Friday, 26 February 2010

പ്രിയൻ പറഞ്ഞ കഥ




പ്രിയനന്ദനൻ



ദേശീയപുരസ്കാരങ്ങൾ നേടിയ രണ്ടു രാഷ്ട്രീയസിനിമകൾക്കു ശേഷം പ്രിയനന്ദനൻ സംവിധാനം ചെയ്ത “സൂഫി പറഞ്ഞ കഥ” വ്യത്യസ്തമാനങ്ങളുള്ള ഒരു സാമൂഹികചിത്രമാണു. സ്ത്രീകേന്ദ്രീകൃതമായ പുതുമയാർന്ന ഒരു ചലച്ചിത്രാനുഭവം.ആദ്യന്തം ഒഴുക്കുള്ള ശൈലിയിൽ അതിലളിതമായ ആഖ്യാനം.പക്ഷേ,കെ.പി.രാമനുണ്ണിയുടെ പ്രശസ്തമായ നോവൽ അധികാരവും മതവും,മതപരിവർത്തനവും ആഹ്മീയതയും കാമവും ദിവ്യത്വവും പ്രതികാരവുമൊക്കെ കെട്ടുപിണഞ്ഞുകിടകുന്ന സങ്കീർണ്ണമായ ഒരു ഭൂമികയിലാണു നിലകൊള്ളുന്നത്.രാമനുണ്ണി തന്നെ എഴുതിയ അതിന്റെ തിരക്കഥയ്ക്കും അതിനു പ്രിയനന്ദനൻ നൽകിയ ദൃശ്യവ്യാഖ്യാനത്തിനും,പക്ഷേ,ഫ്രെയിമിന്റെ സ്വാഭാവികമായ പരിമിതികളുണ്ടു.

അനുവാചകനിലൂടെ അനുദിനം വളരുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നവയാണു പുരാവൃത്തങ്ങൾ അഥവാ മിത്തുകൾ.അങ്ങനെയുള്ളൊരു മിത്തിനെ ആസ്പദമാക്കി രചിച്ച നോവലിലെ കഥാപാത്രങ്ങൾ ഓരോ വായനക്കാരനിലും വായനക്കാരിയിലും പിന്നെയും രൂപപരിണാമത്തിനു അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കും.വ്യത്യസ്തമായ ഓർമ്മകളിലൂടെ,സഞ്ചിതസ്മരണകളിലൂടെ വ്യതിരിക്ത അസ്തിത്വങ്ങളായി അവർ വായനക്കാരുടെ മനസിൽ പിറവിയെടുക്കുന്നു.ഇവിടേയ്ക്കാണു നിയതമായ രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾ സ്ക്രീനിന്റെ ദൃശ്യപരിധിക്കുള്ളിൽ മിന്നിമറയുന്നത്.അവ മിക്കപ്പോഴും അനുവാചകന്റെ ഭാവനയുമായി ചേർന്നുപോകുന്നതായിരിക്കുകയില്ല.എന്റെ സീതയല്ല,നിങ്ങളുടെ സീത.സുഗതകുമാരിയുടെ കൃഷ്ണനല്ല മാധവിക്കുട്ടിയുടെ കൃഷ്ണൻ.അതുകൊണ്ടായിരിക്കാം ഖസാക്കിന്റെ ഇഹിഹാസത്തിലെ രവിയേയും ,മയ്യഴിപുഴയിലെ ദാസനേയും അഭ്രപാളിയിലേക്ക് പകർത്താൻ ആർക്കും ധൈര്യമില്ലാതെപോയത്.


1850തിനു ശേഷമുള്ള മലബാറാണു കഥാപരിസരമെങ്കിലും ഏതു കാലത്തും പ്രസക്തമായതാണു പ്രമേയം. നാട്ടിലെ അധികാരിയായ മേലെ പുല്ലാരത്ത് ശങ്കുണ്ണിമേനോന്റെ(തമ്പി ആന്റണി) അനന്തരവളായ കാ‍ർത്തി ജനിച്ചത് തന്നെ വിചിത്രമായ ഗ്രഹനിലയുമായിട്ടാണെന്ന സൂചനയിൽതന്നെ എല്ലാം അടങ്ങിയിരിക്കുന്നു.മദിപ്പിക്കുന്ന സൌന്ദര്യമുള്ള അവൾ ചരക്കെടുക്കാൻ വന്ന പൊന്നാനിക്കാരൻ മാമുട്ടിയെ കാമിക്കുകയും പ്രേമിക്കുകയും അയാളെ അടിമയാക്കുകയും ചെയ്യുന്നു.ആസക്തികളും കാമനകളും ആത്മീയതയും ഇഴചേർന്ന ജീവിതത്തിൽ അവൾ പിന്നെ സർവ്വശക്തയായ മുസ്ലീം വനിതയായ സുഹറയായി.അവൾക്ക് ഓർമ്മിക്കാൻ തറവാട്ടിൽ കാളീക്ഷേത്രം പണിതുനൽകിയ മാമൂട്ടി അവസാനം യാഥാസ്ഥിതികരുടെ കൊലക്കത്തിക്കിരയാകുന്നു.അയാളുടെ ഘാതകരെ ഓരോരുത്തരെയായി പ്രലോഭിപ്പിച്ച് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതികാരം ചെയ്ത് ,ശക്തിസ്വരൂപിണിയായ ബീവിയായി ദിവ്യത്വത്തിലേക്ക് വിലയം പ്രാപിക്കുകയാണു സുഹറ.
ഹിന്ദുക്കളും മുസ്ലിങ്ങളും കടൽക്കരയിലെ ബീവിയുടെ ദർഹയിൽ അരാധനയ്ക്കെത്തുന്ന ദൃശ്യത്തിൽ നിന്ന് തുടങ്ങി ബീവിയെന്ന പുരാവൃത്തത്തിലേക്കുള്ള കാർത്തിയുടെ പരിണാമത്തിന്റെ കഥ പറയുകയാണു ചിത്രം.”കഥ കേൾക്കാത്തവർ കഥയില്ലാത്തവരായി മാറും” എന്ന പഴമൊഴിയിൽ കഥ അവസാനിക്കുന്നു.പക്ഷേ, അത് ഒട്ടേറെ തുളയ്ക്കുന്ന ചോദ്യങ്ങൾ ബാക്കി വെയ്ക്കുന്നു.


കേരളത്തിലെ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സാംസ്കാരികപൈതൃകങ്ങൾ ഒന്നുതന്നെയാണെന്ന് ചിത്രം അടിവരയിടുന്നു. ഉടുപ്പഴിച്ചുമാറ്റും പോലെ അനായാസം മതം മാറാമെന്നും കാമത്തിനും ആത്മീയാംശമുണ്ടെന്നും മറ്റുമുള്ള വലിയപാഠങ്ങൾ ഇത് പകർന്നു നൽകുന്നുണ്ട്.ഒരു ഘട്ടത്തിൽ, ഹൈന്ദവ ആത്മാവ് ആവേശിക്കുന്ന അറവു മുസലിയാർ(ജഗതി) എന്ന ദന്ദ്വവ്യക്തിത്വമുള്ള കഥാപാത്രവും മതവൈരത്തിന്റെ അർഥശൂന്യതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
പക്ഷേ, അതിതീവ്രമായ ആഖ്യാനസദ്ധ്യതകളുള്ള ഒട്ടേറെ സന്ദർഭങ്ങൾ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്ന പോരായ്മയുണ്ടു. മതം മാറ്റം,ക്ഷേത്രനിർമ്മണം,സുഹറയുടെ പ്രതികാരം തുടങ്ങിയ കഥാസന്ദർഭങ്ങളുടെ ദൃശ്യാഖ്യാനങ്ങൾക്ക് ചാരുത പോര.കാർത്തിയായി വേഷമിടുന്ന ശർബാനി മുഖർജിയുടെ പ്രായം കഥാപാത്രത്തിനു ചേർന്നതല്ല.പല ആംഗിളുകളിലും ജയഭാരതിയെ അനുസ്മരിപ്പിക്കുന്ന ആകാരമുള്ള അവർ,പക്ഷേ,തന്റെ ഭാഗം മനോഹരമാക്കിയിരിക്കുന്നു.പ്രത്യേകിച്ച്, കാമവും ഭ്രമകൽ‌പ്പനകളും നൃത്തമാടുന്ന നിമിഷങ്ങളിൽ.നിർമ്മാതാവായ പുതുമുഖം പ്രകാശ് ബാരെയാണു നായകൻ. സിനിമയിൽ ഇദ്ദേഹത്തിനു ഭാവിയുണ്ടു.

റഫീക്ക് അഹമ്മദ് എഴുതി മോഹൻ സിത്താര സംഗീതം കൊടുത്ത അതിമനോഹരമായ രണ്ടു പാട്ടുകളുണ്ടു സൂഫി പറഞ്ഞ കഥയിൽ.ഭാവതീവ്രമായി ചിത്രയും കൂട്ടരും അവ ആലപിച്ചിരിക്കുന്നു.
സാഹിത്യത്തിൽ നിന്നുള്ള അനുവർത്തനങ്ങൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയെ സമ്പന്നമാക്കുന്നു എന്ന ശുഭവാർത്തയും സൂഫി പറഞ്ഞകഥ പ്രേക്ഷകർക്ക് നൽകുന്നുണ്ടു.ടി.പി.രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥയിലൂടെ രൺജിത്ത് നമ്മെ പ്രതീക്ഷാനിർഭരരാക്കിയപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളെ ആസ്പദമാക്കി എം.പി.സുകുമാരൻ നായർ എടുത്ത രാമാനം ഒരു അതിക്രമമായി നമ്മെ ക്ഷോഭിപ്പിച്ചു.പ്രിയനന്ദനനാകട്ടെ കെ.പി.രാമനുണ്ണിയുടെ നോവലിനു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ദൃശ്യാവിഷ്കാരം തന്നെ നൽകിയിരിക്കുന്നു.
തന്റെ മുൻ ചിത്രങ്ങളുടെ ആഖ്യാനശൈലിയോ,ഒരു വിഭാഗം പ്രേക്ഷകർ പുരസ്കാരജേതാക്കളിൽ അടിച്ചേൽ‌പ്പിക്കുന്ന ബുദ്ധിജീവി നാട്യങ്ങളോ ഇല്ലാതെ, അതിസങ്കീർണ്ണമായൊരു കഥ അതീവ ഒതുക്കത്തോടെ ഹൃദ്യമായി ആവിഷ്കരിച്ചു എന്നതാണു സൂഫി പറഞ്ഞ കഥയിൽ പ്രിയനന്ദനന്റെ കയ്യൊപ്പ്.കഥയില്ലായ്മകൾക്കിടയിൽ ഇതാ,നായിക നിറഞ്ഞു നിൽക്കുന്ന അതിശക്തമാ‍യൊരു കഥ,അഭ്രപാളികളിൽ.

Tuesday, 23 February 2010

ആ കത്തുകള്‍ മരിക്കുന്നില്ല...

ഴിഞ്ഞ 18 വര്‍ഷമായി റേഡിയോനിലയത്തിലെ എന്റെ ദിനചര്യയിലെ മുടക്കമില്ലാത്ത ആദ്യ ഇനങ്ങളിലൊന്നാണു ശ്രോതാക്കളുടെ കത്തുകള്‍ വായിക്കുക എന്നത്.മിക്ക കത്തുകളും കാര്‍ഡിലാണു വരുന്നത്.ഇന്‍ലന്റിലും കവറിലുമുള്ളവ അപൂര്‍വ്വം.പണ്ടൊക്കെ മുന്നൂറും നാനൂറും കത്തുകള്‍ വന്നിരുന്നു.അടുത്തിടെ അത് ചുരുങ്ങി-ചുരുങ്ങി ഇരുപതും പത്തുമൊക്കെയായി.ചിലപ്പോഴെങ്കിലും അവ വിരളിലെണ്ണാവുന്നത് മാത്രമായി.ഇങ്ങനെ പോയല്‍ ഒരൊറ്റ കത്തും ഞങ്ങളെത്തേടിയെത്താത്ത ദിവസം വന്നെത്തുമോ?

-അതും സംഭവിച്ചേക്കാം.കാലം മാറുകയാണു.ചുവരെഴുത്തുകള്‍ ആ സൂചന നല്‍കുന്നുണ്ടു.അടുത്തിടെ രണ്ടു പ്രമുഖപുരസ്കാരജേതാക്കളുടെ സിനിമകള്‍ക്കെങ്കിലും,ചില ഷോയ്ക്ക് ,ഒരൊറ്റ പ്രേക്ഷകന്‍ പോലും തീയറ്ററിലെത്താത്ത ദാരുണമായ ദുരന്തമുണ്ടായി.
ആശംസാപ്രസംഗകര്‍ മാത്രമടങ്ങിയ പുസ്തകപ്രകാശന ചടങ്ങുകള്‍‍ക്ക് ഞാന്‍ പലവട്ടം സാക്ഷിയാകേണ്ടിവന്നിട്ടുണ്ടു.കര്‍ണ്ണാടകസംഗീതാ‍സ്വാദകര്‍ ധാരാളമുള്ളതായി പറയപ്പെടുന്ന തൃപ്പൂണിത്തുറയിലെ കളിക്കോട്ടപാലസില്‍ ഒരു പ്രമുഖസംഗീതജ്ഞന്റെ കച്ചേരി കേള്‍ക്കാനെത്തിയത് വെറും എട്ടുപേരായിരുന്നു.എറണാകുളം ടൌണ്‍ ഹാളില്‍ അടുത്തിടെ ആനന്ദിനേയും എന്‍.എസ് മാധവനേയും ശ്രവിക്കാനെത്തിയ അതിശുഷ്കമായ സദസിനെക്കുറിച്ച് എം.വി.ബന്നി ആകുലപ്പെട്ടത് കൌതുകത്തോടെ വായിച്ചു.പത്തു പേരെങ്കിലും വന്നുവല്ലോ.മഹാഭാഗ്യം!താരനിബിഡമായ മെഗാഷോകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇതൊക്കെ ആര്‍ക്കുവേണം?

അഭിരുചികള്‍ മാറുകയാണു.ത്രീ-ജിയും ഈ-മെയിലും എസ്.എം.എസുമുള്ളപ്പോള്‍ ആരെങ്കിലും തപാല്‍ ഓഫീസില്‍ പോയി പോസ്റ്റ് കാര്‍ഡ് വാങ്ങി റേഡിയോ നിലയത്തിലേക്ക് കത്തെഴുതുമോ?

-എഴുതും എന്നാ‍ണു ഉത്തരം.ചിലര്‍ക്കെങ്കിലും ഇന്നും അതൊരു സംസ്കാരത്തിന്റെ, ജീവിതചര്യയുടെ ഭാഗമാണു .അവരില്‍ നല്ലൊരു ശതമാനം പേരും സമൂഹത്തിന്റെ താഴ്ന്ന ശ്രേണിയിലുള്ളവരാണു.കൂലിപ്പണിക്കാര്‍, മീന്‍ കച്ചവടക്കാര്‍,തയ്യല്‍ക്കാര്‍,സ്വര്‍ണ്ണപ്പണിക്കാര്‍,കടകളില്‍ നില്‍ക്കുന്നവര്‍,വീട്ടുവേലക്കാര്‍,അന്ധര്‍,വൃദ്ധർ എന്നിങ്ങനെ സമൂഹത്തില്‍ അധികാരമോ പദവിയോ സമ്പത്തോ ഒന്നുമില്ലാത്ത സാധാരണക്കാര്‍.പിന്നെ, സർവ്വീസിൽ നിന്ന് വിരമിച്ചവർ...അവരുടെ ഉറ്റ സുഹൃത്തും വഴികാട്ടിയുമെല്ലാം റേഡിയോയാണു.അവര്‍ തങ്ങളുടെ കൊച്ചു-കൊച്ചു സന്തോഷങ്ങളും ആകുലതകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ റേഡിയോ നിലയത്തിലേക്ക് മുടങ്ങാതെ കത്തുകളെഴുതുന്നു.പുറം ലോകവുമായി,സമൂഹവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരേയൊരു കണ്ണിയാണു റേഡിയോ.ശരിക്ക് വഴങ്ങാത്ത അക്ഷരങ്ങളിലൂടെ അവര്‍ സ്വയം ആവിഷ്ക്കരിക്കുകയാണു.

സമ്പൂര്‍ന്ന സാക്ഷരതായജ്ഞത്തിലൂടെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വന്നവരുടെ തുടര്‍വിദ്യാഭ്യാസവും സ്വയം പഠനവും കൂടിയാണു ഈ കത്തെഴുത്ത് എന്ന് അറിയുമ്പോഴേ ഇതിന്റെ സാമൂഹികമാനങ്ങള്‍ വ്യക്തമാകൂ.ഈ സാധുക്കള്‍ക്ക് സധൈര്യം ആശയപ്രകാശനം നടത്താന്‍ പിന്നെ ഏതു മാദ്ധ്യമമാണുള്ളത്?അവര്‍ പത്രങ്ങളിലേക്കോ മാസികകളിലേക്കോ ചാനലുകളിലേക്കോ എഴുതാന്‍ തുനിയുകയില്ല.അതൊക്കെയും അവര്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലുള്ളവയാണെന്ന് അവര്‍ വിശ്വസിക്കുന്നു.അവരുടെ സന്ധ്യകളെ ടെലിവിഷന്‍ ചാനലുകള്‍ കൈയ്യടക്കിവെച്ചിട്ടുണ്ടാകാം.പക്ഷേ,അവരാരും ആ ചാനലുകളിലേക്ക് എസ്.എം.എസ് അയയ്ക്കുകയില്ല.ഫോണ്‍ ചെയ്യുക പോലുമില്ല.എന്തുകൊണ്ടെന്നാല്‍, അവ തങ്ങളുടെയൊക്കെ പരിധിക്കും അപ്പുറത്താണെന്ന് അവര്‍ കരുതുന്നു.‘ഇത് എന്റേതാണു’ എന്ന ബോധം-SENSE OF BELONGNESS-ഉണ്ടാക്കാന്‍ ഈ നവമാദ്ധ്യമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.അടുത്തിടെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ ടി.എന്‍.ഗോപകുമാര്‍ സ്വാനുഭവങ്ങളെ മുന്നിര്‍ത്തി ഇത് പറയുകയുണ്ടായി.ഇന്നും ഒരോ നിലയത്തിലും ശ്രോതാക്കള്‍ ഹൃദയത്തിലേറ്റി നടക്കുന്ന റേഡിയോ അവതാരകര്‍ ധാരാളമുണ്ടു.അവര്‍ ഉണ്ടാക്കിയ ജനസ്വാധീനം മറ്റൊരു മാദ്ധ്യമത്തിലേയും ഒരു അവതാരകനോ അവതാരികക്കോ ഇന്നേവരെ ഉണ്ടാക്കാനായിട്ടില്ല.അതിനു ഇനിയും കഴിയുമെന്നു തോന്നുന്നില്ല.മോഹന്‍ലാലിനേയൊ മമ്മൂട്ടിയേയോ വെല്ലുന്ന താരമൂല്യമുള്ള ഗള്‍ഫിലെ ഒരു റേഡിയോ ജോക്കിയെപറ്റി അടുത്തിടെ അവിടത്തെ ഏഷ്യാനെറ്റ് റേഡിയോയിലെ വാര്‍ത്താവിഭാഗം തലവനും കവിയുമായ കുഴൂര്‍ വിത്സണ്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണു.
എവിടെയും ജനങ്ങളുടെ ഹൃദയത്തോടടുത്ത് നില്‍ക്കുന്ന മാദ്ധ്യമം റേഡിയോ തന്നെ. പക്ഷേ, പുതുകാലത്തിന്റെ മാദ്ധ്യമമായി അത് എഫ്.എമ്മില്‍ പുനരവതാരം നടത്തിയപ്പോള്‍ അതിന്റെ രൂപവും ഭാവവും അപ്പാടെ മാ‍റി.മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും അടിപൊളി ചെത്ത് പാട്ടുകളും കൊച്ചുവര്‍ത്തമാനങ്ങളും വിറ്റുകളും കൊഞ്ചലുകളും കേള്‍പ്പിക്കുന്ന പുതിയ റേഡിയോ മറ്റൊരു മാദ്ധ്യമമാണു.അതിനു പഴയ മീഡിയം വേവ് റേഡിയോയുടെ,ആ പഴഞ്ചന്‍ പാട്ടുപെട്ടിയുടെ വിദൂര പ്രതിച്ഛായ പോലുമില്ല.അത് ചാനലുകളുമായി മത്സരിക്കുന്ന ഒരു കമേഴ്സ്യല്‍ എന്റെര്‍ടൈനെറാണു.അവിടേയ്ക്ക് മങ്ങിയ നിറമുള്ള,പോയകാലത്തിന്റെ തത്സ്വരൂപമായ തപാല്‍ കാര്‍ഡില്‍ എഴുതുന്ന ഈ കത്തുകള്‍‍ക്ക് എന്തു പ്രസക്തി?
-നോക്കുക;ഇതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാംസ്കാരിക ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന്!നഗരത്തിലെ തിരക്കിനിടയിലൂടെ പഴയൊരു കാലന്‍ കുട നിവര്‍ത്തിപ്പിടിച്ച് നടക്കുന്നയാള്‍ ഒരിക്കലും ഒരു ഐ.ടി.പ്രൊഫഷണലോ ബ്യൂറോക്രാറ്റോ ആകുകയില്ലല്ലോ.അവരുടെ വ്യവഹാര ചിഹ്നങ്ങള്‍ വ്യത്യസ്തമാണു.അതേ പോലെയാണു മീഡിയം വേവ് റേഡിയോ സ്റ്റേഷനു കത്തയക്കുന്നവരും എഫ്.എമ്മിനു എസ്.എം.എസോ മെയിലോ അയക്കുന്നവരും തമ്മിലുള്ള വ്യത്യാസം.അവര്‍ വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിലുള്ളവരാണു.അവരുടെ മാദ്ധ്യമവ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളാണു.തപാലില്‍ കത്തയക്കുന്നവരുടെ സാമൂഹിക ഇടപെടലുകള്‍ തുലോം പരിമിതമാണു.അവര്‍ ലോകത്തോടു സംസാരിക്കുന്നത് ഈ കാര്‍ഡുകളിലൂടെയാണു. അതിലൂടെ മാത്രമാണു.

മറ്റുള്ളവര്‍ മാദ്ധ്യമപ്രളയത്തിനു നടുവില്‍ ജീവിക്കുന്നവരാണു.ഒരു നിമിഷാര്‍ദ്ധം കൊണ്ടു അവരുടെ ശബ്ദം ലോകമെമ്പാടുമെത്തും.തത്സമയചര്‍ച്ചകളിലൂടെ,അവയിലേക്ക് പ്രവഹിക്കുന്ന ഈ- മെയിലുകളിലൂടെ,പത്രമാദ്ധ്യമങ്ങള്‍ക്കും അധികാരകേന്ദ്രങ്ങള്‍ക്കും നിരന്തരം അയക്കുന്ന സന്ദേശങ്ങളിലൂടെ അവര്‍ തങ്ങളെതന്നെ സ്ഥാപിച്ചെടുക്കും.മാദ്ധ്യമങ്ങളുടെ വാ‍ര്‍ത്താവ്യവഹാരങ്ങളെ തന്നെ മാറ്റിമറിക്കും.തീരുമാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെഴുതിക്കും.അവര്‍ക്കെന്തിനു ഈ പഴയ തപാലിനെ ആശ്രയിക്കണം?

തപാല്‍ ഓഫീസുകള്‍ പോലും ഇന്ന് ഇടത്തരക്കാര്‍ മുതല്‍ മുകളിലുള്ളവരുടെ നിത്യജീവിതത്തില്‍ വരുന്ന സാമൂഹിക സ്ഥാപനമല്ല.പഞ്ചായത്ത് ഓഫീസുകര്‍ വരെ മാദ്ധ്യമങ്ങള്‍ക്ക് അറിയിപ്പുകളയക്കാന്‍ കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുമ്പോള്‍,ലോകത്തെ ഏറ്റവും വിപുലവും കാര്യക്ഷമവുമായ തപാല്‍ ശൃംഖല ഊര്‍ദ്ധശ്വാസം വലിക്കാതെന്തു ചെയ്യും?പുതു തലമുറയ്ക്ക് തപാലിനെ തീരെ പരിചയമില്ല.അവർ ഒരു പോസ്റ്റോഫീസിൽ പോയിട്ടുപോലുമുണ്ടാകില്ല.അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതും ഒട്ടും കാര്യക്ഷമവും വിശ്വസനീയവുമല്ലാത്തതുമായ സ്വകാര്യകൊറിയറാണു ഇന്നിന്റെ ഫാഷന്‍.

പോസ്റ്റ്മാന്‍ പണ്ടു പ്രതീക്ഷയുടെ പ്രതിപുരുഷനായിരുന്നു.സന്തോഷവും സന്താപവും കൊണ്ടുവരുന്ന നല്ല ശമരിയാക്കാരനായിരുന്നു.ആരും കത്തയക്കാനില്ലെങ്കിലും എവിടുന്നോ ഒരു സന്തോഷവാര്‍ത്തയുമായി ഒരു നാള്‍ ഒരു തപാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ നിത്യവും പോസ്റ്റ്മാന്റെ ബെല്ലടിക്ക് കതോര്‍ത്തിരുന്നവരുടെ നടാണിത്.

ഇന്ന് പ്രതാപങ്ങളെല്ലാം അസ്തമിച്ച്,അനാഥവും ‍‍ ഏകാന്തവുമായ വാര്‍ദ്ധക്യം തള്ളിനീക്കുന്നവരെ അനുസ്മരിപ്പിക്കുന്നു,നമ്മുടെ തപാല്‍ ഓഫീസുകളും തപാല്‍ക്കാരും.പോസ്റ്റോഫീസുകളില്‍ മിക്കദിവസങ്ങളിലും സ്റ്റാമ്പില്ല;കവറില്ല;ഇന്‍ലന്റും കാര്‍ഡുമില്ല. ആകാശവാണിക്ക് കത്തെഴുതാനുള്ള കാര്‍ഡും തേടി പോസ്റ്റ് ഓഫീസുകള്‍ കയറി ഇറങ്ങിയ ഒരു ശ്രോതാവിന്റെ കത്ത് വന്നിരുന്നു.കാര്‍ഡിനു എവിടെയും കടുത്ത ക്ഷാമമാണത്രേ.

റേഡിയോ നിലയത്തിലേക്കല്ലാതെ ഇക്കാലത്ത് ആരു കാര്‍ഡില്‍ കത്തയക്കും?നമുക്കിടയിലിപ്പോൾ വൈക്കം മുഹമ്മദ് ബഷീറോ കുഞ്ഞുണ്ണിമാഷോ ഇല്ലല്ലോ?ഇൻലന്റ് മാസികകളും കാർഡിൽ പോലും അച്ചടിച്ചിരുന്ന കുഞ്ഞുമാസികകളും അന്യം നിന്നുപോയല്ലോ.
സ്പീഡ്പോസ്റ്റും ഈ-മെയിലുമൊക്കെയുള്ളപ്പോൾ എന്തിനാണു ഇനിയും ഈ പഴയ തപാല്‍ കാര്‍ഡ് എന്ന് ചോദിക്കുന്നവരുണ്ടാകും.ബുള്ളറ്റ് ട്രെയിനും ഫ്ലൈറ്റുമുള്ളപ്പോല്‍ നിങ്ങളെന്തിനാണു സൈക്കിളില്‍ സഞ്ചരിക്കുന്നത് എന്നു ചോദിക്കും പോലെയാണത്.അല്ലെങ്കില്‍,മൂന്നു നേരവും ചിക്കന്‍ഫ്രൈയും ബിരിയാണിയും കിട്ടുമ്പോള്‍ നിങ്ങളെന്തിനു കഞ്ഞി അന്വേഷിക്കുന്നു എന്നു ചോദിക്കും പോലെയാണത്.

അവരോടായി പറയട്ടെ- തന്റെ പ്രാകൃതമായ ഭാഷയില്‍ ,അക്ഷരത്തെറ്റോടെ റേഡിയോ നിലയത്തിനു ആഴ്ചതോറും കാര്‍ഡില്‍ കത്തയക്കുന്ന ഒരാള്‍ ചെയ്യുന്നത് ജനാധിപത്യപ്രക്രിയയില്‍ സക്രിയമായി ഇടപെടുക എന്ന മഹദ്കര്‍മ്മമാണു.ആ കത്തുകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഒരു വലിയവിഭാഗം ജനങ്ങളുടെ ഹൃദയത്തുടിപ്പുകളാണു.അവരുടെ നിസ്വനങ്ങളാണവ.
ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു,മനസില്‍ നിന്ന് ഒരിക്കലും മായാത്ത ആ രണ്ടു കത്തുകള്‍.
പാലക്കാട്ടെ ചിറ്റൂരിലെ വൈദ്യുതി എത്താത്ത ഒരു വിദൂര‍ ഗ്രാമത്തില്‍ നിന്ന് പത്ത് വര്‍ഷം മുന്‍പ് കൊച്ചി നിലയത്തിലേക്ക് ഒരു അമ്മ എഴുതി;ഇത് ഒരു അപേക്ഷയാണു.കഴിഞ്ഞ ദിവസം രാത്രി 10 മണിമുതല്‍ 11 മണിവരെ വെച്ചതു പോലുള്ള യക്ഷികളുടേയും പ്രേതങ്ങളുടേയുംഗാനങ്ങള്‍ ഇനിയും പ്രക്ഷേപണം ചെയ്യരുതേ.നെല്‍പ്പാടങ്ങള്‍ക്ക് നടുവിലുള്ള വീട്ടില്‍ ഞാനും മകളും മാത്രമേയുള്ളൂ താമസം.ചീവീടുകളുടെ ശബ്ദവും ഈ ഭീകരഗാനങ്ങളും കാരണം ഉറങ്ങാനേ കഴിഞ്ഞില്ല.....ഇപ്പോഴും പേടിയാണു.

മറ്റൊരു വീട്ടമ്മ എഴുതി;എന്റെ കുഞ്ഞുംനാളില്‍ റേഡിയോ കേ‍ട്ട് അമ്മ എനിക്കു പാടിത്തന്ന ഒരു താരാട്ടുപാട്ടുണ്ടു...എന്റെ മകനെ ആ പാട്ട്പാടിക്കേള്‍പ്പിച്ചാണു ഞാനുറക്കിയിരുന്നത്...അവന്‍ പോയി.ഒറ്റ മകനായിരുന്നു.ആ പാട്ട് ഇടയ്ക്കിടെ റേഡിയോയില്‍ കേള്‍‍ക്കുമ്പോഴൊക്കെ അവനെന്ത് സന്തോഷമായിരുന്നെന്നോ!അവന്റെ ഓര്‍മ്മയ്ക്കായി അവന്റെ പിറന്നാളിനു ആ താരാട്ടു പാട്ട് ഒരിക്കല്‍ കൂടി കേള്‍‍പ്പിക്കുമോ?

Tuesday, 16 February 2010

ആ വേരുകളില്‍ മൂന്നാറിന്റെ ജീവജലം

രാഴ്ച മുന്‍പ് മൂന്നാറിലായിരുന്നു.
മൂന്നു വര്‍ഷത്തിനു ശേഷം ദേവികുളം ആകാശവാണിയിലെത്തിയപ്പോള്‍ അവിടുത്തെ ഓറഞ്ചുമരങ്ങളില്‍ കായ് പിടിച്ചുതുടങ്ങിയിരുന്നു.ഏഴു വര്‍ഷം മുന്‍പ് തൊട്ടടുത്ത തമിഴ്നാട്ടിലെ തേനിയില്‍ ഏക്കറുകണക്കിനു ഓറഞ്ചുതോട്ടമുള്ള അയ്യപ്പസ്വാമി എന്ന അന്നത്തെ അസിസ്റ്റന്റ് സ്റ്റേഷന്‍ എഞ്ചിനിയര്‍ മുങ്കൈയ്യെടുത്ത് നട്ടുപിടിപ്പിച്ച നാല്‍പ്പതോളം ഓറഞ്ച്മരങ്ങളില്‍‍ വരുംവര്‍ഷങ്ങളില്‍ നിറയെ ഓറഞ്ച്പിടിക്കും.കാടുവെട്ടിത്തെളിച്ച് ബാക്കിസ്ഥലത്ത് ഇപ്പോള്‍ നട്ട ഓറഞ്ചു മരങ്ങള്‍ കൂടി പൂവിടുമ്പോള്‍ അതൊരു അപൂര്‍വ്വ ദൃശ്യമായിരിക്കും.
ഓറഞ്ചുതോട്ടത്തില്‍ തലയുയര്‍ത്തി മറ്റൊരു അപൂര്‍വ്വ മരം നില്‍ക്കുന്നുണ്ടു-ആപ്പിള്‍.അത് കായ്ക്കാറായിവരുന്നതേയുള്ളൂ.
2001-2003കാലത്തെ ദേവികുളം വാസത്തിനിടയില്‍ ശീതകാലപച്ചക്കറികൃഷിയുടെ കേരളത്തിലെ ഒരേയൊരു കേന്ദ്രമായ വട്ടവടയില്‍ പോയപ്പോഴായിരുന്നു ആദ്യമാ‍യി ആപ്പിള്‍ മരം നേരില്‍ കണ്ടത്.അവിടെ നൂറുകണക്കിനു ആപ്പിള്‍ മരങ്ങളുണ്ടു.ആ ആപ്പിളുകള്‍ കയറ്റിപ്പോകുന്നത് തമിഴ്നാട്ടിലെ ചന്തകളിലേക്കാണു.
സ്റ്റ്രൊബറി,പ്ലംസ്,കാരറ്റ്,കോളിഫ്ലവര്‍,കാബേജ്.....പക്ഷേ,കോവര്‍കഴുതകള്‍ നിറഞ്ഞ തെരുവുകളുള്ള വട്ടവടയിലെ മുഖ്യകൃഷി വെളുത്തുള്ളിയാണു. അവിടെ നിന്നു കൊണ്ടുവന്നു നട്ടതായിരുന്നു ഈ ആപ്പിള്‍മരം.വട്ടവടയില്‍ നിന്ന് പിന്നെയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേവികുളത്തെ മലനിരകളിലും ആപ്പിള്‍ വളരും എന്ന് ഇപ്പോള്‍ ഉറപ്പായി.തെയിലയ്ക്കും ഓറഞ്ചിനുമൊപ്പം ഇനി ഈ സഹ്യസാനുക്കളില്‍ ആപ്പിളും സഞ്ചാരികളെ മാടിവിളിക്കുമായിരിക്കും.

പക്ഷേ, എനിക്ക് പ്രതീക്ഷയില്ല.അതിനു കാരണമുണ്ടു.
സന്ധ്യക്ക് ദേവികുളത്തെ ഒരു റിസോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ബാഗില്‍ നിന്നെടുത്ത സ്വെറ്ററും മഫ്ലറും കൈയ്യില്‍തന്നെ വെയ്ക്കേണ്ടിവന്നു.പിന്നെ, അത് മടക്കി തിരികെവെച്ചു.ചെറിയൊരു തണുപ്പുണ്ടു.ശീതക്കാറ്റില്ല.മൂടല്‍മഞ്ഞില്ല.മരംകോച്ചുന്ന തണുപ്പില്‍ ചൂടുവസ്ത്രങ്ങള്‍ക്കുള്ളില്‍ കയറിപറ്റിയാലും മൂക്കും ചെവിയുമൊക്കെ തണുത്ത് ഐസ് പൊലെയാകുന്ന ഈ സമയത്ത് ഒരു ഷാള്‍ പോലും പുതയ്ക്കാതെ എങ്ങനെ നില്‍ക്കാന്‍ പറ്റുന്നു?സമുദ്രനിരപ്പില്‍ നിന്ന് 8000ത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുന്നാറില്‍ അന്തരീക്ഷോഷ്മാവ് പൂജ്യത്തിനും താഴെ വരുന്ന സമയമാണിത്.ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ പലദിവസങ്ങളിലും മൂന്നാറിലും ദേവികുളത്തും കൊടുംതണുപ്പാണു.അതിശൈത്യം കാരണം തെയിലചെടികള്‍ക്ക് പോലും നാശം നേരിടാറുണ്ടു.രാത്രികാലങ്ങളില്‍ താപനില പൂജ്യത്തിനും താഴെ മൂന്നും നാലും വരെ രേഖപ്പെടുത്തിയ ചരിത്രമുണ്ടു.ആ ദിവസങ്ങളില്‍ വൈകിട്ടോടെ മൂന്നാറിലെ തെരുവുകള്‍ ശൂന്യമാകും.സഞ്ചാരികള്‍ മുറികള്‍ക്കകത്ത് ഹീറ്ററുകള്‍ ഓണ്‍ചെയ്യും.കമ്പളികളില്‍ ചുരുണ്ടുകൂടും.

പുറത്ത്, സ്വപ്നത്തിലെന്നപോലെ, മഞ്ഞു പാളികളൊരുക്കുന്ന വിസ്മയദൃശ്യങ്ങളാണു. ദേവികുളത്തെ വിന്റര്‍ അതിമനോഹരമാണു.
ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും നല്ല ലൊക്കേഷനിലുള്ള ആകാശവാണി നിലയം ദേവികുളത്തേതായിരിക്കും.തിരുവിതാംകൂര്‍ മഹാരാജാവിന്റെ പഴയ വേനല്‍കാല വസതി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്താണു നിലയം.അപ്പോള്‍ ആ പ്രദേശം അതിമനോജ്ഞമാകാതെ വയ്യല്ലോ.ഈ കുന്നില്‍ നിന്നു നോക്കിയാ‍ല്‍ നോക്കെത്താദൂരം വരെ തെയിലതോട്ടങ്ങളാണു‍.പിന്നെ, ആകാശം മുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍‍.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണു മുന്നില്‍.കുരിശുമല എന്നാണു നാട്ടുകാര്‍ അതിനെ വിളിക്കുന്നത്.അതിനുമപ്പുറം
,മേഘങ്ങള്‍ക്കിടയില്‍ കാണുന്നതാണു ആനമുടി.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയാണത്.
-ഈ പര്‍വതശിഖരങ്ങളില്‍ നിന്നു അരുവികളായി പിറവിയെടുത്ത് മൂന്നാറിലൂടെ ഒഴുകുന്ന മൂന്നു ചെറിയ നദികളില്‍ നിന്നാണു മൂന്നാര്‍ എന്ന പേരുണ്ടായത്.പെരിയാറിന്റെ‍ ഉത്ഭവം ഇവിടെ നിന്നാണു.ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാനു ഇവിടത്തെ പശ്ചിമഘട്ടമലനിരകള്‍‍.മനുഷ്യന്റെ നിരന്തരമായുള്ള ഇടപെടലുകളാല്‍ നിലനില്‍പ്പിനു ഭീഷണി നേരിടുന്ന അപകട മേഖല അഥവാ ഹോട്ട്സ്പോട്ടുകളാണു ഇവ.
ഈ മഞ്ഞുകാലത്ത്, മഞ്ഞും കുളിരും മോഹിപ്പിച്ച കഴിഞ്ഞകാലം സ്വപ്നം കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു-മൂന്നാര്‍ മാറുകയാണു. ശീതകാലത്ത് പോലും ഇവിടെ മഞ്ഞില്ലെകില്‍ ,ശീതക്കാറ്റില്ലെങ്കില്‍,മാനും കാട്ടുപോത്തും കാട്ടാനകളുമില്ലെങ്കില്‍ ഈ വഴിയത്രയും താണ്ടി സഞ്ചാരികള്‍ എന്തിനു വരണം?

-കുളിരും മഞ്ഞും മൂന്നാറിനെ കൈവിടുകയാണോ?
ഓഫീസിനുള്ളില്‍ ഞാനത് ഞെട്ടലോടെ കണ്ടു-സീലിങ്ങ് ഫാന്‍!
അതേ,ഇവിടെ ഇപ്പോള്‍ എല്ലാ‍ മുറിയിലും ഫാന്‍ വേണമെന്നായിരിക്കുന്നു.രണ്ടു വര്‍ഷം മുന്‍പു വരെ ഒരൊറ്റ ഫാനും ഉണ്ടായിരുന്നില്ല-ഫ്രിഡ്ജും.എവിടെയും ഇപ്പോള്‍ ഇതാവശ്യമായി വന്നിരിക്കുന്നു. അടുത്തകാലം വരെ എല്ലായിടത്തും റൂം ഹീറ്ററുകളുണ്ടായിരുന്നു.വേനല്‍കാലത്തൊഴികെ എപ്പോഴും അവ പ്രവര്‍ത്തിപ്പിക്കണം.അപ്പോള്‍ ഏതാനും നാള്‍മാത്രമേ പകല്‍ സ്വെറ്ററിടാതെ നടക്കമായിരുന്നുള്ളൂ..
ഇപ്പോഴോ?ചൂടുവസ്ത്രങ്ങലില്ലാതെയും ഈ ശൈത്യകാലത്ത് പോലും പുറത്തിറങ്ങി നടക്കാം.

പുറത്തിറങ്ങിയാലുള്ള കാഴ്ചകളോ?
നമുക്ക് തുടങ്ങിയിടത്തു നിന്ന് തന്നെ ആരംഭിക്കാം.ആകാശവാണിയുടെ കമാനം തുടങ്ങുന്നിടത്ത് സ്വാഗതം ചെയ്യുന്നത് മനസിനെ കുളിരണിയിക്കുന്ന ഓറഞ്ചുമരങ്ങളല്ല.രണ്ടുവശത്തും ഉയരത്തില്‍ കാറ്റിലാടി ഉലഞ്ഞു നില്‍ക്കുന്നത് യൂക്കാലിമരങ്ങളാണു-ഗ്രാന്റിസ് എന്ന ഇനത്തില്‍ പെട്ട യൂക്കാലി.ഓറഞ്ചു നട്ട കാലത്ത് തന്നെയാണു ഇവയും വെച്ചത്.വേണമെങ്കില്‍ ഇപ്പോള്‍ വെട്ടി വില്‍ക്കാം.നല്ല വിലകിട്ടും-മരമൊന്നിനു അയ്യായിരമെങ്കിലും.വ്യാവസായികാവശ്യങ്ങള്‍ക്കാണു ഇവ ഉപയോഗിക്കുന്നത്.പ്രത്യേക പരിചരണമൊന്നുമില്ലാതെ എവിടെയും വളരും.അഞ്ചുവര്‍ഷമാകുമ്പോള്‍ വില്‍ക്കാം.അല്ലെങ്കില്‍ പിന്നെയും മൂന്നു-നാലു കൊല്ലം കൂടി.അപ്പോള്‍ വില കൂടുതല്‍ കിട്ടും.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ ലക്ഷക്കണക്കിനു ഗ്രാന്റിസ് മരങ്ങളുണ്ടു.വിറകിനു വേണ്ടി 1960തുകളില്‍ ടാറ്റയാണു ഇതിന്റെ വിത്ത് ആസ്റ്റ്രേലിയയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നത്.മരം പെട്ടെന്നുതന്നെ മറ്റുള്ളവര്‍ക്കും പ്രിയംകരമായി.കയ്യേറ്റക്കാരും കുടിയേറ്റക്കാരും ക്രമേണ ഗ്രാന്റിസ്കൃഷിക്കാരായി.അങ്ങനെ ആയിരക്കണക്കിനു ഹെക്റ്ററിലേക്ക് ഗ്രാന്റിസ് മരങ്ങള്‍ വ്യാപിച്ചു. മൂന്നറിന്റെ ജൈവവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഇത് ഏല്‍പ്പിച്ച ആഘാതം ഭയാനകമാണു.പക്ഷേ മൂന്നാ‍റിനെ കുത്തിമറിച്ചവരാരും ഇതു ശ്രദ്ധിച്ചതേയില്ല.മൂന്നാറിന്റെ വരദാനമായ കാലാവസ്ഥയെതന്നെ അത് തകിടം മറിക്കാന്‍ തുടങ്ങിയിട്ടും ആരും പ്രതികരിക്കുന്നില്ല.
യൂക്കാലി ഒരു വെള്ളംകുടിയന്‍ മരമാണെന്ന് നമുക്കറിയാം.ഈസ്റ്റ് ഇന്ത്യാകമ്പനി ആസാമിലെ ചതുപ്പ് വറ്റിച്ച് അവിടെ തെയിലകൃഷി ചെയ്യാന്‍ കൊണ്ടുവന്നതാണു യൂക്കാലിമരങ്ങള്‍.അതിന്റെ വേരുകള്‍ വന്‍ തോതില്‍ ജലം സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതോടെ ആ പ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെ അളവ് കുത്തനെ കുറയുന്നു.
മൂന്നാര്‍ തരതമ്യേന മഴ കുറവുള്ള പ്രദേശമാണു.മറയൂര്‍,കാന്തല്ലൂര്‍മേഖലകള്‍ മഴനിഴല്‍ പ്രദേശങ്ങളാണു.അവിടെ മൂന്നും-നാലും വര്‍ഷം കൂടുമ്പോഴാണു ചെറിയതോതില്‍ മഴപെയ്യുന്നത്.ഇവിടങ്ങളിലടക്കം തെയിലയും കാപ്പിയും ഏലവും കൃഷിചെയ്യുന്നിടങ്ങളില്‍ സര്‍വരും കിട്ടിയ സ്ഥലത്തൊക്കെ ഗ്രാന്റിസ് നടുപിടിപ്പിക്കുകയാണു.മാത്രമല്ല, ടൂറിസം മാഫിയയുടെ ഇടപെടല്‍ കാരണം സ്വാഭാവികവനങ്ങള്‍ക്കും ഏലക്കാടുകള്‍ക്കും ഉള്ളില്‍ നൂറുകണക്കിനു റിസോര്‍ട്ടുകളാണു ഉയര്‍ന്നിട്ടുള്ളത്.നോക്കിനില്‍ക്കെ ചോലവനങ്ങള്‍ നമാവശേഷമാകുന്നു.ഇതിന്റെയൊക്കെ പ്രത്യാഘാതമെന്നോണം ഇവിടെ കൃഷിക്കുപോലുമുള്ള വെള്ളം കിട്ടാതായിരിക്കുന്നു.സ്വകാര്യവ്യക്തികളും കമ്പനികളും തടയണകള്‍ കെട്ടി ജലസ്രോതസുകള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണു.കൂടുതല്‍ വലിയ തടയണകള്‍ കെട്ടിയാല്‍ അവിടെ ബോട്ടിങ്ങു കൂടി നടത്തി കാശുണ്ടാക്കാമെന്നു കണ്ടപ്പോഴാണു തടയണകള്‍ മിനി ഡാമുകളായി വളര്‍ന്നത്.
തടയണകള്‍‍ പൊളിച്ചതുകൊണ്ടു മാത്രം മൂന്നാറില്‍ ജലലഭ്യത ഉണ്ടാവുകയില്ല.അതിനു ഈ പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് നിന്ന് യൂക്കാലിയെ കെട്ടുകെട്ടിക്കണം.2007ല്‍ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ അതിനുള്ള ചില പ്രാഥമിക നിര്‍ദ്ദേശങ്ങല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.യൂക്കാലിക്കൃഷി നടത്താല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനിക്ക് നല്‍കിയ 7000 ഹെക്റ്റര്‍ തിരിച്ചുപിടിച്ച് അവിടം വനമാക്കണമെന്നതായിരുന്നു സുപ്രധാനമയ ആ നിര്‍ദ്ദേശം.പക്ഷേ, അതിപ്പോഴും നടപ്പിലാക്കിയിട്ടില്ല.

കുണ്ടളയ്ക്ക് പോകുമ്പോള്‍ റോഡിനിരുവശത്തും ജെ.സി.ബി കൊണ്ടു മലനിരകള്‍ കുത്തിമറിച്ചത് കണ്ടു.ഗ്രാന്റിസ് തോട്ടത്തിലെ മരങ്ങള്‍ വെട്ടി വിറ്റ ശേഷം‍ അടുത്തകൃഷിക്കായി നിലമൊരുക്കുന്ന ദൃശ്യമാണത്.മരത്തിന്റെ വേരുകള്‍ മാന്തിയെടുത്ത ശേഷം അവിടം തീയിടും.കാലം തെറ്റി മഴ പെയ്യുന്ന ഇക്കാലത്ത് തൊട്ടടുത്തമഴയില്‍ ഈ മണ്ണത്രയും കുത്തിയൊലിച്ചു പോകും.ഒപ്പം പാറകള്‍ തെളിയും.വര്‍ഷം കനക്കുമ്പോള്‍ ഉരുള്‍ പൊട്ടും.മൂന്നു വര്‍ഷം മുന്‍പുണ്ടായ വ്യാപകമായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ദേവികുളം താലൂക്കില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.ഇനി അതിനെക്കാള്‍ വലിയ ദുരന്തങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
മൂന്നാറിന്റെ വശ്യസുന്ദരമായ പ്രകൃതിസൌന്ദര്യത്തിനും കാലാവസ്ഥയ്ക്കും അതിവേഗം മാറ്റം വരുകയാണു.
-മൂന്നാറിന്റെ ജീവജലം അവരെല്ലാം ചേര്‍ന്ന് ഊറ്റിക്കുടിക്കുകയാണു:കഴുകന്മാരെല്ലാം ചേര്‍ന്ന് മജ്ജയും മാംസവും കൊത്തിത്തിന്നുകയാണു.
അവസാനം, അവര്‍ ആ ചണ്ടിയും വലിച്ചെറിഞ്ഞ് പുതിയ മേച്ചില്പുറങ്ങള്‍ തേടി പായും.അപ്പോള്‍ ,സഞ്ചാരികളുടെ ഈ പറുദീസ ,യാത്രികരില്ലാതെ, ഒരു മൃതനഗരമായി മരിച്ച് മരവിച്ച് കിടക്കും.

Sunday, 14 February 2010

പ്രണയദിന പോഡ്കാസ്റ്റുകള്‍

പ്രണയദിനത്തില്‍
കുടുകുടെ ചിരിക്കാനും ചിന്തിക്കാനും ഗ്രീന്‍ റേഡിയോയിലെ ഈ രണ്ടു പോഡ്കാസ്റ്റുകള്‍ കേള്‍ക്കുമെല്ലോ.
1.ലൌലിക്കുട്ടിയുടെ വാലന്റൈന്‍സ് ഡേ (വികടകേരളം ഓഡിയോസ്കിറ്റ് )
2.ഫ്രൻഡ്ഷിപ് ദിനത്തില്‍ സംഭവിച്ചത്..

ഇവയുടെ സ്ക്രിപ്റ്റ് ഇതാ... ഇവിടെ ലൌലിക്കുട്ടി
ഇവിടെ ഫ്രൻഡ്ഷിപ് .
സ്കിറ്റുകൾ കേട്ട് അഭിപ്രായം പോസ്റ്റ് ചെയ്യുമെല്ലോ.
പ്രണയപൂർവ്വം...

Thursday, 4 February 2010

എന്തുകൊണ്ടാണു അവർ മാദ്ധ്യമപ്രവർത്തകരാകാത്തത്?

കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിലെ ജേർണ്ണലിസം വകുപ്പിലെ പൂർവ്വവിദ്യാർത്ഥി സമ്മേളനം കഴിഞ്ഞ ഞായറാഴ്ച്ച തിരുവനന്തപുരത്ത് നടന്നു.കേരളത്തിലേയും പുറത്തേയും പ്രമുഖമാദ്ധ്യമസ്ഥാപനങ്ങളുടേയും ജേർണ്ണലിസം വകുപ്പുകളുടേയും തലപ്പത്തുള്ള നൂറോളം പേരായിരുന്നു അവിടെ ഒത്തുകൂടിയവരിൽ ബഹുഭൂരിപക്ഷവും.ആദ്യ പരിപാടി പരിചയപ്പെടലായിരുന്നു.അതിനു സാക്ഷ്യം വഹിക്കാൻ ഇപ്പോൾ അവിടെ എം.സി.ജെയ്ക്ക് പഠിക്കുന്ന കുട്ടികളുമുണ്ടായിരുന്നു.അവരിലേറെപ്പേരും പെൺകുട്ടികളായിരുന്നു.അവരിൽ ഒരാളുടെപോലും അച്ഛനമ്മമാർ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.അതിനു,ഞങ്ങളിലൊരാൾ പോലും,ഈ ലേഖകനും ഭാര്യയും അതേ കാമ്പസിലെ പൂർവ്വവിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരുമായിട്ടുപോലും,ഞങ്ങളുടെ മക്കളെ പത്രപ്രവർത്തനത്തിനു പറഞ്ഞയച്ചിട്ടില്ലല്ലോ.അഥവാ,ഞങ്ങളുടെ പാത പിന്തുടരണമെന്ന് പിന്തലമുറയിലെ ഒരാൾക്ക് പോലും തോന്നിയില്ലല്ലോ!

-എന്താകാം ഇതിനു കാരണം?സമൂഹത്തിലെ ‘ഗ്ലാമറസ് പ്രൊഫഷനു’കളിൽ മുൻപന്തിയിൽ നിൽക്കുന്ന,അങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന,പത്രപ്രവർത്തനരംഗം എന്തുകൊണ്ടാണു അവർ തെരഞ്ഞെടുക്കാത്തത്?രാഷ്ട്രീയക്കാരും അദ്ധ്യാപകരും വക്കീലന്മാരും ഡോക്ടർമാരുമൊക്കെ തങ്ങളുടെ മക്കളെ അതേ പ്രൊഫഷനിലേക്ക് കൊണ്ടുവരുന്ന ഇക്കാലത്ത് എന്തുകൊണ്ടാകും പത്രപ്രവർത്തകരുടെ മക്കൾ മറ്റു ജോലികൾ തെരഞ്ഞെടുക്കുന്നത്?

-അതിനു വലിയൊരു സാമൂഹികപശ്ചാത്തലമുണ്ടു.പത്രപ്രവർത്തനം മുൻപ് ധീരമായ സാമൂഹിക ഇടപെടലായിരുന്നു. അർത്ഥപൂർണ്ണമായ രാഷ്ട്രീയപ്രവർത്തനമായിരുന്നു.പൊതുപ്രവർത്തകരായിരുന്നു പത്രപ്രവർത്തകരിൽ ഭൂരിപക്ഷവും.സമൂഹത്തിൽ പത്രപ്രവർത്തകർക്ക് പ്രത്യേകസ്ഥാനമുണ്ടായിരുന്നു.അവരായിരുന്നു,ജനങ്ങളുടെ അഭിപ്രായരൂപീകരണത്തെ വൻ തോതിൽ സ്വാധീനിച്ചിരുന്നത്.അവർക്ക് സാമുഹിക ഉത്തരവാദിമുണ്ടായിരുന്നു.പ്രതിബദ്ധതയുണ്ടായിരുന്നു.അതുകൊണ്ടായിരുന്നു,പട്ടിണികിടന്നും ,ജയിലിൽ പോയും മർദ്ദനവും പീഡനങ്ങളും സഹിച്ചും അവർ തങ്ങൾ വിശ്വസിക്കുന്ന ചില മൂല്യങ്ങൾക്കായി അചഞ്ചലരായി നിലകൊണ്ടത്.നട്ടെല്ലുവളക്കാതെ,നടുവ് കുനിക്കാതെ,മുട്ടുവിറയ്ക്കാതെ അവർ നിർഭയം തൂലിക ചലുപ്പിച്ചു.അധികാരസ്ഥാനങ്ങളെ വിറപ്പിച്ചു.അഴിമതികാരും,ഏകാധിപതികളും പ്രമാണിമാരുമൊക്കെ അവരെ പേടിച്ചു.പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞപ്പോഴും അവർ ഒരു പ്രലോഭനത്തിനും വഴങ്ങിയില്ല.ഒരാളുടേയും അച്ചാരം കൈപ്പറ്റിയില്ല.സത്യസന്ധതയും വിശ്വാസ്യതയുമായിരുന്നു അവരുടെ കൈമുതൽ.പത്രം ഉടമസ്ഥർക്ക് പോലുമുണ്ടായിരുന്നു,ഈ പ്രതിബദ്ധത.കച്ചവടക്കണ്ണുമായി ഇറങ്ങിയവരായിരുന്നില്ല മിക്കവരും.അവർക്ക് അധികാരക്കസേരയിൽ കണ്ണുണ്ടായിരുന്നില്ല.അവരിൽ മിക്കവരും സാത്വികജീവിതം നയിച്ച ശുദ്ധാത്മാക്കളായിരുന്നു.

ആ തലമുറ അന്യം നിന്നുപോയി.ത്യാഗങ്ങൾ സഹിച്ച് പൊതുജനനന്മയ്ക്കായി പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്നിരുന്നവരുടെ പിൻതലമുറക്കാർ പോലും മാ‍റിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ അതിന്റെ അപ്രായോഗികതയും അർത്ഥശൂന്യതയും തിരിച്ചറിയുന്നു.പത്രമാദ്ധ്യമരംഗം മറ്റ് കച്ചവടസ്ഥാപനങ്ങളെപ്പോലെ തന്നെ ഒരു വ്യവസായമായി മാറുകയും,ലാഭക്കൊതിയരും അധികാരദാഹികളുമായ ഒരുപറ്റം പേർ ദുഷ്ടലാക്കോടെ രംഗംകൈയടക്കുകയും ചെയ്തു.

വ്യവസായികളും മുതലാളിമാരും പത്രവ്യവസായത്തിൽ പണം മുടക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന ആദ്യ പ്രസ് കമ്മീഷന്റെ ശുപാർശ അവഗണിക്കപ്പെട്ടു.സ്വാതന്ത്യസമരകാലത്ത് ബ്രിട്ടീഷ്സർക്കാരിനെതിരായ ജനവികാരത്തിന്റെ ജിഹ്വകളായിരുന്ന നൂറുകണക്കിനു പത്രങ്ങൾ പിൽക്കാലത്ത് സർക്കാരിന്റേയും ഭരണാധികാരികളുടേയും ഗസറ്റുകളായി മാറുകയും ജനശത്രുക്കളായി വയനക്കാർ അവയെ മുദ്രയടിക്കുകയും ചെയ്തതിനു കാരണം ഉടമസ്ഥരുടെ നിക്ഷിപ്തതാൽ‌പ്പര്യങ്ങളായിരുന്നു.ധിഷണാശാലികളും ധീരരുമായ പത്രാധിപന്മാർക്ക് പകരം മുതലാളിയുടെ താൽ‌പ്പര്യങ്ങൽക്കനുസൃതമായി മിത്രങ്ങൾക്ക് സ്തുതിപാടുകയും ശത്രുക്കൾക്ക് നേരെ കുരച്ച് ചാടുകയും ചെയ്യുന്ന നട്ടെല്ലില്ലാത്ത ഒരു കൂട്ടം പിറവിയെടുത്തു.അങ്ങനെയാണു ‘എംബെഡഡ് ജേർണ്ണലിസവ്’വും ‘പെയിഡ് ന്യൂസും’ പത്രപ്രവർത്തനത്തിലെ പരിചിതവാക്കുകളായത്.

പത്രസ്വാതന്ത്ര്യമെന്നാൽ മുതൽമുടക്കുന്ന മുതലാളിയുടെ മാത്രം താൽ‌പ്പര്യം എന്ന അംഗീകൃതമായ മാനദണ്ഡമുണ്ടായി.അതിനു ആരോ വളരെ പരിഷ്കൃതമായ വ്യാഖ്യാനവും നൽകിയിട്ടുണ്ടു-പത്രത്തിന്റെ നയം.നയം നിശ്ചയിക്കുന്നത് അതിൽ ജോലിചെയ്യുന്ന പത്രപ്രവർത്തകരല്ല.അവരോട് ഒരിക്കൽ പോലും അത് ചോദിക്കുകയോ ചർച്ചചെയ്യുകയോ ഇല്ല.ഉടമയ്ക്ക് ലാഭമുണ്ടാക്കുന്നവിധം എഴുതുക എന്നത് മാത്രമാണു പത്രധർമ്മം.അതുകൊണ്ടു തന്നെ ഇന്ന് സമൂഹത്തിൽ നിത്യവും കടുത്ത മാനസികസംഘർഷം അനുഭവിക്കേണ്ടവരാണു മനസാക്ഷിയുള്ള പത്രപ്രവർത്തകർ.പക്ഷേ,അവർക്ക് സത്യധർമ്മാദികളെ പരണത്ത് വെച്ച്,മനസാക്ഷിയെ മരവിപ്പിച്ച് രായസം എഴിതിക്കൂട്ടാൻ,പൊള്ളുന്ന,അപ്രിയ സത്യങ്ങളെ കുഴിച്ചുമൂടാൻ യാതൊരു മടിയുമില്ല.അവർക്ക് അത് ശീലമായിപ്പോയി.നിലനിൽ‌പ്പാണു,വയറ്റിപ്പെഴപ്പാണു മുഖ്യപ്രശ്നം.ഒരാൾ വിചാരിച്ചാൽ നാടു നന്നാവില്ലെന്ന മദ്ധ്യവർഗ്ഗ സിദ്ധാന്തം തുണയായുണ്ടു.അതുകൊണ്ട്, അവർ എന്നും നിസഹായരായി,നിസംഗരായി സത്യത്തിന്റെ കഴുത്തറക്കുന്നു;മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നു.അക്ഷരമറിയാത്തവർ കൂലിക്കെഴുതിച്ച മുഖപ്രസംഗത്തിനു പുരസ്കാരങ്ങൾ വാങ്ങിച്ച് പത്രാധിപകേസരികളായി ഞെളിഞ്ഞിരിക്കുമ്പോൾ,ആയിരക്കണക്കിനാളുകളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊടുത്ത് ചാനലിന്റെ തലപ്പത്ത്കയറിപ്പറ്റി ധർമ്മികപ്രഭാഷണം നടത്തുന്നവരും,കളങ്കിതപണം കൊണ്ട് പത്രം തുടങ്ങിയവരുമൊക്കെ മാന്യന്മാരായി വിലസുമ്പോൾ ഇതെല്ലാം അറിയുന്നവർ എങ്ങനെ തങ്ങളുടെ മക്കളെ ഈ ചെളിക്കുഴിയിലേക്ക് തള്ളിവിടും?പത്രാധിപമ്മാരുടെ മുഖംമൂടിവെച്ച മുതലാളിമാർ പത്രപ്രവർത്തനത്തെ നിത്യവും അരുംകൊലചെയ്യുന്ന കശാപ്പുശാലയിലേക്ക് അവർ എങ്ങനെ,ഇതെല്ലാമറിഞ്ഞിട്ടും സ്വന്തം മക്കളെ പറഞ്ഞുവിടും?

-ഇനി,ഇതെല്ലാം കേട്ടും കണ്ടും വളരുന്ന അവർക്ക് ആർക്കെങ്കിലും പത്രപ്രവർത്തനരംഗത്തേക്ക് പോകണമെന്ന് സ്വയം തോന്നിയാലോ?

പുതുതലമുറക്ക് പത്രപ്രവർത്തകരായി നാട് നന്നാക്കാമെന്ന വ്യാമോഹമൊന്നുമില്ല.അനീതിക്കും ധാർമ്മികാപചയത്തിനുമെതിരെ പടപൊരുതി എല്ലാം ശരിയാക്കണമെന്ന് അവർക്കാർക്കും വാശിയൊന്നുമില്ല.അവർക്ക് ഇത്തരം സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് യാതൊരു ആകുലതകളുമില്ല.സത്യത്തിൽ, അവർക്ക് ഇതൊന്നും അറിയില്ല.അവരുടെ ചിന്തകളിൽ സുഖസുന്ദരമായി എങ്ങനെ ജീവിക്കാമെന്ന ഒറ്റവിചാരമേയുള്ളൂ .അവർക്കിടയിൽ ത്യാഗികളില്ല;ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല.അടിച്ചുപൊളിച്ച് ചെത്തിനടക്കാൻ പറ്റിയ പ്രൊഫഷനുകളിൽ മാത്രമേ അവരിൽ മഹാഭൂരിപക്ഷത്തിനും താൽ‌പ്പര്യമുള്ളൂ.അത് ഐ.ടി യാണെങ്കിൽ ഐ.ടി.നാളെ മറ്റേതെങ്കിലും മേഖലയാണെങ്കിൽ അത്.പഠനത്തിൽ അതീവമിടുക്ക് കാട്ടുന്നവർ മെഡിസിനും എഞ്ചിനിയറിങ്നും തെരഞ്ഞെടുക്കുന്നു.ഒന്നും കിട്ടാത്തവർ അവസാനം ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ചേരുന്നു.ഇവരിൽ നിന്നാണു ഇപ്പോൾ പത്രപ്രവർത്തകർ ഉണ്ടാകുന്നത്.നല്ല പണം ഉണ്ടാക്കാൻ കഴിയുന്ന,ഗ്ലാമറസായ ജോലിയൊന്നും കിട്ടാത്തതിലുള്ള അപകർഷതാബോധവും ആത്മനിന്ദയുമായാണു അവർ മാദ്ധ്യമരംഗത്തേക്ക് വരുന്നത്.അവർക്ക് ആരോടും പ്രതിബദ്ധതയില്ല.അതിന്റെ അവശ്യവുമില്ല.അവർ ഇടപെടുന്നത് ചെന്നായ്ക്കളുമായാണു.എന്നിട്ടോ?മാന്യമായി ജീവിക്കാനുള്ള പ്രതിഫലമോ ജോലിസുരക്ഷിതത്വമോ പോലും ലഭിക്കുന്നില്ല.അഭ്യസ്തവിദ്യർക്കിടയിൽ ഏറ്റവുമധികം ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയാകുന്നവരാണു പത്രപ്രവർത്തകർ.
ഇന്ത്യയിലെ,പ്രത്യേകിച്ച് കേരളത്തിലെ മാദ്ധ്യമരംഗം ഇക്കാരണങ്ങളാൽ ആകെ മലീമസമാണു.അത് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ മുഖാമുഖം കാണുകയാണു.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ