Tuesday, 26 May 2009

ചാനല്‍ സമ്മാന വശ്യ യന്ത്രം


``ലോ, ഹലോ! ഇത്‌ മനോമുകുളം വാരികേലും കിനാവ്‌ ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?''

``അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്ങ്‌. എന്റെ `മനസ്സുഖം' പരിപാടി കാണാറുണ്ടോ? എന്താ സഹോദരീടെ പേര്‌? എന്താ പ്രശ്‌നം?''

``ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ്‌ എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). സാറ്‌ ഞങ്ങടെ കാണപ്പെട്ട ദൈവമാ. സാറിന്റെ ഒരു വാക്ക്‌ കേട്ടിട്ട്‌ മരിക്കാനിരിക്കുകയാ ഞാന്‍...'' (കരയുന്നു).

``സഹോദരീ, കരയാതെ. കണ്ണീരൊപ്പാന്‍ ഈ ചേട്ടന്‍ ഇവിടെയുള്ളപ്പോള്‍ അവിവേകമൊന്നും കാട്ടരുത്‌. എല്ലാം തുറന്നു പറയൂ.മനസ്സാന്നിധ്യം വീണ്ടെടുക്കൂ. എന്താ അനിയത്തിക്ക്‌ സംഭവിച്ചത്‌?'' ``എന്റെ സ്വന്തം ചേട്ടനാ ഈ ഡോക്ടറ്‌ സാറ്‌. എന്റെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊന്നും എന്നെ വേണ്‌ട സാറേ! അല്ലേലും ഞാന്‍ ഭാഗ്യം കെട്ടവളാ. സാറിനറിയാമോ, ഫോണ്‍ വിളിച്ചുവിളിച്ച്‌ എന്റെ കൈ തേഞ്ഞു. ഇനി വിളിക്കാത്ത ചാനലുകളും റേഡിയോയുമൊന്നുമില്ല സാറേ. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി സാറേ ഇത്‌ തൊടങ്ങീട്ട്‌. ഓര്‍ക്കുംതോറും ചത്താ മതീന്ന്‌ തോന്നുവാ... കിരാതം ചാനലിലെ `താടകത്തിടമ്പ്‌' പരമ്പര സാറ്‌ കണ്‌ടിട്ടില്ല്യോ? എന്നെ കെട്ടിക്കൊണ്‌ടുവന്ന ആഴ്‌ചയിലായിരുന്നു സാറേ അതിലെ `നായികേടെ മൂക്കിനെത്ര നീളമുണ്‌ട്‌' എന്ന ഭാഗ്യമല്‍സരം. ഞാനും ഭര്‍ത്താവും വിളിച്ചിട്ട്‌ ഫോണ്‍ കിട്ടിയില്ല. സാറിനറിയുമോ, എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയ്‌ക്കാരുന്നു ആ ആഴ്‌ചയിലെ സ്വര്‍ണമൂക്കുത്തി സമ്മാനം കിട്ടിയത്‌. `നാരായം നാരായണി' സീരിയലിലെ `നായികയുടെ കവിളത്തെ മറുകിന്റെ വിസ്‌തീര്‍ണമെത്ര?' എന്ന മല്‍സരത്തില്‍ നായികേടെ തലേല്‍ കുത്തിയ ഫോറിന്‍ സ്ലൈഡ്‌ സമ്മാനമടിച്ചത്‌ ആര്‍ക്കെന്നറിയുമോ സാറിന്‌? എന്റെ ജൂനിയറായി പഠിച്ച ആ മൂധേവി ശ്രീദേവിക്ക്‌! നീ വന്ന്‌ കേറീല്ലാരുന്നെങ്കി `സ്വര്‍ണസുനാമീ'ലും `തങ്കമഴേ'ലും സമ്മാനം കിട്ടുമായിരുന്നൂന്നു പറഞ്ഞ്‌ അമ്മായിയമ്മേടെ ദെവസ്സോമൊള്ള പ്‌രാക്ക്‌ സഹിക്കാതെ ഒറക്കഗുളികേം വാങ്ങിച്ചോണ്‌ടാ സാറേ ഞാനിപ്പൊ വിളിക്കുന്നേ.''

``സഹോദരീ, ശാന്തയാകൂ! അവിവേകമൊന്നും ചെയ്യരുത്‌. ജീവിതമെന്നാല്‍...'' -ഇത്രയുമായപ്പോള്‍ ഡോക്ടറുടെ ഭാര്യ ഫോണ്‍ തട്ടിയെടുക്കുന്നു:

``നിങ്ങള്‍ ഫോണ്‍ വെച്ചിട്ടു മാറിക്കേ! ഒരു ഉപദേശി വന്നിരിക്കുന്നു! കിന്നാരം ചാനലിലെ `ഇടിവെട്ട്‌ സ്വര്‍ണം' പരിപാടിയിലേക്ക്‌ വിളിക്കാന്‍ സമയമായി. ഫോണ്‍ വെച്ചിട്ട്‌ വേഗം പോണം ഹേ! നടക്കുന്നു, ഒരു മൊട്ടുസൂചി പോലും സമ്മാനമടിക്കാതെ നാട്ടാരെ ഉപദേശിക്കാന്‍...! നിങ്ങള്‍ ഫോണ്‍ വിട്‌. ഹലോ, ഹലോ...''

``ചേച്ചീ!'' ``കൊച്ചേ, ഞാന്‍ പറഞ്ഞുതരാം. ഈ ഒണക്കഡോക്ടറെക്കൊണ്‌ട്‌ ഒരു കാര്യോമില്ല. നിങ്ങള്‍ക്ക്‌ സമ്മാനം കിട്ടുന്നില്ല. അതല്ലേ പ്രശ്‌നം?''

`അതേ ചേച്ചീ!'' ``എനിക്കും ഇതായിരുന്നു പ്രശ്‌നം. കഴിഞ്ഞ മാസമാ ആ കാലദോഷം മാറ്റിയത്‌. ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം തപാലില്‍ വരുത്തി അരേല്‍ കെട്ടിയിട്ട്‌ ഞാന്‍ `സ്വര്‍ണതീമഴേ'ലേക്ക്‌ വിളിച്ചപ്പോള്‍ ഒരു പവനാ അടിച്ചത്‌. വെറും ആയിരം ഉറുപ്പികേയൊള്ളൂ ഈ യന്ത്രത്തിന്‌. വാങ്ങിച്ച്‌ അരേല്‌ കെട്ടീട്ട്‌ ഏതു ചാനലില്‌ വിളിച്ചാലും സമ്മാനമൊറപ്പാ... മറക്കണ്‌ടാട്ടോ, ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം!''

Wednesday, 20 May 2009

മഹാത്യാഗികള്‍ക്ക് പുരസ്കാരം

`` മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട്‌ നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്‌നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.''
``ഞാനല്‍പ്പം വൈകിപ്പോയി. തിരഞ്ഞെടുപ്പല്ലേ? ശ്ശോ! തെരക്കോട്‌ തെരക്ക്‌! പോരാത്തേനു അസംബ്ലീം. അവിടെ കേറണം; എറങ്ങണം; പിന്നേം കേറണം. ഇതൊക്കെപ്പറഞ്ഞാല്‍ ആര്‍ക്കാ മനസ്സിലാവുക...''
`ശരിയാ സാറേ.'
``അപ്പഴേ, ഞാന്‍ രണ്ടുവാക്ക്‌ പറയേണ്ടേ? ഓ, ചോദിക്കാന്‍ വിട്ടു. ദേശസ്‌നേഹികളെ ആദരിക്കൂന്നല്ലേ പറഞ്ഞത്‌? ബോംബേലും കശ്‌മീരിലുമൊക്കെ ചത്തവരുടെ ബന്ധുക്കളെയായിരിക്കും. സഹായം കൊടുക്കാന്‍ ഞാന്‍ സി.എമ്മിന്‌ എഴുതുന്നുണ്ട്‌.''
``സാറേ! നിസ്വാര്‍ഥന്‍ പിള്ള സാര്‍ എം.എല്‍.എ അവര്‍കളേ! നമസ്‌കാരം!''
നമസ്‌കാരം'
``ഈ വാണംവിടുമ്പോലെ എങ്ങോട്ടാ എന്റെ... സാറേ?''
``ങ്ങേ! താന്‍... സ്‌പിരിറ്റ്‌ മത്തായിയല്യോ? തനിക്കെന്താ ഇവിടെ കാര്യം?''
``അപ്പം സാറിനെന്നെ മനസ്സിലായി. ദേ, നോക്ക്‌, സാറിനു വോട്ട്‌ ചെയ്‌തതിന്റെ മഷി ഇപ്പോഴും ഒണങ്ങീട്ടില്ല. കണ്ണുതൊറന്നൊന്ന്‌ നോക്കിയാട്ടെ. ദാ, ഇബ്ബിടെ, ഇബ്ബിടെ നോക്കെന്റെ എം.എല്‍.എ അവര്‍കളേ. കണ്ടോ, മഷി കണ്ടോ?''
``മത്തായിയേ, ഇതു മോശമല്ലേടോ? താനിങ്ങനെ കുടിച്ചു കൂത്താടിനടന്നാല്‍ തന്റെ കുടുംബം പട്ടിണിയാകത്തില്യോ?''
``നിസ്വാര്‍ഥന്‍ പിള്ള സാറേ, സാറെന്നെ അങ്ങനെ കൊച്ചാക്കണ്ട എന്റെ സാറേ. സാറിനെപ്പോലുള്ളോര്‍ക്കു വേണ്ടിയാ സാറേ ഞാന്‍ ദെവസ്സോം കുടിക്കുന്നത്‌. ഇതു പറയുമ്പോള്‍ തന്നെ എന്റെ തൊണ്ട ഇടറുന്നു, സാറേ.''
``എടോ, ഇവിടെ ദേശസ്‌നേഹികളെ ആദരിക്കുന്ന ഒരു ചടങ്ങു നടക്കാന്‍ പോവുകയാ. താനത്‌ അലമ്പാക്കാതെ വേഗം സ്ഥലംവിട്ടോ. അപ്പോ നമുക്കു പിന്നെക്കാണാം.''
``സാറിതും പറഞ്ഞേച്ചങ്ങ്‌ പോവാതെ. സാര്‍ ആരെയാ ആദരിക്കാന്‍ പോന്നത്‌? ദേ, അവരിവിടിരുന്നാല്‍ പിന്നെ നിസ്വാര്‍ഥന്‍ പിള്ള സാറ്‌ ആരെ ആദരിക്കും? ദേ, ഇങ്ങോട്ടു നോക്കിയാട്ടെ എം.എല്‍.എ സാറേ!''
``ഈ കുടിയന്‍മാരെയൊക്കെ ആരിങ്ങോട്ട്‌ എഴുന്നള്ളിച്ചുകേറ്റി? എടോ, ആ പോലിസുകാരെ വിളിച്ച്‌ ഇവന്മാരെ പുറത്താക്ക്‌. ശ്ശൊ! നമ്മുടെ നാടിന്റെ ഒരു ഗതിയേ! എവിടെ ചെന്നാലും മദ്യപാനികള്‍. എടോ, താനാ പോലിസിനെ വിളിക്ക്‌.''
സംഘാടകര്‍ പരുങ്ങുന്നു.
``എന്താ, തനിക്കു വയ്യേ? എനിക്കു സമയം കളയാനില്ല. ഈ കുടിയന്മാരെ തൂക്കിയെടുത്തു പുറത്താക്കീട്ട്‌ മതി യോഗം. താനാ ആദരിക്കേണ്ടവരുടെ പേരു പറഞ്ഞാട്ടെ.''
``സാറെ, ഞങ്ങളിവരെ ക്ഷണിച്ചുവരുത്തിയതാണ്‌, സാര്‍.''`
`ങേ! എന്തിന്‌? ഇവിടെന്താ അഖില കേരള കുടിയന്മാരുടെ സമ്മേളനമുണ്ടോ?''
``സാര്‍, ഞങ്ങളെ ചീത്തപറയുന്നതെന്തിനാണ്‌ സാറേ? ഇവര്‍ ക്ഷണിച്ചുവരുത്തിയതാ ഞങ്ങളെ. സാറ്‌ പൊന്നാട അണിയിക്ക്‌, സാറേ.''
``നിസ്വാര്‍ഥന്‍ പിള്ള സാറ്‌ കേള്‍ക്കണം. ഞങ്ങള്‍ ദെവസ്സോം ബിവറേജസില്‍ ക്യൂ നിന്ന്‌ കുപ്പി വാങ്ങി വെള്ളം ചേര്‍ക്കാതടിച്ച്‌ പൂക്കുറ്റിയായില്ലേല്‍ കാണാം സാറേ, ഈ നാടിന്റെ ഗതി. എത്ര കോടി രൂപയാ സാറേ, ഞങ്ങള്‍ ദെവസ്സോം സര്‍ക്കാരിന്റെ ഖജാനയിലേക്കിട്ടുകൊടുക്കുന്നേ. ഈ കുടിയന്മാരുടെ കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ തട്ടീം മുട്ടീം നിലനിന്നുപോവുന്നെ. ഞങ്ങളു കുപ്പി വാങ്ങുന്ന കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ ശമ്പളം കൊടുക്ക്വേം പാലം പണിയുകേമൊക്കെ ചെയ്യുന്നത്‌.''
``അപ്പം നിങ്ങളെയാ ഞാന്‍ ആദരിക്കേണ്ടത്‌, അല്ല്യോ! ഗോപാലന്‍ നായരേ, നിങ്ങളെന്നെ അപമാനിക്കാന്‍ വിളിച്ചോണ്ടുവന്നതാ? കുടിയന്മാര്‍ക്കാ ത്യാഗി പുരസ്‌കാരം! എടോ, ഞാനിത്‌ അസംബ്ലീല്‍ ഉന്നയിക്കും. അവകാശലംഘനത്തിന്‌ എല്ലാറ്റിനേം കൂട്ടില്‍ കേറ്റും, ഓര്‍ത്തോ.''
``പിന്നേ പിന്നേ! ഞങ്ങളെ സാറെന്നാ പുളുത്തുമെന്നാ പറയുന്നത്‌? അസംബ്ലീല്‍ കേറി അണ്ണാക്ക്‌ വച്ച്‌ ഇറങ്ങിപ്പോന്നിട്ട്‌ അലവന്‍സും ബത്തയുമെഴുതിവാങ്ങി ഞെളിഞ്ഞ്‌ ലാത്തുന്നേന്‌ എവിടന്നാ കാശ്‌? ഞങ്ങളെപ്പോലുള്ളോരു ദെവസ്സോം കുപ്പി പൊട്ടിക്കുന്നോണ്ടാ ഈ കാശൊക്കെ ഖജനാവിലൊണ്ടാവുന്നേ. ഞങ്ങള്‍ കുടിനിര്‍ത്തിയാ സാറും പട്ടിണി; അബ്‌കാരികളും പട്ടിണി; ഖജനാവും കാലി; നാട്ടാരും ഗോപി! അതുകൊണ്ട്‌ സാറേ, എം.എല്‍.എ അവര്‍കളേ! ദേശസ്‌നേഹികളായ ഈ കുടിയന്മാരെ പൊന്നാടയണിയിച്ച്‌, ത്യാഗീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടു പോയാമതിയെന്റെ സാറേ! വെള്ളം ചേര്‍ക്കാതെ ലാര്‍ജടിച്ച്‌ ദെവസ്സോം ഖജനാവ്‌ നെറയ്‌ക്കുന്ന ത്യാഗികളാ, സാറേ, ഞങ്ങള്‍. അതോര്‍മവേണം, കെട്ടോ!!''

Friday, 15 May 2009

കാലുമാറ്റക്കാരുടെ’ജനാധിപൈത്യം’

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പൂരാഘോഷത്തിനിടയില്‍ അധികമൊന്നും മാദ്ധ്യമശ്രദ്ധ ലഭിക്കാതെ പോയ വലിയൊരു രാഷ്ട്രീയ അട്ടിമറി ഉണ്ടായി-രാജസ്ഥാനിലെ ആറംഗ ബി.എസ്.പി നിയമസഭാ കക്ഷി ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേര്‍ന്നു.അതോടെ സര്‍ക്കാരിനു ഭൂരിപക്ഷമായി.
2003-ലെ 91ആം ഭരണഘടനാ ഭേദഗതി പ്രകാരം ഇതൊരു കൂറുമാറ്റമല്ല.കൂടുവിട്ടു കൂടുമാടിയ ഈ എം.എല്‍.ഏമാര്‍ക്കൊന്നും സീറ്റു പോവില്ല.പുതിയ കുപ്പായവുമിട്ട് വീണ്ടും തെരഞ്ഞെടുപ്പിനു നിന്ന് വിയര്‍ത്തൊലിക്കേണ്ട.പ്രതിഫലമയി കിട്ടുന്ന മന്ത്രിപദത്തില്‍ ചാഞ്ഞിരുന്നു ജനാധിപത്യത്തിന്റേയും ജനഹിതത്തിന്റേയും മഹത്വത്തെക്കുറിച്ച് ഇവര്‍ക്ക് പ്രസംഗിക്കാം.എന്തുകൊണ്ടെന്നാല്‍, ഒരു കക്ഷിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് അംഗങ്ങള്‍ കൂറുമാറുകയാണെങ്കില്‍ അതിനെ നിയമത്തിന്റെ ദൃഷ്ടിയില്‍ കൂറുമാറ്റം എന്നല്ല,ലയനം എന്നാണു വിശേഷിപ്പിക്കേണ്ടത്.അതിനു ഭരണഘടനാപരമായി സാധുതയുണ്ടു.ഒരു കോടതിയ്ക്കും അതില്‍ ഇടപെടാനാകില്ല.
അവരെ തെരഞ്ഞെടുപ്പിനു നിര്‍ത്തി വിജയിപ്പിച്ചെടുത്ത പാര്‍ട്ടി അവരുടെ കൂടുമാറ്റം അംഗീകരിക്കുന്നില്ല.ഭരണകക്ഷിയില്‍ ലയിക്കാന്‍ പാര്‍ട്ടി തങ്ങളുടെ നിയമസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.പക്ഷേ,പറഞ്ഞിട്ടെന്തു ഫലം?എം.എല്‍.ഏയോ എം.പിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പാര്‍ട്ടിയെ മറക്കാം.കൂടുതല്‍ വെട്ടുമേനി ലഭിക്കുന്ന പക്ഷത്തേയ്ക്ക് സംഘടിതമായി കൂറുമാറാം.ശിഷ്ടകാലം അധികാരത്തിന്റെ ശീതളച്ഛായയില്‍ മദിച്ചു പുളയാം.
പാര്‍ലമെന്റിന്റെ സെക്രട്ടറി ജനറലായിരുന്ന സുഭാഷ് സി കാശ്യപ് 2003ല്‍ എഴുതിയ “Anti-defection Law and Parliamentary Privileges'' എന്ന ഗ്രന്ഥത്തില്‍ അമ്പരിപ്പിയ്ക്കുന്ന ഒരു കണക്കുണ്ടു.1967നും 1972നുമിടയില്‍ കൂറുമാറിയ നിയമസഭാസാമാജികരുടെ എണ്ണം 4000-ല്‍ അധികം വരും.ഹര്യാന,ഗോവ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളായിരുന്നു കൂറുമാറ്റക്കാരുടെ പറുദീസകള്‍.അതിനു ശേഷം ,1980ല്‍ , ജനതാപാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഹര്യാനയില്‍ ഭജന്‍ലാലിന്റെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി നിയമസഭാകക്ഷി ഒന്നടങ്കം ഒരു നാള്‍ കൂറുമാറി കോണ്‍ഗ്രസായി ചരിത്രം സൃഷ്ടിച്ച കൂറുമാറ്റമഹാമഹം നടന്നിട്ടുണ്ടു.
രാഷ്ട്രീയ അനിശ്ചിതത്വം കൊടികുത്തി വാണിരുന്ന ഉത്തര്‍ പ്രദേശില്‍ അടുത്തകാലം വരെ കൂറുമാറ്റങ്ങളുടെ പുഷ്കലകാലമായിരുന്നു.2003ല്‍ 40 ബി.എസ്.പി എം.എല്‍.ഏമാര്‍ എസ്.പിയിലേക്ക് കാലുമാറിയത് ഹൈക്കോടതി അസാധുവാക്കിയെങ്കിലും അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചു.ഇതോടെ പ്രശ്നംസുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു.കോടതി ഇവരില്‍ 13 പേരുടെ അംഗത്വം റദ്ദാ‍ക്കിയെങ്കിലും മുലായം സിങ്ങ് സര്‍ക്കാരിനു ദോഷമൊന്നും സംഭവിച്ചില്ല.അപ്പോഴേക്കും അവര്‍ ഭരിച്ച് കസേര ഒഴിഞ്ഞിരുന്നു.അതു നമ്മുടെ ജുഡീഷ്യറിയുടെ അപാരമായ കാര്യക്ഷമത!
പതിനഞ്ചാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോഴും ,കഴിഞ്ഞ ലോക്സഭയില്‍ മൂവാറ്റുപുഴയുടെ എം.പിയായി തെരഞ്ഞെടുക്കപ്പട്ട പി.സി.തോമസിന്റെ അംഗത്വം അസാധുവാക്കി എതിര്‍സ്ഥാനാര്‍ത്‍ഥിയായിരുന്ന ഇസ്മയിലിനെ വിജയിയായി പ്രഖ്യാപിച്ച കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയില്‍ വിധി വന്നിട്ടില്ലെന്ന് ഓര്‍ക്കുക.ഇനി ഉന്നത നീതിപീഠം എന്തു വിധിച്ചാലുമെന്തു ഫലം?അത് ന്യായാധിപന്മാര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കും വായിച്ചു പഠിക്കാന്‍ മാത്രമേ ഉതകൂ.
നോക്കി നില്‍ക്കുന്ന സമയം കൊണ്ടു കൂടുമാറുന്ന ഉന്നത നേതാക്കളുടെ പോലും നാടാണു നമ്മുടേത്.ജനതാപാര്‍ട്ടി മന്ത്രിസഭ തകര്‍ച്ചയെ നേരിട്ടപ്പോള്‍ള്‍ മൊറാര്‍ജി ദേശായിയെ അനുകൂലിച്ച് ലോക്സഭയിലെ ഏറ്റവും വികാരോജ്ജ്വലമായ പ്രസംഗം നടത്തി സീറ്റിലിരുന്ന സാക്ഷാല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ,വോട്ടെടുപ്പിനു ബല്ലടിച്ച സമയത്തിനുള്ളില്‍ മറുകണ്ടം ചാടി ചരണ്‍ സിങ്ങിനോടൊപ്പം ചേര്‍ന്ന പാരമ്പര്യമാണു ഇന്ത്യന്‍ ജനാധിപത്യത്തിന്റേത്.അന്ന് കൂറുമാറ്റ നിരോധനനിയമമൊന്നും ഉ‍ണ്ടായിരുന്നില്ല.ഉണ്ടായിരുന്നെങ്കില്‍ തന്നെ മറിച്ചൊന്നും സംഭവിക്കില്ലായിരുന്നു.എന്തു കൊണ്ടെന്നാല്‍, കൂറുമാറുന്നവരെ അയോഗ്യരാക്കുന്നതിനുള്ള അധികാരി സ്പീക്കറാണു.സ്പീക്കര്‍ മിക്കപ്പോഴും തന്റെ കക്ഷിതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കും.ലോകത്തെ ഒരു കോടതിയ്ക്കും താന്‍ വിധേയനല്ലെന്ന മട്ടില്‍ ഭരണഘടനയെ ഉള്ളംകൈയ്യിലിട്ട് അമ്മാനമാടും.ആ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അതിന്റെ വിധി വരുമ്പോഴേക്കും സഭയുടെ കാലാവധി കഴിഞ്ഞിരിക്കും!കോടതി വിധിച്ചാല്‍ പോലും സ്പീക്കര്‍ അനുസരിക്കണമെന്നില്ല.
ദശാബ്ദങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവില്‍ രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു ,1985-ല്‍ 52ആം ഭരണഘടനാഭേദഗതി അഥവാ കൂറുമാറ്റ-നിരോധന നിയമം നിലവില്‍ വന്നത്.അതിനോടനുബന്ധിച്ച പത്താം ഷെഡ്യൂളും നോക്കുകുത്തിയാക്കിക്കൊണ്ട് കൂറുമാറ്റം പുഷ്ടിപ്പെടുന്ന വിചിത്ര കാഴ്ചയാന്‍ പിന്നീട് നാം കണ്ടത്.നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാം.അത് പാര്‍ലമെന്ററി പാര്‍ട്ടിയിലും പ്രതിഫലിക്കാം.അങ്ങനെ മൂന്നിലൊന്നു അംഗങ്ങളെങ്കിലും പാര്‍ട്ടിയുമായി തെറ്റി പുറത്തു പോകുന്നതിനെ ‘പിളര്‍പ്പാ’യി കണക്കാക്കി ,നിയമത്തിന്റെ പരിരക്ഷ നല്‍കാമെന്ന വ്യവസ്ഥയുടെ മറവിലായിരുന്നു കൂട്ടകാലുമാറ്റങ്ങള്‍ അരങ്ങു തകര്‍ത്തത്.ഇതിനു തടയിടാന്‍ കൊണ്ടുവന്നതായിരുന്നു 2003ലെ 91ആം ഭരണഘടനാഭേദഗതി.ഇതനുസരിച്ച് ‘പിളര്‍പ്പ്‘ ഇല്ല.പകരം മൂന്നില്‍ രണ്ട് അംഗങ്ങള്‍ കക്ഷിമാറുന്നെങ്കില്‍ അതിനെ ‘ലയന’മായി കണക്കാക്കി നിയമപരിരക്ഷ നല്‍കി.ഈ ബലത്തിലാണു നിയമസഭാതെരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പേ രാജസ്ഥനിലെ ബി.എസ്.പി നിയമസഭാംഗങ്ങള്‍ ഒന്നടങ്കം ഭരണകഷിയില്‍ ചേക്കേറിയത്.
-ഇതൊരു സൂചന മാത്രം.ത്രിശങ്കു സഭകളുടെ വര്‍ത്തമാനകാലത്ത് ഇനി ഇത്തരം കൂട്ടക്കാലുമാറ്റങ്ങള്‍ അവര്‍ത്തിക്കും.പുതിയ ഭജന്‍ ലാലുമാരുണ്ടാകും.ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പുകളില്‍ കാലുമാറ്റങ്ങളുടെ‍ പൊടിപൂരമാണുണ്ടാകുക.

കൂട്ടുകക്ഷി മന്ത്രിസഭകളുടേയും മുന്നണിരാഷ്ട്രീയത്തിന്റേയും കേരള മാതൃകയ്ക്ക് ഇപ്പോള്‍ ദേശീയതലത്തില്‍ തന്നെ അംഗീകാരം ലഭിച്ചിരിക്കുന്നു.കേന്ദ്രത്തില്‍ ഏകകക്ഷി ഭരണത്തിന്റെ കാലം അസ്തമിച്ചിരിക്കുന്നു.പക്ഷേ,കേരള,ബംഗാള്‍ മുന്നണി രാഷ്ട്രീയ മാതൃകയില്‍ നിന്ന് കടകവിരുദ്ധമായ രാഷ്ട്രീയ മുന്നണി സംവിധാനമാണു ദേശീയരാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്നത്.തെരഞെടുപ്പിനു ശേഷം അധികാരം എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍ നിര്‍ത്തി തട്ടിക്കൂട്ടുന്ന മുന്നണികളാണത്.തെരഞ്ഞെടുപ്പില്‍ വ്യക്തമായ നയപരിപാടികല്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു ,വോട്ടുവാങ്ങി ജയിച്ചു വരുന്നവരുടെ മുന്നണിയല്ല ഭരണം കൈയ്യാളുക.കേരളത്തിലെ മുന്നണികളെപ്പോലെ പൊതുപ്രകട പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച പാര്‍ട്ടികള്‍ പോലും ഫലം വരും മുന്‍പ് മറുകണ്ടം ചാടുന്ന ദുരവസ്ഥയുമുണ്ടു.ആ‍ഡ്രയില്‍ മഹാസഖ്യത്തിന്റെ ഭഗമായി മത്സരിച്ച ടി.ആര്‍.എസ് തെരഞ്ഞെടുപ്പിന്റെ മഷി ഉണങ്ങും മുന്‍പെ മറുകണ്ടം ചാടിയത് ഒരൊറ്റപ്പെട്ട സംഭവമല്ല.
ഈ ദിനങ്ങള്‍ രാഷ്ട്രീയട്രപ്പീസ് കളിയുടെ,അവിഹിത മൊഴി ചൊല്ലലുകളുടെ,നിക്കാഹുകളുടെ കാലമാണു.നാളെ ആരെന്നും എവിടെന്നും എന്തെന്നും ആരറിവൂ?
-പുതിയ രാഷ്ട്രീയ സമവാഖ്യങ്ങള്‍ ഉരുത്തിരിയുക എന്നതിനര്‍ത്ഥം ഇതു മാത്രമാണു-ജനവിധി കാറ്റില്‍ പറത്തിക്കൊണ്ട് പാര്‍ട്ടികള്‍ കൂടുവിട്ട് കൂടു മാറുന്നു-എം.പിമാര്‍ പാര്‍ട്ടികളെ തള്ളിപ്പറഞ്ഞു ചക്കരക്കുടങ്ങളില്‍ കൈയ്യിട്ടുവാരാന്‍ പോകുന്നു.അധികാരക്കസേരകള്‍ക്കായി കോടികള്‍ കൈമറിയുന്നു.കൂറുമാറ്റ നിരോധന നിയമം അങ്ങനെ പിന്നേയും നോക്കുകുത്തിയാകുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെ ഈ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള ഒരേയൊരു വഴി ഈ നിയമം വീണ്ടും ഉടച്ചു വാര്‍ക്കുക മാത്രമാണു.പാര്‍ലമെന്ററി പര്‍ട്ടിയില്‍ നിന്ന് മൂന്നില്‍ രണ്ടു അംഗങ്ങള്‍ കൂറുമാറിയാലും അതിനു ‘ലയന’ത്തിന്റെ നിയമസംരക്ഷണം നല്‍കുന്ന വ്യവസ്ഥ നീക്കം ചെയ്യുക.അംഗങ്ങള്‍ ഒന്നടങ്കം,പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി സഭയ്ക്കകത്ത് പ്രവര്‍ത്തിച്ചാല്‍ അവയുടെ അംഗത്വം അസാധുവാക്കുക.അതില്‍ തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിക്കുക.സഭാധ്യക്ഷന്മാര്‍ ഭരണകഷിയുടെ ചട്ടുകങ്ങള്‍ മാത്രമായിപ്രവര്‍ത്തിയ്ക്കുന്ന കീഴ്വഴക്കമുള്ളപ്പോള്‍ ,സ്പീക്കറുടെ തീരുമാനത്തില്‍ ഉടന്‍ ഇടപെടുവാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുക.അതിനായി പ്രത്യേക ബഞ്ചുകള്‍ ഉണ്ടാക്കുക.തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായി മത്സറിച്ചു ജയിച്ച പാര്‍ട്ടികള്‍ കാലുമാറാതിരിയ്ക്കാനാ‍യി സഭയില്‍ മുന്നണിയെ ഒരു പാര്‍ട്ടിയ്ക്ക് തുല്യമായി തന്നെ കണക്കാക്കുക.അതിനു ഒരു ചീഫ് വിപ്പുണ്ടായിരിക്കണം.മുന്നണി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചീഫ് വിപ്പ് പുറപ്പെടുവിക്കുന്ന വിപ്പ് ലംഘിക്കുന്നവര്‍ക്ക് അംഗത്വം നഷ്ടപ്പെന്ന വ്യവസ്ഥ അത്യാവശ്യമാണു.മുന്നണിയിലെ ഏതെങ്കിലും ഘടകകക്ഷി ,നയപരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്നണി വിടുകയാണെങ്കില്‍ അവയുടെ അംഗങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജനഹിതം അറിയട്ടെ.ജനങ്ങല്‍ പിന്നെയും തെരഞ്ഞെടുത്താല്‍ പുതിയ മുന്നണിയില്‍ ചേരുന്നതിനു നിയനപരവും ധാര്‍മ്മികവുമായ സാംഗത്യമുണ്ടാകും.പാര്‍ട്ടി താല്പര്യങ്ങള്‍‍ക്കു വിരുദ്ധമായി കൂട്ടക്കാലുമാറ്റം നടത്തുന്നവര്‍ക്ക് ,അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാലും, ഒരു നിശ്ചിത കാലയളവില്‍ അധികാരസ്ഥാനങ്ങള്‍ നല്‍കരുതെന്നും നിയമവ്യവസ്ഥ വേണം.
-ഇങ്ങനെ കൂറുമാറ്റ നിരോധന നിയമത്തില്‍ അടിയന്തിരമായ ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ചു ദേശീയ സംവാദം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-ഇല്ലെങ്കില്‍ ഇവരെല്ലാം ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ,പണ്ടു കുഞ്ഞുണ്ണി മാസ്റ്റര്‍ വിശേഷിപ്പിച്ചപോലെ ’ജനാധിപൈത്യം’ആക്കി അധപതിപ്പിച്ചുകളയും.

Saturday, 2 May 2009

സത്യം ഗോപാലേട്ടന്‍ ആത്മഹത്യ ചെയ്യുന്നു ...!

ത്മഹത്യാ പ്രതിരോധ കൗണ്‍സലിങ്‌ സെന്ററിലേക്കു പരിഭ്രാന്തയായ ഒരു സ്‌ത്രീ വിളിക്കുകയാണ്‌.
``ചേച്ചീ പറയൂ... എന്താണു പ്രശ്‌നം?''
``ഞാന്‍ ടൗണിലെ ഒരു ബൂത്തീനാ വിളിക്കുന്നത്‌. എന്റെ ഭര്‍ത്താവിന്‌ ശ്വാസം കിട്ടുന്നില്ല... വായ തുറക്കാന്‍ മേല. നിങ്ങള്‍ ഉടന്‍ ഒരു ആംബുലന്‍സ്‌ അയക്കണം.''
``അയ്യോ ചേച്ചീ, ഇത്‌ ആശുപത്രിയല്ല. ആത്മഹത്യ ചെയ്യാന്‍ പോകുന്നവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ്‌...''
``അതേ... അതുതന്നെ... എല്ലാം വിസ്‌തരിക്കാന്‍ നേരമില്ല. അതിയാന്‍ തളര്‍ന്നിരിപ്പാ. നിങ്ങളാരെങ്കിലും ഒടന്‍ വരണം.''
``ചേച്ചി ചേട്ടനൊരു ചായവാങ്ങിക്കൊടുത്തിട്ട്‌ അദ്ദേഹത്തെയും കൂട്ടി ഇങ്ങോട്ടു പോന്നോളൂ. നമുക്കു പരിഹാരമുണ്‌ടാക്കാം.''
``അതിനു വാ തുറക്കാനായിട്ടുവേണ്ടേ, ചായ കുടിക്കാന്‍? വായില്‍ മുഴുവന്‍ ഉമിനീരല്ല്യോ...''
``തുപ്പിക്കള. എന്നിട്ടു വായും മൊഖവുമൊക്കെ കഴുകിയിട്ട്‌...''
``എവിടെ തുപ്പാന്‍? എവിടാ സാറെ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന തുപ്പല്‍ കോളാമ്പി? അതും നോക്കി നടക്കാന്‍ തൊടങ്ങീട്ടു മണിക്കൂറൊന്നാവുന്നു.''
``തുപ്പല്‍ കോളാമ്പിയോ?''
``അതേ, സാറെ- സാറ്‌ പത്രമൊന്നും വായിക്കാറില്ലേ?പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു നിരോധിച്ചിരിക്കുവല്ല്യോ. റോട്ടിലിറങ്ങുമ്പോ ആര്‍ക്കെങ്കിലും തുപ്പാന്‍ മുട്ടിയാല്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന തുപ്പല്‍ കോളാമ്പിയിലേ തുപ്പാവൂ എന്നാണ്‌ ഉത്തരവ്‌.''
``അതിപ്പോ... അതൊന്നും വലിയ കാര്യമാക്കേണ്‌ട ചേച്ചീ.''
``നിങ്ങളിത്‌ എന്റടുത്ത്‌ പറഞ്ഞതിരിക്കട്ടെ. അതിയാനറിയണ്‌ട... നിങ്ങളു കേട്ടുകാണും, സത്യം ഗോപാലേട്ടനെന്ന്‌. അതിയാന്റെ ഇരട്ടപ്പേരാ.''
``കേട്ടിട്ടൊണ്‌ട്‌, സ്വാതന്ത്ര്യസമര സേനാനിയല്ലേ?''`
`അതേ കൊച്ചനെ- അതാ പ്രശ്‌നം. ഇപ്പോഴും സ്വന്തം കൈകൊണ്‌ടു നൂറ്റ ഖദറേ ഇടൂ... സത്യമല്ലാത്തതൊന്നും കൊന്നാലും ചെയ്യില്ല. എവിടെ കള്ളത്തരമൊണ്ടേടലും എതിര്‍ക്കും. നിയമങ്ങളെല്ലാം അക്ഷരംപ്രതി അനുസരിക്കും. നയാ പൈസ കൈക്കൂലി കൊടുക്കില്ല. എന്നിട്ട്‌ എന്തു കാര്യം? ഒരു വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ്‌ ഓഫിസ്‌ കേറിയിറങ്ങി ചെരിപ്പ്‌ തേഞ്ഞു. കൈമടക്കു കൊടുക്കാത്തോണ്‌ട്‌ റേഷന്‍ പീടികക്കാരന്‍ കാര്‍ഡിനകത്ത്‌ എന്തോ ചെയ്‌തോണ്‌ട്‌ ഇപ്പം മണ്ണെണ്ണ കിട്ടുന്നില്ല. നാട്ടിലെ വാറ്റുകാരുടെ കേന്ദ്രത്തെക്കുറിച്ച്‌ എക്‌സൈസുകാരെ വിവരമറിയിച്ചതിന്‌ അവര്‌ വീടാക്രമിച്ചു. പരാതിപ്പെടാന്‍ ചെന്നപ്പോള്‍ പോലിസുകാര്‍ 500 രൂപയാ കൈക്കൂലി ചോദിച്ചത്‌. കൊടുക്കാത്തപ്പോ അവരെ ചീത്തപറഞ്ഞെന്നും പറഞ്ഞ്‌ കേസെടുത്തിരിക്കുവാ.''
``ചേച്ചി സമാധാനമായിട്ടിരിക്ക്‌. പരിഹാരമുണ്‌ടാക്കാം.''
``എന്തോന്ന്‌ സമാധാനം? മുഖ്യമന്ത്രി വരുമ്പോ കണ്‌ടു സങ്കടം പറയാനാ ഇന്നു ടൗണില്‍ വന്നത്‌. അപ്പോഴാ കവലേല്‍ എസ്‌കോര്‍ട്ടിനു നിന്ന പോലിസുകാരന്‍ `ഇവിടെ പുകവലി നിരോധിച്ചിരിക്കുന്നു' എന്ന ബോര്‍ഡിനു താഴെ നിന്നു സിഗരറ്റ്‌ വലിക്കുന്നതു കണ്‌ടത്‌. ഞാമ്പറഞ്ഞതാ പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന്‌... അതിയാന്‍ ചോദിക്കാന്‍ ചെന്നതാ. അവമ്മാര്‌ പിടിച്ചുതള്ളി. പുളിച്ച തെറീം പറഞ്ഞു ഓടിച്ചുവിട്ടു.''
``കഷ്ടമായിപ്പോയി, ചേച്ചി.''
``അവിടന്ന്‌ ഞാന്‍ ഒരുവിധം വലിച്ചോണ്‌ടു വന്നപ്പോഴാ ചൊമ വന്നത്‌. ആസ്‌ത്‌മയും അലര്‍ജിയുമൊക്കെയൊള്ള മനുഷ്യനാ. കഫം വന്നപ്പോ തുപ്പാനൊള്ള കോളാമ്പി എവിടെയാ സ്ഥാപിച്ചിരിക്കുന്നതെന്ന്‌ തിരക്കി. അപ്പോഴല്ലേ, അതൊക്കെ കടലാസില്‍ മാത്രമേ ഒള്ളൂ എന്നു മനസ്സിലായത്‌. ഞാന്‍ അതിയാന്റടുത്ത്‌ പറഞ്ഞു നോക്കിയതാ, വഴിവക്കത്തെങ്ങാനും തുപ്പാന്‍. നിങ്ങള്‍ക്കു സത്യം ഗോപാലേട്ടനെ അറിയില്ല. ചത്താലും അതിയാന്‍ നിശ്ചയിച്ചതേ ചെയ്യൂ. കോളാമ്പിയിലേ തുപ്പൂ എന്ന്‌ വാശിപിടിച്ചു നില്‍പ്പാ. ദേ... അതിയാനു ശ്വാസം കിട്ടുന്നില്ല... തളര്‍ന്നു വീണെന്നു തോന്നുന്നു. നിങ്ങളാരെങ്കിലും ഒരു വണ്‌ടീം കൊണ്‌ടു വേഗം വരൂ... ഹലോ... ഹലോ... എന്റെ സത്യം ഗോപാലേട്ടന്‍‌...!''
===========
ആത്മഹത്യാ പ്രതിരോധ കൌണ്‍സലറുടെ ആത്മഗതം:

സത്യം ഗോപാലേട്ടനെപ്പോലുള്ളോര്‍ക്ക് ജീവിക്കാന്‍ പറ്റിയ ലോകമല്ലിത്.പാവം ആത്മഹത്യ ചെയ്തോട്ടെ.അതാ നല്ലത്!

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ