Saturday, 29 August 2009

ഹലോ മാവേലി,തൊപ്പിപ്പാളയില്‍ ഒരു ഓണക്കാലത്ത്...

ലോ മാവേലി

തൊപ്പിപ്പാളയില്‍ ഒരു ഓണക്കാലത്ത്

-ഓണത്തിനുള്ള ഗ്രീന്‍ റേഡിയോയുടെ പ്രത്യേക ഓഡിയോ സ്കിറ്റുകള്‍ കേട്ട് കുടുകുടെ ചിരിക്കാം.കറുത്ത ഹാസ്യത്തിന്റെ പുതിയ ശ്രവ്യാനുഭവം.
ര‍ചന:ഡി.പ്രദീപ് കുമാര്‍
ശബ്ദം:നിധിന്യ,സി.കൃഷ്ണ കുമാര്‍,എം.പുഷ്പ കുമാരി,കെ.വി.ശബരിമണി.
കൂടാതെ ജ്യോതിബായി പരിയാടത്ത് അതിമനോഹരമായി ആലപിച്ച രണ്ടു കവിതകള്‍ കൂടി ..
ഗജേന്ദ്രമോക്ഷം
മനസ്വിനി
പരിപാടികള്‍ കേട്ട് അഭിപ്രായം അറിയിക്കുമെല്ലോ.
ഈ ബ്ലോഗിന്റെ വായനക്കാര്‍ക്കും ഗ്രീന്‍ റേഡിയോയുടെ ശ്രോതാക്കള്‍ക്കും ഹൃദയംഗമമായ ഓണാശംസകള്‍!

Friday, 21 August 2009

ഒരു ന്യായാധിപന്റെ വിശ്വാസപ്രഖ്യാപനങ്ങള്‍

.എസ് ആര്‍ ‍ഒ ചെയര്‍മാനായിരുന്ന കെ.കസ്തൂരിരംനു കേരള ബ്രാഹ്മണ സഭ പത്തു വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു സ്വീകരണം നല്‍കി.
-എന്തിനായിരുന്നു,ഈ ജാതി സംഘടന കൊച്ചിയില്‍ ജനിച്ച ലോകപ്രശസ്തനായ ഈ ശാസ്ത്രജ്ഞനു വരവേല്‍പ്പ് നല്‍കിയത് എന്ന് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി.സാരസ്വത ബ്രാഹ്മണനായ‘നമ്മുടെയാള്‍‘ ഉന്നത പദവിയിലെത്തിയതിന്റെ സന്തോഷപ്രകടനമായിരുന്നു അത്. ആ സ്വീകരണത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് ഈ ലേഖകന്‍ സമീക്ഷയില്‍ എഴുതിയിരുന്നു.ഭരണഘടനാപദവികള്‍ വഹിക്കുന്നവരും പൊതു സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും ജാതി-മത സംഘടനകളൊരുക്കുന്ന സ്വീകരണങ്ങളിലോ സംഘടനാപരമായ ചടങ്ങുകളിലോ പങ്കെടുക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലു തന്നെ തകര്‍ക്കുന്ന അപകടകരമായ പ്രവണതയാണു.

കഴിഞ്ഞ ആഴ്ച്ച കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടന്ന സീറോ മലബാര്‍ സഭ അല്‍മായ അസംബ്ലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സുപ്രീകോടതി ജഡ്ജിയായ സിറിയക് ജോസഫ് നടത്തിയ പ്രഖ്യാപനങ്ങള്‍ കേട്ട് പണ്ടത്തേതിനെക്കാള്‍ ഞെട്ടിപ്പോയി.ഒരു മതസംഘടനയുടെ വേദിയില്‍ കയറി നിന്ന് ഉന്നത ഭരണഘടനാപദവി വഹിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ ധൈര്യം വന്നു? പദവികള്‍ക്കുപരി സഭയോടാണു താന്‍ കൂറും വിശ്വാസവും പുലര്‍ത്തുന്നുവെന്നാണു അദ്ദേഹം വ്യക്തമാക്കിയതെന്ന് മാതൃഭൂമി ദിനപ്പത്രത്തിന്റെ ചില പതിപ്പുകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കാണുന്നു(സ്തോഭജനകമായ ഈ വാര്‍ത്ത മിക്ക മാദ്ധ്യമങ്ങളും പൂഴ്ത്തിവെചു!).
ആ റിപ്പോര്‍ട്ടില്‍ നിന്നു:“1968 മുതല്‍ 88 വരെ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു. പിന്നീട്‌ ഔദ്യോഗിക പദവികള്‍ വഹിച്ചതിനാല്‍ ഇതില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടി വന്നു. എന്നാല്‍ സ്ഥാനമാനങ്ങള്‍ മൂലം സഭയോടുള്ള വിശ്വാസവും കുറും പറയുടെ കീഴില്‍ കമിഴ്‌ത്തി വയ്ക്കേ‌ക്കണ്ട ഒന്നാണെന്ന്‌ കരുതുന്നില്ലെന്നും ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. ചിലര്‍ പറയും ഈശോയില്‍ വിശ്വാസമുണ്ട്‌ എന്നാല്‍ സഭയോട്‌ പുച്ഛമാണ്‌. മറ്റു ചിലര്‍ പറയും ഈശോയിലും സഭയിലും വിശ്വാസമുണ്ട്‌ എന്നാല്‍ പിതാക്കന്മാരിലും വൈദികരിലും വിശ്വാസമില്ല. ഇത്‌ ശരിയല്ല. ദൈവത്തോടും സഭയോടും ഹൈരാര്‍ക്കിയോടുമുള്ള വിശ്വാസം പരസ്‌പരം ഒത്തുചേര്‍ന്നുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു”.

താന്‍ വഹിക്കുന്ന ഉന്നത പദവിയെക്കാള്‍ കൂറ് സ്വന്തം സഭയോടാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിനടിവരയിട്ട് വിശദീകരിക്കുക കൂടി ചെയ്തിട്ടുണ്ടു അദ്ദേഹം.
-നാളെ ഏതെങ്കിലും ജഡ്ജി ഈ മാതൃകയില്‍ ഇങ്ങനെ പ്രഖ്യാപിച്ചാല്‍ എന്തു സംഭവിക്കും?
“എന്റെ കൂറ് അമൃതനന്ദമയീ മഠത്തോടാണു”.
“പദവിയെക്കാളുപരി ഞാന്‍ ബഹുമാനിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണു”.
“ഈ സ്ഥാനത്തെക്കാള്‍ എനിക്കു വലുത് പെരുന്നയില്‍ പാദസേവ ചെയ്യുന്നതാണു”
“ഈ പദവികള്‍ക്കെന്തു വില?ഞാന്‍ പാണക്കാട്ടെ ഒരാജ്ഞാനുവര്‍ത്തി‍യാണു”.

വിശ്വാസം വ്യക്തിപരമാണു.പക്ഷേ ഉന്നതപദവികളിലിരിക്കുന്നവര്‍ തങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ വിലകെടുത്തിയും അവയെ ഇകഴ്ത്തിയും ബാഹ്യശക്തികള്‍ക്കുമുന്നിലെ വിനീതദാസരാണു തങ്ങള്‍ എന്നു പ്രഖ്യാപിക്കുമ്പോള്‍ ജനവിശ്വാസം അവര്‍ക്ക് നഷ്ടമാകുന്നു.അവര്‍ ഉള്‍ക്കൊള്ളുന്ന മത-ജാതി വിഭാഗങ്ങളുടെ മാത്രം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നയാളായി മറ്റു വിഭാഗങ്ങള്‍ ഇവരെ മുദ്രയടിക്കുന്നു.ഇവരുടെ പ്രവൃത്തികള്‍ സത്യസന്ധവും നീതിയുക്തവും ആയിരിക്കുകയില്ലെന്ന മുന്‍ വിധികളുണ്ടാകുന്നു.താന്താങ്ങളുടെ ജാതി-മത വിഭാഗങ്ങളില്‍ പെട്ട ന്യായാധിപന്മാരില്‍ മാത്രം അതാതു വിഭാഗങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയും,മറ്റുള്ളവരെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

മറ്റ് എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും വിശ്വാസം നശിച്ച ജനങ്ങളുടെ അവസാനത്തെ അഭയ കേന്ദ്രമാണു ഇന്ത്യന്‍ ജൂഡിഷ്യറി.സമൂഹത്തിന്റെ സമസ്തമേഖലേയും കാര്‍ന്നു തിന്ന സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടെയും കരാളഹസ്തങ്ങള്‍ ഇവിടേക്ക് നീണ്ടുവരുന്നുണ്ടെങ്കിലും ജനമനസ്സില്‍ ഏറ്റവും ഉന്നതമായ സ്ഥാനമാണു ഇന്നും ന്യായാധിപന്മാര്‍ക്കുള്ളത്.എന്തെല്ലാം തിരിച്ചടികളുണ്ടായാലും സത്യം ഒരിക്കല്‍ ജയിക്കുമെന്നും,നീതിയും ന്യായവും സംരക്ഷിക്കപ്പെടമെന്നുമുള്ള വിശ്വാസത്തിലാണു ഇന്ത്യന്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്നത്.അതിനു ശക്തിക്ഷയമുണ്ടാക്കുന്ന ഒരു പ്രവൃര്‍ത്തിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട.അത് ജനാധിപത്യത്തിന്റെ കഴുത്തറക്കുന്ന മഹാപാതകമാണു.

രാഷ്ട്രീയക്കാര്‍ ജാതി-മത സംഘടനകളുടെ ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നതും അവര്‍ക്കു മുന്നില്‍ കുമ്പിട്ട് വിനീതദാസരായി നില്‍ക്കുന്നതും നമുക്ക് പരിചിതം.മത മേലദ്ധ്യക്ഷന്മാര്‍ക്കും മനുഷ്യ ദൈവങ്ങള്‍ക്കും അവതാരങ്ങള്‍ക്കും മുന്നില്‍‍ ജഡ്ജിമാര്‍ കൂടി കുമ്പിട്ടുതുടങ്ങിയിരിക്കുന്നു.ഭക്തശിരോമണികളായ ചില ന്യായാധിപന്മാര്‍ അമൃതപുരിയിലും പുട്ടപ്പര്‍ത്തിയിലുമൊക്കെ ഭയഭക്തിപുരസ്സരം നില്‍ക്കുന്നതും നാം കണ്ടിട്ടുണ്ടു.ഇനി ഒരു പടി കൂടി കടന്ന് സിറ്റിങ്ങ് ജഡ്ജിമാര്‍ അവരുടെ പാദപൂജ നടത്താന്‍ കൂടി തുനിയില്ലെന്ന് ആരു കണ്ടു?
രാഷ്ട്രപതി സ്ഥാനത്തിനു കളങ്കമുണ്ടാക്കിയ അമിതഭക്തര്‍ ഉണ്ടായിട്ടുണ്ടു.ഔദ്യോഗിക സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്ത് ക്ഷേത്രദര്‍ശനം നടത്താനും,കര്‍സേവനടത്തി പാപപരിഹാരകര്‍മ്മമനുഷ്ഠിക്കാനും തുനിഞ്ഞ അവര്‍ ആ പദവികളെ പങ്കിലമാക്കിയിട്ടുണ്ടു.
ഇന്ത്യന്‍ ജൂഡിഷ്യറി കൂടി ആ ചെളിക്കുണ്ടില്‍ വീഴാന്‍ ഇടയാകരുത്.അതിന്റെ ഫലം ഭയാനകമായിരിക്കും.

ജാതിയടിസ്ഥാനത്തില്‍ ജഡ്ജിമാരെ നിയമിക്കണമെന്ന് ജാതിസംഘടനകള്‍ ആവശ്യപ്പെടാറുണ്ടു.ദളിത്-പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് മുന്നില്‍ ന്യായാധിപപദവികള്‍ കൊട്ടിയടക്കപ്പെടുന്ന സാമൂഹികയാഥാര്‍ത്ഥ്യമകാം ഈ ആവശ്യത്തിനു പിന്നിലുള്ളത്.ആ അര്‍ത്ഥത്തില്‍ അതിന്‍ ന്യായീകരണമുണ്ടു താനും.ഹൈക്കോടതി നേരിട്ടു നടത്തുന്ന നിയമനങ്ങളില്‍ സംവരണം പോലും പാലിക്കപ്പെടുന്നില്ലെന്നും അവിടെ കടുത്ത ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നു.ജഡ്ജി നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുമ്പോള്‍ ഈ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിഗണിക്കുക സ്വാഭാവികം മാത്രം.ഉയര്‍ന്ന ജൂഡീഷ്യല്‍ പദവികളില്‍ അധസ്ഥിതര്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യനില്ലെന്നു ചൂണ്ടിക്കാട്ടി ജഡ്ജിനിയമന ലിസ്റ്റ് രാഷ്ട്രപതിയായിയുന്ന കെ.ആര്‍. നാരായണന്‍ തിരികെ അയച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ടു.പക്ഷേ,പിന്നീട് ജുഡ്ജിപ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടവരാരും തങ്ങളുടെ കൂറു ദളിത്-പിന്നാക്ക സംഘടനകളോടാണെന്നു പ്രഖ്യാപിച്ചിട്ടില്ല.അവരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ തലനീട്ടിക്കൊടുത്തിട്ടില്ല.തങ്ങള്‍ ജാതിമേലദ്ധ്യക്ഷന്മാരുടെ വിനീതദാസരാണെന്ന് അവരാരും പ്രസംഗിച്ചിട്ടില്ല.

-ക്നാനായ കത്തോലിക്കനായ ജസ്റ്റിസ് സിറിയക് ജോസഫോ?മതസംഘടനയുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു അദ്ദേഹം നടത്തിയ വിശ്വാസപ്രഖ്യാപനങ്ങളോ?അത് പൊതു ചര്‍ച്ചയാകാത്തതെന്ത്?എന്തിനാണു ആരോഗ്യകരമായ ഇത്തരം സംവാദങ്ങളെ മാ‍ദ്ധ്യമങ്ങള്‍ ഭയക്കുന്നത്?ആരെയാണു നിങ്ങള്‍ ഭയപ്പെടുന്നത്?എന്തിനു?
മാദ്ധ്യമങ്ങളും നിയമഞ്ജരും ഈ പ്രഖ്യാപനങ്ങളുടെ സാംഗത്യം പരിശോധിക്കണം:അതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണം.അഭയാക്കൊലക്കേസില്‍ വൈദികരുടേയും കന്യാസ്ത്രീയുടേയും നാര്‍ക്കോ പരിശോധന നടന്ന ഫോറന്‍സിക് ലാബില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയെന്ന സി.ബിഐയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇത് ഗൌരവതരമായ ചര്‍ച്ചയും സംവാദവും ആവശ്യപ്പെടുന്ന ഒരു ദേശീയവിഷയമായി മാറിയിരിക്കുന്നു.
-കണ്ണടച്ചാല്‍ മാത്രമിരുട്ടാ‍കില്ലെന്ന് മൌനിബാബകള്‍ മനസ്സിലാക്കട്ടെ.

Thursday, 13 August 2009

അവര്‍ വഴിയാധാരമാകുന്നതെങ്ങനെ?

വിശ്വസനീയമായ വാര്‍ത്തകള്‍ക്കു മുന്നില്‍ പലപ്പോഴും മരവിച്ചിരിക്കാനാണു തോന്നുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഈവിധത്തിലുള്ള കുറേയേറെ സംഭവങ്ങള്‍ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.
സ്വത്തു കുറഞ്ഞുവെന്ന പേരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നതാണു ഈ ദുരന്ത വാര്‍ത്തകളിലെ ഏറ്റവും ദാരുണമായത്.പ്രായമായ മാതാപിതാക്കളെ റോഡരുകില്‍ ഉപേക്ഷിച്ചു മക്കള്‍ കടന്നുകളഞ്ഞ ഒന്നിലേറെ സംഭവങ്ങളും കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.പത്രങ്ങളുടെ എണ്ണമറ്റ പ്രാദേശിക പതിപ്പുകളില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ പുറം ലോകമറിയാതെ ചത്തൊടുങ്ങുന്നുണ്ടാകാം.അവ എല്ലാ പതിപ്പുകളിലും പ്രസിദ്ധീകരിക്കാന്‍ മാത്രം വാര്‍ത്താപ്രാധാന്യമുള്ളവയല്ലെന്ന് പത്രാധിപന്മാര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടാകാം.ഒരേതരം വാര്‍ത്തകള്‍ വായനക്കാരെ മുഷിപ്പിക്കില്ലേ!

-എന്താകാം സ്വന്തം മാതാപിതാക്കളുടെ കഴുത്തറക്കാനും അവരെ പെരുവഴിയില്‍ തള്ളാനും മക്കളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക? എന്തുകൊണ്ടാകാം വൃദ്ധര്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത്?

കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും ദയയുമൊക്കെ അപ്രത്യക്ഷമാകുന്നു എന്നു നമുക്കറിയാം.ഇക്കാ‍ലത്ത് അങ്ങനെയാണു എന്ന ആത്മഗതങ്ങളില്‍ നാം ഇതിനെ ലഘൂകരിക്കാനും സ്വയം ന്യായീകരിക്കാനും ശ്രമിക്കാറുണ്ട്.കൂട്ടു കുടുംബങ്ങളുടെ തകര്‍ച്ച,അണുകുടുംബങ്ങളുടെ വ്യാപനം,തൊഴിലെടുക്കുന്ന ദമ്പതിമാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്,ഉയരുന്ന ആയുര്‍ദൈര്‍ഘ്യം,അവനവനിസം അഥവാ സ്വന്തം കാര്യം മാത്രം നോക്കല്‍, അത്യാര്‍ത്തി,ആഡംബര ഭ്രമം ,സുഖലോലുപത ഇങ്ങനെ സാമൂഹിക ശാസ്ത്രജ്ഞര്‍ ഇതിനു ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടു.

മാനുഷിക ബന്ധങ്ങള്‍ ശിഥിലമായതും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവുമാണു ഇതില്‍ ഏറ്റവും പ്രധാനം.മലയാളികളാണു മൂന്നാം ലോകരാഷ്ട്രങ്ങളിലെ തന്നെ ഏറ്റവും അയുസ്സു കൂടിയ ജനവിഭാഗങ്ങളിലൊന്നു.സമൂഹത്തില്‍ വൃദ്ധരുടെ എണ്ണം പെരുകുകുകയാണു.അവരുടെ പരിപാലനവും സംരക്ഷണവും വലിയൊരു സാമൂഹിക പ്രശ്നമായി വളര്‍ന്നുവന്നിരിക്കുന്നു.ചെറുപ്പക്കാര്‍ കുറയുന്ന സമൂഹത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണവും കുറയും.ആശ്രിതര്‍ വര്‍ദ്ധിക്കും.കുടുംബത്തിന്റെ വരുമാനം കുറയുമ്പോള്‍ അസ്വസ്ഥതകള്‍ ഏറും.ബന്ധങ്ങള്‍ സുദൃഡമല്ലാത്ത സമൂഹത്തില്‍ കുടുംബം തകരും.ഗാര്‍ഹികതിക്രമങളും അത്മഹത്യകളും കൂടും.
ജീവിതമൂല്യങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ,സത്യ-ധര്‍മ്മാദികളുടെ സനാതന പാതയിലൂടെ കൈപിടിച്ചു നടത്താന്‍ നമുക്കുള്ളത് മതങ്ങളാണു.അവയുടെ അമരത്ത് ആദ്ധ്യാത്മിക നേതാക്കളുണ്ടു.പിന്നെ,മനുഷ്യദൈവങ്ങളും അവതാരങ്ങളുമുണ്ടു.
ഭൌതികവാദികളുടേയും നാസ്തികരുടേയും എണ്ണം അനുദിനം ശുഷ്കിച്ചു വരുന്നതിനാലും മതസ്വാധീനം സര്‍വ്വരംഗത്തും കൂടുതല്‍ തീക്ഷ്ണവും വ്യാപകവുമായതിനാലും ഈ ധാര്‍മികാപഭ്രംശങ്ങള്‍‍ക്ക് സമാധാനം ബോധിപ്പിക്കാനുള്ള ബാദ്ധ്യത ആദ്ധ്യാ‍ത്മിക നേതൃത്വത്തിനുണ്ടു.അവരുടെ ഉദ്ബോധനങ്ങളും പ്രഘോഷണങ്ങളും പരാജയപ്പെടുന്നുണ്ടോ?കുടുംബത്തെ കൊലചെയ്ത് ഗൃഹനാഥനോ ഗൃഹനായികയോ ആത്മഹത്യ ചെയ്യുമ്പോള്‍ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പു പോലും അവശേഷിപ്പിക്കാന്‍ ഇവരില്‍ ആര്‍ക്കും കഴിയാത്തതെന്താകം?അത്മഹത്യയില്‍ കേരളം ഒന്നാം സ്ഥാനംതന്നെ നിലനിര്‍ത്തുമ്പോള്‍,സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് തന്നെ കുതിക്കുമ്പോള്‍,‍ഭരണാധികാരികളെ ക്രൂശിക്കും മുന്‍പ് എന്തേ ആരും ആദ്ധ്യാത്മിക-മത നേതക്കളോടു ചോദിക്കുന്നില്ല?

ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഭരണാധികരികള്‍‍ക്ക് ബാദ്ധ്യതയുണ്ടു.കടക്കെണിയില്‍ പെട്ട് കര്‍ഷകന്‍ അത്മഹത്യ ചെയ്യും.ആര്‍ഭാട ജീവിതം നയിച്ചു ശീലിച്ച വ്യാപാരി ബിസിനസ്സിന്‍ ഒരിടിവു തട്ടിയാല്‍ ജീവനൊടുക്കും.പക്ഷേ ജീവിക്കാന്‍ ഒരു ഗതിയുമില്ലാത്ത ,നിസ്വരും അഗതികളുമായ ആദിവാസികള്‍ എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കുകയില്ല.അവര്‍‍ക്കിടയിലാണു ആത്മഹത്യാനിരക്ക് ഏറ്റവും കുറവുള്ളത്.അവരെ നേര്‍ വഴിക്ക് നയിക്കാന്‍ ആധ്യാത്മിക നേതാക്കളോ മത സംഘടനകളൊ ഇല്ലെന്നോര്‍ക്കണം.

കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരും മാതാപിതാക്കളെ പീഡിപ്പിക്കുന്നവരും ദൈവനിഷേധികളോ അരാജകവാദികളോ അല്ല.ക്രൂരകൃത്യം ചെയ്യുമ്പോഴും പടച്ചോനെ വിളിക്കുന്നവരാണു അവരില്‍ ബഹുഭൂരിപക്ഷവും.മതാഭിമുഖ്യ ജീവിതം നയികുമ്പോഴും അവര്‍ വഴിതെറ്റിപ്പോകുന്നതിന്റെ കാരണങ്ങള്‍ വളരെ ഗൌരവതരമായ പഠനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു.വ്യക്തി ജീവിതത്തില്‍ സത്യമാര്‍ഗ്ഗം ഓതുന്നത് ഭരണകൂടത്തിന്റെ മൌലിക ചുമതലയല്ല.അത് മതങ്ങള്‍ സഹസ്രാബ്ദങ്ങളായി കൈയ്യടക്കി വെച്ചിരിക്കുന്ന മേഖലയാണു.സംഘടിത മതങ്ങള്‍ വ്യക്തിജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അതിശക്തമയി ഇടപെടുന്നു.എന്നിട്ടും മൃഗീയതകളില്‍‍ അഭിരമിക്കാന്‍,പാപികളാകാന്‍ വിശ്വാസികള്‍ തുനിഞ്ഞിറങ്ങുന്നു.

ദൈവഭയമില്ലാത്തവര്‍ക്ക് നിയമഭയവുമുണ്ടാകില്ല.അഥവാ നിയമഭയം കൊണ്ടു മാത്രം വ്യക്തിജീവിതത്തിലെ ,കുടുംബത്തിലെ ധാര്‍മ്മികാപഭ്രംശങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ ഒരു സമൂഹത്തിനും കഴിയുകയില്ല.കടുത്ത ശിക്ഷാവിധികളുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടാകാം.പക്ഷേ, ഗാര്‍ഹികാതിക്രമങ്ങളോ?അത് പുറത്ത് നിന്നുള്ള ഇടപെടല്‍ കൊണ്ടു മാത്രം തടയാനാകില്ല.

അതുകൊണ്ടാണു മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള 2007-ലെ കേന്ദ്രനിയമം അപ്രായോഗികമാകുന്നത്.തീര്‍ച്ചയായും മനുഷ്യപറ്റില്ലാത്തവരെ ശിക്ഷിക്കാന്‍ കഴിയും.പക്ഷേ ,വൃദ്ധരായ മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കണം എന്നു അവരെ നിര്‍ബ്ബദ്ധിക്കാന്‍ നിയമത്തിനു ഒരിക്കലും സാധിക്കുകയില്ല.അവര്‍ക്കിടയില്‍ നിയമം ഇടപെടുന്ന ഘട്ടമെത്തുമ്പോള്‍ എല്ലാം അവസാനിക്കുന്നു.ബന്ധം തകരുന്നു.സാമൂഹിക സ്ഥാപനമായ കുടുംബം നിലം പൊത്തുന്നു.നിയമപ്രകാരം മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ജീവനാംശം
കിട്ടും.അതിനായി സ്ഥലത്തെ ആര്‍.ഡി.ഒയെ ട്രൈബൂണലും ജില്ലാകളക്ടറെ അപ്പലേറ്റ് ട്രൈബൂണലുമായി നിയമിക്കാന്‍ കഴിഞ്ഞ കേരളാമന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടു.അത് വഴിയാധാരമാകുന്നവര്‍ക്കുള്ള പിടിവള്ളിയുടെ കാര്യം.അതിനുമപ്പുറം സര്‍ക്കാരിനെന്തു ചെയ്യാന്‍ കഴിയും?

ഈ ദുരന്തം ഉണ്ടാകാതെ നോക്കാനുള്ള പ്രാഥമിക ബാദ്ധ്യതയും ഉത്തരവാദിതവും മത-ആദ്ധ്യാത്മിക നേതാക്കള്‍ക്കുമാണു.അവര്‍ അതില്‍ ദയനീയമായി പരാജയപ്പെടുന്നു എന്നാണു ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ഓരോ മാതാപിതാവും ഈ പരാജയത്തിന്റെ സാക്ഷ്യപത്രമാണു.
അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ സാത്താന്മാര്‍ കുടുംബത്തില്‍ അധിവസിക്കും.

Thursday, 6 August 2009

അയല്പക്ക വിദ്യാലയങ്ങളിലേക്കുള്ള വഴി..

പ്രകൃതിരമണീയ സ്ഥലങ്ങളില്‍ ഇപ്പോള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്കുമൊപ്പം ഉയരുന്നത് റെസിഡെന്‍ഷ്യല്‍ സ്കൂളുകളാണു.ഊട്ടിയിലും‍ കൊടൈക്കനാലിലും മുന്നാറിലും വാഗമണ്ണിലും കുമിളിയിലും അട്ടപ്പാടി മലനിരകളിലും ഇങ്ങനെ ധാരാളം പുതുതലമുറവിദ്യാലയങ്ങള്‍ ഉയരുന്നുണ്ടു.അവ സത്യത്തില്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളെപ്പോലെയാണു.കൈയ്യില്‍ ‍ആവശ്യത്തിലുമേറെ പണമുള്ള അതിസമ്പന്ന‍രുടെ മക്കള്‍ക്കു വേണ്ടി മാത്രമുള്ള സ്കൂളുകളാണവ.

കേരളത്തില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച കൃസ്ത്യന്‍ മിഷനറിമാര്‍ മുതല്‍ അതേ പാത പിന്തുടര്‍ന്ന എസ്.എന്‍.ഡി.പിയും എന്‍.എസ്.എസ്സുമടക്കമുള്ള സാമുദായിക സംഘടനകളും ആദ്യകാലത്തു വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മനോഹരമായ സ്ഥലങ്ങളായിരുന്നു തെരഞ്ഞെടുത്തത്.ആദ്യകാല കലാലയങ്ങളില്‍ ബഹുഭൂരിപക്ഷവും സ്വച്ഛന്ദസുന്ദരമായ കുന്നിന്‍ പ്രദേശങ്ങളിലാണു സ്ഥാപിക്കപ്പെട്ടത്.തണല്‍ മരങ്ങളും പൂക്കളും കിളികളും പുഴകളും അവയ്ക്ക് ചാരുതയേകി.അവ ഓരോ നാടിന്റേയും അഭിമാനസ്തംഭങ്ങളായി നിലകൊണ്ടു.ജാതി-മതഭേദമില്ലാതെ,പണക്കാരെന്നോ പട്ടിണിപ്പാവങ്ങളെന്നോ വ്യത്യാസമില്ലാതെ അവയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നു വെച്ചു.അവ ഇന്നും പൊതുവിദ്യാലയങ്ങളാണു.

ഇന്നത്തെ പുതു വിദ്യാലയങ്ങളും ഒരു വിധത്തില്‍ പറഞ്ഞാല്‍ പൊതുവിദ്യാലയങ്ങളാണു:പൂത്ത പണമുള്ള ആര്‍ക്കും ജാതി-മത ഭേദമന്യേ ഇവിടേയ്ക്ക് സ്വാഗതം!നാട്ടിലെ പരമ്പരാഗത ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സ്റ്റാറ്റസ് പോര എന്നു വിചാരിക്കുന്നവര്‍ക്കു വേണ്ടിയാണു ഈ ‘ഇന്റര്‍ നാഷണല്‍’ സ്കൂളുകള്‍. അവയില്‍ പഠിക്കുന്നത് വന്‍ ‍ബിസിനസ്സുകാരുടേയും രാഷ്ട്രീയക്കാരുടേയും പ്രവാസികളുടെയും സിനിമാക്കാരുടേയും മക്കളാണു.ആര്‍ഭാടത്തില്‍ കുളിച്ചു മദിച്ചു നടക്കാനുള്ള എല്ലാ സൌകര്യവുമുള്ള ഇവിടെ ഒരു അപ്പര്‍ പ്രൈമറി വിദ്യാര്‍ഥിക്കു പോലും ഒരുലക്ഷം രൂപയോളം വരും വാര്‍ഷിക ചെലവ്!തിരുവനന്തപുരത്തെ ഇത്തരമൊരു സ്കൂളില്‍ ഇതിലുമധികം വാങ്ങുന്നുണ്ടു.ഇങ്ങനെ സമ്പന്നരുടെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ തന്നെയാണു റേഷനരി പോലും വാങ്ങാന്‍ പാങ്ങില്ലാത്ത പട്ടിണിപ്പാവങ്ങളും അധിവസിക്കുന്നത്.പശ്ചിമഘട്ട മലനിരകളിലെ പോഷ് റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കടുത്ത പ്രദേശങ്ങളിലാണു സമൂഹത്തിലെ ഏറ്റവും ദരിദ്രരായ,അഗതികളായ ആദിവാസികള്‍ പാര്‍ക്കുന്നത്.അവരുടെ മക്കള്‍ പഠിക്കേണ്ട സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇല്ലായ്മകളുടെ പര്യായങ്ങളാണു.അവര്‍ക്ക് ഒരിക്കലും തൊട്ടടുത്ത ഈ സമ്പന്ന വിദ്യാലയങ്ങളുടെ ഗേറ്റ് കടക്കാന്‍ സാധിക്കുകയില്ല.അവയുടെ മൈതാനത്തു പോലും ഒന്നു കയറാന്‍ അവരെ അനുവദിക്കില്ല.
നാട്ടിലെ സ്കൂള്‍ വര്‍ഷികങ്ങളും യുവജനോത്സവങ്ങളും നാട്ടാരുടെ കൂടി ആഘോഷങ്ങളാണു.പക്ഷേ,ഈ പുതു റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ വാതിലുകള്‍ ഒരിക്കല്‍ പോലും നാട്ടാര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടുകയില്ല.വിശേഷദിവസങ്ങളില്‍ മാത്രം അകത്തേക്ക് പ്രവേശനമുള്ള രക്ഷാകര്‍ത്താക്കള്‍ പ്രത്യേകതരം വസ്ത്രം ധരിക്കണം.അതിനു ഡ്രസ് കോഡുണ്ടു.അതു തെറ്റിക്കുന്നവര്‍ക്കു പുറത്ത് നില്‍ക്കേണ്ടി വരും.ഇത്തരം സ്കൂളുകളാണു ഇന്ന് ഇടത്തരക്കാരെ വരെ പ്രലോഭിപ്പിക്കുന്നത്. നാളെ കുടുംബം വിറ്റും ലോണെടുത്തും അവര്‍ ഇവിടെ അഡ്മിഷന്‍ തരപ്പെടുത്തും.

-ഈ മായികലോകത്തിന്റെ വാതിലുകള്‍ നാളെ നിസ്വരായ നാട്ടുകാര്‍ക്കായി തുറക്കേണ്ടി വന്നാലോ?ലോക് സഭ കഴിഞ്ഞ ദിവസം പാസ്സാക്കിയ വിദ്യഭ്യാസാവകാശ ബില്ല് നടപ്പിലാക്കപ്പെടുമ്പോള്‍ അതു സംഭവിക്കുക തന്നെ ച്ചെയ്യും.ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മൌലികമായ മാറ്റങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കാന്‍ പോവുകയാണു.ആറു വയസു മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്ക് സൌജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഈ ഭരണഘടനഭേദഗതി സാമൂഹികരംഗത്ത് ഉണ്ടാക്കാനിടയുള്ള പരിവര്‍ത്തനങ്ങള്‍ എന്തായിരിക്കും?

സ്വകാര്യ ഉടമസ്ഥതയിലുള്ളതടക്കംഎല്ലാവിധ വിദ്യാലയങ്ങളുടേയും അടുത്തു അധിവസിക്കുന്ന പാവപ്പെട്ടവരുടെ മക്കള്‍ക്ക് 25 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയാണു നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ടഭാഗം എന്നാണു ഈ ലേഖകന്റെ അഭിപ്രായം.വരേണ്യവര്‍ഗ്ഗത്തിന്റെ കുത്തകയായ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍,ഈ സൌകര്യങ്ങള്‍ സ്വപ്നം കാണാന്‍ കൂടി കഴിയാത്ത ജനവിഭാഗങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കപ്പെടുകയാണു.അവര്‍ കാവു തീണ്ടുകയാണു...സമ്പന്നരുടെ ആ കോട്ടകൊത്തളങ്ങളിലെത്തപ്പെടുന്ന ആ പച്ചമനുഷ്യര്‍ക്കെന്തു സംഭവിക്കും?

ആ കാമ്പസുകള്‍ക്കുള്ളില്‍ മാതൃഭാഷ സംസാരിക്കുന്നത് പൊറുക്കാനാകാത്ത കുറ്റമാകുമ്പോള്‍ ,സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന,മാതൃഭാഷപോലും നന്നായി കൈകാര്യം ചെയ്യാനറിയാത്ത,ഉയര്‍ന്നവരുടെ ചിട്ടവട്ടങ്ങളും സംസ്കാരവും ജീവിതശൈലിയും അന്യമായ ഇവരുടെ ഗതിയെന്താകും?അവജ്ഞയോടെ,വെറുപ്പോടെ ,പരിഹാസത്തോടെ തങ്ങളെ നോക്കുന്ന ധനാഡ്ഡ്യരുടെ മക്കള്‍ക്കൊപ്പംഅവര്‍ എങ്ങനെ അവിടെ താമസ്സിക്കും?തൊലി വെളുപ്പില്ലാത്ത,കുലമഹിമയില്ലാത്ത,ഒരു മാരുതി കാര്‍ പോലും സ്വന്തമായില്ലാത്ത ഇവരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയും,സാമൂഹികബോധവും മാനവികതയും ഇവര്‍ക്കോ ഇവരുടെ രക്ഷാകര്‍ത്താക്കള്‍ക്കോ ഉണ്ടാകുമെന്നു ധരിക്കാന്‍ മാത്രം വിഡ്ഡികളല്ല നാം.എയിഡ്സ് ബാധിച്ച കുട്ടികളെ ഒറ്റപ്പെടുത്തിയതു പോലെ ഇവരെയും മാറ്റിനിര്‍ത്തില്ലെന്നാരു കണ്ട്?

നാട്ടുകാര്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിലെ ചെലവു സര്‍ക്കാര്‍ വഹിക്കുമെന്നാണു നിയമത്തില്‍ പറയുന്നത്.അപ്പോള്‍ ഈ സ്കൂളുകളില്‍ നിലവിലുള്ള കനത്ത ഫീസ് തന്നെ സര്‍ക്കാര്‍ നല്‍കുമോ?എങ്കില്‍ പൊതു ഖജനാവില്‍ നിന്നും കോടികളായിരിക്കും സ്വകാര്യവിദ്യാഭ്യാസ മാനേജ്മെന്റുകളുടെ കൈയ്യിലേക്കൊഴുകുക. ഇവിടെ ഒരു വിദ്യാര്‍ത്ഥിയുടെ ആര്‍ഭാട വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുകകൊണ്ടു സര്‍ക്കാര്‍-എയിഡഡ് രംഗത്തെ എത്രയോഅധികം കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും:സ്കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്താനാകും.

മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ് തന്നെ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്നെങ്കില്‍ പിന്നെ ഏതറ്റം വരെയും അവര്‍ക്ക് പോകാനാകും.അവര്‍ നടത്തുന്ന പകല്‍ കൊള്ളയ്ക്കുള്ള ഔദ്യോഗികാംഗീകാരം ആയിരിക്കും അത്.ഇനി ഈ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെ 25 ശതമാനം പേരെ പഠിപ്പിയ്ക്കുന്നതിനു മാനേജ്മെന്റുകള്‍‍ക്ക് നല്‍കേണ്ട തുക സര്‍ക്കാര്‍ തന്നെ നിശ്ച്ചയിച്ചു നല്‍കുകയാണെങ്കിലോ?പണക്കൊതിയരായ വിദ്യാഭ്യാസ മാഫിയ ഒരിക്കലും അത് സ്വമനസ്സാലെ അംഗീകരിക്കില്ല.മത-ജാതി സംഘടനകളുടേയും രാഷ്ട്രീയക്കാരുടേയും പിന്‍ബലമുള്ള അവര്‍ കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസത്തെ സംഘടിത കൊള്ളയ്ക്കുള്ള വേദിയാക്കിയതു പോലെ തിണ്ണബലം കൊണ്ട് സര്‍ക്കാരിനെ നേരിട്ട് മുട്ടുമടക്കിക്കും.നിയമബലത്താല്‍ പിന്നെയും മുന്നോട്ടു പോകാന്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുനിഞ്ഞാല്‍ സൌജന്യനിരക്കില്‍ ആ സ്ഥാപനങളില്‍ പഠിക്കാനെത്തുന്ന പാവം വിദ്യാര്‍ത്ഥികളുടെ ഗതിയെന്താവും?അവരെ മാനേജ്മെന്റുകള്‍ കണ്ണില്‍ ചോരയില്ലാതെ പീഡിപ്പിക്കും;അപമാനിച്ചു പുറത്തക്കാന്‍ ശ്രമിക്കും.എന്നിട്ടും പിടിച്ചുനില്‍ക്കുന്നവരെ തോല്‍പ്പിച്ചു പകരം വീട്ടും.പുതിയ നിയമമനുസ്സരിച്ചു ആറാം ക്ലാസ് വരെ മാത്രമേ ആള്‍ പ്രൊമോഷനുള്ളൂ.അതു കഴിഞ്ഞാല്‍ ഇത്തരക്കാരെ മാനേജ്മെന്റുകള്‍ ശരിപ്പെടുത്തിക്കൊള്ളും.കുട്ടികളുടെ ഭാവി വെച്ച് പന്താടാനും വിലപേശാനും അവര്‍ മടിയ്കില്ല എന്നതിനു കേരളത്തില്‍ തന്നെ സമീപകാല ഉദാഹരണങ്ങള്‍ എത്രയോ ഉണ്ടു.

ഇതോക്കെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ,മനോബലമോ ധാര്‍മ്മികതയോ നമ്മുടെ ഭരണാധികാരികള്‍‍ക്കുണ്ടോ? കടന്നല്‍ കൂട്ടില്‍ കല്ലെറിയും മുന്‍പ് അവര്‍ ഇത് സ്വയം ചോദിയ്ക്കണം.എന്തെന്നാല്‍ ഭരണകൂടങ്ങളെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടാന്‍ കഴിയുന്നത്ര ശക്തിയുള്ളവരാണു സ്വകാര്യവിദ്യാഭ്യാസമാഫിയ എന്നു കേരളീയരോടും കര്‍ണ്ണാടകക്കാരോടുമൊന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.അതുകൊണ്ട് നിയമം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രം അതിനു തുനിഞ്ഞിറങ്ങുകയായിരിക്കും ഉത്തമം.അല്ലെങ്കില്‍ ഇനിയും എം.എ ബേബിമാരുടെ ദുര്‍ഗതി കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാര്‍ക്കുണ്ടാകും.അവര്‍ ദിവസവും വിദ്യാഭ്യാസമാഫിയയ്ക്ക് മുന്നില്‍ മൂക്ക് കോണ്ട് ‘ക്ഷ‘ വരയ്ക്കും.

ഇപ്പോള്‍ ആരെങ്കിലും കോത്താരി കമ്മീഷന്റെ ശുപാര്‍ശകളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ?വിദ്യാഭ്യാസരംഗം സമഗ്രമായി ഉടച്ചു വാര്‍ക്കാനുള്ള വിപ്ലവകരമായ നിര്‍ദ്ദേശങ്ങളായിരുന്നു 1964-65ല്‍ഡോ ഡി.എസ് കോത്താരി അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്.അതില്‍ എറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം അയല്‍പ്പക്ക സ്കൂളുകള്‍(neighbourhood schools) തുടങ്ങണം എന്നതായിരുന്നു.ഒരു പ്രദേശത്തെ കുട്ടികളെല്ലാം അവിടത്തെ സ്കൂളില്‍ തന്നെ പഠിക്കണം.അങ്ങനെ സമൂഹത്തില്‍ സ്ഥിതിസമത്വം കൊണ്ടുവരാനുള്ള ആ ശുപാര്‍ശയില്‍ ദേശീയസംവാദം നടന്നുവെങ്കിലും ,അതിനനുകൂലമയി പൊതുജനാഭിപ്രായം ഉയര്‍ന്നുവെങ്കിലും ഇന്നേവരെ അത് നടപ്പിലാക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല.

അതിനു ബൃഹത്തായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണു.സ്കൂള്‍ സിലബസും മാധ്യമവും പരീക്ഷാക്രമവും ഏകീകരിക്കണം.എല്ലാ വിദ്യാലയങ്ങളും ഒരേ നിലവാരത്തിലുള്ളതായിരിക്കണം.ഒരേ ഗുണനിലവാരമുള്ള വിദ്യാലയങ്ങള്‍ക്കാ‍യി ഖജനാവില്‍ നിന്ന് എത്ര കോടികള്‍ മുടക്കിയാലും അത് അധികമാവില്ല.അതിനാ‍യി വിദ്യാ‍ഭ്യാസത്തിനു നീക്കിവെക്കുന്ന തുക ആറുശതമാനമെങ്കിലും ഉയര്‍ത്തി ജി.ഡി.പിയുടെ പത്ത് ശതമാനകാക്കേണ്ടതുണ്ടു.നിശ്ചിത കാലത്തേയ്ക്ക് ഇതിനായി വിദ്യാഭ്യാസ സെസും പിരിക്കാം.എന്നിട്ട് അയല്പക്ക സ്കൂള്‍ സമ്പ്രദായം നടപ്പിലാക്കട്ടെ.അതു വിജയിക്കും.
വിദ്യാഭ്യാസ രംഗത്തെ സര്‍വ്വ ഉച്ചനീചത്വങ്ങള്‍ക്കും അന്ത്യം കുറിക്കാനുള്ള,മാഫിയാരാജ് അവസാനിപ്പിയ്ക്കാനുള്ള ഏക മാര്‍ഗ്ഗം കോത്താരികമ്മീഷന്‍ മുന്നോട്ട് വെച്ച അയല്‍പ്പക്ക വിദ്യാലയങ്ങള്‍ മാത്രമാണു.ഈ വിദ്യാഭ്യാസാവകാശ നിയമം അതിനുള്ള വഴി തുറക്കട്ടെ.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ