ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 28 December 2010

അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്..

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാൻ അതിന്റെ കരട് തയ്യാറാക്കുമ്പോൾ തന്നെ ശ്രമം തുടങ്ങിയതാണു.അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങൽ അഞ്ചുവർഷം കൊണ്ടു തന്നെ ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ടു.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതൽ ശക്തിപ്പെടുത്താനെന്ന പേരിൽ കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.

പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങൾ മാത്രമേ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എൽ.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരിൽ സാധാരണക്കാർക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യൻ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോൾ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങൾ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉൾക്കിടിലത്തോടെ ഓർക്കും.ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലുമൊരാൾ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങൾ തുറന്നുകാട്ടുമെന്ന് അവർക്കറിയാം.ഫയലിന്മേൽ അടയിരിക്കുന്നവരുടെ ശീലങ്ങൾ മാറുകയാണിപ്പോൾ.“എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകൾ തിരക്കി നിസ്വനായ ഒരാൾ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പ്നാടക്കാരെപ്പോലും വേട്ടയാടുന്നു.അഴിമതിയിൽ ലോകത്ത് ഒന്നാം നിരയിൽ തന്നെ സ്ഥാനമുണ്ടു ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകൾ വന്നു കഴിഞ്ഞു.അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകൾ തെറുപ്പിച്ചതും,കർണ്ണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകൾ പുറത്ത് കൊണ്ടുവരുന്നതിൽ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ടു. ഇനിയും എത്രയോ തലകൾ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാർ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!

വിവരാവകാശനിയമം നിലവിൽ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീർന്നു.ഫയൽ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ പോലും ഇപ്പോൾ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തിൽ നിയമം ദുർബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡൽഹിയിൽ നടത്തിയവർ ഈ വ്യവസ്ഥകൾ നിയമത്തിൽ നിന്ന് എടുത്തുകളയാൻ സമ്മർദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിപ്പിനെത്തുടർന്ന് ആ നീക്കം പരാജയപ്പെട്ടു.

പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്”എന്ന ചോദ്യത്തിനു ഉത്തരം നൽകേണ്ടെന്ന തീരുമാനം,സത്യത്തിൽ വിവരാവകാശ നിയമത്തിന്റെ മുന തന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണു.ഒരു അഴിമതി നടത്തുമ്പോൾ,ഒരു നിയമം മറികടക്കുമ്പോൾ ,ഒരു ഫയൽ പൂഴ്ത്തിവെക്കുമ്പോൾ ഇപ്പോൾ ഒരാൾക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു?എന്താണു കാരണം?”എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാൻ കഴിയില്ല.ഇത് നിയമത്തെ ദുർബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു,നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാൽ പഞ്ചായഠ് ഓഫീസിലെ ഗുമസ്ഥൻ പൂഴ്ത്തി വെച്ചിരിക്കുന്നു.മുൻപ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നൽകേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പ്നാടക്കുള്ളിൽ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നൽ വേഗം കിട്ടാൻ.“എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”/“എന്തുകൊണ്ടു മറ്റെയാൾക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാൽ നിയമപ്രകാരം കാരണങ്ങൾ വ്യക്തമാക്കാൻ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഇപ്പോൾ നൽകുക.ഇത് നിയമത്തെ ഭാവിയിൽ തമാ‍ശയാക്കി മാറ്റിയേക്കും.“അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാൽ “കിട്ടിയിട്ട് പത്ത് വർഷമായി” എന്നും “അതിന്മേൽ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാൽ“നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാൻ പറ്റില്ല” എന്നുമായിരിക്കും നിങ്ങൾക്ക് കിട്ടുന്ന മറുപടി.ഇതുകൊണ്ടു എന്ത് പ്രയോജനം?

അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥർ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു.ലഭ്യമായ വിവരങ്ങളും രേഖകളും നൽകിയാൽ മതി എന്നാണു വ്യവസ്ഥ.ഒരാൾ അപേക്ഷ നൽകി എന്നതുകൊണ്ടു മാത്രം വിവരങ്ങൾ ‘ജനറേറ്റ്”ചെയ്തു നൽകേണ്ട എന്ന നിർദ്ദേശത്തിന്റെ മറവിൽ “വിവരങ്ങൾ ലഭ്യമല്ല” എന്ന് ഉത്തരം നൽകി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു.വിവരങ്ങൾ നൽകുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കിൽ,അപേക്ഷകനു താല്പര്യമുണ്ടെങ്കിൽ അവ നേരിട്ട് ചെൻന്ന പരിശോധിക്കാൻ അവസരം നൽകണമെന്നാണു ചട്ടം.അതിന്റെ മറവിൽ ഏതു വിവരം ആവശ്യപ്പെട്ടാലും,“ഓഫീസിൽ വന്ന് താങ്കൾക്ക് പരിശോധിക്കാം”എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ടു.ഉത്തരം ഓഫീസിൽ വന്ന് വാങ്ങിക്കൊണ്ട്പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീൽ നൽകുകയോ.കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാർഗ്ഗം.പക്ഷേ, ഒരു ശതമാനം പേർ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലിൽ തീർപ്പ് കൽ‌പ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങൾ വൈകും.സംസ്ഥാന-കേന്ദ്ര കമ്മീഷനുകളിൽ അപ്പീലുമായി എത്തുന്നവർ അത്യപൂർവ്വം.അതിന്റെ നൂലാമാലകൾ തന്നെ കാരണം.മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീൽ നൽകിയാലോ?തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അത് വർഷങ്ങളോളം നീണ്ടു പോകാം.അതിനു ആരു തുനിയും?

വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകൽ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്.അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളിൽ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്നും ,ഒരു അപേക്ഷയിൽ 250 വാക്കുകളിൽ കൂടാൻ പാടില്ല എന്നും പറയുന്നു.ഇപ്പോൾ ഒരു അപേക്ഷയിൽ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവർ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സർക്കാർ ഓഫീസുകളുടെ ദൈനംദിനപ്രവർത്തനങ്ങൾ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ടു.ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ.അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം.പക്ഷേ ഒരു അപേക്ഷയിൽ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കർഷിച്ചാൻ അത് വിവരങ്ങൾ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സർക്കാരിന്റെ പ്രവർത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകൾ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല.ഏതു വിധേനയും നിയമത്തെ ദുർബലപ്പെടുത്തുവാൻ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥർ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.

അതിനെക്കാൾ പ്രതിലോമകരമാണു,വിവരങ്ങൾ ലഭ്യമാക്കാൻ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരിൽ നിന്ന് ഈടാക്കണമെന്ന നിർദ്ദേശം.വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷക്ക് ഉത്തരം നൽകാൻ ഫയലുകൾ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവർടൈം നൽകിയ വകയിലും ,അന്നേദിവസം അവർക്ക് ചായയും കാപ്പിയും ഊണും മറ്റും നൽകിയ വകയിലും,ഓഫീസ് അധികസമയം പ്രവർത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബിൽ തുക എഴുതി അത് അപേക്ഷകരിൽ നിന്ന് വസൂലാക്കാൻ ഇനി എന്തെളുപ്പം!വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും.കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാർലമെന്റിൽ നിന്നും, നമ്മുടെഎം.എൽ.എയും എം.പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ,കഴിഞ്ഞ വർഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശപ്രകാരം ഒരു അപേക്ഷ നൽകിയാൽ ഇനി എന്തുണ്ടാകും?കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങൾ.അവർക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലിൽ പറന്ന് വന്ന് വിവരങ്ങൾ തെരഞ്ഞുപിടിച്ച് നൽകേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി,ബത്ത,സ്പെഷ്യൽ പെ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ചെലവായ തുക ചിലപ്പോൾ ലക്ഷങ്ങൾ വന്നേക്കാം.അതിന്റെ ബിൽ കണക്കു കൂട്ടി മുങ്കൂർ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങൾക്ക് ലഭിക്കുക!

വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി,ഈ കരട് തയ്യാറാക്കുന്നതിൽ പ്രവർത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ടു.അപേക്ഷകർ മരിച്ചാൽ അപേക്ഷയിന്മേൽ തുടർനടപടി വേണ്ടെന്ന നിർദ്ദേശമാണത്.ഇപ്പോൾ തന്നെ പത്തോളം വിവരാവകാശപ്രവർത്തകർ കൊലചെയ്യപ്പെട്ടിട്ടുണ്ടു.അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനു മുങ്കൈയെടുത്ത സർക്കാർ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തിൽ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങൾ തിരക്കി അപേക്ഷ നൽകുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാൻ ഇനി എന്തെളുപ്പം;ആളെ തീർത്തേക്കുക.അധോലോകത്തെ ഇതിൽ‌പ്പരം സന്തോഷിപ്പിക്കുവതെന്ത്?

അപ്പീലുകളിന്മേൽ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിർദ്ദേശം.അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും.വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യിൽ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും.ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തിൽ വക്കീലന്മാർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ തുറന്നു നൽകിയതു പോലെ വിവരാവകാശ നിയമവും അവർക്കൊരു വരുമാനമാർഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള,ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്.ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.
അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...

Monday, 20 December 2010

സദാചാര പൊലീസ് തെരുവിലിറങ്ങുമ്പോൾ....

ഴിഞ്ഞ ദിവസം ചാവക്കാട്ടെ പൊലീസ് തൃശൂരില പത്രത്താളുകളിൽ കയറിക്കൂടിയത് പുതിയൊരു കർമ്മരംഗത്തിന്റെ പേരിലായിരുന്നു.അരയ്ക്ക് താഴെ വരുന്ന(ലോ വെയ്സ്റ്റ്)പാന്റ്സ് ധരിക്കുന്ന ചെറുപ്പക്കാരെ പിടികൂടി കൈകാര്യം ചെയ്യാനായി അവിടെ പൊതുസ്ഥലങ്ങളിൽ മഫ്തിപൊലീസിനെ നിയോഗിച്ചിരിക്കുന്നു.ഇത്തരം പാന്റ്സിട്ട് ബസിൽ കയറുന്നവരുടെ കാണേണ്ടാത്ത ഭാഗങ്ങൾ കണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണു നടപടി എന്നാണു അവിടത്തെ സി.ഐ പറയുന്നത്. ആദ്യം ‘കുറ്റവാളികളെ’ പിടികൂടി ‘നന്നായി ഉപദേശിച്ചു’ വിടും.എന്നിട്ടും നന്നാകുന്നില്ലെങ്കിൽ പെറ്റി അടിച്ചുവിടും.ഇതാണു ചാവക്കാട്ടെ സദാചാര പൊലീസിന്റെ ‘മോഡസ് ഒപ്പറാണ്ടി’.


പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കണമെന്ന കാര്യത്തിൽ സംശയമില്ല.അൽ‌പ്പവസ്ത്രധാരണവും നഗ്നതാപ്രദർശനവും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ധാർമ്മിക-സദാചാര സങ്കൽ‌പ്പങ്ങൾക്കും ജീവിതശൈലിയ്ക്കും സംസ്കാരത്തിനും എതിരായതിനാൽ നിരുത്സാഹപ്പെടുത്തേണ്ടതാണു.അതിനു,പക്ഷേ,നിയമപരമായ വ്യവസ്ഥകളില്ല.ഏതു വസ്ത്രം,എങ്ങനെ അണിയണമെന്ന് നമ്മുടെ ഭരണഘടന നിഷ്കർഷിച്ചിട്ടില്ല.ഒരു രാജ്യത്തും പൌരർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുള്ളതായി അറിയില്ല.പണ്ടു കംബോഡിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോൾ പോട്ട് അതിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.


മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ അതിപ്രാകൃവും സഭ്യതയ്ക്കും മാന്യതയ്ക്കും ഒട്ടും നിരക്കാത്തതുമായ വേഷവിധാനങ്ങൾ ഇന്ത്യയിൽ അനുവദിക്കപ്പെട്ടിരിക്കുന്നു.കുംഭമേളക്കാലത്ത് പൂർണ്ണനഗ്നരായ നാഗസന്യാസിമാർ,ചുടലഭസ്മവും വാരിപ്പൂശി,ചരസും കഞ്ചാവും പുകച്ച് സ്വൈര്യവിഹാരം നടത്തുന്നു.ജൈനമതത്തിൽ ദിഗംബരസന്യാസിമാരുടെ വലിയൊരു വിഭാഗം തന്നെയുണ്ടു.അവരെ പലപ്പോഴും ഒട്ടേറെ സംസ്ഥാനസർക്കാരുകൾ സ്റ്റേറ്റ് ഗസ്റ്റുകളായി തന്നെ സ്വീകരിക്കാറുണ്ടു.വസ്ത്രവിരോധികളോ അല്പവസ്ത്രധാരികളൊ ആയ പിന്നെയും ഒട്ടേറെ മത-അവാന്തര വിഭാഗങ്ങളിൽ പെടുന്നവർ ഇവിടെയുണ്ടു.വടകരയുൾപ്പെടെ പല സ്ഥലങ്ങളിൽ ആശ്രമങ്ങളുള്ള സിദ്ധമതത്തിലെ പുരുഷന്മാർ ഷർട്ട് ധരിക്കില്ല;മറ്റുള്ളവർ മിനിമം വസ്ത്രം മാത്രമേ അണിയൂ.


ഇന്ത്യാഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തുന്ന അമേരിക്കയിലേയും ബ്രിട്ടനിലേയും ജർമ്മനിയിലേയുമുൾപ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുടെ സ്ത്രീകളായ ഭരണാധികാരികളോടും ഉന്നത ഉദ്യോഗസ്ഥകളോടും മാറുമറക്കാത്ത ഉടുപ്പും,കാൽമുട്ടു പോലുമെത്താത്ത സ്കർട്ടും ധരിച്ചാൽ മടക്കവിമാനത്തിൽ കയറ്റി തിരിച്ചയക്കുമെന്ന് പറയാൻ പറ്റുമോ?അവർ പൊതുവേദികളിൽ കാലിന്മേൽ കാലും കയറ്റിവെച്ച്,ശരീരഭാഗങ്ങളെല്ലാം അനാവൃതമാക്കിയിരുന്നാൽ പെറ്റിക്കേസെടുക്കുമെന്നോ,അവരെ പിടികൂടി നന്നായി ഉപദേശിച്ചു വിടുമെന്നോ ഡൽഹിപൊലീസിലെ ഏതെങ്കിലും ഏമാൻ തീരുമാനിക്കുമോ?ദിനം പ്രതി ഇന്ത്യയിലേക്കു വരുന്ന ലക്ഷക്കണക്കിനു വിദേശവിനോദസഞ്ചാരികൾ ഷോർട്ട്സോ,ബിക്കിനിയോ,ഹാഫ് പാന്റ്സോ ധരിക്കരുതെന്നു നിഷ്കർഷിക്കാൻ ആർക്കെങ്കിലും കഴിയുമോ?കോവളത്തേയും കൊച്ചിയിലേയും,വർക്കലയിലേയുമൊക്കെ പൊലീസ്, ബീച്ചുകളിൽ പരിശോധന നടത്തി അൽ‌പ്പവസ്ത്രധാരികളെ പിടിച്ചു പെറ്റിയടിക്കുമോ?കോവളത്തും ഗോവയിലുമൊക്കെ ബീച്ചുകളിൽ മാറുമറക്കാത്ത,ടോപ്പ്ലസായ,ആയിരക്കണക്കിനു വിദേശടൂറിസ്റ്റുകൾ കൂത്താടുന്നുണ്ടു.മദ്യപിച്ചു മദോന്മത്തരായി സർവ്വനിയമങ്ങളേയും കാറ്റിൽ പറത്തി അഴിഞ്ഞാടുന്ന വിദേശികൾക്ക് പട്ടുമെത്ത വിരിച്ചുകൊടുക്കുകയാണു പൊലീസിന്റേയും ഭരണാധികാരികളുടേയും ധർമ്മം എന്നാണു അവരെ പഠിപ്പിച്ചിരിക്കുന്നത്.അവർക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണു നാട്ടുകാർക്ക് മേൽ സദാചാരപൊലീസ് ചമഞ്ഞു അധികാരദണ്ഡ് പ്രയോഗിക്കാൻ തുനിയുന്നത്.


തിരുവനന്തപുരത്ത് മ്യൂസിയത്തിലും വെള്ളയമ്പലത്തുമൊക്കെ പ്രഭാതസവാരിക്കിറങ്ങുന്നവരെ ഈ സദാചാരസംരക്ഷകർ ഒന്നു നിരീക്ഷിക്കുന്നത് നല്ലതാണു.ഉന്നത ഉദ്യോഗസ്ഥരും,വിരമിച്ചവരും രാഷ്ട്രീയനേതാക്കളും ഉൾപ്പെടെയുള്ള സമൂഹത്തിലെ ‘വെണ്ണപ്പാളി’വിഭാഗത്തിൽ പെട്ടവരാണിവരിൽ ഭൂരിപക്ഷം പേരും.അവരിൽ ചില പുരുഷന്മാർ ഷോർട്ട്സ് എന്നു വിളിക്കുന്ന കുട്ടി നിക്കറും ബനിയനും അണിഞ്ഞാണു സവാരിക്കിറങ്ങുന്നത്.അവരുടെ പരിഷ്കാരിണികളായ ഭാര്യമാരും അതേപോലത്തെ സ്പോർട്ട്സ് വസ്ത്രങ്ങളാണു അണിയുന്നത്.ഇവ കണ്ട് ജനങ്ങൾക്ക് വഴി തെറ്റുമെന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സദാചാരനിഷ്ഠനായ ഒരു ഏമാനു നാളെ ഭൂതോദയമുണ്ടായാൽ എന്തുണ്ടാകും?അങ്ങോർ ഇവരെയെല്ലാം കൂടി ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടു പോയി സ്റ്റേഷനിലെ ലോക്കപ്പിൽ തുണിയഴിച്ച് ഇടുമോ?


വനിതാടെന്നിസിനും അത് ലറ്റിക്ക്സിനുമൊക്കെ പാദം വരെ മുട്ടുന്ന വസ്ത്രം ധരിക്കണമെന്നും അല്ലെങ്കിൽ അതിൽ പങ്കെടുക്കുന്നത് സാനിയ മിർസയാണെങ്കിലും പിടികൂടി ഫൈൻ ചുമത്തുമെന്നും നാളെ മറ്റൊരു സ്റ്റേഷനിലെ വലിയേമാനു തോന്നിക്കൂടായ്കയില്ല.


കഴിഞ്ഞ കാലങ്ങളിൽ പരമ്പരാഗത മുസ്ലീംസ്ത്രീവേഷം അണിഞ്ഞും,കന്യാസ്ത്രീകളുടെ വേഷം കെട്ടിയും മോഷണംനടത്തിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.അതുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരം മതപരമായ വേഷങ്ങൾ ആരും ധരിക്കാൻ പാടില്ലെന്നോ,അവരൊക്കെയും പൊലീസിന്റെ കർശനനിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകണമെന്നോ ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശഠിച്ച്കൂടായ്കയില്ല.മുഖം മറയ്ക്കുന്ന വസ്ത്രധാരണം കുറ്റകൃത്യം നടത്തുന്നവരെ പ്രോൽസാഹിപ്പിക്കുമെന്നും അതിനാൽ ഫ്രാൻസിലും തുർക്കിയിലും ചെയ്തതു പോലെ മുസ്ലീംസ്ത്രീകൾ പർദ്ദ ധരിക്കുന്നതും,മറ്റു മതസ്ഥർ സമാന വസ്ത്രങ്ങളണിയുന്നതും നിരോധിക്കണമെന്നും ആവശ്യമുയരാനിടയുണ്ടു.മനുഷ്യാവകാശ ലംഘനങ്ങളിൽ കുപ്രസിദ്ധി നേടിയവരാണു നമ്മുടെ പൊലീസുകാർ.അവരുടെ കൈയ്യിൽ ധാർമ്മികപരിപാലനത്തിന്റെ ദണ്ഡു കൂടി ലഭിച്ചാലോ?ഇപ്പോൾ തന്നെ കാമുകീ-കാമുകന്മാരെ സ്റ്റേഷനിൽ വച്ച് കല്യാണം കഴിപ്പിക്കുക,പാർക്കുകളും ലോഡ്ജുകളും റെയിഡ് നടത്തി കല്യാണ സർട്ടിഫിക്കേറ്റില്ലാത്ത ‘മഹാപരാധ’ത്തിനു ദമ്പതിമാരെ പിടികൂടുക,അപഥസഞ്ചാരിണികളെ പിടികൂടി തലമുണ്ഡനം ചെയ്യുക എന്നിത്യാദി സന്മാർഗ്ഗപരിപാലനകൃത്യങ്ങൾ പൊലീസുകാരിൽ ചിലർ ചെയ്തുവരുന്നുണ്ടു.നാളെ സീത്രൂ സാരി ധരിച്ചെന്നും,‘വി’കട്ട് ബ്ലൌസിട്ടെന്നും,റ്റോപ്പിടാത്ത ചുരീദാറിട്ടെന്നുമൊക്കെയുള്ള ‘കുറ്റങ്ങൾ’ ആരോപിച്ചും സദാചാരപൊലീസ് കർമ്മനിരതരായേക്കും.ജനാധിപത്യത്തിന്റെ അകാലമൃത്യുവായിരിക്കും അനന്തരഫലം.

ജനങ്ങളെ സദാചാരവും ധാർമ്മികതയും പഠിപ്പിക്കേണ്ടത് കാക്കിധാരികളല്ല.ലാത്തിയും ബൂട്ടും ബയനറ്റും മൂലം ഒരാളും സന്മാർഗ്ഗജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.സനാതനമായ ജീവിത മൂല്യങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഇവിടെ മത-സാമൂഹിക-സാംസ്കാരിക നേതാക്കളുണ്ടു.വിശുദ്ധ ഗ്രന്ഥങ്ങളുണ്ടു.ഉദാത്തമായ സാഹിത്യകൃതികളുണ്ടു.
പൊലീസിനിതിൽ എന്തു കാര്യം?

Sunday, 12 December 2010

ജുഡീഷ്യറി:തമസല്ലോ സുഖപ്രദം!

വിടെയാണു ഒന്നും ചീഞ്ഞുനാറാത്തത്?
അലഹബാദ് ഹൈക്കോടതിയിൽ അഴിമതി കൊടികുത്തിവാഴുന്നുവെന്നു സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജുവും ഗ്യാൻ സുധ മിശ്രയുമടങ്ങിയ ഡിവിഷൻ ബഞ്ച് നടത്തിയ പരാമർശമാണു സ്വജനപക്ഷപാതത്തിന്റെ പാതാളഗർത്തിൽ ഇന്ത്യൻ ജുഡീഷ്യറിയിലെ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്ന ആരോപണം സത്യമാണെന്നു വെളിപ്പെടുത്തിയത്.
അങ്കിൾ ജഡ്ജ് സിൻഡ്രോം” എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പ്രതിഭാസം അലഹബാദ് ഹൈക്കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല.അതിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടു.കേരളം മുതൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ഉന്നത ന്യായപീഠങ്ങളിലേക്ക് നീളുന്നതാണു അതിന്റെ വേരുകൾ.
രണ്ടു പതിറ്റാണ്ടിനു മുൻപ് സാക്ഷാൽ നവാബ് രാജേന്ദ്രൻ ഇത്തരം ഒരു പരാതിയുമായി ബാർ കൌൺസിലിന്റെ മുന്നിലെത്തിയിരുന്നു.ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ അതേ കോടതിയിൽ തന്നെ പ്രാക്റ്റീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാ‍ട്ടിയ ആ പരാതിയിന്മേൽ നടപടികളൊന്നും ഉണ്ടായില്ല.പക്ഷേ,ജനങ്ങൾക്ക് കാര്യങ്ങളുടെ പോക്ക് എങ്ങനെയെന്നു അന്നേ മനസിലായി.

ജഡ്ജിമാരുടെ കൈകളും ശുദ്ധമല്ലെന്നു ആവർത്തിച്ചു ബോദ്ധ്യപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ പിന്നാലെ ഉണ്ടായി.
തമിഴ്നാട്ടിലും കർണ്ണാടകത്തിലും ‘അങ്കിൾ ജുഡ്ജ് സിൻഡ്രോം’മിനെതിരെ അഭിഭാഷകരും ബാർ കൌൺസിലും ശബ്ദമുയർത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.
സുഭാഷൻ റെഡി മദ്രാസിലേയും ഏ.ആർ.ലക്ഷ്മണൻ ആൻഡ്രപ്രദേശിലേയും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായിരുന്ന കാലത്ത് അവരുടെ അടുത്തബന്ധുക്കൾക്ക് കേസുകളുടെ കൊയ്ത്കാലമായിരുന്നുവത്രേ.ലക്ഷ്മണന്റെ മകൻ മദ്രാസിലും റെഡിയുടെ അടുത്ത ബന്ധുക്കൾ ഹൈദരാബാദിലുമായിരുന്നു പ്രാക്റ്റീസ് ചെയ്തിരുന്നത്.ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.പക്ഷേ,ചീഫ് ജസ്റ്റിസുമാരുടെ ഉറ്റവർക്ക് കേസുകൾ കൂടിയതിന്റെ അർത്ഥം അവിടെ എന്തോ ചീഞ്ഞുനാറുന്നുവെന്നായിരുന്നു.അത് തെളിച്ചുപറയാൻ,പക്ഷേ,അഭിഭാഷകർക്കോ,മാദ്ധ്യമങ്ങൾക്കോ കഴിഞ്ഞില്ല.സാധാരണ വക്കീലന്മാർക്ക് അതിനു ഒരിക്കലും സാധിക്കുകയില്ല.ജഡ്ജിമാരുടെ അപ്രീതിപിടിച്ചുപറ്റിയാൽ കേസ് തോൽക്കുമെന്ന് ആർക്കാണറിയാത്തത്? (മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകൻ പ്രദീപ് ഭൂഷനും,മറ്റൊരു മുൻ ചീഫ് ജസ്റ്റിസ് അഹമദിയുടെ മകളും ഇപ്പോൾ സുപ്രീം കോടതിയിൽ തന്നെ പ്രാക്റ്റീസ് ചെയ്യുന്നുണ്ടു).
കോടതിയലക്ഷ്യത്തെ ഭയന്നിട്ടാകണം ജുഡീഷ്യറിയിലെ അഴിമതിക്ക് മാദ്ധ്യമങ്ങൾ ശ്രദ്ധകൊടുക്കുന്നതേയില്ല.സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ സബർവാൾ ഡെൽഹി സീലിങ്ങ് കേസിൽ സ്വന്തം മകനു അനുകൂലമായി വിധിയെഴുതിയെന്ന് ചൂണ്ടിക്കാണിച്ച പത്രലേഖകനെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിച്ചത് തന്നെ ഉദാഹരണം.അതുകൊണ്ടാകാം 2007ൽ ഇന്ത്യയിലെ ഏറ്റവുമധികം അഴിമതിയുള്ള മൂന്നാമത്തെ സ്ഥാപനം എന്ന ബഹുമതി ട്രാൻസ്പേരൻസി ഇന്റർനഷണൽ ജുഡീഷ്യറിക്ക് നൽകിയത്.

നീതിന്യായരംഗത്തെ അഴിമതി ചർച്ച ചെയ്യപ്പെടുന്നത് അത് മൂടിവെയ്ക്കാനാകാത്തത്ര മലീമസമാകുമ്പോൾ മാത്രമാണു.പക്ഷേ,അഴിമതിക്കാരെ നീക്കം ചെയ്യുക ഭരണഘടനപ്രകാരം തികച്ചും ദുർഘടമേറിയ ഒരു പ്രക്രിയയാണു.അഴിമതി നടത്തി എന്ന് ബോദ്ധ്യം വന്നിട്ടും കൽക്കത്ത ഹൈക്കോടതി ജഡ്ജി സൌമിത്ര സെന്നിനെതിരായി ഒരു നടപടിയും സ്വീകരിക്കാൻ ആർക്കുമായില്ല.അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ സെന്നിനെ നീക്കം ചെയ്യണമെന്നാ‍വശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് എഴുതി.പക്ഷേ,ഒന്നും ഉണ്ടായില്ല.ഇനി ഇമ്പീച്ച് ചെയ്യാമെന്നു വച്ചാലോ?അതിനു പ്രസിഡന്റിനോട് അപേക്ഷിക്കുന്ന നിവേദനത്തിൽ 100 ലോക്സഭാ എം.പിമാരും 50 രാജ്യസഭാ എം.പിമാരും ഒപ്പിടണം.പാർലമെന്റിന്റെ മൂന്നിൽ രണ്ടു അംഗങ്ങളുടെ പിന്തുണയും വേണം.ജസ്റ്റിസ് വി. രാമസ്വാമിയ്ക്കെതിരായ ഇമ്പീച്ച്മെന്റു നടപടി ചീറ്റിപ്പോയത് അവസാനനിമിഷം കോൺഗ്രസ് പ്രമേയത്തെ പിൻതാങ്ങാത്തതിനാലായിരുന്നുവെല്ലോ.മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതിക്കാരായ ജഡ്ജിമാരെ സംരക്ഷിക്കുന്ന ഭരണഘടനാവ്യവസ്ഥകൾ റദ്ദാക്കി,പുതിയവ എഴുതിച്ചേർക്കുക പ്രായോഗികമല്ല.അതിനുള്ള ഭൂരിപക്ഷം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും മുന്നണിക്കും ഇന്നില്ല.

ചരിത്രത്തിൽ ഇന്നുവരെ ഒരൊറ്റ ജഡ്ജിയെ മാത്രമേ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.1949ൽ കോടതി ഉത്തരവിനെ തുടർന്ന് ഗവർണ്ണർ ജനറൽ സി.രാജഗോപാലചാരി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശിവപ്രസാദ് സിൻഹയെ പുറത്താക്കിയത് മാത്രമാണു ഏക അപവാദം.അതുകൊണ്ടു തന്നെ അഴിമതിക്കാരെന്നു വിശേഷിപ്പിക്കപ്പെട്ട ജഡ്ജിമാരെ തത്സ്ഥാനങ്ങലിൽ നിന്ന് നീക്കം ചെയ്യണമെന്ന അപേക്ഷയുമായി അലഹബാദ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ച വിവരാവകാശപ്രവർത്തക നൂതൻ താക്കൂറിന്റെ അപേക്ഷയിന്മേൽ ഫലപ്രദമായ ഒരു നടപടിയും സാദ്ധ്യമല്ല.

അഴിമതി ആരോപണത്തിന്മേൽ അന്വേഷണം നേരിടുന്ന എല്ലാ ജഡ്ജിമാരുടേയും വിവരങ്ങൾ ലഭ്യമാക്കാൻ ആർ.ടി.ഐ നിയമപ്രകാരം അവർ അപേക്ഷയും നൽകിയിട്ടുണ്ടു.
അറിഞ്ഞിട്ടു മാത്രം എന്തു കാര്യം?ജുഡിഷ്യറിയെ വിറ്റു കാശാക്കുന്ന,മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ഔദ്യോഗികസംവിധാനങ്ങൾ ദുരുപയോഗംചെയ്യുന്ന ജഡ്ജിമാരെ യാതൊന്നും ചെയ്യാ‍ൻ കഴിയാത്ത അവസ്ഥയിൽ നമുക്കിങ്ങനെ ആത്മഗതം ചെയ്യാം.
അറിവ് ദുഖമാണു;തമസല്ലോ സുഖപ്രദം,മാ‍ളോരെ!
-അതുകൊണ്ടു ജുഡീഷ്യറിയിലെ അഴിമതിക്കാരും സ്വജനപക്ഷപാതികളും കൊഴുത്തു തടിക്കട്ടെ.അവർ ആഡംബര,സുഖലോലുപജീവിതം നയിക്കട്ടെ.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്നതു തന്നെ കിട്ടും;തീർച്ച.

Sunday, 5 December 2010

സ്വർണ്ണക്കടുക്കനിട്ട അംബാസിഡർമാരും വരവായി...

ഴിഞ്ഞ ദിവസമാണു ഒരു തീവണ്ടിയാത്രക്കിടയിൽ അത് ശ്രദ്ധയിൽ പെട്ടത്‌‌-ചില യുവാക്കൾ കാതിൽ സ്വർണ്ണക്കമ്മലുകൾ അണിഞ്ഞിരിക്കുന്നു!

പണ്ടു നാട്ടുപ്രമാണിമാരും തമ്പ്രാക്കളും തലയിൽ കുടുമയും കെട്ടി കാതിൽ കടുക്കനും ഇട്ട് നടന്നിരുന്നു.ജന്മിത്വത്തെ കടപുഴക്കി എറിഞ്ഞതോടെ അത് അപ്രത്യക്ഷമായി.പുതുപ്പണക്കാർ ആഡ്യത്വം പ്രകടിപ്പിക്കാൻ സ്വർണ്ണമാലയും മോതിരങ്ങളും അണിഞ്ഞു നടന്നു.

അടുത്തിടെ നമ്മുടെ സിനിമകളിലെ ചില അധോലോകനായകരും ഗുണ്ടകളും കാതിൽ ഒറ്റക്കമ്മലണിയുന്നതും ശീലമാക്കി.ഇപ്പോഴിതാ ഒരു പടി കൂടിക്കടന്നു, കാതിൽ പൊന്നിൽ തീർത്ത കമ്മൽ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അതാകാം ഇനി പുതിയ ഫാഷൻ.എന്തിനു പുരുഷന്മാർക്ക് ഒറ്റക്കമ്മലാകുന്നു?രണ്ടു കാതിലുമിരിക്കട്ടെ നായകനു സ്വർണ്ണക്കമ്മലുകൾ എന്ന് നാളെ ഒരു സംവിധായകനു തോന്നിയാൽ എന്തു സംഭവിക്കും?പുതുതായി ഇറങ്ങുന്ന തട്ടുപൊളിപ്പൻ പടത്തിൽ മോഹൻലാലോ മമ്മൂട്ടിയോ രണ്ടുകാതിലും സ്വണ്ണക്കമ്മലുകളണിഞ്ഞുകൊണ്ടു പ്രത്യക്ഷപ്പെട്ടാൽ അതാകും പുതു ഫാഷൻ.നമ്മുടെ മാദ്ധ്യമങ്ങൾ അതിനു വൻപബ്ലിസിറ്റി കൊടുക്കും.ഫാഷൻപ്രിയർ മത്സരിച്ച്-മത്സരിച്ച് സ്വർണ്ണക്കമ്മലുകളുണ്ടാക്കി അണിയും.കാമ്പസുകളിൽ അതാകും തരംഗം.വനിതാമസികകളിൽ പൊന്നണിഞ്ഞ പുരുഷന്മാരുടെ ഫാഷൻ പരേഡുകൾ തകർക്കും.സ്വർണ്ണക്കമ്മലുള്ള പുരുഷന്റെ പൌരുഷം വന്യമാണെന്നും അതാണവരുടെ ഏറ്റവും സെക്സിയായ വേഷമെന്നും സുന്ദരിമാർ മൊഴിയും.കാമ്പസ് സർവേ റിപ്പോർട്ടുകളിൽ സ്വർണ്ണക്കമ്മലുകളണിയുന്നവർ ലീഡ് ചെയ്യും.

-ഇതൊരു ഭാവനയല്ല.കഴിഞ്ഞ കുറേ മാസങ്ങളായി ഒരു വനിതാപ്രസിദ്ധീകരണം കേരളത്തിലെ സ്ത്രീകളെ പുതിയൊരു ഫാഷൻ പഠിപ്പിക്കാൻ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണു.പൊക്കിൾ കിഴിച്ച് ആഭരണം അണിയുന്നതാണത്രേ പുതിയ ട്രെൻഡ്.അത് വളരെ അപകടം പിടിച്ച ഫാഷനായതുകൊണ്ടാകാം ഇവിടെ അത് ഇതുവരെ പച്ചതൊടാത്തത്.
പക്ഷേ, കമ്മലിന്റെ കാര്യം അങ്ങനെയല്ലല്ലോ.അതിൽ റിസ്ക് ഫാക്റ്റർ ഒന്നുമില്ല.മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ സന്തോഷവുമുണ്ടാകും.ഭാഗ്യക്കുറിക്ക് മാത്രമല്ല,പ്രചാരം കൂട്ടാൻ വേണ്ടി പത്രത്തിലൂടെ ഗെയിം കളിപ്പിക്കുകയും കുറി നടത്തുകയും ചെയ്യുന്നവർക്കും പ്രിയം സ്വർണ്ണത്തോടാണു.അവർ സമ്മാനപ്പെരുമഴ പെയ്യിക്കുന്നത് സ്വർണ്ണം കൊണ്ടാണു.ജുവല്ലറിക്കാരാണു ഈ സമ്മാനപദ്ധതികളുടെ മുഖ്യ സ്പോൺസർമാർ.സംസ്ഥാനത്തെ എല്ലാ ടെലിവിഷൻ,എഫ്.എം റേഡിയോ ചാനലുകളുടേയും മുഖ്യസ്പോൺസർമാർ സ്വർണ്ണക്കടമുതലാളിമാരാണു. അതുകൊണ്ടാകാം സമ്മാനങ്ങളെല്ലാം സ്വർണ്ണമയമായിരികുന്നത്.

ആഭരണഭ്രമം കേരളീയസമൂഹത്തെ മാരകമായി കാർന്നു തിന്നുന്ന വിപത്താണെന്ന് അറിയാത്തവരില്ല.കനകം മൂലം തകർന്ന കുടുംബബന്ധങ്ങൾക്ക് കണക്കുമില്ല.സ്വർണ്ണം പവൻ കണക്കിനു കൊടുക്കാനില്ലാത്തവർക്ക് വിവാഹമാർക്കറ്റിൽ വിലയേതുമില്ല.സ്ത്രീധനവും സ്വർണ്ണവും നൽകി പാപ്പരായിത്തീർന്ന എത്രയോ മാതാപിതാക്കൾ നമ്മുടെ മുൻപിലുണ്ടു.
എന്നിട്ടും മാദ്ധ്യമങ്ങൾ സ്വർണ്ണത്തിന്റെ പ്രചാരകരാകുന്നു.കടുത്ത ഈ സാമൂഹികതിന്മയെ കൈഅയച്ച് പ്രോത്സാഹിപ്പിക്കുന്നു.ഒട്ടും ആത്മർത്ഥതയില്ലെങ്കിലും മദ്യം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവല്ലാം അതേപോലെ തന്നെയുള്ള ഈ തിന്മയെ പ്രോത്സാഹിപ്പിക്കുന്നു.ഇതൊരു കടുത്ത വൈരുദ്ധ്യമാണു.

സ്വർണ്ണം ഒരു സുരക്ഷിതനിക്ഷേപമാണെന്ന ന്യാ‍യം പറഞ്ഞാ‍കും അവർ ഇതിനെ എതിരിടുന്നത്.
പൊന്നിനു വിലയേറുന്ന സാഹചര്യത്തിൽ ഈ വാദത്തിനു സാംഗത്യമുണ്ടെന്ന് തോന്നാം.പക്ഷേ അതിനെക്കാൾ ആദായകരവും സുരക്ഷിതവുമാണു വീടോ സ്ഥലമോ വാങ്ങുന്നത്.സ്വർണ്ണത്തെപ്പോലെ അത് ഏറെക്കാലം ഡെഡ് മണിയായി ഇരിക്കുകയില്ല.കുറഞ്ഞകാലം കൊണ്ടു പലമടങ്ങ് വില വർദ്ധിക്കുകയും ചെയ്യും.ആദായവും കിട്ടും.

പക്ഷേ,ഈ മെച്ചമൊന്നുംസ്വർണ്ണത്തിനില്ല.അത് വീട്ടിൽ സൂക്ഷിക്കുകയോ ധരിച്ചുകൊണ്ടു നടക്കുകയോ ചെയ്യുന്നത് ആത്മഹത്യാപരമാണു.ഒരു തരി പൊന്നിനു വേണ്ടി ദിവസവും എത്രയോ കൊലപാതകങ്ങൾ ഇവിടെ നടക്കുന്നു.
ഇനി ഇതിന്റെ സൌന്ദര്യാത്മകവശത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ടു.ഒരാൾക്ക് സ്ത്രീയോടു പ്രണയമോ കാമമോ ബഹുമാനമോ ഉണ്ടാകുന്നത് അവൾ അണിഞ്ഞിരിക്കുന്ന സ്വർണ്ണത്തിന്റെ മാറ്റു നോക്കിയല്ല.സ്വഭാവഗുണമോ സൌന്ദര്യമോ ഇല്ലാത്തവൾ എത്രവിലപിടിപ്പുള്ള ആഭരണം അണിഞ്ഞിട്ടും എന്തു വിശേഷം?സ്വർണ്ണം ആരെയെങ്കിലും ഭ്രമിപ്പിക്കുന്നുവെങ്കിൽ അത് സൂക്ഷിക്കണം.എന്തോ അപകടം പതിയിരിപ്പുണ്ടു.

സിനിമാതാരങ്ങൾ മാത്രമല്ല രാഷ്ട്രീയനേതാക്കളും ജ്വല്ലറികളുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കണമെന്ന് സുരേഷ്ഗോപി ആഹ്വാനം ചെയ്തത് ഒരുസിനിമാക്കാരന്റെ വിടുവായത്തം എന്നുപറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തത് ഇതുകൊണ്ടാണു.ഗാർഹിക സ്വർണ്ണസംഭരണം പ്രോത്സാഹിപ്പിക്കാൻ യുവജനസംഘടനകൾ മുന്നോട്ട് വരണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിക്കുന്നുണ്ടു.

അടുത്തതവണ ഫണ്ടുപിരിക്കാൻ ചെല്ലുമ്പോൾ ആഭരക്കടക്കാർ രാഷ്ട്രീയനേതാക്കളോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാൽ ഇവർ എന്തു ചെയ്യും?ഉണ്ണുന്ന ചോറിനോടു നന്ദിയുള്ള രാഷ്ട്രീയക്കാർ അത് അനുസരിക്കുക തന്നെ ചെയ്യും.അബ്കാരി മുതലാളിയും ജ്വല്ലറി മുതലാളിയും കൽ‌പ്പിച്ചാൽ അത് ശിരസാവഹിക്കാനല്ലാതെ,നിഷേധിക്കാൻ കെല്പുള്ള എത്ര രാഷ്ട്രീയക്കാർ നമുക്കിടയിലുണ്ടു?

രണ്ടുകാതിലും സ്വർണ്ണക്കമ്മലിട്ട് ,മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും സുന്ദരിമാർക്കുമൊപ്പം ഇവർ റാമ്പിൽ ചുവടുവെയ്ക്കുകയില്ലെന്ന് ആരുകണ്ടു?ഇത് പഴയ കാലമല്ല.രാഷ്ട്രീയക്കാരുടെ സുവർണ്ണകാലമാണു!വിദ്യാഭ്യാസ,അബ്കാരി മാഫിയകൾ മുതൽ ലോട്ടറി വരെയുള്ള സർവ അധോലോകമാഫിയാസംഘങ്ങൾക്കും അറിയപ്പെടുന്ന ബ്രാന്റ് അബാസിഡർമാരുള്ള നാടാണിത്.അതിനാൽ,നാളെ കാതിൽ സ്വർണ്ണക്കടുക്കനുമിട്ട് പുതിയ ബ്രാന്റ് അംബാസിഡർമാർ വരുകതന്നെ ചെയ്യും!

Monday, 29 November 2010

ദയാബായി ഒറ്റയ്ക്കാകുന്നത് എന്തുകൊണ്ട്?


മുഖം മൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണു.
എല്ലാറ്റിലും വിശ്വാസം നഷ്ടപ്പെട്ടവരുടെ അവസാനത്തെ അത്താണികളായിരുന്നു,ജുഡീഷ്യറിയും മാദ്ധ്യമങ്ങളും.അവ പോലും പണ്ടേ സംശയത്തിന്റെ കഴിനിഴലിലായിരുന്നു.അപ്പോഴും, ആദർശനിഷ്ഠരായ ഒരു വിഭാഗം അവയുടെ അന്തസ് കെടാതെ,മൂല്യങ്ങൾ തകരാതെ, സംരക്ഷിച്ചുപോന്നു.റാഡിയാടേപ്പുകളിലൂടെ അവരിലെ ഉന്നത വ്യക്തിത്വങ്ങളും കളങ്കിതരാണെന്ന് ഞെട്ടലോടെ നമ്മളിപ്പോൾ മനസിലാക്കുന്നു.അഴിമതിക്കാരായ ജഡ്ജിമാരെക്കുറിച്ച് അതിശക്തമായ ഭാഷയിൽ ഇക്കഴിഞ്ഞ ദിവസവും സുപ്രീംകോടതി പരാമർശം നടത്തി. രാഷ്ട്രീയപ്രസ്ഥാനങ്ങൾ
എല്ലാവിധ അപഭ്രംശങ്ങൾക്കും വിധേയമാണെന്ന് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണു.അപ്പോൾ പിന്നെ സത്യസന്ധരായ പൊതുപ്രവർത്തകർ എവിടെയാണുള്ളത്?

അവരുടെ വംശം തന്നെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് പരിതപിക്കുന്നവരുണ്ടു.നിസ്വാർത്ഥമായ സന്നദ്ധസേവനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മറ്റൊരു ഒരു കൂട്ടരുണ്ടു.അവരാണു ആദിവാസികളേയും ദളിതരേയും ദുർബലവിഭാഗങ്ങളേയും മുന്നിൽ നിർത്തി വിദേശ ഏജൻസികളുടെ പണം പിടുങ്ങുന്നവർ.അത്തരം സന്നദ്ധസംഘടനകളുടെ വലിയൊരു നിര തന്നെ ഏറെ വർഷമായി നമുക്കിടയിലുണ്ടു.അവർ തട്ടിയെടുക്കുന്ന കോടികൾക്ക് സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കു പോലുമില്ല.മത ജാതി സംഘടനകളുടേയും എൻ.ജി.ഒകളുടേയും മറവിൽ വിദേശപണം കൊണ്ടു കൊഴുത്തുതടിക്കുന്നവരുടെ എണ്ണം ഭയാനകമാംവിധം കൂടിക്കൊണ്ടിരിക്കുന്നു.കൈനനയാതെ മീൻ പിടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവരാണു ഇക്കൂട്ടർ.സന്നദ്ധസേവനം അവർക്കൊരു മറ മാത്രം.

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ദയാബായി എന്ന മേഴ്സി മാത്യു ഇവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തയാകുന്നത്,ജീവിതത്തിൽ ഉടനീളം അവർ അനുഷ്ഠിക്കുന്ന സത്യനിഷ്ഠ കാരണമാണു.കഴിഞ്ഞ ദിവസം ആകാശവാണിക്കു വേണ്ടി അവരെ ഇന്റർവ്യൂ ചെയ്തപ്പോൾ,ഇതിഹാസസമാനമായ ആ ജീവിതത്തെ അടുത്തറിയാൻ അവസരം ലഭിച്ചു.പാലയിലെ പൂവരന്നി എന്ന കർഷകഗ്രാമത്തിൽ നിന്ന് കന്യാസ്ത്രീയാകാൻ വേണ്ടി പതിമൂന്നാം വയസിൽ ബീഹാറിലേക്ക് പോയ അവർ ഒരിക്കലും സഭയുടെ നാലതിരുകൾക്കുള്ളിൽ ജീവിതം തളച്ചിട്ടില്ല.പതിതരെ സേവിക്കുന്നതിനു സഭയുടെ തണൽ മതിയാവില്ലെന്ന തിരിച്ചറിവിൽ നിന്നാകാം, ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ അവർ തീരുമാനിച്ചത്.
ഉന്നത ബിരുദങ്ങളും,ധനവുമുണ്ടായിട്ടും അവർ ഇന്നും നിസ്വയായി ജീവിക്കുന്നു.സഭയുടെ പരിരക്ഷണവും, കിട്ടാമായിരുന്ന സുഖപ്രദമായ ജോലിയുമെല്ലാം ഉപേക്ഷിച്ച് അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കമായ ഗോണ്ടുകൾ എന്ന ആദിവാസികൾ അധിവസിക്കുന്ന ചിഡ് വാരയിൽ അവർ അവരിലൊരളായി കൂടി.അവരുടെ പരമ്പരാഗത വസ്ത്രം ധരിച്ചു.അവരോടൊപ്പം കൂലിപ്പണിയെടുത്തു.കടത്തിണ്ണകളിൽ അന്തിയുറങ്ങി.പിന്നെ ആദിവാസിക്കുടിയിൽ അവർ ഒരുക്കിക്കൊടുത്ത കൂരയിൽ അവരോടൊപ്പം താമസിച്ചു.സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി.ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിരുന്ന ആദിവാസികളെ സഘടിപ്പിച്ച് അവകാശങ്ങൾക്കായി പൊരുതി.
വാർദ്ധക്യം അവരിൽ നേരത്തെ കുടിയേറി.പണ്ടേ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു.പല്ലുകൽ കൊഴിഞ്ഞിരിക്കുന്നു.നിറവും മങ്ങിപ്പോയിരിക്കുന്നു.
പട്ടിണി കിടന്നാലും ജരാനരകൾ ബാധിക്കാത്ത ആദിവാസികൾക്കിടയിൽ ജീവിക്കുന്ന ഇവർക്കിത് എന്തു പറ്റി ?ഒരിക്കൽ ആദിവാസികൾക്ക് വേണ്ടി പൊലിസ് സ്റ്റേഷനിൽ സംസാരിക്കാൻ ചെന്ന അവർ കടുത്ത മർദ്ദനത്തിനിരയായി.പല്ലുകൾ കൊഴിഞ്ഞത് അങ്ങനെയായിരുന്നു.എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെ ,ചെറുത്ത്നിൽ‌പ്പിന്റെ വഴികളിലൂടെ അവർ സുധീരം മുന്നോട്ട്പോയി.അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ സ്കൂളും അടിസ്ഥാനസൌകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു.അവർക്കായി നിയമയുദ്ധങ്ങൾ നടത്തി.ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.അവരുടെ ഭാഷയിൽ സംസാരിച്ചു.തെരുവ് നാടകങ്ങളും കവിതയും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.

ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണു അവരെ ഇന്നും പ്രചോദിപ്പിക്കുന്നത്.കുടുംബം നൽകിയ പണം കൊണ്ടു വാങ്ങിയ പാറനിറഞ്ഞ സ്ഥലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലുമുറിയെ പണിയെടുക്കുന്ന അനുഭവങ്ങളും അവർ പങ്കുവെച്ചു.കടുത്ത ജലക്ഷാമമുണ്ടായിരുന്ന അവിടെ ഭൂമിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറത്തേക്കൊഴുക്കിക്കളയാതെ മണ്ണിലേക്ക് ആഴ്ന്നിറക്കുന്നു.അങ്ങനെ അവിടെ ഉറവകളുണ്ടായി.പുല്ലുകളും ചെടികളും മരങ്ങളും ഫലവൃക്‌ഷങ്ങളും ഇപ്പോൾ സമൃദ്ധമായി വളരുന്നു.എല്ലാം വിളയുന്ന മണ്ണു.കൂട്ടിനു പശുക്കളും കോഴിയും താറാവുമൊക്കെയുണ്ടു..മണ്ണും ചെളിയും കൊണ്ടുണ്ടാക്കിയ വീട്ടിൽ കൂട്ടിനു പട്ടിയും പൂച്ചയുമുണ്ടു.ഒപ്പം കവിതകളും.ഒരു രാസവസ്തുക്കളും അവർ ഉപയോഗിക്കുന്നില്ല:പാത്രവും വസ്ത്രവും കഴുകാൻ ഡിറ്റർജന്റ് പോലും.ഏതാണ്ട് സ്വയം പര്യാപ്തയാണു അവർ.
കരയേണ്ടപ്പോൾ കരയുകയും ചിരിക്കേണ്ടപ്പോൾ ചിരിക്കുകയും പൊട്ടിത്തെറിക്കേണ്ടപ്പോൾ അങ്ങനെയും ചെയ്യുന്ന പച്ചയായ ഒരു ജീവിതം.
ആർക്കു കഴിയും ഇങ്ങനെ അർത്ഥവത്തായി പൊരുതി ജീവിക്കാൻ?പലപ്പോഴും ഒന്ന് മേലനങ്ങാതെ,വെറുതെ അധരവ്യായാമം നടത്തി ,മറ്റുള്ളവർക്ക് മേൽ വിമർശനങ്ങളുടെ വിഷപ്പുക തുപ്പുന്നത് ശീലമാക്കിയവരാണു നമുക്ക് ചുറ്റുമുള്ള പൊതുപ്രവർത്തകരും ബുദ്ധിജീവിസമൂഹവും. അവർക്കിടയിൽ ,സ്വന്തം വിശ്വാസപ്രമാണങ്ങളിൽ മുറുകെപ്പിടിക്കുകയും അത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയുംആചെയ്യുന്നവർ അത്യപൂർവ്വം.
ദയാബായിയുടെ ജീവിതംവ്യത്യസ്തമാകുന്നത് അതുകൊണ്ടാണു.അവർ ഒറ്റയ്ക്കാകുന്നതും അതുകൊണ്ടു തന്നെ.പൊതു പ്രവർത്തനം ആഡംബരത്തിലും സുഖലോലുപതയിലും മുങ്ങിക്കുളിക്കുമ്പോൾ ദയാബായിമാർക്ക് ഒറ്റപ്പെടാതിരിക്കാനാവില്ലല്ലോ.
....................................................
ഷൈനി ജേക്കബ് ബഞ്ചമിൻ ദയാബായിയെക്കുറിച്ച് എടുത്ത ഡോക്കുമെന്ററിയുടെ പേർ “ഒറ്റയാൾ” എന്നാണു.

Tuesday, 23 November 2010

മാദ്ധ്യമ അജണ്ട നിശ്ചയിക്കുന്നത് എങ്ങനെ?

ഴിഞ്ഞ ദിവസം കേരളാപ്രസ് അക്കാദമിയിലെ പത്രപ്രവർത്തക വിദ്യാർത്ഥികളോടു റേഡിയോയുടെ കാലിക പ്രസക്തിയെപറ്റി സംസാരിക്കവേ,പ്രധാനപ്പെട്ടൊരു ചോദ്യം ഉയർന്നു:റേഡിയോയിൽ കിട്ടുന്നതെല്ലാം ഇപ്പോൾ മൊബൈൽഫോണിലും കിട്ടും.പിന്നെന്തിനു ഞങ്ങൾ ഭാവിയിൽ റേഡിയോ കേൾക്കണം?

റേഡിയോ മാത്രമല്ല,ടി.വിയും മൊബൈലിൽ കിട്ടും.ജി.പി.ആർ.എസ് കണക്ഷനുണ്ടെങ്കിൽ അതൊരു മിനി കമ്പ്യൂട്ടറായി തന്നെ ഉപകരിക്കും.അതിൽ പത്രങ്ങൾ വായിക്കാം.നെറ്റിൽ തിരഞ്ഞു എന്തും കാണാം;കേൾക്കാം.മെയിലുകൽ അയക്കാം.ചിത്രങ്ങളും വീഡിയോയും അപ് ലോഡ് ചെയ്യാം....അങ്ങനെ എന്തും സാദ്ധ്യമാകുന്ന ഒരു സമഗ്രമാദ്ധ്യമമാണിന്ന് മൊബൈൽ ഫോൺ.മുൻപ് ഈ പംക്തിയിൽ എഴുതിയത് പോലെ,ഫോൺ ചെയ്യുക എന്നത് മൊബൈലിൽ ഫോണിൽ ലഭ്യമായ അസംഖ്യം സൌകര്യങ്ങളിൽ ഒന്നു മാത്രമാണു.

മൂന്നു കോടി പതിനെട്ട് ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ രണ്ടു കോടിയോളം പേർക്കും മൊബൈലുണ്ടു.ഇനിയും ഈ സംഖ്യ കുതിച്ചുയരും.ഒരു പക്ഷേ,അടുത്ത ഒരു കൊല്ലത്തിനകം ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതലാളുകൾക്ക് മൊബൈലുള്ള പ്രദേശം കേരളമാകും.

വളരെയധികം മാദ്ധ്യമവത്കൃതമായ കേരളീയ സമൂഹത്തിൽ ഒരു സമഗ്രമാദ്ധ്യമമെന്നനിലയിൽ,സ്വതന്ത്രാസ്തിത്വവും നിലനിൽ‌പ്പുമുള്ള പുതു മാദ്ധ്യമമായി മൊബൈൽഫോൺ വളർന്നു വരുമോ?ഇപ്പോൾ തന്നെ വാർത്താവിതരണത്തിനും വിനിമയത്തിനുമുള്ള ഏറ്റവും ഫലപ്രദവും കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ മാദ്ധ്യമമായി മൊബൈലിലെ എസ്.എം.എസ്.സർവ്വീസുകൾ വളർന്നിരിക്കുന്നു.വാർത്തകളും വിവരങ്ങളും മാത്രമല്ല,രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക സംഭവങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളും ആകുലതകളും വിമർശനങ്ങളുമൊക്കെ പ്രതിഫലിക്കുന്ന ഒന്നാംതരം ഫലിതങ്ങളും കമൻറ്റുകളുമൊക്കെ എസ്.എം.എസായും,ഇ.മെയിലായും ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നു.റ്റിന്റുമോൻ ഫലിതങ്ങൾ അങ്ങനെ ആധുനിക കേരളീയജീവിതത്തിന്റെ പുതിയ ഫോക് ലോറായി മാറുന്നു.

ഇന്റർനെറ്റു കൂടി അടങ്ങിയ ഈ നവമാദ്ധ്യമങ്ങൾക്കൊപ്പം ഇനിയും ധാരാളം ടി.വി,എഫ്.എം ചാനലുകളും അടുത്ത മാസങ്ങളിൽ കേരളത്തിൽ വരുന്നു.ഇതോടെ ലോകത്തെ ഏറ്റവുമധികം മദ്ധ്യമവത്കൃതമാ‍യ സമൂഹമെന്ന കേരളത്തിന്റെ സ്ഥാനത്തിനു എതിരാളികളുണ്ടാവില്ല.
എന്നിട്ടും നമ്മുടെ ഇടയിലെ എല്ലാവിഭാഗങ്ങളുടേയും വാർത്താവിവിമയാ‍വശ്യങ്ങളെ തൃപ്തിപ്പെടുത്താൻ നമ്മുടെ മാദ്ധ്യമങ്ങൾക്ക് കഴിയുന്നുണ്ടോ?വിവിധ സാമൂഹിക ശ്രേണിയില്പെട്ടവർക്ക് ആവശ്യമായ വിവരങ്ങളും വിനോദവുംനൽക്കാൻ ഈ മാദ്ധ്യമങ്ങൾക്ക് സാധിക്കുന്നുണ്ടോ?

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിനു പുതിയ ഒരു ചോദ്യത്തിലൂടെ സാധിക്കും.എന്തു കൊണ്ടാണു കേരളത്തിലെ ഒരൊറ്റ സാറ്റലൈറ്റ് ടി.വി ചാനലിന്റേയും പ്രൈംടൈമിൽ കർഷകർക്കോ ഗ്രാമീണർക്കോ വേണ്ടിയുള്ള ഒരൊറ്റ പരിപാടി പോലും പ്രക്ഷേപണം ചെയ്യാത്തത്?

വെള്ളം,വെള്ളം സർവത്ര.പക്ഷേ കുടിക്കാൻ ഒരിറ്റു ജലവുമില്ല’ എന്നതാണു സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മാദ്ധ്യമാനുഭവം.മാദ്ധ്യമങ്ങളൊരുക്കുന്ന വിഭവസമൃദ്ധമായ ഈ സദ്യയിൽ അവർക്ക് കഴിക്കാനുള്ള വിഭവങ്ങൾ വളരെ ദുർലഭം.ജനകീയ ടി.വി പരിപാടികളുടെ ഉള്ളടക്കം ഇത് അടിവരയിടുന്നു.സീരിയലുകളെല്ലാം കറങ്ങുന്നത് സമ്പന്നരുടേയോ,ഉയർന്ന ഇടത്തട്ടുകാരുടെയോ സ്വീകരണ മുറികളിലും ബെഡ് റൂമിലുമൊക്കെയാണു.സുഖലോലുപ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ള പരിപാടികൾക്കാണു അവർ എപ്പോഴും മുൻഗണന നൽകുന്നത്.അവരുടെ ആഭരണ,വാഹന,വസ്ത്രഭ്രമത്തേയും ആഹാരശീലങ്ങളേയും,ജീവിതശൈലിയേയുമൊക്കെ തൃപ്തിപ്പെടുത്തുന്ന,പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും വിവരങ്ങളും കൊണ്ട് സമ്പന്നമാണു അവയുടെ ഉള്ളടക്കം.ഇതൊന്നുമില്ലാത്തവരിൽ സ്വപ്നതുല്യമായ ജീവിതത്തോടാഭിമുഖ്യം വളർത്താനും അതിനനുസൃതമായ വ്യാജമൂല്യബോധം നിർമ്മിച്ചെടുക്കാനും ഇവർ നിരന്തരം യത്നിക്കുന്നു.

ഭയാനകമാണു ഇതിന്റെ അനന്തരഫലം.ഇടത്തട്ടുകാരിലെ താഴത്തെ വിഭാഗം മുതൽ അതിനും പിന്നിലുള്ള സാധാരണക്കാരുടെ,ദളിതരുടെ,ആദിവാസികളുടെ,ദരിദ്രരുടെ ഒരുവിധ ജിവിതപ്രശ്നങ്ങളിലേക്കും ഈ മാദ്ധ്യമങ്ങൾ ഒരിക്കലും കടന്നു ചെല്ലുന്നില്ല.ഇവർക്കായി ആവിഷ്കരിക്കപ്പെട്ട അസംഖ്യം വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു വിവരവും ഈ മാദ്ധ്യമങ്ങൾ അവർക്ക് എത്തിക്കുന്നില്ല.അഴിമതിയും കെടുകാര്യസ്ഥതയും കാരണം പാഴായിപ്പോകുന്ന അസംഖ്യം ക്ഷേമപദ്ധതികളെക്കുറിച്ച് ഈ മാദ്ധ്യമങ്ങൾ നിശബ്ദത പാലിക്കുന്നു.

ചെങ്ങറയിലെ സമരക്കാർക്കും ,ആദിവാസികൾക്കും ഭൂമികിട്ടിയോ എന്ന് എന്തുകൊണ്ടാണു ഈ മാദ്ധ്യമങ്ങൾ അന്വേഷിക്കാത്തത്?ആദിവാസിക്കുട്ടികൾക്ക് നഷ്ടപ്പെട്ട മെഡിക്കൽ സീറ്റുകളെക്കുറിച്ച് എന്തുകൊണ്ടാണു ഇവർ ആകുലപ്പെടാത്തത്?അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടാത്തതു കാരണം,എയിഡഡ് സ്കൂൾ,കോളേജ് നിയമനങ്ങളിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും തഴയപ്പെട്ട ഉന്നതബിരുദധാരികളായ ആയിരക്കണക്കിനു പാവങ്ങൽക്ക് വേണ്ടി ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാൻ ഇവർക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണു?

....ഇങ്ങനെ നൂറു നൂറു പൊള്ളുന്ന ചോദ്യങ്ങൾ ഇവരുടെ മുഖത്തേക്കെയ്ത് വിട്ടുകൊണ്ട് അവർ പറയും;ഈ മാദ്ധ്യമങ്ങളൊന്നും ഞങ്ങളുടേതല്ല.ഇവയൊന്നും ഞങ്ങൾക്കു വേണ്ടിയുള്ളതല്ല.ഞങ്ങളുടെ നിത്യജീവിതത്തിനുപകരിക്കുന്നതൊന്നും ഇവർ ഞങ്ങൾക്ക് നൽകുന്നില്ല.ഇവർ ഞങ്ങളുടെ ജീവിതവും സംസ്കാരവും പൈതൃകവും ഭാഷയും ജീവിതപരിതസ്ഥിതികളും ഒന്നും പ്രതിഫലിപ്പിക്കുന്നില്ല.ഇവ ഞങ്ങൾക്ക് അന്യമായ മാദ്ധ്യമങ്ങളാണു.ഇവകൊണ്ട് ഞങ്ങൾക്കൊരു പ്രയോജനവുമില്ല.ഇനി ഇത്തരത്തിലുള്ള ആയിരക്കണക്കിനു മാദ്ധ്യമങ്ങൾ വന്നാലും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ല.

ഇവിടെയാണു പഴഞ്ചനെന്നും,ഈ കാലഘട്ടത്തിനു നിരക്കുന്ന ഉള്ളടക്കമില്ലെന്നുമൊക്കെ ആരോപിക്കപ്പെടുന്ന പൊതുജനസേവക പ്രക്ഷേപകരായ ആകാശവാണിയുടേയും ദൂരദർശന്റേയും പ്രസക്തിയും പ്രാധാന്യവും.അടിപൊളി പാട്ടുകളും തമാശകളും കൊച്ചുവർത്തമാനങ്ങളും സിനിമാവിശേഷങ്ങളുമടങ്ങിയ തട്ടുപൊളിപ്പൻ വിനോദപരിപാടികൾ നൽകുക മാത്രമല്ല മാദ്ധ്യമധർമ്മമെന്ന് അവ ഓരോ കേരളീയനേയും ഓർമ്മിപ്പിക്കുന്നു.

ക്ഷണപ്രഭാചഞ്ചലമായ വിഷയസുഖങ്ങളിലഭിരമിക്കുന്നതാണു ജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് നിരന്തരം വിളിച്ചു പറയുന്ന അസംഖ്യം നവ മാദ്ധ്യമങ്ങൾക്കിടയിൽ അവ സനാതനമായ ജീവിതമൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നു.പ്രതിബദ്ധതയോടെ സമൂഹത്തിന്റെ അടിത്തട്ടിൽ വരെ വിവരങ്ങളും മൂല്യവത്തായ വിനോദവുമെത്തിക്കുന്നു.അവരിലേക്ക് വികസനത്തിന്റെ സന്ദേശമെത്തിക്കുന്നു.മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ ശബ്ദം ലോകത്തെ കേൾ‌പ്പിക്കുന്നു.

ഈ ശബ്ദം പതിയെ നിലയ്ക്കുമോ?മറ്റു മാദ്ധ്യമങ്ങളുടെ തേരോട്ടത്തിനിടയിൽ ഇവ നിലംപതിക്കുമോ?
ഇക്കാണുന്ന എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ചുകൊണ്ടു,ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാൻ കഴിയുന്ന കൽ‌പ്പാന്തകാലത്തോളം ഇവ നിലനിൽക്കുക തന്നെ ചെയ്യും.ഈ ജനങ്ങൾക്ക് വേണ്ടെങ്കിൽ ഇവ കാലയവനികയ്ക്കുള്ളിൽ മറയും.അതു തടുക്കുവാൻ ആർക്കും കഴിയില്ല.ഇവരുടെ മാദ്ധ്യമാഭിരുചികൾ ഇവർ തന്നെ തീരുമാനിച്ചു കൊള്ളും.

ഇത് നിശ്ചയിക്കേണ്ടത് ശീതീകൃത മുറികളിലിരുന്ന് അധരവ്യായാമം ചെയ്യുന്ന സുന്ദരവിഡ്ഡികളായ ഒരു പറ്റം ബുജികളല്ല.ഈ പൊട്ടക്കുളങ്ങളിലെ പുളവൻ ഫണീന്ദ്രന്മാർ നിർമ്മിക്കുന്ന വ്യാജ മാദ്ധ്യമ അജണ്ടകൾക്ക് എന്തു വില!അവർ എന്തറിയുന്നു,വിഭോ!

Tuesday, 2 November 2010

ജനവിധിയുടെ പൊരുൾ

നങ്ങൾ എന്തു നോക്കിയിട്ടാണു വോട്ട് ചെയ്യുന്നത്?
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന,ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.തൊട്ടു മുൻപ് നടന്ന,മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വിഷയങ്ങൾ മിക്കപ്പോഴും ഈ വിധിയെഴുത്തിനെ സ്വാധീനിക്കും.ഇന്ത്യയിലെ തന്നെ ഏറ്റവും മാദ്ധ്യമവത്കൃതമായ സമൂഹമാണു നമ്മുടേത്.അതുകൊണ്ടു തന്നെ മാദ്ധ്യമങ്ങളുടെ ശത്രുത ഏറ്റുവാങ്ങുന്ന കക്ഷികൾക്ക് ഗോദയിൽ പിടിച്ചുനിൽക്കുക ദുഷ്ക്കരമായിരിക്കും.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ടെലിവിഷൻ സംവാദമാണു വിധി നിശ്ചയിക്കുക.അവിടെ കാലിടറുന്നവർ ഒരിക്കലും വൈറ്റ് ഹൌസിൽ എത്തില്ല.

മുൻപ് മത്സരിച്ച സർവ തെരഞ്ഞെടുപ്പിലും തോറ്റ ചരിത്രമുള്ള എം.ഐ.ഷാനവാസ് ശക്തമായ ത്രികോണമത്സരം നടന്ന വയനാടിൽ നിന്നും ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം നേടി ജയിച്ചതിനു അദ്ദേഹം നന്ദി പറഞ്ഞത് ടി.വി ചാനലുകൾക്ക് കൂടിയായിരുന്നു.ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യം ഷാനവാസിനെ വോട്ടർമാർക്കിടയിൽ സുപരിചിതനാക്കി.

ജനങ്ങൾ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടു.രാഷ്ട്രീയക്കാരുടെ നടപ്പും ഉടുപ്പും പോലും പ്രധാനപ്പെട്ട ഘടകമാകുന്നത് ഇതിനാലാണു.ശരീര ഭാകമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ മാത്രം പഠിക്കേണ്ട ഒരു വിഷയമല്ല.പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നവർ എല്ലാം ‘ബോഡി ലാംഗ്വേജിന്റെ’ നാനാർഥങ്ങൾ മനസിലാക്കിയേ തീരൂ.അവരെല്ലാം ചില ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരെപ്പോലെ കോട്ടും സ്യൂട്ടുമിടുകയും ബ്യൂട്ടിപാർലറിൽ പോകുകയും ചെയ്യണമെന്നല്ല ഉദ്ദേശിച്ചത്.ലാലു പ്രസാദിന്റെ ശരീരഭാഷ സാധാരണക്കാരനായ ഒരു ഗ്രാമീണന്റേതാണു.ഇംഗ്ലീഷിൽ ‘ഡൌൺ ടു എർത്ത്’എന്നു വിശേഷിപ്പിക്കാം ഇതിനെ.മമതാ ബാനർജിയുടെ ശരീരഭാഷ നോക്കുക.അതൊരു ജനകീയ പ്രക്ഷോഭകാരിയുടേതാണു.ഏ.കെ.ആന്റണിയുടെ രൂപവും ഭാവവും സൌംമ്യനായ ഒരു ഗാന്ധിയന്റേതാണു.


പ്രസംഗിക്കുന്നത് അടച്ചിട്ടമുറിയിലെ രഹസ്യസമ്മേളനത്തിലായാലും ചാരക്യാമറകൾ ഒപ്പിയെടുത്ത് ജനലക്ഷങ്ങളെ കാണിക്കുന്ന ചാനൽ യുഗത്തിൽ ആരേയും വകവെക്കാത്ത,എപ്പോഴും ധാർഷ്ട്യത്തോടെ,പുച്ഛത്തോടെ മാത്രം സംസാരിക്കുന്ന ഒരുപറ്റം നേതാക്കളുണ്ട്.അവർ എന്നും ജനങ്ങളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നു.അവർ ഓരോ ദിവസവും ശത്രുക്കളെ സൃഷ്ടിക്കുന്നു.അവരോട് സഹതപിക്കാനേ കഴിയൂ.ടെലിവിഷൻ ചാനലുകളിലും പത്രസമ്മേളനങ്ങളിലും വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു ശത്രുക്കൾക്കും മിത്രങ്ങൾക്കും നേരെ അലറിവിളിക്കുന്നത് ശീലമാക്കിയവർ തങ്ങളുടേയും പ്രസ്ഥാനത്തിന്റേയും ശവക്കുഴി തോണ്ടുകയാണെന്ന് അറിയുക. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയെന്ന് ആത്മവിമർശനം നടത്തുമ്പോൾ സ്വന്തം ശരീരഭാഷയ്ക്കും പുലഭ്യവർഷത്തിനും ഇതിൽ വലിയൊരു പങ്കുണ്ടെന്ന് ഇവർക്കെന്നാണു ബോധോദയം ഉണ്ടാകുക?


കടുത്ത പാർട്ടിവോട്ടർമാരെ ഇതൊന്നും സ്വാധീനിക്കില്ല.തങ്ങളുടെ പാർട്ടിക്കൂർ അവരെ പ്രശ്നങ്ങളുടെ ന്യായാന്യായങ്ങൾ വിലയിരുത്തി വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുന്നു.സർക്കാരിന്റേയും പാർട്ടിയുടേയും നയസമീപനങ്ങളോ,നടപടികളോ അവരുടെ വിധിനിർണ്ണയത്തെ നയിക്കുകയില്ല.അടിയുറച്ച ഈ വോട്ടുകൾ മാറിമറിയുന്നത് മുന്നണിബന്ധങ്ങൾ മാറുമ്പോഴോ,പാർട്ടികളിൽ പിളർപ്പുണ്ടാകുമ്പോഴോഴോ മാത്രമാണു.

മുന്നണി സമവക്യങ്ങളിൽ സംഭവിച്ച മാറ്റം കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ വിധിയെ മാറ്റിമറിച്ചത് നാം കണ്ടു.കക്ഷികളുടെ കൂടുമാറ്റം വോട്ടിങ്ങിൽ പ്രതിഫലിക്കുക സ്വാഭാവികം.അതിനു വന്മരങ്ങളെ കടപുഴക്കുന്ന തരംഗസ്വഭാവമുണ്ടാകണമെങ്കിൽ ,അതിനുമപ്പുറത്തും വ്യാപിക്കുന്ന ജനകീയരോഷം രൂപപ്പെടണം.അത് മിക്കപ്പോഴും സംഭവിക്കുന്നത് വളരെ നിശബ്ദമായാണു.സർവമാദ്ധ്യമങ്ങളും സ്തുതിഗീതങ്ങൾ ആലപിച്ചിട്ടും,രഹസ്യാന്വേഷണ ഏജൻസികൾ അവേശകരമായ റിപ്പോർട്ടുകൽ നൽകിയിട്ടും 1977ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ ജനത ഭരണാധികാരികളെ കസേരയിൽ നിന്ന് വലിച്ചെറിഞ്ഞത് ഓർക്കുക.അധികാരപ്രമത്തതയിലും ജനാധിപത്യധ്വംസനങ്ങളിലും മനസുമരവിച്ചുപോയ നിശബ്ദഭൂരിപക്ഷം നടത്തിയ ഈ വിധിയെഴുത്തിനു ജനാധിപത്യചരിത്രത്തിൽ സമാനതകളേതുമില്ല.നമ്മുടെ ജനാധിപത്യം എത്ര മഹത്തരമാണെന്ന് ആ ജനവിധി പുറം ലോകത്തിനു കാട്ടിക്കൊടുത്തു.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ മനസുവെയ്ക്കാത്ത, അധികാരം തലയ്ക്ക് പിടിച്ച ഭരണാധികാരികളെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ പിന്നേയും തരംഗങ്ങളുണ്ടായി.ആൻഡ്രയിൽ എൻ.ടി.രാമറാവുവിനെ അധികാരത്തിളേറ്റിയത് ഇത്തരമൊരു വിധിയെഴുത്തായിരുന്നു.പക്ഷേ അത് ഒരു നിശബ്ദമായ അട്ടിമറിയായിരുന്നില്ല.ജനവിധിയ്ക്ക് മുൻപു തന്നെ കക്ഷിബന്ധങ്ങൾ മറന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.എം.ജി.ആറിന്റെ മരണ ശേഷം ജയലളിതയെ അധികാരത്തിലേറ്റിയത് സഹതാപതരംഗമായിരുന്നു.
ഇന്ദിരഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വധത്തെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും ഈ തരംഗം ആഞ്ഞു വീശി.

പക്ഷേ,തരംഗരഹിത തെരഞ്ഞെടുപ്പുകളിൽ അന്തിമവിധി എഴുത്ത് നടത്തുന്നത് അഞ്ചു ശതമാനം മാത്രം വരുന്ന ഒരു ന്യൂനപക്ഷമാണു.കയ്യാലപ്പുറത്തിരിക്കുന്നവർ എന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും യഥാർത്ഥ നിഷ്പക്ഷമതികൾ അവരാണു.അവർ ഒരു രാഷ്ട്രീയകക്ഷിയുടേയും വാലല്ല.അവർ ഓരോ പ്രശ്നങ്ങളേയും അതിന്റെ ന്യായാന്യായങ്ങൾ നോക്കി സസൂക്ഷ്മം വിലയിരുത്തുന്നവരാണു.എല്ലാറ്റിനേയും വിമർശനബുദ്ധ്യാ കാണുന്നവരാണു.അവർ ആരുടേയും വരുതിയിൽ നിൽക്കുന്നവരല്ല.സത്യത്തിൽ ഇക്കാണുന്ന പ്രചാരണങ്ങളെല്ലാം അവരെ ലക്ഷ്യമാക്കിയുള്ളതാണു.അവർ ആരെന്നു തിട്ടമില്ല.അവർക്ക് മുഖമില്ല.അവരിൽ ഭൂരിപക്ഷവും നിശബ്ദമായി മാത്രം പ്രതികരിക്കുന്നവരാണു.

അവർ എങ്ങനെയാണു ഇത്തവണ വിധി എഴുതിയത്?സംസ്ഥാനത്തെവിടെയും സഞ്ചാരയോഗ്യമായ ഒരു റോഡുപോലുമില്ലെന്നും വികസനപ്രവർത്തനങ്ങളിൽ അലംഭാവം കാണിച്ചതാണു പരാജയകാരണമെന്നും തിരസ്കൃതർ കുമ്പസരിച്ചതായി മാദ്ധ്യമങ്ങളിൽ വായിച്ചു.

എങ്കിൽ പിന്നെ,വൻ വികസനപ്രവർത്തനങ്ങൾ നടത്തി രാജ്യത്തിനു തന്നെ മാതൃകയായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണകക്ഷികൾ എന്തുകൊണ്ട് തോറ്റമ്പി?ഏറ്റവും നല്ല പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റികളേയും കണ്ടെത്താൻ ദൂരദർശൻ നടത്തിയ ഗ്രീൻ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയത് പാലക്കാട് ജില്ലയിലെ എലപ്പുള്ളി,അകത്തേത്തറ പഞ്ചായത്തുകളായിരുന്നു.ഏറ്റവും നല്ല മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒറ്റപ്പാലം.എല്ലാം ഇടതു മുന്നണി ഭരിക്കുന്നവ.പുതിയ ധവളവിപ്ലവം നടത്തിയാണു എലപ്പുള്ളി ഒന്നാം സമ്മാനത്തിനർഹമായത്.പ്രകാശ് കാരാട്ടിന്റെ കുടുംബവീട് ഉൾക്കൊള്ളുന്ന ഇവിടെ ജനങ്ങൾ ഭരണകക്ഷിക്കെതിരായി വിധിയെഴുതിയത് വികസനപ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ടോ,കെടുകാര്യസ്ഥതയും അഴിമതിയും കാരണമോ അല്ലല്ലോ.ഏറ്റവും നല്ല ഭരണാധികാരികളെപ്പോലും കൈ ഒഴിയാൻ ജനങ്ങൾ തീരുമാനിക്കുന്നത് അവരുടെ ഗുണദോഷം നോക്കിയല്ല.

അപ്പോൾ പിന്നെ എന്താ‍യിരുന്നു ഈ വിധിയെഴുത്തിനെ നിർണ്ണയിച്ച പ്രധാന ഘടകം?
പ്രാദേശികമോ തദ്ദേശീയമോ ആയ പ്രശ്നങ്ങൾക്ക് മീതെ ജനങ്ങൾ സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്ന നിഗമനത്തിൽ നമ്മൾ എത്തിച്ചേരുന്നു.പൂർണ്ണമായും ഒരു രാഷ്ട്രീയ വിധിയെഴുത്താണു ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
അല്ലെങ്കിൽ, ഒന്നാന്തരം ഭരണാധികാരികളേയും,തങ്ങളുടെ ഇടയിൽ നിന്ന് മത്സരിച്ച തൊട്ടയൽ വക്കത്തെ കുടുംബശ്രീ സഹോദരീമാരേയും ജനങ്ങൾ തോൽ‌പ്പിക്കുകയില്ലല്ലോ.

Monday, 25 October 2010

നർമ്മദയിൽ നിന്ന് കേൾക്കുന്നത്..

ർമ്മദയിലെ നിലവിളികൾക്കും ചെറുത്തുനിൽ‌പ്പിനും ഇപ്പോൾ കാൽ നൂറ്റാണ്ടിന്റെ പ്രായം.പടിഞ്ഞാറേക്കൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ നർമ്മദയിൽ ഉയരുന്ന സർദാർ സരോവർ,നർമ്മദാസാഗർ എന്നീ വൻ കിട അണക്കെട്ടുകൾക്കും 3000ത്തോളം ചെറുഡാമുകൾക്കുമെതിരെ നാലുസംസ്ഥാനങ്ങളിലെ ആദിവാസികളടക്കമുള്ള ജനത മേധാ പട്ട്കറുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാനപരമായ ഗാന്ധിയൻ സമരത്തിനു ആധുനിക ഇന്ത്യയിൽ സമാനതകളില്ല.

നദിയിൽ ഉയരുന്ന അണക്കെട്ടിൽ മുങ്ങിപ്പോയ ഡോംഗഡി ഗ്രാമത്തിൽ ജലസമാധി നടത്താൻ തയ്യാറായി അറസ്റ്റ് വരിച്ച മേധ,അഹിംസാത്മകമായ ഗാന്ധിയൻ സമരരൂപത്തിനു പുതിയ മാനങ്ങൾ നൽകുകയും,ലോകമെമ്പാടുമുള്ള ജനകീയ ചെറുത്ത് നിൽ‌പ്പുകൾക്ക് ഊർജ്ജം പകരുകയും ചെയ്തു.കേരളത്തിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായി.മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടേയോ,മാദ്ധ്യമങ്ങളുടേയോ പിന്തുണയില്ലാതെ, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സ്വയം സംഘടിച്ച് തെരുവിലിറങ്ങുകയാണിപ്പോൾ.അവർ പ്രബലരായ എതിരാളികൾക്ക് മേൽ വിജയം നേടുക തന്നെ ചെയ്യും എന്ന് പൊതുസമൂഹത്തിനു ബോദ്ധ്യം വന്നിരിക്കുന്നു.മുത്തങ്ങ മുതൽ ചെങ്ങറ വരെയുള്ള അസംഖ്യം ആദിവാസി,ദളിത് ഭൂസമരങ്ങൾ തന്നെ ഇതിന്റെ ദൃഷ്ടാന്തങ്ങളാണു.എൻ.ജി.ഒ സംഘടനകൾ വിദേശപണം കൈപ്പറ്റി പാവങ്ങളെ വഴിതെറ്റിക്കുകയാണെന്ന ആരോപണം മുതൽ ജനകീയ ചെറുത്തുനിൽ‌പ്പുകൾ തീവ്രവാദരാഷ്ട്രീയത്തിന്റെ വിളനിലങ്ങളാണെന്നും വരെയുള്ള ഗുരുതരമായ ആരോപണങ്ങളുണ്ടായി.തങ്ങളുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം പ്രക്ഷോഭങ്ങൾ നടക്കൂ എന്ന് വിശ്വസിച്ചവരായിരുന്നു ഈ പ്രചാരണത്തിനു മുന്നിൽ നിന്നത്.

നർമ്മദാ ബച്ചാവോ ആന്തോളൻ മറ്റു സമാന സമരങ്ങളിൽ നിന്ന് വ്യതിരിക്തമായി നിലനിൽക്കുന്നത് അത് ഉയർത്തിക്കൊണ്ടുവരുന്ന ബദൽ വികസനസങ്കൽ‌പ്പങ്ങൾ കാരണമാണു.ഗ്രീൻ പൊലിറ്റിക്സ് അഥവാ പരിസ്ഥിതി രാഷ്ട്രീയം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവർ കൊണ്ടുവന്നു.സ്വാശ്രയവും വികേന്ദ്രീകൃതവുമായ വികസനമാണു അവർ മുന്നോട്ട് വെച്ചത്.

ലോകത്ത് ഒരു വൻകിട അണക്കെട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചില്ലെന്ന ലോക അണക്കെട്ട് കമ്മീഷന്റെ കണ്ടെത്തലുകൾ തന്നെ സർക്കാരിന്റെ വാദങ്ങളെ ദുർബലമാക്കുന്നു.ലോക ബാങ്കിൽ നിന്ന് 550 ദശലക്ഷം ഡോളർ വായ്പ്പയെടുത്ത് തുടങ്ങിയ നർമ്മദയിലെ അണക്കെട്ടു നിർമ്മാണത്തിനു 7000 കോടി രൂപയെങ്കിലും ചെലവാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

നാലു കോടി ജനങ്ങൾക്ക് കുടിവെള്ളവും,1450 മെഗാവാട്ട് വൈദ്യുതിയും,ആയിരക്കണക്കിനു ഹെക്റ്റർ കൃഷിഭൂമിൽ ജലസേചനസൌകര്യവും വാഗ്ദാനം ചെയ്ത ഈ പദ്ധതി പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന നാശം വളരെ വലുതാണു.13000 ഹെക്റ്റർ വനഭൂമിയാണു വെള്ളത്തിനടിയിലാകുക.ഫലഭൂയിഷ്ടമായ നൂറുകണക്കിനു ഗ്രാമങ്ങൾ വെള്ളം കയറി എന്നന്നേയ്ക്കുമായി ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവും.അവിടെ അധിവസിക്കുന്ന പാവങ്ങളായ രണ്ടരലക്ഷം പേർക്ക് സർവ്വതും നഷ്ടപ്പെടും.അവർ അങ്ങനെ വികസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാകും.നഗരവത്കൃതരായ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ജീവിതസൌകര്യങ്ങൾ മെച്ചപ്പെടുത്താനുതകുന്നതും,അശരണരായ വലിയൊരുവിഭാഗത്തിന്റെ ജീവനോപാധികളും കിടപ്പാടവും വരെ നഷ്ടപ്പെടുത്തുന്നതും രാജ്യത്തെ കടക്കെണിയിലേക്ക് കൂപ്പ്കുത്തിക്കുന്നതുമായ ഒരു വികസനപദ്ധതിയും നമുക്ക് ആവശ്യമില്ലെന്ന് നർമ്മദയിലെ പ്രക്ഷോഭം വിളിച്ചുപറയുന്നു.ഭൂമിയ്ക്കും ജലത്തിനും,വനത്തിനും മേൽ മണ്ണിന്റെ മക്കളായ തങ്ങൾക്കാണു പരമാധികാരമെന്നും അവർ പ്രഖ്യാപിക്കുന്നു.

അസംഖ്യം അടിച്ചമർത്തലുകളെ നേരിട്ടുകൊണ്ട് ഇപ്പോഴും സമരപഥത്തിൽ ഉറച്ചു നിൽക്കുന്നവർക്ക് നർമ്മദയിൽ ഉയരുന്ന അണക്കെട്ടുകളെ ഇനി തടയാനാവില്ലെന്നറിയാം.പക്ഷേ,പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നതും ആയിരങ്ങളെ വഴിയാധാരമാക്കുന്നതുമായ ഒരു പദ്ധതിയും ഇനിയൊരിക്കലും ഏകപക്ഷീയമായി നടപ്പിലാക്കാനാവില്ല.ഭൂമി നഷ്ടപ്പെടുന്നവർക്കും കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും പുനരധിവാസപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്ന സുപ്രീകോടതിയുടെ നിർദ്ദേശവും,തുടർന്നുണ്ടായ നിയമനിർമ്മാണവും നർമ്മദാസമരത്തിന്റെ ഗുണഫലങ്ങളിൽ പെടുന്നു.

വിഘടിത ഗ്രൂപ്പുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ, ഭാവി രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുവാൻ പോലും ത്രാണിയുള്ളവരായി ഏറ്റവും അടിത്തട്ടിലുള്ള വലിയൊരു വിഭാഗം ഉയർന്നു വരുന്നു എന്നതാണു നർമ്മദാപ്രക്ഷോഭം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഉരുത്തിരിയുന്ന ചിത്രം.ആസന്ന ഭാവിയിൽ ഇത് നമ്മുടെ രാ‍ഷ്ട്രീയ ഭൂമിക മാറ്റിയെഴുതും.

Monday, 18 October 2010

വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...

പൂന്താനം ഇല്ലത്തേക്ക് മകനെ എഴുത്തിനിരുത്തിക്കാൻ കൊണ്ടുചെന്ന മുസ്ലീമായ സബ് ഇൻസ്പക്ടറെ അവർ തിരികെ അയച്ചു.ഇതിൽ പ്രതിഷേധിച്ച് ,അവിടെ വിദ്യാരംഭം നടത്തുന്നതിനു ക്ഷണിച്ചുവരുത്തിയ ഗുരുക്കന്മാർ ഇറങ്ങിപ്പോവുകയും ഇല്ലത്തിനു പുറത്ത് വെച്ച് കുട്ടിക്ക് ആദ്യക്ഷരം കുറിക്കൽ ചടങ്ങ് നടത്തിക്കുകയും ചെയ്തതായിരുന്നു ഞായറാഴ്ച്ച ചില ചാനലുകൾ കൊണ്ടാടിയ പ്രധാന സെൻസേഷണൽ വാർത്ത.

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഇല്ലത്ത് ഹിന്ദുക്കളുടെ കുട്ടികൾക്ക് മാത്രം വിദ്യാരംഭം കുറിക്കുന്നത് മതേതരത്വത്തിൻ മേലുള്ള ഹൈന്ദവഫാസിസ്റ്റുകളുടെ കടന്നുകയറ്റമാണെന്നാണു,ഇടതുപക്ഷ സഹയാത്രികരായ ‘ഗുരുക്കമ്മാർ’പ്രതികരിച്ചത്.അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിനു മതപരവും അനുഷ്ഠാനപരവുമായ വിലക്കുണ്ടെന്നാണു ഇല്ലക്കാരുടെ പക്ഷം.പൂന്താനത്തിന്റെ പേരിലുള്ള ഇല്ലമായതിനാൽ എല്ലാക്കുട്ടികൾക്കും എഴുത്തിനിരുത്തൽ നടത്തിക്കൊടുക്കുമെന്ന് വിശ്വസിച്ചാണു താൻ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതെന്നാണു ബാപ്പയുടെ വാദം.തെരഞ്ഞെടുപ്പ് സമയമായതിനാലും വിശ്വാസത്തിന്റെ പ്രശ്നമായതിനാലും വേണമെങ്കിൽ ഈ വിവാദം അപകടകരമായ തലങ്ങളിലേക്ക് വരെ വളർത്തിക്കൊണ്ടുവരാം.

അതിനു തുനിഞ്ഞിറങ്ങും മുൻപ് ഇതിലെ ഒന്നാം കക്ഷി ഉത്തരം പറയേണ്ട ചില മൌലികപ്രശ്നങ്ങളുണ്ടു.ഇതെഴുതുന്നയാൾക്ക് ഇത്തരം ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു താല്പര്യവുമില്ല;അവ ജീവിതത്തിൽ ഒരിക്കൽ പോലും പാലിച്ചിട്ടുമില്ല.അത് ഈയുള്ളവന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമാണു.അതിനു വിഘാതം ഉണ്ടാകുമ്പോൾ മാത്രമേ അത് പൊതുസമൂഹം ചർച്ച് ചെയ്യുകയും ഇടപെടുകയും ചെയ്യേണ്ട വിഷയമാകുന്നുള്ളൂ.

ഇനി കാര്യത്തിലേക്ക് കടക്കാം.വിജയദശമി എന്നത് പൂർണ്ണമായും ഒരു ഹൈന്ദവ ആചാരാനുഷ്ഠാനമാണു.ദസറയും ദുർഗ്ഗാപൂജയുമൊന്നും മറ്റു മതസ്ഥരുടെ ആചാരങ്ങളോ ഉത്സവങ്ങളോ അല്ല.ആയുധപൂജയും,തുടന്ന് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നതും സഹസ്രാബ്ദങ്ങളായി ഹിന്ദുക്കൾ നടത്തിവരുന്ന ചടങ്ങുകളാണു.പക്ഷേ,മതപരമായ ഇത്തരം ആചാരാനുഷ്ഠാനങ്ങളെ അതിന്റെ പരിവൃത്തത്തിനപ്പുറത്തേക്ക്,പൊതുസമൂഹത്തിന്റെ അംഗീകൃത ചടങ്ങുകളായി അവതരിപ്പിക്കാൻ ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പിന്തുണയോടെ സംഘടിതശ്രമം നടത്തിവരുന്നുണ്ടു.കാർഷികോൽസവമെന്ന സാമൂഹികപശ്ചാത്തലമുണ്ടെങ്കിലും പൂർണ്ണമായും മതപരമായ വേരുകളുള്ള ഓണത്തെ ‘‘കേരളത്തിന്റെ ദേശീയ ഉത്സവം”ആക്കി അവതരിപ്പിക്കപ്പെട്ടത് തന്നെ ഏറ്റവും നല്ല ഉദാഹരണം.

മതപരമായ ഉത്സവങ്ങളെ ജനാധിപത്യവത്കരിക്കുക എന്ന സാമൂഹികവിപ്ലവമാണു തങ്ങൾ നടത്തുന്നത് എന്നാണു ഇക്കൂട്ടരുടെ വാദം.പക്ഷേ ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽ‌പ്പിക്കുകയാണു.വിശ്വാസം കൊണ്ടോ,മനസുകൊണ്ടോ ഇഷ്ടമല്ലാത്ത ഒരു ചടങ്ങിൽ “മറ്റുള്ളവർ എന്തു വിചാരിക്കും?ഒറ്റപ്പെട്ടു പോവുകയില്ലേ” എന്ന് ആശങ്കപ്പെട്ട് പങ്കെടുക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും നഗ്നമായി കവർന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്.എല്ലാ മത ജാതി സംഘടനകളും അവർ നടത്തുന്ന സ്ഥാപനങ്ങളും ഇത്തരത്തിൽ നിരന്തരം മനുഷ്യാവകാശലംഘനങ്ങ നടത്തുന്നുണ്ടു.ചില മതന്യൂനപക്ഷങ്ങളും ഹൈന്ദവ സംഘടനകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികൽ പോലുള്ള പൊതുസ്ഥാപനങ്ങളിലും വസ്ത്രങ്ങളും പ്രാർത്ഥനകളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.

ജനാധിപത്യമൂല്യങ്ങളുടെ കാവൽക്കാരാകേണ്ട മാദ്ധ്യമങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല:എന്തെന്നാൽ അവരിൽ ഭൂരിപക്ഷവും സഞ്ചരിക്കുന്നത് ഇതേ പാതയിലൂടെ തന്നെയാണു. ഉടമസ്ഥരുടെ വിശ്വാസപ്രമാണങ്ങളെ അവർ യാതൊരു ഉളുപ്പുമില്ലാതെ വായനക്കാരുടെ/പ്രേക്ഷരുടെ മേൽ കെട്ടിയേല്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ പ്രീതിപിടിച്ചു പറ്റുന്നതും അതുവഴി കച്ചവടസാദ്ധ്യതകളുടെ അക്ഷയഖനി തുറക്കുന്നതുമായ എന്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും അവർ പ്രചാരം നൽകുകയും ചെയ്യുന്നു.

മാദ്ധ്യമസദാചാരത്തെക്കുറിച്ചു എപ്പോഴും വാചാലരാകുന്നവർ എന്തിനാണു വിശ്വാസത്തട്ടിപ്പുകാരായ ജ്യോതിഷികളുടെ പരിപാടികളും പംക്തികളും പരസ്യങ്ങളും കൊടുക്കുന്നത്?’കുബേർ കുടീർ”എന്ന കുബേര ഭൈരവയന്ത്രം വിൽക്കാൻ ഉത്തരേന്ത്യക്കാരായ വിശ്വാസത്തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തുകൊടുത്തത് ഒരു പ്രമുഖചാനലിലെ പരസ്യങ്ങളായിരുന്നു.അവർ ഏതാനും മാസം കൊണ്ടു ആറരക്കോടി രൂപയാണു തട്ടിയെടുത്തതത്രേ .അങ്ങനെയെങ്കിൽ ഇക്കണ്ട പത്രമാസികകളിലും ചാനലുകളിലും വരുന്ന പരസ്യങ്ങളിലും പരിപാടികളിലുമൂടെ തട്ടിപ്പുകാർ കൈക്കലാക്കിയത് പരശതം കോടികളാണു.അക്ഷയതൃതീയ നാലിൽ സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ച് പുതിയ വിശ്വാസത്തട്ടിപ്പ് നടത്തുന്നതിനും വഴിതുറന്നു കൊടുത്തത് ഇവർ തന്നെയാണു.

കേരളത്തിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ ‘അപനിർമ്മാണം”,വാസ്തുദോഷത്തിന്റെ പേരിൽനടക്കുന്ന കെട്ടിടം കുത്തിപ്പോളിക്കലും പുനർനിർമ്മാണവുമാണു.എത്രയെത്ര “വാസ്തുശാസ്ത്രവിദഗ്ദ്ധരാണു”,മാദ്ധ്യമങ്ങളിലൂടെ അവതരിച്ച് ദോഷങ്ങളെ ഹനിക്കുന്നത്.
ഭൂരിപക്ഷമതത്തിലെ അന്ധവിശ്വാസാധിഷ്ഠിതമായ ഇത്തരം നൂറുകണക്കിനു ആചാരാനുഷ്ഠാനങ്ങളെ കച്ചവടസാദ്ധ്യതകൾ കണ്ടെത്തി ദുഷ്ടലാക്കോടെ മഹത്വവത്കരിക്കുന്ന പ്രവണത പാരമ്യയയതയിലെത്തിനിൽക്കുകയാണു.

വിജയദശമി ദിനത്തിൽ ‘സാംസ്കാരികനായകന്മാർ” കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണം കൊണ്ടു ആദ്യക്ഷരം കുറിച്ചുക്കൊടുത്ത് എഴുത്തിനിരുത്തിക്കുന്നത് പുണ്യമാണെന്ന പുതിയ “മൂല്യനിർമ്മാണം”നടത്തപ്പെട്ടിരിക്കുന്നു.മാദ്ധ്യമങ്ങൾ തന്നെ ഇതൊരു ആഘോഷമാക്കി മാറ്റുമ്പോൾ,അതിന്റെ മതപരമായ പശ്ചാത്തലത്തിൽ വിശ്വാസമില്ലാത്തവർക്ക് കൂടി പ്രലോഭനമുണ്ടാകും.തങ്ങളുടെ മക്കളെ വിജയദശമിക്ക് എഴുത്തിനിരുത്തിയില്ലെങ്കിൽ അവരുടെ ഭാവി ഇരുളടഞ്ഞതായിപ്പോകുമോ എന്ന് ആശങ്കയുണ്ടാകും.അന്യമതസ്ഥരായ വലിയൊരുവിഭാഗം ഈ കെണിയിൽ വീണു പോയിട്ടുണ്ടു.ക്രിസ്ത്യൻ പള്ളികളിൽ നടത്തുന്ന സമാന്തരവിദ്യാരംഭങ്ങൾ തന്നെ ഉദാഹരണം.

മാദ്ധ്യമങ്ങളും പൊതുസമൂഹവും എങ്ങനെ മനുഷ്യരുടെ വിശ്വാസപ്രമാണങ്ങളേയും ജീവിതവീക്ഷണങ്ങളേയും മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാനു ഇത്.അവർ നിർമ്മിച്ച വ്യാജമൂല്യബോധത്തിൽ കുരുങ്ങിയാകണം ആ പിതാവ് പൂന്താനം ഇല്ലത്തേക്ക് ചെന്നത്.ഇനിയും ഇത്തരം ഇരകൾ ഉണ്ടായിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

Monday, 11 October 2010

ചില കോമൺവെൽത്ത് ചിന്തകൾ

വ്യാഴാഴ്ച കോമൺവെൽത്ത് മാമാങ്കത്തിനു കൊടിയിറങ്ങും.
ഇനി കണക്കെടുപ്പിനും വിലയിരുത്തലിനുമുള്ള സമയമാണു.ഏറെ വിമർശനങ്ങളുയരുകയും രാജ്യത്തിനു അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പേരിൽ ദുഷ്പേർ സമ്പാദിക്കുകയും ചെയ്തുവെങ്കിലും വളരെ ഭംഗിയായിത്തന്നെ ഗെയിംസ് നടത്താൻ കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ മെഡൽ നിലയിൽ രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു.
1982ലെ ഏഷ്യാഡിനു ശേഷം വിജയകരമായി കോമൺ വെൽത്ത് നടത്തിയതിലൂടെ ഇന്ത്യയ്ക്കിനി ഒളിംബിക്സിനു ആതിഥ്യമരുളാനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്തുണ്ടു.
ഇത് ഗെയിംസിനെക്കുറിച്ചുള്ള ശുഭചിന്തകൾ.

10000 കോടി രൂപയെങ്കിലും സർക്കാർ ഇതിനുവേണ്ടി ചെലവഴിക്കുന്നുണ്ടു. അതിന്റെ പതിന്മടങ്ങ് വരും യഥാർത്ഥ ചെലവെന്ന് മാദ്ധ്യമങ്ങളും വിമർശകരും പറയുന്നുണ്ടു.അതിന്റെ നിജസ്ഥിതി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.പക്ഷേ,പ്രക്ഷേപണാവകാശത്തിലൂടെയും,ടിക്കറ്റ് വിൽ‌പ്പനയിയൂടെയും മറ്റും ഗെയിംസിൽ നിന്നുള്ള ആകെ വരുമാനം1620 കോടി രൂപ മാത്രമാണു.അതായത് 8380 കോടി രൂപ സർക്കാരിന്റെ ഖജനാവിൽ നിന്ന് ചെലവാക്കണം.ലോകത്തെ പരമദരിദ്രരിൽ നല്ലൊരുപങ്കും അധിവസിക്കുന്ന പട്ടിണിക്കാരുടെ രാജ്യത്തിനു ഈ ഭാരിച്ച ചെലവു താങ്ങാനുള്ള ത്രാണിയുണ്ടോ?
പട്ടികജാതി വികസനത്തിനുള്ള ഫണ്ട് ഉൾപ്പെടെ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് നീക്കിവെച്ച വൻ തുക ഗെയിംസിനുവേണ്ടി വകമാറ്റിച്ചെലവഴിച്ചത് വൻ വിമർശനത്തിനു വഴിവെച്ചിട്ടുണ്ടു.

പുതിയ വിമാ‍നത്താവളവും ഫ്ലൈഓവറുകളും റോഡുകളും മറ്റും മറ്റും ഡൽഹിയുടെ മുഖഛായ തന്നെമാറ്റിമറിച്ചിരിക്കുന്നു.ഇത് പഴയ ഡെൽഹിയല്ല.തെരുവോരങ്ങളിൽ പട്ടിണിക്കോലങ്ങളില്ല.ചേരികളും കുടിലുകളുമില്ല.നഗരവീഥികളിൽ തന്നെ അന്തിയുറങ്ങിയിരുന്ന ലക്ഷക്കണക്കിനു അഗതികളെ ഇപ്പോൾ കണാനേയില്ല.ഇവരെ അധികൃതർ എങ്ങോട്ടേക്കാണു ആട്ടിയോടിച്ചത് എന്ന് വ്യക്തമല്ല.അയൽ സംസ്ഥാനങ്ങളിലേക്ക് ഇവരെ നാടുകടത്തിയതായി സംശയിക്കപ്പെടുന്നു.
ഗെയിംസ് കഴിഞ്ഞ് അവർ തിരികെയെത്തിയാൽ ഈ നഗരത്തിൽ അവർക്ക് പാർക്കാൻ ഇനി ഇടമുണ്ടാകുമോ?അവർക്ക് ജീവസന്ധാരണത്തിനുള്ള വഴികളൊക്കെയും അധികൃതർ കൊട്ടിയടച്ചുകഴിഞ്ഞു.“ക്ലാസിക്ക് മെട്രോ”യായി വളർന്ന പുതിയ നഗരം ഇനി ഇല്ലാത്തവന്റേതല്ല.എല്ലാ ഉള്ളവരുടേത് മാത്രമാണു.അവരുടെ ജീവിതസൌകര്യങ്ങളാണു കുതിച്ചുയർന്നത്.അവരുടെ വിനോദോപാധികളാണു പുഷ്ടിപ്പെട്ടത്.ഇത് കൂടുതൽ ഗുരുതരമായ സാമൂഹികവിഭജനത്തിനും ഉച്ചനീചത്വങ്ങൾക്കും ഇടയാക്കുക തന്നെ ചെയ്യും.
ദൽഹി സാധാരണക്കാർക്കിനി അപ്രാപ്യമായ നഗരമായിരിക്കുമെന്നാണു ദ ഹൌസിങ്ങ് ആന്റ് ലാന്റ് റൈറ്റ്നെറ്റ്വർക്ക് എന്ന സന്നദ്ധസംഘടന വിലയിരുത്തുന്നത്.പട്ടിണിക്കാരേയും അഗതികളേയും വഴിവാണിഭക്കാരേയും ആട്ടിയോടിച്ച് തെരുവുകൽ മനോഹരമാക്കിക്കൊണ്ട് ഭരണാധികാരികൾ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി ഇവർ ആരോപിക്കുന്നു.അടിസ്ഥാനസൌകര്യ വികസനം സാദ്ധ്യമായി എന്ന് വാദവും ഇവർ അംഗീകരിക്കുന്നില്ല.ഏഷ്യാഡ് വില്ലേജുകൾ ഭൂരിഭാഗവും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണു.

ഏഷ്യാഡിനു വേണ്ടി ചെലവാക്കിയ വൻ തുകയുടെ പരിണിതഫലമായാണു ഇന്ത്യ കടക്കെണിയിൽ അകപ്പെട്ടതെന്നു പോലും വിമർശിക്കുന്നവരുണ്ട് എന്ന് ഓർക്കുക.ആഥൻസിലും മോണ്ട്രിയേലിലും ബെയ്ജിങ്ങിലും നടന്ന ഒളിമ്പിക്സുകൾ വൻ വിജയമായിരുന്നു.പക്ഷേ ,അവ ആതിഥ്യമരുളിയ രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കിക്കളഞ്ഞു എന്നാതാണു ചരിത്രം.കോമൺവെൽത്ത് ഗെയിംസ് വിജയത്തിന്റെ ആവേശത്തിൽ ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങാൻ ആർക്കും അതിബുദ്ധി തോന്നാതിരിക്കട്ടെ.
ഇത് അവസാനിക്കും മുൻപ് ഒന്നു കൂടി.സത്യത്തിൽ എന്താണീ കോമൺവെൽത്ത്? “സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തി”ലെ പഴയ കോളനി രാജ്യങ്ങളുടെ ഈ കായികമാമാങ്കത്തിനു ഇപ്പോൾ എന്താണു പ്രസക്തി?പഴയ അടിമകളുടെ ഈ ഓർമ്മപുതുക്കൽ മേളയ്ക്ക് കായികചരിത്രത്തിൽ പോലും അത്ര പ്രാധാന്യമില്ല.യൂത്ത് ഒളിമ്പിക്സിനും ,ലോകകപ്പുകൾക്കും താഴെ മാത്രമാണു കോമൺ വെൽത്ത് ഗെയിംസിന്റെ സ്ഥാനം.ലോക സ്പോർട്ട്സ് ഭൂമികയിൽ ഈ മാമാങ്കത്തിനു വിലയേതുമില്ല.അപ്പോൾ ആർക്കാണു ഇതിൽ താല്പര്യം?

Tuesday, 5 October 2010

ആർക്കാണു ആനപ്പേടി?

തൊരു ആനക്കാര്യമാണു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മേളം മുറുകുമ്പോൾ എന്തു ആനക്കാര്യം എന്ന് ചോദിച്ചേക്കാം.ഉണ്ടല്ലോ.തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ആനയേയും മേളക്കൊഴുപ്പോടെ എഴുന്നുള്ളിക്കുന്നവരും ഉണ്ടല്ലോ.തെരഞ്ഞെടുപ്പിൻ ആനയെ ഇറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൽ‌പ്പിച്ചിട്ടുണ്ടോ?

അറിയില്ല.പക്ഷേ,പണ്ട് കൊമ്പനാനകൾ മാത്രം മത്സരിച്ച് ജയിച്ച് അധികാരം കൈയ്യാളിയിരുന്ന പഞ്ചായത്തുകളിലൊക്കെ,വായ്പകൊണ്ട് പോറ്റിവളർത്തുന്ന ഒരു ചാവാലിപ്പശു കൂടി സ്വന്തമായിട്ടില്ലാത്ത പഞ്ചമരും പട്ടിണിപ്പാവങ്ങളും കൂടി ഇന്ന് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ എത്തുന്നുണ്ടു.അതാണു ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം.

ആനപ്പുറത്ത് കയറി തഴമ്പില്ലാത്ത അക്കൂട്ടർക്കും ഇനി ആനക്കാ‍ര്യങ്ങളറിയണം.മന്ത്രിയും ഗവർണ്ണറും വരുമ്പോഴും,ആനുകൂല്യവിതരണത്തിനു ആളെക്കൂട്ടാനുമൊക്കെ ആനയും അമ്പാരിയും വേണമെന്ന് അവർക്കു മോഹമുദിച്ചാൽ ഭാവിയിൽ അത് നടക്കണമെന്നില്ല.ഉത്സവത്തിനും,പെരുന്നാളിനും,ചന്ദനക്കുടത്തിനുമൊന്നും ആന ഉണ്ടാകാതിരിക്കുന്ന കാലം വരുന്നു.

കാരണം,ആന ഇനി ഒരു ദേശീയ പൈതൃകമൃഗം(national heritage animal) ആകും.അന്യം നിന്നുപോകുമെന്നതിനാൽ സംക്ഷിക്കപ്പെടേണ്ട മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കരിവീരന്മാരെ രക്ഷിക്കണമെന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഡോ മഹേഷ് രംഗരാജൻ കമ്മീഷൻ ശുപാർശചെയ്തിട്ടുണ്ടു. ആന ഇനി സ്വകാര്യസ്വത്തായിരിക്കില്ല.എല്ലാ കരിവീരന്മാരുടേയും ഉടമ സർക്കാർ തന്നെയായിരിക്കും. ഇപ്പോഴുള്ള ഉടമസ്ഥർക്ക് അവയുടെ സംരക്ഷണച്ചുമതല മാത്രമായിരിക്കും ലഭിക്കുക.ആന പിടുത്തം പൂർണ്ണമായും നിരോധിക്കും(1972 മുതൽ കേരളത്തിൽ ആനപിടുത്തമില്ല.അതുകൊണ്ടാണു ആസാമിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെ കേരളത്തിൽ ആനകളെ വാങ്ങിക്കൊണ്ടു വരുന്നത്.പറ്റ്നയ്ക്കടുത്ത് ആനകളെ വിൽക്കുന്നതിനു മാത്രമായി ഒരു ആനച്ചന്തയുണ്ടത്രേ).

പുതിയ നിയമം നിലവിൽ വന്നാൽ,അവയെ പൊതുപരിപാടികൾക്ക് ഉപയോഗിക്കാനാവില്ല.സർക്കാർ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവയെക്കൊണ്ടു ഉത്സവപ്പറമ്പിൽ എഴുന്നള്ളത്ത് നടത്തിക്കാനോ,കൂപ്പിലും തടിമില്ലിലും പണിയെടുപ്പിക്കാനോ കഴിയുമോ?
ആനയെ അവയുടെ സ്വാഭാവിക ജൈവപരിസ്ഥിതിയിൽ തന്നെ നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ശുപാർശകൾ സർക്കാർ അംഗീകരിച്ചുകഴിഞ്ഞാൽ ഇനി തുമ്പിക്കൈയ്യും നീട്ടി നാട്ടാനകൾ നിരനിരയായി നിൽക്കുന്ന ആ കൌതുകക്കാഴ്ക കാണാൻ കഴിയുമോ?

ഇല്ലെന്നാണു ആന ഉടമസ്ഥ ഫെഡറേഷൻ പറയുന്നത്.അതുകൊണ്ടാണു ഒക്ടോബർ 4ലെ ദേശീയ ഗജ ദിനം(Elephant Day) അവർ കരിദിനമായി ആചരിച്ചത്.തൃശൂരിലെ ആനപ്രേമികൾക്ക് സങ്കടം സഹിക്കുന്നില്ല.ഗജവീരന്മാരില്ലാത്ത തൃശൂർ പൂരം പിന്നെയെന്തിനു കൊള്ളാം?അതുകൊണ്ട് മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന പുതിയ നിയന്ത്രണങ്ങൾക്കെതിരെ അവർ പ്രക്ഷോഭത്തിലാണു.ശോഷിച്ചു പൊകുന്ന തൃശൂർ പൂരം എങ്ങനെയിരിക്കുമെന്ന് അടുത്തിടെഅവർ ഒരു “മോക്ക് പൂരം” തന്നെ നടത്തിക്കാണിച്ചു.

അത് ആനപ്രേമികളായ മനുഷ്യരുടെ കാര്യം.ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കിടയിൽ,ആഹാരവും വെള്ളവും കൂടി കിട്ടാതെ,പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാകാതെ ,മണിക്കൂറുകളോളം ചങ്ങലക്കിട്ടു എഴുന്നള്ളിച്ച് നിർത്തുന്നതും,വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതും എന്തായാലും ആനകൾക്കിഷ്ടമുള്ള കാര്യമല്ലല്ലോ.ആനകളെ ഇങ്ങനെ മനുഷ്യന്റെ ആസക്തികൾക്കായി ക്രൂരമായി പീഡിപ്പിക്കണമെന്ന് ദൈവം ആരോടും കൽ‌പ്പിച്ചിരിക്കാനിടയില്ല.ഇന്ത്യയിലെ കാൽ ലക്ഷതോളം ആനകളിൽ അയ്യായിരത്തോളം നാട്ടാനകളാണു.അവ ഉത്സവപ്പറമ്പുകളിലും കൂപ്പുകളിലും സർക്കസ്കൂടാരങ്ങളിലും നരകയാതനകളനുഭവിക്കുന്നു.ആനപരിപാലനത്തിനു കർക്കശനിയമങ്ങളുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ല.അരക്കോടിയിലധികം രൂപ മുടക്കി ആനയെ വാങ്ങുന്നവർക്ക് അതിനനുസൃതമായ ലാഭം കിട്ടണം.അതുകൊണ്ടു അവർ ആനകളെക്കൊണ്ട് അശാസ്ത്രീയവും അപകടകരവുമായ ജോലികൾ ചെയ്യിക്കുന്നു.ആനകോൺട്രാക്ടർമാരുടെ ഈ ദുരയാണു ഉത്സവപ്പറമ്പുകളിൽ ആന ഇടഞ്ഞോടുന്നതിനും പാപ്പാന്മാരെ കുത്തിമലർത്തുന്നതിനും ഇടയാക്കുന്നതെന്ന് എല്ലാവർക്കുമറിയാം.

ആയിരക്കണക്കിനാളുകൾ കൂടുന്നിടങ്ങളിലെല്ലാം ആനയെ കെട്ടി എഴുന്നള്ളിക്കണമെന്നു എന്തിനാണു വാശിപിടിക്കുന്നത്?ഉത്സവങ്ങൾക്ക് ആനയും അംബാരിയും മുത്തുക്കുടയുമില്ലെങ്കിൽ ആദ്യം അൽ‌പ്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും.സാരമില്ല.തൃശൂർ പൂരത്തിന്റെ പ്രഭ മങ്ങുമായിരിക്കും.പക്ഷേ,ആചാരനുഷ്ഠാനങ്ങളുടെ പേരിൽ ഇത്തരം ക്രൂരതകൾ തുടരാനനുവദിക്കുന്നത് ആധുനിക ജനസമൂഹത്തിനു ചേർന്നതല്ല.
പണ്ടു ക്ഷേത്രങ്ങളിൽ മൃഗബലി അനിവാര്യമായ ആചാരാനുഷ്ഠാനമായിരുന്നു.അവർണ്ണരെ പ്രവേശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു.അബ്രാഹ്മണർ ശ്രീകോവിലിനുള്ളിൽകടക്കുന്നതിനു ഇന്നും നിരോധനമുണ്ടു.ഗുരുവായൂരിലും ശബരിമലയിലുമൊക്കെ ഇന്നും ഇത്തരം കടുത്ത വിവേചനങ്ങൾ തുടരുന്നു.അടുത്തിടെമാത്രമാണു ഗുരുവായൂരിൽ ബ്രാഹ്മണർക്ക് നൽകിയിരുന്ന നേർച്ചസദ്യ നിർത്തിച്ചത്.


പക്ഷേ,മത,സാമുദായിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു ഇങ്ങനെ എല്ലാ മത വിഭാഗങ്ങളിലും നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ആനയെ പൈതൃക മൃഗമാക്കുമ്പോഴും ഇത്തരമൊരു പൊളിച്ചെഴുത്ത് അനിവാര്യമാണു.
അതിനു എന്തിനാണീ ആനപ്പേടി?

Monday, 27 September 2010

അവർ ജനങ്ങളുടെ പരമാധികാരത്തെ ഭയപ്പെടുന്നു...

താഴെത്തട്ടിലുള്ള ജനാധിപത്യസ്ഥാപനങ്ങളായ പഞ്ചായത്തുകളെ പ്രാദേശികഭരണകൂടങ്ങൾ എന്നാണു വിശേഷിപ്പിക്കുന്നത്.ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൌന്ദര്യവും ഈ ജനകീയ സംവിധാനത്തിൽ പ്രതിഫലിക്കുന്നത് ഗ്രാമസഭകളിലൂടെയാണു;അല്ലെങ്കിൽ അങ്ങനെയാണു സങ്കൽ‌പ്പം.
പക്ഷേ,കാലക്രമേണ ഗ്രാമസഭ എന്ന ഈ ജനകീയ പാർലമെന്റ് ശോഷിക്കുകയോ,വെറും ചടങ്ങു മാത്രമായി ചുരുങ്ങുകയോ ചെയ്തുവെന്ന് അടുത്തിടെ പുറത്ത് വന്ന ചില പഠനങ്ങൾ വ്യക്തമാക്കുന്നു.തങ്ങളെ ബാധിക്കുന്ന വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുന്നതിനും,ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനും അധികാരമുള്ള ഗ്രാമസഭകളും വാർഡ് സമിതികളും ഇന്ന് നാമമാത്രമായേ പ്രവർത്തിക്കുന്നുള്ളൂ(ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് 27.9.2010).

സത്യത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇത് ഏതാണ്ട് മൃതാവസ്ഥയിലാണു.ഇങ്ങനെയൊരു സംവിധാനം നിലവിലുണ്ടെന്ന് അറിയുന്ന നഗരവാസികൾ തന്നെ അപൂർവ്വം.കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കൊച്ചി,കോഴിക്കോട്,തൃശൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ താമസിക്കുകയും,ദിവസവും ഏതാണ്ടെല്ലാപത്രങ്ങളും വായിക്കുകയും,അതാതിടങ്ങളിലെ നഗരവീഥികളിലൂടെ ദിവസവും നടക്കുകയും ചെയ്ത ശീലമുള്ള ഈ ലേഖകൻ ഏതെങ്കിലും വാർഡ് സമിതിയുടെ യോഗത്തിന്റെ വാർത്ത ഇന്നേവരെ കണ്ടിട്ടില്ല.പരിചയക്കാരിൽ ഒരാൾക്കു പോലും അതിനെക്കുറിച്ച് അറിയില്ല.

മൂന്നുമാസത്തിലൊരിക്കൽ ഗ്രാമ/വാർഡ്സഭകൾ യോഗം ചേരണമെന്നാണു പഞ്ചായത്ത് രാജ് നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്.എവിടെയെങ്കിലും ഇങ്ങനെ കൃത്യമായി യോഗങ്ങൾ നടക്കാറുണ്ടോ?“സഹായി”എന്ന സംഘടന 6 ജില്ലകളിലെ 13 പഞ്ചായത്തുകളിൽ നടത്തിയ പഠനം വ്യക്തമാക്കിയത് മിക്കയിടത്തും ക്വാറം തികയ്ക്കാൻ അംഗങ്ങളുടെ ഒപ്പ് അക്ഷരാർത്ഥത്തിൽ വാങ്ങിക്കുകയാണെന്നാണു.പലയിടത്തും ഒരാൾ പോലും യോഗത്തിനെത്താറില്ല.യോഗത്തിൽ ഫലപ്രദമായ ചർച്ചകളും നടക്കാറില്ല.

ഇത് പേരിനുവേണ്ടിയെങ്കിലും സഭ വിളിച്ചുചേർക്കുന്നിടങ്ങളിലെ കാര്യം.സഭയേ ചേരാത്തയിടങ്ങളിലോ?ഏതെങ്കിലും മാദ്ധ്യമപ്രവർത്തകൻ പത്ത് രൂപ മുടക്കി വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ നൽകുക.ഉദാഹരത്തിനു, കോഴിക്കോട് കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വാർഡ്സഭായോഗങ്ങളുടെ സ്ഥലം,തീയതി,സമയം,ഹാജർപുസ്തകത്തിന്റെ കോപ്പി,തീരുമാനങ്ങളുടെ മിനുട്ട്സ് തുടങ്ങിയവ ആവശ്യപ്പെടുക.കള്ളി അപ്പോൾ വെളിച്ചത്താകും.തട്ടിക്കൂട്ടിയെടുത്ത വ്യാജ യോഗങ്ങളും ഹാജരും പുറത്ത് വരുക തന്നെ ചെയ്യും.

മൂന്നു മാസത്തിലൊരിക്കൽ നിയമാനുസൃതം യോഗം നടത്താത്ത അംഗങ്ങളെ അയോഗ്യരാക്കാൻ വരെ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനു അധികാരമുണ്ട്.പക്ഷേ,രാഷ്ട്രീയപ്രബുദ്ധരെന്ന് അഭിമാനിക്കുന്ന ഒരൊറ്റ വോട്ടറും ഇന്നേവരെ ഇതിനായി തുനിഞ്ഞിറങ്ങിയിട്ടില്ല.മാദ്ധ്യമങ്ങളും മിണ്ടുന്നില്ല.വികസനത്തിന്റെ അപ്പസ്തോലന്മാർ എന്ന അവകാശവാദവുമായി വോട്ടുപിടിക്കനിറങ്ങുന്ന ഒരൊറ്റ രാഷ്ട്രീയപാർട്ടിയും അധികാരവികേന്ദ്രീകരണത്തിന്റെ ഈ അടിസ്ഥാനശില ഇളകിയാടുന്നതിൽ ഉത്കണ്ഠാകുലരല്ല.

സത്യത്തിൽ,തികച്ചും ജനാധിപത്യപരമായ തീരുമാനങ്ങൾ എടുക്കാൻ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് തന്നെ പരമാധികാരം നൽകുന്ന ഗ്രാമസഭ എന്ന ഉദാത്തമായ സങ്കൽ‌പ്പത്തെ ഭയപ്പെടുന്നവരാണു ഈ പാർട്ടികളെല്ലാം തന്നെ.സ്ഥാപിതതാൽ‌പ്പര്യങ്ങൾക്കും ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിനും കടകവിരുദ്ധമായ ഉദാത്തമായ ഈ ജനാധിപത്യപ്രക്രിയയെ അവർ വെറുക്കുന്നു.അതിനാൽ അവർ ഇതിനെ പിന്നിൽ നിന്ന് കുത്തുകതന്നെ ചെയ്യും.

കേരളാപഞ്ചായത്ത് രാജ് നിയമത്തിൽ മദ്യഷാപ്പുകൾക്ക് അംഗീകാരം നൽകുന്നതിനു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം പിൻവലിച്ചത് തന്നെ ഉദാഹരണം.ഓരോ പ്രദേശത്തിന്റേയും സാഹചര്യങ്ങൾ നോക്കി,ജനഹിതം അനുസരിച്ച് മാത്രമേ കള്ളുഷാപ്പുകളും ബാറുകളും അനുവദിക്കുകയുള്ളുവെങ്കിൽ രാഷ്ട്രീയക്കാരുടെ മുഖ്യവരുമാന ശ്രോതസ് കുത്തനെ ഇടിയും.ഗ്രാമ/വാർഡ് സഭകളിലുള്ള സാധാരണജനങ്ങളാണു ബാർലൈസൻസ് കൊടുക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്ന നില വന്നാലുള്ള അപകടം മണത്തറിഞ്ഞ രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ആ അതിപ്രധാനവ്യവസ്ഥ പഞ്ചായത്ത് രാജ് നിയമത്തിൽ നിന്ന് എടുത്ത്മാറ്റി.അല്ലെങ്കിൽ,പഞ്ചാബിലെ ചില ഗ്രാമങ്ങളിൽ സംഭവിച്ചത് പോലെ,ഗ്രാമസഭകൾ ചേർന്ന് തങ്ങളുടെ പ്രദേശം മദ്യവിമുക്തമാക്കി പ്രഖ്യാപിക്കുമായിരുന്നു.

ഓർക്കുക,ആരാധനാലയങ്ങൾക്കും,വിദ്യാലയങ്ങൾക്കും,ജനാധിവാസ പ്രദേശങ്ങൾക്കുമടുത്ത്,ജനങ്ങളുടെ സ്വര്യജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന മദ്യഷാപ്പുകൾക്കെതിരെ എത്രയോ സ്ഥലങ്ങളിൽ ജനകീയസമരങ്ങൾ നടന്നുവരുന്നുണ്ടു.ജനങ്ങൾക്ക് നിയമാനുസൃതമായ അധികാരങ്ങൾ ലഭിക്കുന്നപക്ഷം ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നല്ലൊരുശതമാനം മദ്യഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും.

കൃഷിയിടങ്ങളും കണ്ടൽകാടുകളും നികത്തി,മലകളും വനങ്ങളും വെട്ടിവെളുപ്പിച്ച്, വികസനത്തിന്റെ പേരിൽ നടന്നുവരുന്ന അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ ,തങ്ങളുടെ പ്രദേശത്തെ വികസനം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള പരമമായ അധികാരം ഗ്രാമ/വാർഡ് സഭകൾക്ക് നൽകിയാൻ മതി.അങ്ങനെയായിരുന്നു പഞ്ചായത്ത് രാജ് നിയമത്തിന്റെ ഉപജ്ഞാതാക്കൾ വിഭാവന ചെയ്തിരുന്നത്.യഥാർത്ഥ അധികാരം ജനങ്ങളിൽ തന്നെ വന്നുചേരുന്ന മഹത്തായ ഈ ജനാധിപത്യസങ്കൽ‌പ്പത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഒന്നാകെ ഭയപ്പെടുന്നു.
അതുകൊണ്ടു തന്നെ,ഇനി വരുന്ന നാളുകളിലും ഗ്രാമ/വാർഡ്സഭകളെക്കുറിച്ച് ഇവരാരും ഒന്നും മിണ്ടുകയില്ല.അവർ അതിന്റെ മരണം കാംക്ഷിക്കുന്നു.

Monday, 20 September 2010

വിശ്വാസം വില്ലനാകുമ്പോൾ...

ല്ലുമായി പിറന്ന കുഞ്ഞ് തന്റെ ജീവനെടുക്കുമെന്ന ജ്യോതിഷിയുടെ പ്രവചനത്തെതുടർന്ന് ഒരച്ഛൻ സ്വന്തം കുട്ടിയെ നിലത്തടിച്ച് കൊന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.

ആത്മാക്കളുമായി സംസാരിക്കുന്ന ഓജോബോർഡ് കളിയിൽ ഭ്രമം മൂത്ത് കണ്ണൂർ ജില്ലയിലെ ഒരു ചെറുപ്പക്കാരൻ സ്വയം കുത്തിമുറിവേൽ‌പ്പിച്ച് മരിച്ചതും ഏതാനും ദിവസം മുൻപായിരുന്നു.

ഇത് മാദ്ധ്യമങ്ങളിൽ വരുന്ന കൌതുകവാർത്തകളായതുകൊണ്ട് നമ്മുടെശ്രദ്ധയിൽ പെട്ടു എന്നു മാത്രം.

ചൊവ്വാദോഷത്തിന്റേയും ജാതകപ്പൊരുത്തമില്ലായ്മയുടേയും മറ്റും പേരിൽ വിവാഹം നടക്കാ‍തെയും,നടന്നുവെങ്കിൽ തകർന്നും ആത്മഹത്യയിലഭയം തേടുന്ന ആയിരങ്ങൾ കേരളത്തിലുണ്ടു.ജാതി,മതഭേദമില്ലാതെ,വിദ്യാഭ്യാസ യോഗ്യതകളോ സാമൂഹിക പദവികളോ നോക്കാതെ എല്ലാവിഭാഗങ്ങൾക്കിടയിലും അസംഖ്യം അന്ധവിശ്വാസങ്ങൾ രൂഡമൂലമായിരിക്കുന്നു.പണ്ട് സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളിൽ തൂത്തെറിയപ്പെടുകയോ ദുർബ്ബലപ്പെടുകയോ ചെയ്ത സർവ അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ കേരളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.അതിന്റെ ഏറ്റവും വലിയ തെളിവ് പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിശ്വാസത്തട്ടിപ്പുകാരുടെ പരസ്യങ്ങളാണു.ധന ആകർഷണഭൈരവയന്ത്രം മുതൽ ശത്രുസംഹാരയന്ത്രം വരെയുള്ള അസംഖ്യം മാന്ത്രിക താന്ത്രിക ഏലസുകളും ചരടും ഭസ്മവും ലേഹ്യങ്ങളും വരെ ഇതിൽ ഉൾപ്പെടും.മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് അറബിജ്യോതിഷം പോലുള്ള നൂതനവിശ്വാസത്തട്ടിപ്പുകളും അരങ്ങേറുന്നു.

ഇതിനെക്കാൾ ഭീകരമാണു ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ജ്യോതിഷപണ്ഡിതരും വാസ്തുവിദഗ്ദ്ധരും ചെയ്യുന്ന തട്ടിപ്പുവിദ്യകൾ.അവ മുഖ്യമായും വിദ്യാസമ്പന്നരേയും സമൂഹത്തിലെ ഉന്നതരേയും ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണു.ജ്യോതിഷം ശാസ്ത്രമായാണു അവതരിപ്പിക്കപ്പെടുന്നത്.കവടിനിരത്തി തട്ടിപ്പ് നടത്തി കീശവീർപ്പിച്ചിരുന്ന തട്ടിപ്പുവീരന്മാരൊക്കെ “ഡോക്ടർ” ചമഞ്ഞു നിത്യവും പ്രഭാതത്തിൽ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു.ഒരു ഉളുപ്പുമില്ലാതെ,മനസാക്ഷിക്കുത്തില്ലാതെ ചാനലുകൾ ഇവർക്ക് സമയം നൽകുന്നു.വാസ്തുശാസ്ത്രം എന്നപേരിൽ അടുത്തിടെ രംഗത്ത് വന്നിരിക്കുന്ന ‘വിദഗ്ദ്ധരും’ നടത്തുന്നത് പണം പിടുങ്ങാനുള്ള ശാസ്ത്രീയതട്ടിപ്പുകളാണു.ഇവരുടെ ഉപദേശം കേട്ട് കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളുടെ മുറികളും ഗേറ്റുകളും പൊളിച്ചുപണിതുകൊണ്ടിരിക്കുന്നു.വാസ്തുദോഷമകറ്റാൻ നടത്തുന്ന ഇത്തരം പൊളിച്ചുപണികളിലൂടെ പാപ്പരായിത്തീർന്ന ഒട്ടേറെപ്പേരെ ഈ ലേഖകനറിയാം.വാസ്തു ശരിയാക്കാൻ വീടുപൊളിച്ച് പണിയാനിറങ്ങി കുത്ത് പാളയെടുത്ത് കെട്ടിത്തൂങ്ങിയവരെക്കുറിച്ച് ഏതെങ്കിലും മാദ്ധ്യമം അന്വേഷണം നടത്തട്ടെ.അതിന്റെ ഫലം അവരെ ഞെട്ടിക്കും.

ഇവിടെ പിന്നെയും പ്രതിക്കൂട്ടിലാകുന്നത് നമ്മുടെ മാദ്ധ്യമങ്ങൾ തന്നെ.കുട്ടിച്ചാത്തൻ സേവക്കാർക്കും അത്ഭുതരോഗശുശ്രൂകർക്കും ജ്യോതിഷക്കാർക്കും ഏലസുകാർക്കുമെല്ലാം ഉദാരമായി പത്രസ്ഥലവും ചാനൽ സമയവും അനുവദിച്ചുകൊടുക്കുന്നവർ തന്നെയാണു ഈ ക്രൂരമായ തട്ടിപ്പുകളിൽ കൂട്ടുപ്രതിസ്ഥാനത്ത് നിൽക്കേണ്ടത്.പരസ്യങ്ങളായി പോലും ഇത്തരം കൊടുംചൂഷണങ്ങളെക്കുറിച്ചുള്ള ഒന്നും കൊടുക്കുകയില്ലെന്ന് അവർ തീരുമാനിക്കട്ടെ.ലക്ഷക്കണക്കിനു ജനങ്ങളെ കൊള്ളചെയ്യുന്നതിനു കൂട്ടുനിൽക്കാൻ തങ്ങളെ കിട്ടുകയില്ലെന്ന് തീരുമാനിക്കാനുള്ള ധാർമ്മികാടിത്തറ ഇവർക്കൊന്നും ഇല്ലാതെ പോയി.മാദ്ധ്യമസദാചാരം പരിതാപകരമയി തകർന്നടിഞ്ഞതിന്റെ അനന്തരഫലമാണിത്.കാശുതരുന്നവനു മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നതാണു ഇന്നത്തെ പതിവ്.പരസ്യദാതാക്കളുടെ താൽ‌പ്പര്യങ്ങൾക്ക് ഹാനികരമായ യാതൊന്നും അവർ ചെയ്യില്ല.ഇതിൽ ഒരും പത്രവും ചാനലും വ്യത്യസ്തമല്ല.പരസ്യം നൽകുന്ന ജ്യോതിഷിയേയും,വാസ്തു’വിദഗ്ദ്ധനേയും’ കോളമിസ്റ്റുകളായും അവതാരകരായും അവതരിപ്പിച്ച് മാന്യത ഉണ്ടാക്കിക്കൊടുക്കാൻ ബദ്ധശ്രദ്ധരാണു ഇവർ.

ആൾദൈവങ്ങളുടെ പബ്ലിസിറ്റി സ്വയം ഏറ്റെടുത്ത്കൊണ്ട് ഈ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണപ്രവർത്തനങ്ങളാണു കേരളത്തിൽ അന്ധവിസ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പുനസ്ഥാപനത്തിനു പ്രധാനപങ്കുവഹിച്ച വസ്തുത.പ്രമുഖ പത്രങ്ങളുടേയും ചാനലുകളുടേയും ഉടമസ്ഥരും അവയുടെ തലപ്പത്തുള്ളവരും ഈ ആൾദൈവങ്ങളുടെ ആരാധകരാണു.അവരുടെ ഈ വിശ്വാസപ്രമാണങ്ങളാണു ഒരു തത്ത്വദീക്ഷയുമില്ലാതെ,നഗ്നമായ മാദ്ധ്യമസദാചാരലംഘനത്തിലൂടെ,ജനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസ,ആരോഗ്യമേഖലയിലടക്കം സമൂഹത്തിന്റെ പ്രധാനമണ്ഡലങ്ങളിലെല്ലാം പിടിമുറുക്കിയ ഇത്തരം ആൾദൈവങ്ങളും,വിശ്വാസത്തട്ടിപ്പുകാരും അടു ടുത്തിടെ കേരളത്തിൽ പുനസ്ഥാപിച്ച അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൽക്കും കണക്കില്ല. ചൊവ്വാ, ശനിദോഷ നിവാരണണപൂജകൾ,വാസ്തുദോഷനിവാരണക്രിയകൾ,അക്ഷയതൃതീയ,അത്ഭുതരോഗശാന്തി
ശുശ്രൂഷകൾ,വാരഫലം,ജാതകപ്പൊരുത്തം,രക്ഷാചരടുധരിക്കൽ,ദർഗ്ഗകളിൽ പ്രാർത്ഥന....ഇങ്ങനെ പോകുന്നു അവ.

യാത്രചെയ്യുമ്പോൾ ഒന്നു നിരീക്ഷിക്കുക.കൈയ്യിൽ രക്ഷാച്ചരടുകളും യന്ത്രങ്ങളും ധരിക്കുന്ന നൂറുകണക്കിനാളുകളെ നിങ്ങൾക്ക് കാണാൻ കഴിയും.അരയിലും കാലിലും കഴുത്തിലുമൊക്കെ ഇത്തരം ചരടുകൾ ഇടുന്നവരും വേറെയുണ്ടാകും.ഇരുപതിൽ ഒരാളെങ്കിലും ഇത്തരക്കാരായിരിക്കും.പണ്ടൊക്കെ വിദ്യാസമ്പന്നർ ജാള്യതയോടെ മാത്രം ചെയ്തിരുന്ന ഇത്തരം അനാചരങ്ങൾക്ക് ഇന്ന് സമൂഹമദ്ധ്യത്തിൽ മാന്യത ലഭിച്ചിരിക്കുന്നു.അതിനു കാരണം അറിയപ്പെടുന്ന സാംസ്കാരിക,സാമൂഹിക പ്രവർത്തകരേയും രാഷ്ട്രീയനേതാക്കളേയും പോലുള്ള,ഒപ്പീനിയൻ ലീഡേഴ്സ് അഥവാ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരിൽ നല്ലൊരു ശതമാനം പേരും,വ്യക്തിപരവും സ്വകാര്യവുമായിരിക്കേണ്ട തങ്ങളുടെ മതപരവും അന്ധവിശ്വാസാധിഷ്ടിതവുമായ വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് കൊണ്ടു കൂടിയാണു.
നൂറുകണക്കിനു സുരക്ഷാഉദ്യോഗസ്ഥരോടൊത്ത് പുണ്യസ്ഥലങ്ങളും മനുഷ്യദൈവങ്ങളുടെ ആസ്ഥാനങ്ങളും സന്ദർശിക്കുന്ന ഭരണാധികാരികളും നേതാക്കളും നൽകുന്നത് ആപൽക്കരമായ സന്ദേശങ്ങളാണു.അവർക്ക് ഇതൊക്കെ ആകാമെങ്കിൽ തങ്ങൾ എന്തിനു മാറി നിൽക്കുന്നു?അവർ അതിനാൽ ചരട് കെട്ടും.ജ്യോതിഷികൾക്ക് മുന്നിൽ ക്യൂനിൽക്കും.മന്ത്രവാദവും കൂടോത്രവും ചെയ്യും.വേണമെങ്കിൽ പ്രിയപ്പെട്ടവരുടെ കൂടി ജീവനെടുക്കും.അത്രമാത്രം അന്ധവിശ്വാസാധിഷ്ഠിതമായ സാമൂഹിക പശ്ചാത്തലമാണു കേരളത്തിൽ ഇന്ന് നിലവിലുള്ളത്.മാദ്ധ്യമങ്ങളുടെ പ്രാഥമിക ചുമതലകളിൽ ഒന്ന് ജനങ്ങളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്നതാണു.പക്ഷേ,അതിനു ആർക്കുണ്ടു താൽ‌പ്പര്യം?

Friday, 17 September 2010

കോടതിയും ജനകീയ കോടതിയും

സൌംമ്യനായ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം ക്ഷോഭം വന്നത് ഒരു സുപ്രീം കോടതി വിധിയെ തുടർന്നായിരുന്നു.ഗോഡൌണുകളിൽ കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യം ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് സൌജന്യമായി നൽകണമെന്നകോടതി ഉത്തരവു സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലുള്ള കൈകടത്തലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ സാരാംശം.37 ശതമാനം വരുന്ന പാവങ്ങൾക്ക് സൌജന്യ ഭക്ഷ്യധാന്യവിതരണം പ്രായോഗികമല്ലെന്നും അത് കർഷകരുടെ താല്പര്യങ്ങൽക്ക് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നയപരമായ തീരുനാങ്ങളിൽ കോടതികൾക്ക് ഇടപെടാമോ എന്ന വിഷയത്തിൽ വീണ്ടും ഒരു ദേശീയസംവാദത്തിനു കളമൊരുങ്ങിയിരിക്കുകയാണു.

നിയമനിർമ്മാണ സഭകൾ ഉണ്ടാക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമായി വ്യാഖ്യാനിക്കുകയാണു കോടതികളുടെ ചുമതല.പാർലമെന്റിന്റേയും നിയമസഭകളുടേയും ബ്യൂറോക്രസിയുടേയും നിയതമായ കടമകളും ചുമതലകളും ഏറ്റെടുത്ത് നടത്തുക ജുഡീഷ്യറിയുടെ പണിയല്ല.പക്ഷേ,ഒട്ടേറെ സന്ദർഭങ്ങളിൽ കോടതി ഭരണഘടനാദത്തമായ അധികാരങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുകയും മറ്റുള്ളവരുടെ അധികാരങ്ങൾ സ്വയം കൈയ്യാളുകയും ചെയ്തിട്ടുണ്ടു.അതിനുമപ്പുറം രാഷ്ട്രീയയജമാനന്മാരോട് കൂറും വിധേയത്വവും പുലർത്തുന്ന വിധിപ്രഖ്യാപനങ്ങളിലൂടെ ജുഡീഷ്യറിയുടേയും ജനാധിപത്യവ്യവസ്ഥയുടേയും അന്തസിനു തീരാകളങ്കം വരുത്തിയിട്ടുണ്ടു.

കോടതികൾക്ക് മാനുഷികമുഖം നഷ്ടപ്പെടുന്നുവെന്നും ജഡ്ജിമാർക്ക് സമൂഹികബോധമില്ലെന്നും നിശിതവിമർശനങ്ങൾ ഉയരുന്നത് ഇതിനാലാണു.
ഏറെ പുകഴ്തപ്പെട്ടതാണു പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ വിധി.പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ വാറന്റ് കൂടാതെ പൊലീസിനു അറസ്റ്റ് ചെയ്യാൻ അധികാരം കൊടുത്ത ആ വിധി ലോകമെമ്പാടും ശ്ലാഘിക്കപ്പെട്ടു.പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.പക്ഷേ ,പാർലമെന്റെ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തിയത് പിന്നീടായിരുന്നു.ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള പൌരരുടെ മൌലികാവകാശം ഊട്ടിഉറപ്പിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്കനുസൃതമായി സദുദ്ദേശ്യത്തോടെ പ്രഖ്യാപിച്ച ഈ വിധികൾ ,പക്ഷേ, സൂക്ഷ്മാർത്ഥത്തിൽ കോടതികളുടെ അധികാരാവകാശങ്ങൾക്കും അപ്പുറത്തേക്കുള്ള സഞ്ചാരമായിരുന്നു.

പക്ഷേ,പ്രത്യക്ഷത്തിൽ തന്നെ അമിതാധികാരപ്രയോഗം എന്ന പ്രതീതി ഉളവാക്കിയതായിരുന്നു,റോഡുകളിൽ പൊതുയോഗം നടത്തുന്നത് നിരോധിച്ച് കൊണ്ട് അടുത്തിടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.അത് പ്രായോഗികമല്ലെന്നു മാത്രമല്ല ജനാധിപത്യമൂല്യങ്ങൾക്ക് കടകവിരുദ്ധവുമായിരുന്നു എന്ന് ഭരണ,പ്രതിപക്ഷ ഭേദമന്യേ വിമർശനമുണ്ടായി.

നിയമനിർമ്മാണ സഭയുടേയും സർക്കാരിന്റേയും അധികാരപരിധിയിൽ വരുന്ന വിഷയത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.ഈ വിധി കോടതികളുടെ വിലയിടിച്ചു കളയുന്നത് എങ്ങനെ എന്ന് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.ദിവസവും പൊതുനിരത്തുകളിൽ യോഗങ്ങൽ നടക്കുന്നു.ഉത്സവങ്ങളും ജാഥകളും അരങ്ങുതകർക്കുന്നു.നടപ്പിലാക്കാ‍നാകാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർ സമൂഹമദ്ധ്യത്തിൽ അപഹാസ്യരാകും.മതപരമായ ചടങ്ങുകൾക്കു പോലും വിഘാതമുണ്ടാക്കുന്ന ഇത്തരം ഉത്തരവുകൾ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നതിൽ സംശയമില്ല.മുൻപ് ഹൈവേകളിൽ വാഹനപാർക്കിങ്ങ് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവും ഈ ഗണത്തിലുള്ളതായിരുന്നു.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പുടുന്ന ഭരണാധികാരികൾക്ക് സമൂഹികപ്രതിബദ്ധതയുണ്ടെങ്കിൽ ,ജനലക്ഷങ്ങൽ പട്ടിണി കിടക്കുമ്പോൾ ലക്ഷക്കണക്കിനു ടൺ ഭക്ഷ്യധാന്യം ഉപയോഗശൂന്യമായി നശിക്കുകയില്ല.അത് കേടാകും മുൻപ് പാവങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയാണു ജനക്ഷേമതല്പരരായ ഭരണാധികാരികൾ ചെയ്യേണ്ടത്.അത് ആർക്കും ഉപയോഗപ്പെടുത്താതെ നശിപ്പിച്ചു കളയുകയൊ,അമേരിക്കയിൽ ചെയ്യുന്നത് പോലെ കടലിൽ താഴ്ത്തുകയോ ചെയ്യ്യാനുള്ള അധികാരം ,പക്ഷേ,കോടതികൾക്കില്ല.അത് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണു.പാവങ്ങൾക്ക് അവ സൌജന്യമയി നൽകണമെന്ന് ഉത്തരവിട്ട അതേ കോടതി തന്നെ,ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെ റേഷനിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നു കൂടി നിർദ്ദേശിച്ചിട്ടുള്ളത് ആ വിധിയുടെ മനുഷ്യത്വപരമായ മുഖം തന്നെ സ്വയം ഇല്ലാതാക്കിക്കളഞ്ഞു.സൌജന്യത്തിന്റെ ഈ ആനുകൂല്യം ലഭിക്കുന്നതിനെക്കാൾ കൂടുതല്പേർക്ക് കോടതി ഉത്തരവ് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയാൽ ധനനഷ്ടം ഉണ്ടാകും.അവർ പട്ടിണി കിടക്കേണ്ടി വരും.അതിനാൽ തന്നെ ജനങ്ങളോട് നേരിട്ട് കണക്കു പറയാൻ ബാദ്ധ്യതയില്ലാത്തവർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
നയപരമായ ഇത്തരം തീരുമാനങ്ങൾ ജനനേതാക്കളും ഭരണാധികാരികളും എടുത്തുകൊള്ളും.അതിന്റെ ന്യായാന്യായങ്ങൾ വിലയിരുത്തി ജനകീയകോടതി തന്നെ ബാലറ്റിലൂടെ ശിക്ഷ വിധിച്ചു കൊള്ളും.തള്ളേണ്ടവരെ തള്ളും;കൊള്ളേണ്ടവരെ കൊള്ളും.കോടതികൾക്ക് ഇതിൽ എന്തു കാര്യം?

Sunday, 12 September 2010

പ്രക്ഷേപണത്തിലെ കാവുതീണ്ടലുകൾ

കാലം എത്ര പെട്ടെന്നാണു മാറുന്നത്!
ഈ ആത്മഗതം വാർദ്ധക്യത്തിന്റെ
വരവ് വിളംബരം ചെയ്യുന്നു‌വെന്ന് കണ്ടെത്തിയ സുഹൃത്തിനു നമോവാകം.ഈ നിരീക്ഷണത്തിൽ ഉപഹാസത്തിന്റേയും,ആത്മവിമർശത്തിന്റേയും അംശമുണ്ടു.പോയകാലത്തിന്റെ മനോഹാരിതയെക്കുറിച്ചുമാത്രം സംസാരിക്കുന്ന,അതിൽ മാത്രം അഭിരമിക്കുന്ന ശീലമുള്ളവരുണ്ടു.അവരുടെ ഇഷ്ട നൊസ്റ്റാൾജിയ റേഡിയോ ആണു.കാരണം, അന്ന് മറ്റ് വിനോദോപാധികളൊന്നും അധികം ഉണ്ടായിരുന്നില്ല.വാർത്തകൾ ആദ്യം അറിയിച്ചിരുന്നതും,ഹൃദയഹാരിയായ മലയാളം,ഹിന്ദി ഗാനങ്ങൾ ആദ്യം കേൾ‌പ്പിച്ചിരുന്നതും റേഡിയോ ആയിരുന്നു.കാണാമറയത്തിരുന്നുകൊണ്ടു ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ഒരുകൂട്ടം പേർ നിത്യവും സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ വാക്കുകളാൽ തീർക്കപ്പെട്ടൊരു വിസ്മയലോകത്തിൽ, അതിരുകളില്ലാതെ പാറിപ്പറന്നു നടന്നൊരു ബാല്യ കൌമാരം ഈ ലേഖകനുമുണ്ടായിരുന്നു.സ്വീകരണമുറിയിലെ മർഫി റേഡിയോയ്ക്ക് മുന്നിൽ കുടുംബം ഒന്നിച്ചിരുന്ന് നിത്യവും പ്രക്ഷേപണം കേട്ടിരുന്നൊരു കാലം.ഓണപ്പകലുകളെ ധന്യമാക്കിക്കൊണ്ട് സാംബശിവൻ കഥപറയുന്നു.കവിയരങ്ങിലതാ ഒ.എൻ.വി കുറുപ്പ് ആർദ്രമയ ശബ്ദത്തിൽ ‘ഭൂമിക്കൊരു ചരമഗീതം‘ ചൊല്ലുന്നു:സുഗതകുമാരി ‘കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് ഇടനെഞ്ചു പൊട്ടി കേഴുന്നു.എം.പി മന്മഥന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നു.റേഡിയോ അമ്മാവൻ കുട്ടികളുമായി അതാ വർത്തമാനം പറഞ്ഞിരിക്കുന്നു.“കണ്ടതും കേട്ടതും” പരിപാടിയിൽ എസ്.രാമൻ കുട്ടി നായരും ടി.പി.രാധാമണിയും,പി.ഗംഗാധരൻ നായരും അരങ്ങുതകർക്കുന്നു...റേഡിയോ നാടകോത്സവങ്ങൾ ഉത്സവകാലമായിരുന്നു.നേരത്തെ തന്നെ ഊണും പണികളും തീർത്ത് എല്ലാവരും നിശബ്ദരായി റേഡിയോയ്ക്ക് ചുറ്റുമിരിക്കും.അങ്ങനെ, അവസാനം ഒന്നിച്ചിരുന്നു കേട്ട നാടകം എസ്.രമേശൻ നാ‍യരുടെ “ശതാഭിഷേകം” ആയിരുന്നു.വിവാദക്കൊടുങ്കാറ്റുയർത്തിയ ഒന്നാംതരം അക്ഷേപഹാസ്യമായിരുന്നു,അത്.പതിനേഴ് വർഷങ്ങൾക്കിപ്പുറവും കിങ്ങിണിക്കുട്ടൻ മനസിൽ നിറഞ്ഞുനിൽക്കുന്നു.വിഡ്ഡിച്ചിരി ചിരിക്കുന്നു.വിരുദ്ധോക്തിയുടെ ശക്തിയും സൌന്ദര്യവും സ്ഫുരിക്കുന്ന നാടകങ്ങൾ പിന്നേയും ഉണ്ടായി.

പക്ഷേ,സ്വീകരണമുറി ടെലിവിഷൻ എന്ന പുതുമാദ്ധ്യമം കയ്യടക്കുകയും റേഡിയോ പിന്നാമ്പുറത്തേക്ക് മാറ്റപ്പെടുകയും ചെയ്തതോടെ കുടുംബസദസിൽ നിന്ന് റേഡിയോ പിൻവാങ്ങി.ആ ശ്രവ്യാനുഭവങ്ങൾ ഓരോരുത്തരുടേയും സ്വകാര്യതയുടെ പരിവൃത്തത്തിലേക്ക് ക്രമേണ ചുരുങ്ങി.അത് അങ്ങനെ കാതോട് കാതോരം,അരുമയോടെ,സ്നേഹത്തോടെ സംസാരിക്കുന്ന ഉത്തമസുഹൃത്തും വഴികാട്ടിയും സന്തതസഹചാരിയുമായി.പ്രക്ഷേപകൻ ഇപ്പോൾ സംസാരിക്കുന്നത് ജനക്കൂട്ടത്തോടല്ല.വലിയ സദസിനോടല്ല.തൊട്ടടുത്തുള്ള ഉറ്റ ചങ്ങാതിയോടാണു.അതിനു അച്ചടിഭാഷ ആവശ്യമില്ല.അക്ഷരം അറിയാത്ത അവസാനത്തെയാളിനും മനസിലാകുന്നതായിരിക്കണം അത്.അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം വിഷയം.അല്ലെങ്കിലോ?
ഇന്ന് റേഡിയോ എന്നാൽ ആകാശവാണി മാത്രമല്ല.ഇലക്ട്രോണിക് മാദ്ധ്യമരംഗത്ത് ചാനലുകളുടെ പ്രളയമാണു.വൈവിദ്ധ്യത്തിന്റെ പിറകെ എപ്പോഴും പായുക മനുഷ്യപ്രകൃതം.തെരഞ്ഞെടുക്കാൻ അസംഖ്യം ചാനലുകളാണു വിരൽതുമ്പിൽ.റേഡിയോയ്ക്ക് മുന്നിൽ കണ്ണുംപൂട്ടി,ചെവി കൂർപ്പിച്ച് ധ്യാനത്തിലെന്നപോലെ ഇരിക്കാനാവുന്ന ചുറ്റുപാടല്ല.ഏതുനിമിഷവും എവിടെ നിന്നെങ്കിലും ഫോൺ വരാം.ടി.വിയോ മൊബൈലോ കമ്പ്യൂട്ടറോ ശ്രദ്ധ വഴിതിരിച്ചുവിടാം.തങ്ങൾക്ക് അന്യമായ റേഡിയോയ്ക്ക് നേരെ കുട്ടികൾ എപ്പോഴും ശത്രുവിനെപ്പോലെ ചീറിയടുത്തേക്കാം.ഇങ്ങനെയുള്ള അനേകം വൈതരണികൾ കടന്നുവേണം ശ്രോതാവിനോട് ചങ്ങാത്തം കൂടാൻ.പുതുകാലത്തെ പ്രക്ഷേപകർക്ക് മുന്നിൽ മറ്റൊരു മാദ്ധ്യമവും അഭിമുഖീകരിക്കാത്ത ഇത്തരം വെല്ലുവിളികളുണ്ടു.


ട്രാൻസിറ്ററി മീഡിയം അഥവാ നൈമിഷികമാദ്ധ്യമമാണു റേഡിയോ എന്ന് പറയാറുണ്ടു.ഒരു ചെവിയിൽകൂടി കടന്ന് മറ്റേ ചെവിയിലൂടെ പുറത്തെത്തി അനന്തവിഹായസിൽ ലയിക്കുന്നവയാണു റേഡിയോ പ്രക്ഷേപണം.അതിനു അൽ‌പ്പമാത്രമായ ആയുസ്സേയുള്ളൂ.അപൂർവ്വം ചില പരിപാടികൾ ഒന്നോ രണ്ടോ തവണ ആവർത്തിച്ചേക്കാം.മറ്റുള്ളവയെല്ലാം പ്രക്ഷേപണത്തോടെ ആയുസ്സറ്റ് വിസ്മൃതിയിലാഴുന്നു.അവയിൽ കാലത്തെ അതിജീവിക്കുന്നത് ചില ലളിതഗാനങ്ങളും,അച്ചടിമഷി പുരളുന്ന ചുരുക്കം ചില കവിതകളും കഥകളും മാത്രം.ബാക്കിയെല്ലാം എന്നന്നേക്കുമാ‍യി വിസ്മൃതിയിലായി എന്ന് ഇതിനു അർഥമില്ല.അവ ജീവിക്കുന്നത് കേൾവിക്കാരുടെ മനസിലാണു.വർഷങ്ങൾക്ക് മുൻപ് എന്നോ കേട്ട ഒരു സുഭാഷിതമോ,റേഡിയോ നാടകത്തിലെ സംഭാഷണശകലമോ,അഭിമുഖത്തിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്യങ്ങളോ ഏകാന്തനിമിഷങ്ങളിൽ പുനർജ്ജനിച്ചേക്കാം.പ്രതിസന്ധികളിൽ സാന്ത്വനശ്പർശമായേക്കാം.വാർദ്ധക്യത്തിൽ വഴികാട്ടിയായേക്കാം.അരൂപികളായി ഇരുന്നുകൊണ്ടു കേൾവിക്കാരുടെ ജീവിതത്തെ മരണക്കിടക്കവരെ പിന്തുടരുന്നവയാണു അവരുടെ ആ ശബ്ദങ്ങൾ.
അന്തരീക്ഷത്തിലൂടെ റേഡിയോസെറ്റിലേക്ക് വരുന്ന ഈ അശരീരികൾ ഓരോരുത്തരിലും സൃഷ്ടിക്കുന്ന വാങ്മയചിത്രങ്ങൾ വ്യത്യസ്തങ്ങളാണു.എന്റെ മനസിലെ കിങ്ങിണിക്കുട്ടനല്ല നിങ്ങളുടേത്.സുഗതകുമാരിയുടെ കൃഷ്ണനല്ല അനുവാചകരുടേത്.സഞ്ചിതസ്മരണകളിലൂടെ,തലമുറകളിലൂടെ കൈമാറി ലഭിക്കുന്ന എന്തൊക്കെയോ ഘടകങ്ങളാണു വ്യത്യസ്തവും വ്യതിരിക്തവുമായ ദൃശ്യ,ശ്രവ്യ അനുഭവങ്ങൾക്ക് നിദാനം.

റേഡിയോയിൽ ഏറ്റവും വിപുലവും വിസ്തൃതവുമായ ശ്ബ്ദചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നാടകങ്ങളിലാണു. ശബ്ദങ്ങളിലൂടെ മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും ശ്രോതാവിന്റെ മനസിൽ രൂപപ്പെടുത്തുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യരുടെ ലോകമാണു.അവിടെ അരൂപികളില്ല.അശരീരികളില്ല.ശബ്ദങ്ങൾക്കനുസൃതമായി നിയതമായ രൂപങ്ങൾ ജനിക്കുന്നത് അവർക്ക് പരിചിതരായവരുടെ മുഖച്ഛായയിലാണു.‘അസ്സോസിയേഷൻ ഒഫ് ഐയിഡിയാസ്”എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന ഈ പ്രക്രിയയിൽ ‘പ്രോക്സിമിറ്റി’എന്നൊരു പ്രധാനപ്പെട്ട ഘടകമുണ്ടു.ഞാൻ കിങ്ങ് ലിയറിന്റേയും ഒഥല്ലോയുടേയും ശബ്ദം റേഡിയോ നാടകത്തിൽ കേൾക്കുന്നത് എനിക്ക് പരിചിതമായ ഒരു പരിസരം സങ്കൽ‌പ്പിച്ചുകൊണ്ടാണു.ഇത്തരം അസംഖ്യം വ്യക്തിപരവും സ്വകാര്യവുമായ പ്രതീകങ്ങളും ബിംബങ്ങളും സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണു റേഡിയോ പ്രക്ഷേപണത്തിന്റെ സവിശേഷത.

പ്രക്ഷേപണ സമയത്തിനും കാലത്തിനും സാഹചര്യത്തിനുമപ്പുറത്തേക്ക് ഭൌതികകരൂപത്തിൽ (പണ്ടു ടേപ്പുകളായി,ഇന്ന് സി.ഡികളായി), നാമമാത്രമായവയേ അവശേഷിക്കുകയുള്ളുവെങ്കിലും,ഒരോ പ്രക്ഷേപണവും ശ്രോതാക്കളിൽ നിശബ്ദമായി പതിപ്പിക്കുന്ന മായാത്ത കൈയ്യൊപ്പുകളുണ്ടു.ജീവിതത്തിന്റെ ഊഷരതകൾക്കു മീത അമരത്വത്തോടെ അവ നിലനിൽക്കും.മൃതിയിൽ പോലും ജീവിച്ചിടും.പക്ഷേ,എല്ലാകാലത്തും പ്രക്ഷേപണം ഒരേപോലെയല്ല.നോക്കുക:ആദ്യകാലങ്ങളിൽ റെക്കാർഡിങ്ങ് സംവിധാനം പരിമിതമായിരുന്നു.ടേപ്പുകൾ കിട്ടാനേയുണ്ടായിരുന്നില്ല.അതിനാൽ സിനിമാപാട്ടുകളൊഴികെ മിക്കവയും ലൈവായിരുന്നു!റേഡിയോ നാടകങ്ങൾ പോലും തത്സമയ പ്രക്ഷേപണമായിരുന്നു.അസാധാരണപ്രതിഭകൾക്കേ അത് വിജയകരമാക്കാൻ കഴിയുമായിരുന്നുള്ളൂ.1960തുകളുടെ ആദ്യം ശബ്ദലേഖനം വ്യാപകമായി.സാഹിത്യത്തിലെ മൌലികപ്രതിഭകൾ റേഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിക്കൂട്ടി.ജീവിതഗന്ധിയായ ഇതിവൃത്തമുള്ള നൂറുകണക്കിനു നാടകങ്ങൾ ശ്രോതാക്കളിലേക്കെത്തി.മലയാളത്തിലെ മാത്രമല്ല മറ്റ് ഭാഷകളിലേയും സാഹിത്യകൃതികളുടെ റേഡിയോ രൂപാന്തരം ഉണ്ടായി.നാടകങ്ങൾ റേഡിയോയുടെ അവിഭാജ്യഘടകമായി.

പിൽക്കാലത്ത് ചെറുനാടകങ്ങളുടെ സ്വഭാവമുള്ളതും,ഏതാനും കഥാപാത്രങ്ങൾ മാത്രമുള്ളതും കാലികമായൊരു വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതുമായ സ്കിറ്റുകൾ അഥവാ രൂപകങ്ങൾ രൂപമെടുത്തു.തിരുവനന്തപുരം നിലയത്തിൽ “കണ്ടതും കേട്ടതും”,“കലികാലം”, കോഴിക്കോട്ട് “കിഞ്ചനവർത്തമാനം”,തൃശൂരിൽ “പലരും പലതും”,ഏറ്റവും ഒടുവിൽ കൊച്ചി എഫ്.എമ്മിൽ“ശനിദശ”.ജീവിതത്തിൽ മുൻപ് ഒരിക്കൽ പോലും ഒരു വരി ഹാസ്യം എഴുതിയ പരിചയമില്ലാത്ത ഈ ലേഖകൻ 2004ൽ കോഴിക്കോട്ടെ കിഞ്ചനവർത്തമാനത്തിന്റെ രചയിതാവായത് വളരെ യാദൃച്ഛികമായായിരുന്നു.ഖാൻ കാവിൽ,ഇരവി ഗോപാലൻ,കെ.ഏ മുരളീധരൻ,ആർ.വിമലസേനന്നായർ തുടങ്ങിയ പ്രതിഭാധനന്മാർ എഴുതിയും തകർത്തഭിനയിച്ചും എൺപതുകളിൽ മലബാറിലെ ജനലക്ഷങ്ങളെ ആകർഷിച്ച ഈ പരിപാടി,പക്ഷേ, അവരുടെ പിൻഗാമികളുടെ കൈയ്യിൽ പ്രഭമങ്ങികൊണ്ടിരുന്നു.ചാട്ടുളി പോലുള്ള സംഭാഷണങ്ങളാൽ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ആഞ്ഞടിക്കുന്ന,നിശബ്ദഭൂരിപക്ഷത്തിന്റെ രോഷത്തിന്റേയും അമർഷത്തിന്റേയുമൊക്കെ പ്രതിഫലനമാകേണ്ട ഈ ആക്ഷേപഹാസ്യപരിപാടി ഓരോ ആഴ്ചയിലും ഊഴംവെച്ച് ഓരോരുത്തരെക്കൊണ്ട് നിർബന്ധിപ്പിച്ച് എഴുതിക്കുകയായിരുന്നു.2004 ആദ്യം, ആ ആഴ്ചത്തെ സ്ക്രിപ്റ്റ് എഴുതേണ്ടിയിരുന്ന സഹപ്രവർത്തകയ്ക്ക് അതിനു കഴിഞ്ഞില്ല.പഴയത് ആവർത്തിക്കാനാണെങ്കിൽ അതിനു യോഗ്യമായത് ഒറ്റഒരെണ്ണം പോലും ഇല്ല.ഈ മുഹൂർത്തത്തിലാണു ഒരു കൈ നോക്കാൻ തീരുമാനിച്ചത്.തെങ്ങല്ല,പ്ലാവാ‍ണു സാക്ഷാൽ കല്പവൃക്‌ഷം.അതിനാൽ വേലയും കൂലിയുമില്ലാതെ നടക്കുന്ന എല്ലാ യുവാക്കളും റോഡരുകിൽ പ്ലാവ് നടട്ടെ.ഓരോ യുവാവിനും കൊടുക്ക്,ഓരോ ചക്കക്കുരു!എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ആ രചന ഏറ്റു!അന്നുമുതൽ ഓരോ ആഴ്ചയും സ്ക്രിപ്റ്റ്ഴുതേണ്ട ചുമതല കിട്ടി. പത്രങ്ങൾ പരതി ചൂടുള്ള വിഷയങ്ങൾ കണ്ടെടുത്ത് എഴുതിത്തുടങ്ങി.അവ സി.കൃഷ്ണ കുമാറും,ഈ.കെ.ഇസ്മയിലും,ബോബി.സി മാത്യുവും,കെ.വി.ശബരിമണിയും എം.പുഷ്പകുമാരിയും മറ്റും ചേർന്ന് അതീവ ഹൃദ്യമായി അവതരിപ്പിച്ചു.അതിനു സ്പോൺസർമാരുണ്ടായി.പിന്നാലെ എഫ്.എമ്മിലും കിഞ്ചനവർത്തമാനം അരങ്ങുകൈയ്യടക്കി.അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാര്യങ്ങൽ പച്ചയായി,ഹാസ്യാത്മകമായി അവതരിപ്പിക്കുക എന്ന ശൈലിയാണു സ്വീകരിച്ചത്.അതിനായി തിരുവനന്തപുരത്തേയും തൃശൂരേയും കോഴിക്കോട്ടേയും പ്രാദേശികഭാഷാ വകഭേദങ്ങൾ ഉപയോഗിച്ചു.

വയനാട്ടിലെ കർഷക ആത്മഹത്യഹത്യകൾക്കെതിരായി സർക്കാർ നടത്തിയ സാംസ്കാരികകൂട്ടായ്മയെ വിഷയമാക്കിയത് ഇപ്രകാരമായിരുന്നു:ആത്മഹത്യചെയ്ത കർഷകന്റെ കുഴിമാടത്തിനരികെ കവിയരങ്ങ് നടത്താൻ അങ്ങാടിയിൽ വന്നിറങ്ങുന്ന ഒരു വണ്ടിനിറയെ ചെറുതും വലുതുമായ കവികളുടെ വിക്രിയകൾ കണ്ടു കാർക്കിച്ചുതുപ്പുകയാണു അങ്ങാടിയിലുള്ളവർ.ഇവന്റെയൊക്കെയൊരു സാംസ്കാരിക പൊറാട്ടുനാടകം!

പത്ത് കുട്ടികളുടെ പിതാവായ തോമ തന്റെ ആത്മകഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമയി സമുദായനേതാവിന്റെ മുന്നിലെത്തുന്നത്,തങ്ങൾ നടത്തുന്ന സ്കൂളുകളിൽ മാത്രമേ തങ്ങളുടെ കുട്ടികളെ ചേർക്കാവൂ എന്ന മതമേലദ്ധ്യക്ഷന്റെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അത് അവസാനിക്കുന്നത് ഈ വാചകത്തോടെയായിരുന്നു;പാഠം ഒന്ന്:മഹാത്മാ പിള്ളേരു തോമ!ജനകീയപ്രശ്നങ്ങൾ നേരിട്ടറിയാൻ യുവനേതാവു ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന വാർത്തയിൽ നിന്ന് ഇങ്ങനെ ഒരു “കിഞ്ചനം”ഉത്ഭവിച്ചു.ഓണംകേറാമൂലപഞ്ചായത്തിലെ കോരന്റെ കുടിലിൽ അന്തിയുറങ്ങാൻ യുനേതാവ് എത്തുന്നതിനു മുന്നോടിയായി കരിമ്പൂച്ചകളുടെ അകമ്പടിയോടെ ഹെലികോപ്റ്ററിറങ്ങി അതാ വരുന്നു ഒരു പശുവും കിടാവും!നാളെ നേതാവു സ്വന്തം പശുവിന്റെ പാൽ കറന്നു കുടിക്കും.ചാണകം കോരനു ഫ്രീയായി കൊടുക്കും!എന്തൊരു എളിമ!ജനസംഖ്യാക്കുറവ് മൂലം പ്രതിസന്ധിനേരിടുന്ന റഷ്യയിലേക്ക് ഇന്ത്യൻ വരന്മാരെ സ്വാഗതം ചെയ്യുന്നുവെന്ന പത്രവാർത്ത രൂപകമായി പരിണമിച്ചത് ഇങ്ങനെയായിരുന്നു:കല്യാണതട്ടിപ്പ് വീരൻ കല്യാണം കമലൻ പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സർട്ടിഫിക്കേറ്റിനു സമീപിക്കുകയാണു. കുറേയേറെ കല്യാണങ്ങളിലായി പത്ത്മുപ്പത് പിള്ളാരെങ്കിലുമുണ്ടെന്ന് സാർ ലെറ്റർപാഡിൽ എഴുതിത്തരണം.റഷ്യക്ക് പോവാണാണു.അവിടെയിപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് വൻ ഡിമാന്റാണു!ഞാൻ കല്യാണം കമലോസ്കിയായിട്ട് അവിടെചെന്ന് സാറിനൊറു വിസാ അയച്ചുതരാം!വൃദ്ധജനപരിപാലനത്തിനു അമേരിക്കയിൽ വൻ തുക ചിലവാകുന്നത് കൊണ്ടു ഇന്ത്യയിലേക്ക് അവരെ അയക്കുന്നതാണു ലാഭകരം എന്ന പത്രവാർത്തയുമായി കുന്നംകുളത്തുകാരൻ കുറ്റിച്ചാക്ക് ലോന കുന്നിൻപുറത്തുള്ള സ്കൂളിനു വിലപറയാനെത്തുകയാണു.പ്രകൃതിരമണീയമായ ഈ സ്ഥലത്ത് അയാൽ ഒരു പുതിയ വ്യവസായപദ്ധതി ആരംഭിക്കാനൊരുങ്ങുകയാണു:ചാക്കാല ട്യ്യൂറിസം!!മരിക്കാൻ പ്രായമായ ഒരു ലോഡ് സായിപ്പന്മാരെ നെടുമ്പാശ്ശേരിക്ക് കയറ്റിവിടാനുള്ള ഓഡർ കൊടുത്തിട്ടാ ഞാൻ വരുന്നത്,എന്റെ സാറേ!


...ഇങ്ങനെ പത്രവാർത്തകളിൽ നിന്നും സമകാലികപ്രശ്നങ്ങളിൽ നിന്നും രൂപപ്പെടുത്തുന്ന,നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള, ഇത്തരം രൂപകങ്ങൾ പത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകളുടേയും പത്രാധിപർക്കുള്ള കത്തുകളുടേയും ധർമ്മമാണു ഒന്നിച്ച് അനുഷ്ഠിക്കുന്നത്.ഒരു തരം കാവുതീണ്ടലാണത്.എപ്പോഴുംജനപക്ഷത്ത് നിന്നുകൊണ്ട് അധികാരസ്ഥാനങ്ങൾക്ക് മേൽ ഒളിഞ്ഞും തെളിഞ്ഞും കടുത്ത വിമർശനശരങ്ങൾ തൊടുത്തുവിടുന്നതിനാൽ അവ എപ്പോഴും ജനപ്രിയമായിരിക്കും.അതുകൊണ്ടു തന്നെ അത് ആവിഷ്കാരസ്വാതന്ത്യം അരക്കിട്ടുറപ്പിക്കുന്നു.രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടു നമ്മുടെ ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മാദ്ധ്യമപ്രളയത്തിൽ റേഡിയോയുടെ വ്യതിരിക്തത അടയാളപ്പെടുത്തുന്ന,ഈ മാദ്ധ്യമത്തിന്റെ ശക്തിയും ചൈതന്യവും വെളിപ്പെടുത്തുന്ന ജനപ്രിയപരിപാടികളിൽ ഒന്നായിരിക്കും റേഡിയോ സ്കിറ്റുകൾ എന്ന ഈ ആക്ഷേപഹാസ്യ രൂപകങ്ങൾ.

പരസ്യദാതാക്കൾ മാദ്ധ്യമങ്ങളുടെ ഉള്ളടക്കവും അജണ്ടയും നിശ്ചയിക്കുന്ന ഒരു ആസുരകാലത്ത് ,റേഡിയോ അധികാരികൾക്കുവേണ്ടി,പരസ്യക്കാർക്കുവേണ്ടി, കുഴലൂത്ത്നടത്തുന്ന മാദ്ധ്യമമല്ലായിരുന്നുവെന്ന് വരും തലമുറ ഗൃഹാതുരതയോടെ ഓർക്കും.

അവർ ആത്മഗതം ചെയ്തേക്കും:കാലം എത്ര പെട്ടെന്നാണു മാറിയത്.റേഡിയോയിൽ സ്കിറ്റുകൾ പ്രക്ഷേപണം ചെയ്ത ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്നോ!

Monday, 6 September 2010

മാദ്ധ്യമസദാചാരത്തിനു അകാലമൃത്യു

രു മാദ്ധ്യമത്തിന്റെ ഉള്ളടക്കമാണു അതിന്റെ വ്യക്തിത്വവും നയവും വെളിപ്പെടുത്തുന്നത്.അച്ചടിമാദ്ധ്യമങ്ങളിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും വരുന്ന പരസ്യങ്ങളിലും അവയുടെ എഡിറ്റോറിയൽ നയത്തിന്റെ നേർ പ്രതിഫലനം ഉണ്ടാകണം.ഉദാഹരണത്തിനു സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി ആരംഭിച്ചത് കാരണം മാതൃഭൂമി ഒരിക്കലും മദ്യത്തിന്റേയൊ പുക ഉൽ‌പ്പന്നങ്ങളുടേയോ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ദ ഹിന്ദുവും സമാനമായ തീരുമാനം എടുത്തിരുന്നു.അടുത്തിടെവരെ ജാതകഫലമോ കവടിനിരത്ത് വീരരുടേയോ ഹസ്തരേഖക്കാരുടേയോ പരസ്യങ്ങൾ പോലുമോ അവർ പ്രസിദ്ധീകരിച്ചിരുന്നില്ല.കേരള കൌമുദിയിൽ ആരംഭകാലങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിഉറപ്പിക്കുന്ന നക്ഷത്രഫലം പോലുള്ള തട്ടിപ്പുപംക്തികളോ അവയുടെ പരസ്യങ്ങളോ പ്രസിദ്ധീകരിച്ചിരുന്നില്ലന്ന് പറഞ്ഞുകേട്ടിട്ടുണ്ടു.സമീപഭാവിയിൽ ഇക്കാര്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ച അച്ചടിമാദ്ധ്യമം മാധ്യമമാണു.അവർ സിനിമയുടെ പരസ്യം പോലും കൊടുക്കുന്നില്ല.സ്പോർട്ട്സ് ചിത്രങ്ങൾ പലപ്പോഴും കർക്കശമായ എഡിറ്റിങ്ങിനു വിധേയമാകുന്നു.മാനേജ്മെന്റിന്റെ മതപരമായ വിശ്വാസപ്രമാണങ്ങൾ ഇങ്ങനെ ഉള്ളടക്കത്തെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത് സ്വാഭാവികം.അതിൽ അസാംഗത്യമൊന്നുമില്ല.പക്ഷേ,പ്രഖ്യാപിതമായ നയത്തിനും വീക്ഷണങ്ങൾക്കും നേരെ കടകവിരുദ്ധമായ നിലപാട് പരസ്യങ്ങളുടെ കാര്യത്തിൽ ഒരു മാധ്യമം സ്വീകരിച്ചാലോ?മദ്യനിരോധനസമ്മേളനം അബ്കാരിമുതലാളി സ്പോൺസർ ചെയ്യുമ്പോലെ സാമൂഹികവിരുദ്ധമായ അശ്ലീലമാണത്.പക്ഷേ,പണക്കൊതിമൂത്ത,ദുരാഗ്രഹികളും,ധാർമ്മികബോധമില്ലാത്തവരുമാൽ നയിക്കപ്പെടുന്ന ചില മാദ്ധ്യമങ്ങൾ ചെയ്തുവരുന്നത് ഇതാണു.അറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളെ പറ്റിക്കുന്നതിനു കൂട്ടു നിൽക്കുക.ഒന്നരപതിറ്റാണ്ട് മുൻപ് കേരളീയരുടെ കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സ്വകാര്യബ്ലേഡ്കമ്പനിക്കാർക്കും,ആട്,തേക്ക് ,മാഞ്ചിയം തട്ടിപ്പുകാർക്കും പനപോലെ വളരാൻ വഴിയൊരുക്കി കൊടുത്തത് ഇവിടുത്തെ പ്രമുഖമാദ്ധ്യമങ്ങളായിരുന്നു.യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ,ഉളുപ്പുമില്ലാതെ അവർ ഈ സ്ഥാപങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു.അവയുടെ ഉടമസ്ഥർക്ക് ഉദാരമായി പത്രസ്ഥലം അനുവദിച്ചു.അവരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചുകൊണ്ട് അവർക്കെതിരായ സർവവാർത്തകളും ആദ്യഘട്ടങ്ങളിൽ പൂഴ്ത്തിവെച്ചു.പരസ്യദാതാക്കളുടെ അപ്രീതിക്ക്പാത്രമാകുമെന്ന ഭയത്താൽ ഉപഭോക്തൃഫോറം വിധികൾ റിപ്പോറ്ട്ട് ചെയ്യുന്നത് പോലും മാദ്ധ്യമങ്ങൽ നിർത്തി.എന്തിനധികം പറയുന്നു,മലയാളത്തിലെ ഏറ്റവും പഴക്കമേറിയ സിനിമനിരൂപണപംക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിർത്തിയതും പരസ്യദാതാക്കളായ സിമിമാവ്യവസായികളുടെ മുന്നിൽ മുട്ടിടിക്കുന്നതിനാലായിരുന്നു.കാശുണ്ടെങ്കിൽ ഏത് മാദ്ധ്യമത്തേയും വരുതിക്കുള്ളിൽ നിർത്താമെന്ന് അറിയാത്തവരില്ല.പരസ്യമായും സംഭാവനയായും സ്പോൺസർഷിപ്പുകളായും നിക്ഷിപ്തതാൽ‌പ്പര്യക്കാർ മാദ്ധ്യമങ്ങളെ വിലക്കുവാങ്ങും.അതിൽ വീഴാത്തവർ ആരുണ്ടു?അവിഹിതമായി സമ്പാദിച്ചതിന്റെ ഒരു പങ്ക് പണ്ട് പാപപരിഹരാർത്ഥം ദേവാലയങ്ങളുടെ ഗുണ്ടികയിൽ നിക്ഷേപിക്കുകയായിരുന്നു കീഴ്വഴക്കം.ഇന്ന് പാപമോചനം കിട്ടാനുള്ള ഏളുപ്പ വഴി അധികാരം കൈയ്യാളുന്നവർക്ക് കൈയയച്ച് സംഭാവന ചെയ്യുക എന്നതാണു.പാർട്ടിപ്പത്രങ്ങൾക്കും ചാനലുകൾക്കും വാരിക്കോരി നൽകിയാൽ രണ്ടുണ്ടു മെച്ചം.അവയെ നിശബ്ദമാക്കി കൂടെ നിർത്താം.ഫ്രീയായി പബ്ലിസിറ്റിയും കിട്ടും.ലോട്ടറിതട്ടിപ്പ് വീരർക്ക് ഇത് നന്നായി അറിയാം.നികുതിപ്പണം അടക്കാതെ വർഷം തോറും 14600 കോടി രൂപ പട്ടിണിപ്പാവങ്ങളെ തട്ടിച്ച് കേരളത്തിൽ നിന്ന് കടത്തുന്നവർ നക്കാപ്പിച്ച പണം നൽകിയാണു ചാനലുകളേയും പത്രങ്ങളേയും തങ്ങളുടെ ആജ്ഞാനുവർത്തികളാക്കിയിരിക്കുന്നത്.നീതിബോധമുള്ള, ജനക്ഷേമതൽ‌പ്പരരായ ആരും ഇത്തരം തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കില്ല.ഈ ചൂതാട്ടക്കാരുടെ പരസ്യങ്ങളോ സംഭാവനയോ സ്വീകരിക്കുകയില്ല.ഒരു മാദ്ധ്യമസദാചാരത്തിനും നിരക്കുന്ന പ്രവർത്തിയല്ല അത്.സർവ്വരോഗസംഹാരികളുടേയും ലൈംഗിക ഉത്തേജകമരുന്നുകളുടേയും,ജ്യോതിഷികളുടേയും ,മാന്ത്രിക ഏലസുകളുടേയും ,രോഗശാന്തിശുശ്രൂഷക്കാരുടേയും മറ്റും പരസ്യങ്ങൾ പ്രസിദ്ധികരിച്ചുകൊണ്ട് കണ്ണിൽ ചോരയില്ലാതെ തട്ടിപ്പ് നടത്തുന്നവരാണു നമ്മുടെ മാദ്ധ്യമരംഗത്തെ പ്രമുഖസ്ഥാപനങ്ങളെല്ലാം.കഴുത്തറ്റം ചെളിയിൽ ആഴ്ന്നുകിടന്നുകൊണ്ടാണു അവരെല്ലാം ലോട്ടറിപ്രശ്നത്തിൽ സദാചരപ്രസംഗം നടത്തുന്നത്.

അതേ,മാദ്ധ്യമസദാചാരത്തിനു ഇവിടെ അപമൃത്യു സംഭവിച്ചിട്ട് കാലമേറെയായി.

Monday, 30 August 2010

അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾ

ഓണത്തിനു ഏറ്റവുമധികം മദ്യം കുടിച്ചു തീർത്ത് കേരളീയർ പുതിയ ഉയരങ്ങൾ കീഴടക്കി.അടുത്ത ക്രിസ്മസിനോ പുതുവത്സരത്തിനോ ഓണത്തിനോ ഈ റെക്കാർഡും തകർത്തെറിഞ്ഞുകൊണ്ടു നമ്മൾ മുന്നേറും.മദ്യമുതലാളിമാർക്കും സർക്കാരിനും ആനന്ദത്തിലാറാടാം.അവരുടെ കീശയിൽ വന്നു നിറയുന്നത് കോടികളാണു.

ആരാണു ഈ മദ്യപർ?ജാതി,മത,രാഷ്ട്രീയ അതീവരമ്പുകൾക്കപ്പുറത്ത് സമൂഹത്തിന്റെ ഒരു പരിച്ഛേദമാണു കുടിയരുടെ ഈ സമൂഹം.അവർക്കിടയിൽ അസാധാരണവും അത്ഭുതകരവുമായ ഒരു പാരസ്പര്യമുണ്ടു:ഐകമത്യമുണ്ടു.സമത്വബോധമുണ്ടു.വ്യക്തിദുഖങ്ങൾ മദ്യത്തിൽ മുക്കി അലിയിച്ചുകളയുന്നവർക്കിടയിൽ ഉച്ചനീചത്വങ്ങളില്ല.കൊച്ചു പിറന്നാലും അപ്പൻ മരിച്ചാലും,മക്കൾക്ക് മാർക്ക് കൂടുതൽ കിട്ടിയാലും ,തോറ്റമ്പിയാലും,കല്യാണം കഴിച്ചാലും,മുടങ്ങിയാലുമൊക്കെ ആഘോഷിക്കാനോ സങ്കടപ്പെടാനോ മദ്യം കൂടിയേ തീരൂ.കുടുംബ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ചില മതപരമായ അനുഷ്ഠാനങ്ങൾക്കും മദ്യം അവശ്യവസ്തുവാണു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനകം മലയാളിയുടെ മദ്യപാനശീലത്തിൽ വന്ന പ്രധാനമാറ്റം അതിനു ചില മതവിഭാഗങ്ങളില്പെട്ടവരുടെ കുടുംബങ്ങൾക്കകത്ത് മാന്യതയും പ്രവേശനവും കിട്ടി എന്നതാണു.കുപ്പി പൊട്ടിക്കാതെ ഒരു സ്വകാര്യ മാദ്ധ്യമ,സാംസ്കാരിക കൂടിച്ചേരലുകളും നടക്കുന്നില്ല.വാറ്റു ചാരായത്തിൽ നിന്നും കള്ളിൽ നിന്നും ബുദ്ധിജീവികളും ‘മാന്യന്മാരും’ ബാറിലേക്കും വിദേശമദ്യത്തിലേക്കും ചുവടു മാറി എന്ന് മാത്രം.

വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും,കുറ്റകൃത്യങ്ങളും,ജീവിതശൈലീരോഗങ്ങളും കേരളത്തെ പിടിച്ചുലക്കുന്നത് സമൂഹം മദ്യത്തിൽ മുങ്ങിത്താഴ്ന്നതിനാലാണു.ആരാണു ഇതിനു ഉത്തരവാദികൾ?

സമൂഹത്തെ നേർവഴിക്ക് നയിക്കുന്ന ജോലി സ്വയം ഏറ്റെടുത്തവരാണു ഇവിടുത്തെ മത,ജാതിസംഘടനകളുടെ തലപ്പത്തുള്ളവർ.അനുയായികൾക്ക് സന്മാർഗ്ഗത്തിന്റേയും സത്യവിശ്വാസത്തിന്റേയും സത്വികപാത തെളിച്ചുകൊടുക്കാൻ അക്ഷീണപ്രയത്നം നടത്തുന്നവരാണു ഇക്കൂട്ടർ.രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും,അവയുടെ നേതാക്കൾ അധാർമ്മിക ആഡംബരജീവിതം നയിക്കുകയാണെന്നും ഇവർ നമ്മളെ നിരന്തരം ഓർമ്മപ്പെടുത്തുന്നു.സത്യധർമനിഷ്ഠകളിൽ വിശ്വാസമില്ലാത്തവരും അവിശ്വാസികളും നാസ്തികരുമൊക്കെ ചേർന്ന രാഷ്ട്രീയ,ഭരണനേതൃത്വം വിശ്വാസികളെ വഴിതെറ്റിക്കുകയും അങ്ങനെ സമൂഹത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇവർ നിരന്തരംആരോപിക്കുന്നു.അതുകൊണ്ട് ഭൌതിക പ്രലോഭനങ്ങളിൽ ആകൃഷ്ടരായി,ചെകുത്താനും സാത്താനും അടിമപ്പെട്ട് നശിക്കാതിരിക്കാൻ അവർ മതബോധനങ്ങൾ നടത്തുന്നു.സംഘടിതമതങ്ങളിൽ പെട്ടവർ,പ്രത്യേകിച്ച് കൃസ്ത്യാനികളും മുസ്ലീങ്ങളും,പുരോഹിതരുടെ സൂക്ഷ്മനിരീക്ഷണത്തിനും ഇടപെടലുകൾക്കും വിധേയരായാണു ജീവിക്കുന്നത്.ചില ജാതി സംഘടകകളും തങ്ങളുടെ അനുയായികളുടെ ജീവിതത്തിൽ നിത്യവും ഇടപെട്ട്കൊണ്ട് അവരെ നേർവഴിക്ക് നയിക്കാൻ കണ്ണിൽ എണ്ണയുമൊഴിച്ച് ഉണർന്നിരിക്കുന്നു.

എന്നിട്ടും,എന്തേ,മദ്യപരുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു?എന്തേ,മതപരവും സാമൂഹികവുമായ വിലക്കുകളേയും നിയന്ത്രണങ്ങളേയും ലംഘിച്ചുകൊണ്ടു ജനലക്ഷങ്ങൾ കുടിച്ചു മരിക്കുന്നു?മത,ജാതി സംഘടനകളുടെ സത്യനിഷ്ഠാപ്രഘോഷണങ്ങൾക്ക് എന്തുകൊണ്ട് അനുയായികൾ വിലകൽ‌പ്പിക്കുന്നില്ല?

ഈ മതനേതൃത്വങ്ങൾ മദ്യത്തിനെതിരെ ഘോരഘോരം നടത്തുന്ന പ്രഭാഷണങ്ങളിൽ ആത്മാർത്ഥതയില്ലെന്ന് തിരിച്ചറിയുന്നവരാണു അനുയായികൾ.പുറമേ അടച്ചാക്ഷേപിക്കുന്ന രാഷ്ട്രീയക്കാരുടെ പടിക്കൽ ശുപാർശയുമായി മദ്യമുതലാളികളായ വിശ്വാസികൾക്കുവേണ്ടി കാത്തുകെട്ടിക്കിടക്കുന്ന മതമേലദ്ധ്യക്ഷന്മാരേയും പുരോഹിതരേയും അവർക്കറിയാം.പള്ളി പുതുക്കിപ്പണിയാനും,മതമേലദ്ധ്യക്ഷർക്ക് സ്വീകരണം നൽകാനും മറ്റും മറ്റും യാതൊരു ഉളുപ്പുമില്ലാതെ മദ്യമുതലാളിമാരിൽ നിന്നും കള്ളക്കടത്തുകാരിൽ നിന്നും മാഫിയാരാജാക്കന്മാരിൽ നിന്നും കോടികൾ സംഭാവനയും സമ്മാനങ്ങളുമായി വാങ്ങുകയും,വ്യക്തിപരമായ ഔദാര്യങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരാണവർ.

കേരളത്തിലെ നഗരങ്ങലിലെ കണ്ണായ സ്ഥലങ്ങളിലുള്ള വ്യാപാരസമുച്ചയങ്ങളിൽ ഭൂരിപക്ഷവും ചില മത,ജാതിവിഭഗക്കാരുടേതാണു.വിദേശമദ്യവ്യാപാരരംഗത്ത് ഒരു മതവിഭാഗത്തിനും,കള്ളുവ്യവസായത്തിൽ ഒരു ജാതിവിഭാഗത്തിനും ഏതാണ്ടു കുത്തകതന്നെയുണ്ടു.കണ്ണായ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബാറുകളും,ലോട്ടറി പൊലുള്ള ചൂതാട്ടങ്ങൾ നടത്തിയും ബ്ലേഡ്കമ്പനികൾ നടത്തിയും ജനങ്ങളെ പിഴിഞ്ഞെടുക്കുന്നവരുടെ സ്ഥാപനങ്ങളും നിൽക്കുന്നത് അവിശ്വാസികളുടെ ഭൂമിയിലല്ല:ബാറുകാരും കെട്ടിടഉടസ്ഥരുമെല്ലാം കടുത്തമതനിഷ്ഠരും സമുദായഭക്തരുമാണു.നിത്യവും ഇഷ്ടദൈവങ്ങളെ മനസിൽ ധ്യാനിച്ചും ,പ്രാർത്ഥിച്ചുമാണു അവർ ഈ ജനദ്രോഹത്തിനിറങ്ങി കോടികൾ കൊയ്തു കൂട്ടുന്നത്.

മദ്യത്തിനും അവിഹിതസ്വത്തുസമ്പാദനത്തിനുമെതിരെ നിരന്തരം പ്രസ്താവനകളിറക്കുകയും ,അനുയായികളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന മത,സമുദായനേതാക്കൾ എന്തേ അബ്കാരികളുടെ പണം തങ്ങൾ സ്വീകരിക്കുകയില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാത്തത്?എന്തേ,തങ്ങളുടെ കൂട്ടത്തില്പെട്ട ഒരാളുടേയും കെട്ടിടങ്ങൾ അബ്കാരി ബിസിനസിനും ബ്ലേഡ്,ചൂതാട്ടസ്ഥാപനങ്ങൾക്കും നൽകുകയില്ല എന്ന് പ്രഖ്യാപിക്കാത്തത്?ജനലക്ഷങ്ങളെ കണ്ണീരുകുടിപ്പിച്ച് അവിഹിതമാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നവരെ തെമ്മാടിക്കുഴിലിലേ അടക്കൂ എന്ന് എന്തുകൊണ്ടാണു ഒരു സഭയും പ്രഖ്യാപിക്കാത്തത്?ഇത്തരക്കാരുടെ മക്കളുടെ ആഡംബരകല്യാണങ്ങൾക്കും,വീടു കേറിത്താമസത്തിനും,ഉദ്ഘാടനങ്ങൾക്കും സൽക്കാരങ്ങൾക്കും പങ്കെടുക്കുകയില്ലെന്ന് എന്തുകൊണ്ട് ഇവർ പ്രഖ്യാപിക്കുന്നില്ല?

ആർത്തിയോടെ ഇക്കൂട്ടരുടെ പണം രണ്ടുകൈയ്യും നീട്ടി വാങ്ങിയിട്ട് ചാരിത്ര്യപ്രസംഗം നടത്തുന്നവരാണു ബഹുഭൂരിപക്ഷം മത,ജാതിസംഘടനാനേതാക്കളും.രാഷ്ട്രീയക്കാർക്കുമേൽ എല്ലാ ദുഷ്കൃത്യങ്ങളും ആരോപിച്ച് സ്വയം വിശുദ്ധരായി നടിക്കുന്നവരെക്കാൾ കടുത്ത കാപട്യക്കാരില്ല.അവരുടെ പണം ഇടപാടുകളും സ്വകാര്യജീവിതവും എപ്പോഴും പൊതുജനശ്രദ്ധയിൽ നിന്നും മനപൂർവ്വം മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.രഹസ്യങ്ങലുടെ,ദുരൂഹതകളുടെ കോട്ടകൊത്തളങ്ങൾക്കകത്താണു അവർ ജീവിക്കുന്നത്.പക്ഷേ സർവതിന്മയുടേയും പ്രതിരൂപമായി ഇവർ മുദ്രയടിക്കുന്ന രാഷ്ട്രീയക്കാർ എപ്പോഴും സമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരാനു.ഓരോ നിമിഷവും സ്കാൻ ചെയ്യപ്പെടുന്നവരാണു അവർ.സുതാര്യമാണു അവരുടെ ജീവിതം.അവർക്ക് ഭൂമിയിൽ വെച്ചുതന്നെ കണക്കു തീർക്കേണ്ടതുണ്ടു.ജനകീയ കോടതിക്കു മുന്നിൽ അന്തിമവിധിയെഴുത്തിനു നിന്നുകൊടുക്കേണ്ടതുണ്ടു.

അതുകൊണ്ടു, അവർ പറഞ്ഞാൽ കുറച്ച് അനുയായികളെങ്കിലും അനുസരിക്കും.രാഷ്ട്രീയപാർട്ടികളുടെ സംഘടനാചട്ടക്കൂടുകൾക്കുള്ളിൽ അനുസരണയോടെ നിലകൊള്ളുന്ന ജനപ്രതിനിധികളുംനേതാക്കളും അടക്കമുള്ള പൊതുപ്രവർത്തകർ സദാചാരവേലികൾ ചാടിക്കടക്കാതെ,പരസ്യമായി മദ്യപിക്കാതെ, പുറമെയെങ്കിലും സാത്വികരായി ജീവിക്കുന്നത് ഇതിനാലാണു.സത്യത്തിൽ ഈ രാഷ്ട്രീയ ഇടപെടലുകളാണു സമൂഹത്തിലെ ധാർമ്മികമൂല്യങ്ങൾ ഉറപ്പിച്ചുനിർത്തിക്കൊണ്ടിരിക്കുന്നത്. പൊതു ജീവിതത്തിൽ സ്വീകാര്യരായ , മാതൃകാപുരുഷരായി അനുകരിക്കാവുന്ന പൊതുപ്രവർത്തകരുടെ എണ്ണം ശുഷ്കമാണെങ്കിലും അത് മത,ജാതിനേതാക്കളുടെ എണ്ണത്തെക്കാൾ എത്രയോ അധികമാണു!
അതുകൊണ്ട് ചില്ലുമേടകളിലിരിക്കുന്ന അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾക്ക് ചെവികൊടുക്കാതെ വിശ്വാസികൾ ഇനിയും സുരപാനം നടത്തും.

Wednesday, 18 August 2010

സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....

സാരി ഒരു സെക്സി വേഷമാണോ?

അതേ എന്നാണു എന്റെ ഉത്തരം.സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം എന്നപേരിൽ ഞാനൊരു ഗവേഷണപ്രബന്ധം തന്നെ അഞ്ചു വർഷം മുൻപ് മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയിട്ടുണ്ടു.

അതെന്തായാലും,ഭാ‍വശുദ്ധിയുള്ള ഉത്തമഭാരതസ്ത്രീകളുടെ മാതൃകാവേഷമായാണു സാരി വിശേഷിപ്പിക്കപ്പെട്ടുപോരുന്നത്.ശരീരം നന്നായി മറയ്ക്കുന്നതും,സ്ത്രീയുടെ സ്വതന്ത്ര വിഹാരത്തെ ഒരു രീതിയിലും തടസപ്പെടുത്താത്തതും ലഭ്യമായതിൽ വെച്ച് ഏറ്റവും മാന്യവും ആകർഷകവും സൌകര്യപ്രദവുമായ ചുരീദാർ ദേവന്മാർക്കുപോലും അലർജിയാണെന്ന് കവടിനിരത്തി കണ്ടുപിടിച്ച പരട്ട മൂരാച്ചികളുടെ നാടാണിത്. അവർക്ക് സാരിയോട് പെരുത്ത ഇഷ്ടമാണത്രേ.

ബുദ്ധിമുട്ടി അലക്കിത്തേച്ച്,സമയമെടുത്ത് അതിനുള്ളിൽ കയറിപ്പറ്റി നല്ല അനുസരണയുള്ള ഭാരതസ്ത്രീരത്നങ്ങളായി പള്ളിക്കൂടങ്ങളിലെത്തുന്ന അദ്ധ്യാപികമാരോട് അടുത്തിടെ ചില സ്വകാര്യസ്കൂൾ മാനേജർമാർ കണ്ണുരുട്ടിക്കാണിച്ചുവരുന്നതായി വാർത്തയുണ്ടായിരുന്നു.വയറും കഴുത്തും,അതിനേക്കാൾ ഗ്രേഡ്കൂടിയ ഭാഗങ്ങളും കാണിച്ച് ആൺപിള്ളേരെ വശീകരിച്ച് വഴിതെറ്റിക്കുന്നതിനാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ,പാലക്കട് ജില്ലയിലെ ചില സ്കൂളുകളിൽ സാരിക്ക് വിലക്ക് ഏർപ്പെടുത്തി.സാരി ഉടുക്കാം,പക്ഷേ ളോഹ പോലത്തെ ഓവർകോട്ടിടണം.ടീച്ചർമാരുടെ സെൻസിറ്റീവ് പ്രദേശങ്ങൾ മൂടിപ്പുതപ്പിച്ച് ഭദ്രമാക്കാൻ വ്യത്യസ്ത മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളുകൾ ഏതാണ്ട് സമാന ഓവർകോട്ടുകളാണു നിർദ്ദേശിച്ചിരിക്കുന്നത്.

വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമേയില്ലാത്തവരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പൊതുവിദ്യാലയങ്ങളിൽ പൌരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഡ്രസ്കോഡ് ഏർപ്പെടുത്താൻ ഇവർക്കെങ്ങനെ ധൈര്യം വന്നു?

കുട്ടികളും അദ്ധ്യാപികമാരും പൊട്ടും വളയും മാലയും ധരിക്കുന്നത് വിലക്കിയിരിക്കുന്ന ആയിരക്കണക്കിനു വിദ്യാലയങ്ങൾ കേരളത്തിലുണ്ടെന്ന് അറിയുക.വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച “ദൈവമേ കൈതൊഴാം” എന്ന മതേതരമായ പൊതു പ്രാർത്ഥനയ്ക്കും “ജനഗണ മന”യ്ക്കും പകരം തങ്ങളുടെ മതപ്രാർത്ഥനകൾ എല്ലാവരിലും അടിച്ചേൽ‌പ്പിക്കുകയും അതിനു സാമൂഹികാംഗീകാരം കിട്ടുകയും ചെയ്ത ദുസ്ഥിതിയെക്കുറിച്ച് ഈ ബ്ലോഗിൽ എഴുതിയിരുന്നത് ഓർക്കുക.സ്വകാര്യ സ്കൂളുകളിൽ എന്തും ആവാം.ചോദിക്കാനും പറയാനും ആരുമില്ല.

പിന്നെ,മാനേജർമാർക്ക് ലക്ഷം ലക്ഷം കൈക്കൂലി കൊടുത്ത് നിയമനം വാങ്ങി ഈ സ്കൂളുകളിൽ കയറിക്കൂടിയ വാദ്ധ്യാന്മാർക്കും വാദ്ധ്യായനിമാർക്കും ഇതു തന്നെ വേണം.അത്രയ്ക്ക് യോഗ്യരാണു അവർ.അനുഭവിക്കട്ടെ ,സാരിയുടുത്ത ഈ വടയക്ഷികൾ!

എന്തു പറയുന്നു?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

Follow by Email

GREENRADIO-1

GREENRADIO-1
CLICK FOR MORE PODCASTS

GREENRADIO-2 -ഒ.എൻ.വിയുടെ “സോജ”ആർ.വിമലസേനൻ നായർ ആലപിക്കുന്നു

NEW PODCASTS IN GREENRADIO-2

GREENRADIO-3 ചക്ക മാഹാത്മ്യം കേൾക്കൂ Written by d pradeep kumar

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (1) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (1) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (1) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (1) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (3) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫാറൂഖ്‌ കോളേജ്‌ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (1) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (1) മദ്യപാനം (1) മമത (1) മമ്മൂട്ടി (1) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (1) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (6) രാഷ്ട്രീയസദാചാരം (1) ലെനിൻ (1) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (1) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (1) ശനിദോഷ നിവാരണണപൂജ (1) ശബരിമല (2) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (1) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (21) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (5) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

മലയാളം ബ്ലോഗ് കൌൺസിൽ

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍

epathram.

ePathram.com