Sunday, 24 January 2010

സൈക്കിള്‍ മുതല്‍ സൈക്കിള്‍ വരെ...



1947 ആഗസ്റ്റ് 15.

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്നതിന്റെ അത്യാഹ്ലാദത്തില്‍ പങ്കുചേരാന്‍ ചെങ്കോട്ടയിലെത്തിയ ജനസഞ്ചയത്തിന്റെ ഈ ചിത്രങ്ങളില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ആ സൈക്കിളുകളായിരുന്നു.

കനത്ത സുരക്ഷയില്ല.തോക്കേന്തിയ പട്ടാളക്കാരില്ല.പഴയ നാട്ടിന്‍പുറത്തെ ചന്തയിലോ മൈതാനത്തോ വിശേഷാവസരങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന സാധാരണക്കാരുടെ കൂട്ടത്തെ അനുസ്മരിപ്പിക്കുന്നു,അസുലഭമായ ആ ചരിത്രനിമിഷങ്ങള്‍‍ക്ക് സാ‍ക്ഷിയായ ഈ ജനസാഗരം.തലപ്പാവും ,തോളില്‍തൂക്കിയിട്ട കാലന്‍ കുടയും ,പിന്നെ സൈക്കിളുകളും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.അക്കാണുന്ന സൈക്കിളുകള്‍ അക്കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നില്ല.ചെരിപ്പും റേഡിയോയും സൈക്കിളുമൊക്കെ സമൂഹത്തിലെ സമ്പന്നരുടേയും ഇടത്തരക്കാരുടേയും കുത്തകയായിരുന്നു.അവ അവരുടെ പദവികളുടെ ചിഹ്നങ്ങളായിരുന്നു.മണികെട്ടി, അലംകരിച്ച കാളവണ്ടികളും കുതിരവണ്ടികളുമായിരുന്നു അതീവസമ്പന്നരുടെ വാഹനങ്ങള്‍.

അതിനു ശേഷം കാലമെത്രയോ കടന്നുപോയി.ഇന്ന് രാഷ്ട്രം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ വീണ്ടും ഈ ചിത്രങ്ങളിലെ സൈക്കിളുകള്‍ എന്നെ ത്രസിപ്പിക്കുന്നത് ഈ ഇരുചക്രചവിട്ടുവണ്ടിയെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ കൊണ്ടുമാത്രമല്ല.ചവിട്ടുവണ്ടി യുഗത്തില്‍ നിന്നും കാളവണ്ടിയുഗത്തില്‍ നിന്നും നാം ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങളിലൂടെ എത്രയോകാതങ്ങള്‍ മുന്നോട്ടുപൊയിരിക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യക്കാര്‍ ചന്ദ്രനില്‍ കാലെടുകുത്തും.അപ്പോള്‍ ,ഇനിയും എന്തിനാണു നാം പഴയ സൈക്കിളിന്റെ കാര്യം പറയുന്നത്?

-അതു വിശദീകരിക്കുന്നതിനു ആമുഖമായി എന്റെ സൈക്കിള്‍ പ്രേമം കൂടി പറയേണ്ടതുണ്ടു.അതിനു നാലുപതിറ്റാണ്ടിന്റെ പഴക്കമുണ്ടു.പത്രപ്രവര്‍ത്തകനാകും വരെ അച്ഛന്‍ വാങ്ങിത്തന്ന റാലിസൈക്കിളായിരുന്നു സഞ്ചാരം.പിന്നെ കുറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലൂടെ സൈക്കിള്‍ ചവുട്ടിപ്പോയപ്പോള്‍ ഒരു അത്ഭുതജീവിയെപ്പോലെ ജനം നോക്കുന്നതെന്തിനെന്ന് ആദ്യം മനസിലായതേയില്ല.ബന്ധുവായ ഒരു സ്ത്രീ തടഞ്ഞു നിര്‍ത്തി ഗുണദോഷിച്ചു:ഇതെന്താ ഈ ചെയ്യുന്നത്?നിങ്ങളെപ്പോലുള്ളവര്‍ സൈക്കിള്‍ ചവുട്ടുകയോ!ഛേ!

-എത്രപെട്ടെന്നയിരുന്നു,ഇടത്തരക്കാര്‍ സൈക്കിളിനെ ചവുട്ടിപ്പുറത്താക്കി സ്കൂട്ടറിലേക്കും ബൈക്കിലേക്കും പിന്നെ കാറിലേക്കും തിരിഞ്ഞത്.അങ്ങനെ,തൊണ്ണൂറുകളില്‍ സൈക്കിള്‍ നാട്ടിലെ മുതിര്‍ന്നവര്‍ക്കിടയിലെ പാവങ്ങളുടെ മാത്രം വാഹനമായി. റേഡിയോയെ പിന്നാമ്പുറത്തേക്കും പിന്നെ തട്ടിന്‍പുറത്തേക്കും തട്ടിയെറിഞ്ഞ് കേരളീയര്‍ ടെലിവിഷനെ സ്വീകരിച്ച അതേ കാലത്തുതന്നെയായിരുന്നു,ഇവിടെ സൈക്കിളുകളുടെ ശനിദശതുടങ്ങിയത്.നാട്ടിലെ പ്രൈമറിസ്കൂള്‍ അദ്ധ്യാപകരും പാര്‍ട്ടിക്കാരും പൊതുപ്രവര്‍ത്തകരും മുതല്‍ മീന്‍കാര്‍വരെ സൈക്കിളിനോടു അയിത്തം കല്‍പ്പിക്കാന്‍ തുടങ്ങി.(പക്ഷേ,പഴകാലത്തിന്റെ മായാത്ത കൈമുദ്രയായി,പ്രതീകമായി ഇപ്പോഴും പോസ്റ്റുമാന്മാര്‍ സൈക്കിളുകളില്‍ നാടുചുറ്റുന്നു.പോസ്റ്റ് മാന്റെ ബല്ലടി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ദിനങ്ങളുടെ മധുരസ്മരണകള്‍ ഇവിടെ ദീപ്തമാകുന്നു.എന്തേ, അവര്‍ മാത്രം ചുവടുമാറ്റുന്നില്ല?).

-എന്നിട്ടും സൈക്കിളിന്റെ മണിയൊച്ചകള്‍ നമ്മളുടെ നിരത്തുകളെ മുഖരിതമാക്കിയത് അത് കൌമാരക്കരുടെ ദേശീയവാഹനമായി ഇതിനകം വളര്‍ന്നതിനാലായിരുന്നു.അഷ്ടിക്കു വകയില്ലാത്ത പാവങ്ങളുടെ മക്കള്‍ പഠിക്കുന്ന സാദാ സ്കൂളുകളിലും അതീവസമ്പന്നരുടെ മക്കള്‍ മദിച്ചുനടക്കുന്ന പോഷ് സ്കൂളുകളിലും അത് കുട്ടികളുടെ സന്തതസഹചാരിയായി വളര്‍ന്നു.വംശ-വര്‍ഗ്ഗ വ്യത്യാസമില്ലാത്ത ഒരേയൊരു വാഹനം.പക്ഷേ,പത്തോ പന്ത്രണ്ടോ ജയിച്ചുകയറിയാല്‍ പിന്നെ കാശുള്ളവര്‍ക്ക് ഈ വാഹനം കാണുന്നത് തന്നെ അലര്‍ജിയായി മാറി.അവര്‍ ബൈക്കുകളില്‍ മാത്രം ചെത്തി നടക്കാനിഷ്ടപ്പെടുന്നു.അതാണു അവരുടെ സ്റ്റാറ്റസ് സിംബല്‍.പിന്നെയും സൈക്കിളുരുട്ടുന്നവര്‍ സമൂഹത്തിലെ ഏറ്റവും താണ ശ്രേണിയില്‍ പെട്ടവരായി മുദ്രയടിക്കപ്പെടുന്നു.അതാണു,പക്ഷേ, യാഥാര്‍ത്ഥ്യം.

ഇനി നമുക്ക് ലക്ഷദ്വീപിലേക്ക് പോകാം.

1993ലെ മണ്‍സൂണില്‍ കാറ്റിലും തിരമാല‍കള്‍ക്കും നടുവില്‍പ്പെട്ട് മൂന്നു ദിവസം അറബിക്കടലില്‍ കറങ്ങിത്തിരിഞ്ഞ് തീര്‍ത്തും അവശരായി കവറത്തി ജെട്ടിയില്‍ കൊടും മഴയത്ത് എത്തിയപ്പോള്‍,ഗസ്റ്റ് ഹൌസിലേക്ക് പോകാന്‍ ആകാശവാണിയുടെ ഔദ്യോഗികവാഹനം കാത്തുകിടക്കുന്നുണ്ടായിരുന്നു-തുരുമ്പെടുത്ത ഒരു റാലി സൈക്കിള്‍!ഭാര്യയേയും ഒന്നരവയസ്സുള്ള പുത്രനേയും പിന്നിലിരുത്തി ആ പവിഴദ്വീപിലൂടെ ആദ്യയാത്ര.ഗസ്റ്റ് ഹൌസിലെത്തിയപ്പോള്‍ അക്ഷമനായി അവിടെ കാത്തുനില്‍ക്കുകയാണു പി.പി.ശ്രീധരനുണ്ണി.രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഹെലിപ്പാഡില്‍ നിന്ന് അദ്ദേഹത്തിനു അഗത്തിയിലേക്ക് പറക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.കടല്‍ക്ഷോഭം മൂലം രണ്ടാഴ്ചയായി കൊച്ചിയില്‍ നിന്നുള്ള ടിപ്പുസുല്‍ത്താന്‍ കപ്പലിന്റെ യാത്രമുടങ്ങിയതിനാല്‍ ,കവരത്തി ആകാശവാണിയില്‍ പകരക്കാരനില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം.അന്ന്, വൈകിട്ട് രണ്ടരമണിക്കൂര്‍ മാത്രമേ അവിടെ പ്രക്ഷേപണമുള്ളൂ.അതിനുള്ള പാട്ടുകളുടേയും പ്രഭാഷണങ്ങളുടേയും നാടകങ്ങളുടേയും മറ്റും ടേപ്പുകളും എഴുത്തുസാമഗ്രികളുമൊക്കെയായി കേരളത്തിലെ ആകാശവാണി നിലയങ്ങളില്‍ നിന്ന് ഒരോ മാസവും ഒരാള്‍ കവരത്തിയില്‍ കപ്പലിറങ്ങും.അതേ പോലെ ടെക്നിക്കല്‍ വിഭാഗത്തിലും ഒരാളുണ്ടാകും.‍സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതായിരുന്നു ഈ ഉത്തരവാദിത്തം.സ്റ്റേഷനില്‍ സ്ഥിരമെന്ന് പറയാവുന്നത് ദ്വീപുകാരായ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍.പിന്നെ, മംഗലാപുരത്ത് നിന്ന് വാങ്ങിയ,ഉപ്പുകാറ്റേറ്റ് അസ്തികൂടം മാത്രമായ രണ്ടു സൈക്കിള്‍.തൊട്ടടുത്ത ദൂരദര്‍ശന്‍ കേന്ദ്രത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.അവരുടെ സൈക്കിളിനു ഒരു പ്രത്യേകതയുണ്ടായിരുന്നു.അതിന്റെ ബാറില്‍ പഴയ ഐസ്ക്രീം വില്‍പ്പനക്കാരുടെ സൈക്കിളില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന മണിയടിക്കാനുള്ള തുരുമ്പിച്ച ഇരുമ്പുകഷണത്തെ അനുസ്മരിപ്പിക്കുന്ന നെയിം പ്ലേറ്റില്‍ തനിദ്വീപ് മലയാളത്തില്‍ ഇങ്ങനെ എഴുതിവെച്ചിരുന്നു:ദൂരദര്‍ശന്‍ ,കവറത്തി!

ഗസ്റ്റ് ഹൌസിന്റെ പടിവാതിലില്‍ വെച്ച് തന്നെ ഞാന്‍ കവറത്തി സ്റ്റേഷന്റെ ചുമതല ഏറ്റുവാങ്ങി.ഇനി പകരക്കാരന്‍ കപ്പലിറങ്ങും വരെ ഞാനേകനാണു.സ്റ്റേഷന്‍ഡയറക്ടറുടെയും പ്രോഗ്രാം എക്സിക്യൂട്ടീവിന്റേയും അനൌണ്‍സറിന്റേയുമെല്ലാം ചുമതലകള്‍ ഒറ്റയ്ക്ക് നിര്‍വഹിക്കണം.കാര്യങ്ങള്‍ ഒറ്റയടിക്ക് ശ്രീധരനുണ്ണി വിശദീകരിച്ച് തന്നു.പിന്നെ വൈകിയില്ല;അദ്ദേഹം ഞങ്ങളുടെ രണ്ടാമത്തെ ഔദ്യോകികവാഹനത്തിന്റെ പിന്‍ സീറ്റില്‍ കയറി.ഞങ്ങള്‍ കൈവീശി.ശ്രീധരനുണ്ണിയേയും പിന്നിലിരുത്തി സൈക്കിള്‍ ഹെലിപാഡിലേക്ക് നീങ്ങി!പിന്നീടുള്ള ഒന്നരമാസം കവറത്തിയിലെ സര്‍വ്വവഴികളിലൂടെയും സകുടുംബം സസന്തോഷം രാവും പകലും സൈക്കിള്‍ സവാരിയായിരുന്നു. അന്ന് വെറും മൂന്ന് മോട്ടോര്‍ വാഹനങ്ങള്‍ മാത്രമായിരുന്നു കവറത്തിയിലുണ്ടായിരുന്നത്. 1996ലും ലക്ഷദ്വീപിലെത്തിയപ്പോള്‍ സൈക്കിള്‍ തന്നെയായിരുന്നു,എവിടെയും.

ഒരു ദശാബ്ദത്തിനപ്പുറം 2008ല്‍ കടമത്ത് ദ്വീപില്‍ നിന്ന് കവറത്തിയില്‍ കപ്പലിറങ്ങിയപ്പോള്‍ കണ്ടത് , ‍ജെട്ടിനിറയെ നൂറുകണക്കിനു ടൂവീലറുകളും കാറുകളും.ഇടുങ്ങിയ റോഡുകളിലൂടെ കാല്‍നടയാത്രപോലും ദുഷ്കരമാക്കിക്കൊണ്ടു അവ തിങ്ങിഞെരുങ്ങിപ്പോകുന്നു.ദ്വീപു പുരോഗമിച്ചപ്പോള്‍ അവര്‍ സൈക്കിളിനെ ഉപേക്ഷിക്കാന്‍ തുടങ്ങി.നാലുകിലോമീറ്ററില്‍ താഴെമാത്രം നീളമുള്ള കവറത്തി ഇന്ന് വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുന്നു.അന്തരീക്ഷം വിഷലിപ്തമാണു.ആവശ്യമില്ലാതെ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി കോടിക്കണക്കിനു രൂപ അവര്‍ വെറുതെ ചെലവാക്കുന്നു.പത്തേമാരികളില്‍ വന്‍കരയില്‍ നിന്ന് ഇനിയും മോട്ടോര്‍വാഹനങ്ങള്‍ ദ്വീപിലിറങ്ങിയാല്‍ അവിടെ വാഹനാപകടങ്ങള്‍ ക്രമാതീതമായി പെരുകും;ജനജീവിതം തന്നെ ദുസ്സഹമാകും.ദ്വീപുകാര്‍ക്ക് ഇനി നിലനില്‍ക്കണമെങ്കില്‍ സൈക്കിളിലേക്ക് തന്നെ മടങ്ങണം.അനതിവിദൂര ഭാവിയില്‍ ജനങ്ങള്‍തന്നെ അതിനു മുന്നിട്ടിറങ്ങും.

ഫ്രാന്‍സിലും,കാനഡയിലും,സ്വീഡനിലും,ബ്രിട്ടണിലും,ജെര്‍മനിയിലും നെതര്‍ലന്റിലുമൊക്കെ സംഭവിച്ചത് ഇതായിരുന്നു.അവിടെ ഗതാഗതക്കുരുക്കിലും അന്തരീക്ഷമലിനീകരണത്തിലും പൊറുതിമുട്ടിയ ജനം സൈക്കിളിലേക്ക് തിരിഞ്ഞു.ചൈനയുടെ ദേശീയവാഹനമാണു സൈക്കിള്‍.ഫാഷന്റെ നഗരമായ പാരീസില്‍ അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു വിപ്പ്ലവം നടന്നു.2007 ജൂലൈയില്‍ പാരീസില്‍ ‘VELIB' എന്ന പേരില്‍ കമ്മ്യൂണിറ്റി സൈക്കിള്‍ സമ്പ്രദായം നിലവില്‍ വന്നു.സ്വന്തമായി സൈക്കിളില്ലാത്തവര്‍ക്ക് റോഡ് വക്കത്തെ 800 സ്റ്റാന്റുകളില്‍ നിന്ന് സൈക്കില്‍ എടുത്ത് സവാരി നടത്തുന്നതിനു സൌകര്യമൊരുക്കിയ പദ്ധതിയാണിത്.10600 സൈക്കിളുകളുമായി ആരംഭിച്ച ഈ പദ്ധതി വന്‍ വിജയമായിരുന്നു.ആദ്യമാസം തന്നെ 16 ലക്ഷം പേരായിരുന്നു സൈക്കിള്‍ എടുത്തത്.സ്മാര്‍ട്ട്കാര്‍ഡുകളും മൊബൈല്‍ഫോണും മുഖേനയാണു ഇലക്ട്രോണിക്കലായി ഇത് ഓപ്പറേറ്റ് ചെയ്യുന്നത്.സൈക്കിള്‍ വേണ്ടവര്‍ നിശ്ചിത ഡെപ്പോസിറ്റ് തുക ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെ അടച്ച് ഇതില്‍ ചേരുന്നു.അവര്‍ക്ക് ഫീസ് ഈടാക്കി സൈക്കിള്‍ നല്‍കുന്നു.യാത്രകഴിഞ്ഞ് അത് അടുത്തുള്ള സ്റ്റാന്റില്‍ ഏല്‍പ്പിച്ചാല്‍ മതി.എല്ലാം യന്ത്രവത്കൃത സംവിധാനത്തിലൂടെയാണു നടക്കുന്നത്.മുന്‍പ് ചില രാജ്യങ്ങലില്‍ ഈ പദ്ധതി തുടങ്ങിയെങ്കിലും സൈക്കിള്‍ മോഷണം കാരണം പരാജയപ്പെടുകയായിരുന്നു.ആംസ്റ്റര്‍ഡാമിലും ,കാലാവസ്ഥാ ഉച്ചകോടി നടന്ന കോപ്പണ്‍ഹേഗനിലുമൊക്കെ ഇന്ന് ‘ഫ്രീഡം ബൈക്ക്’ എന്ന് കൂടി അറിയപ്പെടുന്ന കമ്മ്യൂണിറ്റി സൈക്ലിങ്ങ് പരിപാടി വിജയകരമായി നടന്നുവരുന്നു.

പാരീസില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണു ‘വേലിബ്” നടപ്പിലാക്കിയത്.അതിനു ഖജനാവില്‍ നിന്ന് കാശൊന്നും ചെലവായില്ല.ഒരു പോസ്റ്റര്‍ പരസ്യക്കമ്പനിയായിരുന്നു സൈക്കിളുകള്‍ വാങ്ങി നല്‍കിയത്.പകരം പാരീസ് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പരസ്യം പതിക്കാന്‍ മേയര്‍ അവര്‍ക്ക് അനുമതി കൊടുത്തു.രാത്രി ഒരു മണിക്ക് ശേഷമാണത്രേ ‍സൈക്കില്‍ സവാരിക്കാര്‍ ഏറുന്നത്.അതിനു ഒന്നിലധികം കാരണങ്ങളുണ്ടു.ആ സമയത്ത്,രാത്രിപാര്‍ട്ടികള്‍ ‍കഴിഞ്ഞ് പൂസ്സായി വണ്ടിഓടിച്ചാല്‍ പൊലീസ് പിടിക്കും.അപ്പോള്‍ അഭികാമ്യമായത്,സൈക്കിളെടുത്ത് വീട്ടിലേക്ക് ചവിട്ടുക തന്നെ!പിന്നെയും സൌകര്യങ്ങളുണ്ടു.ഹെല്‍മറ്റ് വേണ്ട.പൊല്യൂഷന്‍ മാസ്ക് ധരിക്കേണ്ട.

ഗ്രീന്‍പാര്‍ട്ടിയും പരിസ്ഥിതിവാദികളും കമ്യൂണിറ്റി സൈക്ലിങ്ങിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുണ്ടു.ആഗോളതാപനത്തിനെതിരായ വലിയൊരു കാല്‍വെയ്പ്പായി ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ടു.ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകവഴി അന്തരീക്ഷഠിലെ കാര്‍ബണ്‍ നിര്‍ഗ്ഗമനം കുറയുന്നു.അന്തരീക്ഷമലിനീകരണവും അങ്ങനെ അഗോളതാപന സാദ്ധ്യതയും കുറയുന്നു.

ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ മാര്‍ഗ്ഗമാണു സൈക്ലിങ്ങു.പ്രത്യേകിച്ച്, യാതൊരു ശാരീരികാദ്ധ്വാനവും ചെയ്യാതെ ,പത്തുമണിക്കൂറോളം പ്രതിദിനം ‍റിവോള്‍വിങ്ങ് ചെയറിലിരിക്കുന്ന ഐ.ടി പ്രൊഫഷണലുകള്‍ക്ക്.അതുകൊണ്ടു തന്നെ,ബംഗളൂരില്‍ അധികൃതര്‍ കമ്മ്യൂണിറ്റി സൈക്ക്ലിങ്ങ് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷനല്‍കുന്നു.മഹാനഗരങ്ങളിലടക്കം ഇന്ത്യയില്‍ എല്ലായിടത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുങ്കൈയ്യെടുത്ത് സ്വകാര്യസംരംഭകരുടെ സഹകരണത്തോടെ അനായാസം നടപ്പിലാക്കാവുന്നതാണു ഈ പദ്ധതി.സര്‍ക്കാരിന്റെ ആരോഗ്യ,സ്പോര്‍ട്ട്സ് വകുപ്പുകളുടെ ബജറ്റ് വിഹിതത്തിന്റെ ഒരു വിഹിതവും ഇതിനായി നീക്കി വെക്കണം.മായാവതി സര്‍ക്കാര്‍ ചെയ്തതു പോലെ പത്താം ക്ലാസ് പാസകുന്ന എല്ലാ പെണ്‍കുട്ടികള്‍‍ക്കും മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ സൈക്കിള്‍ സമ്മാനമായി നല്‍കട്ടെ.ഈ പദ്ധതി ഹൈസ്കൂള്‍ തലം തൊട്ടു തന്നെ തുടങ്ങുകയാണെങ്കില്‍ നന്ന്.

കോപ്പണ്‍ഹേഗന്‍ ഉച്ചകോടിയുടെ സന്ദേശം ഉള്‍കൊണ്ടുകൊണ്ടു സര്‍ക്കാരിനു കര്‍മ്മപഥത്തിലിറങ്ങാന്‍ സമയമായി.അവര്‍ ആദ്യം ചെയ്യേണ്ടത് സൈക്കിളുകളുടെ മേലുള്ള എല്ലാ നികുതികളും എടുത്തുകളയുകയും ,എല്ലാ റോഡുകളിലും സൈക്കിള്‍ ബേകള്‍ നിര്‍മ്മിക്കാന്‍ തുക വകയിരുത്തുകയുമാണു.ആസൂത്രിതനഗരമായ ചണ്ഡിഗറിലെ പ്രധാനനിരത്തുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ടു.ആ മാതൃക മറ്റിടങ്ങളിലും പിന്തുടരാവുന്നതാണു.

പാരീസിലെ പച്ചപരിഷ്കാരികള്‍ മാത്രമല്ല,‍ ഇന്ത്യയിലെ സിലിക്കണ്‍ വാലിയിലെ കനത്ത ശമ്പളം വാങ്ങുന്ന ഐ.ടി പ്രൊഫഷണലുകള്‍ വരെ സൈക്കിളില്‍‍ സഞ്ചരിക്കുന്ന കാലം വരുകയാണോ?

-സൈക്കിളില്‍ തുടങ്ങി നാം സൈക്കിളില്‍ മടങ്ങിയെത്തുകയാണു!സൈക്കിളിനെ പുതിയ അര്‍ത്ഥതലങ്ങളില്‍ കണ്ടെത്തുകയാണു.

Tuesday, 19 January 2010

ഉത്തരേന്ത്യയില്‍ ഈ മഞ്ഞു കാലത്ത്...

ഡിസംബര്‍ അവസാനം ഉത്തരേന്ത്യയിലായിരുന്നു.ചണ്ഡിഗര്‍,സിംല,പിന്നെ ഡല്‍ഹി.മരം കോച്ചുന്ന തണുപ്പ് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നില്ല.താപനില രാത്രിയില്‍ പൂജ്യത്തിനും താഴേക്ക് പോയിരുന്നില്ല.പക്ഷേ,അപ്പോഴേക്കും തണുത്ത് മരവിച്ച് തെരുവുകളില്‍ ജനങ്ങള്‍ മരിക്കാന്‍ തുടങ്ങിയിരുന്നു.ഇതെഴുതുമ്പോള്‍ ഹിമാചലിലും ചണ്ഡിഗറിലും അടക്കം ഒട്ടേറെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ രാത്രി താപനില പൂജ്യത്തിനും വളരെ താഴെയാണു.മൂടല്‍ മഞ്ഞ്,പിന്നെ,വീശിയടിക്കുന്ന ശീതക്കാറ്റും.

-ഇപ്പോൾ മരണസംഖ്യ അഞ്ഞൂറിനോടടുക്കുന്നു.ഒരു പക്ഷേ സമീപകാലചരിത്രത്തിലൊന്നും ഇത്രയധികം പേര്‍ കുറഞ്ഞസമയത്തിനകം ശീതകാലത്ത് മരിച്ചിട്ടുണ്ടാവില്ല.ഏറ്റവുമധികം മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശില്‍ നിന്നാണു.കുറവ് പഞ്ചാബില്‍ നിന്നും.അവിടെ അമൃത്സറില്‍ മൈനസ് 8 ഡിഗ്രിവരെ താപനില താന്നിട്ടും ഏതാനും മരണങ്ങള്‍ മാത്രമാണു ഉണ്ടായത്.ഏറ്റവുമധികം ജനസംഖ്യയുള്ള,വികസനത്തില്‍ പിന്നക്കമായ ഉത്തര്‍പ്രദേശില്‍ അതിശൈത്യം കൂടുതല്‍ ദുരന്തം വിതയ്ക്കുക സ്വാഭാവികം.

തണുപ്പ് സഹിക്കാനാകാതെ തെരുവില്‍കിടന്ന് മരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും തലയ്ക്ക്മീതെ ശൂന്യാകാശം മാത്രമുള്ളവരാണു.പിച്ചക്കാരും അനാഥരും വീടില്ലാത്തവരും ശൈത്യകാലത്ത് തണുത്ത് വിറങ്ങലിച്ച് മരിക്കും.ഉടുക്കാന്‍ കീറവസ്ത്രങ്ങള്‍ മാത്രമുള്ളവര്‍ക്ക് ഇത് ഭീകരമായ രാത്രികള്‍.

ഡല്‍ഹി താമസത്തിനിടയില്‍ കുറേക്കാലം അനുഭവിച്ച ശൈത്യകാലത്തിന്റെ സ്മരണയില്‍ അരക്കയ്യന്‍ സ്വെറ്ററും മഫ്ലറുമായായിരുന്നു സിംലയിലേക്ക് പുറപ്പെട്ടത്.,ഹിമാലയസാനുക്കള്‍ക്ക് മുകളിലൂടെ നാരോഗേജിലൂടെ കിതച്ച് -കിതച്ച് കേറുന്ന ഹിമാലയന്‍ ക്വീന്‍ തീവണ്ടി.‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹെരിറ്റേജ് സ്റ്റേഷനായ സിംലയില്‍ എത്തിയപ്പോൾ സന്ധ്യയായി.ഓട്ടോറിക്ഷകളില്ലാത്ത നഗരത്തില്‍ ടാക്സി കിട്ടണമെങ്കില്‍ ഏറെ നേരം കാത്തുനില്‍ക്കണം.അതുകൊണ്ട് സഹായിക്കാന്‍ വന്ന പോര്‍ട്ടര്‍ക്ക് പിന്നാലെ അരക്കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലേക്ക് നടന്നു.മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളില്‍ നിന്ന് വീശിയടിക്കുന്ന ശീതക്കാറ്റ് ശരീരത്തിലെ ഒരോ രോമകൂപത്തിലേക്കും തുളച്ചുകയറി.ചെവിയും മൂക്കും വിരലുകളും ഏതാനും മിനിറ്റുകള്‍ക്കകം ഐസ് കട്ടപോലെയായി.ഷൂസും സോക്സുമിടാത്തതിനാല്‍ കാലുകള്‍ തണുത്തു മരവിച്ചുതുടങ്ങി.പിന്നെ വഴങ്ങാ‍തെയായി.നിലത്തുറക്കാത്ത കാലുകളുമായി ഒരുവിധം ഹോട്ടലിലെത്തി.പാദങ്ങളിലെ മരവിപ്പ് മാറാന്‍ മണിക്കൂറുകളെടുത്തു.ഈ അതിശിത്യകാലത്ത് ഇവിടെക്കഴിയാൻ ബൂട്ടോ ഷൂസോ ഉറപ്പായും വേണം.കൂടുതല്‍ ചൂടുതരുന്ന പ്രത്യേകതരം സോക്സും കൈ ഉറയും,ശരീരം മുഴുവന്‍ മൂടുന്ന സ്വെറ്ററും ജാക്കറ്റുമൊക്കെ ധരിച്ചാണു അവിടെ സാധാരണക്കാര്‍ പോലും നടക്കുക.അല്ലെങ്കില്‍ മഞ്ഞിലും ശീതകാറ്റിലും പെട്ട് ശരീരത്തിന്റെ ചിലഭാഗങ്ങളില്‍ രക്തഓട്ടം നിലയ്ക്കും.പ്രത്യേകിച്ച് കാലിലും കൈകളിലും.
ശരീരോഷ്മാവ് 98.6 ഫാരന്‍ ഹീറ്റ്സാണു.അത് കുറഞ്ഞ് 95ല്‍ എത്തുമ്പോഴാണു അപകടാവസ്ഥയിലാവുന്നത്.തുറന്നിരിക്കുന്ന ശരീരഭാഗങ്ങളിലെ തൊലിയും‍ ‍ ടിഷ്യൂവും രക്തചംക്രമണം നിലച്ച് വെളുത്ത് മഞ്ഞളിക്കുന്നു.മരവിച്ച് വിണ്ടു കീറുന്നു.സ്നോബൈറ്റ്(snowbite) എന്ന ഈ അവസ്ഥ വളരെ ഗുരുതരമാകാനിടയുണ്ടു.ഉടന്‍ തന്നെ ആളിനെ ചൂടുള്ള സ്ഥലത്തേക്ക് മാറ്റണം.പിന്നെ, നല്ല ചൂടുള്ള മധുരപാനീയങ്ങള്‍ കൊടുക്കണം.ചൂടുവെള്ളം തുടര്‍ച്ചയായി ആ ഭാഗങ്ങളിലേക്ക് ഒഴിച്ചുകൊടുക്കണം.ഇതാണു ആരോഗ്യവിദഗ്ദ്ധര്‍ പറയുന്ന പ്രാഥമിക ചികിത്സ.

തണുപ്പ് കാരണം താടികൂട്ടിമുട്ടി വിറക്കുന്നു. ഒന്ന് സംസാരിക്കാന്‍ പോലുമാവാവുന്നില്ല.തൊട്ടടുത്ത ബസ് സ്റ്റേഷന്റെ മുന്നിലെ പഞ്ചാബി ധബ്ബയില്‍ ആഹാരം കഴിക്കാന്‍ പോകുമ്പോള്‍ ,റോഡിനിരുവശത്തും നൂറുകണക്കിനു പാവങ്ങള്‍ ആ രാത്രിയുമായി മരണപ്പോരാട്ടത്തിനു തയ്യാറെടുക്കുന്നത് കണ്ടു.ചപ്പുചവറുകള്‍ പെറുക്കിക്കൂട്ടി തീയിട്ട് ,അതിനു ചുറ്റും കൂനിക്കൂടിയിരുന്ന് തീകായുകയാണു ചിലര്‍.ഒന്നോ രണ്ടോ മണിക്കൂറിനകം അവരുടെ നെരിപ്പോടുകള്‍ കെടും.പിന്നെ തെരുവോരവും കടത്തിണ്ണകളും നടപ്പാതകളും കിടക്കയാക്കി,അതിന്മേല്‍ പഴയപത്രങ്ങളും കീറച്ചാക്കുകളും കീറവസ്ത്രങ്ങളും വിരിച്ച് അവര്‍ നേരം വെളുപ്പിക്കാന്‍ നോക്കും.അതിനിടയില്‍ മഞ്ഞു പെയ്യും.ചിലപ്പോള്‍ മഴയും.അടുത്തദിവസത്തെ പ്രഭാതം കാണാന്‍ അവരില്‍ ചിലര്‍ കണ്ണു തുറക്കില്ല.

മഞ്ഞുകാലം ഇടത്തരക്കാ‍ര്‍ക്കു പോലും താങ്ങാനാവില്ല.സാധാരണക്കാര്‍ക്ക് അതിജീവനത്തിന്റെ പുത്തന്‍ പാഠങ്ങള്‍ അഭ്യസിക്കണം.താപനില താഴും തോറും ജീവിതച്ചെലവ് കുതിച്ചുയരും.പച്ചക്കറികള്‍ക്കും മറ്റും വിലകുറവാണെങ്കിലും,ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലേ പിടിച്ചുനില്‍ക്കാനാകൂ. ശരീരത്തിലെ കൊഴുപ്പെല്ലാം തണുപ്പിനെ പ്രതിരോധിക്കാനായി കത്തിപ്പോകും.അതിനാല്‍ കൂടുതല്‍ കാലറിയുള്ള ആഹാ‍രം കഴിക്കണം.കശുവണ്ടിയും അപ്രിക്കോട്ട്സും അടക്കമുള്ള ഡ്രൈഫ്രൂട്സിനും നട്ട്സിനും ഏറ്റവും കൂടുതല്‍ ചെലവുള്ളത് മഞ്ഞുകാലത്താണു.വിലയേറിയ ഓട്ട്സും ,സോയബീനുമൊക്കെ കഴിക്കണം.വൂളന്‍ ഡ്രസും ബൂട്ട്സ് അല്ലെങ്കില്‍ ഷൂസും സോക്സും വാങ്ങണം.ശൈത്യത്തിനു കാഠിന്യമേറും തോറും കുടുംബ ബജറ്റ് താ‍ളം തെറ്റും.

-അപ്പോള്‍ അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളുടെ കാര്യമോ?ഒന്നോ രണ്ടോ നേരം ഉണക്കച്ചപ്പാത്തിയും വല്ലപ്പോഴും ഒപ്പം ഉരുളങ്കിഴങ്ങു കൊണ്ടോ പരിപ്പുകൊണ്ടോ ഉള്ള ഒരു തവി കറിയും മാത്രം കഴിച്ച് തെരുവില്‍ കിടന്നുറങ്ങുന്നവരുടെ സ്ഥിതി പരമദയനീയമാണു.അവരാണു മരിച്ചുവീഴുന്നത്.
ഡല്‍ഹിയിലെ ജന്തര്‍മന്ദിറിനു സമീപം കനത്ത മൂടല്‍മഞ്ഞില്‍ നേരം പുലരുമ്പോള്‍ കേബിളിനോ മറ്റോ റോഡില്‍ കുഴിയെടുക്കുന്ന തൊഴിലാളികളെ കണ്ടു.അവര്‍ രാത്രിവരെ അവിടെയുണ്ടാകും.ബീഹാറില്‍ നിന്നോ യു.പിയില്‍ നിന്നോ കൂലിപ്പണിക്കെത്തിയ അര്‍ദ്ധപട്ടിണിക്കാരാണിവര്‍.കടുത്ത മഞ്ഞുകാലത്തും വേനല്‍ കാലത്തും അവര്‍ക്ക് തെരുവില്‍ ഇങ്ങനെ കൂലിവേലയെടുത്തേ മതിയാകൂ.തെരുവോരത്തോ ചേരിയിലോ അവരെക്കാത്ത് ഒട്ടിയ വയറുമായി ഒരു കുടുംബം ഇരിപ്പുണ്ടാകും.മഹാനഗരങ്ങളിലേക്ക് അഷ്ടിക്ക് വകതേടിയെത്തുന്ന ലക്ഷക്കണക്കിനാളുകളുണ്ടു.അവര്‍ക്കും ഈ മഞ്ഞുകാലം ജീവനുവേണ്ടിയുള്ള കഠിനമായ മറ്റൊരു പോരാട്ടം കൂടി.

പ്രകൃതിയുടെ ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ നമുക്ക് പരിചിതമല്ലാത്തതിനാലാകാം നാം ഇതിനെക്കുറിക്ക് ഗൌരവതരമായി ചിന്തിച്ചിട്ടില്ല. മഞ്ഞുകാലം മാത്രമല്ല ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്.കടുത്തവേനലും മരണവാറന്റുമായി എത്താറുണ്ട്.വേനല്‍കാലത്ത് കേരള എക്സ്പ്രസില്‍ കയറി ഡല്‍ഹിക്കു പോകുമ്പോള്‍ വരണ്ടുണങ്ങിയ ആന്‍ഡ്രയിലെയും മദ്ധ്യപ്രദേശിലേയും യു.പിയിലേയും ചില ഗ്രാമങ്ങളില്‍ വെള്ളം കിട്ടാതെ ചത്ത കന്നുകാലികളുടെ മൃതദേഹങ്ങളും അസ്തികൂടങ്ങളും കഴുകന്മാർ കൊത്തിവലിക്കുന്നത് പതിവു കഴ്ചകളാണു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലക്കാരനായ ഒരു യുവസൈനിക ഉദ്യോഗസ്ഥൻ‍ രാജസ്ഥാനിൽ സൂര്യാഘാതമേറ്റ് മരിച്ച വാര്‍ത്ത ഓര്‍ക്കുന്നില്ലേ?അതിശൈത്യത്തില്‍ മരിക്കുന്നതിന്റെ നാലിരട്ടിപ്പേരാണു ചൂടുകാറ്റേറ്റ് അവിടെ മരിക്കുന്നത്.ഒറീസയിലാണു സൂര്യാഘാതമരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്.ഈ മരണങ്ങളിലും സാധാരണക്കാരും പ‍ട്ടിണിപ്പാവങ്ങളും തന്നെയാണു ഇരകളില്‍ ഏറെയും.

നാം ഇത്രയധികം പുരോഗമിച്ചുവെന്ന് അവകാശപ്പെട്ടിട്ട് എന്തുകാര്യം?തണുപ്പും ചൂടും സഹിക്കാനാകാതെ,അവയില്‍ നിന്ന് രക്ഷനേടാനുള്ള ത്രാണിയില്ലാതെ,ജനം പക്ഷിമൃഗാദികളെപ്പോലെ മരിച്ചുവീഴുന്ന ഒരു നാട്ടില്‍ എന്ത് ഉന്നതി ഉണ്ടായാലും അതൊക്കെ അര്‍ഥശൂന്യമാണെന്ന് പറയേണ്ടി വരും.ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ,ഭവനരഹിതരുടേയും യാചകരുടേയും എണ്ണം കുതിച്ചുയരുകയും ചെയ്യുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിനാണു.നമുക്ക് എവിടെയോ കാലിടറി.പതിത ജനതയ്ക്കായുള്ള അസംഖ്യം ക്ഷേമപദ്ധതികള്‍ക്ക് നടുവിലും ഈ മരണങ്ങള്‍ വലിയ ചോദ്യചിഹ്ന്നങ്ങളാകുന്നു.

അധികാരത്തിന്റെ അകത്തളങ്ങളിലെ ആഡംബരങ്ങളില്‍ അഭിരമിക്കുന്നവരില്‍ മനസാക്ഷി മരവിക്കാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ തണുത്ത് വിറങ്ങലിക്കുന്ന മഞ്ഞുകാലത്ത് താഴെ തെരുവോരങ്ങളിലേക്കും ചേരികളിലേക്കും നോക്കി ആത്മപരിശോധന നടത്താം.
-ഇനിയും ഋതുക്കള്‍ മാറിവരും.മഞ്ഞു പെയ്യും.ശീതക്കാറ്റടിക്കും.പിന്നെ വേനല്‍ വരും.ഉഷ്ണപാതം വരും.അപ്പോഴും ഈ തെരുവുകളില്‍ മരണം താണ്ഡവനൃത്തമാടും.

Thursday, 14 January 2010

വരവായി , ക്വീൻസ് ഇംഗ്ലീഷ്

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലീഷ് എങ്ങനെ?
കഴിഞ്ഞ കുറേ വർഷമായി മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയമാണിത്.കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ രാജ്ഞിയുടെ ഇംഗ്ലീഷ് ഉച്ചാരണവും,ശൈലിയും മാറിപ്പോയെന്നാണു ആരോപണം.
ക്വീൻസ് ഇംഗ്ലീഷ്,ബി.ബി.സി ഇംഗ്ലീഷ്,ഒക്സ്ഫോർഡ് ഇംഗ്ലീഷ് എന്നീ പേരുകളിൽ ലോകമെങ്ങും അറിയപ്പെടുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ രാജ്ഞി തന്നെ മായം ചേർത്താൽ,അത് തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അഭിജാതരുടെ സമൂഹം എങ്ങനെ സഹിക്കും?
തലമുറകളായി കൈമാറികിട്ടുന്ന ഉച്ചാരണമാണു ഇതിന്റെ സവിശേഷത എന്നതിനാൽ ആർ.പി അഥവാ റിസീവ്ഡ്പ്രൊനൺസിയേഷൻ എന്നും ഭാഷാ ശാസ്ത്രജ്ഞർ ക്വീൻസ് ഇംഗ്ലീഷിനു പേരുനൽകിയിട്ടുണ്ടു.ബ്രിട്ടനു പുറത്ത് ഇന്ത്യയടക്കം മാതൃകയായി സ്വീകരിച്ചിരിക്കുന്ന ഈ വിശേഷപ്പെട്ട ഇംഗ്ലീഷ് ബ്രിട്ടനിൽ എത്രശതമാനം പേർ ഉപയോഗിക്കുന്നുണ്ട്?
-വെറും രണ്ടു ശതമാനം പേർ.അതേ, ബ്രിട്ടനിലെ 98 ശതമാനം ജനങ്ങളും സംസാരിക്കുന്നത് ഇംഗ്ലീഷിന്റെ പ്രാദേശിക വകഭേദങ്ങളാണു.ഒക്സ്ഫോർഡ് സർവകലാശാലയുടെ 20 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഈ അഭിജാതമായ ഇംഗ്ഗ്ലീഷ് പ്രചരത്തിലുള്ളൂ എന്ന് എം.എ ക്ലാസിൽ ഫൊണറ്റിക്സ് അദ്ധ്യാപകൻ പഠിപ്പിച്ചത് ഓർമ്മവരുന്നു.പക്ഷേ,ബ്രിട്ടനിലെ ഭരണാധികാരികളുടേയും സമൂഹത്തിലെ ഉന്നതരുടേയും ഇംഗ്ലീഷിനു ലോകമെങ്ങും കുലീനസ്ഥാനം ലഭിച്ചു.നമ്മുടെ കോൺവെന്റ് സ്കൂളുകളിലും പബ്ലിക്ക് സ്കൂളുകളിലും ഒക്സ്ഫോർഡ് ഇംഗ്ലീഷ് അഭിമാനത്തോടെ പഠിപ്പിക്കുന്നു.കുട്ടികളെ ആ ഉച്ചാരണം തന്നെ ശീലിപ്പിക്കുന്നു.അതിൽ പ്രാഗൽഭ്യം നേടാത്തവരുടെ ഇംഗ്ലീഷിനെ അവജ്ഞയോടെ വീക്ഷിക്കുന്നു.ഒക്സ്ഫോർഡ് ഇംഗ്ലീഷ് മണിമണിയായി സംസാരിക്കുന്നവരുടെ മുന്നിൽ ഏതു കവാടവും തുറക്കപ്പെടുന്നു.ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞുശീലിച്ചവർ പോലും ഉത്തരേന്ത്യക്കാരുടേയും തമിഴരുടേയും വന്യമായ ഉച്ചാരണംകേട്ട് ഊറിച്ചിരിക്കുന്നു.
ഒന്നാംതരം ഇംഗ്ലീഷ് സംസാരിക്കാനറിയാത്തവർ ദൃശ്യമാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് കോമാളികളായി ചിത്രീകരിക്കപ്പെടുന്നു.ദേശീയ മാദ്ധ്യമങ്ങൾ ലാലുപ്രസാദിനും മുലയം സിങ്ങിനും ചാർത്തിക്കൊടുത്ത പ്രതിച്ഛായ നോക്കുക.സാമ്പത്തിക വിദഗ്ധർ ചരമക്കുറിപ്പെഴുതി കൈയൊഴിഞ്ഞ ഇന്ത്യൻ റെയിൽവേയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിലേക്ക് നയിച്ച ഈ ഭരണാധികാരിയെ നിരക്ഷരനായ നാട്ടിൻപുറത്തുകാരൻ എന്നപോലെയാണു അവർ നിരന്തരം അവതരിപ്പിക്കുന്നത്.ഔദ്യോഗികവസതിയിൽ പശുവിനെ വളർത്തുന്ന,പരസ്യമായി മുറുക്കിത്തുപ്പുന്ന, പച്ചയായ ഈ മനുഷ്യൻ സംസാരിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ഹിന്ദി പോലുമല്ല.അതിന്റെ പ്രാദേശിക വകഭേദമായ ഭോജ്പുരിയിൽ ആശയവിനിമയം നടത്തുന്ന,കോട്ടും സ്യൂട്ടുമിടാതെ ഐ.ഐ.എമ്മുകളിൽ പോലും തന്റെ ‘പ്രാകൃത’ രീതിയിൽ വിദ്യാർത്ഥികളോട് ഇടപെടുന്ന ഒരാളെ ഈ മാധ്യമങ്ങൾ എങ്ങനെ സഹിക്കും?
ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയാ‍യവർക്ക് ഇനി ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ പെടാപ്പാട് പെടേണ്ടിവരും.മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ അധസ്ഥിതരുടെ രാഷ്ട്രീയമുന്നേറ്റമാണു സംസ്ഥാന തലത്തിൽ മാത്രം വ്യാപരിച്ചിരുന്ന ഒരു വലിയ സംഘം നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് ഉയർത്തിയത്.ദേവഗൌഡയിലൂടെ പ്രധാനമന്ത്രിപദം പോലും തങ്ങൾക്ക് അന്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞു.
ഇന്ത്യൻ ഇംഗ്ലീഷ് പോലും നന്നായി അറിയാത്ത,നടപ്പിലും വേഷത്തിലുമൊക്കെ നാട്ടിൻ പുറത്തെ കർഷകരെ അനുസ്മരിപ്പിക്കുന്ന ഈ നേതാക്കളുടെ വൻ നിരയ്ക്ക് ദേശീയദിനപ്പത്രങ്ങൾ വിചിത്രമായ ഒരു വിളിപ്പേരും ചാർത്തി-റീജ്യണൽ സത്രപ്സ്!അവർ നിരന്തരം കാർട്ടൂണുകളിലൂടെ ആക്രമിക്കപ്പെട്ടു.കോമാളികളായി ചിത്രീകരിക്കപ്പെട്ടു.നെഹ്രുവും കൃഷ്ണമേനോനുമടക്കമുള്ള ദേശീയനേതാക്കൾ തങ്ങളുടെ ക്വീൻസ് ഇംഗ്ലീഷ് കൈമുതലാക്കി ദേശീയരാഷ്ട്രീയത്തിൽ എത്രയോ ഉയരങ്ങൾ കൈയ്യടക്കി.അതുകൊണ്ടായിരുന്നിരിക്കണം പ്രധാനമന്ത്രിക്കസേരയിലിരിക്കാനുള്ള ക്ഷണം “നോ ഇംഗ്ലീഷ്,നോ ഹിന്ദി” എന്നു പറഞ്ഞ് കാമരാജ് നിരാകരിച്ചത്.തമിഴൊഴികെ ഒരു ഭാഷയും അറിയാത്ത കാമരാജിനു ഒപ്പം കൂട്ടാൻ അന്ന് ദേശീയരാഷ്ട്രീയത്തിൽ മറ്റാരും ഉണ്ടാ‍യിരുന്നില്ലായിരിക്കാം.അതെന്തായാലും, അദ്ദേഹം അധികാരക്കസേര നിരാകരിച്ച ത്യാഗിയയി;കിങ് മേക്കറായി.
-ഇന്ന്,മാതൃഭാഷയ്ക്കപ്പുറം മറ്റൊനുമറിയാത്ത അസംഖ്യം നേതാക്കൾ ഡൽഹിയിൽ തന്നെയുണ്ടു.ഒരുപക്ഷേ അവരാണു ഇന്ന് നിർണ്ണായകശക്തി.തമിഴ് മാത്രം അറിയുന്ന അഴഗിരി ഇന്ന് കാബിനറ്റ് മന്ത്രിയാണു.ലോക്സഭയിൽ മന്ത്രിമാർക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കാനേ അനുവാദമുള്ളൂ.അതിനാൽ ഇതുരണ്ടുമറിയാത്ത മന്ത്രി സഭയിൽ ഹാജരാകാറില്ല. വന്നാൽ തന്നെ ഒന്നും മിണ്ടാറില്ല.ഒന്നാംതരം ഒക്സ്ഫോർഡ് ഇംഗ്ലീഷ് സംസാരിക്കുന്ന പി.ചിദംബരത്തിന്റേയും മണിശങ്കർ അയ്യരുടേയും സുബ്രഹ്മണ്യൻ സ്വാമിയുടേയും നാട്ടിൽ നിന്നാണു അഴഗിരിയും വരുന്നത് എന്നോർക്കണം.
മാതൃഭാഷ മാത്രം അറിയുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇനി എത്രകാലം ദേശീയരാഷ്ട്രീയരംഗത്ത് പിടിച്ചു നിൽക്കും?കാലം മാറുകയാണു.മഹാത്മാഗാന്ധിയുടേയും കാൾ മാക്സിന്റേയും അനുയായികൽ ബദ്ധവൈരികളാണെങ്കിലും മുൻപ് വേഷഭൂഷാദികളിൽ ഏതാണ്ട് ഒരുപോലെയായിരുന്നു.ഖദറിലോ കൈത്തറിയിലോ ഉള്ള മുണ്ടും ജൂബയും.
-ഇന്നോ?തനി ഗാന്ധിയനും തൊഴിലാളിവർഗ്ഗ നേതാവുമൊക്കെ ധരിക്കുന്നത് വിലകൂടിയ എക്സിക്യൂട്ടീവ് ഡ്രസ്.ലണ്ടനിലും ഹാർവാർഡിലും മറ്റും വിദ്യാഭ്യാസം.കുത്തകകമ്പനി സി.എം.ഡിമാരുടെ ജീവിതശൈലി.എന്നും അടിച്ചു പൊളി.ഡാൻസ് ആന്റ് ഡൈൻ !
ടി.വി ചാനലുകൾ ജനഹിതത്തെ രൂപപെടുത്തുന്ന കാലത്ത് പാർട്ടികളുടെ വക്താക്കളായി ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും തകർത്താടുന്നതിനു ഇഗ്ലീഷ്ഭാഷയിൽ അവഗാഹം വേണം.അതിനു ക്വീൻസ് ഇംഗ്ലീഷ് തന്നെ വേണം.ഇന്ത്യൻ ഇംഗ്ലീഷ് പോര.
-ഈ തിരിച്ചറിവ് ആദ്യം ഉണ്ടായത് ഇടതുപക്ഷത്തിനായിരിക്കണം.ഡൽഹിയിലെ ജെ.എൻ യുവിൽ നിന്ന് നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് അവർ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന വിമർശനം ഉണ്ടായത് ഈ സാഹചര്യത്തിലാകണം.ഈ.എം.എസിന്റേയോ സുന്ദരയ്യയുടേയോ, ഹർകിഷൻ സിങ്ങ് സൂർജിത്തിന്റേയോ ത്യാഗപൂർണമായ ജീവിതാനുഭവങ്ങൾക്ക് സമാനമായ പ്രവർത്തനപാരമ്പര്യമുള്ള നേതാക്കൾക്ക് ഇനിയൊരിക്കലും ദേശീയ നേതൃത്വത്തിലേക്ക് ഉയരാൻ കഴിയില്ല.മാദ്ധ്യമവാക്പയറ്റുകളിൽ പ്രാവീണ്യമില്ലാത്ത ഒരാളും ഇനി രാഷ്ട്രീയരംഗത്ത് അതിജീവിക്കില്ല.ടി.വി പേഴ്സണാലിറ്റികളല്ലാത്ത അച്യുതാനന്ദന്റേയും കരുണാകരന്റേയും കരുണാനിധിയുടേയും,എന്തിനു ഏ.കെ അന്റണിയുടേയും മാർക്കറ്റ് വാല്യൂ അനുദിനം ഇടിഞ്ഞേക്കും.മാദ്ധ്യമമാർക്കറ്റിലെ എടുക്കാചരക്കുകൾക്കിനി ജനാധിപത്യ ഗോദയിൽ അൽ‌പ്പായുസ്സാണു.അവർ അവിടെ മൂക്കും കുത്തി വീഴുക തന്നെ ചെയ്യും.
അത് നന്നായി അറിഞ്ഞതിനാലാകാം രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ടെസ്റ്റും ഇന്റർവ്യൂവും അടക്കമുള്ള ടാലന്റ് ഹണ്ടു നടത്തി ചെറുപ്പക്കാരെ നിയമിക്കുന്നത്.പിന്നാലെ മറ്റു സംഘടനകളും ഇത് മാതൃകയാക്കികൂടായ്കയില്ല.
ഇംഗ്ലീഷ് അറിയാമെങ്കിലും ഹിന്ദിയിൽ മാത്രം പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മായാവതിയുടേയും ,ഇംഗ്ലീഷിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച മുലായം സിങ്ങിന്റേയും നാട്ടിൽ പ്രൈമറിക്ലാസ് മുതൽ ഇംഗ്ലീഷ് നിർബ്ബന്ധിതമാക്കിയതിന്റെ ഉദ്ദേശ്യം പകൽ പോലെ വ്യക്തം.ഭാവി വിജയം ഇംഗ്ലീഷിൽ പ്രവീണ്യം നേടുന്നവർക്കുള്ളതാകുന്നു.കൊച്ചി സർവകലാശാലയുടേതടക്കമുള്ള അഖിലേന്ത്യാഎൻട്രൻസ് പരീക്ഷകളിൽ ബീഹാറുകാരും ഉത്തർപ്രദേശുകാരും ആദ്യറാങ്കുകൾ കുറേവർഷങ്ങളായി കൈക്കലാക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു അവർ നൽകുന്ന പ്രാധാന്യം കാരണമാണു.അവരുടേത് ഇന്ന് പഴയ ‘ഹിംഗ്ലീഷ്’ അല്ല;അഭിജാത ബ്രിട്ടീഷുകാരോട് കിടപിടിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷാണത്.അതിനാൽ അധികംവൈകാതെ അവർ കേരളത്തെ പിന്നിലാക്കി നേട്ടങ്ങൾ കൊയ്യും.
അവിടത്തെ ക്യാമ്പസുകളിൽ നിന്ന് നേരെ ദേശീയരാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നവരിൽ ഇനിയൊരിക്കലും മറ്റൊരു ലാലുപ്രസാദ് ഉണ്ടാകാനിടയില്ല.ഉന്നത ബിരുദധാരികളും സിവിൾ സർവീസിലെ പ്രഗൽഭരും രാഷ്ട്രീയപാർട്ടികളുടേയും ഭരണത്തിന്റേയും നേതൃനിരയിലെത്തുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.ഇനി ഒരു ഇബിച്ചിവാവയ്ക്കും കാന്തലോട്ട് കുഞ്ഞമ്പുവിനും ലോനപ്പൻ നമ്പാടനും റാബ്രിദേവിക്കുമൊന്നും രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ജാതിയുംകുലമഹിമയുമൊന്നും നോക്കാതെ പന്ന്യൻ രവീന്ദ്രനെ ഒരു ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് അയച്ച് ചരിത്രം സൃഷ്ടിച്ചവരാണു തിരുവനന്തപുരത്തെ വോട്ടർമാർ.അതേ പന്ന്യൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മത്സരിച്ചിരുന്നെങ്കിലോ?ഒരു ലക്ഷം വോട്ടിന്റെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ശശി തരൂരിനു നൽകിയ വോട്ടർമാരിൽ നല്ലൊരുശതമാനവും വോട്ടുചെയ്തത് അദ്ദേഹത്തിന്റെ ശുദ്ധമായ ഇംഗ്ലീഷിനായിരുന്നുവല്ലോ!
ഭാവിയിൽ അത്യുന്നത പദവികളിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള നേതാവാണു ശശി തരൂർ.മായം ചേർക്കാത്ത ബ്രിട്ടീഷ്,അമേരിക്കൻ അക്സറ്റുകളിൽ അനർഗ്ഗളമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന നേതാക്കൾ വിരളമായത് അദ്ദേഹത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.ഭാ‍വി രാഷ്ട്രീയനേതാക്കളുടെ വാ‍ർപ്പ് മാതൃകയായി തീരുകയാണു ശശി തരൂർ, ഇപ്പോൾ.
അതിനാൽ ഇനി നമ്മുടെ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയേ തീരൂ.അധികാരമോഹം രക്തത്തിലലിഞ്ഞു ചേർന്ന എല്ലാവരും ഇനി ശശി തരൂരിന്റേയും ജയ്റാം രമേഷിന്റേയുംകാലടികളെ തന്നെ പിന്തുടരും. അത് ക്വീൻസ് ഇംഗ്ലീഷിന്റെ വഴിയാണു.
ബ്രിട്ടനിലെ രണ്ടേ രണ്ടു ശതമാനം പേർ മാത്രം സംസാരിക്കുന്ന ,എലിസബത്ത് രാജ്ഞിക്കുപോലും നാവുപിഴയ്ക്കുന്ന ക്വീൻസ് ഇംഗ്ലീഷിനു ഇനി ഇവിടെ സുവർണ്ണകാലം.ഇപ്പോൾ തന്നെ ബ്രിട്ടൻ കാരെക്കാൾ പതിന്മടങ്ങാളുകൾ ഒക്സ്ഫോറ്ഡ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇന്ത്യയിലായിരിക്കണം.
എലിസബത്ത് രാജ്ഞിയുടെ നാട്ടിൽ ക്വീൻസ് ഇംഗ്ലീഷ് അന്യം നിന്നാലും ഇന്ത്യൻ മണ്ണിൽ ഇനി അതിനു പുതുജന്മം!

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ