുകയാണു ഒരു കൂട്ടർ.വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഇവർ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് യോഗ ചെയ്യിക്കുന്നുണ്ട്.അതിനായി പുറത്ത് നിന്ന് വർഗ്ഗീയസംഘടനകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവരെ തന്നെ ക്ഷണിച്ച് വരുത്തുന്നു.മതപരമായ ധ്യാനങ്ങളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.അവിടം കൊണ്ടും ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല.മതജാതി മേലദ്ധ്യക്ഷരുടെ സ്വീകരണത്തിനും പ്രസംഗത്തിനും വിശ്വാസസംഗമത്തിനുമൊക്കെ വിദ്യാർഥികളെ ഇവർ തെളിച്ചുകൊണ്ടുപോകുന്നുണ്ടു.അമ്പലത്തിനും പള്ളിക്കും ഉത്സവത്തിനുമൊക്കെ വൻ തുക സംഭാവനയായി പിരിച്ചെടുക്കുന്നുമുണ്ടു. എന്തിനു,ആഹാരം കഴിക്കുന്നതിനു മുൻപു പോലും മതപരമായ പ്രാർത്ഥന അടിച്ചേൽ‌പ്പിക്കുന്ന എത്രയോ ഹോസ്റ്റലുകൾ കേരളത്തിലുണ്ട്!

പക്ഷേ, ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻ മേൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
മതജാതി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.പള്ളി വേറെ, പള്ളിക്കൂടം വേറെ എന്ന തിരിച്ചറിവിൽ നിന്ന് വൈകി ഉണ്ടായ വിവേകമായിരുന്നു അത്.പക്ഷേ, എല്ലാവരും ചേർന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേക്കും ഉത്തരവിറക്കിയവർ വാലും ചുരുട്ടിക്കൊണ്ട് ഓടി!

ഈ സാഹചര്യത്തിലാണു,തങ്ങളുടെ വിദ്യാലയങ്ങളിൽ കൂട്ടായുള്ള എല്ലാ മതപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് എൻ.എസ്.എസ് പുറപ്പെടുവിച്ച ഉത്തരവിനു ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.ആരും ആവശ്യപ്പെടാതെ കൈക്കൊണ്ട ഈ തീരുമാത്തെ ,മതവൈരം ആളിക്കത്തിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,ധീരമെന്നു നിസംശയം വിശേഷിപ്പിക്കാം.എൻ.എസ്.എസിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നവർ പോലും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുകാലത്തും മതവിദ്വേഷം വളർത്തുന്നതിനുള്ള വേദിയൊരുക്കി കൊടുത്തിട്ടില്ലെന്നു സമ്മതിക്കും.മൂന്നു വർഷം പന്തളം എൻ.എസ്.എസ്.കോളേജിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനു എൻ.എസ്.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അവർ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെക്കുറിച്ച് ഏറെ ബഹുമാനമുണ്ടു.സഹസാമുദായിക സംഘടന മറ്റ് സംഘടിത മതങ്ങളെ അനുകരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിൽ വിഭാഗീയച്ചുവയുള്ള പ്രാർത്ഥനയും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോളാണു,എൻ.എസ്.എസ് അനുകരണീയമായ ഈ തീരുമാനമെടുത്തത്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കരുതെന്നാഗ്രഹിക്കുന്ന,സമാധാനകാംക്ഷികളായ എല്ലാവരും ഈ മാതൃകയിൽ തങ്ങളുടെ വിദ്യാലയങ്ങളെ മത ജാതി വിഭാഗീയതയിൽ നിന്ന് മോചിപ്പിക്കുമോ?അതിനുള്ള വിവേകം അവർ കാട്ടുമോ?
ഭീകരവാദികൾക്കു നേരെ നമ്മുടെ വിദ്യാലയങ്ങളുടെ വാതിലുകൾ കൊട്ടിയടക്കാനായി അവയെ മതജാതി മുക്തമാക്കുക.
അരുത്;ആ വാതിലുകൾ രക്തദാഹികൾക്കായി തുറന്ന് പിടിക്കരുത്.

Monday, 12 July 2010

ജിഹാദികൾ ഉണ്ടാകുന്നത്...

ക്ഷുഭിത യൌവനത്തിൽ ഒരിക്കലെങ്കിലും ഒരു റിബലോ കമ്മ്യൂണിസ്റ്റോ ആകാത്തവർ ആരുണ്ടു?

അങ്ങനെനെയൊരു ചൊല്ലുണ്ടു.സാഹസികതയെ നെഞ്ചോടു ചേർത്ത്പിടിക്കുന്ന ചോരത്തിളപ്പുള്ള പ്രായത്തിൽ ഭൂരിപക്ഷം പേരും സിരകളെ ത്രസിപ്പിക്കുന്നതെന്തും ചെയ്യും.ലോകമെമ്പാടും തീവ്രവാദപ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏറ്റവുംകൂടുതൽ നടക്കുന്നത് ഈപ്രായത്തിലാണു.ക്യാച്ച് ദെം യങ്ങ്.ആദ്യം ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ഇപ്പോൾ മതഭീകരപ്രസ്ഥാനങ്ങൾക്കുമാണു ഇതിന്റെ ഗുണം ലഭിച്ചത്.

വിമോചനപ്രസ്ഥാനങ്ങൾക്കും പുരോഗമനമുന്നേറ്റങ്ങൾക്കും വേണ്ടി ജീവിതം തന്നെ ബലിയർപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്കും മതത്തിന്റെ പേരിൽ ശത്രുനിഗ്രഹത്തിനിറങ്ങിത്തിരിച്ചവർക്കും തമ്മിൽ വൈജാത്യങ്ങൾ ഏറെയാണു.

“ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ” വെല്ലുവിളിച്ചുകൊണ്ടു,വർഗ്ഗശത്രുവിന്റെ തലയറുത്ത് സ്ഥിതിസമത്വം സ്ഥാപിക്കാൻ രക്തം ചീന്തിയവരെ നയിച്ചത് ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന ദർശനമായിരുന്നു.തോക്കിൻ കുഴലിലൂടെയുള്ള വിപ്ലവം ഒരു ഉട്ടോപ്യയും,അവരുടെ വാഗ്ദത്തസ്വർഗ്ഗലോകം ക്രൂരമായഏകാധിപത്യവുമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിട്ടുംഭരണകൂടത്തെ തന്നെ ബന്ദിയാക്കി അക്രമപരമ്പരകൾ അഴിച്ചുവിടാനും,ഭരണസംവിധാനമാകെ സ്തംഭിപ്പിക്കനും അവർക്ക് കഴിയുന്നു.ഒരു ന്യൂനപക്ഷം അവരെ പിന്തുണയ്ക്കുന്നുമുണ്ടു.സാമൂഹികപ്രതിബദ്ധതയുള്ളവരാണു ഇവർ എന്നാണു ഒരുവിഭാഗം ബുദ്ധിജീവികൾ വാദിക്കുന്നത്.

പക്ഷേ,മതത്തിന്റെ പേരിൽ മാത്രം എതിരഭിപ്രായമുള്ളവരെ കൊലപ്പെടുത്തി, മൃതദേഹം പോലും നശിപ്പിച്ചവരും,മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തിവെട്ടിമാറ്റി താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നവരും എന്തായാലും ഈ ഗണത്തിൽ ഉൾപ്പെടുകയില്ല.അവർ റിബലുകളോ പൊതുസമൂഹത്തോട് പ്രതിബദ്ധതയുള്ളവരോ അല്ല.പക്ഷേ, ഒരിക്കലും വൈവിദ്ധ്യങ്ങളെ ഉൾകൊള്ളാൻ മനസില്ലാത്തവരെന്ന നിലയിൽ ഈ മതതീവ്രവാദികൾക്കും രാഷ്ട്രീയതീവ്രവാദികൾക്കുമിടയിൽ വൈരുദ്ധ്യാത്മകമായ വിചിത്രമായ ഒരു ഐക്യവും സമന്വയവുമുണ്ടു. അവർ ബഹുസ്വരത അംഗീകരിക്കുന്നില്ല.തങ്ങളുടെ രാഷ്ട്രീയത്തിനു/മതത്തിനു അതീതമായ ഒരു അസ്തിത്വവും അവർക്ക് സഹിക്കാൻ കഴിയില്ല.എതിരാളികളുടെ കഴുത്തറക്കുന്നതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ വിധിക്കില്ല.കമ്മ്യൂണിസ്റ്റ് ഏകാധിപതികളും ജിഹാദികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.മറ്റുള്ളവരോട് കടുത്ത അസഹിഷ്ണുത പുലർത്താനും,ബഹുകക്ഷി ജനാധിപത്യത്തേയും ബഹുമത,മതേതര സഹവർത്തിത്വത്തേയും അവമതിക്കാനും ഏതറ്റം വരെയും ഇവർ പോകും.അതിനായി എന്തും ചെയ്യും.

കമ്മ്യൂണിസത്തിന്റെ അപചയത്തിനു ശേഷവും ഇടതുതീവ്രവാദത്തിലേക്ക് പിന്നാക്ക അവികസിതമേഖലകളിൽ നിന്ന് ചെറുപ്പക്കാർ ചേക്കേറുന്നതിന്റെ കാരണങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ടു,പക്ഷേ കേരളത്തിൽ ,ഇസ്ലാമിക തീവ്രവാദം അടുത്തിടെ ശക്തമായതിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും ഗൌരവതരമായ അപഗ്രഥനത്തിനു വിധേയമായിട്ടില്ല.പുതു തീവ്രവാദികളിൽ ഭൂരിപക്ഷവും സാമ്പത്തികമായോ സാമൂഹികമായോ പിന്നാക്കാവസ്ഥയിലല്ല എന്നാൺ മാദ്ധ്യമറിപ്പോർട്ടുകളിൽ നിന്ന് അനുമാനിക്കുന്നത്.ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്കിടയിൽ ഭീകരവാദത്തിനു നല്ല വേരോട്ടമുണ്ടു.കാഷ്മീരിൽ പിടിക്കപ്പെട്ടവർ ഇൻസ്റ്റന്റ് റിക്രൂട്ട്മെൻറ്റിൽ ജിഹാദികളായവരാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു.എവിടെ നിന്നോ വന്തോതിൽ ഒഴുക്കുന്ന പണവും സൌകര്യങ്ങളും ഇവരെ പ്രലോഭിപ്പിക്കുന്നു.ഇഹലോകത്ത് ആഡംബരജീവിതവും പരലോകത്ത് പുണ്യവും കിട്ടുമെങ്കിൽ പിന്നെ തലയറക്കുന്നതിനു എന്തിനു മടിക്കുന്നു?

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യമുള്ളവരുടെ ഒരു വൻ നിര ഇവർക്ക് മുന്നിലും പിന്നിലും നിലയുറപ്പിച്ചിട്ടുണ്ടു.അവരാണു ആശയപ്രചാരണം നടത്തുന്നത്.അതിനു സർവ്വ മാദ്ധ്യമസാദ്ധ്യതകളേയും ഉപയോഗപ്പെടുന്നുണ്ടു.ഉയർന്ന വിദ്യാഭ്യാസമുള്ളവർ എങ്ങനെ ഭീകരവാദികളാകുന്നു?
ഇത് പൊതുസമൂഹം ചർച്ചചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.മതപരമായ പശ്ചാത്തലം മാത്രമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചുവളരുന്നവർക്കിടയിൽ മറ്റുമതങ്ങളേയും വിഭിന്ന ജീവിതരീതികളേയും ഉൾകൊള്ളാൻ വൈമനസ്യം ഉണ്ടാകാനിടയുണ്ടു.മറ്റു ജനവിഭാഗങ്ങളുമായി കുട്ടിക്കാലം മുതൽക്കേ ഇടപെടാനും ആരോഗ്യകരമായി സംവേദിക്കാനും സഹവർത്തിക്കാനുമുള്ള അവസരം കുറയുമ്പോൾ അവരിൽ സങ്കുചിതമായമതബോധം വികസിക്കാൻ തുടങ്ങും.തങ്ങളുടെ പരിവൃത്തത്തിനകത്തൊതുങ്ങാത്ത എന്തിനേയും ഇല്ലായ്മചെയ്യാൻ അവർക്ക് ഏളുപ്പം കഴിഞ്ഞേക്കും.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവിഭാഗങ്ങളുമായി അടുത്തിടപഴകി മതേതരമായ അന്തരീക്ഷത്തിൽ വളരുന്നവർക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അന്യമതസ്ഥരുടെ കൈയ്യോ കഴുത്തോ വെട്ടിമാറ്റാൻ ഒരിക്കലും കഴിയില്ല.

Sunday, 4 July 2010

ഭുവനേശ്വറിലെ കാഴ്ചകൾ

കൊണാർക്ക് സൂര്യക്ഷേത്രം
ഭുവനേശ്വറിലെ ബിജു പട്ട്നായ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയപ്പോഴേ അത് വ്യക്തമായിരുന്നു.ഇത് ആ പഴയ നഗരമല്ല.
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒറീസയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ തന്നെ എവിടെയും മാറ്റം പ്രകടമായിരുന്നു;അവർ പേരു പോലും പരിഷ്കരിച്ചിരിക്കുന്നു:ഒഡീസ.
2003ൽ റെയിൽവേസ്റ്റേഷനിലിറങ്ങിയപ്പോൾ തന്നെ,പട്ടിണിപ്പാവങ്ങളുടെ ദയനീയത നിറഞ്ഞുനിൽക്കുന്ന മുഖങ്ങളിൽ ഇങ്ങനെ കോറിവരച്ചിരുന്നു;കാറ്റിനു പട്ടിണിമരണങ്ങളുടെ ഗന്ധമുള്ള,പേക്കോലങ്ങളുടെ ഈ നാട്ടിലേക്ക് നിങ്ങൾ എന്തിനാണു വരുന്നത്?ഭുവനേശ്വറിലെ വൃത്തിഹീനമായ,ഇടുങ്ങിയ ഓരോ തെരുവും ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു;ഇത്,ഒരു നേരത്തെ വിശപ്പടക്കാൻ പോലും ഗതിയില്ലാതെ,കുടിക്കാൻ ശുദ്ധജലമില്ലാതെ,ജനങ്ങൽ മരിച്ചുവീഴുന്ന കൽഹണ്ടിക്കാരുടെ നാടാണു.ഇവിടുത്തെ കാഴ്ചകൾ നിങ്ങളെ നൊമ്പരപ്പെടുത്തും;വേദനിപ്പിക്കും.ബുദ്ധ,ജൈനമതങ്ങളുടെ പ്രാക്തനസ്മൃതികളുറങ്ങുന്ന,ക്ഷേത്രങ്ങളുടെ ഈ നഗരം,യാത്രികരേ,വർത്തമാനകാലത്തിന്റെ ഭീതിദമായ കാഴ്ച്ചകളാൽ നിങ്ങളെ മുറിവേൽപ്പിക്കും.ചരിത്രകൌതുകങ്ങളുടെ ദൃശ്യചാരുതകൾക്കു മീതെ നഗ്നമായ ജീവിതയാഥാർത്ഥ്യങ്ങളുടെ ഇരുൾചിത്രങ്ങൾ കരിനിഴൽ വീഴ്ത്തും.അതുകൊണ്ടു,യാത്രികാ,മടങ്ങിപ്പോവുക.
ദാരിദ്ര്യവും പട്ടിണിയും കണ്ടു രസിക്കാൻ മാത്രം ക്രൂര സാഡിസ്റ്റല്ലാത്തതിനാൽ,അന്ന് ഔദ്യോഗികയാത്രകൾ മതിയാക്കി വേഗം മടങ്ങാനായിരുന്നു തോന്നിയത്.നഗരത്തിലെവിടെയും അഭയാർത്ഥികളെപ്പോലെ തോന്നിക്കുന്ന,നിസംഗതയോടെ അപരിചിതരെ തുറിച്ചുനോക്കുന്ന പേക്കോലങ്ങളായിരുന്നു .റെയിൽവേസ്റ്റേഷൻ പരിസരത്ത് അങ്ങനെ നൂറുകണക്കിനാളുകൾ അഭയം കണ്ടെത്തിയിരുന്നു.മിക്ക മഹാനഗരങ്ങളിലും ഇത് പതിവു ദൃശ്യമായിരുന്നെങ്കിലും, കണ്ടതിൽ വെച്ച് ഏറ്റവും ദയനീയമായമുഖങ്ങൾ അവിടത്തെയായിരുന്നു.

ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏഴുവർഷങ്ങൾ വലിയമാറ്റങ്ങളൊന്നും ഉണ്ടാക്കാൻ മതിയായ സമയമല്ല.പക്ഷേ,ഭുവനേശ്വറിലെ തെരുവുകളിൽ നിന്നുള്ള ഇന്നത്തെ ദൃശ്യങ്ങളിൽ തെളിയുന്നത് മറ്റൊരു ചിത്രമാണു.നഗരത്തിലെവിടെയും,നല്ല വൃത്തിയുള്ള,വീതിയേറിയ റോഡുകൾ.റോഡുകൾക്കിരുവശത്തും നടപ്പാതകൾ.പിന്നെ,പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സൈക്കിൾ ബേകൾ .ഒരു പക്ഷേ,ചണ്ഡിഗർ കഴിഞ്ഞാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന മറ്റൊരു നഗരവും ഇന്ത്യയിലുണ്ടാവുമെന്ന് തോന്നുന്നില്ല.നഗരത്തിനകത്തെ റോഡുകൾ മിക്കപ്പോഴും തിരക്കൊഴിഞ്ഞിരിക്കും.ചീറിപ്പായുന്ന ബസുകൾ ഈ നിരത്തുകളിൽ കാണില്ല.വല്ലപ്പോഴും പോകുന്ന മിനിബസുകൾ മാത്രമാണു പബ്ലിക് ട്രാൻസ്പോർട്ട്.നഗരയാ‍ത്രകൾക്ക് ഓട്ടോറിക്ഷകളെ തന്നെ ആശ്രയിക്കണം.അവ ബസുകൾക്ക് പകരം സർവീസ് നടത്തുന്നതുകൊണ്ടായിരിക്കും യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടാത്തത്.

തണൽ വൃക്ഷങ്ങൾ നിറഞ്ഞ നിരത്തുകൾക്കിരുവശങ്ങളിലും ചുവരുകളിൽ ഒറീസയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന അസംഖ്യം രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും.ഒരൊറ്റ ചുവർ പോലും പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേടാക്കിയിട്ടില്ല.ഒരിടത്തും രാഷ്ട്രീയക്കാരുടെ ചുവരെഴുത്തില്ല.പേരിനു പോലും നഗരത്തിലെവിടെയും ഒരു ബാനറില്ല.ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനാണു ഇതിന്റെ ക്രെഡിറ്റിനു മുഴുവനും അർഹതയുള്ളത്.പൊതുമേഖല കൽക്കരി കമ്പനികൾ ഉൾപ്പെടെ സർക്കാർ,സ്വകാര്യമേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങളുമായി ചേർന്നാണു അവർ മാതൃകാപരമായ ഈ സൌന്ദര്യവത്കരണപരിപാടി നടപ്പിലാക്കിയത്.റോഡ് വികസനം ഉൾപ്പെടെ സംസ്ഥാനത്തുടനീളം നടന്നുവരുന്ന വൻ വികസന പദ്ധതികൾക്കു പിന്നിലും സർക്കാർ വിജയകരമായി ആവിഷ്കരിച്ച ,‘വികസനം സർക്കാർ, സ്വകാര്യമേഖലാസഹകരണത്തിലൂടെ”(പി.പിപി അഥവാ പ്രോഗ്രസ് ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) എന്ന നയമാണുള്ളത്.പണം മുടക്കാൻ വരുന്ന നിക്ഷേപകർക്ക് വേണ്ട അടിസ്ഥാനസൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാനായി സർക്കാർ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടു.രാഷ്ട്രീയക്കാരുടെ ദീർഘവീക്ഷണമില്ലായ്മ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിലും പ്രതിബദ്ധതയില്ലാത്ത ഉദ്ധ്യോഗസ്ഥരുണ്ടാക്കുന്ന ചുവപ്പുനാടയിലും കുടുങ്ങി വികസനപദ്ധതികൾ മുരടിച്ചുപോകുന്ന അഭിശപ്തമായപരമ്പര്യമുള്ള കേരളത്തിനു ഒറീസയിൽ നിന്ന് ധാരാളം പഠിക്കാനുണ്ടു.അത്രയ്ക്ക് വേഗതയിലാണു ഇപ്പോൾ അവിടെ സംയുക്തസംരംഭങ്ങൾ നടപ്പിലാക്കപ്പെടുന്നത്.
നഗരത്തിലെ റോഡുകൾക്ക് വീതികൂട്ടിയപ്പോൾ ഉപജീവനമാർഗ്ഗം നിലച്ചവർക്കായി തെരുവുകളിൽ എല്ലാസൌകര്യങ്ങളോടു കൂടിയതും പൊളിച്ചുമാറ്റാവുന്നതുമായ ആയിരക്കണക്കിനു ബങ്കുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടു.തലസ്ഥാനത്തെ ഇത്തരം പീടികകളിലെ പഴക്കടകളിൽ നിറയെ ഇപ്പോൾ നല്ല ചുവന്ന നിറമുള്ളതും മൃദുവായ മുള്ളുകൾ പൊലുള്ള തൊലിയുമുള്ള ,കാമ്പിനു നല്ലമധുരവും രുചിയുമുള്ള ലീച്ചി എന്ന് അവർ വിളിക്കുന്ന പഴമാണു.കേരളത്തിൽ 200നു മേലെ വിലയുള്ള ഇതിനു ഇപ്പോൾ വില വെറും 90 രൂപ മാ‍ത്രം.മാങ്ങയ്ക്കും മറ്റ് പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കുമൊക്കെ വളരെ വിലക്കുറവാണു.ആർഭാടജീവിതം നയിക്കുന്നവരല്ല ഒറീസയിലെ സമ്പന്നർ പോലും.നമ്മെപ്പോലെ ചോറും പിന്നെ ചപ്പാത്തിയും സബ്ജിയും തന്നെ മുഖ്യവിഭവം.അരി വില ഇവിടുത്തേതിനെക്കാൾ എന്നും താഴെ.കൊച്ചിയിലേയൊ കോഴിക്കോട്ടെയോ സാധാരണഹോട്ടലിൽ നിന്ന് മീങ്കറി കൂട്ടി ഒരുനേരം ചോറുണ്ണുന്ന കാശുകൊണ്ട് ഇവിടെ ഒരു കുടുംബം സുഭിക്ഷമാ‍യി കഴിയും.

പക്ഷേ,അതിനു പാങ്ങില്ലാത്തവരാണു ഒറീസ്സക്കാറിൽ നല്ലൊരുശതമാനം പേരും.പരമദരിദ്രർ അധിവസിക്കുന്നത് പടിഞ്ഞാറൻ ജില്ലകളിലെ ആദിവാസി മേഖലകളിലാണു.നാഷണൽ സാമ്പിൽ സർവെ അടുത്തിടെ ജീവിതനിലവാരത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച പട്ടികയിൽ റായ്ഗഡ ജില്ലയാണു രാജ്യത്തെ ഏറ്റവും പിന്നാക്കമായ പ്രദേശം.വികസനം എത്തിനോക്കാത്ത 20 ജില്ലകളിൽ ആറും ഒറീസയിലാണു.അവയെല്ലാം പടിഞ്ഞാറൻ,തെക്കൻ മേഖലയിലാണു.അവിടെയാണു മാവോയിസ്റ്റുകൾ സമാന്തരഭരണകൂടം നടത്തുന്നത്.ജനസംഖ്യയുടെ 24 ശതമാനം വരുന്ന ആദിമജനവിഭാഗങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണു.1936ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോൾ മുതൽ ഇതാണു സ്ഥിതി.ഭൂവിസ്തൃതിയുടെ 28 ശതമാനം മാത്രം വരുന്ന തലസ്ഥാനവും തീരദേശജില്ലകളും കേന്ദ്രീകരിച്ചായിരുന്നു ഇക്കാലമത്രയും വികസനപ്രവർത്തനങ്ങൾ നടന്നതെന്ന ആരോപണം നിലനിൽക്കുന്നുണ്ടു.പടിഞ്ഞാറൻ ഒറീസ്സയിൽ പോഷകാഹാരക്കുറവും അസുഖങ്ങളും മൂലംആയിരത്തിൽ 119 കുട്ടികളാണു മരിക്കുന്നത്.സംസ്ഥാനത്തെ ശരാശരി ശിശുമരണനിരക്ക് ആയിരത്തിനു 65 മാത്രമേ ഉള്ളൂ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയകേസുകളിൽ 70 ശതമാനവും ആദിവാസിമേഖലയിൽ നിന്നാണു.ഭാഷാപരമായ പ്രശ്നങ്ങൾ കൂടി ഈ പിന്നാക്കവസ്ഥയ്ക്ക് കാരണമായിട്ടുണ്ടു എന്നതാണു വിചിത്രമായ വസ്തുത.ഔദ്യോഗിക ഭാഷയായ ഒഡിയയിലാണു വിദ്യാഭ്യാസം.പക്ഷേ തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത് സാംബൽപൂരിയിലും അസംഖ്യം ആദിവാസിഭാഷകളിലുമാണു.സ്വന്തം മണ്ണിൽ, ഈ പട്ടിണിപ്പവങ്ങൾക്ക് അവർക്ക് പരിചയമില്ലാത്ത ഭാഷയിൽ പഠിക്കാൻ എങ്ങനെ കഴിയും?
ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും വരുമാനമാർഗ്ഗം ഇല്ലാത്തവർ അധിവസിക്കുന്ന ഈ മേഖലയിൽ നിന്ന് സർക്കാരും സ്വകാ‍ര്യസ്ഥാപനങ്ങളും കോടികണക്കിനു രൂപയുടെ പ്രകൃതിവിഭവങ്ങളാണു കടത്തുന്നത്.ഇവിടുത്തെ കൽക്കരിഖനികൾ അക്ഷയഖനികളാണു.പക്ഷേ, ഖനിവ്യവസായം കൊണ്ടു തദ്ദേശീയർക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല.കടുത്ത അന്തരീക്ഷമലിനീകരണത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ അവ സൃഷ്ടിക്കുന്നുണ്ടു താനും. ഈ ജില്ലകളിൽ പ്രാഥമികാ‍രോഗ്യകേന്ദ്രങ്ങളോ അടിസ്ഥാനസൌകര്യങ്ങളോ ഇല്ല.പക്ഷേ ഇവിടെ സ്വകാര്യപങ്കാളിത്തത്തോടെ മൂന്ന് മെഡിക്കൽ കോളേജുകൾ തുടങ്ങാനാണു തീരുമാനം.

ഭുവനേശ്വറിൽ മാത്രം കേന്ദ്രീകരിച്ചുള്ള വികസനപ്രവർത്തനങ്ങളുടെ ആഴം അറിയണമെങ്കിൽ ഇനി പറയുന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ടു.കേന്ദ്രസർക്കാർ ഈയിടെ അനുവദിച്ച കേന്ദ്ര സർവ്വകലാശാല ഒഴികെയുള്ള സർവ്വ സ്ഥാപനങ്ങളും തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമാണു തുടങ്ങിയത്.ഇതിൽ ആൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസൻസ്,ഐ.ഐ.ടി,നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എജ്ജൂക്കേഷൻ ആന്റ് റിസർച്ച്,ഐ.ഐ.ഐ.ടി തുടങ്ങിയ 24 പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടും.തലസ്ഥാനത്ത് നിന്നും കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനടുത്താണു 6000 ഏക്കറിലായി വേൾഡ് ക്ലാസ് യൂണിവേഴ്സിറ്റി ഉയർന്നു വരുന്നത്.കൽക്കരിഖനി വ്യവസായത്തിലെ ഭീമരായ വേദാന്ത ഇൻഡസ്ട്രീസ് ഇതിനായി മുടക്കുന്നത് 1500 കോടി രൂ‍പയാണു.
ഇങ്ങനെ ഭുവനേശ്വറിന്റേയും സമീപപ്രദേശങ്ങലുടേയും മുഖച്ഛായ മാറ്റിയെഴുതിയ മുഖ്യമന്ത്രി നവീൻ പട്ട്നായിക്കിനു ആരോ ഇട്ട വിളിപ്പേർ നന്നെ ഇഷ്ടപ്പെട്ടു;മേയർ ഓഫ് ഭുവനേശ്വർ!
ഇപ്പോഴും അദ്ദേഹത്തിനു മാതൃഭാഷ നന്നായി വഴങ്ങുന്നില്ല.ഇംഗ്ലീഷാണു വ്യവഹാരഭാഷയെങ്കിലും ഒറീസക്കാർ ബിജുദായുടെ മകനെ വല്ലാതെ ഇഷ്ടപ്പെടുന്നു.സംശുദ്ധമായ പൊതുജീവിതത്തിനും ലളിതജീവിതത്തിനുമുള്ള ജനകീയാംഗീകാരമാണിത്.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ