Tuesday, 24 November 2009

മാധവന്‍ നായര്‍ക്ക് ഒരു മണി ഓര്‍ഡര്‍..

സാറേ,ഒരു മണി അയക്കുന്ന ഫോറമിങ്ങു താ…കുറച്ച് മണീസ് അയക്കാനുണ്ടേയ്”.
“മണി ഓര്‍ഡര്‍ ഫോറം,അല്ലേ ചേട്ടാ?”
“അതന്നെ സാറേ.അത്യാശ്യായിട്ട് മണീസ് വിടേണ്ടതാ.ഇന്നന്നെ കിട്ട്വോ?”
“ങാ,ഇന്റര്‍നെറ്റ് മണിഓര്‍ഡറൊണ്ടു......എവിടേയ്ക്കാ?എല്ലായിടത്തേയ്ക്കുമില്ല.അതുകൊണ്ടാ ചോദിക്കുന്നെ.”
“സാറിനറിയ്ണ്ടാവും നമ്മടെ മാധവന്‍ നായര്‍ സാറിനെ…മ്മടെ റോക്കറ്റ് വിടണ മാധവന്‍ നായര്‍സാര്‍…ഇഷ്ടന്റെ കട എവിട്യാണന്നറിയ്യോ?...എന്തൂട്ട് സാറ് മിഴിച്ചിരിക്കണേ..?ചന്ദ്രനിലേക്കൊക്കെ റോക്കറ്റ് പടപടാന്ന് കൊളുത്തിവിടണ ആ സാറന്നെ.ആള്‍നെ ഈ ടീവീലൊക്കെ കാണണല്ലാണ്ട് ഒരു പരിചയവുമില്ല്യേട്ടോ..”
“ഇതാരെക്കുറിച്ചാ ചേട്ടന്‍ പറയണത്-ഐ.എസ്.അര്‍.ഓ ചെയര്‍മാന്‍ മാധവന്‍ നായര്‍ സാറിന്റെ കാര്യമാണോ ചേട്ടനന്വേഷിക്കുന്നത്..അല്ല,എന്താ പ്രശ്ണം?”
“ന്റഷ്ടാ എന്തൂട്ട് പ്രശ്നന്നാ?സാറിനു പിടികിട്യോ മ്മളെ?.....ങ്ങോട്ട് നോക്ക് ന്റെ സാറേ..ഞാനാണു അന്തോണി…കാലിച്ചാക്ക് അന്തോണി..അന്തോണി ഏന്റ് സണ്‍സ്”.
‘മനസ്സിലായി,നല്ലോണം മനസ്സിലായി!ആക്രിക്കട മുതല്‍ ജ്വല്ലറി വരെ നടത്തുന്ന അന്തോണിച്ചേട്ടന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരിക്കും മാധവന്‍ നായര്‍സാറിനെ അന്വേഷിക്കുന്നത്..വലിയവലിയ ശാസ്ത്രജ്ഞന്മാര്‍ക്ക് വേറെ പണിയൊണ്ടു ചേട്ടാ.അവരെ ഇതിനൊനും കിട്ടൂല്ല.ചേട്ടന്‍ പഴേപോലെ സിനിമാക്കാരെത്തന്നെ നോക്ക്.ഐശ്വര്യാറായിയെ കൊണ്ടിറക്ക്.പൂരത്തിനൊള്ള ആളു കൂടും.”
“ദേ,പിന്നേം പറഞ്ഞു സാറ് വേറെ കാര്യം…ദെന്തുട്ടാ ഞാന്‍ പറയ്യാ..മ്മക്ക് ആ റോക്കറ്റ് വിടണ സാറിനെന്നെ കിട്ടണട്ടോ.ആ സാറിനു കിട്ടണം മ്മ അയക്കണ പണം,മനസ്സിലായാ?എന്തൂട്ടാണു?ഒരു ലക്ഷം രൂപ്യാണു..എന്തൂട്ട്?ഇത് അഡ്വാന്‍സാ.അഡ്വാന്‍സ്..സാറാ ഫോറം ങ്ങട് താ സാറേ”.
“ചേട്ടന്റെ ഒരു തമാശ!”
“കളീം തമാശ്യോന്ന്വല്ല ന്റെ സാറേ..ദ് നേരാട്ടോ..റോക്കറ്റ് വിട്ട് വിട്ട് മ്മള്ളിപ്പോ അവിടെ വെള്ളം കണ്ടെത്തീല്ലേ.അത് നന്നായിട്ടോ”
“അതിനു അന്തോണിച്ചേട്ടനെന്താ?”
“സാറേ,മ്മക്ക് വിവരോംവിദ്യാഭ്യാസോന്നൂല്ല ട്ടോ.അന്തോണീടപ്പന്‍ ലോനപ്പന്‍ പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല,ട്ടോ.മ്മളു നാലീ പഠിക്കുമ്പൊ അപ്പനെ സഹായിക്കാന്‍ ആക്രിക്കടേല്‍ കേറീതാ.പിന്നങ്ങട് വെച്ചടി-വെച്ചടി കേറി..ഇതൊക്കെ ഒരു യോഗാന്റെ സാറെ.ദേ, ഇപ്പത്തന്നെ കൊരട്ടി മുത്തീടടുത്ത് ആയിരത്തിന്റെ അഞ്ചു പുത്തന്‍ നേര്‍ച്ചപ്പെട്ടീലിട്ടിട്ടിങ്ങട് പോന്നതാണു,ട്ടോ…ഇതങ്ങട് പിടിച്ചേ,അങ്ങട് പിടി,സാറേ.ദേ ഒരു ലക്ഷം റുപ്യേണ്ട്.ആ സാറിന്റെ അഡ്രസ്സെഴുതി അങ്ങട് വിടെന്റെ സാറേ.”
“ങേ!നിങ്ങക്ക് പറ്റിയ ആക്രി ഒന്നും ഐ.എസ്.അര്‍ .ഓക്കാരുടെ കൈയ്യിലില്ലല്ലോ.ഒണ്ടെങ്കിത്തന്നെ ചെയര്‍മാനു മണിഓര്‍ഡറയക്കുകയെന്നു വെച്ചാല്‍..?”
“ഇത് അഡ്വാന്‍സാ..അഡ്വാന്‍സ്,സാറേ.”
“മാധവന്‍ നായരുസാറിന്റെ തിരുവനന്തപുരത്തെ സ്ഥലം ചേട്ടന്‍ വാങ്ങാന്‍ പോവായിരിക്കും,അല്ലേ?അതിനു‍……സാറത് വില്‍ക്കുമോ?”
“ഇത് സ്ഥലത്തിനൊള്ള അഡ്വാന്‍സന്നെ.പക്ഷേങ്കില്‍ സാറ് പറേണ പോലെ തിരു‍വോന്തോരത്തെ സ്ഥലത്തിനല്ല,ട്ടോ.മ്മളു പറഞ്ഞുതരാം..ആ ഫാറത്തിന്റടീല്‍ സാറങ്ങ് എഴുതന്ന്.”
“എന്തെഴുതാന്‍?”
“എഴുതിക്കോ,സാറേ….ചന്ദ്രനില്‍ ഭൂമി കച്ചോടാക്കാനൊള്ള അഡ്വാന്‍സ് സ്വീകരിച്ചാലും..എന്ന് കാലിച്ചാക്ക് അന്തോണി!”
‘’ങേ!?”
“എന്തൂട്ടിത്..വായടക്ക് സാറേ.ഈ മണീസ് ഇന്നന്നെ മാധവന്നായരു സാറിനു കിട്ട്യാലേ ഈ അന്തോണിക്ക് മനസമാധാനംണ്ടാവുള്ളുട്ടോ..ഇതൊരൊറപ്പിനാ.ചന്ദ്രനിലെ വസ്തുവിനൊക്കെ ,ന്റീശോയേ ,എന്താ ഒരു ഡിമാന്‍ഡെന്നറിയ്യോ,ഇനി?ഇന്ന് വെള്ളം കിട്ടി.നാളെ റോക്കറ്റ് വിടുമ്പോ നിധി കിട്ടും,ട്ടൊ,സ്വര്‍ണ്ണ നിധി.അത് സായിപ്പന്മാര്‍ സ്ഥലം വാങ്ങി അടിച്ചുമാറ്റും മുന്‍പ് ഒന്നു കരാറക്കണ്ടെ മ്മക്ക് ?എപ്പോഴും ഒരു മുഴം നീട്ടിയെറിയണമെന്നാ ന്റപ്പന്‍ കാലിച്ചാക്ക് ലോനപ്പന്‍ പഠിപ്പിച്ചേ!”

Sunday, 22 November 2009

എന്തുകൊണ്ടു ബി.ബി.സി?

ബി.ബി.സിയുടെ അമരക്കാരനായിരുന്ന മൈക്കല്‍ ഗ്രേഡ് മൂന്നു വര്‍ഷം മുന്‍പു ഇങ്ങനെ പറഞ്ഞു;“ചൈനയെപ്പോലെയാണു ബി.ബി.സി:പലതവണ ആക്രമിക്കപ്പെട്ടു.പക്ഷേ ഒരിക്കല്‍ പോലും കീഴടക്കപ്പെട്ടിട്ടില്ല”.
ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ മാര്‍ഗദീപമായി ബി.ബി.സി കഴിഞ്ഞ 82 വര്‍ഷമായി നിലനില്‍ക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായാണു.അതിന്റെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ എക്കാ‍ലവും ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ടു.വിന്‍സ്റ്റന്‍ ചര്‍ച്ചിലും മാര്‍ഗരറ്റ് താച്ചറും മുതല്‍ ടോണി ബ്ലെയര്‍ വരെയുള്ളവരുടെ കണ്ണിലെ കരടായിരുന്നു ബി.ബി.സി.1922 ഒക്ടോബറില്‍ ജോണ്‍ റെയ്ത്ത് ബി.ബി.സി സ്ഥാപിക്കുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കു പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്രമുള്ള മാദ്ധ്യമം എന്ന ഉദാത്തമായ സങ്കല്‍പ്പമാണു ഉയര്‍ത്തിപ്പിടിച്ചത്.ഇന്ന് ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമശൃംഖലയാണു ബി.ബി.സി.നാല്‍പ്പതിലധികം ഭാഷകളിലായി 2000 പത്രപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന ഏറ്റവുമധികം വിശ്വാസ്യതയുള്ള മാദ്ധ്യമസ്ഥാപനം.പക്ഷേ, അതിനി എത്രനാള്‍ എന്ന് ആശങ്കപ്പെടുന്നവരുണ്ടു.
യാഥാസ്ഥിതികര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ബി.ബി.സിയുടെ സ്വാതന്ത്യം തന്നെ അപകടത്തിലാകുമെന്നാണു അടുത്തിടെ ലേബര്‍ പാര്‍ട്ടി നേതാവും സാംസ്കാരിക സെക്രട്ടറിയുമായ ബെന്‍ ബ്രാഡ്ഷാ അഭിപ്രായപ്പെട്ടത്.ടോറികളുടെ മാദ്ധ്യമനയം റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണലിനെ തൃപ്തിപ്പെടുത്തുന്നതാണത്രേ.ബി.ബി.സിയെ ശ്വാസം മുട്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സാംസ്കരികപ്രവര്‍ത്തകര്‍ ശബ്ദിക്കാത്തതില്‍ അദ്ദേഹം രോഷാകുലനാണു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപവത്കരിച്ചതു പോലെ റോയല്‍ ചാര്‍ട്ടര്‍ എന്ന രാജകീയവിളംബരം പുറപ്പെടുവിച്ചാണു ബി.ബിസിക്ക് ജനങ്ങളില്‍ നിന്ന് ലൈസന്‍സ് ഫീ ഈടാക്കുന്നത്.ടോറികള്‍ അധികാരത്തിലേറിയാല്‍ ഈ ചാര്‍ട്ടര്‍ റദ്ദാക്കുമെന്നാണു അദ്ദേഹത്തിന്റെ ആരോപണം.

പണത്തിനായി അരുടെ മുന്നിലും കൈനീട്ടുന്നില്ലെന്നതാണു ബി.ബി.സി നട്ടെല്ലു നിവര്‍ത്തിനില്‍ക്കാനുള്ള പ്രധാനകാരണം.ജനങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി പിരിക്കുന്ന ലൈസന്‍സ് ഫീയാണു മൂലധനം.1946 മുതലാണു ഇത് ആരംഭിച്ചത്.കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ 3.49 ദശലക്ഷം പൌണ്ടാണു ലഭിച്ചത്.കളര്‍ ടെലിവിഷനു 142.50 പൌണ്ടും ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയ്ക്ക് 48 പൌണ്ടുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീ.ഇന്റര്‍നെറ്റിലൂടെ പരിപാടി കാണുന്നതിനും ലൈസന്‍സ് ഫീ നല്‍കണം.ഇപ്പോള്‍ റേഡിയോയ്ക്ക് ഫീസ് പിരിക്കുന്നില്ല.ഓരോ വര്‍ഷവും ഇത് പുതുക്കുന്നുണ്ടു. താരതമ്യേന ഉയര്‍ന്ന നികുതിയാണു ഇതെന്നു വിമര്‍ശനമുണ്ടു.അതുകൊണ്ടു തന്നെ ഇരുപതില്‍ ഒരാള്‍ വീതം നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തുന്നു.
ജനങ്ങളില്‍ ഭൂരിപക്ഷവും ,പക്ഷേ, ഇതിനെ അനുകൂലിക്കുന്നു.ബി.ബി.സിയുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതിനു ലൈസന്‍സ് ഫീ അവശ്യമാണെന്നു അവര്‍ കരുതുന്നു.ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ബി.ബി.സിക്ക് ഫണ്ടു നല്‍കുന്നത് ഒരു അപരാധമായാണു കണക്കാക്കപ്പെടുന്നത് എന്നോര്‍ക്കുക.

പക്ഷേ,റോയല്‍ ചാര്‍ട്ടര്‍ തന്നെ റദ്ദാക്കി ബി.ബി.സിയുടെ സാമ്പത്തിക സ്രോതസ് അടച്ചാലോ?മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ സംഭവിച്ചുകൂടാ‍യ്കയില്ല.ടോണി ബ്ലേയര്‍ സര്‍ക്കാരുമായും ബി.ബി.സി അധികൃതര്‍ നല്ല രസത്തിലല്ല.ഇറാഖ് യുദ്ധത്തിനു നിദാനമായ സദ്ദാമിന്റെ അയുധശേഖരത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പച്ചക്കള്ളമാണു പ്രചരിപ്പിച്ചതെന്നും അവര്‍ക്ക് മാരകശേഷിയുള്ള ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നും ബി.ബി.സി. ലേഖകന്‍ ആന്‍ഡ്രൂ ഗില്ലിഗന്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ കോളിളക്കമുണ്ടാക്കി.സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ക്ഷതം ഏല്‍പ്പിച്ച ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ബി.സിക്കെതിരെ ഹട്ടന്‍ നടത്തിയ അന്വേഷണത്തിന്റെ നിഗമനം ആ റിപ്പോര്‍ട്ട് തെറ്റായിരുന്നു എന്നായിരുന്നു.ഈ ഇടപെടല്‍ ഡയറക്റ്റര്‍ ജനറല്‍ ഗ്രേ ഡൈക്കിന്റേയും ഗ്ഗില്ലിഗന്റേയും രാജിയിലാണു കലാശിച്ചത്.ഒരു ഭരണാധികാരി‍ക്കു മുന്നിലും സ്വാതന്ത്ര്യം അടിയറവു വെക്കാത്ത ബി.ബി.സിയുടെ മഹദ്പാരമ്പര്യം അവര്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

1926ല്‍ ബ്രിട്ടനെ പിടിച്ചുലച്ച പൊതുപണിമുടക്കിന്റെ നാളുകളിലായിരുന്നു ബി.ബി.സി, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആദ്യമായി കടുത്ത നിലപാടെടുത്തത്.അന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ബി.ബി.സി ഏറ്റെടുക്കാന്‍ ശ്രമിച്ചു.പക്ഷെ, വിജയിച്ചില്ല.1950തുകളില്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് സൂയസ് കനാലിനെ ഏകപക്ഷീയമായി ദേശസാത്കരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി അന്റണി ഏദന്‍ സൈനിക നടപടിക്ക് ഒരുങ്ങിയപ്പോള്‍ ബി.ബി.സി അതിനെ എതിര്‍ത്തു.ദേശദ്രോഹ ആരോപണമായിരുന്നു ഫലം.പക്ഷേ, ബി.ബി.സി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നിഷ്പക്ഷമായ റിപ്പോര്‍ട്ടിങ്ങിലൂടെ അവര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് പിടിച്ചുപറ്റി.നാസികളുടെ പ്രചാരണവിഭാഗം തലവനായിരുന്ന സാക്ഷല്‍ ജോസഫ് ഗീബത്സ് പോലും ആ സത്യസന്ധതയെ പുകഴ്ത്തിയിട്ടുണ്ടത്രെ.

പക്ഷേ,മാറി-മാറി വന്ന ഭരണാധികാരികള്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത ബി.ബി.സിയെ ഭയക്കുകയും ,അതിനു കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.മാര്‍ഗരറ്റ് താച്ചര്‍ ബി.ബി.സിയെ സ്വകാര്യവത്ക്കരിക്കാനയിരുന്നു ശ്രമിച്ചത്.പക്ഷേ, പൊതുസേവന മാദ്ധ്യമത്തോടുള്ള സമൂഹത്തിന്റെ കൂറും ബഹുജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധവും അതിനെയെല്ലാം പരാജയപ്പെടുത്തി.

ടോണി ബ്ലയറിന്റെ മാദ്ധ്യമ ഉപദേശകരും ബി.ബി.സിയുടെ അന്തകരാകാനുള്ള അജണ്ട ഉപേക്ഷിച്ചിട്ടില്ല.മാദ്ധ്യമങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും മാദ്ധ്യമപ്രവര്‍ത്തകരെ കൂറുള്ള അടിമകളാക്കാനും ആഗ്രഹിക്കാത്ത ഭരണാധികാരികളില്ലല്ലോ.

സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനാകാത്ത ഒരു മാദ്ധ്യമത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല.രാഷ്ട്രീയക്കാരുടേയും വ്യവസായികളുടേയും ജാതി-മത ശക്തികളുടേയും,ഭരണാധികാരികളുടേയുമൊക്കെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ അവര്‍ മുട്ടു മടക്കും;വളയും.വേണമെങ്കില്‍ മുട്ടിലിഴയും.നമുക്കു മുന്നില്‍ അതിനു എത്രയോ ഉദാഹരണങ്ങളുണ്ടു.
ബി.ബി.സി,സ്വീഡിഷ് ബ്രോഡ്കാസ്റ്റിങ്ങ് കോപ്പര്‍പറേഷന്‍ തുടങ്ങിയ ഏതാനും മാദ്ധ്യമസ്ഥാപനങ്ങള്‍ മാത്രമാണു ഇതിനു അപവാദം.ലൈസന്‍സ് ഫീയിലൂടെയുള്ള ധനസമാഹരണമാണു അവരെ അതിനു പ്രാപ്തരാക്കുന്നത്.
അനുദിനം പുതിയ മാദ്ധ്യമങ്ങള്‍ പിറന്നു വീഴുന്ന നമ്മുടെ നാട്ടില്‍ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങൾ അംഗുലീപരിമിതം.മാദ്ധ്യമസാക്ഷരതയും ബഹുസ്വരതയും കൂടും തോറും നിര്‍ഭയവും നിഷ്പക്ഷവും സ്വതന്ത്രവുമായ മാദ്ധ്യമപ്രവര്‍ത്തനം പഴംകഥയായി മാറുകയാണു.സത്യം മിക്കപ്പോഴും ക്രൂശിക്കപ്പെടുന്നു;പൂഴ്ത്തി വെയ്ക്കപ്പെടുന്നു;വ്യഭിചരിക്കപെടുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു ,ജനങ്ങളോടു മാത്രം ഉത്തരവാദിത്വമുള്ള മാദ്ധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ മത്രമേ ജനങ്ങളുടെ അറിയാനുള്ള അവകാശം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കപ്പെടുകയുള്ളൂ.
ആയിരക്കണക്കിനു മാദ്ധ്യമങ്ങളുടെ മഹാപ്രളയത്തിനു നടുവില്‍ നില്‍ക്കുമ്പോഴും നാം ബി.ബി.സിയെപ്പറ്റി പറയുന്നത് അതുകൊണ്ടാണു.ബാഹ്യപ്രേരണകളാല്‍ സ്വന്തം മനസാക്ഷിയെ വഞ്ചിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഓരോ മാദ്ധ്യമപ്രവര്‍ത്തകനും അത് ആഗ്രഹിക്കുന്നു.

Friday, 20 November 2009

ലോനപ്പന്‍ അതിവേഗപാതയിലൂടെ പറക്കുന്നു....

"2015ലെ ആദ്യ വാര്‍ത്താബുള്ളറ്റിനിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.ഇത് സ്വതന്ത്രകേരളത്തിന്റെ വികസനചരിത്രത്തില്‍ പുതു അദ്ധ്യായമെഴുതിചേര്‍ക്കുന്ന പുതുവത്സരപ്രഭാതം.സംസ്ഥാനത്തെ ആദ്യത്തെ തെക്ക്-വടക്ക് അതിവേഗപാത അല്‍പ്പസമയത്തിനകം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനനഗരിയില്‍ നിന്ന് കേരളത്തിന്റെ വടക്കേഅറ്റമായ കാസര്‍കോട്ടേക്ക് വെറും ആറുമണിക്കൂര്‍കൊണ്ട് റോഡു മാര്‍ഗ്ഗം എത്താവുന്ന ഈ സൂപ്പര്‍ഹൈവേയുടെ നിര്‍മ്മാണം ബി.ഓ.ടി അടിസ്ഥാനത്തില്‍ വെറും നാ‍ലു വര്‍ഷം കൊണ്ടണു പൂര്‍ത്തിയാക്കിയത്.രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവാഹനം ചീറിപ്പായും....”
.......................
ശരവേഗത്തില്‍ കുതിച്ചുപായുന്ന പുതുപുത്തന്‍ ഫോറിന്‍ പോഷ് കാറിന്റെ മുന്‍സീറ്റില്‍ ചാഞ്ഞിരുന്ന് കുറ്റിച്ചാക്ക് ലോനപ്പന്‍ അലറി:
“കത്തിച്ചു വിടടാ ശവീ!”
“ഇപ്പം തന്നെ 130തിലാ..എനിക്ക് പേടിയാവുന്നു”
“നിനക്ക് വയ്യെങ്കി പറയടാ; ഞാന്‍ ചവിട്ടിപ്പറത്താമെടാ ശവീ.ചുമ്മാതല്ല ഈ ലോന പത്ത് ലക്ഷം എണ്ണിക്കൊടുത്ത് ആ മന്ത്രിപുത്രന്റെ കൈയ്യീന്ന് ആദ്യ ദെവസം തന്നെ വണ്ടി പറത്താനൊള്ള അവകാശം വാങ്ങീത്. എടാ ദേ, ടീവീല്‍ നോക്കടാ...കണ്ടോടാ ഈ ലോനക്ക് മുഖ്യന്‍ കൈതരുന്നത്..അങ്ങനെ ഈ റോട്ടിമ്മേലോട്ടുന്ന ആദ്യ വണ്ടി ഈ കുറ്റിച്ചാക്ക് ലോനേടേതായി..എന്റീശോയേ! എല്ലം അവിടത്തെ കൃപ!... നീ 150ല്‍ ചവുട്ടി വിടടാ‍”
“120താ,ചേട്ടാ, പരമാവധി സ്പീഡ് പറഞ്ഞിരിക്കുന്നത്”
“നീയതൊന്നും നോക്കണ്ടടാ...ഇത് പാട്ട റോട്ടൊന്നുമല്ലടാ..വേണേലിതിമ്മേല്‍ ഏറോപ്ലേന്‍ പറത്താമെടാ.നീ നോക്ക് -ഒരണ്ടനും അടകോടനും റോട്ടിലൊണ്ടോ...ഇല്ലടാ.അലവലാതി ഓട്ടോക്കാരും ലോറിക്കാരും പാട്ടവണ്ടിക്കാരുമൊന്നും ഇതിലൂടെ പോവില്ല. 120തില്‍ ചെത്തി പറപറത്തുന്ന സ്വയമ്പന്‍ വണ്ടിക്ക് മാത്രമേ ഇതില്‍ പ്രവേശനമൊള്ളൂ,കണ്ട അവമ്മാര്‍ക്ക് ഓട്ടിച്ചു കളിക്കാന്‍ എന്‍.എച്ചുണ്ടടാ ശവീ”
“ചേട്ടനെപ്പോളൊള്ളോര്‍ക്ക് ഇതൊക്കെ പറ്റും.ബാക്കിയൊള്ളോര്‍ ടോള്‍ കൊടുത്താത്തന്നെ കുത്തുപളയെടുത്തു പോകും”
“കൈക്കാശില്ലേല്‍ നീയിതിലേ സവാരിചെയ്തു സുഖിക്കേണ്ടടാ.ഇത് ഞങ്ങ പുത്തന്‍ കൈയ്യിലൊള്ളോറ്ക്ക് രസിപ്പാനും സുഖിപ്പാനുമാണേടാ.എന്തേ,നിനക്ക് രസിച്ചില്ലേ?ആറു മണീക്കൂറു കൊണ്ടു പറത്തി അങ്ങ് കാസര്‍കോട്ടെത്തുന്നേനു എന്താ അയ്യായിരം ടോളുകൊടുത്താ അത് ലാഭമല്ലേടാ ശവീ?നടുവൊടിക്കുന്ന കുണ്ടും കുഴീമൊള്ള നെന്റെയൊക്കെ സാദാ റോട്ടിലൂടെ പാട്ടവണ്ടി നെരക്കി നെരക്കി ഉരുട്ടി അങ്ങ് എത്തുമ്പോഴേക്കുനേരം വെളുക്കും. അതിനെടേല്‍ പത്തിരുപതെടുത്ത് ടോള്‍,ഏമ്മാന്മാര്‍ക്ക് കാണിക്ക,ജാഥ,ധര്‍ണ്ണ,ആന, അബാരി.....കൊരവ ..കൊട്ട് ...നെന്നെപ്പോലൊള്ളോര്‍ക്ക് അതൊക്കെയേ പറഞ്ഞിട്ടൊള്ളെടാ.ദേ,ഈ ലോനപ്പന്റെയൊക്കെ തലേമ്മേല്‍ കര്‍ത്താവു വരച്ചിട്ടൊള്ള വരയാ, മോനേ വര....നീ വണ്ടി ചവുട്ടി വിടെടാ”
“ചേട്ടാ മൂന്നു മണിക്കൂറുകൊണ്ടു തൃശൂരെത്തി.എനിക്ക് തല കറങ്ങുന്നു...ചായകുടിച്ച് അഞ്ചുമിനിട്ടിരുന്നിട്ടു പോവാം.പിന്നെ ,ഈ ടീവീക്കാരിവിടെ ചേട്ടന്റെ പടം പിടിക്കാന്‍ നില്‍പ്പൊണ്ടാവും”
.....................................................
“നീയെന്തെടാ മിഴിങ്ങസ്യാന്നിരിക്കെന്നേ.കുടിക്കെടാ ശവീ,ചായ”
“എന്നാലും ഒരു സാദാ ചായയ്ക്ക് 100 രൂപയോ?”
“വാപൂട്ടട.നെന്റെ കെട്ട്യോള്‍ടെ താലിമാല പണയം വെക്ക്യോമൊന്നും വേണ്ടെല്ലോ.ഇത് ഈ കുറ്റിച്ചാക്ക് ലോനേടെ സന്തോഷത്തിനാ..തിന്നടാ ഈ സ്പെഷല്‍ മസാല ദോശ.വെറും 550 രുപ്യേള്ളടാ”.
“ന്റമ്മോ!“
“ഇനീം വണ്ടി കത്തിച്ചു വിടാനൊള്ളതല്ലേ..ദാ മുറീക്കേറി കൊറച്ചുനേറം ശുദ്ധവായു വലിച്ചു പിടിച്ചേച്ചു പോവ്വാം..സ്വയംബന്‍ ഓക്സിജനാ‍!”
“ഓ.. ഓക്സിജന്‍ പാര്‍ലര്‍.അതെന്തു ചേട്ടാ?”
“റോട്ടിലെല്ലാം വെഷമാടാ‍ വെഷം ..ഇവിടെ കണ്ണടച്ചിരുന്ന് പാട്ടും കേട്ട് കൊറച്ചു നേരം ശുദ്ധവായു വലിച്ചു വിട്ടോ.ഉഷാറാകുമെടാ..ദാ, ഇങ്ങനെ പിടിക്കടാ”
നേര്‍ത്ത സംഗീതം ഒഴുകുന്നു.ശ്വാസോച്ഛ്വാസം നേര്‍ത്തില്ലാതെയാകുന്നു.
“സാറ് പോവല്ലേ.ബില്ല് പേ ചെയ്യണം സാര്‍,പ്ലീസ്”
“അതൊക്കെ നേരത്തെ അടച്ചട കൊച്ചനേ.ദാ ,നെനക്കുമിരിക്കട്ടെ ഒരഞ്ഞൂറിന്റെ ടിപ്പ്”
“ആ ബില്ലല്ല സാര്‍”
“ങ്ങേ!അയ്യായിരം രൂപ..ഇതെന്തിനു?”
“സ്വീറ്റ് ഡ്രീംസ് ബില്ലാണു സാര്‍”
“മനസ്സിലാകുന്ന ഭാഷേല്‍ പറേടാ കൊച്ചനേ..”
“സാര്‍ ഒക്സിജന്‍ പാര്‍ലറില്‍ പാട്ട് കേട്ട് കുറച്ചു സമയം ഉറങ്ങിയില്ലേ”
“അതിനു?”
“അപ്പോള്‍ സാറു നല്ലൊരു സ്വപ്നം കണ്ടു.എ പോസിറ്റീ‍വ് ഡ്രീം-സാറ് നോക്ക്, അത് ഈ മെഷീനില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടു.അതിനൊള്ള ബില്ലാ സാറെ ഇത്..സ്വീറ്റ് ഡ്രീംസ് ബില്‍. ജെസ്റ്റ് ഫൈവ് തൌസന്റ്..പിന്നെ, സാറിന്റെ ഒപ്പം വന്നയാളു ,ദേ നോക്ക് ,രണ്ടു സ്വപ്നം കണ്ടു.അതിനു ചാര്‍ജ് ചെയ്തിട്ടില്ല.അതു ഫ്രീയാ.ഈ സൂപ്പര്‍ ഹൈവേയിലൂടെ വന്ന ആദ്യ വെഹിക്കിള്‍ സാറിന്റേതായതിനാല്‍ സ്പെഷ്യല്‍ കണ്‍സെഷന്‍ റേറ്റാണു സാര്‍‍.സ്വീറ്റ് ഡ്രീംസ് .....ഹാപ്പി ജേര്‍ണ്ണി!ബൈ..ബൈ”.‘

Sunday, 15 November 2009

ആഗോളതാപനം:ആര്‍ക്കുണ്ടു ചേതം?‍

വിലങ്ങന്‍ മരിച്ചാല്‍ നിനക്കെന്തു ചേതം?”,ഒന്നര പതിറ്റാണ്ടു മുന്‍പു പ്രൊ. ജി.കുമാരപിള്ള നെഞ്ചില്‍‍ കൈചേര്‍ത്തു വെച്ച് മലയാളികളോടു ഒരു കവിതയിലൂടെ ചോദിച്ചു.തൃശൂരിനടുത്ത അതിമനോഹരമാ‍യ വിലങ്ങന്‍ കുന്നു കൈയ്യടക്കാനിറങ്ങിത്തിരിച്ചവര്‍ക്കെതിരെ ഒരു പറ്റം പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തിയ സമരത്തോടു നിസംഗത പുലര്‍ത്തിയ സമൂഹമനസാക്ഷിയോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സൈലന്റ്വാലിയിലെ നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കാനിറന്നിത്തിരിച്ചവരോടും നമ്മുടെ സമൂഹം മൌനം കൊണ്ടു മാത്രമല്ല,”സിംഹ വാലന്‍ കുരങ്ങിനോടിത്ര സ്നേഹമോ” എന്നുതുടങ്ങിയ അരോചകങ്ങളായ പ്രതികരണങ്ങള്‍ കൊണ്ടും തങ്ങളുടെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും പ്രകടിപ്പിച്ചു.
ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും മാദ്ധ്യമസാക്ഷരതയും ഉണ്ടായിട്ടും തങ്ങളില്‍ തന്നെ എപ്പോഴും നങ്കൂരമിടുന്ന,പ്രാദേശിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്ന മലയാളികളുടെ ലോകം അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നു.നമ്മുടെ ചാനലുകളും മുഖ്യധാരാമാദ്ധ്യമങ്ങളും നോക്കുക.അവ വിളമ്പുന്ന വിഭവങ്ങളില്‍ 90 ശതമാനത്തിലുമേറെ പ്രാദേശിക വിഷയങ്ങളാണു.ഇത് നാരോ കാസ്റ്റിങ്ങിന്റെ നാളുകള്‍.ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ടി.വി ചാനലുകള്‍ പോലും ലോകത്തെ ഇട്ടാവട്ടത്തിലൊതുക്കുന്ന പ്രദേശികവാര്‍ത്തകളിലേക്ക് ചുരുക്കുന്നു.
അവരോടു,പ്രൊ കുമാര പിള്ളയെ പോലെ ചോദിക്കട്ടെ:അഗോള താപനം കൂടിയാല്‍ നിനക്കെന്തു ചേതം?കോപ്പഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ എന്തു നടന്നാലും നിനക്കെന്തു ചേതം?
-പക്ഷേ ചേതമുള്ളവരുണ്ടു.അവര്‍ ഡെന്മാര്‍ക്കിലേക്ക് ഉറ്റുനോക്കുന്നു.ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നു:നിയമ നിര്‍മ്മാണം നടത്തുന്നു.
മാനവരാശിയുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കയുള്ള,സാമൂഹികബോധമുള്ള ഏതൊരു ജനതയും അഗോളതാപനത്തേക്കുറിച്ച്,അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടുന്നുണ്ടു.അന്തരീക്ഷോഷ്മാവ് ഇനിയും ഉയര്‍ന്നാല്‍ കേരളത്തിന്റെ തീരപ്രദേശങ്ങളും കടലില്‍ മുങ്ങിപ്പോകുമെന്നറിയുന്നവര്‍ക്ക് മൌനികളായിരിക്കാന്‍ എങ്ങനെ കഴിയും?
2060 ആകുമ്പോഴേക്കും ചൂടു നാലു ഡിഗ്രി സെല്‍ ഷ്യസ് കൂടുമെന്നാണു ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.അതുണ്ടാക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും.ഭൂമുഖത്തു നിന്നും ഒട്ടേറെ രാഷ്ട്രങ്ങള്‍ തന്നെ അപ്രത്യക്ഷമായേക്കും.
നാം വിതക്കുന്നത് നമ്മള്‍ തന്നെ കൊയ്യും.എന്തെന്നാല്‍ മനുഷ്യപ്രേരിതമാണു ഈ ദുരന്തം.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2)അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം.അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,ആള്‍ഗൊണ്‍ എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
വ്യവസായ വിപ്ലവത്തിനു മുന്‍പു അന്തരീക്ഷത്തില്‍ Co2വിന്റെ അളവു 280 പി.പി.എം അതായത് പത്ത് ലക്ഷത്തില്‍ 280 മാത്രമായിരുന്നു.ചാള്‍സ് ഡേവിഡ് കീലിങ്ങ് എന്ന ശാസ്ത്രജ്ഞന്‍ അരനൂറ്റാണ്ടോളം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയത് ഇത് 100 പി.പി.എം ഉയര്‍ന്നു 380 ആയി എന്നാണു.
ഇത് മാത്രമല്ല ഭൂമിക്ക് ചൂടു കൂടാന്‍ കാരണം.ഭൂമിയുടെ അന്തരീക്ഷത്തില്‍ രക്ഷാകവചമായി സ്ഥിതിചെയ്യുന്ന ഓസോണ്‍‍ പാളിക്ക് വിള്ളലും സംഭവിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടു.ഭൂമിക്ക് 20 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ മുകളിലുള്ള സ്റ്റാറ്റോസ്ഫിയറിലാണു ഓസോണ്‍ പാളികളുടെ ആവരണമുള്ളത്.സൂര്യനില്‍ നിന്നുള്ള വളരെ അപകടകാരികളായ അള്‍ട്രാവയലറ്റ് രഷ്മികളെ ‍ഭൂമിയില്‍ പതിക്കാതെ പിടിച്ചുനിര്‍ത്തുന്നത് ഈ ഓസോണ്‍ കവചമാ‍ണു.ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്,ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ മുതലായവ കാരണം ഓസോണ്‍ പാളികള്‍ക്ക് ശോഷണം സംഭവിക്കുന്നു.ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കക്ക് മുകളിലുള്ള ഓസോണ്‍ പാളികള്‍ക്ക് വിള്ളല്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ടു.ഇങ്ങനെ ഉണ്ടാകുമ്പോള്‍ ഒസോണ്‍ ഭൂമിക്കടുത്തേക്ക് താഴും.അതും വളരെ അപകടകരമാണു.എന്തുകൊണ്ടെന്നാല്‍ ഓസോണ്‍ ഒരു വിഷവാതകമാണു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.ദശലക്ഷക്കണക്കിനു വര്‍ഷമായി സസ്യങ്ങള്‍ ആഗിരണം ചെയ്തു സൂക്ഷിച്ചിരുന്ന കാര്‍ബണാണെല്ലോ ഇന്ധനമായി നമ്മള്‍ ഉപയോഗിക്കുന്നത്.ചെടികള്‍‍ക്ക് ആഹാരം പാകം ചെയ്യുന്നതിനു കാര്‍ബണ്‍ ഡയോക്സൈഡ് വേണം.അവ പ്രകാശസംസ്ലേഷണത്തിലൂടെ ധാന്യകം ഉണ്ടാക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ നിര്‍ഗ്ഗമിക്കപ്പെടുന്നു.‍

അതുകൊണ്ടു മരം നടുമ്പോള്‍ അന്തരീക്ഷത്തിലെ ഹാനികരമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കുറയുന്നു.മലിനീകരണവും.അതുകൊണ്ടു ആഗോളതാപനത്തെ ചെറുക്കാനുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നു മരം നട്ടുപിടിപ്പിക്കലാണു.ഉള്ള വനങ്ങള്‍ സംരക്ഷിക്കലാണു.പരിസ്ഥിതി സംരക്ഷിക്കലാണു.കാടുകളും കുന്നുകളും വയലേലകളും സംരക്ഷിച്ചുനിര്‍ത്തലാണു.അവയുടെ അന്തകരെ തുരത്തലാണു.

ഇന്ധന ഉപയോഗം കുറക്കാനുള്ള എന്തെങ്കിലും കര്‍മ്മപദ്ധതികള്‍ നമുക്കുണ്ടോ?ആഗോളതാപനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക ഇക്കാര്യത്തില്‍ കാര്യക്ഷമമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടു.2008ല്‍ പ്രതിനിധി സഭ പാസാക്കിയ “അമേരിക്കന്‍ ക്ലിയര്‍ എനര്‍ജി ആന്റ് സെക്യൂരിറ്റി ആക്ട്” നോക്കുക.പാരമ്പര്യേതര ഊര്‍ജോത്പാദനത്തിനായി 90 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിനാണു പദ്ധതി.2020തോടെ കാര്‍ബണ്‍ എമിഷന്‍ 20ശതമാനം കുറയ്ക്കും.കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉള്‍പ്പെടെയുള്ള ബദല്‍ ഊജ്ജമായിരിക്കും മൊത്തം ഉപയോഗത്തിന്റെ 20 ശതമാനം.ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും എന്നിങ്ങനെ പോകുന്നു അമേരിക്കയുടെ പദ്ധതികള്‍‍.

ലോകജനസംഖ്യയുടെ വളരെചെറിയൊരു ശതമാനം മാത്രം വരുന്ന ഇല്ലിനോസ്,ഇന്ത്യാന,ലോവ,മിച്ചിഗണ്‍ ,ഒഹിയോ തുടങ്ങിയ പ്രവിശ്യകളാണത്രേ ലോകത്തെ കാര്‍ബണ്‍ മലിനീകരണത്തിന്റെ 20ശതമാനവും ഉണ്ടാക്കുന്നത്.ആ പ്രവിശ്യകളിലെ പഴയ കല്‍ക്കരിപ്പാടങ്ങളും ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളുമാണു ഭീകരമായ ഈ ‍മലിനീകരണം സൃഷ്ടിക്കുന്നത്.അവയൊക്കെ അടച്ചു പൂട്ടാന്‍ അമേരിക്ക തയ്യാറാകുമോ?
-ഒരിക്കലുമില്ല.ദീര്‍ഘകാല ഫലം നല്‍കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണു പ്രായോഗിക മാര്‍ഗ്ഗം.കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു.പഞ്ചായത്ത് തോറും കാറ്റാടിപ്പാടങ്ങളുയരട്ടെ.
പിന്നെയുള്ളത് ചൈനക്കാര്‍ക്കും ജപ്പാന്‍ കാര്‍ക്കുമൊക്കെ പ്രിയപ്പെട്ട ചവിട്ടുവണ്ടിയുടെ കാര്യമാണു.കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും വി.എസ്.എസ്.സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.എം അണ്ണാദുരൈക്കുമൊക്കെ പ്രിയപ്പെട്ട സൈക്കിള്‍ ഓരോ വീട്ടിലും ഒരവശ്യവസ്തുവാക്കുക.ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും:‍ വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
പഞ്ചായത്തു തലത്തില്‍ തന്നെ അങനെ ചെയ്യാവുന്ന എന്തൊക്കെ കാര്യങ്ങളുണ്ടു!
ലോകം നശിച്ചാല്‍ ചേതമുണ്ടെന്നു കരുതുന്ന ആരെങ്കിലും കേരളത്തില്‍ ഉണ്ടെങ്കില്‍ കര്‍മ്മപഥത്തിലിറങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

Tuesday, 10 November 2009

പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....

ന്നിപ്പനി പിടിച്ച് കേരളത്തില്‍ പത്തുലക്ഷം പേരെങ്കിലും അടുത്ത നാളുകളില്‍ മരിക്കുമോ?
-നവംബര്‍ 8ന്റെ വര്‍ത്തമാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍(“സംസ്ഥാനത്ത് 1174 പന്നിപ്പനി ബാധിതര്‍:പ്രതിരോധ പ്രവര്‍ത്തനം വീണ്ടും ശക്തമാക്കി”),ലോകാരോഗ്യ സംഘടന സംസ്ഥാന ആരോഗ്യവകുപ്പിനു നല്‍കിയതായി പറയുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നതു ഇതാണു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായതിനാല്‍ ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് പന്നിപ്പനി പിടിക്കുമെന്നാണു ഡബ്ലൂ എച്ച് ഓ അറിയിച്ചത്.രോഗം ബാധിക്കുന്നവരില്‍ പത്തില്‍ ഒരാള്‍ വീതം മരിക്കുമെന്നാണു കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ ജനസംഖ്യ 3.18 കോടിയാണു.അതില്‍ പതിനെട്ടുലക്ഷം പേര്‍ പുറത്തുണ്ടെന്നു വിചാരിക്കുക.അപ്പോള്‍ ഇവിടെ ജീവിക്കുന്നവര്‍ മൂന്നു കോടി.അവരില്‍ മൂന്നിലൊന്നു പേര്‍ക്കു പന്നിപ്പനി പിടിക്കുമെങ്കില്‍ മൊത്തം രോഗികള്‍ ഒരു കോടി വരും.ഇവരില്‍ പത്തിലൊന്നു പേര്‍ മരണത്തിനു കീഴടങ്ങുമത്രെ.അതായത് പത്തു ലക്ഷം പേര്‍ പന്നിപ്പനി ബാധിച്ച് കേരളത്തില്‍ ഇതാ മരിക്കാന്‍ പോകുന്നു!
-ഇത് ആരുടെ ഭാവനയില്‍ വിരിഞ്ഞതാണെന്നു ഊഹിക്കാവുന്നതേയുള്ളൂ.ഇന്റര്‍നെറ്റില്‍ പന്നിപ്പനി വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞു ഒരു സഞ്ചാരം നടത്തിയാല്‍ ഏതാനും മിനിറ്റുകള്‍ക്കകം കള്ളനെ പിടികിട്ടും.അമേരിക്കയിലേയും യൂറോപ്പിലേയും മുഖ്യധാരാമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന കഥകളുമായി പന്നിപ്പനിക്കെതിരായ വാക്സിന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണു.ബിഗ് ഫാര്‍മ എന്ന അന്താരാഷ്ട്ര മരുന്നു കമ്പനിയാണു ഇതിന്റെ ഉത്പാദകര്‍.ഇന്ത്യലിലും അവര്‍ കണ്ണുവെച്ചിട്ടുണ്ടു.അതാണു വാര്‍ത്തകളില്‍ മരണനിരക്ക് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് കുതിച്ചുയരാള്ള കാരണം.

പന്നിപ്പനി മാനവരാശിയെ കാര്‍ന്നുതിന്നുന്ന ഭീകരമായ രോഗമാണോ?അല്ലെന്നാണു മെഡിക്കല്‍ വിദഗ്ദ്ധരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.ഇന്‍ഫ്ലുവന്‍സ അഥവാ പകര്‍ച്ചപ്പനി എന്ന് നമ്മള്‍ വിളിക്കുന്ന പനിയെക്കാള്‍ മാരകമല്ല എച്ച് വണ്‍ എന്‍ വണ്‍ എന്ന പന്നിപ്പനി.ഇതൊരു വൈറസ് രോഗമാണു.ലോകമെങ്ങും പടര്‍ന്നു പിടിക്കാവുന്ന (പാന്‍ഡെമിക്) പകര്‍ച്ചവ്യാധിയായി ഇതിനെ കണക്കാക്കാനാവില്ലെന്നു വദിക്കുന്നവരും കുറവല്ല.അതായത് എയിഡ്സ് പോലെയോ പക്ഷിപ്പനി പോലെയോ ഇത് മാരകമല്ല എന്നര്‍ത്ഥം.കഴിഞ്ഞ 60 വര്‍ഷങ്ങളായി ലോകത്തിന്റെ ചിലഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.പന്നികളില്‍ പടരുന്നതിനാലാണു പന്നിപ്പനി എന്ന പേരു കിട്ടിയത്.പക്ഷേ പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അത്യപൂര്‍വ്വം.അമേരിക്കയിലെ പന്നിഫാമുകളില്‍ വളര്‍ത്തുന്ന പന്നികളില്‍ 40 ശതമാനത്തിനും പന്നിപ്പനി ഉണ്ടെന്നാണു ഒരു റിപ്പോര്‍ട്ട് പറയുന്നത്.അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിനു അമേരിക്കക്കാര്‍ ഇതിനകം രോഗം പിടിച്ച് മരിക്കുമായിരുന്നുവല്ലോ.ഈ വര്‍ഷം മെക്സിക്കോയിലും കാനഡയിലും ചില സ്ഥലങ്ങലില്‍ പന്നിപ്പനി ഉണ്ടായി.പക്ഷേ, മരണം അപൂര്‍വ്വമായേ സംഭവിച്ചുള്ളൂ.
-സത്യത്തില്‍ പന്നിപ്പനിയുടെ മരണനിരക്ക് എത്രയാണു?അതറിയാന്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16നു റോയിട്ടര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതും ലോകത്തെ പ്രമുഖ മാദ്ധ്യമങ്ങളൊക്കെ മുക്കിയതായി ആരോപണം ഉയര്‍ന്നതുമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയിലെ ഡോ. മാര്‍ക്ക് ലിപ്സിച്ചിന്റെ കണ്ടെത്തല്‍ നോക്കിയാല്‍ മതി.യു.എസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിസിനില്‍ നടന്ന ഫ്ലൂ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ ഡോ. ലിപ്സിച്ച് പറഞ്ഞതിനെ ഇങ്ങനെ സംഗ്രഹിക്കാം:ഇത് ഒന്നാം വിഭാഗത്തില്‍ പെടുത്താവുന്ന ഒരു പാന്‍ഡെമിക്ആകുന്നു.മരണസംഖ്യ നൂറിനു .007 മുതല്‍ .045 വരെ മാത്രം.
-അതായത് പന്നിപ്പനിമൂലം ഒരുലക്ഷത്തില്‍ ഒരാള്‍ പോലും മരിക്കുന്നില്ല.സാധാരണ പകര്‍ച്ചപ്പനിക്കും ഇതു തന്നെയാണു മരണനിരക്ക്.പക്ഷേ കേരളത്തില്‍ പന്നിപ്പനിയും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മുതല്‍ കോളറയുള്‍പ്പെടെയുള്ള സര്‍വ്വപകര്‍ച്ചവ്യാധികളും കാരണം ശരാശരിയിലുമേറെപ്പേര്‍ മരിക്കുന്നുണ്ടു.അതു മരുന്നും ചികിത്സയും ഇല്ലാഞ്ഞിട്ടല്ല.അമിതമായ മരുന്നുപയോഗമാണോ അതിനു കാരണം എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു.കാരണം പ്രമുഖ ജനകീയ ആരോഗ്യവിദഗ്ദ്ധനും പത്രപ്രവര്‍ത്തകനുമായ മൈക്ക് ആഡംസ് അമേരിക്കയില്‍ നടത്തിയ പഠനമാണു.ഒരു വര്‍ഷം 2000പേരാണു അവിടെ ആസ്പിരിന്‍ കഴിച്ചു മരിക്കുന്നത്.ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നു കഴിച്ച് ഒരു ലക്ഷം പേരും മരിക്കുന്നുവത്രേ.

പന്നിപ്പനിയെ പ്രതിരോധിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ഇത്രമാത്രം.രോഗപ്രതിരോധ ശേഷി കൂട്ടാന്‍ വെയിലു കൊള്ളുക;പച്ചക്കറികളും പഴങ്ങളും പച്ചിലയുമുള്‍പ്പെട്ട പാരമ്പര്യ ഭക്ഷണം കഴിക്കുക.നാട്ടു മരുന്നുകള്‍ തന്നെ ധാരാളമുണ്ടു.

ഇതില്‍ വെയില്‍ കായുന്നതിന്റെ മാഹാത്മ്യത്തെപ്പറ്റി ആയുര്‍വേദക്കാര്‍ മുതല്‍ പ്രകൃതിജീവനക്കാരും സൂര്യോപാസകരും വരെ യുഗങ്ങളായി പ്രചാരണം നടത്തുന്നെങ്കിലും നമുക്ക് ബോദ്ധ്യം വന്നിട്ടില്ല.അവര്‍ക്കായി ഇനി ഇതിന്റെ ശാസ്ത്രീയ വശം കൂടി പറയാം.വിറ്റാമിന്‍ ഡി നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നു.‍അതിനു വെയില്‍ കായണം.സൂര്യപ്രകാശം ത്വക്കില്‍ പതിക്കുമ്പോളാണു ഇതു ഉണ്ടാക്കപ്പെടുന്നത്.വെയിലുകൊള്ളാതെ വീട്ടിലും ഓഫീസിലും വാഹനത്തിലും ഏ സിയുടെ സുഖ ശീതളിമയില്‍ അടച്ചിരുന്നാള്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകും.അപ്പോള്‍ കുടലിലെ കാത്സ്യം ആഗിരണം ചെയ്യപ്പെടുകയില്ല.അങ്ങനെ എല്ലുകളും പല്ലുകളും ദുര്‍ബലമാകും.വന്‍ കുടലിലെ ക്യാന്‍സര്‍ മുതല്‍,സോറിയാസിസും ഡിപ്രഷനും വരെ ഇതുമൂലം ഉണ്ടാകുന്നു.രോഗപ്രതിരോധ ശേഷി കുറയുന്നതു കാരണം പന്നിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നു.

അതുകൊണ്ടു പന്നിപ്പനിയെ പേടിച്ച് സ്കൂള്‍ അസംബ്ലി വേണ്ടെന്നു ഉത്തരവിറക്കിയവര്‍ അതു പിന്‍ വലിക്കാന്‍ സമയമായി.കുട്ടികള്‍ രാവിലെ കുറച്ചു നേരം വെയില്‍ കൊള്ളട്ടെ.വിയര്‍ക്കട്ടെ.അവര്‍ നാടന്‍ ഭക്ഷണം കഴിക്കട്ടെ.പ്രകൃതിയുമായി ഇണങ്ങി ജീവിക്കട്ടെ.ഇതൊക്കെ മതി രോഗപ്രതിരോധപ്രവര്‍ത്തനം.നയാപൈസയുടെ മുടക്കില്ല.പക്ഷേ ഫണ്ടില്ലാത്ത ഒരേര്‍പ്പാടിനും രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അശേഷം താല്‍പ്പര്യമില്ല.

പന്നിപ്പനിയെ തുരത്താന്‍ സ്കൂള്‍ അസംബ്ലി ഉപേക്ഷിച്ചവര്‍ അമേരിക്കക്കാര്‍ പോലും അംഗീകരിക്കാത്ത വാക്സിന്‍ നല്‍കി കേരളത്തിലെ കുട്ടികളെ “രക്ഷിക്കാന്‍” നാളെ രംഗത്തിറങ്ങിയേക്കും.കുട്ടികളില്‍ പന്നിപ്പനി വരാനുള്ള സാദ്ധ്യത തുലോം വിരളമാണെന്നാണു‍ ഡോ മാര്‍ക്ക് ലിപ്സിച്ചിന്റെ പഠനത്തില്‍ കണ്ടെത്തിയത് എന്നു കൂടി ഓര്‍ക്കുക.പന്നിപ്പനി വാക്സിനു യു.എസ് ഫൂഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയത് വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയും ഫെഡറല്‍ നിയമം ലംഘിച്ചുമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടു.ഈ വാക്സിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണു.ഇത് ആഫ്രിക്കന്‍ കുരങ്ങുകളില്‍ നിന്ന് ഉണ്ടാക്കിയതാണെന്നു അനുമാനിക്കപ്പെടുന്നു.ഇതിന്റെ ഉപയോഗം മൂലം ശരീരത്തിലുണ്ടാകുന്നത് സ്വാഭാവികമായ രോഗപ്രതിരോധമല്ലെന്നും വാദമുണ്ടു.പന്നിപ്പനിയുടെ വൈറസിനു രൂപപരിണാമം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഭാവിയില്‍ ഇവ വാക്സിനെ അതിജീവിക്കാനും ഇടയുണ്ടു.

മരുന്നുകച്ചവടക്കാര്‍ ആഗോളവ്യാ‍പകമായി പന്നിപ്പനിയുടെ പേരില്‍ പരത്തുന്ന പെരുപ്പിച്ച മരണസംഖ്യ ദുഷ്ടലാക്കോടെയുള്ള ഒരു കച്ചവട തന്ത്രമാണു.അതില്‍ കുടുങ്ങുന്ന ശുദ്ധഹൃദയര്‍ക്കായി ഒരു സംഭവകഥ പറയാം.
എട്ടുവര്‍ഷം മുന്‍പു ഒരു നാള്‍ ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ കൊച്ചിയില്‍ നിന്നൊരു സ്തോഭജനകമായ വാര്‍ത്തവന്നു:നഗരത്തില്‍ വില്‍ക്കുന്ന പ്രാദേശിക സോഡകള്‍ മലിനജലം കൊണ്ടു,വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്നവയാണു.അടുത്ത ദിവസം മറ്റൊരു പത്രം ഈ വാര്‍ത്ത ഏറ്റെടുത്ത് പൊലിപ്പിച്ചു.പിന്നാലെ മറ്റു പത്രങ്ങളും ഏതാനും ചാനലുകളും ലോക്കല്‍ സോഡാകമ്പനികളുടെ സോഡയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി പ്രത്യേക റിപ്പോര്‍ട്ടുകളും ജനങ്ങളുടെ പ്രതികരണങ്ങളും പ്രക്ഷേപണം ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് എല്ലാ മാദ്ധ്യമങ്ങളിലും ഈ പത്രവാര്‍ത്തകളുടെ കട്ടിങ്ങുകള്‍ സഹിതം ഒരു ഇന്ത്യന്‍ കുത്തക ബ്രാന്റിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടു;നിങ്ങളെന്തിനു ഈ വൃത്തികെട്ട സോഡ ഇനിയും കുടിക്കണം?ഇതാ വരുന്നു,കേരളത്തിലെ ആദ്യത്തെ ഹൈജീനിക്ക് സോഡ..!

Saturday, 7 November 2009

എനിക്കിപ്പം പ്രസവിക്കണം!

(ഇതിന്റെ ഓഡിയോയ്ക്ക് ഇവിടെ ഞെക്കുക)
ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഒരു പൂർണ്ണഗർഭിണി ധൃതിയിൽ എത്തുന്നു;
“ഡോക്ടറേ....ഡോക്ടറേ എന്നെയിപ്പം തന്നെ ലേബർ റൂമിൽ കേറ്റ്”.
“ങ്...എന്താ പ്രശ്നം?"
“ഡോക്ടറേ,എനിക്കിപ്പം തന്നെ സിസേറിയൻ ചെയ്യണം”.
“നിങ്ങൾക്ക് എന്തു പറ്റി? നിങ്ങളുടെ ഡേറ്റാകുന്നതേയൊള്ളൂ.”
“ഡേറ്റൊന്നും നോക്കണ്ട,സാറേ.ഇന്ന്തന്നെ വേണം...മാറ്റിവെയ്ക്കാൻ പറ്റൂല്ല”.
“അതിനു.. നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല..അബ്സലൂട്ടിലി ഓക്കെ.നോര്‍മൽ ഡെലിവറിക്കാണു സാദ്ധ്യത.”
‘“അതൊന്നും ഡോക്ടറു നോക്കണ്ട..എനിക്കിന്നു തന്നെ സിസേറിയൻ നടത്തണം...സാറ് മാറ്റിവെയ്ക്കരുത്“.അവൾക്ക് കണ്ഠമിടറി.
“വാട്ട്’എ സ്ട്രേൻജ് കേയ്സ്! എന്തുപറ്റി,എന്താ പേരു? ഓ..ദിവ്യ..ദിവ്യയ്ക്ക് എന്താ പ്രശ്നം?സിറ്റ് ഡൌൺ പ്ലീസ്.”
“എന്തായാലും ഡെലിവറി മാറ്റിവെക്കാൻ പറ്റില്ല,ഡോക്ടറേ“.
“സിസേറിയനെന്നു കേട്ടാൽ വിറക്കുന്നോരാ എല്ലാരും.അപ്പോ,ദേ സിസേറിയൻ തന്നെ വേണം,അതും ഇമ്മീഡിയറ്റായി ചെയ്യണമെന്നു പറഞ്ഞാൽ..!ദിവ്യാ ആർ യു അപ്സെറ്റ്?....ഹസ്ബന്റും വീട്ടുകാരുമൊക്കെ?ഞാനവരോട് സംസാരിക്കാം.പ്ലീസ് ഗോ,പ്ലീസ്..”
“സാറവരോടൊന്നുമിനി സംസാരിക്കാൻ നിൽക്കണ്ട”.
“അതെന്ത്?എനി ഫാമിലി പ്രോബ്ലം?ഈ സമയത്ത് വളരെ പ്ലസന്റായിരിക്കണം”.
“ഞാൻ ഹാപ്പിയാണു ഡോക്ടർ....പെണ്‍കുട്ടിയെന്നല്ലേ സ്കാനിങ്ങിൽ കണ്ടത്?”
“അതൊന്നും ചെയ്യാൻ പാടില്ലാത്തതാണു”.
“നേഴ്സ് പറഞ്ഞു അതറിഞ്ഞ പാടേ ചേട്ടൻ സമയം നോക്കിക്കാൻ ഒരോട്ടമായിരുന്നു.അച്ഛനും ബ്രഹ്മമഠത്തീന്ന് നോക്കിച്ചു.രാജകീർത്തിയൊള്ള പെൺകുഞ്ഞു പിറക്കാന്‍ ഉത്തമമായ സമയം ദാ കുറിച്ചുവെച്ചിട്ടൊണ്ടു”.
“ദിവ്യ..വാട്ട് യു മീൻ? സമയം..എന്തിന്റെ സമയം?”
“അപ്പം ഡോക്ടർക്കിതൊന്നുമറിയത്തില്ല,അല്ല്യോ!ആകെയൊള്ള ഒരു കുഞ്ഞാ.ഇതോടെ നിർത്താൻ പോവാ”.
“അതിനു?”
“ഡോക്ടർക്കറിയുമോ,പഠിക്കുന്ന കാലത്ത് ഞാൻ നേഴ്സറി സ്കൂൾ കലാതിലകമായിരുന്നു....അന്ന് ഈ ചാനലൊന്നുമില്ല ഡോക്ടറേ”.
“നിങ്ങൾ അതുമിതും പറയാതെ വാർഡിലേക്ക് പോകണം.”
“ഡോക്ടർക്കറിയുമോ,എന്റെ മോളെ ഒരു ചാനൽ സ്റ്റാറാക്കണമെന്നാ എന്റേം ചേട്ടന്റേം ഒരേയൊരു മോഹം”.
“അതിനു...?..ഓ, കവടി നിരത്തുകാരു വല്ല ചരടും ജപിച്ചുതന്നു കാണും!“
“ഡോക്ടറേ, മൊലകുടിക്കുന്ന പ്രായത്തിമൊതലേ ചാനലിൽ തെളങ്ങണോങ്കില്‍ അതിനൊള്ള യോഗം വേണം..നല്ല മുഹൂർത്തം നോക്കി പ്രസവിക്കണം.ഇന്ന് കഴിഞ്ഞാലിനി ഉത്തമമുഹൂർത്തമില്ല,ഡോക്ടറേ.ദാ,നോക്ക്”.
“മുഹൂർത്തം!”
“ഇന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞു ഏഴുമിനിറ്റിനും പത്തുമിനിറ്റിനുമിടേലാ ശുഭമുഹൂർത്തം.ആ സമയത്ത് തന്നെ സിസേറിയൻ നടത്തി മോളെ പൊറത്തേടുത്ത് തരണം...ദേ,അതിനു എന്തുവേണേലും ഡോക്ടർക്ക് തരാം”.
“ങ്ങേ!ഓ മൈ ഗോഡ്!”
“അയ്യോ!അയ്യോ!എനിക്കിപ്പം പ്രസവിക്കണം...അയ്യോ!എന്നെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റി സിസേറിയൻ നടത്ത് ഡോക്ടറേ..... അയ്യോ!അയ്യയ്യോ!!‘

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ