Thursday, 23 April 2009

ദുദാഭായിയുടെ പിന്‍ തലമുറക്കാര്‍

1915 മെയ് 25നായിരുന്നു മഹാത്മാ ഗാന്ധി അഹമ്മദാബാദില്‍ സത്യാഗ്രഹാശ്രമം സ്ഥാപിച്ചത്.ജീവന്‍ലാല്‍ ദേശായിയെന്ന ഒരു ബാരിസ്റ്റര്‍ വാടകയ്ക്കു നല്‍കിയ കോച്ച്രബ്ബ് എന്ന ബംഗ്ലാവില്‍ 13 തമിഴരായ അനുയായികളുള്‍പ്പെടെ 25 അന്തേവാസികള്‍‍ക്കൊപ്പം ഒരേ അടുക്കളയില്‍ നിന്ന് ആഹാരം.ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒരു കുടുംബം.

സാമ്പത്തികമായി സഹായിക്കാന്‍ സമ്പന്നരായ അഭ്യൂദയകാംഷികള്‍.ഏതാനും മാസത്തിനകം ആശ്രമത്തിലേക്ക് ദുദാഭായി എന്ന അദ്ധ്യാപകനും കുടുംബവും അന്തേവാസികളായി എത്തി.അവര്‍ അയിത്തജാതിക്കാരായിരുന്നു.ദക്ഷിണാഫ്രിക്കയില്‍ കറുത്തവരും അയിത്തജാതിക്കാരുമായ സുഹൃത്തുക്കളോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ഗാന്ധിജിയെ അമ്പരപ്പിച്ച സംഭവങ്ങളാണു പിന്നീടുണ്ടായത്.അയിത്തക്കാരെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചത് കസ്തൂര്‍ബ്ബയ്ക്കും മറ്റു സ്ത്രീകള്‍‍ക്കും തീരെ ഇഷ്ടമായില്ല.മറ്റ് അന്തേവാസികളും അസ്വസ്ഥരായി.

അയിത്തജാതിക്കാരെ അശ്രമത്തില്‍ പ്രവേശിപ്പിച്ചതിനുള്ള ശിക്ഷയായി സുഹൃത്തുക്കള്‍ ധനസഹായം നിര്‍ത്തി.സാമൂഹിക ബഹിഷ്കരണത്തെക്കുറിച്ചും വാര്‍ത്ത പരന്നു.കുടിവെള്ളം പോലും മുട്ടിക്കാന്‍ ശ്രമമുണ്ടായി.ബങ്ലാവിന്റെ ഉടമസ്ഥന്‍ കൂടി ഉപയോഗിച്ചിരുന്ന കിണര്‍,ആശ്രമത്തിലെ തൊട്ടിയില്‍ നിന്ന് തെറിക്കുന്ന വെള്ളത്തുള്ളികളാല്‍ അശുദ്ധമാക്കപ്പെടും!അതിനാല്‍ എല്ലാവരും ചേര്‍ന്ന് ദുരാഭായിയുടേയും കുടുംബത്തിന്റേയും ജീവിതം നരകതുല്യമാക്കി.മുംബൈയില്‍ പ്ലേഗ് പടര്‍ന്ന് പിടിച്ച കാലത്ത് ചേരികളിലും കോളനികളിലും പാര്‍ക്കുന്ന അയിത്തജാതിക്കാരുടെ കക്കൂസുകള്‍ വൃത്തിയാക്കിയ പാരമ്പര്യമുള്ള ഗാന്ധിജിയുടെ നിശ്ചയദാഡ്യത്തിനു മുന്നില്‍ ,പക്ഷേ, ജാതിപ്പിശാചുക്കള്‍‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ സ്വന്തം ജീവിതം കൊണ്ടും രാഷ്ട്രീയം കൊണ്ടും അദ്ദേഹം തിരസ്കൃതരെ പൊതുമണ്ണ്ട‍ലത്തിലേക്ക് കൊണ്ടുവരുവാന്‍ അക്ഷീണം പരിശ്രമിച്ചു.
അവിടെ നിന്ന് 2009തിലേക്കുള്ള ദൂരം അളക്കാവുന്നതിനുമപ്പുറത്താണു.

പക്ഷേ,അന്നത്തെ അയിത്തജാതിക്കാര്‍ എന്ന ഇപ്പോഴത്തെ ദളിതര്‍ തൊട്ട് അശുദ്ധമാക്കാതെ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്ന പൊതു ഇടങ്ങള്‍ ഇന്നും ഇവിടെ ധാരാളമുണ്ടു.ഉദാഹരണത്തിനു,‍കേരളത്തില്‍ നിന്ന് ലോക് സഭയിലേക്ക് പൊതുസീറ്റില്‍ ഇത്തവണ മത്സരിച്ച പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളുടെ പട്ടിക എടുക്കുക.അവരില്‍ എത്ര ദളിതരുണ്ടായിരുന്നു?

-ആരുമുന്ന്ടായിരുന്നതായി അറിവില്ല.ഇക്കാലത്തിനിടയില്‍ 14 ലോക് സഭാ തെരഞ്ഞെടുപ്പുണ്ടായി.അവയിലെല്ലാം കൂടി ജനറല്‍ സീറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ച് എത്ര ദളിതര്‍ ലോക് സഭയിലെത്തി? ഒരേയൊരാള്‍ മാത്രം.കണ്ണൂരില്‍ നിന്നും കെ.കുഞ്ഞമ്പു!മഹാനായ കെ.ആര്‍ നാരായണനു പോലും സംവരണ സീറ്റില്‍ നിന്നു മത്സരിക്കേണ്ടി വന്നത് എന്തുകൊണ്ടാണു? എന്തു കൊണ്ടാണു ഇടത്-വലതു വ്യത്യാസമില്ലാതെ ,‘മുന്തിരിപ്പന്‍’-മൂരാച്ചി ഭേദമില്ലാതെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തെ സംവരണസീറ്റുകള്‍ എന്ന വേലിക്കെട്ടില്‍ മാത്രമൊതുക്കി,പൊതു സീറ്റുകള്‍ തീണ്ടി അശുദ്ധമാക്കാതെ സംരക്ഷിച്ചു പോരുന്നത്?

ഒരിക്കലും സംവരണ സീറ്റില്‍ നിന്ന് മത്സരിക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്ത ഒരു നേതാവു നമുക്കുണ്ടായിരുന്നു-കാന്‍ഷീറാം.സ്റ്റാറ്റസ്ക്വോ രാഷ്ട്രീയത്തെ തകര്‍ത്തെറിഞ്ഞ അദ്ദേഹത്തിനു ,പക്ഷേ ,ഇക്കാര്യത്തില്‍ മാത്രം പിന്‍ഗാമികളില്ലാതെ പോയി.ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവാകേണ്ടിയിരുന്ന ആ തീരുമാനത്തിന്റെ രാഷ്ട്രീയ-സമൂഹിക മാനങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടു.
പതിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വീറോടെ പൊരുതുന്ന അസംഖ്യം രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ നമുക്കുണ്ടു.നിയമസഭയിലേക്കും ലോക്സഭയിലേക്കും സംവരണത്തിന്റെ ഔദാര്യമില്ലാതെ ജനറല്‍ സീറ്റുകളില്‍ നിന്ന് മത്സരിച്ച് ജയിക്കാന്‍ ത്രാണിയും തന്റേടവും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള എത്ര പേര്‍ ഇവര്‍ക്കിടയിലുണ്ടു?
കക്ഷിരാഷ്ട്രീയത്തിലധിഷ്ടിതമായ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പാര്‍ട്ടികളുടെ പ്രാഥമിക സംഘടനാതലത്തില്‍ മുതല്‍ പ്രാതിനിദ്ധ്യം ലഭിച്ചാലേ അവര്‍ക്ക് ഇതിനുള്ള ആത്മബലം ഉണ്ടാകുകയുള്ളൂ.അടിസ്ഥാനവഗ്ഗത്തിനായി പൊരുതുന്നുവെന്ന് ആണയിടുന്നവവര്‍ പോലും പാര്‍ട്ടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ദളിതരെ ഒഴിവാക്കുന്നു.അവരുടെ ഉന്നത സമിതികളില്‍ ഈ ജനവിഭാഗത്തില്‍ നിന്ന് പേരിനു പോലും ഒരാള്‍ ഉണ്ടായിട്ടില്ലല്ലോ.ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് അവരിലാരെങ്കിലും വേവലാതിപ്പെടുകയോ ,ആത്മവിമര്‍ശനം നടത്തുകയോ ചെയ്തതായി അറിവില്ല.സംഘടനാ തലത്തിലും പാര്‍ലമെന്ററി തലത്തിലും മുസ്ലീങ്ങളും ദളിതരരുമടക്കം ഓരോ പാര്‍ട്ടികളിലുമുള്ളവരുടെ കണക്കെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യാപ്രാതിനിദ്ധ്യത്തിനു ആനുപാതികമല്ലാതെ ,ആഭിജാതരും ഉന്നതജാതിക്കാരും കുലമഹിമയുള്ളവരും ഈ സ്ഥാനങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ദീതിദമായ ദൃശ്യം അപ്പോള്‍ തെളിഞ്ഞു വരും.സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടതു പോലെ തന്നെ ഇതും പരസ്യപ്പെടുത്താന്‍ രാഷ്ട്രിയപ്പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണം.
ഇങ്ങനെ ചില അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കാതെ,മര്‍മ്മത്ത് തന്നെ കുത്താതെ ഈ അയിത്തക്കോട്ടകള്‍ ഇളകുകയില്ല.
അതുകൊണ്ട്, ഔദാര്യം പോലെ കനിഞ്ഞു നല്‍കുന്ന ഏതാനും സംവരണ സിറ്റുകളില്‍ ഒതുങ്ങാതെ ജനറല്‍ സീറ്റില്‍ മത്സരിക്കാനുള്ള ആത്മബലം അധസ്ഥിതര്‍ ആര്‍ജ്ജിക്കുക.തിരുവനന്തപുരത്തും എറണാകുളത്തും കേരളത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന,എല്ലാവരാലും ചവുട്ടി അരയ്ക്കപ്പെട്ട ആദിവാസി ജനസമൂഹത്തില്‍ നിന്നുള്ളവര്‍,അവരില്‍ തന്നെ സ്ത്രീകള്‍ മത്സരിച്ചു ജയിച്ച് ലോക്സഭയിലെത്തുന്ന കാലത്ത് മാത്രമേ ദലിതര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തൂ.അന്നേ അയിത്തക്കോട്ടകള്‍ തകരൂ എന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.

അതല്ല, കേരളം ജാതി-വംശാതീതമായ ഉയര്‍ന്ന രാഷ്ട്രീയബോധം ആര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍,ഇവിടെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍,അയിത്തക്കോട്ടകളുടെ വേരറുത്തുമാറ്റിയ സാമൂഹിക-രാഷ്ട്രീയ വിപ്ലവം നടന്നിട്ടുണ്ടെങ്കില്‍, തിരുവനന്തപുരം,എറ‍ണാകുളം ,കോട്ടയം,ഇടുക്കി ലോക്സഭാസീറ്റുകളില്‍ എതെങ്കിലും ഒന്നില്‍ നിന്ന് അടുത്ത തവണ ഒരു മുസ്ലീം/ദളിത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കട്ടെ.മലപ്പുറത്തും പൊന്നാനിയിലും നിന്ന് ഒരു വനിതയെ തെരഞ്ഞെടുക്കട്ടെ.
-അത്രയും വരെ കാഠിരിക്കാന്‍ ക്ഷമയില്ലാത്ത സര്‍വ്വ പുരോഗമന വാദികള്‍ക്കും ഉടനടി തങ്ങളുടെ വീര്യം തെളിയിക്കാനുള്ള ഒരെളുപ്പവഴിയും പറഞ്ഞുതരാം-തിരുവിതാംകൂര്‍,കൊച്ചി,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ ചെയര്‍പേഴ്സണ്‍സായി ദളിതരെ നിയമിക്കുക-അതും ദളിത് സ്ത്രീകളെ.ആദിവാസികളാണെങ്കില്‍ കൂടുതല്‍ അഭികാമ്യം.

എന്തേ,നടക്കില്ലേ?ഇവര്‍ തൊട്ട് തീണ്ടി ദേവസ്വം കസേരകള്‍‍ അശുദ്ധമാക്കുമോ? സത്യാഗ്രഹാശ്രമത്തില്‍ മഹാത്മാ ഗാന്ധി പ്രവേശിപ്പിച്ച ദുദാഭായി എന്ന അയിത്തജാതിക്കാരനും കുടുംബത്തിനുമുണ്ടായ ദുരനുഭവം,ഇവിടെ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുണ്ടോ?അത് പ്രതിരോധിക്കാനുള്ള ആത്മബലമുണ്ടോ? ദുദാഭായിയുടെ പിന്‍ തലമുറക്കാര്‍ അധികാരക്കസേരകളില്‍ കയറിയിരുന്നാല്‍ ദേവസ്വം ബോര്‍ഡുകളും ക്ഷേത്രങ്ങളും അശുദ്ധമാകും,അല്ലേ?അവര്‍ ജനറല്‍ സീറ്റുകളില്‍ മത്സരിച്ച് ജയിച്ചാല്‍ അവ അശുദ്ധമാകും,അല്ലേ?
-അതോര്‍ത്ത് മുട്ടിടിക്കുന്നുവെങ്കില്‍ ‍ മഹാത്മാഗാന്ധി എന്ന അര്‍ദ്ധനഗ്നയായ ഫക്കീറിനെ മനസാസ്മരിക്കുക.

അക്ഷയതൃതീയാശ്വൈര്യം!

``ദേ, നോക്കിക്കേ, എന്റെ കരിമണിമാല. ദേ, നിങ്ങളിങ്ങോട്ടു നോക്ക്‌. എന്റെ മൊഖം കണ്‌ടാലിപ്പോ എത്ര പ്രായം തോന്നും? ങും... അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇനി ഈ വര്‍ഷം എന്തൊക്കെ ഈ വീട്ടില്‍ വരാനിരിക്കുന്നു! അടുത്ത അക്ഷയതൃതീയക്കു മുമ്പ്‌ നമ്മള്‍ പുതിയ വീട്‌ വച്ചു മാറും; കണ്ടോ. ദേ, നിങ്ങളെന്താ മോന്തേം വീര്‍പ്പിച്ചോണ്‌ട്‌ മിണ്‌ടാണ്‌ടിരിക്കുന്നേ..?''
``നീയെന്നെക്കൊണ്ട്‌ട്‌ അതുമിതും പറയിക്കാതെ വായും പൂട്ടിയിരുന്നോ. നിന്നെക്കണ്‌ടാലിപ്പോള്‍ ഐശ്വര്യാറായ്‌പോലും തോറ്റുപോവുമെടീ. ഒരു ഒഡ്യാണോം കൊലുസ്സും കൂടി കെട്ടിയിരുന്നെങ്കില്‍ `ഏതു കോളജിലാ പഠിക്കുന്നേ‘ എന്ന് എല്ലാരും ചോദിച്ചേനെ.''
``ദേ, നിങ്ങളെന്നെ കളിയാക്കുകയൊന്നും വേണ്‌ടാട്ടോ. ഇതൊന്നുമില്ലേലും എക്കെണ്‌ടാ നിങ്ങടെ മോളുടെയത്രേം പ്രായമേ പറയൂ. കോളജില്‌ രണ്‌ടുവര്‍ഷം തുടര്‍ച്ചയായി സുന്ദരിപ്പട്ടം കിട്ടിയോളാ ഞാന്‍. അതു മറക്കണ്‌ട.''
``നീ എനിക്കൊരു ഗ്ലാസ്‌ തണുത്ത വെള്ളം താ. എന്നിട്ട് ക്യാറ്റ്‌ വാക്കോ എന്തോന്നാണെന്നു വച്ചാല്‍ ഇഷ്ടമുള്ളതൊക്കെ ചെയ്‌തോ. ഞാന്‍ ഒറങ്ങാന്‍ പോവുകയാ.''
``അയ്യയ്യോ! നല്ലൊരു ദെവസ്സമായിട്ട് ‌ ഒറങ്ങാനോ? അതും വൈകീട്ട്? ദേ, നമുക്ക്‌ അപ്പുറത്തെ വീട്ടിലൊക്കെ ഒന്ന് പോയേച്ചും വരാം.''
``എന്തൊരു അയല്‍സ്‌നേഹം! എടീ, പെണ്ണുങ്ങളുടെ വര്‍ഗസ്വഭാവമാ ഇത്‌. രാവിലെ മുതല്‍ സ്വര്‍ണക്കടേല്‌ നിന്നു വാങ്ങിക്കൊണ്‌ടു വന്ന് കഴുത്തിലിട്ടിരിക്കുന്ന ഈ തൊടല്‌ ഇപ്പോ തന്നെ അയലത്തുകാരെ കാണിച്ചില്ലേല്‍ നെനക്കു സമാധാനം വരില്ല, അല്ലേ? എന്നിട്ടു വേണം അവിടത്തെ ആണുങ്ങളുടെ തലയ്‌ക്കു പ്രാന്ത്‌ പിടിക്കാന്‍... എന്റെ പിള്ളേരെ ഓര്‍ത്തിട്ടാ. അല്ലെങ്കി ഇതൊക്കെ ഇട്ടെറിഞ്ഞു ഞാന്‍ എന്നേ കാശിക്കോ രാമേശ്വരത്തോ പോയേനെ. എന്തായിരുന്നു കഴിഞ്ഞ കൊറേ ദിവസമായിട്ട് ഇവിടെ ഒരു പൂരം. അക്ഷയതൃതീയയാണത്രെ! സ്വര്‍ണക്കടക്കാരുടെ ആളെപ്പിടിക്കാനുള്ള ഓരോ നമ്പറുകളു കാരണം നെന്നെപ്പോലുള്ളവര്‌ കുടുംബങ്ങളില്‍‌ എന്തൊക്കെ പുകിലുണ്‌ടാക്കിയിട്ടുണ്ടാകും...! ഇന്ന് പുണ്യദെവസ്സമല്ലേ; ഇന്ന് മാലേം വളേം കൊലുസും ഒഡ്യാണോമൊക്കെ വാങ്ങിയാല്‍ നാളെ മുതല്‍ വീട്ടില്‍ സ്വര്‍ണമഴ പെയ്യും! എടീ, ഇതൊക്കെയിട്ടോണ്‌ട്‌ ഇന്ന് നീ എവിടൊക്കെ തൊട്ടാലും അവിടൊക്കെ തങ്കമാവുമെടീ! കൊറച്ച്‌ അരച്ചു നാവില്‍ വച്ചു നുണഞ്ഞോ. ഇപ്പോതന്നെ ചെയ്‌തോ. ഇന്ന്‌, അക്ഷയതൃതീയദിനത്തില്‍ ഭക്തിപൂര്‍വം സ്വര്‍ണം അരച്ചു നാവില്‍ വച്ചാല്‍ നീ തന്നെ സ്വര്‍ണമാവും! ബ്ലേഡുകാരുടെ കൈയീന്ന് വായ്‌പ എടുത്തിട്ടാ ഈ പണ്‌ടമെല്ലാം വാങ്ങിയത്‌. അവന്മാര്‌ കാശു ചോദിച്ചോണ്‌ട്‌ വരുമ്പോള്‍.... ഈശ്വരാ! ദേ, ഗേറ്റിലാരോ മുട്ടുന്നു... ഞാനൊറങ്ങാന്‍ പോവ്വാ”.
“ഇതാര്‌?''
``ഓം അക്ഷയതൃതീയായൈ നമഃ ഓം മംഗളം ഭവതു...! ഓം....ഓം....!! ഞങ്ങള്‍ ഐശ്വര്യവര്‍ധകാനന്ദ മഠത്തില്‍ നിന്നാ. സ്വാമികളുടെ അക്ഷയതൃതീയാശംസകള്‍ അര്‍പ്പിക്കാന്‍ 101 ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്‌. ദാ, രണ്‌ടാളും ഈ ഭസ്‌മം നിറുകയിലിടുക. ദീര്‍ഘദാമ്പത്യം; സര്‍വൈശ്വര്യം നിശ്ചയം.''
``ചേട്ടന്‍ ഒറങ്ങുകയാ. സ്വാമികളിരുന്നാട്ടെ. കുടിക്കാന്‍ സംഭാരമെടുക്കട്ടെ..”
``ആയിക്കോട്ടെ..... ഇവിടത്തെ കുട്ടികള്‍?''
``മൂത്തയാള്‍ പ്ലസ്‌ടുവിന്‌. മറ്റയാള്‍ പത്തില്‍‌. രണ്‌ടാളും ട്യൂഷന്‌ പോയിരിക്കുകയാ സ്വാമീ.''
``രണ്‌ടാള്‍ക്കും സ്വാമി ഐശ്വര്യവര്‍ധകാനന്ദജിയുടെ വിജയാശംസകള്‍. വിജയീഭവ! കുട്ടികള്‍ക്ക്‌ ഇന്ന്‌ എന്താണു സമ്മാനമായി നല്‍കിയത്‌?''
`സ്വാമീ, അതിനു‌...?'
``അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അത്ര നിശ്ചയം പോരാ; അല്ലേ? ഇന്ന് സന്താനങ്ങള്‍ക്കു സ്വര്‍ണത്തകിടില്‍ തീര്‍ത്ത വിശ്വവിജയയന്ത്രം അരയില്‍ കെട്ടിക്കൊടുത്താല്‍ അവര്‍ എല്ലാ പരീക്ഷകളിലും ഉന്നതവിജയം നേടും. ഹിമാലയസാനുക്കളില്‍ പതിറ്റാണ്‌ടുകള്‍ തപസ്സിരുന്നാര്‍ജിച്ച ധ്യാനശക്തി ആവാഹിച്ച് പ്രത്യേകം തയ്യാര്‍ ചെയ്‌ത ഈ വിശ്വവിജയയന്ത്രം ഈ ഭവനത്തിലിരിപ്പാന്‍ ലക്ഷണയോഗമുണ്‌ട്‌, മകളേ!''
`ചേട്ടനോടൊന്ന് ചോദിച്ചിട്ട്‌...'`
‘`എടീ, ഞാനൊറങ്ങിയിട്ടൊന്നുമില്ല. നിനക്കിനി യന്ത്രം കൂടി വാങ്ങണം അല്ലേ, മൂധേവി!''
``നിങ്ങളൊരക്ഷരം പറഞ്ഞുപോവരുതിനി. നല്ലൊരു ദേവസ്സമായിട്ട്‌ വീട്ടിലേക്കു വന്ന ഐശ്വര്യം ആരെങ്കിലും വേണ്‌ടാന്ന് വയ്‌ക്കുമോ...? ദേ, എല്ലാ പിള്ളാരും എന്‍ട്രന്‍സിന്‌ പോവുന്നതാ. ഈ യന്ത്രം കെട്ടിയാല്‍‌ നമ്മുടെ മക്കള്‍ക്കു റാങ്ക്‌ കിട്ടും, ഒറപ്പാ. ദാ, നിങ്ങടെ പേഴ്‌സീ്ന്ന് ഞാന്‍ കാശെടുത്തു സ്വാമിക്കു കൊടുക്കാന്‍ പോവാ.''
``ഓം... അക്ഷയതൃതീയൈ നമഃ. മകളേ! കണ്ണടച്ചു ധ്യാനിച്ച്‌ സ്വാമികളുടെ കൈയില്‍ നിന്ന് വിശ്വവിജയയന്ത്രം വാങ്ങിയാട്ടെ. എന്നിട്ട് ‌ സന്തോഷമായിട്ട്‌ ഈ താപസനു ദക്ഷിണയായി ഒരു 5001 രൂപ ഐശ്വര്യമായിട്ട് തന്നുകൊള്ളുക. ഓം... ശാന്തി!ശാന്തി!ഓം... അക്ഷയതൃതീയൈ നമഃ.''

Sunday, 12 April 2009

നമുക്കിനി റഫറണ്ടത്തെക്കുറിച്ച് സംസാരിക്കാം..

വോട്ടെടുപ്പിനു മുന്‍പ് ഇന്ത്യന്‍ ജനത നടത്തിയ വിധിയെഴുത്തിതാണു- കേന്ദ്രത്തില്‍ ഇനിയുമുണ്ടാകുന്നത് കൂട്ടുകക്ഷി മന്ത്രിസഭകളുടെ നാളുകള്‍.കേരളത്തിലേതു പോലെ അത് സ്ഥായിയായ ഭരണസമ്പ്രദായമാ‍യി മാറുകയാണു.അങ്ങനെ,കേന്ദ്രത്തില്‍ ഏകകക്ഷി ഭരണത്തിന്റെ കാലം അസ്തമിച്ചിരിക്കുന്നു.
പ്രാദേശിക തലത്തില്‍ മാത്രം സ്വാധീനമുള്ള ചെറുകക്ഷികളും കടുമണി സുല്‍ത്താന്മാരായ നേതാക്കളും ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുകയാണു.അവര്‍ തെരഞ്ഞെടുപ്പിനു ശേഷം, അധികാരത്തിനു വേണ്ടി ഇന്‍സ്റ്റന്റ് മുന്നണികള്‍ തട്ടിക്കൂട്ടുമ്പോള്‍ ഇക്കാലമത്രയും പറഞ്ഞുനടന്ന ആദര്‍ശവും നിലപാടുകളും വിസ്മൃതിയിലാണ്ടു പോകും.വ്യത്യസ്ത ധ്രുവങ്ങളിലുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ഒന്നിച്ചു ജെയ് ഹോ പാടുമ്പോള്‍‍ അത് ചക്കരക്കുടത്തില്‍ കൈയ്യിട്ടുവാരാനുള്ള വെറും ആര്‍ത്തിയാണെന്നറിയാത്തവരില്ല.എങ്കിലും, ദേശീയ കക്ഷികള്‍ കുത്തകയാക്കി വെച്ചനുഭവിച്ചു പോരുന്ന അധികാരത്തില്‍ ചെറുകക്ഷികള്‍‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.അതു തീച്ചയായും നമ്മുടെ ഫെഡറല്‍ ഘടനയെ പുഷ്ടിപ്പെടുത്തും.

പക്ഷേ,കസേര പങ്കിടുക എന്ന ഏക അജണ്ടയില്‍,തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു ശേഷം മാത്രം രൂപം കൊള്ളുന്ന മുന്നണികളും സഖ്യങ്ങളും‍ ദീര്‍ഘദൃഷ്ടിയില്ലാത്ത, രാജ്യതാല്‍പ്പര്യങ്ങള്‍‍ക്ക് വിരുദ്ധമായ ,അപകടകരമായ നയങ്ങള്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പിക്കാമോ?ഇല്ല തന്നെ. അവര്‍ വീണ്ടു വിചാരമില്ലാത്ത തീരുമനങ്ങള്‍ എടുത്തേക്കാം.കൂക്കിവിളിയും ബഹളവും കാരണം അര്‍ത്ഥവത്തായ യാതൊരു ചര്‍ച്ചയും നടക്കാത്ത നമ്മുടെ പാര്‍ലമെന്റിലെ ഭൂരിപക്ഷം പേരും കൈപൊക്കിയതു കോണ്ടു മാത്രം ആ നയങ്ങളും തീരുമാനങ്ങളും ഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വീകാര്യമാകണമെന്നില്ല.മുന്‍ സര്‍ക്കാരുകള്‍ ഒപ്പുവച്ച, W T O അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയ അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും തന്നെ ഉദാഹരണം. ലോക്സഭയുടെ കാലാവധി ദീര്‍ഘിപ്പിക്കാനും പ്രധാനമന്ത്രിയെ നിയമപരിധിയില്‍ നിന്നൊഴിവാക്കാനും അടിയന്തിരാവസ്ഥാക്കാലത്ത് പാസ്സാക്കിയ ഭരണഘടനാ ഭേദഗതികള്‍ ,ജനാധിപത്യത്തെ കശാപ്പു ചെയ്തതും നാം കണ്ടു .

വിയര്‍പ്പൊഴുക്കി ലോക് സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാ‍ത്തവര്‍ക്കും,പാര്‍ട്ടി പിളര്‍ത്തി ഉപജാപത്തിലൂടെ മാത്രം നേതാവായവര്‍ക്കും,വിരളിലെണ്ണാവുന്നത്ര മാത്രം അംഗസംഖ്യയുള്ള ‘ദേശീയ പാര്‍ട്ടി‘ നേതാക്കള്‍ക്കുമൊക്കെ ഭരണാധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങളില്‍ വിലസാന്‍ പറ്റിയ രാഷ്ട്രീയ കാലാവസ്ഥയാണിന്നുള്ളത്. അതിനാല്‍ ഇവര്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കും മുന്‍പു പൊതുജനഹിത പരിശോധന(referendum or plebiscit) നടത്തേണ്ടതല്ലേ?

ഇപ്പോള്‍ ഇന്ത്യയില്‍ അതിനുള്ള വ്യവസ്ഥയില്ല.പക്ഷേ,ബ്രിട്ടന്‍,അയര്‍ല‍‍ന്റ്,ഡെന്മാര്‍ക്ക്,ഓസ്ട്രേലിയ,ഇറ്റലി,ന്യൂസിലാന്റ്,ചിലി,
റുമേനിയ,സെര്‍ബിയ,സ്വീഡന്‍,സിങ്കപ്പൂര്‍,നെതര്‍ലാന്റ്,എറിത്രിയ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിയമപരമായറഫറണ്ടങ്ങള്‍ സര്‍ക്കാര്‍ നടക്കാറുണ്ടു.അമേരിക്കയില്‍ പ്രവിശ്യാതലത്തില്‍ ജനഹിത പരിശോധന നടത്താന്‍ വ്യവസ്ഥയുണ്ടു.

വെസ്റ്റ്മിനിസ്റ്റര്‍ പാര്‍ലമെന്ററി സമ്പ്രദായം നിലവിലുള്ള രാഷ്ട്രങ്ങളില്‍ റഫറണ്ടം നടത്തുമെങ്കിലും അതിന്റെ ഫലം സര്‍ക്കാരിനു നിരസിക്കാം.ബ്രിട്ടനില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളിന്‍ മേല്‍ ജനഹിതം തേടണമെന്നു നിര്‍ബ്ബന്ധമില്ല.പക്ഷേ,ഭരണഘടനയില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള സുപ്രധാന നടപടികളെക്കുറിച്ച് റഫറണ്ടം നടത്തണമെന്നും ,അതിലെ പൊതുജന ഹിതം മാനിക്കണമെന്നും വളരെ ആരോഗ്യകരമായ കീഴ്വഴക്കം അവിടെ നിലവിലുണ്ടു.

ആസ്ട്രേലിയയില്‍ ഭരണഘടനാഭേദഗതിയ്ക്ക് റഫറണ്ടം നിര്‍ബ്ബന്ധിതമാണു.ആദ്യം ഇതു സംബന്ധിച്ച ബില്ല് സഭയില്‍ അവതരിപ്പിക്കണം.അതിനു ശേഷമാനു ഹിത പരിശോധന നടത്തുക.
ഇക്കാര്യത്തില്‍ ഒരു പക്ഷേ ചരിത്രം സൃഷ്ടിച്ചത് ചിലിയാണു.1988-ല്‍ പട്ടാളഭരണം തുടരണോ ,വേണ്ടയോ എന്ന പ്രശ്ണത്തില്‍ അവിടെ ഹിതപരിശോധന നടന്നു.പട്ടാളഭരണം വേണ്ടെന്ന് 56 ശതമാനം പേര്‍ വിധിയെഴുതി.ഒരു വര്‍ഷത്തിനു ശേഷം നടന്ന മറ്റൊരൊരു റഫറണ്ടം ചിലിയുടെ രാഷ്ട്രീയ ജാതകം തന്നെ തിരുത്തിയെഴുതി.ഹിത പരിശോധനയില്‍ പ‍‍ങ്കെടുത്ത 91 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ജനാധിപത്യ ഭരണക്രമം വേണമെന്ന് വിധിയെഴുതി.ചിലിയിലെ ലാസ് കോണ്ഡസ്(Las Condes) എന്ന മുനിസിപ്പല്‍ പ്രവിശ്യയില്‍ 2006ല്‍ നടത്തിയ ഒരു ജനഹിത പരിശോധന കേരളത്തിന്റെ സാഹചര്യത്തില്‍ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു.അവിടെ ഷോപ്പിങ്ങ് മാള്‍ വേണോ എന്നതായിരുന്നു റഫറണ്ടത്തിനു വിഷയീഭവിച്ചത്.

-വാശിയോടെ തങ്ങളുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്ര ആവേശത്തില്‍ ജനങ്ങള്‍ ഹിതപരിശോധനയ്ക്കെത്തിയില്ലെങ്കിലോ?അങ്ങനെയും സംഭവിക്കാന്‍ ഇടയുണ്ടു.നിശ്ചിത ശതമാനം പേര്‍ പങ്കെടുത്തില്ലെങ്കില്‍ ഇറ്റലിയില്‍ റഫറണ്ടത്തിനു നിയമസാധുതയില്ല.പിന്നെയും പ്രത്യേകതകളുണ്ടു.അയര്‍ലന്റില്‍ അവിടുത്തുകാരല്ലാത്തവര്‍ക്ക് റഫറണ്ടത്തില്‍ പങ്കെടുക്കാനാവില്ല.പക്ഷേ,യു.കെ. പൌരര്‍ക്ക് ഇവിടെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാം.

സാധാരണയായി റഫറെണ്ടം നടത്തുമ്പോള്‍ “വേണം”/“വേണ്ട”‍ എന്ന രണ്ടു ഓപ്ഷന്‍ മാത്രമാണുണ്ടാകുക.ഇതിനും അപവാദങ്ങളുണ്ടു- പുതിയ ദേശീയഗാനം ഏതു വേണം എന്നതിനെക്കുറിച്ച് 1977-ല്‍ ഓസ്ട്രേലിയലില്‍ നടത്തിയ റഫറണ്ടത്തിനു നാലു ഉത്തരങ്ങളില്‍ സമ്മതം രേഖപ്പെടുത്താനായിരുന്നു അവശ്യപ്പെട്ടത്.

നമുക്ക് അത്ര പരിചിതമായ പദമല്ലിത്.പക്ഷേ, 1948ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇന്ത്യയോടും പാക്കിസ്ഥാനോടും കാഷ്മീരിലെ ജനഹിതം അറിയാനായി റഫറണ്ടം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.പ്രശ്നപരിഹാരത്തിനു ഇന്നും ആ വഴിയാണു മുന്നിലുള്ളത് എന്നു വാദിക്കുന്നവരുണ്ടു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം , കൂട്ടുകക്ഷി ഭരണം എന്ന ഭാഗ്യപരീക്ഷണത്തിന്റെ ബാലാരിഷ്ടതകള്‍ താണ്ടി, പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നിര്‍ണ്ണായക മുഹൂര്‍ത്തമാണിത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ റദ്ദാക്കുമെന്നും ,ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും,ആയുധക്കരാറില്‍ നിന്ന് പിന്വാങ്ങുമെന്നും ചില കക്ഷികള്‍‍ പ്രഖ്യാപിച്ചിട്ടുണ്ടു.

ദേശീയ പ്രാധാന്യമുള്ള അത്തരം വിഷയങ്ങളൊന്നും സജീവചര്‍ച്ചാവിഷയമാകാത്ത ഈ തെരഞ്ഞെടുപ്പില്‍ ,അപ്രതീക്ഷിതവും അവിചാരിതവുമായ നീക്കുപോക്കുകളിലൂടെ ഭരണത്തിലെത്തുന്നവക്ക് രാഷ്ട്രത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല.വ്യക്തമായ നയങ്ങളും പരിപാടികളും ജനങ്ങളുടെ മുന്നില്‍ വച്ച്,ബഹുഭൂരിപക്ഷത്തിന്റേയും വോട്ടു നേടി വിജയിക്കാത്തവര്‍ അവരവരുടെ അജണ്ട നടപ്പിലാക്കാന്‍ ‍ശ്രമിക്കുന്നത് രാഷ്ട്രീയ സദാചാരത്തിനു നിരക്കുന്നതല്ല.അത് ജനാധിപത്യത്തെ വെറുമൊരു പ്രഹസനമാക്കും.

-അതിനാല്‍ പ്രധാനപ്പെട്ട നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കും മുന്‍പു അവയെക്കുറിച്ച് റഫറണ്ടം നിര്‍ബ്ബന്ധിതമാക്കുന്ന ഭരണഘടനാഭേദഗതി പാസ്സാക്കാന്‍ ജനാധിപത്യത്തെ സ്നേഹിക്കുന്നവര്‍ മുന്‍ കൈയ്യെടുക്കട്ടെ.അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യം ശിഥിലമാകും.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ