Friday, 27 February 2009

ഐ.ടി വ്യവസായം നിലം പൊത്തുമോ?

.ടി രംഗത്ത് ഔട്ട് സോഴ്സിങ്ങ് അഥവാ പുറം പണിയ്ക്ക് കരാറെടുത്തിരിക്കുന്ന ഒരു കമ്പനിയുടെ സൈറ്റില്‍ ഇങ്ങനെയൊരു വരിയുണ്ടു;കുറഞ്ഞ വേതനത്തിനു സംതൃപ്തിയോടെ ജോലിചെയ്യാന്‍ തയ്യാറാണു ഇന്ത്യക്കാര്‍!
-ഇന്ത്യയിലേക്ക് എന്തുകൊണ്ട് അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ജോലികള്‍ ‍ഔട്ട്സോഴ്സ് ചെയ്യുന്നു എന്നതിന്റെ പച്ചയായ വിശദീകരണമാണിത്.അമേരിക്കയില്‍ ഇപ്പണി ചെയ്യിക്കാന്‍ ഒരാള്‍ക്ക് നല്‍കുന്ന കാശുകൊണ്ടു ഇവിടെ 15 പേരെ കൊണ്ടു പണിയെടുപ്പിക്കാം.അത്രയ്ക്കും ലാഭകരമാണു ഔട്ട്സോഴ്സിങ്ങ്.ഇവിടെ ഐ.ടി പാര്‍ക്കുളിലും ഇനി വരുന്ന സ്മാ‍ര്‍ട്ട്സിറ്റിയിലും ലക്ഷങ്ങള്‍ക്ക് പണിയുണ്ടാകുന്നത് പുറത്തുനിന്നും ഇങ്ങനെ കുറഞ്ഞ കൂലി നോക്കി നല്‍കപ്പെടുന്ന കരാര്‍ പണി മൂലമാണു.ഇതിനെയാണു ‘ഈ-കൂലി’ എന്നു വിശേഷിപ്പിച്ചത്.കേബിളിടുന്നതിനു കുഴിയെടുക്കാനും കെട്ടിടം പണിയാനും നമ്മള്‍ ഒറീസയില്‍ നിന്നും,ബംഗാളില്‍ നിന്നും കുറഞ്ഞ കൂലി നല്‍കി പട്ടിണി പാവങ്ങളെ കൊണ്ടുവരുന്നതു പോലുള്ള ഏര്‍പ്പാടാണിത്.ഇവര്‍ കൂലി കൂടുതല്‍ ചോദിച്ചാല്‍ പിന്നെ ഇവരെ പണിക്ക് വിളിക്കുമോ?കരാറുകാര്‍ അപ്പോള്‍ ഇവരെക്കാള്‍ പട്ടിണിക്കാരുള്ളയിടങ്ങളില്‍ നിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കും.അപ്പോള്‍ മറുത്തൊരക്ഷരം പറയാതെ നാട്ടിലേക്ക് വണ്ടി കയറുക.അതുമല്ലെങ്കില്‍ കിട്ടുന്നതും വാങ്ങി പോക്കറ്റിലിട്ട് മുതലാളിയെ സന്തോഷിപ്പിച്ചു നിര്‍ത്തി ഉള്ള കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കുക.
പക്ഷേ എല്ലാവരുടെ അത്താഴവും മുടക്കുന്ന ചില വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു അമേരിക്കയെ കരകയറ്റുന്നതിനു ഒബാമ കഴിഞ്ഞ ദിവസ്സം പ്രഖ്യാപിച്ച 720 ബില്ല്യന്‍ ഡോളറിന്റെ രക്ഷാപദ്ധതി ഇന്ത്യന്‍ ഐ.ടി വ്യവസയത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണു.സര്‍ക്കാരിന്റെ സൌജന്യങ്ങള്‍‍,അതായത് നികുതിയിളവ് ഉള്‍പ്പെടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങള്‍,ഉപയോഗിക്കപ്പെടുത്തുന്ന സ്ഥാപനങ്ങളൊന്നും പുറം പണി നല്‍കാന്‍ പാടില്ല.ഔട്ട്സോര്‍ഴ്സിങ്ങിനു പകരം അമേരിക്കക്കാരെ കൊണ്ടു തന്നെ ജോലികള്‍ ചെയ്യിക്കണം.അങ്ങനെ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഒഴിവാക്കാം.സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് (protectionism) പരിഹാരമുണ്ടാക്കാമെന്നും ഒബാമ കണക്കു കൂട്ടുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഐ.ടി വ്യവസായത്തിലുള്ളവര്‍ തല പുകഞ്ഞാലോചിക്കുകയാണു.അവരുടെ സംഘടനയായ Nasscom പറയുന്നത് സാമ്പത്തികമാന്ദ്യം അമേരിക്കന്‍ ഐ.ടി മേഖലയില്‍ കാര്യമായ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നാണു.2.28 ശതമാനം പേര്‍ക്ക് മാത്രമാണത്രെ അവിടെ പണിപോയത്.മൊത്തം തൊഴില്‍ നഷ്ടം 7.2 ശതമാനമാണു.നിര്‍മ്മാണ-ചില്ലറ വില്‍പ്പന മേഖലകളെയാണു അവിടെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചതെന്നാണു‍ അവരുടെ വ്യാഖ്യാനം.അമേരിക്കന്‍ ഐ.ടി വ്യവസായത്തിന്റെ 50 ശതമാനവും ഔട്ട്സോഴ് സ് ചെയ്യുന്നുണ്ടു.കുറഞ്ഞ ചെലവു കാരണം ബ്രിട്ടന്‍,നോര്‍വേ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പുറം കരാര്‍ പണികളിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും വ്യാഖ്യാനമുണ്ടു.ബാങ്കുകള്‍,ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍,വാഹന നിര്‍മ്മാതാക്കള്‍,ആ‍ശുപത്രികള്‍ തുടങ്ങിയവയുടെയൊക്കെ ഐ.ടി അധിഷ്ഠിത ജോലികളാണു ഇന്ത്യയില്‍ ചെയ്യുന്നത്.കുറഞ്ഞ കൂലി മാത്രമല്ല ഇതിനു പ്രചോദനം.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ ടൈം പണി ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതിനു കാരണമായിട്ടുണ്ടു.വ്യത്യസ്ത ടൈം സോണിലാണു നമ്മള്‍.അവിടെ രാത്രിയാകുമ്പോള്‍ ഇവിടെ പകലാണു.വൈകിട്ട് അവിടെനിന്നും ഇന്റര്‍‍നെറ്റില്‍ ഇവിടേക്കയക്കുന്ന ജോലികള്‍ പകല്‍തന്നെ ചെയ്ത്,അവരുറങ്ങി എണീയ്ക്കുമ്പോഴേക്കും അവിടെ തിരികെയെത്തിക്കാം.പിന്നെയും മെച്ചങ്ങളുണ്ടു.കോള്‍ സെന്റര്‍,ഡേറ്റ എന്‍ ട്രി,മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ തുടങ്ങിയ പണികള്‍ക്ക് നല്ല ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരെ വേണം.പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന നല്ലൊരു ശതമാനം പേര്‍ ഇവിടെയുള്ളതും ഒരു അനുഗ്രഹമാണു.
ഇനി,മുന്‍ പറഞ്ഞ ഔട്ട്സോര്‍ഴ്സിങ്ങ് കമ്പനി ‘ഇന്ത്യയിലേക്ക് വരൂ’ എന്ന് പറഞ്ഞ് വിദേശ സ്ഥാപനങ്ങളെ ക്ഷണിക്കുന്ന‍തിനു ഒരു കാരണം കൂടിയുണ്ടു.ഇവിടെ ഇഷ്ടം പോലെ ആളുകളെ പണിക്ക് കിട്ടും.എന്തുകൊണ്ടെന്നാല്‍, ജനസംഖ്യ കൂടുതലാകുന്നു.അതും ഇപ്പോള്‍ ഒരു അനുഗ്രഹമാണു.
പക്ഷേ,സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ പുറം പണികള്‍ നിര്‍ത്തിയാലോ?മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നാലോ?ഇപ്പോള്‍ തന്നെ ഐ.ടി വ്യവസായം കടുത്ത പ്രതിസന്ധിയിലണെന്നു നമുക്കറിയാം.കാമ്പസ് സെല‍ക്ഷന്‍ പോലും അവര്‍ നിര്‍ത്തി വെച്ചിരിക്കുന്നു.ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വമ്പന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക മാ‍ത്രമല്ല, സ്റ്റഫിനെ വെട്ടിക്കുറയ്ക്കലും അരംഭിച്ചിട്ടുണ്ടു.ഇനി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
അത് ഏറെ ബാധിക്കുക കേരളത്തെയായിരിക്കും.കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ വിവരസാങ്കേതിക മേഖലയില്‍ ആവശ്യത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി.മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ തുടങ്ങിയ പരമ്പരാഗത എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഐ.ടി അധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുത്തു.നമ്മുടെ അര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളില്‍ പഠിക്കുന്നത് സാമൂഹികപദവിയ്ക്ക് ചേരാത്തതാണെന്നു വന്നു.ഒന്നിനും കൊള്ളാത്തവരാണു പരമ്പരാഗത കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്ന അപകര്‍ഷതാബോധം അവയില്‍ ചേരുന്നവര്‍ക്കു തന്നെയുണ്ടായി.മധ്യമങ്ങള്‍ ഐ.ടി രംഗത്തെ അനന്ത തൊഴില്‍ സാധ്യതകളെക്കുറിച്ചും ,ചെറുപ്രായത്തില്‍ പതിനായിരങ്ങള്‍ ശമ്പളം വാങ്ങി ‘അടിച്ചു പൊളിച്ചു’ ജിവിക്കുന്ന ആധുനികരായ ചെറുപ്പക്കാരെക്കുറിച്ചും നിറം പിടിപ്പിച്ച ഫീച്ചറുകളെഴുതിയതും ഇതിനു കാരണമായി.വിദ്യാഭ്യാസത്തില്‍ അങ്ങനെ തെറ്റായ മുന്‍ ഗണനകള്‍ രൂപപ്പെട്ടു.മിടുമിടുക്കര്‍ ഐ.ടി രംഗം തെരഞ്ഞെടുത്തു.സമൂഹത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി.അവര്‍ക്ക് അര്‍ഹിച്ചതിലുമേറെ ശ്രദ്ധയും പരിഗണനയും പ്രോല്‍‍സാഹനവും കിട്ടി.
ഐ.ടി വ്യവസായത്തിനു വന്ന സ്ഥാപനങ്ങളെ ചുവന്നന്ന കാര്‍പ്പറ്റ് വിരിച്ചു നാം സ്വീകരിച്ചു.അവര്‍ക്കായി നമ്മുടെ മണ്ണും പ്രകൃതിവിഭവങ്ങളും തീറെഴുതിക്കൊടുത്തു.തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി.ഐ.ടി വ്യവസായം പച്ചപിടിക്കില്ലെങ്കില്‍ അവര്‍ ഇവയുറ്റെ സ്ഥലസൌകര്യങ്ങള്‍ കൈക്കലാക്കി മറ്റു വഴികള്‍ നോക്കും.’ലക്ഷം ലക്ഷം തൊഴിലവസരങ്ങള്‍’ ഐ.ടിയില്‍ സൃഷ്ടിക്കപ്പെടുമെന്നു കിനാവു കാണുന്നവര്‍ക്ക് ഉത്തരം മുട്ടുകയാണു.
സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമായ പ്രതിസന്ധിയണെന്നു ആശ്വസിക്കുന്നവരുണ്ടു.അവരുടെ ശുഭാപ്തിവിശ്വാസത്തിനു അടിത്തറയില്ല.ആരും പ്രവചിച്ചതല്ലല്ലോഇത്രയും ഗുരുതരമായ ഈ സാമ്പത്തിക മാന്ദ്യം.
ആഗോള സ്ഥിതിഗതികല്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖല ഒട്ടും സുരക്ഷിതമല്ല.കോഴ്സ് കഴിഞ്ഞാലുടന്‍ ജോലിയും കൈനിറയെ പണവും എന്ന മോഹന സ്വപ്നവുമായി വളര്‍ത്തിയെടുത്തു കൊണ്ടുവന്ന പുതു തലമുറയ്ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കനുള്ള ത്രാണിയില്ല.എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സാമൂഹികാവബോധം കുറവാണു.സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ അതിനു ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രാധാന്യം നല്‍കുന്നില്ല.സമാന സിലബസുകളിലും ഇതാണവസ്ഥ.കാശ് ഏറെ കിട്ടുന്ന ജോലിക്കപ്പുറത്തേക്ക് അവര്‍ക്ക് ചിന്തിക്കാനാവില്ല.
-അപ്പോള്‍ ,ഐ.ടിയില്‍ തൊഴിലവസരങ്ങല്‍ കുത്തനെ ഇടിയുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും.ഗല്‍ഫില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ മടക്കയാത്രയും ആരംഭിച്ചിട്ടുണ്‍ടു.
ഇനി കൂടുതല്‍ അശുഭ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കട്ടെ.

Sunday, 22 February 2009

ഗൃഹസ്ഥന്‍,ഗ്രഹസ്ഥന്‍


ഞാന്‍ ഗൃഹസ്ഥന്‍
ദൈവമോ ഗ്രഹസ്ഥന്‍;അത്യുന്നതങ്ങളിലെവിടെയോ വാസം.
ഞാന്‍ ഭൂമിപാതാളത്തില്‍ കഴിയുമൊരശു;സത്യം
ഗ്രഹസ്ഥന്‍,മിഥ്യ;മായ
ഗൃഹസ്ഥന്‍ സത്യം

Friday, 20 February 2009

വനിതാസംവരണം വീണ്ടും പരണത്ത്..

അങ്ങനെ ഈ ലോക്സഭയുടെ കഥ കഴിയാറായി.അപ്പോള്‍, കഴിഞ്ഞ 12 വര്‍ഷമായി കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വനിതാസംവരണ ബില്ലിന്റെ കാര്യമോ?അത് പിന്നെയും പരണത്തായി.
ഇനി വരുന്ന സര്‍ക്കാര്‍ അത് അട്ടയില്‍ നിന്നെടുക്കുമോ?ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു സാദ്ധ്യത കുറവാണു.പുരുഷ കേസരികള്‍ അടക്കി വാഴുന്ന അധികാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ അവരാരെങ്കിലും സ്വമനസ്സാലെ കൈവിടുമോ?അത്ര ത്യാഗികളൊന്നുമല്ല അവര്‍.ജെയിലില്‍ പോകുമ്പോള്‍ കസേര പെമ്പറന്നോത്തിയേയോ,‘റാന്‍’ മൂളികളേയോ ഏല്‍പ്പിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടായിരുന്നെന്നു നമുക്കറിയാം.
പഞ്ചായത്ത് ഭരണസമിതികളില്‍ ഇപ്പോള്‍ പത്ത് ലക്ഷം സ്ത്രീകളാണുള്ളത്.അവര്‍ക്ക് 33.3 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി രാജീവ് ഗാന്ന്ധി സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നില്ലെങ്കില്‍ ഇപ്പോഴും കേരളത്തില്‍ പോലും സ്ത്രികള്‍ താഴെത്തലത്തിലെ അധികാരസ്ഥാനങ്ങലില്‍ നിന്ന് അകറ്റപ്പെടുമായിരുന്നു.
രാജ്യസഭയുടെ കാര്യമെടുക്കുക.അവിടെ ഒരു സംവരണവുമില്ല.242 അംഗങ്ങളില്‍ വെറും 28 പേര്‍ മാത്രമാണു വനിതകള്‍.വെയിലും മഴയും കൊണ്ട് വിയര്‍പ്പൊഴുക്കി കഷ്ടപ്പെടാതെ അധികാരത്തിന്റെ ശീതളിമ അനുഭവിക്കാമെന്നതിനാലാകാം കൈനനയാതെ മീന്‍ പിടിക്കാനിറങ്ങുന്നവരുടെ ഇഷ്ടവേദിയാണത്.ഇനി മന്നൊന്നു കൂടി.കേരളത്തില്‍ നിന്ന് ഇത്രകാലത്തിനിടയില്‍ എത്ര ദളിതര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്?ടി.കെ.സി വടുതല,പി.കെ.കുഞ്ഞച്ചന്‍ എന്നിവരെങ്കിലും പേരിനുണ്ട്.പക്ഷേ, സ്ത്രീകളോ?
ഈ ലോക്സഭയില്‍ കേരളത്തില്‍ നിന്ന് സംവരണാനുകൂല്യമില്ലാതെ പി.സതീദേവിയുംസി.എസ് സുജാതയും തെരഞ്ഞെടുക്കപ്പെട്ടത് വിസ്മരിക്കുന്നില്ല.വടകരയില്‍ ഇടതുപക്ഷം മുന്‍പും സ്ത്രികളെ ലോക്സഭയിലേക്കയയ്കാന്‍ ആര്‍ജ്ജവം കാട്ടി എന്നതും മറക്കുന്നില്ല.പക്ഷേ,അതൊന്നും ജനാ‍ധിപത്യവ്യവസ്ഥിതിയില്‍ പാര്‍ശ്വവല്‍‍ക്കരിക്കപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ അധികാരപ്രവേശപ്രശ്നത്തിനു പരിഹാരമുണ്ടാക്കിയില്ല.ജനസംഖ്യാനുപാതികമായി നോക്കിയാല്‍ അവര്‍ ഇതിലും എത്രയോ കൂടുതല്‍ അര്‍ഹിക്കുന്നു.
ഇപ്പോഴത്തെ ലോക്സഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 539-ല്‍ വെറും 44 പേര്‍ മാത്രമാണു വനിതകള്‍ എന്ന് ഓര്‍ക്കുക.അവരില്‍ തന്നെ മുസ്ലീങ്ങള്‍ വെറും രണ്ടേ രണ്ടു പേര്‍.എന്തേ കേരളത്തില്‍ നിന്ന് ഇതേവരെ മുസ്ലീം-ദളിത് വനിതകള്‍ പാര്‍ലമെന്റിലെത്തിയില്ല?
ഇവിടെയാണു 108-ആം ഭരണഘടനാ ഭേദഗതി എന്ന വനിതാ സംവരണ ബില്ലിന്റെ സാമൂഹിക മാനങ്ങള്‍ ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടി വരുന്നത്.1996ല്‍ അന്നത്തെ ദേവഗൌഡ സര്‍ക്കാര്‍‍ രൂപപ്പെടുത്തിയ ഈ സംവരണ ബില്ലിനെതിരായി പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തിയത് ചില ഉത്തരേന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണു.അവര്‍ ജാത്യാധിഷ്ഠിത സംഘടനകളെന്നും പുരുഷമേധാവിത്വ പ്രസ്ഥാനങ്ങളെന്നും മുദ്രയടിയ്ക്കപ്പെട്ടു.അതുകൊണ്ടു തന്നെ അവരുയര്‍ത്തിയ അടിസ്ഥാന പ്രശ്നങ്ങള്‍ വേണ്ട വിധം ദേശീയ സംവാദവിഷയമായില്ല.
സത്യത്തില്‍ അവരുയര്‍ത്തിയത് സംവരണത്തിനകത്ത് സംവരണം എന്ന ആവശ്യമായിരുന്നു.സ്ത്രീസംവരണത്തിനകത്ത് ഒ.ബി.സി,മുസ്ലീം,ദളിത് വിഭാഗങ്ങള്‍‍ക്ക് നിശ്ചിത ശതമാനം സംവരണം വേണമെന്ന അവരുടെ വാദം തികച്ചും ന്യായമാണെന്നാണു ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.ഇന്നു രാജ്യത്തെമ്പാടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായ പത്ത് ലക്ഷത്തിലധികം സ്ത്രീകളില്‍ നല്ലൊരു ശതമാനം പേര്‍ ആദിവാസികളും ദളിതരുമായതിനു കാരണം സംവരണത്തിനകത്തെ സംവരണമായിരുന്നു.അതില്ലായിരുന്നുവെങ്കില്‍ അധികാരം ഒരിക്കലും അവരുടെ കൈയ്യില്‍ എത്തുമായിരുന്നില്ല.മാത്രമല്ല, സ്ത്രീ സംവരണ പദവികള്‍ സമൂഹത്തിലെ ആഭിജാതര്‍ കുത്തകകയാക്കി വെയ്ക്കുമായിരുന്നു.മറ്റു പിന്നാക്കക്കാര്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടി സംവരണം ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ അത് എത്രയോ വലിയ മാറ്റത്തിനു കാരണമാകുമായിരുന്നു.അപ്പോള്‍, ഈ വിഭാഗത്തില്‍ പെട്ടവര്‍ ഇന്നും ഏറെ പിന്നാക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലോ?
സംവരണമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ചന്ദ്രഹാസമിളക്കുന്നവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ടു.അവര്‍ തങ്ങളുടെ സംഘടനകളുടെ ഉന്നതാധികാര സമിതികളില്‍ സ്ത്രീകള്‍‍ക്ക് എന്തേ പത്ത് ശതമാനം പോലും പദവികള്‍ നല്‍കുന്നില്ല?ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ റുവാണ്ടയിലെ‍ പാര്‍ലമെന്റിലാണു‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ളത്-56.3 %. സ്വീഡനാണു തൊട്ടടുത്ത്-47%.ക്യൂബയ്ക്കാണു ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം.അവിടെ 47 ശതമാനം പാര്‍ലമെന്റംഗങ്ങള്‍ വനിതകളാണു.ഇന്ത്യയില്‍ ഇങ്ങനെ സംഭവിയ്ക്കുന്നപക്ഷം അത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റിയെഴുതും.തമിഴ് നാട്ടില്‍ പഞ്ചായത്ത് അദ്ധ്യക്ഷരായി തെഞ്ഞെടുക്കപ്പെട്ടവ ദളിതരെ ജാതി ഹിന്ദുക്കള്‍ ആക്രമിച്ചത് ഓര്‍ക്കുക.ആ സംഭവം അവിടെ ജാതിമേധാവിത്വത്തിനെതിരായ അധസ്ഥിത മുന്നേറ്റമായി രൂപം പ്രാപിച്ചത് സമകാലിക ചരിത്രം. മദ്ധ്യപ്രദേശില്‍ 1300 സ്ത്രീ പഞ്ചായത്ത് അംഗള്‍ക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ,അധികാരം നഷ്ടപ്പെട്ടവര്‍ അതിനെ നേരിട്ടത്.പക്ഷേ ഇത്തരം സര്‍വ്വ എതിര്‍പ്പുകളേയും അതിജീവിച്ചുകൊണ്ട് താഴെ തട്ടില്‍ സ്ത്രീകള്‍ അധികാരം കൈയ്യാളാന്‍ തുടങ്ങിയിരിക്കുന്നു.
ഇതേ മാതൃയില്‍ പാര്‍ലമെന്റിലെക്കും അസ്സംബ്ലികളിലേക്കും സ്ത്രീസംവരണം ഏര്‍പ്പെടുത്തപ്പെട്ടാലേ ഈ സാമൂഹികപരിവര്‍ത്തന പ്രക്രിയ പൂര്‍ണ്ണവും സാര്‍ഥകവുമാകു.
ഇല്ലെങ്കില്‍,ഈ ഉന്നത ജനാധിപത്യ സ്ഥാപനങ്ങളില്‍‍ ഉന്നത കുലജാതരും,ധനാഡ്യരുമായ,പദവിയും പത്രാസുമുള്ള സ്ത്രീകള്‍ക്കായി 33.3% പദവികള്‍ തീറെഴുതി കൊടുക്കുക എന്നാണര്‍ഥം.
രാഷ്ട്രീയാവബോധത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്നവരെന്ന് അഭിമാനിക്കുന്ന നമ്മള്‍ കെ.അര്‍.നാരായണനെ പാര്‍ലമെന്റിലേക്കയച്ചത് സംവരണ മണ്ടലത്തില്‍ നിന്നാണെന്നും,കെ.കുഞ്ഞബു ഒഴികെ ഒരു ദളിതനേയും നാം പൊതുസീറ്റില്‍ നിന്ന് ലോക്സഭയിലേക്കയച്ചിട്ടില്ലെന്നും ഓര്‍ക്കുക.അപ്പോള്‍, ദളിത് -മുസ്ലീം സംവരണമില്ലാതെ സ്ത്രീ സംവരണം നിയമമായാല്‍ ഇവിടെ എന്താകും സ്ഥിതി?
-സംവരണത്തിനുള്ളിലെ സംവരണം അനിവാര്യമാക്കുന്ന സമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഇവയാണു.

Friday, 13 February 2009

മെട്രോയിലെ രാത്രികള്‍

താനും മാസം മുന്‍പ് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്ച്ചപ്പതിപ്പില്‍ വന്ന മുഴുപേജ് ഫീച്ചറിന്റെ വിഷയം ഇതായിരുന്നു;നമ്മുടെ ഒരേയൊരു മെട്രോ നഗരമായ കൊച്ചിയില്‍ ‘രാത്രി ജീവിതം’ ഇല്ലാത്തത് എന്തുകൊണ്ടാണു?സ്മാര്‍ട്ട് സിറ്റിയടക്കം വമ്പന്‍ ഐ.ടി സംരംഭങ്ങളുടെ ആസ്ഥാനമായ കൊച്ചിയില്‍ പബ്ബുകളില്ല.ഡാന്‍സ് ബാറുകളില്ല.ഒരു മെട്രോയ്ക്ക് വേണ്ട യാതൊരു ആധുനിക വിനോദോപാധികളുമില്ല.നഗരം രാത്രി 9 -10 മണിയോടെ ശൂന്യമാകുന്നു.സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നഗരത്തിലെവിടെയും സഞ്ചരിക്കാനാവില്ല.തുറിച്ചുനോട്ടക്കാരുടെ ശല്യം കാരണം പകലുകള്‍ പോലും അസഹനീയമാകുമ്പോള്‍ രാത്രികള്‍ അവര്‍ക്ക് എങ്ങനെയായിരിക്കും?

സ്വതന്ത്ര ജീവിതം ഇഷ്ടപ്പെടുന്ന,ആധുനികരായ ചെറുപ്പക്കാര്‍ പിന്നെങ്ങനെ കൊച്ചിയിലേക്കു വരും?അവരാഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ബംഗ്ലൂരിലോ,ഹൈദ്രബാദിലോ,ഡല്‍ഹിയിലോ ഉള്ള സുഖസൌകര്യങ്ങളുപേക്ഷിച്ച് അവരെ‍ന്തിനു കേരളത്തിലേക്ക് വരണം?അവര്‍ മുഖം തിരിച്ചാല്‍ ഇവിടെ അവശേഷിക്കുക ഐ.ടി രംഗത്തെ രണ്ടാം ഗ്രേഡുകാരോ അവര്‍ക്കും താഴെയുള്ള ശരാശരിക്കാരോ ആയിരിക്കും.അങ്ങനെ സംഭവിക്കുന്ന പക്ഷം കേരളം ഐ.ടി മേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്നതെങ്ങനെ ?

-ഇതൊക്കെയായിരുന്നു കൊച്ചിയിലെ രാത്രിജീവിതത്തിനനുകൂലമായി ഉയര്‍ത്തപ്പെട്ട വാദങ്ങള്‍.സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ,ഐ.ടി മേഖലയില്‍ അടിസ്ഥാനവികസനത്തിനു സര്‍ക്കാര്‍‍ 2000 കോടി നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കെ, ഗൌരവതരമായി ചര്‍ച്ചചെയ്യപ്പെടേണ്ട അടിസ്ഥാനപ്രശ്നങ്ങളിലൊന്നാണിത്.വിവരസാങ്കേതിക-വിജ്നാനരംഗം വികസിക്കണമെങ്കില്‍ മാനവശേഷിയും വികസിപ്പിക്കണം.ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യുന്നവരെ ഇങ്ങോട്ട് തിരികെ കൊണ്ടുവരണം.അതിനു അടിസ്ഥാനസൌകര്യമൊരുക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ നയപരമായി തീരുമാനിക്കേണ്ട,ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രധാനപ്രശ്നങ്ങലിലൊന്നാണിത്.

സാമൂഹികവികസനത്തിന്റെ ഓരോ ഘട്ടത്തിലും ഇത്തരം ചില വൈതരണികള്‍ കടക്കേണ്ടതുണ്ട്.ഐ.ടി വ്യവസായം വേണമെങ്കില്‍ അതിനൊപ്പം വരുന്ന ചിലതെല്ലാം,അവ അഹിതമാണെന്നു തോന്നുന്നുവെങ്കില്‍ പോലും, ഉള്‍കൊള്ളാനും തയ്യാറായേ മതിയാകൂ.സ്മാര്‍ട്ട്സിറ്റി,ഇന്‍ഫോപാര്‍ക്ക്,ടെക്നോപാര്‍ക്ക്,ടെക്നോസിറ്റി കാമ്പസുകളില്‍ നിന്ന്,അടുത്തിടെ മാത്രം കൌമാരം പിന്നിട്ട,അല്ലെങ്കില്‍ യൌവനത്തിന്റെ ചോരത്തിളപ്പുള്ള ,ഈ ലോകത്തെങ്ങുമല്ലാതെന്നപോല്‍ പാറിപ്പറന്നു നടക്കുന്ന “ഐ.ടി കുഞ്ഞുങ്ങളെ”,നഗരത്തില്‍ മേയാനഴിച്ചു വിട്ടാല്‍ സംസ്കാരവും പാരമ്പര്യവും നശിക്കുമെന്ന് നിലവിളിക്കുന്നവരുണ്ടാകും.ഒരുപക്ഷേ,നഗരത്തിലൂടെ കുട്ടിഷര്‍ട്ടും ടൈറ്റ് പാന്റ്സുമിട്ട്,സുഹൃതിന്റെ/കാമുകന്റെ കൈപിടിച്ചു നീങ്ങുന്ന പെണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ ഇവിടെ മുത്തലിമാരുണ്ടാകും.എല്ലാ മതവിഭാഗങ്ങളിലേയും സാംസ്കാരിക പൊലീസുകാര്‍ കുറുവടിയുമായി റോഡിലിറങ്ങും.

-അവരോട് ചോദിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ടു.മാറ്റങ്ങള്‍ക്ക് ഒരിക്കലും കാത്തുനില്‍ക്കാനാവില്ല.അതാണു ചരിത്രം.

1980-തുകളില്‍ ടെലിവിഷന്‍ കേരളത്തില്‍ വന്നപ്പോള്‍ അതിനെതിരെ ചന്ദ്രഹാസമിളക്കിയവരെ ഓര്‍മ്മയുണ്ടോ?പട്ടിണിപ്പാവങ്ങള്‍ക്ക് ടെലിവിഷന്‍ എന്ന ആഡംബരം ആവശ്യമില്ലന്നും,ടി.വി ഭാരതസംസ്കാരത്തെ നശിപ്പിക്കുമെന്നും ആക്രോശിച്ചവര്‍ ഇന്ന് ടി.വി ചാനലലുകള്‍ സ്വന്തമായി നടത്തുന്നു.തങ്ങള്‍ തള്ളിപ്പറഞ്ഞവയൊക്കെ സ്വന്തമാക്കി വിളമ്പുന്നു.പണ്ടു ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ദൂരദര്‍ശന്റെ ചിത്രഹാര്‍,ചിത്രഗീതം പരിപാടികളിലെ പാട്ടുസീനുകള്‍ കുടുംബ സദസുകള്‍ വൈമനസ്യത്തോടെയാണു കണ്ടിരുന്നത്.അപ്പോള്‍ ടി.വി ഓഫ് ചെയ്തു പോകുന്നവരും ഏറെയുണ്ടായിരുന്നു.ഇന്നോ?പഴയ കാബറെകളെ നിഷ്പ്രഭമാക്കുന്ന,അല്‍പ്പവസ്ത്രധാരികളുടെ അശ്ലീലച്ചുവടുകള്‍ കുടുംബമൊന്നിച്ചിരുന്നു ആസ്വദിക്കുന്നു.മക്കളെ അതെ സിനിമാറ്റിക് ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാന്‍ നിര്‍ബന്ധിക്കുക പോലും ചെയ്യുന്നവരുണ്ട്.

-അങ്ങനെ ടെലിവിഷന്‍ കേരളീയ കുടുംബങ്ങളെ സമൂലം ഉഴുതു മറിച്ചു;അവരുടെ ജീവിതവീക്ഷണങ്ങളെ വരെ പൊളിച്ചെഴുതി.വസ്ത്രധാരണത്തെ സമൂലം മാറ്റി.ഭാരതീയ സ്ത്രിയുടെ ഭാവശുദ്ധിയുടെ പ്രതീകമായിരുന്ന സാരി പുതു തലമുറ ഉപേക്ഷിച്ചു.കൌമാരക്കാര്‍ ധാവണിയും പാവാടയും വലിച്ചെറിഞ്ഞു.പകരം ചുരീദാര്‍ കേരളീയരായ പെണ്‍കുട്ടികളുടെ പ്രിയ വസ്ത്രമായി.നൈറ്റിയും ഹൌസ്കൊട്ടുകളും ഭൂരിപക്ഷം വീട്ടമ്മമാരുടെ വേഷമായി.പുകവലി ഏതാണ്ടു പൂര്‍ണ്ണമായും ഉപേക്ഷിച്ച മലയാളി മദ്യത്തില്‍ മുങ്ങിക്കുളിക്കുന്നു.കല്യാണത്തിനും,പേരിടീലിനും അടിയന്തിരത്തിനും പരീക്ഷാവിജയത്തിനും പ്രൊമോഷനുമൊക്കെ മദ്യം അവശ്യവസ്തുവായി.അതിനു കുടുംബത്തിനകത്ത് പ്രവേശനം ലഭിച്ചു....അങ്ങനെ നീളുന്നു, ടി.വിയുടെ വരവിന്റെ പ്രത്യാഘാതങ്ങള്‍.

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ ഇവിടെ നടന്ന പുകിലും എങ്ങനെ മറക്കും?ചുവപ്പന്മാരായിരുന്നു മുഖ്യ എതിര്‍പ്പുകാര്‍.ഒരു ദശാബ്ദത്തിനു ശേഷം അവര്‍ കംപ്യൂട്ടറിന്റെ കടുത്ത ആരാധകരായി മാറി.ഇപ്പോളിതാ അന്താരാഷ്ട്ര കുത്തകള്‍‍ക്കു വേണ്ടി സ്വതത്ര സോഫ്റ്റ്വെയറിനെ പോലും തള്ളിപ്പറയുന്നു.

പരിപ്പുവടയും കട്ടന്‍ ചായയുമായി കാല്‍നടജഥ നടത്തിയവരുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ ശീതീകരിച്ച, സ്റ്റാര്‍സൌകര്യങ്ങളുള്ള വാഹനങ്ങളില്‍ ജാഥ നടത്തുന്നു.വിമാനത്തില്‍ പറക്കുന്നു.ലഭ്യമായ സര്‍വ്വ ആധുനിക വാര്‍ത്താവിതരണ-വിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നു.ഉല്‍പ്പന്നപിരിവില്‍ നിന്ന് കിട്ടുന്ന, വിയര്‍പ്പിന്റെ മണമുള്ള പാവങ്ങളുടെ കാശിനേക്കാള്‍ മാഫിയാരാജാക്കന്മാരുടെ കോടികള്‍ക്കാണിന്ന് മാധുര്യം കൂടുതല്‍.കാലം മാറുന്നതിനനുസ്സരിക്ക് കോലവും മാറുമെന്ന് അതിനു താത്ത്വികവ്യാഖ്യാനവും ചമയ്ക്കപ്പെട്ടിട്ടുണ്ട്.

ആഹാരരീതികളിലും ഇക്കാലത്തിനിടയില്‍ സമൂല പരിവര്‍ത്തനമുണ്ടായി.പരമ്പരാഗതമായ കേരളീയ ഭക്ഷണങ്ങളോട് നമ്മള്‍ വിമുഖത കാട്ടുന്നതിനു കാരണം കാര്‍ഷികവൃത്തിയോട് ഭൂരിപക്ഷവും വിടപറഞത് മാത്രമായിരുന്നില്ല.വീട്ടില്‍ തന്നെ കിട്ടുന്ന ആരോഗ്യദായകമായ,ഔഷധഗുണങ്ങളുള്ള ധാരാളം ഇലക്കറികളും കപ്പ,ചേന,ചേമ്പു,കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും ചക്ക,പേരക്ക,ചാമ്പ,ആത്ത,മാങ്ങ,വാഴപ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും കഴിച്ച് ഏതാണ്ട് സ്വാശ്രയമായ ഒരു സമ്പദ് വ്യവസ്ഥ കാത്തു സൂക്ഷിച്ചു പോന്ന നാം,പരാശ്രിതരും ,കീടനാശിനികളടങ്ങിയ ഭക്ഷ്യവസ്തുകള്‍ വിലകൊടുത്ത് വാങ്ങി രോഗികളുമായതിന്റെ കാരണമെന്താ‍വും?അതെന്തായാലും, രാവിലേയും രാത്രിയും കഞ്ഞിയും പയറും പുഴുക്കും കഴിച്ചിരുന്ന അരോഗദൃഡഗാത്രരായിരുന്ന മലയാളികള്‍ക്കിത് രോഗപീഡകളുടെ കാലം.എന്നിട്ടും പുതിയ-പുതിയ ആഹാരം മലയാളി പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

ഇങ്ങനെ,ജീവിതത്തിന്റെ സമസ്തമേഖലകളിലും ജാതി-മത പരിഗണനകള്‍‍ക്കതീതമായി സമൂലവും സമഗ്രവുമായ പൊളിച്ചെഴുത്ത് സംഭവിച്ചിരിക്കുന്നു. ഇതിനു സ്വയം വിധേയരായവരോ അതിനു വഴിയൊരുക്കിയവരോ ആണു ഇപ്പോള്‍ ധാര്‍മ്മികപ്രഭാഷണം നടത്തുന്നത് എന്ന വൈരുദ്ധ്യമുണ്ടു.

ഐ.ടി മേഖല വികസിക്കുമ്പോള്‍ അതിനോടനുബന്ധിച്ചും സാമൂഹികജീവിതത്തില്‍ സമഗ്രപരിവര്‍ത്തനം ഉണ്ടാകും.ഉന്നത വിദ്യാഭ്യാസമുള്ളവരുടെയിടയിലാണു ഇന്ന് ഏറ്റവും കൂടുതല്‍ ജാതി-മതാതീത വിവാഹങ്ങള്‍ നടക്കുന്നത്.അവര്‍ക്ക് മതാഭിമുഖ്യം കുറവാണു.എന്നു വച്ച് അവരെല്ലാം കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരോ പഴയ ഹിപ്പി സംസ്കാരം പിന്തുടരുന്നവരോ മയക്കുമരുന്നിനടിമകളോ അല്ല.

ആഴ്ച്ചയില്‍ ആറു ദിവസം രാത്രി ഷിഫ്റ്റുകളില്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യുന്നവര്‍ക്ക് ഒഴിവു സമയം ആഘോഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ മഹത്വം അതിന്റെ വൈവിധ്യത്തിലാണു.മൌലികവാദിക്കും സര്‍വതന്ത്ര സ്വതന്ത്രനും ഇവിടെ ജീവിക്കാം.അതിനാല്‍ നിയതമാ‍യ നിയന്ത്രണങ്ങള്‍‍ക്ക് വിധേയമായി ഐ.ടി രംഗത്തുള്ളവര്‍ക്കു വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിനു കടമയുണ്ടു.ഇതു പലര്‍ക്കും ഇഷ്ടപ്പെടുകയില്ല.അവര്‍ ആപത്സൂചന ഉയര്‍ത്തും.പക്ഷേ മാറ്റങ്ങള്‍ അനിവാര്യമാണു.അതിനെ തടുത്തു നിര്‍ത്താനാവില്ല.

കനത്ത ശമ്പളമുള്ള ,വ്യത്യസ്ത ജീവിത വീക്ഷണമുള്ള ഈ ചെറുപ്പക്കാര്‍ വഴിതെറ്റുകയില്ലേ എന്നു ശങ്കിക്കുന്നവരുണ്ടാകാം.
-അവര്‍ ഓര്‍ക്കുക.ഐ.ടി പ്രൊഫഷണലുകള്‍ ഒരു നാള്‍ മാനത്ത് നിന്നു പൊട്ടി വീണവരല്ല.അവരൊക്കെയും വരുന്നത് ഓരോ കുടുംബങ്ങളില്‍ നിന്നുമാണു.അവിടെ
അടിത്തറ നന്നെങ്കില്‍ ഇടിഞ്ഞു വീഴില്ല.മെട്രോയിലെ രാത്രികളില്‍ അവര്‍ക്ക് അടിതെറ്റുകയില്ല.

Friday, 6 February 2009

കര്‍ണ്ണാകത്തിലെ പൂച്ച എലിയെ പിടിക്കും.കേരളത്തിലോ?

താനും ദിവസം മുന്‍പു കേരള ലോകായുക്തയ്ക്ക് പുതിയൊരു ചെയര്‍മാനുണ്ടായി-ജസ്റ്റിസ് എം.എം.പരീത് പിള്ള.അദ്ദേഹം മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായിരുന്നു.അതിനും മുന്‍പ് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

-ഇനി കേരളത്തിലെ ലോകായുക്തയ്ക്ക് പല്ലും നഖവും ഉണ്ടാകുമോ?


അതിനുത്തരം പറയും മുന്‍പു കഴിഞ്ഞ ആഴ്ച്ചകളില്‍ കര്‍ണ്ണാടകത്തില്‍ നിന്ന് വന്ന ചില വാര്‍ത്തകളിലൂടെയും കടന്നു പോകേണ്ടതുണ്ടു.ജനുവരി 29നു അവിടുത്തെ ലോകായുക്ത പൊലീസ് ഒരു എം.എല്‍.എയെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൈയ്യോടെ പിടികൂടി.ഫാറൂഖ് എന്ന ഒരാളെ കേസില്‍ നിന്നൊഴിവാക്കുന്നതിനു 5 ലക്ഷം രൂപകൈക്കൂലി ആവശ്യപ്പെട്ടതായ പരാതിയില്‍ എം.എല്‍.എമാരുടെ ഔദ്യോഗിക വസതിയില്‍ നിന്നാണു കെണിയൊരുക്കി ലോകായുക്ത സാമാജികനെ പിടിച്ചത്.ആള്‍ ചില്ലറക്കാരനല്ല-ഭരണകക്ഷി നേതാവാണു!കോടതി മൂന്നു ദിവസ്സത്തേക്കാണു ഇയാളെ റിമാണ്ട് ചെയ്തത്.

കര്‍ണ്ണാടകത്തില്‍ അങ്ങനെയാണു.ഏതു നിമിഷവും ലോകായുക്ത പിടികൂടാം.
അധികാരത്തിന്റെ അകത്തളങ്ങളില്‍ മദിച്ചു പുളച്ചു നടക്കുന്നവര്‍ക്കെല്ലാം ഇത് കേള്‍‍ക്കുമ്പോള്‍ തന്നെ പേടി വരും.പഞ്ചായത്തംഗംങ്ങള്‍,അവിടുത്തെ ജീവനക്കാര്‍ തുടങ്ങി ഡോക്റ്റര്‍മാര്‍,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്റ്റര്‍മാര്‍, വാണിജ്യ നികുതി അസ്സ്കമ്മീഷ്ണര്‍മാര്‍,കയറ്റുമതി വികസ്ന അഥോറിറ്റിയുടെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിനു പേരെ ഇതിനോടകം അവര്‍ കൈയ്യോടെ പിടികൂടി അകത്താക്കിയിട്ടുണ്ടു.കോടിക്കണക്കിനു രൂപയുടെയും പൊന്നിന്റേയും അനധികൃത സമ്പാദ്യവും കണ്ടെടുത്തിട്ടുണ്ടു.പ്രോസിക്യൂഷന്‍ നേരിട്ട ഇവരില്‍ അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.അവരുടെ വിശദാംശങ്ങളടക്കം ലോകായുക്ത അഴിമതിക്കെതിരെ കര്‍ണ്ണാടകത്തില്‍ നടത്തിവരുന്ന അതിശക്തമായ നടപടികള്‍ karnatakacorruptionnews എന്ന സര്‍ക്കാര്‍ സൈറ്റിലും ലോകായുക്തയുടെ വെബ്സൈറ്റിലും കൊടുത്തിട്ടുണ്ടു.അതു വായിച്ചാല്‍ നമ്മുടെ ലോകായുക്ത അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നും.അവിടെ ലോകായുക്തമാരും ഉപലോകായുക്തമാരും മിന്നല്‍ പരിശോധനകള്‍ നടത്തുന്നു.രേഖകള്‍പിടിച്ചെടുക്കുന്നു.അപ്പോള്‍ പിന്നെ പേടിക്കാതിരിക്കുന്നതെങ്ങനെ?

ജനങ്ങള്‍‍ക്ക് ഈ സ്ഥാപനത്തില്‍ എത്രമാത്രം വിശ്വാസമുണ്ടെന്നു തെളിയിക്കുന്നതാണു പ്രതിദിനം ബാംഗ്ലൂരിലെ ഓഫീസിലേക്ക് 100നും 250നുമിടയില്‍ പരാതികളാണു അവര്‍ക്ക് ദിവസവും കിട്ടുന്നത്.പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍‍ക്കു ഏതുസമയവും അറിയാനായി ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദായ നികുതി വകുപ്പുമായി ചേര്‍ന്ന് അനധികൃതസമ്പാദ്യക്കാരെ കുടുക്കാനുള്ള പദ്ധതി ലോകായുക്ത തയ്യാറാക്കിയിട്ടുണ്ടെന്നാണു മറ്റൊരു പുതിയ വാര്‍ത്ത.യഥാര്‍ത്ഥ സ്വത്തുവിവരം മറച്ചു വച്ച് സത്യവാങ്ങ്മൂലം നല്‍കിയതിനു ലോകായുക്ത ഒരു എം.എല്‍.എയ്ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു എന്നുകൂടി വായിക്കുമ്പോഴേ ചിത്രം വ്യക്തമാവൂ.കുമാരസ്വാമി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന രണ്ടു പേരെ വാര്‍ഷികസ്വത്തു വിവരം യഥാസമയം ഫയല്‍ ചെയ്യാത്തതിന്റെ പേരില്‍ തത്സ്ഥാനങളില്‍ നിന്നു നീക്കം ചെയ്യണമെന്നു കത്തു നല്‍കിയ പാരമ്പര്യമാണു അവിടുത്തെ ലോകായുക്തയ്ക്കുള്ളത്.

1984ല്‍ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായിരുന്നപ്പോളാണു വിപ്ലവകരമായ കര്‍ണ്ണാടക ലോകായുക്ത നിയമത്തിന്റെ കരട് തയ്യറാക്കിയത്.പതിറ്റാണ്ടുകള്‍‍ക്കു മുന്‍പ് മറോര്‍ജി ദേശായി അദ്ധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷനായിരുന്നു പൊതുപ്രവര്‍ത്തകരുടെ അഴിമതിയ്ക്ക് തടയിടാനായി ദേശീയതലത്തില്‍ ലോക്പാലും ,സംസ്ഥാനങ്ങളില്‍ ലോകാ‍യുക്തയും രൂപികരിക്കാന്‍ ശിപാശ ചെയ്തത്.കര്‍ണ്ണാടകം അത് ഫലപ്രദമായി നടപ്പിലാക്കി മാതൃക കാട്ടി.പിന്നീടു വന്ന എസ്.എം കൃഷ്ണ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി.


റിട്ട;സുപ്രീം കോടതി ജെഡ്ജിയായ എന്‍ .വെങ്കിടാചലയാണു ലോകായുക്തയെ അഴിമതിക്കാരുടെ പേടിസ്വപ്നമാക്കി വളര്‍ത്തിയെടുത്തത്.അദ്ദേഹം തന്നെ നേരിട്ട് റെയ്ഡുകള്‍‍ക്കു നേതൃത്വം നല്‍കി.പരാതിയില്ലെങ്കില്‍ പോലും ലൊകായുക്ത ഇടപെടും.അന്വേഷണത്തിനു സമര്‍ത്ഥരായ പൊലിസ് ഉദ്യൊഗസ്ഥരുണ്ടു.സ്വന്തമായി പ്രോസിക്യൂട്ടര്‍മാരുമുണ്ടു.സര്‍ക്കാരിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തപക്ഷം അവര്‍ നേരിട്ട് പ്രോസിക്യൂഷന്‍ നടപടിയിലേക്കു കടക്കുന്നു.

സമാനമായ നിയമമാണു കേരളത്തിലുമുള്ളത്.പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം?ഇവിടുത്തെ പൂച്ച ഇതുവരെ ഒരു എലിയെപ്പോലും പിടിച്ചിട്ടില്ല.ഇനിയൊട്ട് അതിനുള്ള പാങ്ങു അവര്‍ക്കുണ്ടാകുമെന്നും തോന്നുന്നില്ല.നിയമം കെങ്കേമമെന്നു പറഞ്ഞിട്ടെന്തു കാര്യം?അതുപയോഗിക്കുന്നില്ലെങ്കില്‍ തുരുമ്പെടുത്തു പോകും.മനുഷ്യാവകാശ കമ്മീഷന്റെയും വനിതാകമ്മീഷന്റേയും അവസ്ഥയും ഇതു തന്നെ.അവര്‍ക്കും ശിപാര്‍ശാധികാരം മാത്രമേള്ളൂ.അത് നിയമത്തിന്റെ പോരായ്മയാണു.ലോകായുക്തയ്ക്കു അങ്ങനെയല്ല.കൂടുതല്‍ ശക്തമായി ഇടപെടാം;രേഖകള്‍ പിടിച്ചെടുക്കാം.കേരളാ സര്‍വ്വകലാശാലയുടെ അസ്സിസ്റ്റന്റ് റാങ്ക് ലിസ്റ്റ് റദ്ദാക്കാനുള്ള ശിപാര്‍ശ ലോകായുക്ത സര്‍ക്കാരിനു നല്‍കിയത് ഈ അധികാരം ഉപയോഗിച്ച് കേസില്‍‍ തെളിവെടുത്ത് വിചാരണ നടത്തിയാണു.അത് ഹൈക്കോടതി സ്റ്റേ ചെയ്തുവെങ്കിലും സംസ്ഥാന ലോകയുക്തയ്ക്ക് ആശ്വസിക്കാം.ഒരു കേസിലെങ്കിലും ശക്തമായി ഇടപെടാന്‍ അവര്‍ക്ക് കഴിഞ്ഞെല്ലോ.ഇതൊരു അപവാദമാണു.എന്തു കൊണ്ടു കര്‍ണ്ണാടകത്തിലേത് പോലെ എപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാകിന്നില്ല എന്നത് മുന്‍ ലോകായുക്തമാരാരും വിശദീകരിച്ചതായി അറിവില്ല.ഇതു സംബന്ധിച്ച് മാധ്യമങ്ങളിലോ അസംബ്ലിയിലോ എന്തെങ്കിലും ചര്‍ച്ച നടന്നതായി അറിയില്ല.മനുഷ്യാവകാശ കമ്മിഷന്റേയും വനിതാകമ്മീഷന്റേയും സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിനു ശിപാര്‍ശകളെയും റിപ്പോര്‍ട്ടുകളേയും പോലെ ലോകായുക്തയുടെ റിപ്പോര്‍ട്ടുകളും സെക്രട്ടേറിയറ്റിലെ ചവറ്റുകൊട്ടകളില്‍ പൊടിപിടിച്ചു കിടക്കുന്നുണ്ടാകണം.എന്തേ,നിയമസഭാസാമാജികര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ലാത്തത്?നിയമനുണ്ടാക്കിയവര്‍ക്കു പോലും അതില്‍ താല്‍പ്പര്യം നശിക്കുന്ന അതിവിചിത്രമായ ദുരവസ്ഥയണു കേരളത്തിലുള്ളത്.ഇക്കാര്യങ്ങളിലൊക്കെ ജാഗരൂകരാകേണ്ട മാദ്ധ്യമങ്ങള്‍ക്കാകട്ടെ വ്യര്‍ത്ഥമായ വിവാദങ്ങളില്‍ മാത്രമാണു താല്‍പ്പര്യം.ഈ സാഹചര്യത്തില്‍ ഭരണഘടനാസ്ഥാപനങ്ങളെ മൂന്നാം മുറ ഉപയോഗിച്ചു പോലും ഒതുക്കുന്നവരും നമുക്കിടയിലുണ്ടു.അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കുമെതിരെ തെരുവില്‍ ആളെയിറക്കി നടത്തുന്ന ശക്തിപ്രകടനങ്ങള്‍ തന്നെ ഉദാഹരണം.പേടിപ്പെടുത്തി നിശബ്ദരാക്കുക.


ജസ്റ്റിസ് പരീദ് പിള്ള അദ്ധ്യക്ഷനായിരുന്ന മനുഷ്യാവകാശ കമ്മീഷനിലെ അംഗമായിരുന്ന ഡോ.എസ്.ബലരാമന്റെ
പേരു കേട്ടാല്‍ ഇപ്പോഴും ചില പൊലീസുകാര്‍ക്ക് ചങ്കിടിക്കും.പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും ജെയിലുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തി മനുഷ്യാവകാശധ്വംസനങ്ങള്‍ കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയത് ഇവിടെയായിരുന്നു.തെക്കന്‍ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ബലരാമന്‍ പൊലീസ് സ്റ്റേഷനുകളില്‍ അടിക്കടി മിന്നല്‍ സന്ദര്‍ശനങള്‍ ആരംഭിച്ചതോടെ പൊലീസില്‍ ‘ബലരാമന്‍ പേടി’ പടര്‍ന്നു പിടിച്ചു.അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍(ഡി.കെ.ബസു കേസ്),കര്‍ക്കശമായി നടപ്പിലാക്കാന്‍ അവര്‍ നിര്‍ബന്ധിതരായതോടെ പൊലിസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ തെക്കന്‍ ജില്ലകളില്‍ പൊടുന്നനെ കുറഞ്ഞു.ഇക്കാലത്തായിരുന്നു വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ മുത്തങ്ങാസമരത്തെ തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ പൊലീസ് അതിക്രമങ്ങള്‍ നടന്നത് എന്നും ഓര്‍ക്കണം.കുട്ടികളും ഗര്‍ഭിണികളും പോലും ലോക്കപ്പുകളില്‍ മര്‍ദ്ദിക്കപ്പെട്ടു.അതിക്രമങ്ങള്‍‍ക്കിരയായവരില്‍ ചിലര്‍ പിന്നീട് ആത്മഹത്യ ചെയ്തതായി വാര്‍ത്ത വന്നിരുന്നു.പക്ഷെ ഒരു ഘട്ടത്തിലും മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ ഇടപെട്ടില്ല.അവര്‍ പരാതികള്‍ കേന്ദ്ര കമ്മീഷനു കെട്ടിപ്പെറുക്കി അയച്ചു കൈകഴുകിയ കാര്യം മുന്‍പ് ഈ പംക്തിയില്‍ പരാമര്‍ശിച്ചത് ഓര്‍ക്കുമെല്ലോ.വടക്കന്‍ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന കമ്മീഷന്‍ അംഗം ടി.കെ.വിത്സണ്‍ ഈ കാലത്ത് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കില്‍ ചിത്രം ഇതാകുമായിരുന്നില്ല:ഡയറ്റ് അദ്ധ്യാപകനായ സുരേന്ദ്രന്‍ മുതല്‍ ജാനുവും ഗീതാനന്ദനും വരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയാകുമായിരുന്നില്ല.

നിയമം ഉണ്ടായാല്‍ മാത്രം പോരാ.അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്‍ഥതയും വേണം.ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടേയും പിന്തുണയും വേണം.ദൌര്‍ഭാഗ്യവശാല്‍, അര്‍പ്പണബോധത്തോടെ,നിര്‍ഭയമായി കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരെ ഏതുവിധേനയും നിശബ്ദരാക്കുന്ന പാരമ്പര്യമാണു നമുക്കുള്ളത്.മൂന്നാറിലെ ആ മൂന്നു പൂച്ചകള്‍ക്ക് എന്തു സംഭവിച്ചു?

നമുക്ക് ഡോ.എസ്.ബലരാമനിലേക്ക് തിരിച്ചുവരാം.ഒരു ദിവസം നാട്ടില്‍ പോയി വന്ന ഡോ.ബലരാമന്‍,കവടിയാറിലെ തന്റെ ഔദ്യോഗിക വസതി കണ്ട് ഞെട്ടി.ആരോ അവിടെ അമേദ്യാഭിഷേകം നടത്തിയിരിക്കുന്നു.ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനിരിക്കും!

-ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തി നടപടി എടുക്കാറുണ്ടോ?കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാറുണ്ടോ?പത്രങ്ങളിലൊന്നും കാണുന്നില്ല.എന്താണാവോ കാരണം?

എം.എല്‍.എമാര്‍ തങ്ങളുടെ സ്വത്തുവിവരം ലോകായുക്തയെ അറിക്കണമെന്ന് ഇവിടെയും നിയമമുണ്ടു.നല്‍കാത്തവരുടെ പേരു വിവരം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം.വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ തുടര്‍നടപടികളും എടുക്കാം.‘പാവപ്പെട്ട കുടുബങ്ങളില്‍ പിറന്ന’വര്‍ക്ക് എത്ര സ്വത്തുണ്ടെന്നു അവര്‍ തന്നെ വെളിപ്പെടുത്തുന്നത് വായിക്കാനെങ്കിലും രസമുള്ള കാര്യമാണു.അത് വാങ്ങി ഫയലില്‍ വെയ്ക്കാനല്ലാതെ, അരിച്ചുപെറുക്കി പരിശോധിച്ച് കര്‍ണ്ണാടകത്തിലേതു പോലെ, വ്യാജസത്യവാങ്ങ്മൂലം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനൊന്നുമുള്ള ത്രാണി ഇവിടെയുള്ളവര്‍ക്കില്ലല്ലോ.എന്നിട്ട് ,അതിനു പോലും ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണു അടുത്തിടെ വിവരാവകാശ നിയമമപ്രകാരം ലഭ്യമായ വിവരം.

അധികാരത്തിലിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കേണ്ടവരല്ല ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കേണ്ടവര്‍.അവര്‍ മുഖം നോക്കിയാല്‍ സ്വതന്ത്രവും സത്യസന്ന്ധവുമയി നീതിനിര്‍വ്വഹണം നടത്താനാകില്ല.വെറുതെ ആലങ്കാരിക പദവികള്‍ വഹിക്കുന്നവര്‍ പൊതുജനങ്ങള്‍ക്കും ഖജനാവിനും വന്‍ ബാദ്ധ്യതയാണെന്നറിയുക.അടുത്തൂണ്‍‍ പറ്റി പിരിയുന്നവര്‍ക്ക് കാലം കഴിയ്ക്കാന്‍ വേറെ ലാവണങ്ങളുണ്ടെല്ലോ.

കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ-അധോലോക മാഫിയയെക്കുറിച്ച് ധാരാളം സിനിമകള്‍ കേരളത്തില്‍ നിറഞ്ഞോടിയിട്ടുണ്ട്.അവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് കോളേജുകളും ഫാക്റ്ററികളും ഖനികളുമുണ്ടു.അവരില്‍ ചിലര്‍ക്കെങ്കിലും ഉദ്യോഗസ്ഥരുമായി അവിഹിതബന്ധമുണ്ടു.വഴങ്ങാത്തവരുടെ തലകള്‍ വരെ ഉരുളും.അവിടെയാണു ലോകായുക്ത പൊലീസ് എം.എല്‍.എയും അത്യുന്നത പൊലിസ് ഉദ്യോഗസ്ഥരേയും അടക്കമുള്ളവരെ കൈയ്യോടെ പിടികൂടുന്നതെന്നോര്‍ക്കണം.
അവിടത്തെ പൂച്ച എലിയെ പിടിയ്ക്കും.ഇവിടെയോ?

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ